
പ്രതീകാത്മക ചിത്രം, പുസ്തകത്തിന്റെ കവര്‍ പേജ് | ചിത്രീകരണം: ദേവപ്രകാശ്
പി.വി. ഷാജികുമാര്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മരണവംശം’ എന്ന നോവലിനെക്കുറിച്ചുള്ള ലേഖനം വായിക്കാം.
ഉപജാപകഥകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഒരു നാടിന്റെ സംസ്‌കൃതിയെ നിര്‍ണയിക്കുന്നതില്‍ അവിടത്തെ ദേശചരിത്രത്തെക്കാള്‍ അഭേദ്യമായ ബന്ധമുണ്ടെന്നതിന്റെ അനിഷേധ്യമായ അറിവായിരിക്കാം പി.വി. ഷാജികുമാറിന്റെ 'മരണവംശം' എന്ന നോവലിന്റെ എഴുത്ത്.
പാരമ്പര്യമായി തുടര്‍ന്നുപോരുന്ന പകയും വിദ്വേഷവും ഏര്‍ക്കാനയിലെ മനുഷ്യര്‍ ഒരു പിന്‍തുടര്‍ച്ചാവകാശംപോലെ കൊണ്ടുനടക്കുന്നതും ഇതായിരിക്കാം. പതിവു നോവലിന്റെ ഘടനയില്‍നിന്ന് വ്യത്യസ്തമായി ഓരോ അധ്യായത്തേയും ഓരോ നിറമായി അടയാളപ്പെടുത്തുമ്പോള്‍ 'ചനിയറു'കളുടെ മുഖത്തെഴുത്തുപോലെ മനുഷ്യമനസ്സുകളുടെ വിവര്‍ണങ്ങളായ വികാരങ്ങളുടെ ഉറഞ്ഞുപറയലാവുന്നു. ഓരോ വായനക്കാരന്റേയും ആത്മബോധത്തിന്റെ ഉണര്‍ത്തുപാട്ടാവുന്നു. പകയും വിദ്വേഷവും ഏതില്‍നിന്ന് എന്തിലേക്കെന്ന് തിട്ടപ്പെടുത്തുവാന്‍ ഏര്‍ക്കാനയിലെ മനുഷ്യര്‍ക്ക് കൃത്യമായ കാര്യങ്ങളും കാരണങ്ങളുമുണ്ടായിരുന്നു.
തങ്കം + പൊന്നു =കള്ളന്‍ കോമന്‍ എന്ന നിലയിലായിരിക്കാം അതിന്റെ തുടക്കമെന്ന് അവര്‍ വിശ്വസിച്ചു. എല്ലാവരേയും അസ്വസ്ഥരാക്കുന്ന ഇത്തരം തുടര്‍ച്ചകളില്‍ പുരുഷന്മാര്‍ വ്യാപൃതരാവുമ്പോള്‍ തടസ്സപ്പെട്ടുപോവുന്ന അവരുടെ കുടുംബത്തിന് ഒഴുക്കാവുന്നത് പലപ്പോഴും സ്ത്രീകളാണ്. തനിക്ക് ഏറ്റം വഴങ്ങുന്ന അമ്മിക്കല്ലും ആട്ടുകല്ലും കൊത്തി കുലത്തൊഴില്‍ ചെയ്ത് കുടുംബം പോറ്റേണ്ട കൊരമ്പ, കൈവഴക്കം കുറഞ്ഞ ദൈവവിഗ്രഹം കൊത്തി നിര്‍വൃതി അടയാന്‍ കൊതിക്കുമ്പോള്‍, പ്രശ്‌നക്കാരും പ്രതിഷ്ഠക്കാരും പൂര്‍ണതയില്ലെന്ന് ആരോപിച്ച് അയാള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ച
ദൈവങ്ങളെപ്പോലെ അയാളുടെ കുടുംബത്തിലുള്ളവരും നിരാലംബരാകുന്നു. അതിലൊരു ഗണപതിവിഗ്രഹമെടുത്ത് അയാളുടെ ഭാര്യ 'നിങ്ങളുടേയും മോന്റേയും തലയ്ക്കിട്ട് ഞാനെറിയും' എന്ന് ഓങ്ങിക്കൊണ്ട് പറയുമ്പോള്‍ ഉത്തരവാദിത്വബോധമില്ലാത്ത പുരുഷനു നേരേയുള്ള, വിശക്കുന്ന കുട്ടിയുള്ള ഒരമ്മയുടെ സഹനത്തിന്റെ പരിധികടന്ന ആക്രോശമാണ്. ഇത്തരം പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളുണ്ടിതില്‍. എങ്കിലും തോറ്റുകൊടുക്കാന്‍ ഇവര്‍ക്ക് മനസ്സില്ലതന്നെ.
കോഴിപ്പോരുകാരനായ ഭര്‍ത്താവിന്റെ മരണശേഷം സാധാരണയായി പുരുഷന്മാര്‍ മാത്രം കൊണ്ടുനടന്നിരുന്ന ആ തൊഴിലിലേക്ക് ജീവിതം തിരിച്ചുപിടിക്കാന്‍ പോരുകോഴിയേയുംകൊണ്ടിറങ്ങുന്ന കുഞ്ഞമ്മാര്‍, അവരുടെ മരുമകള്‍ മാധവി, ഏതു പ്രതിസന്ധിയിലും ഏര്‍ക്കാനയിലെ സ്ത്രീകള്‍ പാരസ്പര്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരന്തരീക്ഷം തീര്‍ക്കുന്നു. മാധവിയുടെ അവിഹിതബന്ധം കണ്ടുപിടിക്കുന്ന കുഞ്ഞമ്മാര്‍, അവളെ കുറ്റപ്പെടുത്തുകയോ വെറുക്കുകയോ ചെയ്യുന്നില്ല. തന്റെ മകന് അവളെ സ്‌നേഹിക്കാന്‍ അറിയില്ലെന്ന് അവര്‍ക്കറിയാം. 'ഇഷ്ടങ്ങളുടെ ശരിയും തെറ്റും നിര്‍ണയിക്കാന്‍ നമ്മള്‍ ആരുമല്ല മാധവീ, പിന്നെ ഇതില് ശരിയും തെറ്റും എന്നൊന്നില്ല' എന്നവര്‍ അവളെ സമാധാനിപ്പിക്കുന്നുമുണ്ട്. സ്‌നേഹരാഹിത്യത്തില്‍ പുലര്‍ന്നുപോരുന്ന ഒരുവളോടുള്ള അനുകമ്പയാണിത്. ഇങ്ങനെ പരസ്പരം താങ്ങും തണലുമായും, റാക്ക് വാറ്റിയും കുടിച്ചും പങ്കിട്ടും ഇഷ്ടമുള്ള പുരുഷന്മാരോടൊത്ത് ഭോഗിച്ചും ഏര്‍ക്കാനയിലെ സ്ത്രീകള്‍ അവരുടെ പരിധികള്‍ക്കും പരിമിതികള്‍ക്കും ഉള്ളില്‍നിന്നുകൊണ്ടുതന്നെ ജീവിതവും സ്വാതന്ത്ര്യവും ആഘോഷിച്ചു. കാരണം, അവരുടെ പാഠങ്ങള്‍ അതിജീവനത്തിന്റെയും, പാതകള്‍ കഠിനവുമായിരുന്നു. അതുകൊണ്ടുതന്നെ പുരുഷന്മാര്‍ ദുരിതപൂര്‍ണമാക്കിയ വീടുകളില്‍ പരാജിതരായി ജീവിതം കഴിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.
കൈവിട്ടുപോയ കാമുകനായ ഭാസ്‌കരനെ ദുഷ്ടനായ ഭര്‍ത്താവില്‍ അപനിര്‍മിക്കാന്‍ ശ്രമിച്ച നളിനി; പണ്ടെന്നോ നഷ്ടപ്പെട്ടുപോയ പ്രണയത്തെ അവള്‍ ഭര്‍ത്താവില്‍ പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അയാള്‍ അസ്വസ്ഥനും അവിവേകിയുമായി. അവള്‍ അയാളെ പ്രണയിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അയാളവളെ ആഞ്ഞുതൊഴിച്ചുകൊണ്ടിരുന്നു. അപ്പോഴും അവളയാളെ നോക്കി ചിരിച്ചുകൊണ്ടേയിരുന്നു. സ്‌നേഹം നിലച്ചുപോയ, പ്രണയം നരച്ചുപോയ ഇടങ്ങളിലൊക്കെയും ഒരു സ്വയംപ്രതിരോധമെന്നവണ്ണം ഓരോ മനുഷ്യനും ജീവിതം തീര്‍ക്കുന്നത് ഏറക്കുറേ ഇങ്ങനെയൊക്കെത്തന്നെ. പ്രണയ സ്‌നേഹ നിരാസങ്ങളും, പകയും പ്രതികാരങ്ങളും കൊലപാതകങ്ങളും ഏര്‍ക്കാനയിലെ മനുഷ്യരെ സമാധാനപൂര്‍ണമായ ജീവസന്ധാരണത്തിന് ഉതകുംവിധമല്ലാത്ത ഒരന്തരീക്ഷത്തിലേക്ക് മാറ്റിക്കൊണ്ടിരുന്നു.
