
പിന്‍കുറിപ്പില്‍ പറയുന്നതുപോലെ, വര്‍ഗീയ ഫാസിസ്റ്റുകളുടെ ഇടപെടല്‍ മൂലം തമിഴ്‌നാട്ടില്‍ പിന്‍വലിക്കപ്പെട്ട 'മാതൊരുപാകന്‍' എന്ന നോവലിന്റെ മലയാള വിവര്‍ത്തനമാണ് അര്‍ധനാരീശ്വരന്‍. പെരുമാള്‍ മുരുകന് താന്‍ മരിച്ചെന്ന് സ്വയം പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യത്തിന് ഹേതുവായ കൃതി. അര്‍ധനാരീശ്വരന്റെ ആദ്യവായനയ്ക്ക് കാരണം മേല്‍പ്പറഞ്ഞ കാരണങ്ങളാണ്. നോവല്‍ വായിച്ചപ്പോള്‍, എവിടെയാണ് ഈ നോവല്‍ വര്‍ഗീയ ഫാസിസ്റ്റുകളെ അസ്വസ്ഥമാക്കിയതെന്ന അദ്ഭുതമാണ് ഉണ്ടായത്. അങ്ങനെയവര്‍ അസ്വസ്ഥമായെങ്കില്‍ കാലം വല്ലാത്ത റിവേഴ്‌സ് ഗിയറിലാണ് പോകുന്നതെന്ന് ഒന്നുകൂടി ഉറപ്പിക്കേണ്ടി വരും.
മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ സൃഷ്ടിച്ച മുന്‍വിധിയോടെയാണ് അര്‍ധനാരീശ്വരന്‍ വായിച്ചതെങ്കിലും, ആദ്യവായന അവസാനിച്ചത് ഈ കൃതിയുടെ ആശയത്തെ അപ്പാടെ വിഴുങ്ങിയ സ്ത്രീവിരുദ്ധതയിലാണ്. രണ്ടാം വായനയില്‍ അത് കൂടുതല്‍ തെളിഞ്ഞ് വരികയും ചെയ്തു. കാളിയുടെയും പൊന്നയുടെയും ദാമ്പത്യജീവിതവും, കുട്ടികളില്ലാത്തതിലുള്ള അവരുടെ സങ്കടത്തിലൂടെയുമാണ് നോവല്‍ കടന്നുപോകുന്നത്. ചെറുപ്പത്തിലെ കൂട്ടുകെട്ടില്‍ നിന്നെല്ലാം മാറി പൂര്‍ണമായും പൊന്നയുടെതായി മാറിയ കാളിയെ നോവലില്‍ ആദ്യമേ കാണാം. 'ഈ വേലികെട്ടിയ പറമ്പിലാണ് അവന്റെ ജീവിതം, അങ്ങനെയായിപ്പോയി' എന്ന് എഴുത്തുകാരന്‍ പറയുന്നത് വെറുതെയല്ല. അത് വിശ്വസ്തനായ പുരുഷനെ അടയാളപ്പെടുത്തുകയാണെന്നും പതിയെ നമുക്ക് മനസിലാകും.
അതുവിധിയാണ് മാപ്പിളൈ, ചില പശുക്കള്‍ അങ്ങനെയാണ്. കാളിയും പൊന്നയും തമ്മിലുള്ള വൈവാഹിക ജീവിതവും, ഒരു കുഞ്ഞിക്കാല്‍ കാണാത്തതിലുള്ള അവരുടെ മനപ്രയാസവുമെല്ലാം നോവലിനെ മുന്നോട്ടുകൊണ്ടുപോകുന്നു. കുട്ടികളില്ലാത്തതിന്റെ പേരില്‍ രണ്ടുപേരും ഒരേയളവില്‍ തന്നെ പല സന്ദര്‍ഭങ്ങളിലും അപമാനിതരാകുന്നു. കാളിയുടെ രണ്ടാം കെട്ടിനെക്കുറിച്ച് ഏഴെട്ടു വര്‍ഷമായി സംസാരമുണ്ടായിരുന്നു. ആരൊക്കെ അത് സൂചിപ്പിച്ചുവോ അവരൊക്കെ പൊന്നയുടെ കോപത്തിനുപാത്രമായി.
ഒന്നോ രണ്ടോ തവണ ചവിട്ടിച്ചിട്ടും ചെന പിടിക്കാത്ത ഒരു പശു കാളിക്കുണ്ടായിരുന്നു. അതിനെക്കുറിച്ച് ചെല്ലപ്പന്‍ പറയുന്നു:'അത് വിധിയാണു മാപ്പിളൈ. ചില പശുക്കള്‍ അങ്ങനെയാണ്. നിങ്ങള്‍ എന്തു ചെയ്താലും അവ ചെനപിടിക്കില്ല. പയ്യെ നിങ്ങളുടെ പശുവിനെ മാറ്റൂ. നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍ ഞാനൊന്നിനെ ഇപ്പോള്‍ തന്നെ എത്തിച്ചു തരാം.' ഇങ്ങനെ നിരവധി സന്ദര്‍ഭങ്ങളില്‍ പൊന്ന, അയല്‍ക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം അപമാനിതയാകുന്നു. ഇത്തരം സമയങ്ങളില്‍ പൊന്ന രോഷാകുലയാകുമെങ്കിലും, കാളി പലതും തമാശയായി കാണുന്നു. കാളി തമാശയായി കാണുന്ന സന്ദര്‍ശങ്ങളിലെല്ലാം ആളുകളുടെ പഴി ചെന്നുകൊള്ളുന്നത് പൊന്നയുടെ മേലാകുന്നത് യാദൃച്ഛികമല്ല.
കാളിയുടെ പൂര്‍വികര്‍ക്കേറ്റ ശാപത്തിന്റെ കഥകള്‍ നോവലില്‍ പറയുന്നുണ്ട്. 'നാട്ടിലെ പരിഹാസവിഷയമാകുന്നതില്‍ നിന്നും എന്നെ രക്ഷിക്കൂ. ഞാനാണ് കൊള്ളാത്ത പാരമ്പര്യത്തിലുള്ളത് നീ എന്തിനാണ് അവളോട് പ്രതികാരം ചെയ്യുന്നത്' എന്നു പറഞ്ഞ് കാളി ദേവതയുടെ മുമ്പില്‍ പൊട്ടിക്കരയുന്നുണ്ട്. കാളിയെന്ന പുരുഷനോടുള്ള സഹതാപം വളര്‍ത്താന്‍ നോവലില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നു.
രണ്ടാംകെട്ടിനെക്കുറിച്ച് ശരിക്ക് ആലോചിച്ച് കാളി വേണ്ടെന്നുവെച്ചു എന്ന പരാമര്‍ശം നോവലിലുണ്ട്. യഥാര്‍ഥത്തില്‍ ആ ചിന്ത അവന്‍ വേണ്ടെന്നുവെക്കുന്നത്, ആ ബന്ധത്തിലും കുട്ടികളുണ്ടായില്ലെങ്കില്‍ അപമാനമെല്ലാം താന്‍ ഒറ്റയ്ക്ക് പേറേണ്ടി വരും എന്ന പേടി കൊണ്ടാണെന്ന് വ്യക്തമാണ്. കാളിയുടെ ചിത്രീകരണത്തില്‍ പെരുമാള്‍ മുരുകന്‍ ബുദ്ധിപരമായ സൂക്ഷ്മത പുലര്‍ത്തുന്നു. 'ഒന്നുരണ്ടുതവണ ആ ചിന്തയുണ്ടായെങ്കിലും പൊന്നയുടെ സ്ഥാനത്ത് അവന് മറ്റാരെയും കാണാനാവില്ലായിരുന്നു' എന്ന് പറഞ്ഞു പോകുന്നത് നിഷ്‌കളങ്കമല്ല.
കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് കുട്ടികളെ പ്രദാനം ചെയ്യുന്ന തിരുച്ചെങ്കോട്ടു ക്ഷേത്രത്തിലെ ഉത്സവത്തിന് പൊന്നയെ അയക്കാന്‍ കാളിയെ ഇരുവരുടെയും വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുണ്ട്. അതൊരു കൂട്ടിക്കൊടുപ്പായിട്ടാണ് കാളി കരുതുന്നത്.
'നിന്റെയുമെന്റെയും അമ്മമാരുടെ വാക്കുകേട്ട് ദൈവങ്ങള്‍ മലകയറുന്ന ഉത്സവത്തിന്റെ പതിനെട്ടാംദിനം നീ പോകുമോ?' - കാളി പൊന്നയോട് ചോദിക്കുന്നുണ്ട്.
'ഈ മുടിഞ്ഞ കുഞ്ഞ്. നിങ്ങള്‍ക്കു ഞാന്‍ പോകണമെങ്കില്‍ പോകാം!' - അവള്‍ മറുപടി പറയുന്നു. ആ മറുപടിയായിരുന്നില്ല അവന്‍ പ്രതീക്ഷിച്ചത്. ഒരു നിമിഷത്തേക്ക് തന്റെ വിവാഹപൂര്‍വ സാഹസങ്ങള്‍ക്ക് അവളുടെ വഴിയുള്ള തിരിച്ചടിയാണോ ഇതെന്ന് അവന്‍ ചിന്തിച്ചു.
എല്ലാവരുടെയും പരിഹാസത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയാണ് ഉത്സവത്തിന് പോകുന്നത് എന്ന് പൊന്ന സത്യമായും ചിന്തിച്ചു എന്ന് എഴുത്തുകാരന്‍ പറയുന്നുണ്ട്. അത്രയും അപമാനം അവര്‍ കുട്ടികളില്ലാത്തതിന്റെ പേരില്‍ സഹിച്ചിരുന്നു. നോവലിന്റെ തുടക്കത്തില്‍ തന്റെ ഭാവിയറിയാന്‍ പക്ഷിശാസ്ത്രക്കാരനെപ്പോലും പൊന്ന പോയി കാണുന്നു. കഷ്ടകാലങ്ങളില്‍ വിശ്വാസത്തിന്റെ എല്ലാ ചരടും ഒന്നുചേരാറുണ്ട് എന്ന് പറഞ്ഞ് പൊന്നയുടെ മാനസികാവസ്ഥയെയും വിശ്വാസത്തെയും ചേര്‍ത്തുപിടിക്കുന്ന എഴുത്തുകാരന്‍, അവസാനഘട്ടത്തില്‍ പക്ഷേ അവളെ കൈവിടുന്നു.
നിങ്ങളെല്ലാവരും കൂടി എന്നെ ചതിച്ചു. കാളിയുടെ അര്‍ധസമ്മതമെങ്കിലുമുണ്ടെന്ന് തെറ്റിദ്ധരിച്ച പൊന്ന ഉത്സവത്തിനു പോകുന്നു. 'കാരത്തൂരുദേവാ, അമ്മദേവതേ, ഞാന്‍ നിങ്ങളില്‍ വിശ്വസിക്കുന്നു. എനിക്ക് ശരിയായ വഴി കാണിച്ചാലും.' എന്ന് മന്ത്രിക്കുന്നുണ്ട് പൊന്ന. അവിടെ എഴുത്തുകാരന്‍ ഉയര്‍ത്തിക്കാണിക്കുന്നത് പൊന്നയുടെ ഭക്തിയെയാണ്. പൊന്നയിതെല്ലാം ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് വിശ്വസിക്കുന്നതായി സഹോദരന്‍ മുത്തുവും പറയുന്നുണ്ട്.
ഉത്സവത്തിന്റെ ആള്‍ക്കൂട്ടത്തിലൂടെ നടക്കുമ്പോള്‍ പക്ഷേ പൊന്നയുടെ മനസിനെ അവതരിപ്പിക്കുന്നത് മറ്റൊരു തരത്തിലാണ്. പന്തങ്ങളുടെ പ്രകാശത്തില്‍, കല്ലില്‍ കൊത്തിവച്ച രൂപങ്ങള്‍ പോലെയുള്ള ആണ്‍ശരീരങ്ങളെ അവള്‍ കാണുന്നു. അവളുടെ ശരീരത്തിലേല്‍ക്കുന്ന സ്പര്‍ശങ്ങളെ കാളിയുടേതുമായി അവള്‍ ആദ്യം താരതമ്യം ചെയ്യുന്നു. ഈ സമയത്ത് കാളിയെങ്ങാനും വന്നെത്തിയാലോ എന്നോര്‍ത്തു മാത്രമാകുന്നു അവളുടെ പരിഭ്രമം. പിന്നീട്, ഇഷ്ടപ്പെട്ട ആളിന്റെ കൂടെ മറയുമ്പോള്‍ ഭക്തിയല്ല അവളുടെ മനവിലെ വികാരമെന്ന് പെരുമാള്‍ മുരുകന്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം അവതരിപ്പിക്കുന്നുണ്ട്. കാളിക്കു കിട്ടിയ ഒരു ആനുകൂല്യവും പൊന്നയ്ക്ക് ലഭിക്കരുതെന്ന് എഴുത്തുകാരന്‍ ഉറപ്പിക്കുന്നു.
ആ രാത്രി, മുത്തു നല്‍കിയ ചാരായത്തിന്റെ കെട്ടില്‍നിന്നും ഉണര്‍ന്ന കാളി പൊന്നയെത്തേടി വന്നപ്പോള്‍ വീട് പൂട്ടിയതായി കാണുന്നു. അവന്‍ തകര്‍ന്നു പോകുന്നു. 'എടി വേശ്യേ, നീയെന്നെ ചതിച്ചു' എന്നലറിക്കൊണ്ട് പൂവശ്ശിന്റെ ശാഖകളിലേക്കും ചോളനാമ്പുകളെ ചുറ്റിവെച്ചിരിക്കുന്ന കയറിലേക്കും അവന്റെ കണ്ണുകള്‍ പോകുമ്പോള്‍ എഴുത്തുകാരന്റെ ആശയം പൂര്‍ണമാകുന്നു. സ്ത്രീശരീരത്തെക്കുറിച്ചുള്ള പുരുഷന്റെ, അതിപ്രാചീനകാലത്തോളം പഴക്കമുള്ള ഭയം മാതൊരുപാകനെ ചൂഴ്ന്നു നില്‍ക്കുന്നതായി കാണാം.
Content Highlights: Book review of Madhorupagan novel by Perumal Murugan
Published: 01 Aug 2024, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented