അത്ര നിസ്സാരമല്ല എസ്.ആർ ലാലിൻ്റെ ഗൂഢസംഘം. ഒട്ടും ചെറുതല്ല നിഗൂഢപ്രവർത്തനം.
വായിക്കുന്നവൻ്റെ നിശ്ശബ്ദ ലോകത്തെ, വളരെ സങ്കീർണ്ണമായ ചിന്താ പരിസരത്തെ അസാധാരണമായ ക്രാഫ്റ്റാക്കി മാറ്റിയപ്പോൾ, ജീവിതം; വായിക്കാൻ കാത്തിരിക്കുന്ന ഒരു പുസ്തകമായും പുസ്തകം തന്നെ ഒരു ജീവിതവുമായി മാറുന്നു.
കേവല വായനക്കാർക്ക് ഈ നോവലിൽ ഇടമില്ല.വായന ഒരു ജീവിത പരിസരവും അന്വേഷണവും അവസാനിക്കാത്ത പ്രണയവുമാണെന്ന് ഗൂഢസംഘത്തിലെത്തിയാൽ നമ്മൾ തിരിച്ചറിയും.

To advertise here,


ആതിര പരമേശ്വരൻ്റെ വ്യസനപർവം തേടി ആയുഷും കമലയും നടത്തുന്ന യാത്ര ഗൂഢസംഘത്തിലേക്കുള്ള യാത്രയാണ്.
പുസ്തകങ്ങളെ ഗാഢമായി പ്രണയിക്കുന്നവരാണ് കഥപാത്രങ്ങൾ. കുടുംബത്തെക്കാളധികം പുസ്തകങ്ങൾക്കായി ജീവിതം മാറ്റിവച്ചവർ. ഏറ്റവും കരുതലോടെ എന്നാൽ ഭംഗിയായി പുസ്തകം വായിച്ചു സൂക്ഷിച്ച ഇന്ദു , ഭാര്യയ്ക്കും മക്കൾക്കുമപ്പുറം പുസ്തകങ്ങളെ പ്രിയപ്പെട്ടതാക്കിയ രാമകൃഷ്ണൻ, അവസാനം വരെയും പ്രിയപ്പെട്ട പുസ്തകങ്ങൾക്കായി കാത്തിരുന്ന വിശ്വനാഥപ്പണിക്കർ ഇങ്ങനെ വായിക്കുന്നവൻ്റെ ലോകത്തെ ചിത്രീകരിക്കുന്ന ഒരു നോവൽ മലയാളത്തിൽ അപൂർവം .
വായനയെ തീവ്ര സാധനയാക്കുന്നവർ വിരളമാണ്. ജീവശ്വാസമായി വായനയെ പിന്തുടരുന്നത്, മറ്റുള്ളവർക്ക് വിചിത്രമായി തോന്നാം. ചർച്ചയും സൗഹൃദവും സംവാദവുമായി ഒത്തു കൂടലുകൾ പുറം കാഴ്ചകളിൽ ദുരൂഹ സങ്കേതങ്ങൾ തന്നെയാണ്. പൊതു ബോധത്തിൻ്റെ നടപ്പുശീലങ്ങൾക്കപ്പുറം നടന്നു കയറുന്നവർ ഗൂഢസംഘങ്ങളാണ്.
വായന ഏകാന്ത സഞ്ചാരികളുടെ സുന്ദരമായ മനോരോഗമാണ്.തീക്കാറ്റും കരിങ്കടലും നക്ഷത്രവും കൂര കെട്ടുന്ന വിഹ്വല മനസ്സുമായി ഒരു ഒളിവു ജീവിതം തന്നെയാണ്. കഥയിലും കഥാപാത്രത്തിലും പ്രമേയ ഗർത്തത്തിലും വരികൾക്കിടയിലെ കിടങ്ങിലും പെട്ടു പോകുന്നവൻ്റെ ഒരിക്കലും രക്ഷപ്പെടാൻ താല്പര്യമില്ലാത്ത കീഴടങ്ങലാണത്. വായനയുടെ ലഹരിച്ചതിയിൽ വീണവൻ്റെ മനോ വ്യാകുലതകൾ അവിടെ കാണാം. പൊതു സമൂഹത്തിൻ്റെ അട്ടഹാസങ്ങൾക്കിടയ്ക്ക് , നിശ്ശബ്ദതയുടെ ബംഗ്ലാവു പണിത് ഒരു കുടിയിരുപ്പ്. ഈ ഗൂഢലോകത്തെ ഇന്നുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ല, ശ്രദ്ധിക്കാറില്ല. വേണമെങ്കിൽ അപവാദത്തിൻ്റെ വിഷം ചേർത്ത് ഒന്ന് പൊള്ളിച്ചെടുക്കും. ഇന്ദു ജീവിതത്തിലും മരണശേഷവും ഇങ്ങനെ പൊള്ളിയടർന്നിട്ടുണ്ട്.
പുസ്തകവായനക്കാർ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ട്? ആതിര പരമേശ്വരനെന്ന പേരിൽ വ്യസനപർവമെഴുതിയ ഗൂഢസംഘത്തിലെ മുഖ്യ കണ്ണിയായ ഇന്ദു ആത്മഹത്യ ചെയ്തു. പുസ്തകങ്ങളുടെ തോഴൻ ഈപ്പൻ രാത്രി വായനയ്ക്കിടയിൽ തീയിൽ പെട്ട്  മരിക്കുന്നു. ബാലൻ കുളത്തിൽ ചാടി ജീവിതം അവസാനിപ്പിക്കുന്നു . രാമകൃഷ്ണൻ നെഞ്ചിൽ പ്രിയപുസ്തകം ചേർത്തു വച്ച് തൂങ്ങി മരിയ്ക്കുന്നു. മരിക്കും മുമ്പ് വ്യസനപർവം വായിക്കാൻ കാത്തിരുന്ന പണിക്കർ, അത് കിട്ടിയെന്നറിഞ്ഞപ്പോൾ പതിയെ മരണത്തിലേയ്ക്ക് കണ്ണടയ്ക്കുന്നു.
പുസ്തക വായനക്കാരൻ ഒരു സെലിബ്രിറ്റിയല്ല. എല്ലാ എഴുത്തുകൾക്കും പിന്നിലെ കേൾവിക്കാരനാണയാൾ. എഴുത്തുകാരനും പുസ്തകശാലയും നിരൂപകനും കഥയും കഥാപാത്രവും പ്രശംസയുടെ ഘോഷയാത്രയിൽ കണ്ണിചേരുമ്പോൾ, പുറം വഴിയിലെ നിശബ്ദ കാഴ്ചക്കാരനാണയാൾ.
പുസ്തകം വാഴ്ത്തപ്പെടും, എഴുത്തുകാരൻ അവാർഡിതനാകും പുസ്തകങ്ങൾക്ക് പുതിയ പതിപ്പിറങ്ങും. അപ്പൊഴും അവസാനമായി ഒരു പുസ്തകം വായിക്കാൻ കാത്തിരുന്ന് ആരുമറിയാതെ, പതിയെ കടന്നു പോകുന്ന നിശ്ശബ്ദ ഭൂരിപക്ഷങ്ങളെയാണ് നോവലിസ്റ്റ് കണ്ടെത്തുന്നത്. വായന മഹത്തായ ആത്മഹത്യയാണ്.
എസ്. എൻ ബുക്ക് സ്റ്റാൾ സ്ട്രീറ്റ് ബുക്ക് സ്റ്റാളായി മാറിക്കഴിത്തു ; പുതിയ ഇൻ്റീരിയൽ മികവോടെ . ആയുഷും കമലയും അവിടെയുണ്ട്. പുതിയ തലമുറ അവിടെ എത്തും. ഗൂഢസംഘത്തിൻ്റെ അടുത്ത തലമുറ ഉരുവം കൊള്ളും. അതെ, പെട്ടുപോകുന്നവൻ്റെ ഇടമാണ് ബുക്ക് സ്റ്റാൾ.
ആത്മഹത്യ പെരുകട്ടെ, വായിക്കുന്നവൻ്റെ കിരീടം നഷ്ടമാകില്ല.