
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ബിപിൻ ചന്ദ്രന്റെ ‘പുസ്തകോവ്‌സ്‌കി’ എന്ന പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം.
‘There is more treasure in books than in all the pirate's loot on Treasure Island'
-Walt Dinsey
വായനക്കാരാവുക എന്നത് നിസ്സാരമായ ഒരു പദവിയല്ല. എഴുത്തുകാരനോടൊപ്പം തന്നെ, ചിലപ്പോഴെങ്കിലും അതിലുമധികമായി ബൗദ്ധികവ്യായാമം ആവശ്യമായി വരുന്ന വ്യക്തിയാണ് വായനക്കാരൻ. വായനക്കാരെക്കുറിച്ച് ആധികാരികമായി പറഞ്ഞുവെച്ച എഴുത്തുകാരിലൊരാളാണ് മലയാളത്തിന്റെ മഹാസാഹിത്യകാരനായ എം.ടി. 'ജീവിതത്തെ നിലനിർത്തുന്ന ഒന്നാണ് വായന' എന്ന് 'വായനക്കാരനായ എം.ടി.' എന്ന കൃതിയിൽ രേഖപ്പെടുത്തപ്പെടുന്നുമുണ്ട്. വായന പലർക്കും പലതാണല്ലോ. പുസ്തകങ്ങളെ സ്‌നേഹിക്കുകയും അവ ശേഖരിക്കുകയും ചെയ്യുന്ന ഒരു മലയാള അധ്യാപകൻ സർവ്വോപരി നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥയെഴുതിയ ബിപിൻ ചന്ദ്രൻ പുസ്തകങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഒരാളാണ്. മാതൃഭൂമി പോഡ്കാസ്റ്റിന് വേണ്ടി അദ്ദേഹം ചെയ്ത പുസ്തകോവ്‌സ്‌കി എന്ന പരമ്പര അതേ പേരിൽ തന്നെ മാതൃഭൂമി പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നു.
'ഇതിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം മാത്രമാണ്' എന്ന മുൻകൂർ ജാമ്യത്തോടെ 10 ലേഖനങ്ങളിലൂടെ ചില പുസ്തകങ്ങളെ അദ്ദേഹം പരിചയപ്പെടുത്തുന്നു. വെറുമൊരു പുസ്തകാവതരണത്തിൽ നിന്ന് വ്യത്യസ്തമായി ആ പുസ്തകം തന്നിലേക്കെത്തിയ വഴികളും അത് തന്റെ വ്യക്തിജീവിതത്തെ സ്വാധീനിച്ചതെങ്ങനെയെന്നും സരസമായി ഈ ലേഖനങ്ങളിൽ പ്രതിപാദിക്കപ്പെടുന്നു. മദ്യഭുക്കും മനുഷ്യന്റെ ബുക്കും എന്ന ആദ്യ ലേഖനം ജോസഫ് റോത്ത് എഴുതിയ The legend of a Holy Drinker എന്ന കൃതിയിൽ തുടങ്ങി അതിന്റെ തർജ്ജമയും സാഹിത്യവാരഫലവും പാവാട തിരക്കഥയും കഴിഞ്ഞ് മുഹമ്മദ് അബ്ബാസിന്റെ രചനകളിലേക്ക് വരെ ഒഴുകിയെത്തുകയാണ്. വിശപ്പും പ്രണയവും ഉന്മാദവുമെല്ലാം സാർവജനീനമായ മനുഷ്യാവസ്ഥകളായി നമ്മിലേക്ക് ഒഴുകിയെത്തും. 'മനുഷ്യരായ നമ്മളിൽ മനുഷ്യത്വം നിറയ്ക്കുന്ന പുസ്തകങ്ങളുടെ അനുഭവങ്ങളുമായി നമ്മളിനിയും കൂട്ടിമുട്ടും. 'എന്ന വാചകത്തിന്റെ പ്രതീക്ഷയിലാണ് ലേഖനം അവസാനിക്കുന്നത്.
കുളിസീനും കുലപതിയും എന്ന ലേഖനം കുട്ടിയായ ബിപിൻ ചന്ദ്രനിൽ തുടങ്ങി ഏകാന്തതയുടെ നൂറുവർഷങ്ങളിലും, ഹെമിങ് വേ- ഒരു മുഖവുരയിലും, വായനക്കാരനായ എംടിയിലും, കറങ്ങി നിൽക്കുന്നു. ചിരിയുടെ, വരയുടെ ഗോഡ് ഫാദർ എന്ന ലേഖനം ഗോഡ് ഫാദർ സിനിമയിലെ സംഭാഷണത്തിൽ തുടങ്ങി മാരിയോ പുസോ എഴുതിയ ഗോഡ് ഫാദർ നോവലിന്റെ മലയാള പരിഭാഷകൻ ജോർജ് പുല്ലാട്ട് സാറിലും എത്തുന്നുണ്ട്.
തുടർന്ന് ഐതിഹ്യമാലയിലേക്കും എൻ.എൻ. പിള്ളയുടെ നാടക ദർപ്പണത്തിലേക്കും അവിടെ നിന്നും ഒട്ടും പ്രതീക്ഷിക്കാതെ ബോബനും മോളിയും സമാഹാരത്തിലേക്കും ഓടികളിക്കുന്നു. സ്വന്തം വിവാഹദിനത്തിലെ അത്യപൂർവ്വ അനുഭവങ്ങളിലേക്കത് കോർത്തുവെക്കാനും അദ്ദേഹം മറക്കുന്നില്ല. ഒരൊന്നൊന്നര മുതൽ എന്ന ലേഖനത്തിൽ മഹാകവി പി.യുടെയും ഡി. വിനയചന്ദ്രന്റെയും കസൻദ സക്കീസിന്റെയും കടലുകൾ താണ്ടി ആ വായന കിങ്ങ് ജോൺസിലേക്കും രാംമോഹൻ പാലിയത്തിലേക്കും മനു എസ്. പിള്ളയിലേക്കും വിനോയ് തോമസിലേക്കും പരക്കുന്നുമുണ്ട്.
സിനിമയും പുസ്തകവും കാഴ്ചയുടെ അനുഭവങ്ങളായി മാറുന്ന ഒരു പ്രതീതിയാണ് വായനക്കാർക്ക് ഈ പുസ്തകം സമ്മാനിക്കുന്നത് ടൈറ്റാനിക് സിനിമയും സൂര്യശിലയും, മോബിഡിക്കും കപ്പലോട്ടിയ കഥകളിലെ ഉള്ളടക്കമാകുമ്പോൾ, എഴുത്തിലെ രാജമാണിക്യങ്ങൾ എന്ന ലേഖനത്തിൽ ട്രഷർ ഐലൻഡും പെഡ്രോ പരാമയും മഷിമുനയിലെ ബ്ലാക്ക് ഹോളും കഥ പറയുന്നു. എഴുത്തുകാരന്റെ തന്നെ പ്രയോഗം കടമെടുത്താൽ ഭാഷയുടെ പാലത്തിലൂടെ നാം അങ്ങോട്ടും മിങ്ങോട്ടും സഞ്ചരിക്കുന്ന അനുഭവം തന്നെയാണ് തിരശ്ശീലയിലും വെള്ളിത്തിരയിലും കുടുങ്ങിപ്പോയ വായനക്കാരെ സാറ ടീച്ചറുടെ കറയിലെത്തിക്കുന്നത്. അവിടെയും നിൽക്കാതെ അരുന്ധതിറോയ്, ചെഗുവേര, ദാരിയോ ഫോ, റോബർട്ട് എം. പിർസിഗ് എന്നിവരെ കടന്ന് നന്ദിനി മേനോന്റെ ആംചൊ ബസ്തറിലെത്തു. കൊച്ചുപുസ്തകം എന്ന ലേഖനം അശ്ലീലസാഹിത്യത്തിന്റെ രഹസ്യവും സൂത്രവും പറഞ്ഞ് കാമസൂത്രത്തിലേക്കും രതിസാമ്രാജ്യത്തിലേക്കും സ്‌ത്രൈണകാമസൂത്രത്തിലേക്കും സെക്‌സിലേക്കും പരക്കുന്നുണ്ട്. ജോൺ എബ്രഹാമും, മോട്ടോർസൈക്കിൾ ഡയറീസും ഇതരവാഴ്‌വുകളുമായി വേറിട്ട ഒരു അധ്യായമാണ് ജോണും ശ്രീരാമനും'.
ഒരു അശ്വമേധയാഗത്തിലെ ആകാശത്തെ പോലെ ആർക്കും പിടിച്ചു കെട്ടാനാവാതെ പായുന്ന കുതിരയാണ് ബിപിൻചന്ദ്രന്റെ വായനയും 'ഒരു പുസ്തകത്തിന്റെ വായന കേവലം ചില താളുകളിലെ അക്ഷരങ്ങളിലേക്കുള്ള എത്തിനോട്ടം മാത്രമല്ല, അത് തന്നിൽ നിന്നും മറ്റൊരാളിലേക്കും മറ്റനേകം പേരിലേക്കുമുള്ള യാത്രയാണ്. വായനയും എഴുത്തും ചലച്ചിത്രവും സൗഹൃദവും ലഹരിയായൊരാളുടെ വായന പുഴകളും മലകളും താണ്ടി മറുകരകളിലെത്തുന്നതും അവിടങ്ങളിലെ ജീവിതവുമായി നമ്മുടെ വായനയെ കൂട്ടിക്കെട്ടുന്നതും രസമുള്ള അനുഭവമാണ്.
Content Highlights: Explore Bipin Chandran`s `Pusthakovsky` – a journey through books, cinema, and life. Discover how literature shapes our world.
Published: 14 Feb 2026, 03:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented