മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ആര്‍. രാജശ്രീയുടെ പ്രശസ്ത നോവല്‍ ആത്രേയകത്തിന് അര്‍ജുന്‍ ജെ. എല്‍ എഴുതിയ ആസ്വാദനം.
'നീ അനുഭവിച്ച അപമാനങ്ങള്‍ക്കും യാതനകള്‍ക്കും പകരമില്ല. എങ്കിലും ക്ഷമിച്ചുവെന്ന് നിന്റെ മുഖത്തുനിന്നു കേള്‍ക്കുന്നതുവരെ എന്നെ ചിതപോലും സ്വീകരിക്കില്ല കുഞ്ഞേ...'
- ദ്രുപദന്‍ (ആത്രേയകം)
മകന്റെ ജന്മത്തെ തന്നെ അംഗീകരിക്കാന്‍ കഴിയാത്ത അച്ഛനാണ് പാഞ്ചാല ദേശത്തെ മഹാരാജാവ് ദ്രുപദന്‍.
സ്വന്തം മകനെ ദുഃഖത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്ന അച്ഛന്‍, വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും നിരന്തരം വേദനകള്‍ മാത്രം സമ്മാനിക്കുന്ന അച്ഛന്‍, മകന്റെ മുന്നിലിട്ട് അമ്മയെ പ്രാപിക്കുന്ന അച്ഛന്‍.
ഒടുവില്‍, അധികാരത്തിന്റെയും പുരുഷാധിപത്യത്തിന്റെയും പാരമ്യരൂപമായ ദ്രുപദന്റെ തുടര്‍ച്ചയായി, ഹരിണിയില്‍ ജനിച്ച മകന്‍ ധൃഷ്ടന്‍ രാജകുമാരനാകുന്നതോടെ, ഭരണം നഷ്ടപ്പെട്ട മഹാരാജാവായി ദ്രുപദന്‍ മാറുന്നു. ഒടുവില്‍, അധികാരത്തിന്റെ വേഷം അഴിച്ചുവെച്ച്, നിരമിത്രന് മുന്നില്‍ നിന്ന് മാപ്പുചോദിക്കുന്ന ദ്രുപദന്‍ പാഞ്ചാലത്തിലെ മഹാരാജാവായിരുന്നില്ല. പരാജയപ്പെട്ട അച്ഛനായിരുന്നു.
മഹാരാജാവിന്റെ സമഗ്രാധിപത്യത്തിന്റെ പാര്‍വതാരോഹണവും അവിടെ നിന്നുള്ള പതനവും അവതരിപ്പിക്കുന്നതിലൂടെ, ദുരധികാരത്തിന്റെ സിംഹാസനങ്ങള്‍ക്ക് നേരെ രാജശ്രീ വാക്കിന്റെ വാള്‍മുന നീട്ടുകയാണ്.
തികഞ്ഞ സൂക്ഷ്മതയോടെയാണ് ഓരോ കഥാപാത്രത്തെയും രാജശ്രീ രൂപപ്പെടുത്തിയത്. നിരമിത്രന്റെ ജീവിത പരാജയങ്ങളുടെ കഥ മാത്രമല്ല, ദ്രുപദനും ഹരിണിക്കും, ഇളയ്ക്കും, കൃഷ്ണയ്ക്കുമൊക്കെ നോവലില്‍ ഓരോ കഥകള്‍ പറയാനുണ്ട്.
സമൂഹം സൃഷ്ടിച്ചെടുത്ത ചില കാഴ്ചപ്പാടുകള്‍ക്കും സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്കും ഉള്ളിലായിരുന്നില്ല രാജകുമാരന്‍ നിരമിത്രന്റെ ജന്മം.
അതുകൊണ്ട്, ദ്രുപദന്‍ അയാളെ പുറത്തുകാണിക്കാതെ, അടച്ചുപൂട്ടി വളര്‍ത്തി. അയാള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. നിരന്തരം അപമാനിക്കപ്പെട്ടു. കണ്മുന്നില്‍ നടക്കുന്ന അനീതികള്‍ നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വന്നു.
പിതാവിന്റെ നിര്‍ബന്ധത്താല്‍ തനിക്ക് വിവാഹം ചെയ്യേണ്ടി വന്ന ദശാര്‍ണ രാജകുമാരി, ആദ്യവേഴ്ചയില്‍ നിരമിത്രന്റെ പുരുഷത്വത്തില്‍ സംശയിച്ച് തിരികെ പോകുന്നതോടെയാണ് അയാളുടെ ജീവിതം നിലയില്ലാത്ത കയത്തിലേക്ക് കൂടുതല്‍ ആഴ്ന്നുപോകുന്നത്.
തന്നോടുള്ള പ്രതികാരമായി, സ്വന്തം അച്ഛന്‍, അമ്മയെ തന്റെ മുന്നിലിട്ട് ബലമായി നഗ്‌നയാക്കി പ്രാപിക്കുന്ന കാഴ്ച കണ്ടുനില്‍ക്കാന്‍ കഴിയാതെ നിരമിത്രന്‍ കൊട്ടാരം വിട്ട് ഓടിപ്പോകുന്നു.
അങ്ങനെ അയാള്‍ ആത്രേയകത്തിലെത്തുന്നു. തിരസ്‌കരിക്കപ്പെട്ടവരെ സ്വീകരിക്കുന്ന... ശരീരത്തിന്റെയും മനസ്സിന്റെയും മുറിവുണക്കുന്ന ഔഷധങ്ങളുടെ ഗ്രാമം- 'ആത്രേയകം'.
മഹാഭാരതത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുമ്പോഴും, വായനക്കാരുടെ ധാരണയെ മറികടക്കുന്ന കഥാസന്ദര്‍ഭങ്ങളെയാണ് രാജശ്രീ നോവലില്‍ കൊണ്ടുവന്നത്. ഒരര്‍ത്ഥത്തില്‍ ഇത് പൂര്‍ണമായും മൗലീകമായ രചനയാണ്.
ഭീമനെ നായകനാക്കി എം.ടി എഴുതിയ 'രണ്ടാമൂഴ'വും, കര്‍ണന്റെ കഥ പറയുന്ന പി.കെ ബാലകൃഷ്ണന്റെ 'ഇനി ഞാന്‍ ഉറങ്ങട്ടെ'യും മഹാഭാരതത്തെ അധികരിച്ചിറങ്ങിയ മലയാളത്തിലെ മികച്ച രണ്ട് നോവലുകളാണ്. അതേ മഹാഭാരതത്തിന്റെ മണ്ണില്‍ നിന്ന് രാജശ്രീ എഴുതുമ്പോള്‍, കഥ പറയാന്‍ തിരഞ്ഞെടുത്തത് മഹാഭാരതത്തില്‍ അധികം പ്രാധാന്യം ലഭിക്കാത്ത ഒരു കഥാപാത്രത്തെയാണ്. മാറ്റിനിര്‍ത്തപ്പെട്ടവരെ, അപമാനിക്കപ്പെട്ടവരെ, അംഗീകരിക്കപ്പെടാത്തവരെ, മുന്നിലേക്ക് കൊണ്ടുവരുന്ന പുതിയ കാലത്തിന്റെ രാഷ്ട്രീയമാണ് 'ആത്രേയകം'.
മഹാഭാരതത്തില്‍, 'ശിഖണ്ഡി' എന്ന് വിളിക്കപ്പെടുന്ന കഥാപാത്രത്തിന് 'നിരമിത്രന്‍' എന്ന് പേര് നല്‍കി ചിത്രീകരിക്കുന്നതിലൂടെ രാജശ്രീ മുന്നോട്ടുവയ്ക്കുന്നത്, ഒരു വിഭാഗത്തെ ആക്ഷേപിക്കാന്‍ ഇത്രയും കാലം ഉപയോഗിച്ചിരുന്ന ആ പേരിനെതിരെയുള്ള ശക്തമായ പ്രതിഷേധം കൂടിയാണ്.
'അവിസ്മരണീയം എന്നുമാത്രം വിശേഷിപ്പിക്കാവുന്ന ചില സ്ത്രീ മാതൃകകളും ഈ നോവലില്‍ ഉണ്ട് '- രാജശ്രീ യുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന ആദ്യ നോവലിന്റെ ആമുഖത്തില്‍ എന്‍. ശശിധരന്‍ എഴുതിയതാണ്. അതേ വാചകങ്ങള്‍, 'ആത്രേയക'ത്തിനും യോജിക്കുന്നതാണ്.
'ഇനിയെങ്കിലും എനിക്ക് തന്ന വാക്ക് പാലിക്കണം രാജാവേ. എത്രകാലമാണ് ഞാന്‍ ഇങ്ങനെ കഴിയുക? ഒന്നുകില്‍ എന്നെ വിട്ടയക്കുക, അല്ലെങ്കില്‍ ഞങ്ങളെ രാജധാനിയിലേക്ക് കൊണ്ടുപോവുക. ഇത് രണ്ടുമല്ലാതെ അങ്ങേയ്ക്ക് പോംവഴികള്‍ ഒന്നുമില്ല.'
- ഹരിണി
മഹാരാജാവ് ദ്രുപദനോട്, മൂര്‍ച്ചയുള്ള സ്വരത്തില്‍ സംസാരിക്കാന്‍ ധൈര്യം കാണിച്ച സ്ത്രീ- ഹരിണി. രാജാവിന്റെ പട്ടമഹര്‍ഷിയായി സര്‍വ്വ സൗഭാഗ്യങ്ങളും കൈവരിക്കുമ്പോഴും, മനസ്സമാധാനത്തോടെ അത് അനുഭവിക്കാന്‍ കഴിയാതെ പോകുന്നു. രോഗശയ്യയില്‍ കിടക്കുന്ന മഹാറാണിക്ക് മുന്നില്‍ മുഖാമുഖം നില്‍ക്കുമ്പോഴെല്ലാം കുറ്റബോധത്താല്‍ ശിരസ്സുയര്‍ത്താന്‍ കഴിയാതെ വരുന്നു. സ്വന്തം മകന്‍ ചെയ്തുകൂട്ടുന്ന ദുഷ്പ്രവര്‍ത്തികള്‍ക്ക് നിശബ്ദം സാക്ഷ്യം വഹിക്കേണ്ടി വരുമ്പോള്‍, താന്‍ പിടിച്ചുവാങ്ങിയ ജീവിതം നിരര്‍ത്ഥകമാണെന്ന് സ്വയം തിരിച്ചറിഞ്ഞ്, തന്റെ ദുഃഖം മഹാറാണിയോട് ഏറ്റുപറയുന്നുണ്ട് ഹരിണി:' അവിടുത്തെ സൗഭാഗ്യങ്ങളില്‍ നിന്ന് പിടിച്ചുപറിച്ചെടുത്ത ഒന്നാണ് ഇപ്പോള്‍ അടിയന്റെ ഏറ്റവും വലിയ വേദന'.
സ്വന്തം ഭര്‍ത്താവ്, ശരീരത്തിനും മനസ്സിലുമുണ്ടാക്കിയ മുറിവും പേറി, പുറപ്പെട്ടുപോയ മകനെ കാത്തിരിക്കുന്ന, ദുഃഖിക്കാന്‍ മാത്രം വിധിക്കപ്പെട്ട മഹാറാണിയും (നിരമിത്രന്റെ അമ്മ), സഹോദരന്റെ അധികാര താല്പര്യങ്ങളില്‍ ബലിയാടാകാന്‍ വിധിക്കപ്പെട്ട്, അഞ്ചുപേരുടെ ഭാര്യയാകേണ്ടിവന്ന കൃഷ്ണയും, ആത്രേയകത്തിലെ ഉറച്ച സ്ത്രീ ശബ്ദമായി നില്‍ക്കുമ്പോഴും, രാജാധികാരത്തിന്റെ നിയമങ്ങള്‍ക്ക് വഴങ്ങേണ്ടിവരുന്ന ഇളയും, താന്‍ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞിട്ടും, വീണ്ടും നിരമിത്രനുവേണ്ടി കാത്തിരിക്കുന്ന ദശാര്‍ണത്തിലെ രാജകുമാരിയും, എന്നും നിരമിത്രന്റെ ആഗ്രഹങ്ങള്‍ക്കൊപ്പം നിന്ന വിശാഖയുമെല്ലാം വ്യത്യസ്തവും അവിസ്മരണീയവുമായ സ്ത്രീ മാതൃകകള്‍ തന്നെയാണ്. ഇവരെല്ലാം സ്വന്തം ജീവിതം, സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത നിര്‍ഭാഗ്യരുമാണ്.
ശ്രീകൃഷ്ണന്‍: 'അവള്‍ കഴിഞ്ഞ ജന്മത്തില്‍ നാളായണി എന്ന സ്ത്രീയായിരുന്നു. പരമശിവനെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തിയ നാളായണി തനിക്ക് ഭര്‍ത്താവിനെ വേണമെന്ന് അഞ്ച് തവണ ആവശ്യപ്പെട്ടു. അതുകൊണ്ട് അടുത്ത ജന്മത്തില്‍ അവള്‍ക്ക് അഞ്ചു ഭര്‍ത്താക്കന്മാരുണ്ടാകുമെന്ന് ശിവന്‍ അനുഗ്രഹിച്ചത്രേ. ഏതുജന്മത്തില്‍ ആയാലും ശിവന്റെ അനുഗ്രഹം വ്യര്‍ത്ഥമാവരുതല്ലോ?'
ഇള: 'അതെങ്ങനെയാണ് അനുഗ്രഹമാവുക മഹാരാജാവേ? നാളായണി ആ ജന്മത്തിലേക്കല്ലേ ഭര്‍ത്താവിനെ ആഗ്രഹിച്ചിരിക്കുക?'
കെട്ടുകഥകളിലൂടെ ചരിത്രത്തെ നിര്‍മ്മിക്കുകയും അതിലൂടെ അധികാരം പിടിച്ചെടുക്കുകയും ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയരീതിയെ കൂടി നോവല്‍ പരോക്ഷമായി ചോദ്യം ചെയ്യുന്നുണ്ട്. ഭരണകൂടം അവരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് കെട്ടുകഥകളെയും ഐതിഹ്യങ്ങളെയും കൂട്ടുപിടിക്കുന്നു. ധൃഷ്ടന്റെ അധികാരമോഹങ്ങള്‍ക്ക്, സഹോദരിയായ കൃഷ്ണയെ അഞ്ചു പുരുഷന്മാരെ കൊണ്ട് വിവാഹം ചെയ്യിക്കാന്‍, ഒരു പുനര്‍ജന്മ കഥ സൃഷ്ടിക്കുന്നു.
ദൈവാധീനം ജഗദ് സര്‍വ്വം
മന്ത്രാധീനം തുദൈവതം
തന്‍ മന്ത്രം ബ്രാഹ്‌മണാതീനം
ബ്രാഹ്‌മണോ മമ ദൈവതം
പ്രപഞ്ചത്തിനും ഈശ്വരനും മുകളിലാണ് ബ്രാഹ്‌മണന്‍ എന്ന് പ്രഖ്യാപിക്കുന്ന ഈ വരികളെ കുറിച്ച് വി.ടി ഭട്ടതിരിപ്പാട് പറഞ്ഞത്: 'ഏതോ മനക്കലെ കാര്യസ്ഥന്റെ വായ്‌നാറ്റമുള്ള ശ്ലോകം' എന്നാണ്.
താന്‍ ഉയര്‍ന്നവനെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും അതിലൂടെ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും നിഷേധിക്കാനും ബ്രാഹ്‌മണര്‍ തന്നെ എഴുതിയ ശ്ലോകം എന്നര്‍ത്ഥം.
1989 -ല്‍ എം.ടി വാസുദേവന്‍ നായര്‍ എഴുതിയ 'വെളിച്ചത്തിന്റെ മേഖല' എന്ന ലേഖനത്തില്‍ മിസ്സിസിപ്പി സിറ്റിസണ്‍സ് കൗണ്‍സില്‍ മൂന്നും നാലും ക്ലാസുകളില്‍ പഠിപ്പിക്കാന്‍ നിശ്ചയിച്ച പാഠപുസ്തകത്തിലെ ഒരു ഭാഗത്തെ കുറിച്ച് എഴുതുന്നുണ്ട്: 'വെളുത്ത ആളുകള്‍ ഒറ്റയ്ക്ക് താമസിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. വെളുത്ത മനുഷ്യര്‍ നിങ്ങള്‍ക്കുവേണ്ടി അമേരിക്കാ രാജ്യമുണ്ടാക്കി. അതുകൊണ്ട് വെളുത്ത മനുഷ്യരാണ് നിയമങ്ങളുണ്ടാക്കേണ്ടത്. വെളുത്തവര്‍ എന്നും നീഗ്രോവിനോട് ദയ കാണിച്ചിട്ടേ ഉള്ളൂ. നമ്മള്‍ അവരുമായി ചേര്‍ന്ന് ജീവിക്കണമെന്ന് ദൈവത്തിന് ആഗ്രഹമില്ല'.
അധികാരവര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളെ ദൈവത്തിന്റെ താല്‍പര്യങ്ങളാക്കി ചിത്രീകരിക്കുന്നു. അതിനെ എതിര്‍ക്കുന്നവര്‍ക്ക് ദൈവകോപമുണ്ടാകുമെന്ന് പ്രചരിപ്പിക്കുന്നു. ഭരണകൂടത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്ന രീതിയില്‍ ചിത്രീകരിക്കുന്നത് പോലെ.
നിരമിത്രന്റെ ജീവിതത്തിലും കെട്ടിച്ചമച്ച ഒരു കഥയുണ്ട്. നിരമിത്രന്‍ ശിവന്റെ അനുഗ്രഹത്താല്‍ ജനിച്ച കുഞ്ഞാണ്. അതിനാല്‍, രാജകുമാരനെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് ശിവകോപമുണ്ടാകുമെന്നാണ് ആ കഥ.
നോവലിന്റെ അവസാന ഭാഗത്ത്, ഒരു പിടി വിത്തുകള്‍ മണ്ണിലേക്കിട്ടുകൊണ്ട് ജൈമിനി പറയുന്നു:' ആത്രേയകമുണ്ടാവട്ടെ'
വിവേചനങ്ങളൊന്നുമില്ലാതെ, മനുഷ്യരെ സ്‌നേഹിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്ന ആത്രേയകം ഓരോ വായനക്കാരന്റെയും മനസ്സില്‍ മുളക്കാനുള്ള വിത്താകട്ടെ ഈ കൃതി.
Content Highlights: Arjun JL novel review Athreyakam written by R rajasree
Published: 18 Aug 2025, 07:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented