ഇത്തവണത്തെ ബുക്കർ പ്രൈസിന്റെ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയ പുസ്തകങ്ങളിലൊന്നാണ് അമേരിക്കൻ എഴുത്തുകാരി എലിസബത്ത് സ്ട്രൗട്ടിന്റെ ‘തിങ്സ് വി നെവർ സേ’. ഇതോടെ മൂന്നാം തവണയാണ് സ്ട്രൗട്ട് ബുക്കർ പ്രൈസിന്റെ പരിഗണനാ പട്ടികയിൽ എത്തുന്നത്. ലളിതമായ ആഖ്യാനത്തിലൂടെ കുടുംബബന്ധങ്ങൾ, രഹസ്യങ്ങൾ, സൗഹൃദം, ജീവിതത്തിന്റെ അർത്ഥം തുടങ്ങിയ സങ്കീർണമായ വിഷയങ്ങളാണ് നോവൽ കൈകാര്യം ചെയ്യുന്നത്.

To advertise here,

നോവലിന്റെ തുടക്കത്തിൽ വായനക്കാരെ പരിചയപ്പെടുന്നത് ആർട്ടി ഡാം എന്ന ചരിത്രാധ്യാപകനെയാണ്. അമ്പത് വയസിന് മുകളിൽ പ്രായമുള്ള ആർട്ടി ഭാര്യയ്ക്കും മകനുമൊപ്പം സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. സ്കൂളിലെ വിദ്യാർഥികൾക്കെല്ലാം പ്രിയപ്പെട്ട അധ്യാപകനായ അദ്ദേഹം ചരിത്രവും ലോകമഹായുദ്ധങ്ങളും ജൂതചരിത്രവുമെല്ലാം വളരെ താൽപര്യത്തോടെ പഠിപ്പിക്കുന്നയാളാണ്. പുറമേനിന്ന് നോക്കുമ്പോൾ സംതൃപ്തവും സന്തോഷകരവുമായ ജീവിതമാണ് ആർട്ടിയുടേത്.

എന്നാൽ ജീവിതത്തിന്റെ പിൽക്കാലത്തിലേക്ക് കടക്കുമ്പോൾ ആർട്ടിയുടെ ഉള്ളിൽ ചില ചോദ്യങ്ങൾ ഉയരുന്നു. താൻ ജീവിച്ച ജീവിതത്തിന് എന്താണ് അർഥമെന്നും, താൻ ശരിക്കും സ്നേഹിക്കപ്പെടുന്നുണ്ടോ എന്നും അയാൾ സ്വയം ചോദിക്കാൻ തുടങ്ങുന്നു. മകന് തന്നേക്കാൾ സ്നേഹം അമ്മയോടാണോ, ഭാര്യയുമായി തനിക്കിടയിൽ അകൽച്ച രൂപപ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചിന്തകൾ അയാളെ അലട്ടുന്നു. പുറംലോകത്തിന് സന്തുഷ്ടനായി തോന്നുന്ന ആർട്ടി ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിക്കുന്ന അവസ്ഥയിലെത്തുന്നു.

ഇതിനിടെയാണ് പതിവുപോലെ ബോട്ടിൽ കടലിലേക്ക് പോകുന്ന ആർട്ടിക്ക് അപകടമുണ്ടാകുന്നത്. മരണത്തോടടുത്ത അനുഭവം താൽക്കാലികമായി ജീവിക്കാനുള്ള അയാളുടെ ആഗ്രഹത്തെ പുതുക്കുന്നു.

ആർട്ടിയെ കാണാൻ മകൻ ആശുപത്രിയിലെത്തുന്നതോടെ കഥ മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുന്നു . പൊതുവെ സ്നേഹം തുറന്നുപറയാത്ത അച്ഛനും മകനും തമ്മിൽ അപ്രതീക്ഷിതമായ അടുപ്പം രൂപപ്പെടുന്നു. വർഷങ്ങളായി താൻ അന്വേഷിച്ചുകൊണ്ടിരുന്ന ജീവിതത്തിന്റെ അർഥം മറ്റൊരു രീതിയിൽ കണ്ടെത്താൻ ആർട്ടിക്ക് കഴിയുന്നു.

സ്ട്രൗട്ടിന്റെ മുൻകാല രചനകളുമായി താരതമ്യം ചെയ്യുമ്പോഴും നോവൽ ശ്രദ്ധേയമാണ്.  ‘Tell Me Everything’ ഉൾപ്പെടെയുള്ള കൃതികളിൽ മനുഷ്യർ തമ്മിലുള്ള ആശയവിനിമയത്തിന്റെയും ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പങ്കുവയ്ക്കുന്നതിന്റെയും പ്രാധാന്യം സ്ട്രൗട്ട് അന്വേഷിച്ചിരുന്നു. എന്നാൽ ‘Things We Never Say’ എന്ന കൃതിയിൽ എല്ലാം എല്ലാവരോടും പറയേണ്ടതില്ലെന്നും ചില രഹസ്യങ്ങൾ പോലും മനുഷ്യന്റെ ജീവിതത്തെ താങ്ങിനിർത്തുന്ന ശക്തിയായി മാറാമെന്നും എഴുത്തുകാരി മുന്നോട്ടുവയ്ക്കുന്നു.

പുറമേനിന്ന് നോക്കുമ്പോൾ സന്തോഷകരമായ ജീവിതം നയിക്കുന്ന ഒരാളുടെ ഉള്ളിലും ആഴത്തിലുള്ള നിരാശയും ജീവിതത്തിന്റെ നിരർത്ഥകതയെക്കുറിച്ചുള്ള ചിന്തകളും ഉണ്ടാകാമെന്നതും നോവൽ ഓർമിപ്പിക്കുന്നു. ഒരാളുടെ ഉള്ളിലെ പ്രക്ഷുബ്ധതകൾ എല്ലായ്പോഴും പുറംലോകത്തിന് കാണാൻ കഴിയണമെന്നില്ല.

വലിയ സങ്കീർണതകളൊന്നുമില്ലാതെ, അച്ഛന്റെയും മകന്റെയും അമ്മയുടെയും കഥയിലൂടെ വലിയ ആശയങ്ങളാണ് സ്ട്രൗട്ട് അവതരിപ്പിക്കുന്നത്. 150–200 പേജിൽ താഴെ മാത്രമുള്ള ഈ ചെറിയ നോവൽ ജീവിതം, കുടുംബം, സ്നേഹം, രഹസ്യം, സൗഹൃദം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നത്.

ആരോഗ്യകരമായ സൗഹൃദങ്ങളെക്കുറിച്ചും പ്രായപൂർത്തിയായ മനുഷ്യർക്കിടയിലെ ലിംഗവ്യത്യാസങ്ങൾക്കപ്പുറമുള്ള സൗഹൃദങ്ങളുടെ മനോഹാരിതയെക്കുറിച്ചും നോവൽ സംസാരിക്കുന്നു. വളരെ ചുരുങ്ങിയ ആഖ്യാനത്തിലൂടെ വലിയൊരു ജീവിതസന്ദേശം നൽകുന്ന കൃതിയായാണ് ‘Things We Never Say’ വായനക്കാരന് മുന്നിലെത്തുന്നത്.