എവിടത്തെയും എന്നത്തെയും പോലെ ഏര്‍ക്കാനയിലെ കൊലപാതകങ്ങളും രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റെടുത്തു. കുടിപ്പകകളില്‍പ്പെട്ട് പുരുഷന്മാര്‍ അസ്വസ്ഥമാക്കിയ കുടുംബങ്ങളിലെ ജാനകിയെപ്പോലെ, മക്കള്‍ മരിച്ച അമ്മമാര്‍ അവര്‍ക്ക് രാഷ്ട്രീയക്കരുക്കളായി. അവരുടെ മരണപ്പെട്ട മക്കള്‍ ഓരോ പാര്‍ട്ടിയുടെയും രക്തസാക്ഷികളായി. കോമന്‍ നായരെപ്പോലെ സ്വാര്‍ഥരും കുബുദ്ധികളുമായ നേതാക്കള്‍ ഓരോ പാര്‍ട്ടിയുടെയും നേതൃത്വവാഹികളുമായി. കൊലപാതകക്കുറ്റത്തിന്, രാഷ്ട്രീയ പാര്‍ട്ടികളുടെ പതാകാവാഹകരുടെ സംരക്ഷണയാല്‍ വെറുതേ വിട്ട ഭാസ്‌കരനോട് ജഡ്ജി സത്യനാരായണ പറയുന്നുണ്ട്, 'വിധി നേരല്ലെങ്കില്‍ നേര്‍വിധി തിരിച്ചുവരും' എന്ന്. നിലവിലെ കറപുരണ്ട നിയമവ്യവസ്ഥിതയോടുള്ള പ്രതിഷേധമാണിത്; ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അനുഭവിക്കുകതന്നെ ചെയ്യും എന്ന ഒര്‍മപ്പെടുത്തലാണ്. പ്രകൃതി അറിയാതെ എഴുത്തിന്റെ ഒരിലപോലും അനക്കിയിട്ടില്ലിതില്‍. പ്രകൃതിയിലെ സര്‍വചരാചരങ്ങളും മനുഷ്യന്റെ ചെയ്തികള്‍ക്കെല്ലാം ദൃക്‌സാക്ഷികളാണെന്ന തിരിച്ചറിവുണ്ട്.
എന്ത് ചെയ്യുമ്പൊഴും 'ചുവരുകള്‍ക്കുപോലും കണ്ണും കാതും ഉണ്ടെ'ന്ന ഒരു പാരമ്പര്യ ജാഗ്രതയിലായിരിക്കാം, 'മരണവംശ'ത്തിന്റെ എഴുത്ത് പുരോഗമിക്കുന്നത്. മരിച്ചൊരാള്‍ അയാളത്തെന്നെ വിചിന്തനം ചെയ്യുന്നു, അറ്റുപോയ കൈ കുടിക്കാന്‍ വെള്ളമെടുക്കാന്‍ ദാഹിക്കുന്നു- ഇതുപോലുള്ള ചിന്തകള്‍ക്കതീതമായുള്ളൊരു ചിന്ത 'മരണവംശ'ത്തിലെവിടെയും കാണാം. എഴുത്തിന്റെ ഒരു അനുനയമുണ്ടിതില്‍; പ്രകൃതിയുമായൊരു ലയവും സമരസപ്പെടലുമുണ്ട്, മനസ്സും പ്രവൃത്തിയും പ്രകൃതിയുമായൊരു വടംവലിയുമുണ്ട്. പ്രവൃത്തി പ്രതികാരം ചെയ്തതില്‍ നിര്‍വൃതിയടയുമ്പോള്‍ മനസ്സ് കുറ്റബോധത്താല്‍ വികാരാധീനമാവുന്നു. പ്രകൃതിയും ചരാചരങ്ങളും സര്‍വതിനും ദൃക്‌സാക്ഷികളാവുന്നു. ഇത്തരമൊരു അവനവന്‍ കടമ്പ മനുഷ്യരെ സംഘര്‍ഷഭരിതരാക്കുന്നു. കൊന്നവന്റെയും കൊല്ലപ്പെട്ടവന്റെയും ബോധമണ്ഡലത്തിലേക്ക് ഒരു മുഴുപ്രകൃതി നിറയുന്നു.
എന്തു ചെയ്യുമ്പോഴും എന്തിനേയും അറിയണമെന്നും, എന്തു ചെയ്താലും എന്തും അറിയുമെന്നും, എല്ലാ ജീവജാലങ്ങളിലും ഓരോന്നിനും ഉതകുംവണ്ണമുള്ള ചേതനയും ചോദനയും കുടികൊള്ളുന്നുണ്ടെന്നും ധ്യാനത്തിലെന്നവണ്ണം 'മരണവംശ' വായനയിലൊരു തിരിച്ചറിവുണ്ടാകുന്നു.
നമ്മളേതൊന്നിനെയെല്ലാം അറിയുന്നുവോ അവയ്‌ക്കെല്ലാം നമ്മെയും അറിയാമെന്ന ഒരുള്‍ബോധം ഉള്ളിലുണര്‍ത്തുന്നു. തിന്നാനല്ലാതെ കൊല്ലുന്ന മനുഷ്യരും, തിന്നാന്‍ മാത്രം കൊല്ലുന്ന മറ്റു സഹജീവികളും വസിക്കുന്ന ഈ ഭൂമിയില്‍, മനുഷ്യന്റെ പ്രജ്ഞയെ ഉണര്‍ത്താന്‍ 'മരണവംശം' പോലെയുള്ള വായനകള്‍ അത്യാവശ്യം തന്നെ.
Content Highlights: Explore PV Shajikumar`s `Maranavamsam`, a powerful novel from Mathrubhumi Books that delves into the deep-rooted hatred and cultural complexities of a community. Read the insightful review.
Published: 06 Dec 2025, 08:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented