എം. നന്ദകുമാർ, നോവൽ കവർ
വ്യത്യസ്തമായ ആഖ്യാനശൈലികൊണ്ട് മലയാള സാഹിത്യലോകത്ത് വേരുറപ്പിച്ച എഴുത്തുകാരനാണ് എം. നന്ദകുമാര്‍. മാതൃഭൂമി പുനഃപ്രസിദ്ധീകരിച്ച 'നിലവിളിക്കുന്നിലേക്കുള്ള കയറ്റം' എന്ന അദ്ദേഹത്തിന്റെ നോവല്‍ അവതരിപ്പിക്കുന്നത് പരിചിത പ്രമേയമാണെങ്കിലും സംഭവബഹുലമായ ആഖ്യാന ശൈലിയും വ്യാകരണ വൈദഗ്ദ്യവും കൊണ്ട് മികച്ചുനില്‍ക്കുന്നു. തൊണ്ണൂറുകളുടെ അവസാനത്തില്‍ തന്നെ മലയാള സാഹിത്യലോകത്തിലേക്ക് ഇന്റര്‍നെറ്റിന്റെയും സൈബര്‍ ഇടങ്ങളുടെയുമെല്ലാം വ്യക്തമായ ഒരു അവബോധം തന്റെ രചനകള്‍ കൂടി കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഒരു കാലഘട്ടത്തില്‍ ഇന്റര്‍നെറ്റിന്റെയും സൈബര്‍ ഇടങ്ങളുടെയും വെര്‍ച്വല്‍ റിയാലിറ്റിയുടെയും അതിസങ്കീര്‍ണതകളെപ്പറ്റി മനസ്സിലാക്കി ആ ഇടങ്ങളില്‍ നിന്ന് നിന്നുകൊണ്ടുതന്നെ മനുഷ്യജീവിതത്തിലെ യാഥാസ്ഥിതിക ചുറ്റുപാടുകളെക്കുറിച്ച് എഴുതുകയും ചെയ്തിരുന്നു അദ്ദേഹം. കാരണം പഠനത്തിന്റെ ഭാഗമായും തൊഴിലിന്റെ ഭാഗമായും സൈബര്‍ ഇടങ്ങള്‍ പോലുള്ള ലോകങ്ങള്‍ അദ്ദേഹത്തിന് അത്രകണ്ട് പരിചിതമാണ്. അതേക്കുറിച്ചുള്ള എഴുത്തുകളെല്ലാം ആ കൈകളില്‍ ഭദ്രമായിരുന്നു. മോഡേണ്‍ ടെക്‌നിക്കുകളുടെ കൂട്ടുപിടിച്ചുകൊണ്ട് വായനക്കാരെ അദ്ദേഹം മിത്തുകളുടെയും മാന്ത്രിക, താന്ത്രിക വിദ്യകളുടെ കഥകളിലേക്കും കൂട്ടിക്കൊണ്ടുപോയി. നിലവിളിക്കുന്നിലെക്കുള്ള കയറ്റം എന്നത് ഭൂതകാലത്തിലെ സംഭവമാണ്. അദ്ദേഹത്തിന്റെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി ലോകവും, കാലവും മുന്നോട്ട് സഞ്ചരിക്കുമ്പോഴും ഭാവനകളിലൂടെ മിത്തിനെ പുനരാവിഷ്‌കരിക്കുകയും അതിലേക്ക് വായനക്കാരെ തിരിച്ചുനടത്താന്‍ ഒരു ശ്രമം നടത്തുകയുമാണിവിടെ ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ മൂന്ന് ആഖ്യാതാക്കളിലൂടെയാണ് നോവല്‍ വികസിക്കുന്നത്.
നിലവിളിക്കുന്നിലേക്കുള്ള കയറ്റം എന്നത് ഒരു പേരിന്റെ ചരിത്രം അനാവരണം ചെയ്യുന്നതിനോടൊപ്പം പച്ചയായ മനുഷ്യജീവിതങ്ങളിലെ മാനസിക വ്യാപാരങ്ങളിലേക്കുള്ള കടന്നുകയറ്റം കൂടിയാണ്. മനുഷ്യനും പ്രകൃതിയും മിത്തും ചേര്‍ന്നൊരുക്കി തീര്‍ത്ത കഥ. മനുഷ്യന്‍ എന്ന നിസ്സാരക്കാരന്റെ മനസ്സെന്ന പ്രഹേളികയെ സൂക്ഷ്മമായി അവലോകനം ചെയ്യുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്. മനുഷ്യസമൂഹത്തിലെ രണ്ട് ബിംബങ്ങളായി ഗോവിന്ദനും ദാക്ഷായണിയും ഇവിടെ കഥാപാത്രങ്ങളായി വരുന്നു എന്നു മാത്രം.
നോവല്‍ പറഞ്ഞുവെക്കുന്നത് കേവലം ഒരു ദുരന്തകഥ മാത്രമല്ല, മനുഷ്യന്റെ ഇരുട്ടുപിടിച്ചു നില്‍ക്കുന്ന ഹൃദയത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് അവന്റെ ഉള്ളില്‍ ഏതുനിമിഷവും പുറത്തുചാടാന്‍ വെമ്പി നില്‍ക്കുന്ന അസൂയാവഹനായ കൊലയാളിയിലേക്ക് കൂടിയാണ്. മനുഷ്യമനസ്സിന് ഒരിക്കലും സ്ഥായിയായ ഭാവങ്ങളില്ല. ഏത് വികാരത്തെ ആവാഹിക്കുന്നുവോ അത് ഉള്ളില്‍ നിറച്ചുവെച്ച് പെരുമാറാന്‍ മനുഷ്യമനസ്സിന് കഴിയുന്നു. ചിന്ത, വികാരം, ഭയം, ദേഷ്യം, ഉത്കണ്ഠ എന്നീ പ്രവര്‍ത്തനങ്ങളെല്ലാം ബന്ധപ്പെട്ടിരിക്കുന്നത് മനസ്സിനെ കൂടിയാണ്. സംശയം എന്നത് രോഗമാണെങ്കില്‍ മനുഷ്യമനസ്സിന്റെ താളം തെറ്റിച്ച് സ്വന്തം ജീവനോ അല്ലെങ്കില്‍ മറ്റൊരു ജീവനോ ഇല്ലാതാക്കാന്‍ കൂടി കഴിവുള്ള ഉഗ്രവിഷമാണെന്ന് കൂടി നോവല്‍ പറഞ്ഞുവെക്കുന്നുണ്ട്. ആയുര്‍വേദത്തിന്റെ വിഷചികിത്സാ സിദ്ധാന്തത്തിന്റെയും, വിഷ സങ്കല്പത്തിന്റെയും ഭൂതവര്‍ത്തമാനകാലങ്ങള്‍ ചേര്‍ത്തുവച്ചുകൊണ്ട് മനുഷ്യന്റെ മാനസിക വ്യാപാരതലങ്ങളെ കൂടി നോവല്‍ വിശകലനം ചെയ്യുന്നു.
നോവലിലെ കേന്ദ്ര കഥാപാത്രമായ ഗോവിന്ദനിലാണ് ആദ്യം വിഷബാധ ഏല്‍ക്കുന്നത്. സംശയം എന്ന വിഷയം ഒരു വാക്കിന്റെ സൂചിമുനയിലൂടെ ഉള്ളിലേക്ക് പ്രവേശിച്ച് പതിയെ പതിയെ അയാളെ കാര്‍ന്നുതിന്നു മറ്റൊരു ജീവന്‍ നശിപ്പിക്കാന്‍ പാകത്തില്‍ അയാളെ ആക്രമിക്കുന്നു. തന്റെ അധികാരപരിധിയില്‍ ഇരിക്കുന്നത് എന്തായാലും തന്റേത് മാത്രമായിരിക്കണം, താന്‍ മാത്രമായിരിക്കണം അതിന്റെ അധികാരി എന്ന മനുഷ്യന്റെ സ്വാര്‍ത്ഥ ചിന്താഗതികള്‍ക്കുള്ള ഒരു മറുപടി കൂടിയാണ് ഈ കഥ. സാധാരണക്കാരനായ ഗോവിന്ദന്‍ സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടിയാണ് കാന്തവും മായവും കച്ചവടത്തില്‍ പ്രയോഗിക്കുന്നത്. സുന്ദരിയായ ഭാര്യയില്‍ ആധിപത്യം തനിക്ക് മാത്രമാണെന്നും പരപുരുഷഗന്ധം പോലും അവളെ സ്പര്‍ശിക്കരുതെന്നും ഗോവിന്ദന് അതിയായ ആഗ്രഹമുണ്ട്. അത്തരം സംശയമെല്ലാം ഉള്ളില്‍ വച്ച് പുകഞ്ഞു പുകഞ്ഞ് ആ മനുഷ്യന്‍ വെന്തുനീറുന്നു.
ഈ നോവലിന് ഷേക്‌സ്പിയറിന്റെ ഒഥെല്ലോ എന്ന നാടകവുമായി പഠനത്തില്‍ പി.കെ രാജശേഖരന്‍ ചേര്‍ത്തുവയ്ക്കുന്നുണ്ട്. പ്രമേയസാദൃശ്യം കൊണ്ട് അങ്ങനെയാവാമെങ്കിലും നോവലിന്റെ കഥയില്‍ എഴുത്തുകാരന്‍ തന്റേതായ രചനാശൈലി പ്രയോഗിക്കുന്നുണ്ട്. സംശയകാര (രോഗി)) ആയ നായകനാണ് രണ്ട് സന്ദര്‍ഭങ്ങളിലും. നായിക സുന്ദരിയും പതിവ്രതയും നിഷ്‌കളങ്കയുമാണ്. നാടകത്തില്‍ നായകന്‍ ശ്വാസം മുട്ടിച്ചു കൊലപാതകം നടത്തുമ്പോള്‍ നോവലില്‍ അത് വിഷപ്രയോഗമാണ്. നാടകാന്ത്യത്തില്‍ നായകനുമാനസാന്തരവും തുടര്‍ന്നുള്ള ആത്മഹത്യയും ഉണ്ടെങ്കില്‍ നോവലിലെ നായകന്‍ സ്വാര്‍ത്ഥനാണ്. മറ്റൊരു പെണ്ണിനോടൊപ്പം അയാള്‍ നാടുവിടുന്നു. കുറ്റബോധമൊന്നും അയാളെ അലട്ടുന്നില്ല. അയാള്‍ നിലവിളിച്ചുകൊണ്ട് നിലവിളിക്കുന്ന് കയറുന്നത് ഒരു കൊലപാതകം ചെയ്തതിന്റെ കുറ്റ/ പാപഭാരത്താലല്ല മറിച്ച് തന്റെ മനസ്സിനെ പിടികൂടിയ ഒരു ഭയത്തെ കുടിയൊഴിപ്പിച്ച ആനന്ദ നിര്‍വൃതിയിലാണ്.
ഗോവിന്ദന്‍ എന്ന മനുഷ്യന്‍ നിലവിളിക്കുന്നിലെ മാത്രം അടയാളമല്ല. സമൂഹത്തില്‍ ഏതുകാലത്തും നിലനിന്നു വരുന്ന മനുഷ്യസ്വഭാവത്തിന്റെ പ്രതീകം കൂടിയാണ്. പുരാണകഥകള്‍ തൊട്ട് തുടര്‍ന്നു വരുന്നൊരു പരമ്പരയിലെ കണ്ണികള്‍. ഇതിഹാസ കഥാപാത്രമായ പുണ്യ പുരുഷന്‍ രാമന്‍ പ്രിയതമ സീതാദേവിയിലുള്ള സംശയത്തിന്റെ പുറത്താണ് അവരെ കാട്ടില്‍ ഉപേക്ഷിക്കാന്‍ വിധിക്കുന്നത്. സംസ്‌കാരങ്ങളും ജീവിതസാഹചര്യങ്ങളും എത്ര കണ്ട് വികസിച്ചാലും മനുഷ്യമനസ്സിലെ സംശയമെന്ന വിഷം ഇല്ലാതാക്കാന്‍ മാത്രമുള്ള വികസനമൊന്നും എങ്ങും എത്തിയിട്ടില്ല. കിടപ്പറയില്‍ ഭാര്യ തന്റെ ലൈംഗിക കാമനകളെ വാചാലമായോ അല്ലാതെയോ പ്രകടിപ്പിക്കുമ്പോള്‍ പുരുഷന്‍ അസ്വസ്ഥനാകുന്നു. ഇവള്‍ ഇതെല്ലാം എവിടെ പയറ്റി തെളിഞ്ഞു എന്ന മട്ടില്‍ അവന്റെ ഉള്ളില്‍ ചോദ്യങ്ങള്‍ വരുന്നു. ലൈംഗികതയെക്കുറിച്ചുള്ള സ്ത്രീയുടെ ജ്ഞാനം പുരുഷന്‍ വിസ്മയത്തോടെ മാത്രം നോക്കുന്നു. പെണ്ണിന്റെ നടപ്പിലും ഭാവത്തിലും രൂപത്തിലും നേരിയ ചലനങ്ങളില്‍ പോലും വ്യത്യാസം വരുമ്പോള്‍ അത് മറ്റൊരാളുടെ (ജാരന്‍) ആലോചന കൊണ്ടാണെന്ന് പുരുഷന്‍ വിധി നിര്‍ണയിക്കുന്നു. തല്ഫലമായി രൂപപ്പെടുന്ന വെറുപ്പും വിദ്വേഷവും പങ്കാളിയെ കൊല്ലാനോ അല്ലെങ്കില്‍ മാനസിക ശാരീരിക ഉപദ്രവങ്ങള്‍ക്ക് ഇരയാക്കുകയോ ചെയ്യുന്നു. ഇന്നും ഇന്നലെയും ഇനി നാളെയും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഓരോ കഥകളായി മാറുന്നു ഇതെല്ലാം. നിലവിളിക്കുന്നിലെ ഗോവിന്ദന്‍ അതിലൊരു രൂപം മാത്രം.
നോവലില്‍ വിഷം എന്നത് ഒരു മനസ്സിലെ വെറുപ്പിനെ ഇല്ലാതാക്കാനുള്ള രൂപകം മാത്രമാണ്. ഗോവിന്ദന് വിഷ ചികിത്സകളെ പറ്റിയും വിഷക്കൂട്ടുകളെ പറ്റിയും ജ്ഞാനം ഇല്ലെങ്കിലും ഇങ്ങനെ ഒരു ഹത്യ നടന്നിരിക്കാം.അതിന്റെ ഉത്തമ ഉദാഹരണങ്ങളായി നമുക്കുമുന്നില്‍ എത്രയോ സംഭവങ്ങളുണ്ട്. ദിനപത്രങ്ങളില്‍ വരുന്ന പങ്കാളിയോടുള്ള സംശയത്തിന്റെ പേരിലെ കൊലയോ, പ്രണയ പകകളും സുഹൃത്തുക്കളുടെ അസൂയാവഹമായ വളര്‍ച്ചയിലുള്ള വെറുപ്പും മൂലം മനുഷ്യന്‍ കൊലപാതകളാവുന്നത് തുടര്‍ച്ചയായി കാണാവുന്നതാണ്.
സംശയം എന്ന രോഗം/ വിഷം മനുഷ്യനില്‍ കടന്നു കൂടുമ്പോള്‍ അത് എങ്ങനെയൊക്കെ പ്രവര്‍ത്തിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ നോവല്‍. മരണവേദനയില്‍ പുളയുന്ന ഭാര്യയെ കണ്ടിട്ടും ഗോവിന്ദന്‍ ഉന്മാദ (ഭ്രാന്ത് )അവസ്ഥയില്‍മനസ്സില്‍ മുഴങ്ങുന്ന മേള, വാദ്യ, ഘോഷങ്ങള്‍ക്കൊപ്പം ചലിക്കുകയായിരുന്നു. ഒരാളിന്റെ നൈസര്‍ഗിക സ്വത്വത്തെ ഇല്ലാതാക്കി അവിടെ അയാള്‍ക്ക് പരിചിതമല്ലാത്ത ഏതോ ഒരു രൂപത്തെ കുടിയിരുത്തി തന്മൂലം ഉണ്ടാകുന്ന ഭയം, ഉല്‍ക്കണ്ഠ, ഉന്മാദാവസ്ഥ ഇവയ്‌ക്കെല്ലാം ഇരയാകുന്ന മനുഷ്യനെ നോവലില്‍ കാണാം.
എം. നന്ദകുമാര്‍ എന്ന എഴുത്തുകാന്‍ ഓരോ എഴുത്തുകൊണ്ടും വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ ആഖ്യാനശൈലി കൊണ്ടാണ്. പരിചിത ഇടങ്ങളില്‍ നിന്നെല്ലാം ആളുകളെ കൈപിടിച്ച് കൊണ്ടുപോയി ഭാവനങ്ങളുടെ അല്ലെങ്കില്‍ ഒരുതരം മായികലോകത്തേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. വെര്‍ച്വല്‍ ലോകത്തിന്റെ ഇടപെടലുകള്‍ ഇല്ലാതെ സൈബര്‍ ലോകത്തിന്റെയും ഇന്റര്‍നെറ്റ് യുഗത്തിന്റെയും കാലഘട്ടത്തില്‍ ഇരുന്നുകൊണ്ടുതന്നെ മന്ത്രങ്ങളുടെയും തന്ത്രങ്ങളുടെയും മിത്തുകളുടെയും ലോകത്തേക്ക് വായനക്കാരെ എത്തിക്കുന്നതില്‍ എഴുത്തുകാരന്റെ ശ്രമം വിജയിച്ചിരിക്കുന്നു.
Content Highlights: M.Nandakumar, Reshmi P, Mathrubhumi Books, Nilavilikkunnilekkulla Kayattam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..