സുബീഷ് തെക്കൂട്ടിന്റെ ‘വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ്.’ എന്ന കവിതാ സമാഹാരത്തെ കുറിച്ചുള്ള കുറിപ്പ് വായിക്കാം. 

To advertise here,

വിഷാദം സര്‍ഗാത്മകതയുടെ വളര്‍ച്ചക്ക് ഏറെ പോഷണം നല്‍കുന്ന വളമാണ്. ഏകാന്തതയും വിരഹവും പ്രണയവുമെല്ലാം വൈകാരികമായ വിഷാദലോകങ്ങളില്‍ വിഹരിക്കുന്ന സ്ഥലരാശികള്‍ കൂടിയാണ്. പ്രത്യേകിച്ച് കവിതയെക്കുറിച്ച് നാം വായിക്കുമ്പോള്‍, പറയുമ്പോള്‍.

വയനാടിന്റെ ഉരുള്‍പൊട്ടല്‍ ഇല്ലാതാക്കിയ മുണ്ടക്കൈ, ചൂരല്‍മലയിലെ ജീവിതങ്ങള്‍ക്കാണ് സുബീഷ് തെക്കൂട്ട് എന്ന കവി വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിലെ കവിതകളെല്ലാം സമര്‍പ്പിച്ചിട്ടുള്ളത്. വയനാടിന്റെ അതിജീവനം ഈ കവിതകളിലൂടെയുമാകാമെന്ന് കവി രേഖപ്പെടുത്തുന്നു.

ആത്മനിഷ്ഠതയുടെ ഈറ്റില്ലങ്ങളില്‍നിന്ന് ഉരുവംകൊള്ളുന്ന കവിതകളാണ് ഈ സമാഹാരത്തിലെ മിക്ക കവിതകളും. അസ്തിത്വവാദം തുളുമ്പുന്ന കാലഘട്ടത്തില്‍ ജനിച്ചുജീവിച്ച ഒരു കവിയുടെ ജീവിതാനുഭവങ്ങളുടെ പേശീബലം പല കവിതകളിലും വേരുകളാഴ്ത്തിയിരിക്കുന്നതായി കാണാം.

അനുഭവസ്ഥലരാശികളുടെ രുചിയും ഗന്ധവുമാണ് കവിതകളുടെ ഊര്‍ജം.

'വിയര്‍ത്തുപട, പന്തം
തളര്‍ന്നോ?
അവള്‍ നുള്ളി
ഇനി പറ, ഇലയെങ്ങനെ മടക്കണം?''_ എന്നു ചോദിക്കുന്ന കവി തന്നെയാണ്,
''അല്‍പ്പം കൂടി കാത്തിരിക്കൂ,
അതിപ്പോള്‍ ചാകും
ഇറച്ചിക്ക് പാകമാകും''
എന്നും പറയുന്നത്.
ശരീരം ഒരു ദിവസം തന്നെ എത്രയെത്ര കാലാവസ്ഥകളെ പുണര്‍ന്നുപോകുന്നുവെന്ന് നിരീക്ഷിക്കുന്നതുപോലെയാണ് ഈ തൂലികയും സഞ്ചരിക്കുന്നത്.

വിഷാദത്തിന്റെ ജൈവസ്വഭാവം (Organic value)
കവിതയിലെ വിഷയവൈവിധ്യങ്ങള്‍ക്കുള്ളിലും അന്തര്‍ധാരയുടേതായ ഏക സ്വഭാവം കവിതകളില്‍ പ്രതിഫലിക്കുന്നു. അത് വിഷാദത്തിന്റെ വ്യവഹാരസൂചകമാണ്. ഏകാന്തതയില്‍ ഈ വിഷയവൈവിധ്യങ്ങളെല്ലാം ഒരു നദിപോലെ ഒഴുകിത്തുടങ്ങുന്നു. കവിതയുടെ ഉരുള്‍പൊട്ടല്‍ ഒരുതരം വൈകാരിക പക്വതയില്‍നിന്നാണെന്നു പലരും വ്യാഖ്യാനിച്ചിട്ടുണ്ട്. ഹൈഡഗര്‍ മുതല്‍ എം.എന്‍. വിജയന്‍മാഷ് വരെ ഈ പക്വതയെക്കുറിച്ച് പഠനങ്ങള്‍ എഴുതിയവരാണ്.

ഇവിടെ ഈ കവിതാസമാഹാരത്തിന്റെ സൗന്ദര്യശാസ്ത്രത്തെ കണ്ടുപിടിക്കുക എന്നതാണല്ലോ എന്റെ ദൗത്യം; അതാണ് ലക്ഷ്യവും.

നിഗൂഢസൂചകങ്ങളിലല്ല ഈ കവി അഭിരമിക്കുന്നത് പകരം ഏകാന്ത ഭാഷണങ്ങളിലാണ് (Solitary dialogue). ആ രീതിയിലേക്ക് കാരുണ്യത്തിന്റേയും താരുണ്യത്തിന്റേയും മേമ്പൊടികള്‍കൂടി കരിവേപ്പിലപോലെ ഇടുമ്പോള്‍ കവിതയുടെ ഉര്‍വരത പൂര്‍ണമാകുന്നു. ഒരു പാചകം പോലെ.

വിഷാദം എന്ന ആത്മാന്വേഷണം
''ഞാനവന്റെ
കണ്ണുകളിലേക്കു നോക്കി,
എന്തൊരു വെളിച്ചമാണ്.'' (തീരത്ത്)

''അവള്‍പോലും കേള്‍ക്കാതെ
ഞാന്‍ പതുക്കെ വിളിച്ചു,
കല്യാണീ...'' (കല്യാണി)

''നാമിപ്പോള്‍
ഒരാശുപത്രിയിലെ
നിത്യരോഗികള്‍
മാറാത്ത അസുഖത്തിന്റെ
മരുന്നുതീനികള്‍'' (കുമ്പനാട്ടെ മരങ്ങള്‍)
പ്രതിസന്ധികളുടെ മുനകള്‍ ചില കവിതകളില്‍നിന്ന് വായനക്കാരിലേക്ക് പടര്‍ന്നുപിടിക്കുന്നതായി കാണാം. വേദനകളെ അഭിസംബോധന ചെയ്യാനുള്ള വ്യഗ്രതയും ഈ കവിതകളില്‍ കാണാം. ചില ശാന്തപ്രകൃതത്തിന്റേതായ വൈയക്തികതയെല്ലാം, വിഷാദാവസ്ഥയില്‍ അവസാനിക്കുന്നു. അതൊരു സ്വാതന്ത്ര്യത്തിന്റേതായ ലോകം കൂടിയാണെന്ന് അടുത്തടുത്ത ഘട്ടങ്ങളില്‍ നാം മനസ്സിലാക്കുകയും ചെയ്യുന്നു.

ലോര്‍ക്കയും വെള്ളാര്‍മലയും
ഗ്രാമം എഴുന്നേല്‍ക്കുന്നില്ല, ആരും മിണ്ടുന്നില്ല, എന്നു തുടങ്ങുന്ന സ്വരമാണ് വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ്. കവിതയില്‍. ലോര്‍ക്കയുടെ കവിതകളിലെ സംഗീതസാന്ദ്രത ഈ കവിതയില്‍ കാണാം. മരണം അതിജീവിക്കുന്ന രീതികള്‍ ലോര്‍ക്കയുടെ കവിതകളില്‍ നിലനില്‍ക്കുന്നതുപോലെ ഈ കവിതകളിലും തുടരുന്നു. ലോര്‍ക്ക ഒരു കവിതയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്;

''മൃത്യു വിളറിയ ഗന്ധകത്താല്‍
അവനെ പൊതിഞ്ഞിരിക്കുന്നു
അവന് ഒരു കറുത്ത മിനടോറിന്റെ
ശിരസ്സ് നല്‍കിയിരിക്കുന്നു.
അതു കഴിഞ്ഞു! മഴ അവന്റെ വദനത്തില്‍ തുളച്ചുകയറുന്നു.
വായു അവന്റെ കുഴിഞ്ഞ മാറിടത്തില്‍നിന്നും ഭ്രാന്തമായുയര്‍ന്നു പൊങ്ങുന്നു.''

ഇതുപോലെ ഊഷ്മളമാക്കുന്ന ആത്മാവിന്റെ ബാക്കി പത്രം പോലെ ''ആമിനാന്റെ കൈ വിടീച്ച് അവന്‍ എണീറ്റുനിന്നു''
എന്ന് സുബീഷ് തെക്കൂട്ട് പാടുന്നു. മരണം ഏല്‍പ്പിക്കുന്ന വിഷാദത്തില്‍നിന്ന് കവി പാടുകയാണ്.

'മാനത്തപ്പോള്‍
മറ്റൊരു പള്ളിക്കൂടം
മണിയടിച്ചപ്പോള്‍
മലവെള്ളമിറങ്ങിയ
മുറ്റം.'' -എന്നു ചൊല്ലുന്ന കല്പനയിലൂടെ വിശുദ്ധമായ ലോകത്തേക്ക്, കവിതയിലൂടെ വിഷാദങ്ങളെയെല്ലാം ഒഴുക്കിക്കളയുകയാണ്.

''മരിച്ച കുഞ്ഞിന്റെ അമ്മയാകാതെ!
നേരത്തേയാകിലുചിതം
മൃതി ഹാ സുഖം!''
എന്നും കവി ചൊല്ലുന്നു.

''നദി കെ കിനാരെ
മരങ്ങള്‍ മന്ദിരങ്ങളായി
മരിച്ചു പൊന്തി''

ഈ വിധം വിശുദ്ധതലങ്ങള്‍ തേടിപ്പോകുന്ന വിഷാദനദികളുടെ സമാഹാരമായി വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിനെ ഞാന്‍ കാണുന്നു. വരൂ, ഈ കാവ്യനദിയില്‍ സ്നാനം ചെയ്യൂ.