തീക്ഷ്ണാനുഭവങ്ങളുടെയും പ്രതീക്ഷകൾ വളർത്തുന്ന വഴിത്തിരിവുകളുടെയും ബോഗികൾ നിറഞ്ഞ തീവണ്ടിയെ ഓർമിപ്പിക്കുന്ന ഒരു ആത്മകഥാഖ്യാനം. അതാണ് കമ്പിളികണ്ടത്തെ കൽഭരണികൾ. പല ഋതുക്കളിലൂടെ മാറി മാറിയുള്ള ഈ യാത്ര നമ്മുടെ ഓർമകളെയും മൂല്യബോധത്തെയും ജീവിത കാഴ്ചപ്പാടുകളെയും തിരുത്തി ചിന്തിപ്പിക്കുന്നു, ബാബു അബ്രഹാമിന്റെ യാത്രയിൽ വായനക്കാരും പങ്കാളിയാകുന്നു. പ്രശസ്ത എഴുത്തുകാരൻ അഷ്ടമൂർത്തി എഴുതിയ അവതാരിക വലിയ ചൂണ്ടുപലകയായി പുസ്തകത്തിലുണ്ട്. അഷ്ടമൂർത്തി പറഞ്ഞതുപോലെ ഈ ഓർമക്കുറിപ്പുകൾക്ക് അവതാരിക ആവശ്യമില്ല. എല്ലാ മനുഷ്യരെയും തൊടാൻ പാകത്തിൽ വാക്കുകൾ മണ്ണും വിയർപ്പും സ്വപ്നങ്ങളും കണ്ണീരും നെടുവീർപ്പുകളും പുരണ്ട് സമ്മിശ്ര രുചിയോടെ നെല്ലിക്കയോളം മധുരിപ്പിക്കുന്നതാണ് കൽഭരണിയുടെ ഉള്ളടക്കം. കുടിയേറ്റ ജീവിതാവസ്ഥകളോടു പൊരുതിക്കൊണ്ട് ഒരു കുടുംബം വെളിച്ചത്തെ ആഞ്ഞു കൊത്തി വിളയിച്ചെടുത്തതിന്റെ നാൾവഴികൾ എന്ന് പുസ്തകത്തിനെ പറ്റി ഒറ്റ വാചകത്തിൽ പറയാം. നേരനുഭവങ്ങൾക്ക് ആഖ്യാനതന്ത്രങ്ങൾ ആവശ്യമില്ലല്ലോ.
കുടിയേറ്റ ജീവിതം നയിച്ചവരോടൊപ്പം ജീവിച്ചാൽ തന്നെ പിന്നീട് വരുന്ന ഏത് ദുരിതവഴികളും നിസ്സാരമായി നേരിടാമെന്ന് എന്റെ ഒരു കൂട്ടുകാരി പറഞ്ഞതോർക്കുന്നു. 1950-കളിലെ കുടിയേറ്റത്തിന്റെ വിവരണത്തോടെ തുടങ്ങുന്ന ഓർമകളിൽ നിറയുന്നത് ഒരു നാടിന്റെ, ഇടുക്കിയിലെ കമ്പിളികണ്ടത്തിന്റെ, മതേതര ജനാധിപത്യ മൂല്യങ്ങൾ കൂടിയാണ്. വിശപ്പ് തന്നെയാണ് എക്കാലത്തും ഇവിടെയും വില്ലൻ.
കുടുംബ ജീവിതത്തിന്റെ കൂട്ടുത്തരവാദിത്തത്തിൽ നിന്ന് മാറി അപ്പൻ നാട് വിടുമ്പോൾ അമ്മ സിംഗിൾ പേരന്റ് ആയി മാറുന്നു. പരസ്പരം മനസിലാക്കുന്ന തരം സാമൂഹ്യ അയൽ ബന്ധങ്ങൾ അന്നും കുറച്ചു പേരിലൊതുങ്ങുന്നു 'കൽഭരണികൾ' നമ്മെ തൊട്ടുകൊണ്ട് ആകാംക്ഷകൾ സമ്മാനിക്കുന്നു. ഭാഷയിൽ പുലർത്തുന്ന സൗന്ദര്യാത്മകത നിറഞ്ഞ ലാളിത്യവും മലനാട്ടിലെ തന്നെ ബന്ധിപ്പിക്കുന്ന മനുഷ്യരെ അവതരിപ്പിക്കുന്നതിലെ എഴുത്തുകാരന്റെ സത്യസന്ധതയും തുറന്നെഴുത്തും ശ്രദ്ധേയമാണ്. ഇതിലെ കഥാപാത്രങ്ങൾ നാമോരോരുത്തരുമാണോ നമ്മുടെ പരിചിതവലയത്തിലുള്ളവരാണോ എന്ന് തോന്നും വിധം നമ്മോട് അടുത്ത് നിൽക്കുന്നു. പ്രത്യേകിച്ച് വൈദികരായ അധ്യാപകരുടെ പൊതുവായ പ്രത്യേകതകൾ. അവർ കർശനക്കാരും സ്‌നേഹമുള്ളവരുമാണ്. അൽപന്മാരും ഇരട്ടമുഖങ്ങൾ പേറുന്നവരും ഉണ്ട്. നമ്മുടെ കാലത്തും അതിനു തൊട്ടു മുമ്പെയും ജീവിച്ച മനുഷ്യരുടെ സാധാരണവും അസാധാരണവുമായ ജീവിതസന്ദർഭങ്ങളെ കൂടി ഈ പുസ്തകം കാട്ടിത്തരുന്നു.
''ആദ്യത്തെ കൂലി കൈപ്പറ്റിയപ്പോൾ ഒരാത്മമൂല്യം തോന്നി. വിയർപ്പൊഴുക്കുന്നതിന്റെയും വേദന സഹിക്കുന്നതിന്റെയും സമ്പാദിക്കുന്നതിന്റെയും അർഥം മനസ്സിലായി. ആ പണം കൊണ്ട് ഒരു സൈക്കിൾ വാങ്ങാൻ കൊതിച്ചു. രണ്ടുമാസം കൊണ്ട് കഠിനാധ്വാനത്തിന് ശരീരം പാകപ്പെട്ടു. എനിക്ക് കൂലി തന്നിരുന്നവരുടെ ആക്ഷേപവും ശാപവാക്കുകളും പ്രതികരിക്കാതെ സഹിക്കാൻ ശീലിച്ചു. ഈ ലോകത്ത് സ്വപ്നസാക്ഷാത്കാരത്തിന്റെ വഴി എളുപ്പമല്ലെന്ന് പഠിച്ചു. ഏക ആശ്വാസം പരീക്ഷാഫലം വരുന്നതുവരെയുള്ള രണ്ടുമാസമേ ഞാനവിടെ ജോലി ചെയ്യൂ എന്നുള്ളതായിരുന്നു.'' യോഗേഷ് മൈത്രേയയുടെ ആത്മകഥാപരമായ കുറിപ്പുകൾ 'ഉടഞ്ഞ കുടത്തിലെ വെള്ളം' വായിച്ചപ്പോഴും ഞാൻ പല പ്രാവശ്യം കരയുകയും നെടുവീർപ്പിടുകയും ചെയ്തിരുന്നു. അനുഭവങ്ങൾ വ്യത്യസ്തമാണെങ്കിലും ചിലയിടത്തൊക്കെ നമുക്ക് ജീവിതത്തിന്റെ പുതിയ പാഠനിർമിതികൾ സാധ്യമാക്കുന്നത് ഇത്തരം കലർപ്പില്ലാത്ത പുസ്തകങ്ങളാണ്.
ഓർമ, അനുഭവം, പ്രതിഭ, അനുഭൂതി, വൈകാരികത എന്നിവ കൂടിയും കുറഞ്ഞും സൃഷ്ടിക്കപ്പെടുന്ന കൃതികൾ അതിന്റെ ഭാഷാപരമായ പ്രത്യേകത കൊണ്ടു കൂടിയാണ് സ്വീകരിക്കപ്പെടുക. നമ്മെ കരയിക്കുന്നതോടൊപ്പം ചിരിപ്പിക്കുന്ന ഭാഷയിലും എഴുത്തുകാരൻ വിദഗ്ധനാണ്. പൊതുസമൂഹത്തിന് അത്ര ഉൾക്കൊള്ളാൻ കഴിയാത്ത താഴ്ന്നതരം ജോലികൾ തന്റെ ഭൂതകാലത്തിൽ ഒരാൾ ചെയ്തിരുനു എന്ന് പറയുന്നതിലെ സത്യസന്ധത ഭൂരിപക്ഷം എഴുത്തുകാർക്കും/ വ്യക്തികൾക്കും സാധിച്ചു എന്ന് വരില്ല. ഇവിടെ പൊലിപ്പിച്ച് പറയേണ്ട ആവശ്യം വരുന്നുമില്ല.
അമ്മ എന്ന നിത്യസാന്നിധ്യം
ഇന്ത്യൻ കുടുംബ വ്യവസ്ഥയുടെ, സ്ത്രീയുടെ പ്രതിനിധിയാണ് നന്ദികുന്നേൽ മേരി എങ്കിലും അവർക്ക് മുൻമാതൃകകളില്ല. പതറാത്ത ആ വ്യക്തിത്വം രൂപപ്പെടുന്നത് തനിക്ക് താൻ തന്നെ രക്ഷക എന്ന ബോധ്യത്തിൽ നിന്നാണ്. മക്കൾക്കു വേണ്ടി ജിവിക്കുമ്പോഴും അവർക്ക് സ്വയം സ്‌നേഹിക്കാനും അറിയാമായിരുന്നു.
''അമ്മയ്ക്കു പള്ളിയിൽ സ്ഥിരം ഉടുക്കുന്ന ഒരു സാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. റോസ് നിറത്തിൽ ചിത്രങ്ങളൊന്നും ഇല്ലാത്ത ഒരൊഴുക്കൻ സാരി. ഒരു കമ്മൽ പോലും അമ്മ അണിഞ്ഞിരുന്നില്ല. അരക്കെട്ടിനൊപ്പം അഴിച്ചിട്ട നനവ് മാറാത്ത അമ്മയുടെ കറുത്ത മുടിയും മറയാത്ത യൗവനവും അമ്മയെ ഏറെ സുന്ദരിയാക്കി.
'എന്റെ രാജാവിന്റെ അടുക്കൽ ഞാൻ ഏറ്റവും സുന്ദരിയായി പോകണം' എന്നാണ് പള്ളിയിൽ ഏറ്റവും അഴകിൽ പോകുന്നതിനെക്കുറിച്ച് അമ്മ പറഞ്ഞിരുന്നത്.'
ഭക്തി തന്നെ പ്രേമമാകുന്നതിനെ പറ്റിയാണ് എടുത്തു പറയുന്നത്.. സ്വന്തമായി അടച്ചുറപ്പുള്ള വീട് തന്നെ അവർക്ക് ദീർഘനാളത്തെ സ്വപ്നമായിരുന്നു. രക്ഷപ്പെടാനുള്ള വഴികൾ തുറന്നു കിട്ടുമ്പോൾ വേണ്ട എന്ന് വെക്കുന്നില്ല. തന്റേടമുണ്ടെങ്കിൽ തളരേണ്ടതില്ല എന്നതും അവരുടെ ആപ്തവാക്യമായി.
''എന്നെയോ എന്റെ മക്കളെയോ സംബന്ധിച്ച് ഒരു തീരുമാനവുമെടുക്കാൻ ഞാൻ നിങ്ങളെ ഏൽപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മേലിൽ എന്റെ കാര്യങ്ങൾ അന്വേഷിച്ച് ഒറ്റയെണ്ണം ഈ വഴിക്കു വന്നുപോകരുത്. അറത്തുകളയും ഞാൻ '
ഒരു ഭ്രാന്തിയെ പോലെ കൈയിൽ അരിവാളും പിടിച്ചു നിൽക്കുന്ന ചിത്രം ഇന്നും മാഞ്ഞിട്ടില്ല. വല്യപ്പനും എന്റെ അപ്പന്റെ രണ്ട് അനിയന്മാരും അന്ന് ആ പള്ളി വിട്ടിറങ്ങി.(പേജ് 37)
ആത്മഹത്യ ചെയ്യാൻ ഒരിക്കൽ മാത്രമേ ഇറങ്ങി തിരിക്കുന്നുള്ളു. കുടുംബക്കാർ രക്ഷകരായി വരുമ്പോഴും ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ച അവർക്ക് പിന്നീട് വാക്കുതർക്കങ്ങളിലക്ക് പോകേണ്ടി വരുന്നില്ല. പെണ്ണിന്റെ നാവിന്റെ മൂർച്ചയിൽ ഭയപ്പെട്ടുപോകാവുന്നതേ ഉള്ളൂ ഇവിടുത്തെ ആണധീശ കുടുംബക്രമം എന്നർഥം. ലോഡിങ് പണിക്കിടെ മറ്റുള്ളവരുടെ വാക്കുകൾ കേട്ട് പിന്തിരിയാത്ത അവർക്ക് മുമ്പിൽ യൂനിയൻ നേതാവും മുട്ടുമടക്കി. ആണധികാരവ്യവസ്ഥയുടെ ഭാഗമായതുകൊണ്ടു തന്നെ സ്ത്രീകൾ തലയുയർത്തി ചോദ്യം ചെയ്യുന്ന ഇടങ്ങൾ അവരെ അസ്വസ്ഥരാക്കുമെന്നതും സ്വാഭാവികം.
എന്തു ജോലിക്കും മാന്യത ഉണ്ട്. എന്നാൽ ആ മാന്യതയ്ക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ട് എന്നതാണ് യാഥാർഥ്യം. തന്റെ നാട്ടിൽ നിന്നും മാറി അപരിചിതമായ ഒരിടത്ത് സെപ്റ്റിക് ടാങ്കിലെ മലം ചുമക്കേണ്ട ജോലിയിൽ ഒരു ബാലൻ ഏർപ്പെടുമ്പോൾ വിശപ്പിന് മുമ്പിൽ മാന്യതയും ദുർഗന്ധവുമൊന്നും പ്രശ്‌നമല്ലാതാവുകയാണ്.
മോഷണത്തെ കുറിച്ച് പ്രായോഗികപാഠം തന്നെ പകരുന്ന അമ്മ, അനാഥാലയത്തിൽനിന്നും മക്കളെ തിരികെയെടുത്ത് വീണ്ടും കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന അമ്മ, സദാചാരവാദികളെ അരിവാളും കയ്യിലേന്തി നേരിടുന്ന അമ്മ, പള്ളിയിലെ ധനസഹായം കാത്തുകിടക്കുന്ന പൊളിയാറായ വീട്ടിൽ ആശങ്കകളോടെ കഴിയുന്ന അമ്മ, മൂന്നു പെണ്മക്കളുണ്ടായിട്ടും മകനൊപ്പം മൂവരേയും വിവേചനമില്ലാതെ സ്‌നേഹിക്കുന്ന അമ്മ, ചെലവുചുരുക്കാനറിയുന്ന സാമ്പത്തിക വിദഗ്ധ, പാചകത്തിനിടെ തന്റെ ശരീരത്തിൽ പിടിക്കാൻ വന്ന ധ്യാനശുശ്രൂഷകനെ തെറി വിളിച്ച് പ്രതികരിക്കുന്നവൾ, വീടുവിട്ടിറങ്ങിയ കൗമാരക്കാരനായ മകൻ തിരികെ വന്നപ്പോൾ കരണം പൊട്ടിച്ച് അടി കൊടുത്ത് കരയുന്നവൾ, മകന്റെ പരീക്ഷാഫലം വന്നപ്പോൾ ജീവിതത്തിൽ ഫസ്റ്റ് ക്ലാസ് മേടിക്കുന്നതാണ് പ്രധാനം എന്ന് പ്രഖ്യാപിച്ച അമ്മ, വർഷങ്ങൾക്ക് മുമ്പ് നാട് വിട്ട ഭർത്താവിനെ മക്കളുടെ എതിർപ്പ് വകവയ്ക്കാതെ സ്വീകരിക്കുന്നവൾ, കോളേജിലെത്തിയിട്ടും തന്റെ പ്രിതീക്ഷയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതറിഞ്ഞ് മകനെ അടിക്കുന്ന അമ്മ, മറ്റുള്ളവർ സഹായം നീട്ടുമ്പോൾ വേണ്ടെന്ന് വയ്ക്കുന്ന അഭിമാനിനി, അസുഖബാധിതയായെന്നറിഞ്ഞ് ആത്മധൈര്യം ചോരാത്തവൾ... നന്ദികുന്നേൽ മേരിയെ ഇങ്ങനെയൊക്കെ കാണുകയാണ് നമ്മൾ. നേർക്കുനോക്കാൻ ഭയക്കുന്ന ഒരു സ്ത്രീയായി പരുവപ്പെടുമ്പോഴും അവർ ദൈവത്തെയാണ് പ്രണയസങ്കൽപങ്ങളിൽ പ്രതിഷ്ഠിച്ചത്.
''എത്ര കൊഴുത്ത ചവർപ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതൻ ശർക്കര നുണയുവാൻ
ഓർമ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി'' എൻ. എൻ കക്കാടിന്റെ വരികൾ ഒർമിപ്പിക്കുന്ന ജീവിത സഞ്ചാരവഴികൾ തന്നെയാണ് ഇവിടെയും കൽഭരണികൾ. 2000 ൽ അമ്മ കാൻസർ ബാധിതയായി വേർപെട്ടിട്ടും ബാബു അബ്രഹാമിന്റെ ഒപ്പം നിത്യസാന്നിധ്യമായി തന്നെ വായനയ്ക്കു ശേഷവും അനുഭവപ്പെടുന്നുണ്ട്.
വൈകാരികഭാഷ
നമ്മെ ഒരു കൃതിയിലേക്ക് അടുപ്പിക്കുന്ന ഘടകം വൈകാരികഭാഷയാണ് . കവിതയായി അനുഭവിക്കാവുന്ന ചില വാക്കുകൾ, ചില ചിത്രങ്ങൾ, ബൈബിൾ വചനങ്ങൾ ഇവയൊക്കെ ചേർന്ന് ഒരു നോവൽ പോലെ ലളിതമായ ഭാഷയിൽ എഴുതപ്പെട്ടവ കണ്ണുനനയിച്ചുകൊണ്ട് വായിക്കുന്നതും എഴുത്തുകാരന്റെ വിജയം.
നിസ്സഹായാവസ്ഥകളിലും നിസ്സംഗരാവാതെ ബാബു അബ്രഹാമിനും കുടുംബത്തിനും ആഗ്രഹിച്ചത് നേടിയെടുക്കാൻ കഴിഞ്ഞതിനെ 'സത്യമുള്ള മനുഷ്യർക്ക് ഭയപ്പെടാനില്ല' എന്ന പതിവുസുവിശേഷത്തിലേക്ക് നമ്മെ എത്തിക്കുന്നു. എവിടെ പോയാലും അവിടെ വേരുറപ്പിക്കാതെ യാത്ര തുടരുന്ന ബാബുവിന് അമ്മ ഉള്ളിടം തന്നെയാണ് ശാശ്വതമായ ഇടം. പല തരം ജോലികൾ, മാന്യത കൽപ്പിക്കുന്നതും കൽപ്പിക്കാത്തതുമായ ജോലികൾ. ഒക്കെയും അതിജീവനത്തിനു വേണ്ടിയുള്ള, അന്നന്നത്തെ അന്നത്തിനുള്ള വഴി കണ്ടെത്താനുള്ള ഇടങ്ങൾ മാത്രമായിരുന്നു. 32ാം പേജ് മുതൽ വായനയിൽ പലപ്പോഴായി ഞാൻ കരഞ്ഞിട്ടുണ്ട്,നെടുവീർപ്പിട്ടിട്ടുണ്ട്. ചിലയിടത്ത് ചിരിച്ചിട്ടുമുണ്ട്. അതിജീവനത്തിന്റെ ഭാഷയിൽ പുസ്തകം വരുംതലമുറയോടും കൂടിയാണ് സംസാരിക്കുന്നത്.
എല്ലാവരും പരസ്പരം ബന്ധിതരാകുന്നത് ഒരേ കുടുംബം, ഒരേ ദേശം, ഒരേ ഭാഷ, ഒരേ കാലം എന്ന വിചാരങ്ങളോടെയാണ്. ദൈവവഴിയേ പോകണമെന്ന് മകളും മകനും പറയുമ്പോഴും അമ്മ മകളെ മാത്രമാണ് നാമമാത്രമായി എതിർക്കുന്നത്. ആരെയും ഒന്നിനെയും ആരും നിർബന്ധിക്കുന്നുമില്ല. കമ്മൽ കിട്ടാത്ത ദേഷ്യത്തിന് മഠത്തിലേക്ക് പോയി കന്യാസ്ത്രീയായ കുഞ്ഞമ്മയും കേവലം ഒരു കമ്മൽപ്രശ്‌നമല്ല ഉയർത്തുന്നത്. അമ്മാവന്റെ ഏകാധിപത്യഭരണം അസഹനീയമായപ്പോഴുള്ള പ്രതിഷേധമറിയിച്ചുള്ള ഇറങ്ങിപ്പോക്കായും വായിക്കാം. ഇങ്ങനെ നോക്കുമ്പോൾ ഇവിടെ ജാതി, മത, ലിംഗ, സാമ്പത്തിക, അധികാര പ്രശ്‌നങ്ങളേ ഉള്ളൂ എന്നും തോന്നാം. നമ്മുടെ വിചാരങ്ങളെ പൂരിപ്പിക്കുന്നതാണല്ലോ വിശാലമായ അനുഭവങ്ങളുടെ മണ്ഡലം.
കൽഭരണി എന്ന കരുതൽ
നല്ലതും ചീത്തയും വേർതിരിച്ചെടുക്കാനാവാത്ത വിധം ഇഴപിരിഞ്ഞ ജീവിതാനുഭവങ്ങൾക്ക് വീഞ്ഞു പോലെ മധുരിപ്പിക്കാൻ കാലം കാത്തുകിടപ്പുണ്ടായിരുന്നതുകൊണ്ട് കൽഭരണികൾ എന്ന പുസ്തകത്തിന്റെ പേര് തന്നെ അന്വർഥമാണ്. ഓർമകളുടെ സൂക്ഷിപ്പ് വായനക്കാർക്ക് കൈമാറിയതാണ് ഈ പുസ്തകത്തിന്റെ ഹൈലൈറ്റ്. പല വിധ കൂട്ടുകെട്ടുകളിൽ പെട്ട് താറുമാറാവുമായിരുന്ന ബാബു എന്ന കൗമാരക്കാരന്റെ ജീവിതം, മൂല്യങ്ങളെ മുറുകെ പിടിച്ച് മുന്നേറിയതിന് നന്ദികുന്നേൽ മേരി എന്ന അമ്മയ്ക്ക് തന്നെയാണ് ക്രെഡിറ്റ്.
''ഇയാൾ അല്പം കൂടി അധ്വാനിച്ചാൽ യുനിവേഴ്‌സിറ്റി ഒന്നാംറാങ്ക് കിട്ടും'' കേരളവർമ്മ സാറിനെ പോലുള്ളവരുടെ വാക്കുകൾ പ്രചോദനമായെടുക്കുന്നുണ്ട്. മലയോരത്തെ വിദ്യാർഥികൾക്ക് യാത്രാസൗകര്യത്തിന് ഒരു ബസ് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർഥികൾ നടത്തിയ സമരത്തിൽ നിന്ന് മാറി നിന്നത് അമ്മയെ പേടിച്ചാവണം. മുമ്പ് സ്‌കൂൾ ക്ലാസ് പ്രതിനിധിയായി മത്സരിച്ചപ്പോൽ അമ്മ ഇടപെട്ട് പിന്മാറുന്നുണ്ട്.
മെൽബി സാറിൽ നിന്നാണ് സിവിൽ സർവീസ് സ്വപ്നങ്ങൾ മൊട്ടിടുന്നത്. എല്ലാ തടസ്സങ്ങളും നേരിട്ട് ജാമിയാ മിലിയാ ഇസ്ലാമിയാ സർവകലാശാലയിൽ മാസ്റ്റർ ഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ ഫ്രാൻസിൽ പോകാനും പ്രോജക്റ്റ് ചെയ്യാനും കിട്ടിയ സ്‌കോളർഷിപ്പ് കൈപ്പറ്റാനും അമ്മയുടെ വിലയേറിയ ചികിത്സ മുടക്കാതിരിക്കാനും കഴിഞ്ഞത് പിന്തിരിയാത്ത ആത്മവിശ്വാസത്തിന്റെ കൂടി കരുത്ത് കൊണ്ടാണ്. ബാബു അബ്രാഹാമിലേക്ക് ആവേശിച്ചതൊക്കെ പല തരം മനുഷ്യർ (സ്വദേശത്തും വിദേശത്തുമുള്ള) പകർന്ന കരുതലിന്റെയും മൂല്യങ്ങളുടെയും ഒഴുക്കാണ്. ഫ്രാൻസിലെ കൊളേത്ത് എന്ന അമ്മയും ഭാഷയ്ക്കും ദേശത്തിനും അപ്പുറം സ്‌നേഹത്താൽ ഇവിടെ ചേർന്നു നിൽക്കുകയാണ്. കൽഭരണികളിൽ സൂക്ഷിക്കപ്പെട്ട വീഞ്ഞ് ഓർമിപ്പിക്കുന്ന സ്‌നേഹത്തിന്റെ അമൂല്യശേഖരം.
Published: 06 Oct 2026, 04:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented