സുസ്‌മേഷ് ചന്ത്രോത്തിന്റെ ബൃഹദ് നോവല്‍ 'വഴിച്ചെണ്ട' മാതൃഭൂമി ബുക്‌സിലൂടെ ഉടന്‍ പുറത്തിറങ്ങും. പുസ്തകത്തെക്കുറിച്ച് എഴുത്തുകാരന്റെ കുറിപ്പ്.
ഞാനൽപം എക്‌സൈറ്റുമെന്റിലാണ്. പുതിയ നോവലായ 'വഴിച്ചെണ്ട' അടുത്ത മാസത്തോടെ വായനക്കാരിലെത്തുമെന്നറിയുന്നു. മാതൃഭൂമി ബുക്‌സാണ് പ്രസാധകർ. എന്റെ അടക്കാനാവാത്ത ആകാംക്ഷ... അല്ലെങ്കിൽ ഉത്കണ്ഠ.. അതോ അതിന് ഭയമെന്നാണോ പറയേണ്ടതെന്നറിയില്ല, അതീ വരാൻ പോകുന്ന നോവലിനെക്കുറിച്ചാണ്. എനിക്ക് പിഴച്ചോ... എഴുത്ത് ശരിയായോ...അതോ വിചാരിച്ചപോലെ നന്നാക്കാനായില്ലേ... വായനക്കാർ ഇഷ്ടപ്പെടുമോ.. പുതിയ കാലത്തോടും പുതിയ വായനക്കാരുടെ ഭാവുകത്വത്തോടും ചേർന്നുപോകുമോ.. എന്നിങ്ങനെ സാധാരണ എഴുത്തുകാർക്ക് എഴുതിക്കഴിഞ്ഞാൽ തോന്നുന്നതരം ആകാംക്ഷയോ ഭയമോ ഉത്കണ്ഠയോ അല്ല എനിക്കെന്നു തോന്നുന്നു.
'പേപ്പർ ലോഡ്ജും' 'ആത്മച്ഛായ'യും മുഴുവനായി എഴുതി തിരുത്തി പകർത്തി തൃപ്തി വന്നശേഷം പ്രസിദ്ധീകരണത്തിനയച്ചതല്ല. അക്കാലത്തെ സാമ്പത്തികമായ നിവൃത്തികേടുകളാൽ ആഴ്ചയ്ക്കാഴ്ചയ്ക്ക് എഴുതി മുഴുമിപ്പിച്ച നോവലുകളാണ് അതു രണ്ടും. അങ്ങനെ ചെയ്തത് ശരിയാണെന്ന അഭിപ്രായമെനിക്കില്ല. അന്നത്തെ സാഹചര്യം അങ്ങനെ ചെയ്യിച്ചു എന്നത് മാപ്പ് നൽകേണ്ട കാര്യമായും തോന്നിയിട്ടില്ല. എന്നിട്ടും ആ നോവലുകൾ പാരായണയോഗ്യമാണെന്ന് ചിലരൊക്കെ അഭിപ്രായപ്പെട്ടപ്പോൾ ഞാനെന്റെ നിവൃത്തികേടിനെ സ്വയം ന്യായീകരിച്ചു സമാധാനിച്ചിട്ടുമില്ല. ഇന്നും അതുരണ്ടും കൂടുതൽ നന്നാക്കാമായിരുന്ന നോവലുകളാണെന്ന അഭിപ്രായം തന്നെയാണ് എനിക്കുള്ളത്. എനിക്കതിന് കഴിയാതെ പോയ സാഹചര്യങ്ങളെ തള്ളിമാറ്റിയിട്ടാണ് അഥവാ എഴുത്തിൽ മുഴുവൻ ശ്രദ്ധയും കൊടുക്കാൻ കഴിയുന്ന വിധത്തിൽ സ്വയം തയ്യാറെടുത്തിട്ടാണ് പുതിയ നോവലിനെക്കുറിച്ച് ഞാനാലോലിച്ചു തുടങ്ങിയത്. വർഷങ്ങൾക്കു പിറകിലാണത്. പത്ത് വർഷം മുമ്പ് കൊൽക്കത്തയിൽ ചെന്നതിനുശേഷം.. പല തവണ എഴുതി മായ്ക്കുകയും ഉപേക്ഷിക്കുകയും വീണ്ടുമെഴുതുകയും ചെയ്ത പ്രമേയമാണ് പിന്നീട് ബലപ്പെട്ട് ഇന്ന് വായനക്കാർക്കു മുമ്പിലെത്താൻ തയ്യാറെടുക്കുന്ന 'വഴിച്ചെണ്ട' എന്ന നോവലായി തീർന്നത്.
ആറേഴ് വർഷങ്ങൾ - തുടർച്ചയായിട്ടല്ലെങ്കിലും, എഴുതിയും തിരുത്തിയും എട്ടൊമ്പത് ഡ്രാഫ്റ്റുകളിൽ കഠിനമായി പണിയെടുത്തും വീണ്ടും വീണ്ടുമാലോചിച്ചും മാറ്റിയെഴുതിയും പത്തോളം പ്രഗത്ഭർക്ക് (അവരെക്കുറിച്ചും നോവലിന്റെ കൂടെ നിന്നവരെക്കുറിച്ചും നോവലിന്റെ ആമുഖത്തിൽ നന്ദിപൂർവ്വം എഴുതിയിട്ടുണ്ട്) വായിക്കാൻ കൊടുത്ത് നിർദ്ദേശങ്ങൾ ശ്രദ്ധിച്ചും ചർച്ചകളിൽ പങ്കെടുത്തും വീണ്ടും വീണ്ടും പണിതെടുത്ത ഒരു രചന.. അതിനിടയിലായിരുന്നു 'നളിനകാന്തി' എന്ന പടത്തിന്റെ ജോലികൾ. രണ്ടും രണ്ടുതരം സ്വഭാവമുള്ള രചനകൾ.. എനിക്കറിഞ്ഞുകൂടാ ഇതൊക്കെ ഞാനെങ്ങനെയാണ് ചെയ്തതെന്ന്. കൊൽക്കത്തയ്ക്കും കൊച്ചിക്കും ബാംഗ്ലൂരിനുമിടയിലായി പിടഞ്ഞ നാളുകൾ.. ഇവിടെ പറയാൻ കഴിയാത്ത മനോവിഷമങ്ങൾ.. സങ്കടങ്ങൾ.. സമ്മർദ്ദങ്ങൾ.. എങ്ങനെയാണ് ഞാനീ നോവൽ പൂർത്തിയാക്കിയത്.. അത് ഞാൻ തന്നെ ചെയ്തതായിരുന്നുവോ.. അതെ എന്ന സത്യം സത്യമായിത്തന്നെ നിൽക്കുന്നു. പക്ഷെ അതെങ്ങനെ!
രണ്ടുവർഷം മുമ്പ് കവർ റിലീസ് 'മാതൃഭൂമി' നടത്തിയതാണ്. ഞാൻ തന്നെയാണ് ഒന്നുകൂടി വായിച്ചുനോക്കട്ടെ എന്നുപറഞ്ഞ് നോവൽ തിരികെ വാങ്ങിയത്. ഭയമായിരുന്നു. വല്ലാത്ത ഭയം.. വീണ്ടും ഒരു വർഷം കൈയിൽ വച്ച് അതിന്മേൽ ജോലി ചെയ്തു. കഠിനമായി ജോലി ചെയ്‌തെന്നാണ് എന്റെ വിശ്വാസം. പക്ഷേ എനിക്കറിയാം, ഞാൻ ശരാശരി കഴിവ് മാത്രമുള്ള ഒരെഴുത്തുകാരനാണെന്ന്. നല്ലതാകുമായിരുന്ന രണ്ടു നോവലുകൾ അത്ര നല്ലതല്ലാതാക്കിയതിന്റെ കുറ്റബോധത്തിലും നിരാശയിലും നിന്നാണ് ഞാൻ പുതിയ നോവൽ ആരംഭിച്ചത്.. അതെന്റെ മോഹത്തെ സാക്ഷാത്കരിച്ചോ.. എനിക്കൊപ്പമോ മുമ്പോ ആയി സഞ്ചരിക്കുന്നവരുടെ പിന്നിലെങ്കിലും, ഒരു നിഴൽ പോലെയെങ്കിലും നിൽക്കാൻ എനിക്കായോ... ഒന്നുമറിയില്ല. 'വഴിച്ചെണ്ട'യുടെ ഫൈനൽ പ്രൂഫും മറ്റും കിട്ടിയതിനുശേഷം എന്നെ ഭരിക്കുന്നത് മറ്റാരോ ആണ്.. എന്റെയുള്ളിലുള്ള മറ്റേതോ ഒരുത്തൻ..! അതിനെയാണ് ഞാൻ ആകാംക്ഷയെന്നും ഉത്കണ്ഠയെന്നും ഭയമെന്നും മറ്റും പരിചയപ്പെടുത്തിയത്.
മാതൃഭൂമി ബുക്‌സ് അടുത്ത കാലത്തായി പുറത്തിറക്കുന്ന നോവലുകളെല്ലാം സൂപ്പർ ഹിറ്റുകളായി വായനക്കാർക്കിടയിൽ ഓടുന്നത് ഞാൻ കാണുന്നുണ്ട്. ടോപ്പ് ടെന്നിൽ ഓരോ പുസ്തകവും മത്സരിച്ചു മുന്നേറുന്നത് ഞാൻ സന്തോഷത്തോടെ അറിയുന്നുണ്ട്. എനിക്ക് മത്സരമോ വിജയമോ സമ്മാനങ്ങളോ വേണ്ട. പക്ഷേ ഞാനെടുത്ത പണി, അത് നന്നായോ എന്നറിയാൻ എന്താണ് വഴി? 1112 പേജുകളുള്ള ബൃഹദ് നോവലാണ് 'വഴിച്ചെണ്ട'. ആരാണിത് വായിക്കുക ? ആർക്കാണ് വലിയ വില കൊടുത്ത് ഇത് വാങ്ങാൻ കഴിയുക? വിദ്യാർത്ഥിയായിരുന്ന കാലങ്ങളിൽ മോഹിച്ച പുസ്തകം പണം കൊടുത്ത് വാങ്ങാൻ സാധിക്കാതെ നിരാശപ്പെട്ട എന്നെ എല്ലായ്‌പ്പോഴും ഞാൻ കാണാറുണ്ട്. ആ ഞാൻ തന്നെയാണ് ഇന്നത്തെയും ഞാൻ. ആര് എന്നെ വിശ്വസിച്ച് പണം മുടക്കും? അല്ലെങ്കിൽ നിർദ്ധനരായ എത്ര പേർക്കത് സാധിക്കും ? ഞാനെന്താണ് ചെയ്തുവച്ചതെന്ന് ഒരാളെങ്ങനെ അറിയും? എഴുതി വന്നപ്പോൾ വലുതായിപ്പോയ നോവലാണ് 'വഴിച്ചെണ്ട'. വലുതാകണമെന്ന് കരുതി എഴുതിയതല്ല. എഴുതിത്തീർന്നപ്പോഴാണ് ആധി തുടങ്ങിയത്. ആരു വാങ്ങും.. ആര് വായിക്കും!
ഈ നിമിഷങ്ങളിൽ ഞാൻ കടന്നു പോകുന്നത് എത്രയേറെ ഭ്രാന്തമായ മനോവിചാരങ്ങളിലൂടെയാണെന്ന് എനിക്ക് വിവരിക്കാനാവില്ല. എനിക്കത് ആരോടും പങ്കു വയ്ക്കാനും കഴിയുകയില്ല. ഒരു സത്യമേ എനിക്ക് പറയാനുള്ളൂ. ജീവിതത്തിൽ 100% ഞാൻ സത്യസന്ധത പുലർത്തിയിട്ടുള്ളത് എഴുത്തിനോട് മാത്രമാണ്. അതിൽ പരാജയപ്പെട്ടതൊക്കെ എന്റെ പ്രതിഭാശൂന്യത കാരണമാണ്. വിജയിച്ചത് എന്റെ കഠിനാധ്വാനത്താലും. കൂടുതലെന്തു പറയാനാണ് വരാനിരിക്കുന്ന നാളെകളെക്കുറിച്ച്!
Content Highlights: susmesh chandroth writes about new novel vazhichenda published by mathrubhumi books
Published: 04 Nov 2024, 12:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented