
മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന 'വഴിച്ചെണ്ട'യുടെ എഴുത്തനുഭവങ്ങളെ കുറിച്ച് സുസ്‌മേഷ് ചന്ത്രോത്ത് എഴുതുന്നു.
When I'm writing, I am trying to find out who I am, who we are, what we're capable of, how we feel, how we lose and stand up, and go on from darkness into darkness- Maya Angelou (1928-2014)
Also Read
ഓരോ വള്ളമൂന്നുകാരനും വള്ളമൂന്നുന്നതിനെക്കുറിച്ച് ഏതാനും പ്രമാണങ്ങള്‍ പറയാനുണ്ടാവും. അതയാള്‍ എവിടെ നിന്നെങ്കിലും വായിച്ചു പഠിച്ചതാകണമെന്നില്ല. ചിലപ്പോള്‍ ഗുരുമുഖത്തുനിന്നും കേട്ടുപഠിച്ചതാകാം. അധികപക്ഷവും സ്വാനുഭവത്തില്‍നിന്നും ഉള്‍ക്കൊണ്ടെടുത്തിട്ടുള്ളതാവാം. എന്തായാലും അത് വള്ളമൂന്നുന്നതിനെക്കുറിച്ചും അയാള്‍ ഏറിയ പങ്കും ജീവിക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ള വെള്ളത്തിന്റെ ആഴത്തെക്കുറിച്ചും അതിന്റെ മാറിമറിഞ്ഞേക്കാവുന്ന സ്വഭാവത്തെക്കുറിച്ചുമാവാം. ഇത് വള്ളമൂന്നുകാരുടെ പൊതുവായ കഥയാണ്.
ഉമ്പര്‍ട്ടോ എക്കോയുടെ 'ഓണ്‍ ലിറ്ററേച്ചര്‍', സാര്‍ത്രിന്റെ 'വാട്ട് ഈസ് ലിറ്ററേച്ചര്‍', ജാഗോ മോറിസന്റെ 'കണ്ടംപററി ഫിക്ഷന്‍', വിസ്ലാവ ഷിംബോര്‍സ്‌കയുടെ ഹൗ ടു സ്റ്റാര്‍ട്ട് റൈറ്റിംഗ് (ആന്‍ഡ് വെന്‍ ടു സ്റ്റോപ്പ്): അഡൈ്വസ് ഫോര്‍ ഓദേഴ്‌സ് ഒന്നും ഞാന്‍ വായിച്ചിട്ടില്ല. കെ.പി. അപ്പന്റെ 'മാറുന്ന മലയാള നോവല്‍', പി.കെ. ബാലകൃഷ്ണന്റെ 'നോവല്‍: സിദ്ധിയും സാധനയും' വായിച്ചിട്ടില്ല. വായന വേണ്ടുന്നതാണ്. പക്ഷേ എഴുത്ത് തലയ്ക്ക് പിടിച്ചാല്‍ വായന പിന്നിലേക്ക് മാറും. പിന്നെ പുസ്തകങ്ങളിലേക്ക് മടങ്ങുന്നത് എഴുതുന്നതിന് തിളക്കം മങ്ങുന്നു എന്ന് സ്വയം ബോധ്യം വരുമ്പോഴാണ്. അങ്ങനെയാണ് ആഴ്ചകളോളം ചിലപ്പോള്‍ മാസങ്ങളോളം വായന മാത്രമായി ഞാനൊതുങ്ങുന്നത്.
വായനയുടെ വഴികളിലേക്ക് പ്രവേശിച്ച കാലം മുതല്‍ താന്‍ കൂടുതല്‍ വായിച്ചത് നോവലാണ് എന്ന് വ്യക്തമാക്കുന്ന സാഹിത്യവിമര്‍ശകനാണ് പ്രസന്നരാജന്‍. അദ്ദേഹം തുടര്‍ന്ന് പറയുന്നു. ''കാരമസോവ് സഹോദരന്മാര്‍ നല്‍കിയ വായനാനുഭവങ്ങള്‍ പിന്നീട് അതേ അളവില്‍ മറ്റൊരു നോവലും നല്‍കിയിട്ടില്ല എന്നതാണ് സത്യം. നോവലെന്ന കലാരൂപത്തെപ്പറ്റി ഉന്നതമായ ബോധവും മനുഷ്യജീവിതത്തിന്റെയും മനുഷ്യമനസ്സിന്റെയും സങ്കീര്‍ണതയെപ്പറ്റി സവിശേഷമായ ദര്‍ശനവും മനുഷ്യാവസ്ഥയെപ്പറ്റി ആഴത്തിലുള്ള ഉള്‍ക്കാഴ്ചകളും എനിക്ക് ആ നോവല്‍ തന്നു. ആ നോവല്‍ നല്‍കിയ വെളിച്ചത്തിലാണ് പിന്നീട് നോവല്‍ എന്ന കലാരൂപത്തെ ഞാന്‍ സമീപിച്ചത്.'' 'മലയാള നോവല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍' എന്ന സാഹിത്യനിരൂപണകൃതിയുടെ ആമുഖത്തില്‍.
ലോകത്ത് ഏതാണ്ട് നാല്‍പത് വര്‍ഷം നീണ്ടുനിന്ന ആധുനികതയ്ക്കുശേഷം ജനിക്കുകയും തൊണ്ണൂറുകളോടെ എഴുത്തില്‍ പ്രവേശിക്കുകയും ചെയ്തിട്ടുള്ള ഞങ്ങളെപ്പോലുള്ള ചില എഴുത്തുകാരുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചോദ്യമുണ്ട്. മുന്‍ഗാമികളുടെ ഗാംഭീര്യത്തെ മറികടക്കുന്നതെങ്ങനെ എന്ന അലട്ടുന്ന ചോദ്യം. പടിഞ്ഞാറന്‍ ആധുനികതയുടെ ഭാഗമായും ചുവടുപിടിച്ചും ലോക നോവലിലുണ്ടായ വലിയ കൃതികളുടെ സ്വാധീനം മലയാളത്തിലും പ്രകമ്പനങ്ങളുണ്ടാക്കി. നമുക്കും വലിയ നോവലുകളുണ്ടായി. തര്‍ജമകളിലൂടെ ഭാഷയെ ഭേദിക്കുന്ന നോവല്‍ എന്ന 'ലോകപ്രിയസാഹിത്യരൂപ'ത്തിന്റെ അസ്തിത്വവും ലക്ഷ്യവും എന്താണ്? ഉത്തരം നേടാന്‍ ഞാന്‍ ശ്രമിച്ച ചോദ്യം ഇതും കൂടിയാണ്. ധാരാളമായി നോവലുകള്‍ വായിക്കുകയും പിന്നിട്ട വര്‍ഷങ്ങള്‍ക്കിടയില്‍ കഥകളും ചെറിയ നോവലുകളും എഴുതുകയും ചെയ്യുമ്പോള്‍ മനസ്സില്‍ ഈ ചോദ്യം മുഴങ്ങിനിന്നു. നോവലിന്റെ പ്രമേയം, കഥാഘടന, ആഖ്യാനം, കഥാപാത്രനിര്‍മിതി, നോവല്‍ വായനക്കാരിലുണ്ടാക്കേണ്ട അനുഭൂതി... എങ്ങനെയാണവ എഴുത്തില്‍ സാധ്യമാക്കുന്നത്..?
കുറച്ചുകാലം മുമ്പ്, തൃത്താലക്കടവില്‍ എനിക്ക് പരിചയമുള്ള വള്ളമൂന്നുകാരനുണ്ടായിരുന്നു. ഭാരതപ്പുഴ നിറഞ്ഞൊഴുകുന്ന വര്‍ഷകാലത്തും വറ്റിവരളാനൊരുങ്ങുന്ന വേനല്‍ക്കാലത്തും അയാളവിടെ തോണിയുമായി കടത്തുകടക്കാന്‍ വരുന്നവരെ കാത്തുനില്‍ക്കുന്നുണ്ടാവും. തന്റെ വള്ളത്തില്‍ കയറുന്നവരോട് അയാള്‍ സംസാരിക്കും. ഉച്ചനേരങ്ങളില്‍ അയാള്‍ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ പോകുമ്പോള്‍ വഴിയാത്രക്കാര്‍ അയാള്‍ക്കായി ക്ഷമയോടെ കാത്തുനില്‍ക്കും. കടവിലേക്കിറങ്ങുന്ന കരിങ്കല്ലു പാകിയ ചരിഞ്ഞ വഴിക്കരികിലായി ഇരുവശത്തും കാട്ടുചെമ്പരത്തികള്‍ പൂത്തുമലര്‍ന്ന് പടര്‍ന്നുകിടന്നിരുന്നു. അതിന്റെ നിഴലിലൂടെയാണ് ആളുകള്‍ പുഴ കടക്കാനെത്തിയിരുന്നത്. തനിക്ക് അന്നം തരുന്ന വഴിയാത്രക്കാരോടുള്ള അയാളുടെ സംസാരം ഒരു പുരോഹിതന്‍ മദ്ബഹയില്‍നിന്നും വിശ്വാസികളോട് സംസാരിക്കുന്നതുപോലെയായിരുന്നു. വള്ളത്തിനുമീതെ കുത്തനെ വെയില്‍ വീണുകിടപ്പുണ്ടാകും. അല്ലെങ്കില്‍ കല്ലേറുപോലുള്ള മഴ. തോണിക്കാരന്‍ കുത്തിയൊഴുകുന്ന പുഴയെയും വേനലിലെ അടിയൊഴുക്ക് നഷ്ടപ്പെട്ട് ശാന്തമായൊഴുകുന്ന പുഴയെയും ഒരുപോലെ നോക്കിക്കണ്ടുകൊണ്ട് തന്റെ തത്വചിന്താപരമായ ആശയങ്ങള്‍ യാത്രക്കാരോട് അവതരിപ്പിക്കും. യാത്രക്കാര്‍ അതെല്ലാം കേട്ടിരുന്നോ കേട്ടാല്‍ത്തന്നെ ഉള്‍ക്കൊണ്ടിരുന്നോ എന്നൊന്നും എനിക്കറിയില്ല. അയാള്‍ ഏറ്റവും കുറച്ച് സംസാരിച്ചിട്ടുള്ളത് എന്നോടാണ്. കാരണം, എല്ലായ്‌പ്പോഴും ഞാന്‍ ഏകാകിയായിരുന്നു. അയാള്‍ സംസാരിക്കാന്‍ ശ്രമിച്ചാലും ഞാന്‍ മൂളുക മാത്രമേ ചെയ്തിരുന്നുള്ളൂ. രണ്ടായിരാമാണ്ടിനു ശേഷമുള്ള ഏഴുവര്‍ഷങ്ങള്‍ക്കിടയിലാണ് ഇത് സംഭവിക്കുന്നത്.

പുഴയുടെ അക്കരെയുള്ള ചെറിയ കൃഷിസ്ഥലത്തെ ചുറ്റി മുന്നോട്ടുനടന്നാല്‍ കരിങ്കല്‍ വിളക്കുമാത്രമുള്ള തറയുണ്ട്. ചെറിയൊരു നിരപ്പില്‍ ഈ കല്‍വിളക്കും ആകെ പുത്തുനില്‍ക്കുന്ന അരളി മരവും മാത്രം. അവിടെ ചെന്നിരിക്കാനാണ് ഞാന്‍ പുഴ കടക്കാറുണ്ടായിരുന്നത്. ചുറ്റിനും മരങ്ങള്‍ ഇരുട്ട് പരത്തിയിട്ടുണ്ടെങ്കിലും ആകാശത്തുനിന്നും മധ്യഭാഗത്തുമാത്രം വെയിലും മഴയും നേരിട്ടു വീഴുന്ന നിരപ്പായിരുന്നു അവിടെയുണ്ടായിരുന്നത്. തറയില്‍ പ്രതിഷ്ഠയോ പൂജകളോ കണ്ടിട്ടില്ല. എങ്കിലും അവിടെക്കാണുന്ന വിളക്കും പൂമരവും പണ്ടവിടെ കാവോ ഏതോ ഗോത്രദൈവത്തിന്റെ പുരാതനമായ ഇരിപ്പിടമോ ഉണ്ടായിരുന്നെന്ന് തോന്നിപ്പിച്ചിട്ടുണ്ട്. വിജനമായ ആ പ്രദേശത്തിന്റെ പകലുകള്‍ക്ക് വല്ലാത്തൊരു സൗന്ദര്യമുണ്ടായിരുന്നു. ചില സന്ധ്യകള്‍ക്ക് വിഷാദത്തെ മോചിപ്പിക്കാനുള്ള ത്രാണിയും.
ഈ വള്ളമൂന്നുന്ന തോണിക്കാരനും പുഴ കടക്കുന്ന ഏകാകിയായ സഞ്ചാരിയും ഒഴുകുന്ന പുഴയും ഒന്നുതന്നെയാണ്. ഒരെഴുത്തുകാരന്റെ പലതരം കാണാരൂപങ്ങള്‍. ആ കാണാരൂപങ്ങളെല്ലാം എന്റെതാണ്. ഞാനാണ് പുഴയും തോണിക്കാരനും സഞ്ചാരിയും പൂത്തുലഞ്ഞുനില്‍ക്കുന്ന അരളി മരവും ആരും തിരിയിട്ട് കത്തിക്കാനില്ലാത്ത അക്കാലത്തെ കല്‍വിളക്കും. പരിചിതരായ മനുഷ്യരും വല്ലപ്പോഴും വന്നുപെടുന്ന അപരിചിതരായ മനുഷ്യരും അവരുല്‍പാദിപ്പിക്കുന്ന കഥകളും വള്ളമൂന്നുകാരനില്‍ നിന്നും സ്വന്തം മാറാപ്പിലേക്കു സ്വീകരിച്ചിട്ടാണ് പുരാതന ഗോത്രദൈവത്തിന്റെ കാണാപ്രതിഷ്ഠയുള്ള പൂമരച്ചുവട്ടിലേക്ക് ഞാന്‍ പോകുന്നത്. അവിടെ തനിച്ചിരിക്കുമ്പോള്‍ സംസ്‌കരിക്കപ്പെടുന്ന വിചാരങ്ങളാണ് സാഹിത്യരൂപമായി പിന്നീട് വാര്‍ന്നൊഴുകുന്നത്. You have to be immensely daring, very skilled and imaginative and willing to tell everything on yourself. You're told time and again when you're young to write about what you know, and what do you know better than your own secrest? ഇങ്ങനെ Raymond Carver (1938-1988) പറയുമ്പോള്‍ ഇതിനെല്ലാം ഉത്തരം കിട്ടുന്നു.
ഒരു നോവലെഴുതണമെന്ന 'ആശ'-യാണ് ആദ്യമുണ്ടാകുന്നത്. 'ആശയം' അന്നേരം രൂപപ്പെട്ടിട്ടില്ല. നോവലെന്ന ആശയുമായി ഏറെക്കാലം നടന്നപ്പോഴാണ് 'വഴിച്ചെണ്ട'യുടെ ആശയം വീണുകിട്ടുന്നത്. പിന്നീടാണ് ആശയത്തെ വിപുലപ്പെടുത്തുന്നതിനുള്ള ആലോചനകള്‍ സംഭവിക്കുന്നത്. അരളി മരം താനെ പൂവിടും. പക്ഷേ കല്‍വിളക്ക് താനെ തെളിയുകയില്ല. അതാരെങ്കിലും തിരിയിട്ട് ജ്വലിപ്പിക്കണം. സന്ധ്യ തീരുമ്പോള്‍ കടവിലേക്ക് മടങ്ങിച്ചെല്ലാം. അക്കരയെത്തിക്കാന്‍ തോണിക്കാരന്‍ കാത്തുനില്‍പ്പുണ്ട്. വീണ്ടും പിറ്റേന്ന് പകല്‍ തിരികെയെത്താം. പക്ഷേ എഴുതാനുള്ള വാക്കോ വരിയോ വാചകമോ അങ്ങനെ കടന്നുവരണമെന്നില്ല. ഇതാണ് സാഹിത്യജീവിതം.
'വഴിച്ചെണ്ട'യിലെ കഥാപാത്രങ്ങള്‍ എല്ലാവരും സാങ്കല്‍പിക സൃഷ്ടികളല്ല. കഥ നടക്കുന്ന സ്ഥലങ്ങളും സാങ്കല്‍പികദേശങ്ങളല്ല. എന്നാലും വാസ്തവത്തിന്റെയും കെട്ടുകഥയുടെയും മിശ്രണം നോവലിലുടനീളം നടന്നിട്ടുണ്ട്. പക്ഷേ ഇങ്ങനെയെല്ലാമാണെങ്കിലും ഇതെങ്ങനെയാണ് അധ്യായങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്നത്? ഏതാണ്ട് നാല് പതിറ്റാണ്ടുകളുടെ തുടര്‍ച്ചയായ വളര്‍ച്ച നോവലിലെ മിക്ക കഥാപാത്രങ്ങള്‍ക്കുമുണ്ട്. ഇതിനിടയില്‍ നൂറിലധികം കഥാപാത്രങ്ങളെ വിന്യസിച്ചിട്ടുള്ള നോവലിന്റെ ശില്‍പഭദ്രത മുഴുനീളം സൂക്ഷിക്കുകയും വേണം. ഏകാഗ്രതയോടെയുള്ള കഠിനാധ്വാനമെന്നേ അതിനെപ്പറ്റി പറയാന്‍ സാധിക്കൂ. Now we have the phenomenon of the M.F.A. Novel, which can be often be a beautifully confected product. There are no rough edges. The number of characters, the length of chapters, it's all skillfully orchestrated എന്ന് അരുന്ധതി റോയ് വിശദീകരിക്കുന്നു. നോവലെഴുതുന്ന ഒരാള്‍ക്കത് വളരെ വേഗം മനസ്സിലാകും. എന്നാലും ചിട്ടയൊപ്പിച്ചുള്ള കലാപ്രവര്‍ത്തനം മാത്രമല്ല, നോവലെഴുത്ത്. അത് കലാത്മകമാകുക കൂടി വേണം.
''നോവലെഴുതുമ്പോള്‍ ജീവിക്കുന്ന മനുഷ്യനെ സൃഷ്ടിക്കണം. കഥാപാത്രങ്ങളെയല്ല, മനുഷ്യരെ.'' എന്ന് ആല്‍ഡസ് ഹക്‌സലിയോട് മഹാനായ ഹെമിങ് വേ പറയുന്നതു മനസ്സില്‍ വെച്ചുവേണം നോവലെഴുത്തിലേക്ക് കടക്കാന്‍. ഒന്നാം ലോകമഹായുദ്ധം ആത്മാവിലും ശരീരത്തിലും അനുഭവിച്ച ഹെമിങ് വേയ്ക്ക് അങ്ങനെ പറയാനും നടപ്പിലാക്കാനും തീര്‍ച്ചയായും കഴിയും. ഇവിടെ ശരാശരി വായനക്കാരനില്‍ സൃഷ്ടിച്ചേക്കാവുന്ന ഒരു സംശയത്തിനുകൂടി മറുപടി പറയേണ്ടതുണ്ട്.
''ഒരു കഥാപാത്രത്തിന്റെ ചില സംഗതികള്‍ എഴുത്തുകാരന്റെ സ്വന്തമായ അനുഭവങ്ങളില്‍നിന്നു പകര്‍ത്തിയതാവും. അതുകൊണ്ട് ആ കഥാപാത്രം എഴുത്തുകാരന്‍ തന്നെ എന്ന് ആളുകളങ്ങ് കരുതുന്നു. ആ അര്‍ത്ഥത്തില്‍ ഞാനൊരു ആത്മകഥാംശമുള്ള കഥാപാത്രത്തെ സൃഷ്ടിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടില്ല.'' നോവല്‍ കലയുടെ മര്‍മം കണ്ട സല്‍മാന്‍ റുഷ്ദിയുടെ ഈ അഭിപ്രായത്തോട് യോജിപ്പിക്കാന്‍ സാധിക്കുന്ന ഒരഭിപ്രായം ബൃഹദാഖ്യാനത്തിന്റെ അനായാസത അനുഭവിപ്പിച്ച ജയമോഹനും പറയുന്നുണ്ട്. ''ഒരു കൃതിക്കുള്ളിലെ 'ഞാന്‍' എന്നത് ആ കഥയ്ക്കുള്ളിലെ ഡേറ്റകൊണ്ട് തീരുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ്. അല്ലാതെ കൃതിക്ക് പുറത്തുനിന്നുള്ള ഒരു 'ഞാന്‍' അല്ല.''
സാഹിത്യവായനക്കാരന് ഒരാളുടെ എഴുത്തിലെ ഫിക്ഷനെവിടെ, യാഥാര്‍ഥ്യമെവിടെ എന്നൊക്കെയുള്ള തോന്നലുകളോ തെറ്റിദ്ധാരണകളോ ഉണ്ടാവേണ്ടതായ കാര്യമില്ല. എങ്കിലും എഴുത്തുകാരന്‍ ഇതും കൂടി മനസ്സില്‍ വയ്ക്കണം. ടോള്‍സ്റ്റോയിയുടെ നോവല്‍ 'യുദ്ധവും സമാധാനവും' വായിച്ചിട്ടുള്ളവര്‍ക്കറിയാം. അതില്‍ ടോള്‍സ്റ്റോയിയുടെ ആത്മകഥാംശമില്ലെന്ന്. എന്നാല്‍, പിയറി, പ്രിന്‍സ്, റോസ്റ്റോവ് എന്നീ കഥാപാത്രങ്ങളില്‍ ടോള്‍സ്റ്റോയി ഉണ്ടെന്ന് സാഹിത്യഗവേഷകര്‍ പറയുന്നു. എഴുത്തുകാരന്റെ മൂന്ന് മുഖങ്ങളെ മൂന്ന് കഥാപാത്രങ്ങളിലേക്ക് വലിച്ചിടാനും എഴുത്തുകാരന് കഴിയുന്നു. അതായത് എഴുത്തുകാരന്റെ പ്രകാശനം തന്നെയാണ് സാഹിത്യമെന്നത്.
'വഴിച്ചെണ്ട'യുടെ ആഖ്യാനം നേര്‍രേഖയിലാണെന്ന് പറയാന്‍ കഴിയില്ല. കാലത്തെയും സംഭവങ്ങളെയും അതിന്റെ ഘടനയും തുടര്‍ച്ചയും തെറ്റിച്ച് ഉപയോഗിച്ചിട്ടുണ്ട്. ആഖ്യാനമാണെങ്കിലോ 'അന്വാഖ്യാനരൂപ'ത്തിലും. ഇതേറെ പ്രയാസമുണ്ടാക്കുന്ന രചനാരീതിയാണ്. എഴുത്തുകാരന്‍ കഥാപാത്രങ്ങളുടെ സംഭാഷണം റിപ്പോര്‍ട്ട് ചെയ്യുന്ന അന്വാഖ്യാനരീതി പൊതുവെ അധികമാരും ഉപയോഗിക്കാന്‍ ധൈര്യപ്പെടാത്തതാണ്.
'ചെറുകഥ എഴുതുമ്പോള്‍' എന്ന ഗ്രന്ഥത്തില്‍ ഡോ. എം.എം. ബഷീര്‍ പറയുന്നത് ശ്രദ്ധിക്കൂ. ''സംഭാഷണത്തിലെ അപൂര്‍ണവാക്യങ്ങളെയും ഒറ്റവാക്കുത്തരങ്ങളെയും പൂര്‍ണവാക്യത്തിലാക്കണം. അന്വാഖ്യാനത്തില്‍ ഗ്രാമ്യഭാഷ ഉപയോഗിക്കാറില്ല. സന്ദര്‍ഭത്തിനനുസരിച്ച് അവന്‍, അയാള്‍, അദ്ദേഹം എന്നിങ്ങനെ സര്‍വനാമങ്ങള്‍ ഉപയോഗിക്കണം. സര്‍വനാമമായ 'താന്‍' ശ്രദ്ധിച്ചുപയോഗിക്കണം. ചെറിയ സംഭാഷണങ്ങളെ മാത്രമേ അന്വാഖ്യാനം ചെയ്യാന്‍ പാടുള്ളൂ. ദീര്‍ഘസംഭാഷണണങ്ങള്‍ സാക്ഷാല്‍ സംഭാഷണങ്ങളായിത്തന്നെ ഉപയോഗിക്കുകയാണ് നല്ലത്. അന്വാഖ്യാനം വളച്ചുകെട്ടിപ്പറയലാണ്. അതിന് വ്യക്തത കുറയും; സ്വാഭാവികതയുണ്ടാവില്ല. അതിനാല്‍ അന്വാഖ്യാനരൂപത്തില്‍ കഥ പറയുന്നത് കഴിവതും ഒഴിവാക്കണം.''
ഇവിടെ രണ്ടു കാര്യങ്ങള്‍ സൂക്ഷിക്കേണ്ടതാണെന്ന് മനസ്സിലാകും. ഒന്ന്, അന്വാഖ്യാനം വളച്ചുകെട്ടിപ്പറയലാണ്. മറ്റൊന്ന്, അന്വാഖ്യാനരൂപത്തില്‍ 'കഥ' പറയുന്നത് കഴിവതും ഒഴിവാക്കണം. ആദ്യത്തേത് പരിശോധിച്ചാല്‍ കഥയെ അപേക്ഷിച്ച് നോവല്‍ എന്ന സാഹിത്യരൂപം വളച്ചുകെട്ടിപ്പറയലിന്റെ കലയാണ് എന്നു സമാധാനിക്കാം. ഡോ. എം.എം. ബഷീര്‍ പറയുന്നത് ചെറുകഥയെഴുതുമ്പോള്‍ അന്വാഖ്യാനരീതി പ്രയോഗിച്ചാല്‍ കഥയുടെ മുറുക്കം നഷ്ടമാകും എന്ന അര്‍ത്ഥത്തിലാണല്ലോ. ചെറുകഥയെ സംബന്ധിച്ച അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തെ വിപുലീകരിച്ചാല്‍ നോവലെഴുത്തിലേക്ക് അന്വാഖ്യാനമാതൃക സ്വീകരിക്കുമ്പോള്‍ സംഭവിക്കാവുന്നത് വൈകാരികഭാവങ്ങളുടെയോ നാടകീയമുഹൂര്‍ത്തങ്ങളുടെയോ വിവരണത്തിലൂടെ സംഭവിക്കുന്ന ദുര്‍ബലതയാണെന്ന് മനസ്സിലാക്കാം. അതായത് അന്വാഖ്യാനരീതിയില്‍ 'കഥ' പറയുന്നത് ഒഴിവാക്കണം എന്നാണ് അദ്ദേഹം പറയുന്നത്. ശരി. അങ്ങനെയെങ്കില്‍ 'നോവല്‍' അന്വാഖ്യാനമാതൃകയിലാക്കിയാലോ..?
'വഴിച്ചെണ്ട'-യുടെ ഉള്ളടക്കം പറയാന്‍ ഞാന്‍ സ്വീകരിച്ച മാര്‍ഗം അന്വാഖ്യാനരീതിയാണ്. ഗ്രാമ്യഭാഷ ഒഴിവാക്കാന്‍ അതാവശ്യമായിരുന്നു. കാരണം എനിക്ക് ഏറനാടന്‍, ഹിന്ദു, മാപ്പിള ഭാഷ പ്രയോഗിക്കാനറിയില്ല. ദീര്‍ഘസംഭാഷണങ്ങളെ സാക്ഷാല്‍ സംഭാഷണങ്ങളായി ഉപയോഗിക്കാം. എന്നാല്‍ വിവരണത്തില്‍ അത്യാന്താപേക്ഷിതമായ അപൂര്‍ണവാക്യങ്ങളെയും ഒറ്റവാക്കിലുള്ള മറുപടികളെയും എങ്ങനെ സര്‍വനാമങ്ങളുപയോഗിച്ച് കൂട്ടിക്കെട്ടും? ആ വെല്ലുവിളി ഞാനേറ്റെടുത്തു. അത് വിഷമകരമായോ എന്നറിയാനാണ് നോവല്‍ പൂര്‍ത്തിയായപ്പോള്‍ പത്ത് വായനക്കാര്‍ക്ക് Inspection Copy എടുത്ത് അയച്ചുകൊടുത്തത്. പത്തില്‍ ഏഴുപേരും 'വഴിച്ചെണ്ട' അനായാസപാരായണത്തിന് തടസ്സമല്ല എന്നുപറഞ്ഞപ്പോള്‍ സമാധാനമായി. (ബാക്കി മൂന്നുപേര്‍ ഭൗതികസാഹചര്യങ്ങള്‍ മാറിയപ്പോള്‍ വായിക്കാനാവാതെ പോയവരാണ്.)
വെറുതെ ഒരു നോവലെഴുതാന്‍ എനിക്കത്ര താല്‍പര്യമില്ലായിരുന്നു. താഴേക്ക് താഴേക്ക് സംഭാഷണങ്ങളെഴുതി പേജുകളുടെ എണ്ണം കൂട്ടാനും ഞാനുദ്യമിച്ചിട്ടില്ല. എന്റെ അന്വേഷണം നോവല്‍ എന്ന അതിശയകരമായ സാഹിത്യരൂപത്തിന്റെ വാലും കാലുകളും ദേഹവും തൊട്ട് വലുപ്പമളക്കുവാനുള്ള ശ്രമമായിരുന്നു. അന്ധന്റെ ആനയെക്കാണല്‍ തന്നെ. അങ്ങനെ ചിന്തിക്കുമ്പോള്‍ നോവലെന്ന സാഹിത്യരൂപത്തിന് ആയിരം പേജുകളോ രണ്ടായിരം പേജുകളോ നിസ്സാരമാണെന്ന് മനസ്സിലാവുന്നു. അദ്ധ്വാനിക്കുവാനുള്ള മനസ്സും ആരോഗ്യവും ക്ഷമയും ലേശം പ്രതിഭയുമുണ്ടെങ്കില്‍ ഒരാള്‍ക്ക് അയ്യായിരം പേജുകളുള്ള നോവലെഴുതാം. അപ്പോളേ മനുഷ്യജീവിതത്തിന്റെ പ്രഹേളികാസ്വഭാവത്തെ അല്‍പമെങ്കിലും പിടിച്ചെടുക്കുവാന്‍ സാധിക്കുകയുള്ളൂ. അതാണ് നോവലെന്ന സാഹിത്യരൂപത്തിന്റെ പ്രത്യേകതയും അനന്യതയും. കുറേയേറെ വര്‍ഷങ്ങളിലൂടെ കണ്ടറിഞ്ഞ നമ്മുടെതോ മറ്റുള്ളവരുടേതോ ആയ ജീവിതം പഠിപ്പിച്ച പാഠങ്ങളെ സാഹിത്യത്തിലേക്ക് നിര്‍ദ്ധാരണം ചെയ്യാന്‍ തുനിഞ്ഞാല്‍ നോവല്‍ രചന എളുപ്പമാകും. അത് ചുരുക്കിയെഴുതാതിരിക്കുമ്പോള്‍ ബൃഹദ് നോവലുണ്ടാകും.
Novelists tell that piece of truth hidden at the bottom of every life എന്ന് Italo Calvino (1923 1985) പറയുന്നതിന്റെ പൊരുളാണിത്. അതത്ര എളുപ്പമല്ല. കൂട്ടത്തില്‍ പറയട്ടെ. ആല്‍ബെര്‍ട്ടോ മൊറോവ്യയെക്കാള്‍ ഉന്നതനായ എഴുത്തുകാരനാണ് ഇറ്റാലോ കാല്‍വിനോ എന്ന് എം. കൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടതായി ഓര്‍ക്കുന്നു. താരതമ്യത്തിന്റെ ആവശ്യമില്ല എന്ന് എന്റെ അഭിപ്രായം. ആല്‍ബെര്‍ട്ടോ മൊറോവ്യയും മോശം എഴുത്തുകാരനല്ല.
'വഴിച്ചെണ്ട'-യിലെ നായകപാത്രമെന്ന് വിളിക്കാവുന്ന അനൂപിന്റെ മധ്യവയസ്സുവരെയുള്ള ജീവിതത്തിലെ യാത്രകളാണിതിലുള്ളത്. 'യുദ്ധവും സമാധാനവും' എന്ന നോവലിനെക്കാള്‍ തനിക്കിഷ്ടപ്പെട്ടതെന്ന് കെ.പി. അപ്പന്‍ പുകഴ്ത്തിയ യൂഗോസ്ലാവിയന്‍ നോവലാണ് ഈവോ ആന്‍ഡ്രീച്ചിന്റെ ഡ്രീനാനദിയിലെ പാലം (ദ ബ്രിഡ്ജ് ഓണ്‍ ദ ഡ്രീന). അതില്‍ രണ്ടുതരം ഭീതിയെക്കുറിച്ച് ഈവോ ആന്‍ഡ്രീച്ച് (1892-1975) പറയുന്നുണ്ട്. ഒന്ന് -മനുഷ്യനെ നിരന്തരം ഭീഷണിപ്പെടുത്തുന്ന ബാഹ്യമായ ഭീതി. ഇത് ചരിത്രത്തില്‍നിന്നും വരുന്നതാണ്. രണ്ട് -മനുഷ്യന്റെ എക്കാലത്തെയും അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ഉള്‍ഭീതി.

'വഴിച്ചെണ്ട' എഴുതുമ്പോള്‍ അനൂപ് ഒഴികെയുള്ള കഥാപാത്രങ്ങളിലേക്ക് കയറിവരുന്നത് ചരിത്രമോ ഭൂതകാലമോ സൃഷ്ടിച്ച ബാഹ്യഭീതികളല്ല, നേരെമറിച്ച് സ്വന്തം അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ഉള്‍ഭീതികളാണ്. അതിന്റെ സമൃദ്ധികളാണ്. അനൂപും അതെല്ലാം അനുഭവിക്കുന്നുണ്ടെങ്കിലും അയാള്‍ ജീവിതത്തോട് നടത്തുന്ന നിരന്തരമായ യുദ്ധത്താല്‍ എല്ലാത്തിനെയും ഭേദിച്ചുപോകുന്നു. അനൂപിനെ സൃഷ്ടിക്കുമ്പോള്‍ ആ കഥാപാത്രത്തിന്റെ Territorial Imperative നെക്കൂടി വിവരിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. താനിരിക്കുന്ന അല്ലെങ്കില്‍ താന്‍ നില്‍ക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള കുറച്ചുസ്ഥലം അയാളുടെതാണെന്ന് ഒരാള്‍ അവകാശപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ആ അവകാശത്തെയാണ് Territorial Imperative എന്നു പറയുന്നത്. അതിനൊരു പ്രാകൃതവശവും മൃഗങ്ങളുടേതിന് തുല്യമായ നീതിനിയമങ്ങളുമുണ്ട്. നോവലില്‍ ഒരോ കഥാപാത്രത്തിനും ഈ അവകാശബോധമുണ്ട്. നജുമുന്നീസ താനുണ്ടാക്കിയ Territorial ImperatÇ-ലാണ് ഉടനീളം ജീവിക്കുന്നത്. മെഹറും നുസ്രത്ത് ബീവി ടീച്ചറും ഷാഹുല്‍ അലിയും രശ്മിയും സാവിത്രിയും ഭൂതനാഥനും അങ്ങനെതന്നെ ജീവിക്കുന്നു. നോവലിലെ കഥാപാത്രങ്ങള്‍ക്ക് അനുവദിക്കപ്പെടുന്ന സ്ഥലത്തെ സംബന്ധിച്ച മനസ്സിലെ അവകാശബോധമാണ് മറ്റുകഥാപാത്രങ്ങളുമായി അവര്‍ക്കുള്ള സംഘര്‍ഷത്തിലേക്ക് വഴി തുറക്കുന്നതും.
അരനൂറ്റാണ്ടെന്ന് വിളിക്കാവുന്ന കാലത്തെ (Time) 'വഴിച്ചെണ്ട'-യില്‍ അനൂപ് അറിയുന്നുണ്ട്. അത്രയും കാലത്തെ അനൂപിന്റെ ദൈനംദിനജീവിതം മുഴുവന്‍ പകര്‍ത്തിവച്ചാല്‍ നോവല്‍ വിരസമാവും. അനൂപിന്റെ ആന്തരികലോകവും വിചാരണകളും പൂര്‍ണമായി പകര്‍ത്തിയാലും വായന സുഗമമാവില്ല. അതോടൊപ്പം അനൂപിനൊപ്പമുള്ള ഇതര കഥാപാത്രങ്ങളുടെ ജീവിതം അനൂപുമായി ഘടിപ്പിക്കപ്പെടുന്നതെങ്ങനെ എന്നന്വേഷിക്കുകയും വേണം. അനൂപിനെ ഏറെ നേരം വിട്ടുകളഞ്ഞിട്ട് മറ്റു കഥാപാത്രങ്ങളുടെ ലോകത്തേക്ക് പോകാനും സാധിക്കില്ല. അനൂപ് എന്തെല്ലാം ചെയ്യുമെന്ന് വായനക്കാര്‍ക്ക് ഉറപ്പുള്ള കാര്യങ്ങള്‍ പറയാതിരിക്കുകയും എന്തെല്ലാം ചെയ്യില്ല എന്ന് ധരിക്കുന്നതിനെ പൊളിക്കുകയും ചെയ്തുകൊണ്ട് രചനാരീതി മുന്നോട്ടുപോകണം. അന്വാഖ്യാനരീതിയില്‍ ഈ കഥ പറച്ചില്‍ വലിയ ബുദ്ധിമുട്ടു തന്നെയാണ്. പ്രത്യേകിച്ചും കഥാപാത്രങ്ങള്‍ക്കിടയില്‍ വൈകാരികഭാവങ്ങളും അതിസങ്കീര്‍ണമായ അവസ്ഥകളും മറ്റും വിവരിക്കേണ്ടിവരുമ്പോള്‍.
ഉദാഹരണത്തിന് അനൂപിന്റെ അച്ഛനും അനൂപും തമ്മില്‍ മലമുകളില്‍ ഇരുന്നുകൊണ്ട് നടത്തുന്ന ഒരു ആശയവിനിമയമുണ്ട് 'വഴിച്ചെണ്ട'യില്‍. അതെഴുതാന്‍ ഏറെ ബുദ്ധിമുട്ടി. വൈകാരികത മുറ്റിയ സന്ദര്‍ഭത്തിലാണ് അനൂപും അച്ഛനും സംസാരിക്കുന്നത്. സമാനമായ മറ്റൊരു കൂടിക്കാഴ്ചയും 'വഴിച്ചെണ്ട'യിലുണ്ട്. ഇവിടെ രണ്ടും അപരിചിതരാണ്. ഇളയൂരങ്ങാടിയില്‍ തനിച്ചിരിക്കുന്ന അനൂപിനരികിലേക്ക് ഗള്‍ഫിലെ ജയിലില്‍ കിടക്കുന്ന പേരക്കുട്ടിക്ക് കത്തെഴുതിക്കൊടുക്കാനാവശ്യപ്പെട്ട് വരുന്ന അപരിചിതയായ ഉമ്മ. അനൂപും ഉമ്മയും തമ്മില്‍ നടക്കുന്നത് കേവലം ഡിക്‌ടേഷനല്ല. നോവലിന്റെ ആഖ്യാനഭാഷയില്‍ അനൂപിന്റെ ഭൂതഭാവിവര്‍ത്തമാനങ്ങളിലേക്ക് ഒരു മോട്ടിവേറ്റര്‍ സ്പീക്കറെപ്പോലെയോ മനഃശാസ്ത്രവിശാരദയെപ്പോലെയോ ഉമ്മയ്ക്ക് കടന്നുചെല്ലാന്‍ സാധിക്കണം. അപരിചിതരായ ഉമ്മയും അനൂപും സൃഷ്ടിക്കുന്ന വിരരണാതീതമായ ഇന്റിമസിയും വിശ്വാസവും കരുതലും വായിക്കുന്നവര്‍ക്കും ബോധ്യമാകണം. അവിടെയും അന്വാഖ്യാനരൂപത്തിലുള്ള എഴുത്തുരീതി എനിക്ക് രചനാപരമായ ബുദ്ധിമുട്ടും വെല്ലുവിളിയും സൃഷ്ടിച്ചു.
നേരിട്ട് സംഭാഷണങ്ങള്‍ എഴുതാന്‍ സാധിക്കുകയാണെങ്കില്‍ ഇതിനെയെല്ലാം നാടകീയമായി അവതരിപ്പിക്കാന്‍ സാധിക്കും. എഴുത്തുകാരന്‍ അപരിചിതരായ വായനക്കാരോടാണ് കഥാപാത്രങ്ങളിലൂടെ സംവദിക്കുന്നത്. മറ്റാരോടുമല്ല. A novel is the only place where two strangers can meet on terms of absolute intimacy. The reader and the writer make the book together. No other art can capture the essential inwardness of human life എന്ന് Paul Auster (1947-2024) എന്നിട്ടും, അനൂപിന് ഉമ്മ പറഞ്ഞുകൊടുക്കുന്ന കത്തെഴുതുമ്പോള്‍ പലവട്ടം എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സ്വന്തം കണ്ണുകളെയും ഹൃദയത്തെയും ഞാന്‍ വിശ്വസിക്കുന്നു. ചിലപ്പോള്‍ ആ ഭാഗം എഴുത്തില്‍ വിജയിച്ചിട്ടുണ്ടാകാം. വായനക്കാരാണ് തീരുമാനിക്കേണ്ടതും സാക്ഷ്യപ്പെടുത്തേണ്ടതും.
മായാരൂപികളായ തോണിക്കാരനിലേക്കും യാത്രികനിലേക്കും ഒഴുകുന്ന പുഴയിലേക്കും അവര്‍ മൂവരും ചേര്‍ന്ന് രൂപപ്പെടുത്തുന്ന ആഖ്യാതാവ് എന്ന യാഥാര്‍ഥ്യത്തിലേക്കും വന്നാല്‍ സാഹിത്യം ഒരു സ്വപ്നമല്ല, ജീവിതത്തെ സംബന്ധിച്ച് രചിക്കപ്പെടുന്ന ഏറ്റവും ആധികാരികമായ രേഖ തന്നെയാണെന്ന് മനസ്സിലാക്കാനാവും. 'വഴിച്ചെണ്ട'യെന്ന ബൃഹദ് നോവലിലേക്ക് ഞാനെത്തിപ്പെടുകയായിരുന്നു. അത്രത്തോളം ജീവിതാനുഭവങ്ങളുണ്ടായിട്ടോ വേദനകളുണ്ടായിട്ടോ പറയാന്‍ ഒട്ടേറെ കഥകള്‍ കൈവശമുണ്ടായിട്ടോ അല്ല. നീന്തല്‍ പഠിച്ച ഒരാള്‍ കുളവും തോടും വിട്ട് നദിയുടെ കുറുകെയും പിന്നീട് കടലിന്റെ മറുകരയിലേക്കും നീന്തിച്ചെല്ലാന്‍ നടത്തുന്ന ശ്രമം പോലെയൊന്ന്. എഴുത്തിനെ മുറുകെപ്പുണര്‍ന്ന ഒരാളുടെ ആവേശം. അത്രമാത്രമായി 'വഴിച്ചെണ്ട'യെ കണ്ടാല്‍ മതിയാകുമെന്ന് തോന്നുന്നു.
Content Highlights: Susmesh Chandroth writes writer's diary
Published: 13 Nov 2024, 04:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented