വിവിധ ലോകസംസ്‌കൃതികളെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സാംസ്‌കാരിക ഘടകമാണ് മിത്തുകള്‍. ജീവിതത്തെ സുന്ദരമാക്കുന്നതിനും കെട്ടുറപ്പുള്ളതാക്കുന്നതിനും സഹായിക്കുന്ന മിത്തുകള്‍ ധാരാളമുണ്ട്. ഇതിനൊരു മറുവശവുമുണ്ട്. ഒരു വ്യക്തി എന്ന നിലയില്‍ മനുഷ്യരുടെ പല  സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്ന മിത്തുകളുമുണ്ട്. ലോകത്തിന്റെ വിവിധ സംസ്‌കൃതികളില്‍ നിലനില്‍ക്കുന്ന മിത്തുകളിലേക്കുള്ള സഞ്ചാരമാണ് ഡോ. സി. വി ആനന്ദബോസ് എഴുതിയ മിത്തും സയന്‍സും ഒരു പുനര്‍വായന എന്ന പുസ്തകം.

To advertise here,

മിത്തുകളുടെ സാംസ്‌കാരികതയും അവയ്ക്ക് മനുഷ്യജീവിതവുമായുള്ള പൊരുത്തവും അന്വേഷിക്കുന്നതോടൊപ്പം അവ മനുഷ്യജീവിതത്തെ നിര്‍ണയിക്കുന്നതെങ്ങിനെയന്നും സരസമായി പ്രതിപാദിക്കുന്ന 18 ലേഖനങ്ങളെ ചേര്‍ത്തുവെച്ചിരിക്കുന്ന ഈ പുസ്തകം ഒരു മികച്ച വായനാനുഭവമാണ്.
'പിഴുതെറിയാനും തകര്‍ത്തറിയാനും വളരെ എളുപ്പമാണ്. പണിതുയര്‍ത്താനും നിലനിര്‍ത്താനുമാണ് ഏറെ ബുദ്ധിമുട്ട്. പണിതുയര്‍ത്തിയതൊക്കെയും നിലനില്‍ക്കട്ടെ, അതിന്റെ നന്മയോടും പ്രസാദത്തോടും കൂടിത്തന്നെ 'എന്നാണ് ബ്ലാക്ക് ആന്റ് വൈറ്റ് എന്ന പേരില്‍ ഈ പുസ്തകത്തിന് അവതാരികയെഴുതിയ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി അഭിപ്രായപ്പെടുന്നത്.

ലോകത്തിലെ ഉന്നതമായ സാഹിത്യകൃതികള്‍ക്കെല്ലാം തന്നെ സംഭാഷണത്തിന്റെ ഒരു പാരമ്പര്യം പറയാനാവും. ഈ പുസ്തകവും അപ്രകാരത്തില്‍ ആത്മഭാഷണത്തിന്റെ രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പൗലോ കൊയ്‌ലോയുടെ പ്രസിദ്ധമായ വാചകത്തെ കടമെടുത്തുകൊണ്ടാണ് ഞാന്‍ ഒറ്റയ്ക്കാണോ എന്ന ആദ്യത്തെ അധ്യായം ആരംഭിക്കുന്നത്. ഞാന്‍ ആരാണെന്നും എനിക്ക് എന്തൊക്കെ ചെയ്യാനാകും എന്ന് തിരിച്ചറിയുകയും ചെയ്യുന്ന മനുഷ്യനിലേക്കും അവനെ ചേര്‍ത്തുനിര്‍ത്തുന്ന മറ്റു മനുഷ്യരിലേക്കും വിരല്‍ചൂണ്ടുന്നുണ്ട് ഈ അധ്യായം. ഉസ്താദ് ബിസ്മില്ലാ ഖാന്റെ 'നിങ്ങള്‍ക്ക് രാഗങ്ങളെയും ആകുലതകളെയും ഒന്നിച്ചുകൊണ്ട് നടക്കാനാവില്ല എന്ന വാക്യത്തോടെ തുടങ്ങുന്ന സംഗീതം: നിശ്ശബ്ദതയുടെ ശബ്ദം എന്ന ലേഖനം സ്വര്‍ഗീയമായ മേളപ്പൊരുത്തത്തില്‍ നിന്നും അനുഭവിക്കുന്ന സംഗീതമെന്ന അതീന്ദ്രിയാനുഭുതിയെക്കുറിച്ച് വിശദീകരിക്കുന്നു. ഹിന്ദു മിത്തോളജിയിലെ നാരദനില്‍ തുടങ്ങി ഡ്രൈഡന്‍, താന്‍സന്‍, സ്വാതിതിരുനാള്‍, ചെമ്പൈ തുടങ്ങിയ പല സംഗീത പ്രതിഭകളെയും ഓര്‍മിക്കുന്നതോടൊപ്പം സംഗീതം ഒരു കലയോ ശാസ്ത്രമോ എന്ന വിഷയത്തിലെത്തിലേക്ക് ലേഖനം ശ്രദ്ധ ക്ഷണിക്കുന്നു.

ഫീസ് അടയ്ക്കുന്നതിനു വേണ്ടി സംഗീതക്കച്ചേരി നടത്തിയ ഒരു ബാലസംഘത്തിലെ പ്രധാനി ഹെര്‍ബര്‍ട്ട് ഹൂവര്‍ പിന്നീട് അമേരിക്കയിലെ പ്രസിഡണ്ടാകുന്നതും, ബെഡൂവിന്‍ പാരമ്പര്യത്തെക്കുറിച്ചും. സംഗീതത്തെപ്പറ്റി ബീഥോവന്‍, ടോള്‍സ്റ്റോയി, ഷേക്‌സ്പിയര്‍, വിക്രം സാരാഭായി എന്നിവരുടെ നിരീക്ഷണങ്ങളും കൂടി ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട വിവിധ നിറങ്ങളുമായി ബന്ധപ്പെട്ട മിത്തുകളാണ് നിറങ്ങള്‍ കഥ പറയുന്നു എന്ന ലേഖനത്തിലൂടെ വിശദീകരിക്കുന്നത്. എന്ന നിറങ്ങളുമായി ബന്ധപ്പെട്ട ക്രോമോഫോബിയ എന്ന ഭയമടക്കം, നിറങ്ങള്‍ മനസ്സിലാക്കുന്നതില്‍ ജീനുകള്‍ക്കുള്ള പ്രാധാന്യം വരെ വിശദീകരിക്കുന്ന ഈ ലേഖനം, കണ്ണുകളിലൂടെ മനുഷ്യമനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന നിറങ്ങളുമായി ബന്ധപ്പെട്ട മന:ശാസ്ത്രത്തെയും വിശദീകരിക്കുന്നുണ്ട്.

ഗ്രീക്കായാലും റോമനായാലും നോര്‍വീജിയനായാലും ഇന്ത്യനായാലും, അതായത് കാലദേശഭേദങ്ങളില്ലാതെ ഇന്നു പ്രചാരത്തിലുള്ള വിവിധ 
സംസ്‌കൃതികളുമായി ബന്ധപ്പെട്ട മിത്തുകളെല്ലാം തന്നെ പ്രപഞ്ചസത്യങ്ങളുടെ ഭാവനാത്മകമായ പ്രതിഫലനമാണ് എന്ന് വിശദീകരിക്കുന്ന ലേഖനമാണ് മിത്തും സയന്‍സും. സത്യം ഒരിക്കലും തെറ്റാകാന്‍ ഇടയില്ല. ഇനിയത് ആരും കേട്ടിട്ടില്ലെങ്കില്‍ പോലും എന്ന  മഹാത്മാഗാന്ധിജിയുടെ ഉദ്ധരണിയോടെ തുടങ്ങുന്ന സത്യത്തിന് സമം സത്യം മാത്രം എന്ന ലേഖനം ജര്‍മ്മന്‍ ഫിലോസഫര്‍ ഇമ്മാനുവല്‍ കാന്റ്, വില്യം ബ്ലേക്, വാന്‍ഗോഗ്, ഫ്രോയ്ഡ് എന്നിവരുടെ എല്ലാം വീക്ഷണങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്. ബ്രാന്‍ഡ് സുന്ദരമായ വരികളിലൂടെയാണ് ജലം ജീവിതമോ മരണമോ എന്ന ലേഖനം ആരംഭിക്കുന്നത്. ജീവിതം ഒരു ആനന്ദോത്സവം എന്ന ലേഖനം ഏറ്റവും മികച്ച ഒരു അനുഭവമാണ്.ആനന്ദത്തിലേക്ക് നമ്മളെത്തേണ്ട വഴികളെക്കുറിച്ച് അത് വിശദീകരിക്കുന്നു.

'ഞാനൊരു സമൂഹത്തിന്റെ പുരോഗതി അളക്കുന്നത് ആ സമൂഹത്തിലെ സ്ത്രീകളുടെ പുരോഗതിയുടെ തോതനുസരിച്ചാണ് ' എന്ന അംബേദ്കറുടെ വചനത്തോടുകൂടി തുടങ്ങുന്ന പെണ്‍മയുടെ മുന്നേറ്റം എന്ന ലേഖനത്തില്‍ മിത്തുകളിലെ സ്ത്രീകളെക്കുറിച്ചും സ്ത്രീവാദത്തെ സംബന്ധിച്ചുള്ള യു.എന്‍ ആഹ്വാനങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.

ഇന്ത്യന്‍ മിത്തോളജി ഒരു എത്തിനോട്ടം, മൃദുശക്തിയുടെ ചൊല്ലിയാട്ടം, പുരാണങ്ങളിലെ ജന്തുസ്ഥാന്‍, ചെറുപ്പത്തിനെന്ത് വലിപ്പം, ആഗ്‌നേയം, സൗന്ദര്യത്തിന്റെ സമവായം, പുഴയൊഴുകും വഴിയെ, പെറ്റമ്മയും പോറ്റമ്മയും, ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും സംഗമം, മഹാദുരന്തങ്ങളുടെ താണ്ഡവം തുടങ്ങിയ എല്ലാ ലേഖനങ്ങളും വലിയ വിശാലമായ ഒരു ക്യാന്‍വാസിനെ ഏതാനും പേജുകളിലേക്ക് ചുരുക്കുന്നു. ഈയര്‍ത്ഥത്തില്‍ സംഗ്രഹകലയുടെ മികച്ച ഉദാഹരണമായി ഈ കൃതിയെ കണക്കാക്കാം

അതിരുകളാല്‍ തിരിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്റെ സംസ്‌കാരത്തെ അതിരുകളില്ലാതെ അനുഭവിച്ചറിയാനാകുന്നു എന്നതാണ് ഒരു പുസ്തകം നല്‍കുന്ന വായനനുഭവം. സംഗ്രഹം, സമന്വയം എന്നീ രണ്ടുകലകളെ അതിവിദഗ്ധമായി ഉപയോഗിച്ചിരിക്കുന്നു എന്നതാണ് ഈ കൃതിയുടെ ആഖ്യാനത്തിന്റെ സവിശേഷത.

ലോകത്തെ, മനുഷ്യജീവിതത്തെ, നമ്മുടെ സന്തോഷങ്ങളെ, നമ്മുടെ നന്മതിന്മകളെ, ആനന്ദമാര്‍ഗ്ഗങ്ങളെ തിരിച്ചറിയാനും കണ്ടെത്താനും സഹായിക്കുന്ന നിരീക്ഷണങ്ങളാണ് മിത്തും സയന്‍സും എന്ന പുസ്തകത്തിന്റെ വ്യതിരിക്തത. അറിവിന്റെ അപാരതയെ, അതിന്റെ ആഴം ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ വളരെ ലാളിത്യത്തോടെ ചേര്‍ത്തുവയ്ക്കുന്നതാണ് എഴുത്തുകാരന്‍ ചെയ്തിരിക്കുന്ന മാജിക്.