ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട കൊണ്ട് വിലയിരുത്തരുത് എന്ന് പറയുന്നത് നാം ഒരുപാട് കേട്ടു കാണും എന്നാൽ കമ്പിളിക്കണ്ടത്തെ കൽഭരണികളുടെ പുറം ചട്ടയെക്കാൾ ആ ശീർഷകമാണ് അനുവാചക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയത് . ആ പുസ്തകം വായിച്ച ശേഷം കൽഭരണിക്കുള്ളിൽ കണ്ണുനീർ നിറയ്ക്കാത്തവർ ചുരുക്കമേ ഉണ്ടാകുള്ളൂ . ഇതാ ഇപ്പോൾ പുറം ചട്ടത്തിൽ തന്നെ മേരിയുടെ കയ്യിൽ ഇരിക്കുന്ന ധവള വർണ്ണത്തിലെ കരുതലിന്റെ തുണിയിൽ മകന്റെ മുഖം പ്രകാശപൂരിതമായി നിൽകുമ്പോൾ ഈ പുസ്തകത്തെ കാത്തിരുന്ന ഒരു വായനക്കാരൻ എന്ന നിലയിൽ മേരിയമ്മയെ എനിക്ക് കാണാൻ സാധിച്ചു.

To advertise here,

 

ബാബു അബ്രഹാമിന്റെ 'സ്ത്രീയേ, ഇതാ നിന്റെ മകൻ' എന്ന പുസ്തകത്തിന്റെ പുറംചട്ട അതിന്റെ ശീർഷകത്തെപ്പോലെതന്നെ ആഴമേറിയ വൈകാരികവും പ്രതീകാത്മകവുമായ അർഥതലങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഒരു ചിത്രത്തിലൂടെ തന്നെ വായനക്കാരന്റെ മനസ്സിൽ നിരവധി ചോദ്യങ്ങളും ചിന്തകളും ഉണർത്താൻ ഈ പുറംചട്ടയ്ക്ക് കഴിയുന്നു.

പുറംചട്ടയുടെ മധ്യഭാഗത്ത് മുട്ടുകുത്തിയിരിക്കുന്ന ഒരു സ്ത്രീയെയാണ് കാണുന്നത്. അവൾ ഇരുകൈകളിലുമായി ഉയർത്തിപ്പിടിച്ചിരിക്കുന്ന തുണിയിൽ മകൻ ബാബുവിന്റെ വയറൻ ബാബു എന്ന ഓമനയുടെ മുഖചിത്രം തെളിഞ്ഞുനിൽക്കുന്നു. ഇവിടെ സ്ത്രീയുടെ ശരീരഭാഷയും മുഖചിത്രത്തിലേക്കുള്ള അവളുടെ ശ്രദ്ധയും സ്നേഹം,ഓർമ്മ, വേർപാട്, നഷ്ടബോധം, മാതൃത്വം തുടങ്ങിയ വികാരങ്ങളെ പ്രതിനിധീകരിക്കുന്നതായി വായിച്ചെടുക്കാം. തുണിയിൽ തെളിയുന്ന മകന്റെ മുഖം കേവലം ഒരു ചിത്രം മാത്രമല്ല, സ്ത്രീയുടെ മനസ്സിൽ മായാതെ നിലനിൽക്കുന്ന ഒരു സാന്നിധ്യത്തിന്റെ പ്രതീകം കൂടിയായി മാറുന്നു.

 

സ്ത്രീയുടെ മുട്ടുകുത്തിയുള്ള ഇരിപ്പ് വിനയത്തിന്റെയും പ്രാർഥനയുടെയും വേദനയുടെയും സമർപ്പണത്തിന്റെയും ദൃശ്യഭാഷയായി വ്യാഖ്യാനിക്കാം. അവൾ ഉയർത്തിപ്പിടിക്കുന്ന തുണി ഒരു ഓർമച്ചിത്രം എന്നതിലുപരി, ഭൂതകാലത്തെയും വർത്തമാനകാലത്തെയും ബന്ധിപ്പിക്കുന്ന വൈകാരികമായ ഒരു പാലമായി അനുഭവപ്പെടുന്നു. ചുറ്റുപാടുകളിലെ മങ്ങിയ വെളിച്ചവും ഇരുണ്ട പശ്ചാത്തലവും ചിത്രത്തിന് ഗൗരവമേറിയതും വിഷാദാത്മകവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

 

പുറംചട്ടയിലെ ചുവന്ന അക്ഷരങ്ങളിലുള്ള ശീർഷകം ശ്രദ്ധേയമാണ്. അതിലെ അലങ്കാരലിപിയും പുരാതനമായ ചട്ടക്കൂടും പുസ്തകത്തിന് ഒരു ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലം നൽകുന്നു. ശീർഷകമായ 'സ്ത്രീയേ, ഇതാ നിന്റെ മകൻ' എന്ന വാചകം തന്നെ വായനക്കാരനിൽ മാതൃത്വം, മനുഷ്യബന്ധങ്ങൾ, സ്നേഹം, ത്യാഗം, ജീവിതത്തിന്റെ സങ്കീർണതകൾ എന്നിവയെക്കുറിച്ചുള്ള ചിന്തകൾ ഉണർത്തുന്നു. പൊക്കിൾകൊടി ബന്ധത്തിന്റെ അർഥം ആത്മാവിലും അലിഞ്ഞു ചേരുന്നതാണ് ഈ പുസ്തകം.

 

ഒരു അനുവാചകൻ എന്ന നിലയിൽ എനിക്ക് സഹാനുഭൂതിയും ജിജ്ഞാസയും ഒരുപോലെ ഉണർത്തുന്നതായിരുന്നു രണ്ടാമത്തെ ഈ പുസ്തകം. പുസ്തകത്തിന്റെ ഉള്ളടക്കം വായിക്കുന്നതിന് മുമ്പുതന്നെ അതിന്റെ വൈകാരികമായ ലോകത്തേക്ക് വായനക്കാരനെ ക്ഷണിക്കാൻ ഈ പുറംചട്ടയ്ക്ക് സാധിക്കുന്നു എന്നതിൽ രണ്ടഭിപ്രായമില്ല.കമ്പിളികണ്ടത്തെ കൽഭരണികൾ’ അവസാനിക്കുന്നിടത്തുനിന്നാണ് ‘സ്ത്രീയേ, ഇതാ നിന്റെ മകൻ’ തുടങ്ങുന്നത്. ദുരിതമയമായ നാട്ടിലെ ജീവിതം തീർന്നല്ലോ എന്നും പാരീസിലെ ജീവിതം പട്ടുമെത്തയാവുമല്ലോ എന്നും ആശ്വസിച്ചുകൊണ്ടാണ് ഞാൻ ‘കമ്പിളികണ്ടം’ അടച്ചുവെച്ചത്. പക്ഷേ, അതിനെക്കാൾ സംഭവബഹുലവും സംഘർഷഭരിതവുമാണ് ബാബു അബ്രഹാമിന്റെ പിൽക്കാലജീവിതം എന്ന് ഈ പുസ്തകം വിളിച്ചുപറയുന്നു എന്ന് അഷ്ടമൂർത്തി മാഷ് കുറിച്ചത് തന്നെയാണ് വായനക്കാരനായ എനിക്കും തോന്നിയത്. ഒരുപക്ഷെ ഈ പുസ്തകത്തെ കാത്തിരുന്ന ഓരോ വായനക്കാർക്കും തോന്നിയതും ഇത് തന്നെയാകാം.

 

ഹൈറേഞ്ചിന്റെ പച്ചപ്പിൽനിന്ന് വെളിച്ചങ്ങളുടെ നഗരമായ പാരീസിലേക്ക് പറിച്ചുനടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും, പ്രവാസത്തിന്റെ കൊടുംശൈത്യത്തിൽ അവൻ നേരിട്ട കനൽവഴികളും മറയില്ലാതെ കോറിയിടുന്നു ഇതിൽ. ചതിയുടെയും ഏകാന്തതയുടെയും ഇരുണ്ട തുരങ്കങ്ങളിൽ തളർന്നുപോയപ്പോൾ അവന് വഴികാട്ടിയായത് അമ്മ നന്ദികുന്നേൽ മേരിയുടെ വാക്കുകളായിരുന്നു. അമ്മയും കമ്പിളികണ്ടം എന്ന നാടും പകർന്നുനൽകിയ ജീവിതപാഠങ്ങളിലൂടെ, തകർച്ചകളിൽനിന്ന് പുതിയൊരു ജീവിതത്തിലേക്കു നടന്നുകയറിയ ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ ആഖ്യാനമാണ് സ്ത്രീയേ, ഇതാ നിന്റെ മകൻ.

അൽപ്പം മുൻവിധികളും ആശങ്കകളോടും കൂടിയാണ് കമ്പിളികണ്ടത്തെ കൽഭരണികളുടെ രണ്ടാം ഭാഗമായ ഈ പുസ്തകം വായിക്കാൻ തുടങ്ങിയത് . ആദ്യത്തെ പുസ്തകം പോലെ ഇതിനും നമ്മളെ ഒത്തിരി കരയിക്കാൻ സാധിക്കുമോ ? കൽഭരണിക്കുള്ളിൽ കണ്ണുനീർ നിറക്കാൻ സാധിക്കുമോ എന്നൊക്കെ ചിന്തിച്ചിരുന്നു .

 

പക്ഷെ കമ്പിളി കണ്ടത്തെ കൽഭരണികളിൽ നമ്മളെ സ്വാധീനിച്ച ഒരു മാലാഖയുണ്ടായിരുന്നു അതായിരുന്നു നന്ദികുന്നേൽ മേരി അതുകൊണ്ടു തന്നെ ഈ പുസ്തകം പല ആശങ്കകളെയും കാറ്റിൽ പറത്തിക്കൊണ്ട് എന്റെ മനസ്സിനെ വീണ്ടും സ്വാധീനിച്ചു എന്ന് പറയാതെ വയ്യ.

 

വായിച്ചു വായിച്ചു ആകാംഷ കൂടി കൂടി ആ ആകാംഷ എത്തി നിന്നത് ജീവിക്കാനുള്ള പ്രതീക്ഷയുടെ വാക്കുകളിലാണ് .അത് കൊണ്ട് തന്നെ വരികൾകുള്ളിൽ ആഴ്ന്നിറങ്ങി വായിക്കേണ്ടി വന്നു . എന്റെ മനസ്സിനെ വല്ലാതെ പിടിച്ചിരുത്തുന്ന ഒരു മാന്ത്രിക അനുഭവം ഈ പുസ്തകത്തിനുണ്ട്. ജീവിതത്തിലെ പരാജയങ്ങൾ കാറ്റിൽ പറത്തി വീണ്ടും പരിശ്രമിക്കാൻ പ്രേരിപ്പിക്കുന്ന മുട്ടുവിൻ തുറക്കപ്പെടും എന്ന വാക്കിനെ മനസ്സിൽ തറപ്പിക്കുന്ന എഴുത്ത് ഇതിൽ കാണാം .

 

ഹൈറേഞ്ചിലെ ജീവിതത്തിൽ നിന്ന് ഫ്രാൻസിലെ പാരീസിലേക്ക് പറിച്ചുനടപ്പെട്ട ബാബു അബ്രഹാമിന്റെ പ്രവാസജീവിതത്തിലെ തീവ്രമായ സംഘർഷങ്ങളും അതിജീവനവുമാണ് എന്ന് കുറിക്കുമ്പോഴും പ്രവാസത്തിന്റെ ഏകാന്തത, തീവ്രപ്രണയങ്ങൾ, ജീവിതാവസ്ഥകളിലെ തളർച്ചകൾ എന്നിവയെല്ലാം കൃതി തുറന്നുകാട്ടുന്നു.ഇവിടെയെല്ലാം അമ്മയുടെ കരുത്ത് അമ്മയുടെ അസ്സാന്നിധ്യത്തിലുമുള്ള സാനിധ്യം പ്രതിസന്ധികൾക്കിടയിലും അമ്മ നന്ദികുന്നേൽ മേരിയുടെ വാക്കുകളും സ്നേഹവും നൽകിയ വലിയൊരു മാനസിക കരുത്ത് ഈ ഓർമ്മകളിൽ ഉടനീളം കാണാം.

 

അതുകൊണ്ടു തന്നെ ഈ മകന് പരാതികളില്ല അയാൾ ഇങ്ങനെ കുറിച്ചു," സ്നേഹിച്ചവരും അറിഞ്ഞോ അറിയാതെയോ മുറിവേൽപ്പിച്ചവരും സമ്മാനിച്ചത് നന്മയായി പരിണമിച്ചു എന്നെനിക്കറിയാം. അവർക്കുള്ള കൃതജ്ഞതകൂടിയാണ് ഈ പുസ്‌തകം. ഗാഗുൽത്തായിലേക്കുള്ള യാത്ര സഹനത്തിന്റേതു മാത്രമായിരുന്നില്ല. വീശിയ കൊടുങ്കാറ്റിനെയോ, പെയ്‌ത പെരുമഴയെയോ ഇന്നു ഞാൻ ഗൗനിക്കുന്നില്ല. അതെനിക്കു സമ്മാനിച്ചവർ എന്നെ ഉടച്ചുവാർക്കാനുള്ള കാരണമായിത്തീർന്നു.

എല്ലാവരും എനിക്കു നന്മയാണ് ചെയ്‌തത്. അതുകൊണ്ടുതന്നെ, ഇത് പരിഭവങ്ങളുടെ പാട്ടുപുസ്തതകമല്ല, ഇതെൻ്റെ കൃതജ്ഞതാസങ്കീർത്തനമാണ്. അതെ ഇത് തോറ്റ് തോറ്റ് ജയിച്ചു വന്ന ഒരു അമ്മയുടെ മകന്റെ ജീവിതമാണ് ഒരുപക്ഷെ ഇതിൽ നമുക്ക് നമ്മളെത്തന്നെ കാണാം.

 

ഒരു ദർപ്പണത്തിന്റെ മുന്നിൽ നിന്ന് സ്ത്രീയെ ഇതാ നിന്റെ മകൻ എന്ന് പറയുമ്പോൾ സമാന അനുഭവങ്ങളുള്ള വായനക്കാർക്ക് ഈ പുസ്തകം രണ്ട് കയ്യിലും അർപ്പിക്കാവുന്നതാണ്.