നിങ്ങൾ ക്യാമറയുടെ നിരീക്ഷണത്തിലാണ്. ഇങ്ങനെയൊരു വാചകം നമ്മുടെ ബോധമണ്ഡലത്തിലുറച്ചിട്ട് ഒരുപാട് കാലമായി. ആദ്യകാലത്ത് ഇതൊരു ഭീഷണി പോലെ തോന്നിച്ചിരുന്നുവെങ്കിലും ഇപ്പോഴത് വളരെ സ്വാഭാവികമായി തോന്നുന്നു. കാലം വളരെ മാറി, സാങ്കേതികവിദ്യയും പക്ഷേ ഒരു സ്ത്രീയുടെ യാത്രയുടെ കാലവും ദൂരവും പരിധിയും നിശ്ചയിക്കുന്നത് തീർച്ചയായും അവളല്ലാത്ത കാലത്തു തന്നെയാണ് നമ്മളിപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നത്. ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും വായിച്ചും കേട്ടും പറഞ്ഞുകൊണ്ടുമിരിക്കുന്നത്. ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോഴും ക്യാമറക്കണ്ണുകൾ കൊണ്ട് സ്ത്രീചലനങ്ങളെ പകർത്തുകയും നിയന്ത്രിക്കുകയുമാണ് സമൂഹം ചെയ്യുന്നത്.
ഈ പേരിലൊരു കഥാസമാഹാരം സ്വാഭാവികമായും പല അർത്ഥത്തിൽ നിരീക്ഷിക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ കഥയായിരിക്കുമെന്ന തോന്നലാണുണ്ടാക്കിയത്. പക്ഷേ, ഈ സമാഹാരത്തിലെ 22 കഥകളും സാഹിത്യത്തിൽ നമ്മളധികം പരിചയിക്കാത്ത സ്ത്രീ ജീവിതങ്ങളെക്കുറിച്ചാണ്. അവരിൽ പല പ്രായക്കാരുണ്ടെങ്കിലും സ്വന്തം കാലിൽ നിവർന്നു നിൽക്കുന്ന തല ഉയർത്തിപ്പിടിക്കുന്ന നായികമാരെയാണ് കാണാൻ സാധിക്കുക. സ്നേഹം നിഷേധിക്കപ്പെട്ടവരും സ്നേഹത്താൽ വീർപ്പുമുട്ടുന്നവരും ഈ കഥകളിലുണ്ട്. ഇതിലെ ഒട്ടുമിക്ക കഥകളിലും യാത്രചെയ്യുന്ന സ്ത്രീകളെ കാണാം,
അന്യദേശത്ത് താമസിക്കുന്നവരെ കാണാം, പതിവുകാഴ്ചകളിൽനിന്ന് വ്യത്യസ്തമായി പ്രണയം തുറന്നുപറയുന്ന സ്ത്രീകളെ കാണാം. പറ്റില്ല എന്നു തുറന്നുപറയാൻ സാധിക്കുന്ന അത്യപൂർവ്വത്തിൽ അപൂർവമായ സ്ത്രീകളെ കാണാം.
ഒരു എഴുത്തുകാരി എന്ന നിലയിൽ ആഖ്യാനത്തിൽ പുതിയ പരീക്ഷണങ്ങൾക്കും പുതിയ മട്ടിലുള്ള പ്രമേയപരിചരണങ്ങൾക്കും ഇനിയും സാധ്യതകൾ നിലനിൽക്കുമ്പോൾ തന്നെ അവർ തിരഞ്ഞെടുത്ത പ്രമേയങ്ങളുടെ പുതുമ പ്രശംസനീയമാണ്. സംഘർഷഭരിതമായ സ്ത്രീജീവിതങ്ങളെ അനുഭവിക്കുകയും വായിക്കുകയും ചെയ്യുന്നവരെ ഇതിലെ ശാന്തസ്വഭാവമുള്ള, ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ കാണുന്ന നായികമാർ അമ്പരപ്പിക്കുന്നുണ്ട്. തിടുക്കമില്ലാത്ത, പഠനവും വായനയും കൂട്ടായുള്ള ലക്ഷ്യബോധമുള്ള പ്രണയമുള്ള സ്ത്രീകൾ. എവിടെപ്പോയാലും തിരികെ വീട്ടിലേക്ക് എത്താൻ ധൃതി പിടിക്കുന്ന സ്ത്രീകളുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്തിന് ഇത്ര ഓടിക്കിതച്ച് വീട്ടിലേക്ക് തിരികെ പോണം? ഇനിയുള്ള ജീവിതം എങ്കിലും ഞാൻ എനിക്കുവേണ്ടി ജീവിക്കട്ടെ' എന്നു കരുതുന്ന ആരതിമാരുടെ കഥകളാണിത്. 'തന്റെ ഭ്രാന്തൻ ചിന്തകളെ മേയാൻ അനുവദിച്ചു, അവയുടെ പിറകെ പോകാനോ, തെളിച്ചുനടത്താനോ, കടിഞ്ഞാണിടാനോ' മുതിരാത്ത രഞ്ജിനിമാരുടെ കഥയാണിത്. വീട്ടിനുള്ളിൽ ഐസൊലേഷനെ കുറിച്ച് തുറന്നുപറയുന്ന സുനന്ദയുടെ കഥ, 'തന്റെ ജീവിതത്തെ ഞാൻ സ്വപ്നങ്ങൾ കൊണ്ട് നിറയ്ക്കട്ടെ?' എന്ന ചോദ്യം കേൾക്കാൻ ഭാഗ്യമുള്ള നിരുപമമാരുടെ കഥ.
'എന്റെ പരിശ്രമങ്ങളിൽ ഞാൻ വിജയിച്ചിരിക്കുന്നു. എല്ലാ വ്യൂഹങ്ങളും ഭേദിച്ച് അനന്തവിഹായത്തിലേക്ക് ഞാനിപ്പോഴും പറന്നുയർന്നുകൊണ്ടേയിരിക്കുന്നു' എന്ന് തിരിച്ചറിയുന്നവളുടെ കഥ തുടങ്ങി പലതരം കഥകൾ സമാഹാരത്തിലുണ്ട്. നിങ്ങൾ ക്യാമറയുടെ നിരീക്ഷണത്തിലാണ് എന്ന ശീർഷകത്തിലുള്ള കഥയൊഴികെ ബാക്കി എല്ലാ കഥകളിലും സ്ത്രീ കേന്ദ്രകഥാപാത്രമാകുകയും ശുഭപര്യവസായിയായി കഥ അവസാനിക്കുകയും ചെയ്യുന്നു.
കഥയും കഥയെഴുത്തും പലതരത്തിലുള്ള അധിനിവേശങ്ങളെയും അതിജീവിച്ചുകൊണ്ട് മുന്നോട്ട് തുടരുക തന്നെയാണ്. ഇനിയും പലതരത്തിലുള്ള സാധ്യതകൾ കഥയിലുണ്ട് എന്ന പ്രത്യാശകളാണ് പുതിയ കഥകളെല്ലാം നൽകുന്നത്. ഇത് ഇന്ദു പി.കെയുടെ ആദ്യ കഥാസമാഹാരമാണ്. സ്നേഹത്തിലേക്കുള്ള ചില യാത്രകൾ എന്ന പേരിൽ ഇ.സന്തോഷ് കുമാർ എഴുതിയ അവതാരികയിൽ സൂചിപ്പിക്കുന്നതുപോലെ ജീവിതത്തെ അതിന്റെ സൂക്ഷ്മതലത്തിൽ സ്പർശിക്കുന്ന സന്ദർഭങ്ങളുടെ സാന്നിധ്യമുള്ള രചനകൾ ഇന്ദു പി.കെ യിൽനിന്ന് ഇനിയും പ്രതീക്ഷിക്കാം.
Content Highlights: Swapna C Komboth, Indu PK, Book Review, Mathrubhumi Books
Published: 20 Nov 2026, 03:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented