ബുക്കര് പ്രൈസിന് ഷോര്ട്ലിസ്റ്റ് ചെയ്യപ്പെട്ട Rebecca Perry-യുടെ 'May We Feed The King' എന്ന നോവലിനെക്കുറിച്ച്

വാട്ടർസ്റ്റോൺസ് ഡബ്യു ഫിക്ഷൻ പ്രൈസ് (Waterstones Debut Fiction Prize) നേടിയ റെബേക്ക പെറി (Rebecca Perry) യുടെ മെ വി ഫീഡ് ദി കിംഗ് (May We Feed The King) എന്ന നോവലാണ് ബുക്കർ പ്രൈസിന് ഷോർട്ലിസ്റ്റ് ആയ പുസ്തകങ്ങളിൽ ഒന്ന്. വർത്തമാന കാലത്തിനും മിഡീവൽ യൂറോപ്പിലെ രാജസദസ്സിനും ഇടയിൽ സഞ്ചരിച്ചു കൊണ്ട് ചരിത്രത്തിന് എപ്പോഴെങ്കിലും സാർവത്രികമായ ഒരു ആഖ്യാനം ഉണ്ടാകുമെന്ന ധാരണയെ ചോദ്യം ചെയ്യുകയാണ് എഴുത്തുകാരി.
ഒന്നുകിൽ നിങ്ങളീ പുസ്തകത്തെ വളരെ കൗതുകമേറിയ ഒന്നായി സമീപിക്കും ഇല്ലെങ്കിൽ വളരെ വിമുഖതയോടെ. അതിനിടയിൽ ഈ പുസ്തകത്തിനു ഒരു വായനാതലമുണ്ടോ എന്ന് സംശയമാണ്, കഥയിലെ രാജാവിനെ പോലെ!
മെ വി ഫീഡ് ദി കിംഗ് ലെ ആഖ്യാതാവ് ഒരു ക്യൂറേറ്റർ ആണ്. അവർ ഒരു രാജകൊട്ടാരത്തിന്റെ എഴുന്നൂറ്റിയമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അവിടുത്തെ ചില മുറികൾ ചരിത്രപരമായ കൃത്യതയോടെ കാണികൾക്കായി ആവിഷ്കരിക്കുക എന്ന ദൗത്യം ഏറ്റെടുക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. തികച്ചും വിരസമായ അവരുടെ ജീവിതം ആ മധ്യകാല കൊട്ടാരത്തിന്റെ ഊണുമേശകളിലും സ്വകാര്യ മുറികളും വച്ച് പെട്ടന്ന് അതിന്റെ ഉണർവ്വ് വീണ്ടെടുക്കുന്നു. അവിടെ അവരെ കാത്തിരിക്കുന്നത് ചരിത്രത്തിന്റെ വിസ്മൃതിയിലാണ്ടു പോയ, രാജകൊട്ടാരവും ഭരണവും ഉപേക്ഷിച്ച് ഒരുനാൾ തന്റെ രാജ്ഞിയോടൊപ്പം അപ്രത്യക്ഷനായ ഒരു രാജാവാണ്.

ഒരിക്കലും രാജപദവിയിലേക്ക് എത്തില്ല എന്ന ഉറപ്പോടെ വളർന്ന, പിന്തുടർച്ചാവകാശത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജകുമാരനു തന്റെ സഹോദരന്മാരുടെ അകാല മരണത്തോടെ പെട്ടെന്ന് രാജാവാകേണ്ടി വരുന്നു. ഭരണ പദവിയിലുള്ള കുമാരന്മാരെ ഭർത്താവായി സ്വീകരിക്കില്ലെന്ന വാശിയിൽ അയാളെ വിവാഹം ചെയ്ത സ്ത്രീ പെട്ടെന്ന് റാണിയാവുന്നു. വളരെ വിചിത്രമെന്ന് കാണികൾക്കു തോന്നുന്ന കുടുംബജീവിതം പുലർത്തുന്ന, ഭരണത്തിനോടും അധികാരത്തിനോടും തികച്ചും നിസ്സംഗതയോടെ പെരുമാറുന്ന ഒരു രാജാവിനെ ലഭിക്കുന്ന രാഷ്ട്രത്തിന്റെ തുലനം പെട്ടെന്ന് നഷ്ടപ്പെടുന്നു.
അപ്പോഴും യാഥാർഥ്യം എന്ത് എന്ന് വായനക്കാർ ആശയക്കുഴപ്പത്തിലാകുന്നുണ്ട്. നമുക്കൊരിക്കലും ആ രാജാവിന്റെ വീക്ഷണം ലഭ്യമല്ല. പകരം അയാളുടെ മുറിയിലേക്ക് ജനലുകളിൽ കൂടിയും ഭിത്തിയിലെ വിടവുകളിൽ കൂടിയും ഒളിച്ചു നോക്കുന്ന ഒരുപിടി പരിചാരകാരുടെ വ്യാഖ്യാനം മാത്രമേ ലഭിക്കുന്നുള്ളൂ. ഒരു ദിവസം പെട്ടന്ന് അപ്രത്യക്ഷരാകുന്ന രാജാവും രാജ്ഞിയും അതിനൊരു കാരണവും നമ്മളോട് പറയുന്നില്ല. അവർ എവിടെ പോയെന്നോ അവർക്ക് എന്ത് സംഭവിച്ചുവെന്നോ വ്യക്തമല്ല. അവിടെ ചരിത്രം കാണികളുടെ അഭ്യൂഹങ്ങൾ മാത്രമായി മാറുന്നു. ചുരുക്കത്തിൽ പ്രജയായി വളർത്തപ്പെട്ട ഒരാളുടെ മേൽ മറ്റുള്ളവരുടെ നിയന്ത്രണത്തിലുള്ള ഒരു രാഷ്ട്രത്തിന്റെ ഭരണം അടിച്ചേൽപ്പിക്കപ്പെടുമ്പോൾ അയാൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും കഥയാണിത്. ഒരേ സമയം രാജ്യത്തിന്റെ പരമാധികാരം ലഭിക്കുകയും സ്വന്തം ജീവിതത്തിനു മേലുള്ള അധികാരം നഷ്ടപ്പെടുകയും ചെയ്യുന്ന വൈരുദ്ധ്യം കഥയിലെമ്പാടും നമുക്ക് കാണാം.
നിലവിലുള്ള സാഹിത്യവിഭാഗത്തിന്റെ ചട്ടക്കൂടുകൾക്ക് പുറത്തുനിൽക്കുന്ന ഒരു ചരിത്രനോവൽ എന്ന ആശയത്തിൽ തുടങ്ങിയ പെറി, പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരരായ സ്വേച്ഛാധിപതികളാൽ അരങ്ങേറുന്ന ഭീതിതമായ യാഥാർഥ്യങ്ങളിലേക്ക് അദൃശ്യമായെങ്കിലും വിരൽചൂണ്ടുന്നു. അതുവഴി, അധികാരത്തെക്കുറിച്ചും അതേൽപ്പിക്കുന്ന ഭാരമേറിയ ഉത്തരവാദിത്വങ്ങളെക്കുറിച്ചുമുള്ള പുസ്തകത്തിന്റെ ചോദ്യങ്ങൾക്ക് മൂർച്ച കൂടുന്നു. കൂടുതൽ വിശാലമായ തലത്തിൽ ചിന്തിക്കുമ്പോൾ, ചരിത്രത്തെക്കുറിച്ചോ, നമ്മുടെ സമകാലികരായി ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തെക്കുറിച്ചുപോലുമോ, നമുക്ക് യഥാർഥത്തിൽ വളരെക്കുറച്ചേ അറിയാൻ കഴിയൂ എന്ന കാര്യം അംഗീകരിക്കാൻ ഈ നോവൽ നമ്മോട് ആവശ്യപ്പെടുന്നു.
May We Feed the King ആഴത്തിലുള്ള വായനാനുഭവം നൽകുന്നതിനൊപ്പം നമുക്കൊരുതരം നിരാശയും അസ്വസ്ഥതയും കൂടി സമ്മാനിക്കുന്നു.രാജാവിന്റെയും അയാളെ കുറിച്ച് സംസാരിക്കുന്ന ക്യൂറേറ്ററിന്റെയും ജീവിത കഥകൾ അപൂർണ്ണമാണ്. നമുക്ക് കൃത്യമായ സൂചനകൾ വേണം, ഉറപ്പുകൾ വേണം, യുക്തിസഹമായി മനസ്സിലാക്കാൻ കഴിയുന്ന ഒരു കഥ വേണം.
എന്നാൽ പെറി അതൊന്നും നമുക്ക് നൽകുന്നില്ല. പകരം, ഭൂതകാലത്തിന്റെ ചിതറിക്കിടക്കുന്ന കഷണങ്ങൾ നിർബന്ധബുദ്ധിയോടെ കൂട്ടിച്ചേർക്കാൻ, അതുവഴി ഒരു ജിഗ്സോ പസിൽ സോൾവ് ചെയ്യുന്നതിന് സമാനമായ ഒരു സംതൃപ്തി നേടാൻ, നമ്മുടെ തലച്ചോറും ബുദ്ധിയും നടത്തുന്ന മല്ലയുദ്ധം നോക്കിനിൽക്കാൻ അവർ നമ്മെ നിർബന്ധിക്കുന്നു.
Published: 29 Oct 2026, 04:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented