
ഭരണകൂടവും പോലീസും രഹസ്യാന്വേഷണ സംവിധാനങ്ങളും ഒരു ഫാസിസ്റ്റു ഭരണകൂടത്തിനു കീഴില്‍ വെറും ക്വട്ടേഷന്‍ സംഘങ്ങള്‍ മാത്രമാവുന്നതിന്റെ ഉള്ളുലയ്ക്കുന്ന കഥയാണ് ഹരിത സാവിത്രിയുടെ രണ്ടാമത്തെ നോവല്‍ കുര്‍ബാന്‍. രാജ്യത്ത് ന്യൂനപക്ഷമായി എന്നതിന്റെ പേരില്‍ മാത്രം ഒരു കൂട്ടം മനുഷ്യര്‍ ദിനേന അനുഭവിച്ചു തീര്‍ക്കുന്ന നിറംകെട്ട ജീവിതമാണ് നോവലിന്റെ പ്രമേയം. നിസ്സഹായരും ഏറെക്കുറെ നിരാശ്രയരുമായ ഒരു ജനത കടന്നുപോകുന്ന അതിരുകളില്ലാത്ത പീഡനാനുഭവങ്ങളെ നിസ്സഹായതയോടെ പറഞ്ഞു വെക്കാതെ, ചരിത്രത്തേയും വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളേയും, സാമൂഹിക പ്രതിബദ്ധതയോടെ നോക്കിക്കണ്ട് മനുഷ്യ മനഃസാക്ഷിയോട് സംവദിക്കുകയാണ് കുര്‍ബാനില്‍ എഴുത്തുകാരി.
തുര്‍ക്കിയിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും വലിയ പട്ടണമായ ഇസ്താംബൂളിലേക്ക് ജീവിതം പറിച്ചുനടുമ്പോള്‍ കുര്‍ദു വംശജനായ ദമീറിന് തന്റെ മകന് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതേ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ. പട്ടണത്തില്‍ വാടകക്കെടുത്ത ഒരു ടാക്സിയുടെ ഡ്രൈവറായി ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിനിടയിലാണ് ഒരുനാള്‍ പൊടുന്നനെ അവരുടെ ജീവിതത്തിലേക്ക് ദുരന്തങ്ങളുടെ പെരുംകോടകള്‍ പെയ്തിറങ്ങാന്‍ തുടങ്ങുന്നത്. തന്റെ കാമിനിയായ ദാരിയയ്ക്കു വേണ്ടി ഒരു മാളില്‍ ജിയാന്‍ കാപ്പി വാങ്ങാന്‍ പോയ നേരത്തായിരുന്നു അവിടെ ഒരു ബോംബ് സ്ഫോടനമുണ്ടാകുന്നത്. സംശയത്തിന്റെ പേരില്‍ പോലിസ് ജിയാനെ അറസ്റ്റു ചെയ്യുന്നതോടെ, ശാന്തമായി ഒഴുകിയ ദമീറിന്റെ കുടുംബ ജീവിതത്തിലേക്ക് ദുരന്തങ്ങള്‍ പാഞ്ഞു വരാന്‍ തുടങ്ങുകയായി. ജിയാനില്‍ പോലീസ് രാജ്യദ്രോഹക്കുറ്റം ആരോപിക്കുകയും കൊടിയ മര്‍ദ്ദനങ്ങള്‍ക്കു ശേഷം ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുകയും ചെയ്യുന്നു. മകനെ അന്വേഷിച്ച് പോലിസ് സ്റ്റേഷനിലെത്തിയ ദമീറിനെ ഭരണകൂട ചട്ടുകമായ പോലീസ് സമര്‍ത്ഥമായി ഉപയോഗിക്കുകയും, മുപ്പത്തിയഞ്ച് വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഹെമിന്‍ മുഹമ്മദ് എന്ന കുര്‍ദു പോരാളിക്കെതിരെ കള്ളസാക്ഷി പറയാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നു. അരുകുവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യര്‍ക്കു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന അനേകം മനുഷ്യരുടെ വിധി നിര്‍ണയിച്ചു കളഞ്ഞേക്കാവുന്ന ദമീറിന്റെ കള്ളസാക്ഷ്യം അദ്ദേഹത്തിന്റെ കുടുംബത്തിലും സൗഹൃദവൃന്തത്തിലും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്നു.
തുര്‍ക്കിയില്‍ ന്യൂനപക്ഷമാണെങ്കിലും കുര്‍ദുകള്‍ ജനസംഖ്യയില്‍ ഏറെയുണ്ടവിടെ. അവരുടെ ചരിത്രത്തിലേക്കോ, അതിന്റെ രാഷ്ട്രീയ ഭൂമികയെക്കുറിച്ചോ നോവല്‍ ചര്‍ച്ച ചെയ്യുന്നില്ല. മര്‍ദ്ദക ഭരണകൂടത്തിന്റെ ഭാഷയും രീതിയും ലോകത്തെല്ലായിടത്തും ഒരു പോലെയാണ്. അതിന് ദേശാതിര്‍ത്തികളോ ഭാഷാ ഭിന്നതകളോ ഇല്ല. അടിച്ചമര്‍ത്തപ്പെടുന്നവന് വേണ്ടിയുള്ള ഏത് ശബ്ദവും രാജ്യദ്രോഹമായി കാണുന്നത് ലോകത്തുള്ള ഏത് ഭരണകൂടത്തിന്റേയും നടപ്പു രീതിയാണ്. ചേരികളില്‍ വൃത്തികെട്ട ജീവിതസാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വരുന്ന ഒരു ജനസമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചുകൊണ്ടിരുന്നു എന്നതായിരുന്നു ഹെമിനുമേല്‍ ആരോപിക്കപ്പെട്ട കുറ്റം. മര്‍ദ്ദക ഭരണകൂടത്തിനു മുന്നില്‍ മുഷ്ടിചുരുട്ടുന്ന ചെറുസംഘങ്ങളെ ആവേശപ്പെടുത്തുന്ന ഹെമിന്‍ മുഹമ്മദ് അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഒരു കേസ് എന്ന നിലയില്‍ ഹെമിനെതിരെയുള്ള ആരോപണം തെളിയിക്കുന്നതിന് ഒരു 'ദൃക്'സാക്ഷിയെയായിരുന്നു പോലീസിന് വേണ്ടിയിരുന്നത്. മകന്‍ നീണ്ട കാലം അഴിക്കുള്ളിലാകുമെന്ന് ഭയപ്പെട്ട ദമീറിനെ സമര്‍ത്ഥമായി ഉപയോഗിച്ച പോലീസ് ഹെമിനെതിരെയുളള ഭരണകൂട കള്ളത്തെളിവായി അയാളെ കണ്ടെത്തുന്നു.
കുര്‍ദുകള്‍ തുര്‍ക്കിയില്‍ ന്യൂനപക്ഷമാണ്. ഒരുതരത്തിലുള്ള മനുഷ്യാവകാശവും ഭരണകൂടം അവര്‍ക്കനുവദിച്ചു കൊടുത്തില്ല. ജനിച്ച മണ്ണും വളര്‍ന്ന ചുറ്റുപാടുകളും ഓരോനാള്‍ കഴിയുന്തോറും അവര്‍ക്കന്യമായിപ്പോവുകയാണ്. വലിയ വലിയ സ്വപ്നങ്ങള്‍ കാണാന്‍ ഒരു കുര്‍ദിനും അവകാശമില്ല. രാജ്യദ്രോഹക്കുറ്റമെന്ന മൂര്‍ച്ചയുള്ള ഒരു വാള്‍ അവരുടെ തലയ്ക്കു മുകളില്‍ എപ്പോഴും തൂങ്ങിക്കൊണ്ടിരുന്നു. ഏതുനിമിഷവും തങ്ങള്‍ ക്രൂശിക്കപ്പെടും എന്ന ബോധം ഓരോ കുര്‍ദിലും അള്ളിപ്പിടിച്ച വികാരമാണ്. പിറന്നനാട്ടില്‍ രണ്ടാം തരം പൗരന്‍മാരായി ജീവിക്കേണ്ടി വരുന്ന കുറേയധികം മനുഷ്യര്‍ അനുഭവിക്കേണ്ടി വരുന്ന കടുത്ത അസമത്വത്തിനെതിരെ ഉയര്‍ന്നു വരുന്ന ഒറ്റപ്പെട്ട ശബ്ദത്തെ രാജ്യത്തെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനമായി ഭരണകൂടം വിലയിരുത്തിക്കൊണ്ടിരുന്നു.
ഫാസിസത്തിനും വംശീയവാദത്തിനും നിയമപരമായ സാധുത കണ്ടെത്താനുള്ള അതികൃതരുടെ ശ്രമം പാഴായിപ്പോകുന്നേയില്ല. 'ദൃക്' സാക്ഷികളെ ഹാജരാക്കി അവരെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള കുല്‍സിത ശ്രമം ഒരു നടപ്പു രീതിയായി. കോടതിയും ലോക്കപ്പും വ്യവഹാരങ്ങളുമായി നാളുകള്‍ എണ്ണിത്തീര്‍ക്കേണ്ടി വരുന്ന പരശ്ശതം ഹതഭാഗ്യരുടെ കരളലിയിപ്പിക്കുന്ന ചിത്രമാണ് നോവലിന്റെ നിരവധി പേജുകളില്‍ ചോര പൊടിയുന്നത്. അപ്പോള്‍ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ചെറുത്തുനില്‍പ്പ് എത്ര ദുര്‍ബലമായിപ്പോകുന്നുഎന്ന് സങ്കടത്തോടെ വായനക്കാരനറിയുന്നു.
ഫാസിസത്തിനും വംശീയവാദത്തിനും നിയമസാധുതയുണ്ടാക്കാന്‍ ഒരു പറ്റം നിയമപാലകര്‍ കിണഞ്ഞു ശ്രമിക്കുന്നത് പുതിയലോകത്തെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. വര്‍ത്തമാനകാലത്തെ നൈതിക മൂല്യങ്ങളെക്കുറിച്ചും മനുഷ്യാന്തസ്സ് നിരന്തരം ചവിട്ടിയരക്കപ്പെടുന്ന ലോകത്തെക്കുറിച്ചും വായനക്കാരനോട് സംവദിക്കുന്നു, ജനാധിപത്യത്തിന്റെ മേലൊപ്പില്‍ എപ്പോഴും കടന്നുവരാന്‍ കഴിയുന്ന വംശീയവാദത്തെക്കുറിച്ച് വാചാലമാവുന്നു. ഹിറ്റ്ലറും മുസ്സോളിനിയും പോള്‍ പോട്ടും പുതിയ ജന്മങ്ങളെടുത്തിരിക്കുന്നു എന്ന് നാം വിശ്വസിച്ചു പോകുന്നു.
പോലീസും ഭരണകൂടവും ന്യൂനപക്ഷ പീഡനങ്ങളുടെ വക്താക്കളാണ്. ഇഷ്ടമില്ലാത്തവരെയൊക്കെ ഇല്ലാതാക്കാന്‍ എന്നും അവര്‍ക്ക് എളുപ്പമാണ്. ഭീഷണിപ്പെടുത്തിയോ, പ്രലോഭിപ്പിച്ചോ കള്ളസാക്ഷികളെ തപ്പിയെടുക്കാന്‍ അവര്‍ക്ക് എളുപ്പം സാധിക്കുന്നു. ഹിശാമും ദുമാനും ഭരണകൂട വര്‍ഗ്ഗത്തിനു വേണ്ടി കള്ളക്കഥകള്‍ മെനയുന്ന പോലീസ് ഉദ്യോഗസ്ഥരാണ്. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന ഇവരാണ് ഓരോ പോരാളിക്കുമെതിരെ ദൃക്സാക്ഷികളെ ഹാജരാക്കുന്നത്. നിര്‍മ്മിച്ചെടുക്കുന്ന 'ശക്തമായ' തെളിവിന്റെ ബലത്തില്‍ കുറ്റവാളികള്‍ക്ക് പത്തും മുപ്പതും വര്‍ഷത്തെ തടവുശിക്ഷ നേടിക്കൊടുക്കാന്‍ മിടുക്കരാണവര്‍. ഒരു ഫാസിസ്റ്റ് ഭരണകൂടത്തില്‍ നിയമവും നിയമ സംവിധാനവും എത്ര എളുപ്പത്തിലും വേഗത്തിലുമാണ് ഒരു വിഭാഗത്തിന്റെ നിലനില്‍പ്പിന് തടസ്സമായി വരുന്നതെന്ന് നോവല്‍ ഭംഗിയായി വരച്ചു കാട്ടിത്തരുന്നുണ്ട്. അവിടെ നീതിക്കു വേണ്ടി മുന്നിട്ടിറങ്ങുന്ന അഭിഭാഷര്‍ പോലും പല തരത്തിലുള്ള പീഡനത്തിരയാവുന്നു. കൊടും ക്രൂരതകള്‍ക്കെതിരെ പൊരുതിയ അഭിഭാഷകരായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ദെരിയയും അലിയും മനുഷ്യ ശരീരത്തിന് താങ്ങാനാവാത്ത കൊടുംയാതനകള്‍ സഹിച്ചുകൊണ്ട് നിരാഹാരം തുടങ്ങുന്നതും ആത്മ ബലിയര്‍പ്പിക്കുന്നതും അപരന്റെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു. പോലീസ് സ്റ്റേഷനില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യത്വമില്ലാത്ത ക്രൂരതകള്‍ വെറും കെട്ടു കഥകളല്ലെന്നും വര്‍ത്തമനകാലത്തെ തുര്‍ക്കി ഭരണത്തില്‍ സമാന സംഭവങ്ങള്‍ അരങ്ങേറിയതായും എഴുത്തുകാരിയുടെതന്നെ കുറിപ്പുകള്‍ പുസ്തകത്തില്‍ പലയിടങ്ങളിലായി കാണുന്നുണ്ട്.
സത്യസന്ധവും നീതിപൂര്‍വ്വവുമായ വിചാരണയ്ക്കു വേണ്ടി ടര്‍ക്കിഷ് ജയിലിനുള്ളില്‍ നടത്തിയ അനിശ്ചിതകാല നിരാഹാരത്തിനൊടുവില്‍ ജീവന്‍ വെടിഞ്ഞ അഭിഭാഷക എബ്രു തിം തക്കിനാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. നോവലിന്റെ പരിസരം തുര്‍ക്കിയിലെ ഇസ്താംബൂളാണ്. കഥയുടെ ഓരോ അധ്യായത്തിനും തുര്‍ക്കി ഭാഷയില്‍ത്തന്നെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. വര്‍ത്തമാനകാല തുര്‍ക്കിയിലെ പല സംഭവങ്ങളേയും നോവലില്‍ ചിലേടത്ത് എടുത്തുദ്ധരിച്ചതായി കഥാകാരി തന്നെ സമ്മതിക്കുന്നുമുണ്ട്. സമത്വം നിഷേധിക്കപ്പെട്ടവരെ അതിരുകളില്ലാത്ത കരുതലോടെ ഹൃദയപക്ഷത്ത് ചേര്‍ത്തു നിര്‍ത്തുന്ന എഴുത്തുകാരി, മനുഷ്യനെ തട്ടുകളാക്കുന്ന നവീന പ്രത്യയശാസ്ത്രത്തോടുള്ള തന്റെ ഒടുങ്ങാത്ത കലിപ്പ് വെളിപ്പെടുത്തുന്നു. നീതി വിചാരത്തിന്റെ പരിവേഷത്തില്‍ രാജ്യത്ത് അരങ്ങേറുന്ന അനീതിയുടെ കുത്തൊഴുക്കിനെതിരെയുള്ള ശക്തമായ ഒരു പ്രതിരോധമായി കുര്‍ബാന്‍ മാറുന്നു.
കുര്‍ബാന്‍ എന്നാല്‍ ബലിയാണ്. ജീവിക്കാനുള്ള അവകാശങ്ങള്‍ക്കു വേണ്ടി ആത്മബലി നടത്തുന്ന ഒട്ടേറെ മനുഷ്യസ്നേഹികള്‍ കുര്‍ബാനില്‍ നിറഞ്ഞു നില്‍ക്കുന്നു. കുര്‍ബാനില്‍ ഹരിത സാവിത്രി അന്വേഷിക്കുന്നത് മനുഷ്യാന്തസ്സിന്റെ തകര്‍ച്ചയാണ് എന്ന് കവിയും എഴുത്തുകാരനുമായ പി.എന്‍.ഗോപീക്ഷ്ണന്‍ നിരീക്ഷിക്കുന്നുണ്ട്. ആ തകര്‍ച്ച ഒരു വിലാപത്തിലൂടെയോ നെടുവീര്‍പ്പിലൂടെയോ വായുവില്‍ അലിയിച്ചു കളയുവാന്‍ എഴുത്തുകാരി ഒരുക്കവുമല്ല.
Content Highlights: qurban novel review majeed thettath haritha savithri
Published: 11 Jun 2025, 07:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented