'വേണ്ടപ്പെട്ട മനുഷ്യര്‍ കൂടെ ഉണ്ടാവുമ്പോഴാണ് ഒരാള്‍ രാജാവാകുക; ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ ചക്രവര്‍ത്തിയാണെങ്കിലും യാചകനാണ്'-
ആര്‍. രാജശ്രീയുടെ 'ആത്രേയകം' എന്ന നോവലിലെ വേണ്ടപ്പെട്ടവരാല്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ടുപോയ പ്രധാനകഥാപാത്രമായ നിരമിത്രന്റെ ആത്മഗതമാണിത്.

To advertise here,

നിരമിത്രനടക്കം ഒറ്റപ്പെട്ടുപോയ, തിരസ്‌കരിക്കപ്പെട്ട, ഇടങ്ങളില്ലാതായിപ്പോയ ഒരുപാട് മനുഷ്യരുടെ ഇടത്താവളവും അഭയവുമായ, രണ്ടു രാജ്യങ്ങളാല്‍ അതിര്‍ത്തി പങ്കിടുന്ന, കൊള്ളയും പിടിച്ചുപറിയും മുഖമുദ്രയാക്കിയ പുറംപോക്കുഭൂമിയായ ആത്രേയകം എന്ന ദേശത്തിന്റെ ചരിത്രപരമായ ആഖ്യാനവുംകൂടിയാണിത്.

പലായനം ചെയ്യപ്പെട്ട പരദേശികളായ മനുഷ്യരുടെ, പ്രത്യേകിച്ചും നിരമിത്രന്‍ എന്ന ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിയുടെ ജീവിതവും അവസ്ഥകളും ആയിത്തീരലുകളും അന്ത:സംഘര്‍ഷങ്ങളും വായനക്കാരനെ വല്ലാതെ ഉലയ്ക്കും.

തന്റേതല്ലാത്ത കാരണങ്ങളാല്‍ ഇരകളായിപ്പോകുന്ന മനുഷ്യരുടെ നിസ്സഹായതകളാണ് ഈ പുസ്തകം മുഴുക്കെ. അവരുടെ ശബ്ദമില്ലാത്ത നിലവിളികള്‍ വായനക്കാരനെ അസ്വസ്ഥനാക്കും. 

ശ്വാസംകിട്ടാതെ ഓരോരുത്തരും പുനര്‍നവീകരണത്തിനായി ഒരാത്രേയകത്തെ സ്വപ്നം കാണും. തെറ്റുകള്‍ ചെയ്യുന്നതിനു മുമ്പൊരു വീണ്ടുവിചാരത്തിലേക്ക് സരമയുടെ ദംഷ്ട്രങ്ങള്‍ എന്നെ നോക്കി കുരയ്ക്കും, ഉറപ്പ്; 'താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ' എന്ന ദാര്‍ശനിക ബോധത്തിലേക്ക് സരമ വാലാട്ടുന്നു.

ഏത് കര്‍മ്മബന്ധത്തിന്റെ നൂലിലായിരിക്കും പാഞ്ചാല രാജകുമാരിയായ കൃഷ്ണയും പുറംപോക്കുഭൂമിയായ ആത്രേയകത്തിലെ ചികിത്സകയായ ഇളയും പരസ്പരം ഇഴ കോര്‍ക്കപ്പെട്ടതെന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു.

സഹജമായ മരണഭയത്തോടൊപ്പം ആസന്നമായ പല പല ഭയങ്ങളേയും പേറിനടക്കുന്ന ഒരു സ്വത്വംതന്നെ മനുഷ്യനെന്ന തിരിച്ചറിവിലേക്ക് വായനയ്ക്ക് ഒടുവില്‍ നാമെത്തും.

ജീവിതത്തോടുതന്നെ പൊരുതിനില്‍ക്കുക എന്നതുതന്നെയാണ് ജീവിതത്തിന്റെ പൊരുള്‍ എന്നും, സത്യവും നീതിയും സ്‌നേഹവും കരുണയും തന്നെയാണ് ആ പൊരുതലിന് ഊര്‍ജ്ജവും വെളിച്ചവുമാകുന്നതെന്നും, വായനക്കാരനിലെ നിരമിത്രനില്‍ - ആത്രേയകത്തിലെ ഇരുളില്‍ ചൂഡകന്റെയും ഇളയുടെയും കൈയില്‍നിന്ന് ഒരു തിരി മിന്നുന്നു. അത് നിലാവായി പരന്ന് പുനര്‍ജനിവേരുകളെ  നനയ്ക്കുന്നു.

ജനനന്മയ്ക്കും നീതി നടപ്പാക്കുന്നതിനുമാണ് എക്കാലത്തെയും ഓരോ രാഷ്ട്രതന്ത്രജ്ഞരും നിലകൊള്ളുന്നതെന്ന വ്യാജത്തിന്റെ പുറത്ത് കബളിപ്പിക്കപ്പെടുന്ന കാലാകാലങ്ങളായുള്ള അനേകമനേകം ജനതയുടെ ആത്മവിശ്വാസത്തിന്റെ ചരടുകള്‍പൊട്ടി താഴ്ന്ന് നിയന്ത്രണം വിടുമ്പോള്‍, രാജാക്കന്മാരൊക്കെയും മനസ്സുകൊണ്ട് ഏകാധിപതികളാകാന്‍ കൊതിച്ചുകൊണ്ടിരിക്കുന്നവരാണെന്ന തിരിച്ചറിവിലേക്ക് മൂക്കും കുത്തി വീഴുന്നു.
രാജാക്കന്മാരുടെയും അവരുടെ കൗശലക്കാരായ സ്തുതിപാഠകരുടേയും നിലനില്‍പ്പ് അസാധ്യമാകുമെന്ന ഘട്ടത്തില്‍ മാത്രം, മുമ്പ് തങ്ങള്‍ 
തിരസ്‌കരിച്ചതിനെയൊക്കെയും തിരിച്ചുവിളിച്ചേ മതിയാവൂ എന്നാകുമ്പോള്‍ ബലിമൃഗമാക്കാന്‍ വേണ്ടി മാത്രം ഇരാവന്‍മാരെ ബന്ധുത്വവും പിതൃത്വവും പറഞ്ഞ് അഭിനവ അര്‍ജുനന്മാരും, നിരമിത്രന്‍മാരെ തിരഞ്ഞ് രാജാക്കന്മാരും കുതന്ത്രങ്ങള്‍ മെനഞ്ഞ് കൂട്ടിക്കൊണ്ടു പൊയ്‌ക്കൊണ്ടേയിരിക്കും. നിരമിത്രന്റേത് രാജാവായ സ്വന്തം അച്ഛന്റെ പശ്ചാത്താപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും തിരിച്ചുവരവാണെങ്കില്‍ - അതും മറ്റൊരു മകനായ യുവരാജാവിന്റെ മേല്‍നോട്ടത്തിലുള്ള രാജ്യം കൈവിട്ടുപോകുമെന്ന ഘട്ടത്തില്‍, യുദ്ധം ആസന്നമായി എന്ന തോന്നലില്‍ ഉള്ള തിരിച്ചുവിളിക്കപ്പെടലാണ്. എന്നാല്‍ ഇരാവന്റേത് പേരുപോലെത്തന്നെ യുദ്ധവിജയത്തിനുള്ള യജ്ഞത്തില്‍ ഇരയാവാനുള്ള ബലിമൃഗത്തെ ചതിച്ച് കൂട്ടിക്കൊണ്ടുപോകലാണ്. രണ്ടും ഒരേതരം മനോവികാരത്തിന്റെ രണ്ടു വകഭേദങ്ങളാണെന്നുമാത്രം. രണ്ടായാലും വേട്ടക്കാരനും ഇരയ്ക്കും കാലങ്ങളായും മാറ്റമൊന്നുമില്ലതന്നെ. ഇളകാന്‍പോകുന്ന രഥചക്രത്തെ താങ്ങിനിര്‍ത്താന്‍ ആണിക്കല്ലുകളായവര്‍ അന്നും ഇന്നും ധാരാളം.

ഓരോ തവണ 'ആത്രേയകം' വായിക്കുമ്പോഴും പുതിയ പുതിയ മാനങ്ങള്‍ കൈവരുന്നു. മഹത്തായ ജീവിതദര്‍ശനങ്ങളും ഉദാത്തവും മനോഹരവുമായ ഉപമകള്‍കൊണ്ടും ഓരോ മനുഷ്യജീവന്റെയും ജീവിതാവസ്ഥകളെ വര്‍ണ്ണനകള്‍കൊണ്ട് സമ്പന്നമാക്കിയ ഈ പുസ്തകം തൊടുമ്പോഴൊക്കെ ഒരു വിശുദ്ധഗ്രന്ഥത്തെയെന്നോണം മനസാ നമിച്ചുപോവുന്നു.

വിജയവും പരാജയവും ചതിയും വഞ്ചനയും മാത്രം ആവേശമാക്കിയ അനേകം രാജവംശങ്ങളുടെ കഥകള്‍ പറയുന്ന ഒരു മഹാഇതിഹാസത്തിലെ കഥാപാത്രങ്ങളെ വേരോടെ അടര്‍ത്തിയെടുത്ത് അവരുടെ ജീവിതത്തെ നമുക്കുമുന്നില്‍ തൊലിയുരിഞ്ഞ് രക്തം ചീറ്റുന്ന അവരുടെ പച്ചച്ച നെഞ്ചിലെ അന്ത:സംഘര്‍ഷങ്ങളെ, അവരുടെ എല്ലാ വിധമായ ചേതോവികാരങ്ങളേയും എം.ടിയും, പി.കെ. ബാലകൃഷ്ണനും, വി.എസ്. ഖാണ്ഡേക്കറുമടക്കം ഒരുപാട് എഴുത്തുകാര്‍ നമ്മെ കാണിച്ചുതന്നിട്ടുണ്ട്. കമനീയമായ അന്ത:പുരങ്ങളിലെ സ്ത്രീകഥാപാത്രങ്ങളടക്കം അസ്വസ്ഥരായിരുന്നുവെന്ന് നാം തിരിച്ചറിഞ്ഞിട്ടുമുണ്ട്. 

കഥകളും ഉപകഥകളും കൊണ്ടു സമ്പന്നമായ മഹാഭാരതത്തിലെ വിഭിന്നനായി ജനിച്ചുപോയതിന്റെ പേരില്‍ അവഗണനയും തിരസ്‌കരണങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന നിരമിത്രന്റെ ഉള്ളം നിറയെ നന്മയും സത്യസന്ധതയും കാരുണ്യവും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നറിയുമ്പോള്‍ നമ്മളറിയാതെ ഒരു നിരമിത്രന്‍ ഫാനാകുന്നു. ഇത്രയും നന്മയുള്ളൊരു മനുഷ്യനെ അടരോടെ പകര്‍ത്തിയെഴുതാന്‍ കാലങ്ങള്‍ക്കിപ്പുറം പുനര്‍ജനിച്ച ഒരു കഥാകാലക്ഷേപക്കാരിയായിരുന്നോ ആര്‍. രാജശ്രീ? പ്രിയ എഴുത്തുകാരീ, എങ്കില്‍ ആത്രേയകത്തിന്റെ പുനര്‍ജനിക്കായി ജൈമിനിയെപ്പോലെ ഞാനും ഒരു പിടി വിത്തെറിയട്ടെ.