
''പ്രപഞ്ചം മുഴുവന്‍ മുഴങ്ങുന്ന അഗാധമായ ശൂന്യതയല്ലാതെ അത് മറ്റൊന്നുമല്ല... ZERO എന്നതായിരുന്നു ആ പദം.. അതിന്റെ നിരര്‍ത്ഥകമായ അര്‍ത്ഥവ്യാപ്തിയാകട്ടെ, ഒരു മനുഷ്യായുസ്സോളം പരന്നു കിടക്കുകയും.''(പേജ് 174)
ഇ. സന്തോഷ്‌കുമാറിന്റെ ''ജ്ഞാനഭാരം'' എന്ന നോവലിലെ വൃദ്ധനായകനായ കൈലാസ് പാട്ടീല്‍ എഴുതിയ കത്തിലൂടെ നോവലിസ്റ്റ് വെളിപ്പെടുത്തിയ ഒരു നഗ്‌നസത്യവാചകമാണ് മേലുദ്ധരിച്ചത്.
ജീവിതത്തിന്റെ ദീര്‍ഘമായ ശിഷ്ടകാലം 'കാലഹരണപ്പെട്ടത്' എന്ന് വിശേഷിപ്പിക്കാവുന്ന എന്‍സൈക്ലോപീഡിയയുടെ പഴക്കമുള്ള പന്ത്രണ്ടു വാല്യങ്ങളും, അച്ഛനോടുള്ള അന്ത്യകടമ നിര്‍വ്വഹിക്കാനെന്നവിധം വായിച്ചുതീര്‍ക്കാന്‍ ഒരുമ്പെടുന്ന മകനാണ് നമ്മുടെ മുന്നില്‍ അവതരിക്കുന്നത്. ലോകചരിത്രത്തെ പിടിച്ചുകുലുക്കിയ രണ്ട് ലോകമഹായുദ്ധങ്ങള്‍ പരാമര്‍ശിക്കാനിടവരാത്ത അത്രയും പഴക്കമുള്ള ''വിജ്ഞാനശേഖരം'' ഒരു പാഴ്ജ്ഞാനമാണെന്ന് ധരിക്കുമ്പോഴും അതിലൂടെ ''സീറോ''എന്ന ശൂന്യതയുടെ കൊടുമുടി കയറുന്നതോടെ അറിവിന്റെ അഗാധത സ്വായത്തമാകുന്നത് നമ്മെ അതിശയിപ്പിക്കാതിരിക്കില്ല.
വിരോധാഭാസം അഥവാ ഓക്‌സിമോറണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന ശീര്‍ഷകമാണ് നോവലിന് നല്കിയിരിക്കുന്നതെങ്കിലും ''ജ്ഞാനഭാരം'' താളുകള്‍ മറിക്കുമ്പോള്‍ ലഘുവും ഹ്രസ്വവുമായ ആഖ്യായികകളിലൂടെയും അവതരണരീതിയിലൂടെയും ഒട്ടും ഭാരമേശാതെ കടന്നുപോകാന്‍ വായനക്കാരന് കഴിയുന്നുണ്ട്. അവസാന അദ്ധ്യായം (45. പേജ് 183) ഏറ്റവും ചെറുതും അര പേജില്‍ ഒതുങ്ങുന്നതുമാണെങ്കിലും, 'ഇരുട്ടില്‍ എന്താണ് തിരയുന്നതെന്ന' വീട്ടുകാരിയുടെ ചോദ്യത്തിന് ശില്‍പ്പിയുടെ മറുപടി ആ അദ്ധ്യായത്തിന് നോവലിനപ്പുറം ഘനമുള്ളതാക്കുന്നു. ശില്‍പ്പിയുടെ ''വെളിച്ചം'' എന്ന ഉത്തരപദത്തോടെ ''ജ്ഞാനഭാരം'' ഇരട്ടിക്കുന്നുണ്ട്.
നോവലിന്റെ സവിശേഷത ഈ വിരോധാഭാസത്തിലാണ്. ചുമ്മാ നടക്കാനിറങ്ങുന്ന രണ്ട് വ്യക്തികള്‍, അന്നോളം അജ്ഞാതരെങ്കിലും സൗഹൃദസംഭാഷണത്തിലൂടെയും തുടര്‍ന്നുള്ള യാദൃച്ഛികമായ ഗൃഹപ്രവേശനത്തിലൂടെയും ചായസല്‍ക്കാരത്തിലൂടെയും പ്രായഭേദം മറന്നു അടുപ്പത്തിലാകുന്നു. വളരെ സരസമായ പങ്കുവെയ്ക്കലുകളില്‍ ആരംഭിക്കുന്ന സംസാരശകലങ്ങള്‍ അല്‍പ്പാല്‍പ്പമായി ഘനം കൂടിവരുന്നു. പഴയ ജീവിതങ്ങളിലേക്കുള്ള തിരശ്ശീല പതുക്കെപ്പതുക്കെ ഉയര്‍ന്നുവരുന്നതോടെ വഞ്ചനയുടെയും കൊലപാതകത്തിന്റെയും സ്‌നേഹത്തില്‍ പൊതിഞ്ഞ ചതിയുടേയും രംഗങ്ങള്‍ ദൃശ്യമായിത്തുടങ്ങുന്നു.
അതിസമ്പന്നന്മാര്‍ താമസിക്കുന്ന മലബാര്‍ ഹില്‍സിലെ ND എന്ന നെയിംബോര്‍ഡ് തൂങ്ങുന്ന വീട്ടില്‍ താമസിക്കുന്നത് കൈലാസ് പാട്ടീല്‍ ആണെങ്കിലും അദ്ദേഹം ഉടമസ്ഥനല്ല, വെറും സൂക്ഷിപ്പുകാരന്‍ മാത്രമാണ്. ഭുവന്‍ ദേശായിയുടെ മകന്‍ നരേഷ് ദേശായിയെയാണ് ND എന്ന പദം വിവക്ഷിക്കുന്നത്. ഭുവന്‍ ദേശായിയും കൈലാസ് പാട്ടീലിന്റെ അച്ഛനുമായുള്ള തൊഴില്‍ബന്ധം മക്കളിലേക്ക് ഊര്‍ന്നിറങ്ങിയതിന്റെ സാക്ഷിപ്പത്രമാണ് ഈ ബംഗ്ലാവ്. ഭുവന്‍ ദേശായിക്ക് ശത്രുക്കള്‍ ഒരുക്കിയ മരണക്കെണിയില്‍ കൈലാസ് പാട്ടീലിന്റെ അച്ഛനായ കമലേഷ് പാട്ടീല്‍ ചെന്നു വീഴുകയായിരുന്നു. വീഴ്ത്തുകയായിരുന്നു എന്നുപറയുന്നതാണ് കൂടുതല്‍ ശരി. സ്വയരക്ഷയ്ക്കുവേണ്ടി വിശ്വസ്തനായ ഗുമസ്തനെ ശത്രുക്കള്‍ക്ക് ഇരയായി വിട്ടുകൊടുത്തതിന്റെ സഹതാപവും നന്ദിയുമാണ് ഭുവന്‍ ദേശായിയും മകന്‍ നരേഷ് ദേശായിയും കൈലാസ് പാട്ടീലിനോട് പ്രകടിപ്പിച്ചിരുന്നത് എന്ന് വളരെ വൈകിയാണ് കൈലാസ് അറിയുന്നത്.
പുതിയ വിജ്ഞാനകോശങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ കാലഹരണപ്പെട്ട പഴയ പുസ്തകങ്ങള്‍ സ്ഥലം അപഹരിക്കുന്നതിനാല്‍ അവയെ ഒഴിവാക്കാനാണ് ഭുവന്‍ ദേശായി കമലേഷിന് നല്കിയതെന്ന് ആ സാധുമനുഷ്യനോ മകനായ കൈലാസോ അന്ത്യനാള്‍വരെ മനസ്സിലാക്കാതെ വിഡ്ഢികളായി തുടര്‍ന്നു എന്നത് ജ്ഞാനഭാരം വര്‍ദ്ധിപ്പിക്കുന്നു. നരേഷ് സ്വന്തം അച്ഛനെ ഇകഴ്ത്തിപോലും സത്യാവസ്ഥ വെളിപ്പെടുത്തുന്ന വരികള്‍ നമ്മെ ഷോക്കടിപ്പിക്കുന്നു.
പഴയ വിജ്ഞാനകോശങ്ങള്‍ ''ഉപേക്ഷിക്കാനുള്ള എളുപ്പവഴിയായിരുന്നു കമലേഷ് ഭായി... വലിയതെന്തോ ചെയ്യുന്ന മട്ടില്‍ തിരികെട്ടുപോയ ആ അറിവുകളുടെ മാറാപ്പ് അയാളുടെ തലയില്‍ കെട്ടിവെച്ചു... ലൈഫ് വാസ് എ ഗ്രാന്‍ഡ് സ്‌പെക്ടക്കിള്‍ ഫോര്‍ ഹിം... ദരിദ്രനായ ഒരുത്തനെ അദ്ദേഹം എളുപ്പം അവഗണിക്കും. എന്നാല്‍ ദരിദ്രരുടെ ആള്‍ക്കൂട്ടത്തെ ആദരിക്കും. പാവപ്പെട്ടവന്റെ അടിസ്ഥാനഅവകാശത്തെ ഞെരിച്ചുകളഞ്ഞെന്നിരിക്കും. എന്നാല്‍ ഒരു ജനതയുടെ മനുഷ്യാവകാശത്തിന് കൊടിപിടിച്ചു മുന്നിലുണ്ടാവും... കാഴ്ചപ്പണ്ടങ്ങളിലായിരുന്നു ഭുവന്‍ദേശായിക്ക് കൗതുകം.'' (പേജ് 150) രാഷ്ട്രീയകോമരങ്ങളെക്കുറിച്ചുള്ള നിശിതമായ വിമര്‍ശനവും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്.
''രാഷ്ട്രീയമായ ശരികളുമായി നടക്കുന്നവരോട് എനിക്കിപ്പോള്‍ പേടിയാണ് കൈലാസ്. രാഷ്ട്രീയശരികള്‍ നടപ്പിലാക്കുന്നതിനുവേണ്ടി ഏതു തെറ്റും അവര്‍ ചെയ്യും.'' നമ്മുടെ വിദ്യാഭ്യാസസിലബസ്സില്‍ കയറിപ്പറ്റുന്ന അനാവശ്യസമസ്യകള്‍ തലപ്പെരുത്തും മുട്ടുപൊട്ടിച്ചും ശിക്ഷകള്‍ ഏറ്റുവാങ്ങിയും എന്തിന് മനഃപാഠം ആക്കി എന്ന് ഇന്നും ചോദിക്കുന്ന പഴയ തലമുറക്കാരെ നോവലിസ്റ്റ് അനുസ്മരിക്കുന്നുണ്ട്. സൈന്‍ തീറ്റ, കോസ് തീറ്റ, പൈ ഒക്കെ പഠനകാലത്തും പിന്നീടും അനാവശ്യഭാരമായി പരിണമിക്കുന്നത് വായനക്കാരും ഓര്‍ത്തുപോകുന്നു.
നരേഷ് വക്കീലിലൂടെ നോവലിസ്റ്റ് ലോകത്തിലെ ജ്ഞാനസമ്പാദനത്തിന്റെ വ്യര്‍ത്ഥതയെ ദ്യോതിപ്പിക്കുന്ന ചില സനാതനസത്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.''ഈ പരീക്ഷകള്‍, ബിരുദം, അല്ലെങ്കില്‍ പദവികള്‍. വാസ്തവത്തില്‍ അവയിലൊന്നുമില്ല. ഓരോരോ പദവികളിലും സ്ഥാനങ്ങളിലുമെത്തുമ്പോഴാണ് അവ ഭ്രമിപ്പിക്കുന്ന ശൂന്യതകള്‍ മാത്രമാണെന്ന് മനസ്സിലാവുന്നത്. നിങ്ങള്‍ ഒരു വലിയ ന്യായാധിപനാകൂ, മന്ത്രിയാകൂ, ഒരു വലിയ താരം, അല്ലെങ്കില്‍ ധനികന്‍... ആ പദവികളിലെ ഗരിമകള്‍ നിങ്ങള്‍ക്ക് മതിയാവാതെ വരും. ഇതിനൊക്കെ അത്രയേ അര്‍ത്ഥം കാണാനുള്ളൂ.''(പേജ് 104''.)
വായനയെ 'വായനാവ്യായാമം' എന്നൊരിടത്ത് നോവലിസ്റ്റ് വിശേഷിപ്പിക്കുന്നതുകാണാം (പേജ് 173). അതേ സമയം ജീവിതവായനയും സൂചിപ്പിക്കപ്പെടുന്നുണ്ട്. ''പ്രത്യേകിച്ച് ലക്ഷ്യമില്ലാതെ നടക്കുമ്പോള്‍ തെരുവുകള്‍ വലിയ പുസ്തകങ്ങള്‍ ആണെന്നും നാം അവയുടെ താളുകള്‍ ഓരോന്നായി വായിച്ചുകൊണ്ടുനീങ്ങുകയാണെന്നും'' (പേജ് 32) രേഖപ്പെടുത്തപ്പെട്ടപ്പോള്‍ ഷേക്‌സ്പിയര്‍ പ്രപഞ്ചവായനയെക്കുറിച്ച് പരാമര്‍ശിച്ചത് ഓര്‍മ്മയില്‍ തെളിഞ്ഞു.
ശ്രദ്ധേയമായ ചില ജീവിതതത്ത്വങ്ങള്‍ ഈ നോവലില്‍ കാണാതെ പോകരുത്. ''ഓരോ മനുഷ്യനും ഉറങ്ങിക്കിടക്കുന്ന ഒരു കടന്നല്‍ക്കൂടാണ്. അതിനെ തൊട്ടിളക്കുന്നതുവരെയേയുള്ളൂ ആ ശാന്തത.''(പേജ് 59) 'തൊഴി കൊള്ളുന്നവനെ സംബന്ധിച്ച് വെളുത്തവന്റെയായാലും കറുത്തവന്റെയായാലും കാലുകള്‍ക്കെന്തുമാറ്റം? വേദനയ്ക്ക് നിറഭേദമില്ല.''(പേജ് 69) ''വലിയ വീടുകള്‍ക്കുള്ളിലെ ഉള്‍പ്പോരുകള്‍ക്ക് ഭാരം കൂടുമല്ലോ.''(പേജ് 106)
ഓര്‍മ്മകള്‍, മറവികള്‍ എന്നിവയും ജ്ഞാനഭാരത്തിന്റെ കൂടപ്പിറപ്പുകളാണ്.
''ദൂരെ നിന്നും ഒരു വലിയ മഴ പെയ്തു വരുന്നതു പോലെയാണ് ഓര്‍മ്മകള്‍. വന്നുകഴിഞ്ഞാല്‍ നാം ഒട്ടാകെ കുതിര്‍ന്നുപോകും.'' (പേജ് 163)
''ഓര്‍മ്മകളുടെ സഞ്ചയമാണ് മനുഷ്യന്‍.'' (പേജ് 14)
''അല്ലെങ്കില്‍ത്തന്നെ, ഓര്‍മ്മകളല്ലാതെ മറ്റെന്താണ് മനുഷ്യന്‍! (പേജ് 31)
ജ്ഞാനവും വിജ്ഞാനവും തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും ഈ നോവലിന്റെ മുതല്‍ക്കൂട്ടായി കണ്ടെത്താവുന്നതാണ്.
''വിജ്ഞാനവും ജ്ഞാനവും ഒന്നല്ല...ജ്ഞാനം വെളിച്ചമാണ്. വിജ്ഞാനം വെളിച്ചത്തെ നിര്‍മ്മിച്ചെടുക്കാനുള്ള ചില ഉപകരണങ്ങള്‍ മാത്രവും. വിളക്കുപോലെ, എണ്ണ പോലെ... വിജ്ഞാനം നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ്... നേരെമറിച്ച് ജ്ഞാനം ശാശ്വതമാണ്.''(പേജ് 182)
സര്‍വ്വകലാശാലകളില്‍ ഒരു വിഷയത്തില്‍ PhD എടുത്തതിനുശേഷം തുടരെത്തുടരെ ഗവേഷണം മാത്രമായി നടക്കുന്നവര്‍ ഈ സത്യം മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. ഗിരീഷ് പുത്തഞ്ചേരി തിരക്കഥയും ഷാജൂണ്‍ കാര്യാല്‍ സംവിധാനവും നിര്‍വ്വഹിച്ച ''വടക്കുംനാഥന്‍'' [2006] എന്ന സിനിമയെക്കുറിച്ച് പരമര്‍ശിക്കാതെ ''ജ്ഞാനഭാരം'' എന്ന നോവലിന്റെ ആസ്വാദനക്കുറിപ്പ് അവസാനിപ്പിക്കാനാകുന്നില്ല.
ജ്ഞാനഭാരം ഒരു മനുഷ്യന്റെ ജീവിതത്തെ നിഷേധാത്മകമായി സ്വാധീനിക്കുന്ന ദയനീയ കാഴ്ചയാണ് ആ സിനിമ വിശദീകരിക്കുന്നത്. ജ്ഞാനവിജ്ഞാനവിതര്‍ക്കത്തിനൊടുവില്‍ നോവലിസ്റ്റ് സ്‌നേഹിതനോട് ചോദിക്കുന്നത് ഇവിടെ പ്രസക്തമാണ്. ''കൂടുതല്‍ വിജ്ഞാനം ഒരാളെ ജ്ഞാനത്തിലേക്ക് നയിച്ചാലോ?''
കുറച്ചുനേരം ആലോചിച്ചതിനുശേഷം അദ്ദേഹം പറഞ്ഞു: ''ഉറപ്പില്ല. ചിലപ്പോള്‍ നേരെ മറിച്ചാവാനും മതി.'' - കൂടുതല്‍ ഉപകരണങ്ങളുള്ള ഒരു ആശാരി
ശില്‍പ്പമുണ്ടാക്കിയില്ലെന്ന് വരാമല്ലോ.'' (പേജ് 182) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെ എത്തിനില്ക്കുന്ന സാങ്കേതികവിദ്യയുടെ വിപ്ലവകാലത്ത് വിജ്ഞാനദാഹികള്‍ക്ക് ഒരു ജാഗ്രതാനിര്‍ദ്ദേശം ''ജ്ഞാനഭാരം'' എന്ന നോവലിലൂടെ നോവലിസ്റ്റ് നല്കുന്നുണ്ടെന്ന് തറപ്പിച്ചു പറയാവുന്നതാണ്.
Content Highlights: sr jesmi reviews e santhoshkumar jnanabharam mathrubhumi books
Published: 05 Oct 2024, 06:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented