എം. കൃഷ്ണന്‍ നായരുടെ മുപ്പത്തിയേഴ് വര്‍ഷത്തെ സാഹിത്യനിരൂപണയജ്ഞമായിരുന്ന 'സാഹിത്യവാരഫലം' ആറുവോള്യങ്ങളിലായി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. പുസ്തകത്തിന്റെ പ്രീ-പബ്ലിക്കേഷന്‍ തുടരുന്ന വേളയില്‍ സാഹിത്യവാരഫലത്തെക്കുറിച്ച് ജോണി എം.എല്‍ എഴുതുന്നു.
സാഹിത്യവാരഫലം പൂര്‍ണ്ണമായും പ്രസിദ്ധീകരിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ സത്യത്തില്‍ വലിയ സന്തോഷമാണുണ്ടായത്. അതിനു മൂന്ന് കാരണങ്ങളാണ് പ്രധാനമായി ഉണ്ടായിരുന്നത്; ഒന്ന്, എം കൃഷ്ണന്‍ നായര്‍ മലയാള സാഹിത്യത്തിലേയ്ക്ക് ഒരു ഇടവേളയ്ക്ക് ശേഷം തിരികെ വരികയാണ്, രണ്ട്, സത്യാനന്തര കാലത്തെ സത്യപ്രതീതികള്‍ക്കെതിരെ, സാഹിത്യത്തിലെ 'സത്യത്തെ' തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമം പ്രസാധകരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നു, മൂന്ന്, 'സാഹിത്യ പത്രപ്രവര്‍ത്തനം' എന്ന് തെല്ലൊരു പരിഹാസത്തോടെയും അതിലേറെ അഭിമാനത്തോടെയും എം കൃഷ്ണന്‍ നായര്‍ തന്നെ പറഞ്ഞിരുന്ന സാഹിത്യവാരഫലം, പത്രപ്രവര്‍ത്തനവും സാഹിത്യവും ഏറെക്കുറെ ജീര്‍ണ്ണിച്ചിരിക്കുന്ന ഈ കാലത്ത് ഒരു പുതിയ പ്രസക്തി നേടി തിരിച്ചുവരുന്നു. ഈ സാഹചര്യത്തില്‍ സാഹിത്യവാരഫലം എന്റെ ജീവിതത്തില്‍ എന്ത് സ്വാധീനമാണ് ചെലുത്തിയതെന്ന് ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. അതിന് മുന്‍പ് ചില കാര്യങ്ങള്‍ പറയാനുണ്ട്.
ഈ ആമുഖത്തില്‍ ഞാന്‍ ആവര്‍ത്തിച്ചിരിക്കുന്ന ഒരു വാക്കുണ്ട്. 'തിരികെ' എന്നതാണത്. രണ്ടാമത്തെ വാക്ക് 'സത്യം' എന്നതും. തിരികെ പിടിക്കുക, തിരികെ വരുത്തുക/വരിക എന്നതൊക്കെയും സുവര്‍ണ്ണകാലം എന്ന് നാമേവരും വിശ്വസിക്കുന്ന ഒന്നിനെ തിരികെ കൊണ്ടുവരിക എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിക്കപ്പെടുക. തിരികെ കൊണ്ട് വരേണ്ടി വരുന്നത് ആ സുവര്‍ണ്ണ (ഭൂത) കാലം നമുക്ക് നഷ്ടപ്പെട്ടു എന്ന് നാം തിരിച്ചറിയുന്നത് കൊണ്ടാണ്. സുവര്‍ണ്ണ കാലത്തെയും അതിന്റെ തിരിച്ചുപിടിക്കലിനെയും ഇപ്പോള്‍ ഒരു ആദര്‍ശപദ്ധതിയായി കാണുന്നതില്‍ സൈദ്ധാന്തികമായ ചില പ്രശ്നങ്ങള്‍ ഉണ്ട്. അതായത്, ഏതാണ് ആ സുവര്‍ണ്ണ (ഭൂത) കാലം എന്നൊരു ചോദ്യവും, അതിനെ തിരികെ പിടിക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യവും ഒപ്പം വരും. എം കൃഷ്ണന്‍ നായര്‍ പ്രതിനിധാനം ചെയ്തത് മലയാള സാഹിത്യ നിരൂപണത്തിന്റെ സുവര്‍ണ്ണകാലത്തെയാണ് എന്ന് നാം അംഗീകരിക്കുമ്പോള്‍ മാത്രമേ അതിനെ തിരികെ പിടിക്കുക എന്ന കാര്യം സാധുവാകുകയുള്ളൂ. പക്ഷെ, കൃഷ്ണന്‍ നായര്‍ മലയാള സാഹിത്യത്തിന്റെ സുവര്‍ണ്ണകാലത്തിലാണോ ജീവിച്ചിരുന്നത് എന്ന ചോദ്യവും കൂടെയുണ്ടാകും. അത് സുവര്‍ണ്ണ ഭൂതകാലമായിരുന്നെങ്കില്‍, എം കൃഷ്ണന്‍ നായര്‍ തന്റെ വിമര്‍ശനപദ്ധതിയെ ഇത്രയേറെ നിശിതമാക്കിയത് എന്തിന് എന്ന സംശയം സാഹിത്യകുതുകികളായ ആര്‍ക്കും ഉണ്ടാകും.
അപ്പോള്‍ ഒരു കാര്യം സമ്മതിക്കേണ്ടി വരും. എം കൃഷ്ണന്‍ നായര്‍ ഒരുതരത്തിലുമുള്ള ആദര്‍ശപരമായ 'സുവര്‍ണ്ണകാലത്തെ' പ്രതിനിധീകരിച്ചിരുന്നില്ല. അതൊരു വസ്തുതയാണ്. എന്നാല്‍ അദ്ദേഹം അത്തരമൊരു സുവര്‍ണ്ണകാലം മലയാള സാഹിത്യത്തില്‍ ഉണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്നു. അത് ഇപ്പോള്‍, ഇവിടെ വേണമെന്ന് ഒരു പിടിവാശി അദ്ദേഹത്തിനുണ്ടായിരുന്നത് പോലെയായിരുന്നു അദ്ദേഹം എഴുതിയത്. മോശമായതിനെ നിഷ്‌കരുണം വിമര്‍ശിക്കുക; ഗൗരവമായ പരാമര്‍ശം അര്‍ഹിക്കാത്തവയെ രൂക്ഷമായ നര്‍മ്മത്തില്‍ മുക്കി പൊരിച്ചെടുക്കുക; എന്താണ് ഉദാത്തമായ എഴുത്ത് എന്നതിന് ഉദാഹരണമായി ലോകസാഹിത്യത്തിലെ മാസ്റ്റര്‍പീസുകളില്‍ നിന്ന് ഉദാഹരണങ്ങള്‍ എടുത്തുകാട്ടിയും നേരിട്ട് ഉദ്ധരിച്ചും ബോധനം നടത്തുക; ആധുനികരും സമകാലീനരുമായ വിദേശ എഴുത്തുകാരെ പരിചയപ്പെടുത്തുക എന്നിങ്ങനെ ഒട്ടനവധി രീതികള്‍ അദ്ദേഹം തന്റെ സാഹിത്യവാരഫലം എന്ന കോളത്തില്‍ പ്രയോഗിച്ചു. അവയൊക്കെയും ഫലവത്താവുകയും ചെയ്തു.
എം കൃഷ്ണന്‍ നായരെ സംബന്ധിച്ചിടത്തോളം ഒരു സുവര്‍ണ്ണഭൂതകാലം സാഹിത്യത്തിന് ഉണ്ടായിരുന്നെങ്കില്‍ അത് വൈദേശികം ആയിരുന്നു; വൈദേശികം എന്നാല്‍ പാശ്ചാത്യം എന്ന് മാത്രമായിരുന്നില്ല അദ്ദേഹത്തിന്, പൗരസ്ത്യദേശങ്ങളിലെയും മധ്യപൗരസ്ത്യ ദേശങ്ങളിലെയും ഒക്കെ സാഹിത്യം അദ്ദേഹത്തിന് വഴങ്ങിയിരുന്നു. തന്റെ ഭാഷയില്‍ എഴുതപ്പെടുന്ന സാഹിത്യം ഒരു മൈനര്‍ സാഹിത്യം ആണെന്നുള്ള തിരിച്ചറിവാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ അതിനെ മേജര്‍ ആയി കാണുവാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ബൃഹദാഖ്യാനങ്ങളെ ഇഷ്ടപ്പെട്ടിരുന്ന തികച്ചും മോഡേണിസ്റ്റായ ഒരു എം കൃഷ്ണന്‍ നായരാണ് സാഹിത്യവാരഫലത്തിലൂടെ കൂടുതലും പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ആധുനികതയുടെ ഒരു അവസാനകൈവഴിയായി വന്ന അസ്തിത്വവാദവും അമേരിക്കന്‍ പോപ്പും ഒക്കെ അദ്ദേഹം തിരിച്ചറിയുകയും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തേയും ഇരുപതാം നൂറ്റാണ്ടിലെ ആദ്യപകുതിയിലെയും ബൃഹദാഖ്യാനങ്ങള്‍ക്കൊപ്പം അവയെ ഉയര്‍ത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ പറ്റിയെഴുത്ത് അഥവാ പ്ലേഗിയറിസം എന്നത് അദ്ദേഹത്തില്‍ വമനേച്ഛ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഇന്ന് ലബ്ധപ്രതിഷ്ഠരായ പല സാഹിത്യകാരന്മാരെയും അദ്ദേഹം, തിരുവനന്തപുരത്തെ ഭാഷയില്‍ പറഞ്ഞാല്‍, വാക്കുകള്‍ കൊണ്ട് 'ഏറ്റിയിട്ടുണ്ട്'.
ഭാഷകൊണ്ടുള്ള ആ ഭര്‍ത്സനം ഏറ്റവരില്‍ ഏറെപ്പേരും കുറേക്കാലത്തേക്കെങ്കിലും രണ്ടാമതൊന്ന് ആലോചിക്കാതെ മറ്റൊന്ന് എഴുതാന്‍ തുനിഞ്ഞിട്ടില്ല. എം കൃഷ്ണന്‍ നായരെ എതിര്‍ക്കുന്നവര്‍ ധാരാളമായുള്ള ഒരിടമാണ് കേരളം; അദ്ദേഹം ജീവിച്ചിരുന്നപ്പോഴും മരിച്ച ശേഷവും. അവരില്‍ പലരും രണ്ടു കാരണങ്ങളാണ് എടുത്തു കാണിക്കുന്നത്; ഒന്ന്, എം കൃഷ്ണന്‍ നായര്‍ ഒരു മൈനര്‍ നിരൂപകനാണ്. അദ്ദേഹം പുസ്തകങ്ങളുടെ ബ്ളര്‍ബുകള്‍ വായിച്ചും ടൈം ലിറ്റററി സപ്ലിമെന്റ് ഒക്കെ വായിച്ചുമാണ് പലപ്പോഴും വിമര്‍ശനം നടത്തിയിരുന്നത്. കൂടാതെ, അദ്ദേഹം മാനദണ്ഡമായി ഉപയോഗിച്ചിരുന്നത് പാശ്ചാത്യസാഹിത്യത്തെയായിരുന്നു. രണ്ടാമത്തെ വിമര്‍ശനം, അദ്ദേഹം വരേണ്യന്‍ ആയിരുന്നു എന്നുള്ളതാണ്. എം കൃഷ്ണന്‍ നായര്‍ എന്ന പേരിലുള്ള നായര്‍ എന്നത് അദ്ദേഹത്തിന്റെ വരേണ്യതയെ അടയാളപ്പെടുത്തുന്നു എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ സാഹിത്യചിന്തകളിലെല്ലാം നായര്‍ മേധാവിത്ത സ്വരമാണ് മുന്നിട്ട് നില്‍ക്കുന്നതെന്നും അവര്‍ പറയുന്നു. ഉത്തരാധുനികതയെ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ട് വന്ന എഴുത്തുകാരും നിരൂപകരും എല്ലാം എം കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലത്തെ വെറും പോപ്പുലിസ്റ്റായി കരുതി തള്ളിക്കളഞ്ഞു. എന്നാല്‍ എല്ലാ നിരൂപണ സമ്പ്രദായങ്ങള്‍ക്കും അവ ഉണ്ടാകുന്ന കാലത്തിന്റെയും വരാനിരിക്കുന്ന കാലത്തിന്റെയും സ്വഭാവങ്ങള്‍ ഉണ്ടാകണം എന്നൊരു പ്രീ-കണ്ടിഷന്‍ ഉണ്ട്. അതാണ് മാതൃകാപരമായ വിമര്‍ശനം; ഇന്നലയെ വിശകലനം ചെയ്യുന്നതിലൂടെ ഇന്നിനെ വിലയിരുത്തുകയും അതില്‍ നിന്ന് ലഭ്യമാകുന്ന ഊര്‍ജ്ജം കൊണ്ട് നാളെയെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്നതാണ് നിരൂപണത്തിന്റെ ഉദ്ദേശ്യങ്ങളില്‍ പ്രധാനമായ ഒന്ന്. ഉത്തരാധുനികതയില്‍, വിമര്‍ശനം എന്നത് ബൃഹദ്രൂപങ്ങള്‍ക്കെതിരെ ആണെങ്കിലും, അവയുടെ അപനിര്‍മ്മിതിയിലൂടെ ഇന്നിനെ വിലയിരുത്തുകയും പുതിയ കാലത്തേക്കുള്ള ദിശാസൂചനകള്‍ നല്‍കുകയും ചെയ്യുന്നതില്‍ അത് പിന്നോട്ടല്ല.
എം കൃഷ്ണന്‍ നായര്‍ മോഡേണിസ്റ്റ് ആയിരുന്നോ സവര്‍ണ്ണ സൗന്ദര്യശാസ്ത്രത്തിന്റെ സ്തോതാവായിരുന്നോ എന്നുള്ള കാര്യങ്ങള്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ എന്നെ അലട്ടിയിരുന്നില്ല എന്നതാണ് വസ്തുത. പലപ്പോഴും അദ്ദേഹം സമകാലിക കൃതികളെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ എന്നത് അദ്ദേഹം ഉദാത്തം എന്ന് കരുതിയിരുന്ന ക്‌ളാസിക്കല്‍ കൃതികള്‍ തന്നെയായിരുന്നു. ഇവിടെ ക്‌ളാസിക്കല്‍ എന്ന് പറയുമ്പോള്‍, മാര്‍ഗി എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല മനസ്സിലാക്കേണ്ടത്. ക്‌ളാസ്സിക്കുകള്‍ എന്നതിന് എക്കാലവും ഉദാത്തമായി നിലനില്‍ക്കുന്നത് എന്ന അര്‍ത്ഥമാണ് അദ്ദേഹം കണ്ടിരുന്നത്. ഹോമര്‍ ആയിരുന്നാലും കാളിദാസന്‍ ആയിരുന്നാലും ഡോസ്റ്റോവ്സ്‌കി ആയിരുന്നാലും മാഴ്സല്‍ പ്രൂസ്റ്റ് ആയിരുന്നാലും അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ക്‌ളാസ്സിക് ആണ്. എന്നാല്‍ ക്ലാസ്സിക് എന്ന വിശേഷണം ഇന്ന് ഇന്ത്യയില്‍, ഉത്തരാധുനിക വിമര്‍ശനപദ്ധതികളുടെ വരവിന് ശേഷം സവര്‍ണ്ണം എന്ന ഒരു അര്‍ഥം കൂടി ഉള്‍ക്കൊള്ളുന്നു. മാര്‍ഗി മാത്രമല്ല ദേശി കൂടിയാണ്, എന്നത് കൂടാതെ ദേശി മാത്രമായും സാഹിത്യം ഉണ്ടാകാം എന്നുള്ള ചില തീര്‍പ്പുകളില്‍ എത്തിയിരിക്കുകയാണ് സാഹിത്യരംഗം ഇപ്പോള്‍. കൃഷ്ണന്‍ നായര്‍ ആകട്ടെ അത്തരം പദ്ധതികളെ അപഭ്രംശങ്ങള്‍ ആയിട്ടായിരുന്നു കരുതിയിരുന്നത്. ഉത്തരാധുനികത എന്ന വിമര്‍ശന പരിസരം അദ്ദേഹത്തിന് അറിയാന്‍ വയ്യാഞ്ഞിട്ടല്ല, മറിച്ച് അത് അനുവദിക്കുന്ന വിപുലമായ അഭിവ്യഞ്ജന സാമഗ്രികളും ഭാഷയും ഒക്കെ സാഹിത്യത്തെ ഇല്ലാതാക്കും എന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്തു. സാഹിത്യം എന്നത് ഏകശിലാത്മകമായ ഒന്നാണെന്ന തെറ്റിദ്ധാരണയൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എങ്കിലും സാഹിത്യത്തിലെ ബഹുസ്വരതയെ അംഗീകരിക്കുന്നതില്‍ അദ്ദേഹത്തിന് വൈമുഖ്യം ഉണ്ടായിരുന്നു. ബഹുസ്വരതയെ തള്ളിക്കളയുമ്പോഴെല്ലാം അദ്ദേഹം അതിന് കാരണമായി കണ്ടിരുന്നത് അത് ലിറ്റററി എക്സെലന്‍സ് അഥവാ സാഹിത്യ പ്രതിഭോന്നതി കാണിക്കുന്നില്ല എന്നതായിരുന്നു.
കലാകൗമുദിയില്‍ നിന്ന് എസ് ജയചന്ദ്രന്‍ നായര്‍ പിരിയുകയും തുടര്‍ന്ന് അദ്ദേഹം സമകാലിക മലയാളം വാരിക ആരംഭിക്കുകയും ചെയ്തപ്പോള്‍ ഒപ്പം കൂട്ടിയവരില്‍ പ്രമുഖരായിരുന്നല്ലോ എം കൃഷ്ണന്‍ നായരും ചിത്രകാരന്‍ നമ്പൂതിരിയും. (ഇതുപോലും വരേണ്യതയ്ക്കുദാഹരണമായി എടുത്തു കാട്ടുന്നവര്‍ ഉണ്ട് എന്ന കാര്യം തത്കാലം നമുക്ക് തല്‍ക്കാലം മാറ്റിവെക്കാം). തൊണ്ണൂറ്റിയേഴില്‍ മലയാളം വാരികയില്‍ അദ്ദേഹം തുടര്‍ന്ന സാഹിത്യവാരഫലം അതിന്റെ ശക്തി തെല്ലും ക്ഷയിക്കാതെ രണ്ടായിരത്തി ആറ് തുടക്കത്തില്‍ മരണം സംഭവിക്കും വരെയും എഴുതി. സാഹിത്യവാരഫലമില്ലാത്ത കലാകൗമുദിയെയും മലയാളം വാരികയെയും സങ്കല്പിക്കാന്‍ കഴിയുകയില്ലായിരുന്നു. മലയാളനാടിലാണ് വാരഫലത്തിന്റെ തുടക്കമെങ്കിലും ഞാന്‍ വായിച്ചു തുടങ്ങുന്നത് കലാകൗമുദിയിലാണ്. അതിലേയ്ക്ക് അല്പം കഴിഞ്ഞു വരാം. കൃഷ്ണന്‍ നായരുടെ മരണം ലിറ്റററി ജേണലിസത്തില്‍ വമ്പിച്ച ഒരു വിടവുണ്ടാക്കി എന്നുള്ള കാര്യം തികച്ചും വ്യക്തമാണ്, ഒരുപക്ഷെ അത് അംഗീകരിച്ചു തരുന്നവരുടെ എണ്ണം ഇടയ്ക്ക് വല്ലാതെ കുറയുകയുണ്ടായി. ആ കുറവിന് ആനുപാതികമായി മലയാള സാഹിത്യത്തിന്റെ ഗുണനിലവാരം താഴേയ്ക്ക് പോകുന്നതായി അനുഭവപ്പെടുകയും ചെയ്തു.
എഴുതുന്നവരും വായിക്കുന്നവരും ഉണ്ടായിരുന്ന ഒരു കാലത്തിന്റെ സൃഷ്ടിയായിരുന്നു എം കൃഷ്ണന്‍ നായര്‍. എല്ലാവര്ക്കും വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിലും, പലരിലും സാഹിത്യവാസനയും പ്രതിഭയുടെ തിളക്കവും ഉണ്ടായിരുന്നെങ്കിലും എല്ലാവരും എഴുതുന്നവര്‍ ആയിരുന്നില്ല. അത് സാങ്കേതികതയുടെ പരിമിതി ആയിരുന്നു എന്ന് വേണമെങ്കില്‍ വിലയിരുത്താം. എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും ഇടയില്‍ ശരിയായ എഴുത്ത് എന്ത് എന്ന് പറഞ്ഞു കൊടുക്കാന്‍ ഒരാള്‍ വേണമായിരുന്നു. അതായിരുന്നു എം കൃഷ്ണന്‍ നായര്‍ വഹിച്ച പങ്ക്. അദ്ദേഹം സാഹിത്യത്തിലെ പുതിയ വാസനകളെയും ശരികളെയും തെറ്റുകളെയും പരിചയപ്പെടുത്തി. മലയാളി ഇന്ന് സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെ കരുതുന്ന പല എഴുത്തുകാരും എം കൃഷ്ണന്‍ നായര്‍ പരിചയപ്പെടുത്തിയവരാണ് എന്ന് പറയേണ്ടതുണ്ട്. കാഫ്കയും കമ്യുവും പാസ്റ്റര്‍നാക്കും മഹ്ഫൂസും യോസയും കവാബത്തയും ഡോസ്റ്റോവ്സ്‌കിയും ടോള്‍സ്റ്റോയിയും നെരൂദയും വിറ്റ്മാനും പെരക്കും മാര്‍കേസും എക്കോയും ഒക്കെ മലയാളിയുടെ പരിചയക്കാരും വീട്ടുകാരും ആയി. വരേണ്യമായി നില്‍ക്കേണ്ടിയിരുന്ന പാശ്ചാത്യസാഹിത്യത്തെ സാധാരണ വായനക്കാരനായ മലയാളിയുടെ കൂട്ടുകാരാക്കുന്നതില്‍ എം കൃഷ്ണന്‍ നായര്‍ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത്. കൃഷ്ണന്‍ നായര്‍ പോയതോടെ കുറെ വര്‍ഷങ്ങള്‍ എന്ത് വായിക്കണം എന്ന് പറഞ്ഞു തരാന്‍ ആളില്ലാതായി. ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഫാംവില്ല ഒക്കെ കളിക്കുന്ന കാലത്തില്‍ നിന്ന് നീങ്ങി വായനക്കാരെ എഴുത്തുകാരാക്കുന്ന കാപിറ്റലിസ്റ്റ് ജനാധിപത്യ മുന്നേറ്റം ഉണ്ടാകുന്നത് വരെയുള്ള അന്തരാളഘട്ടത്തില്‍ ഒരുപക്ഷെ വായനക്കാരനായ മലയാളി ഏറ്റവും അധികം മിസ് ചെയ്തത് കൃഷ്ണന്‍ നായരെ ആയിരിക്കും.
എഴുതുന്നവര്‍- വായിക്കുന്നവര്‍ എന്ന ദ്വന്ദത്തില്‍ നിന്ന് വായിക്കുന്നവര്‍ തന്നെ എഴുത്തുകാര്‍ ആകുന്ന ഒരു കാലത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. ഇത് സാഹിത്യത്തെ പരിപോഷിപ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇനിയും ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതുണ്ട്. പക്ഷെ ഒരു കാര്യം ഉറപ്പാണ്, സാഹിത്യത്തിന്റെ വിപുലമായ പരപ്പിനു ഇത് കാരണമായിട്ടുണ്ട്. പുസ്തകപ്രസാധനം എന്നത് പുതിയ രൂപങ്ങള്‍ കൈവരിച്ചു. ബ്ലോഗുകള്‍, ഫേസ്ബുക് പോസ്റ്റുകള്‍ എന്നിവയ്ക്കൊപ്പം, അച്ചടി വിദ്യ ഡിജിറ്റല്‍ സാങ്കേതികതയിലൂടെ എളുപ്പമായതോടെ സെല്ഫ് പബ്ലിഷിങ് മാത്രമല്ല, സെല്ഫ് മാര്‍ക്കറ്റിങ്ങും സാധ്യമായി. ഇത് ധാരാളം ബദല്‍ പ്രസാധകസംഘങ്ങളെ ഉണ്ടാക്കി. അതിലൂടെ ചെറിയ മുതല്‍മുടക്കുണ്ടെങ്കില്‍ ഒരു എഴുത്തുകാരനാകാം എന്ന് വന്നു. സോഷ്യല്‍ മീഡിയ ഒരു എഴുത്തുകാരന്/കാരിയ്ക്ക് ഒരു നീഷ് ഓഡിയന്സിനെ നല്‍കി. ഇതോടെ ഫേസ്ബുക്കിലെ പ്രശസ്തി എന്നത് മുഖ്യധാരാ പ്രസാധസംഘങ്ങളിലേക്കുള്ള കുറുക്കു വഴിയായി. ഒരാള്‍ക്ക് ആയിരം ലൈക്ക് കിട്ടുന്നുവെങ്കില്‍ അയാളുടെ ഇരുനൂറു പുസ്തകങ്ങള്‍ എങ്കിലും വിറ്റുപോകാന്‍ സാധ്യതയുണ്ടെന്ന ലഘുവായ ഗണിതത്തില്‍ നിന്ന് പോപ്പുലര്‍ എഴുത്തുകാര്‍ ഉയര്‍ന്നു വന്നു. ഇന്ന് ബദല്‍ പ്രസാധകസംഘങ്ങളില്‍ പലതും മുഖ്യധാരയാകാന്‍ മുട്ടി നില്‍ക്കുന്ന എഴുത്തുകാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. ഇനി ഇതിലൊന്നും താത്പര്യമില്ലാത്തവര്‍ക്ക് പബ്ലിഷിങ് ഡിസൈന്‍ ടെംപ്ളേറ്റ് മുതല്‍ മാര്‍ക്കറ്റിങ് വരെ നടത്തിക്കൊടുക്കുന്ന സംവിധാനങ്ങള്‍ ആമസോണ്‍ പോലുള്ള വമ്പന്‍ കോര്‍പറേറ്റ് മാര്‍ക്കറ്റിങ് നെറ്റ്വര്‍ക്കുകള്‍ ഓഫര്‍ ചെയ്തു. എം കൃഷ്ണന്‍ നായരെ ആവശ്യമില്ലാത്ത ഒരു കാലഘട്ടം ഉദയം ചെയ്തു.
ബദല്‍ പ്രസാധകരും ബദല്‍ എഴുത്തുകാരും ബദല്‍ വായനക്കാരും കൂടി ചേര്‍ന്നുണ്ടാക്കിയ ഈ പുതിയ സാഹചര്യം ഉത്തരാധുനികതയുടെയും അപനിര്‍മ്മിതിയുടെയും വസന്തകാലമാണ് എന്ന് വിശേഷിപ്പിക്കാമെങ്കിലും ഇവിടെ നഷ്ടപ്പെട്ടത് ഒരു എഡിറ്റോറിയല്‍ ഇടപെടല്‍ ആയിരുന്നു. എം കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം ചെയ്തിരുന്നത് ഒരു ലിറ്റററി എഡിറ്റര്‍ അറ്റ് ലാര്‍ജ് എന്ന ദൗത്യം ആയിരുന്നു. എന്ത് എഴുതണം എന്ന കാര്യത്തില്‍ കൃഷ്ണന്‍ നായര്‍ക്ക് പിടിവാശികള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാല്‍ എങ്ങനെ എഴുതണം എന്ന കാര്യത്തില്‍ അദ്ദേഹത്തിന് വാശികള്‍ ഉണ്ടായിരുന്നു. ഭാഷയുടെയും അത് പേറുന്ന ഭാവത്തിന്റെയും കാര്യത്തില്‍ അദ്ദേഹത്തിന് ചില തീര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഇന്നദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ ഒന്നുകില്‍ അദ്ദേഹം സാഹിത്യവാരഫലം എഴുതുന്നത് നിര്‍ത്തിയേനെ, അല്ലെങ്കില്‍ അദ്ദേഹം മലയാളത്തില്‍ ഇറങ്ങുന്ന തൊണ്ണൂറു ശതമാനം കൃതികളെയും റബ്ബിഷ് എന്ന ഗണത്തില്‍ പെടുത്തി തള്ളിക്കളഞ്ഞേനെ. വിദേശ പുസ്തകങ്ങള്‍ വാങ്ങി വായിക്കുമ്പോള്‍ പോലും അത് തന്റെ നിലവാരത്തിനൊത്ത് ഉയരുന്നതായി കാണപ്പെടുന്നില്ലെങ്കില്‍ അതിനെ എടുത്ത് എറിയാന്‍ അദ്ദേഹം തയാറായിരുന്നു. പിന്നെ അവയെ അദ്ദേഹം വായിച്ചു തീര്‍ത്തിരുന്നത് ഇത് എന്റെ പണം കൊടുത്തു വാങ്ങിയതാണല്ലോ എന്ന് കരുതിയിട്ടാണ്. ഇന്നായിരുന്നെങ്കില്‍ അദ്ദേഹം തന്റെ പണം മുടക്കി മലയാളത്തിലെ ഒരു ശതമാനം കൃതികള്‍ മാത്രമേ വാങ്ങുമായിരുന്നുള്ളൂ. മറ്റെല്ലാറ്റിനേയും അദ്ദേഹം വമനേച്ഛ ഉളവാക്കുന്നു എന്ന് പറഞ്ഞു തള്ളിക്കളഞ്ഞേനെ.
മലയാള സാഹിത്യം ഒരു അപചയത്തിന്റെ പാതയില്‍ എത്തിയതു കൊണ്ടാകണം (എന്ന് പറഞ്ഞാല്‍ കറക്ഷണല്‍ ഫോഴ്സസ് ഇല്ലാതാവുകയും എഡിറ്റോറിയല്‍ ഇടപെടലുകള്‍ തീരുകയും എത്തിക്കല്‍ റൈറ്റിങ്, റൈറ്റേര്‍ലി എത്തിക്സ് എന്നിവയൊക്കെ കേട്ട്കേള്‍വി മാത്രമാവുകയും ചെയ്തത് കൊണ്ടാകണം) ഈ അടുത്തിടെയായി എം കൃഷ്ണന്‍ നായരുടെ എഴുത്തുകള്‍, സാഹിത്യവാരഫലത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ എന്നുവേണ്ട ഒരു എം കൃഷ്ണന്‍ നായര്‍ പേജ് തന്നെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. അതായത്, സാഹിത്യത്തിന്റെ അധിക്യത (എക്സെസ് എന്ന ഇംഗ്ലീഷ് പദത്തിന് കൃഷ്ണന്‍ നായര്‍ ഉപയോഗിച്ചിരുന്ന പദം), അതിന്റെ അപചയം, അതിന്റെ കെട്ടുകാഴ്ചാസ്വഭാവം, അതിന്റെ സത്യാനന്തര സ്വഭാവം ഒക്കെയും ഒരു കൃഷ്ണന്‍ നായരെ തിരികെ കൊണ്ട് വരേണ്ടതുണ്ട് എന്ന ചിന്തയിലേക്ക് മലയാളത്തിലെ സാഹിത്യകുതുകികളെ എത്തിച്ചു എന്നതാണ് അത് വെളിപ്പെടുത്തുന്നത്. കൃഷ്ണന്‍ നായരുടെ അഭാവത്തിന് ശേഷം എന്‍. ഇ സുധീര്‍, പി. രാജഗോപാലന്‍, ഷാജഹാന്‍ മാടമ്പാട്ട്, വൈക്കം മുരളി തുടങ്ങി പല എഴുത്തുകാരും നിരൂപകരും ആ ഒരു ഫീല്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും മലയാളികളായ വായനക്കാര്‍ അതിനെ കൃഷ്ണന്‍ നായരെ സ്വീകരിച്ചത് പോലെ സ്വീകരിച്ചില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ന് ഏറ്റവും പോപ്പുലര്‍ ആയ ആളുകളെല്ലാം മിമിക്രി ചെയ്യപ്പെടുകയോ മീം ആവുകയോ ചെയ്യാറുണ്ട്. കൃഷ്ണന്‍ നായര്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസക്തി ചില മിമിക്രികളായി സാഹിത്യരംഗത്ത് പ്രത്യക്ഷപ്പെട്ടു. ടക് ടക് എന്ന് പേരുള്ള ഒരു ഹാസ്യമാസികയില്‍ സാഹിത്യപാരഫലം എന്ന പേരില്‍ ഒരു കോളം എം കൊച്ചുകൃഷ്ണന്‍ നായര്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെടുകയും അടൂര്‍ ഭാസിയുടെ ചിത്രം കൊച്ചു കൃഷ്ണന്‍ നായര്‍ ആയി അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. യാസീന്‍ അഷ്‌റഫ് എഴുതുന്ന മീഡിയാ സ്‌കാന്‍, ടി.പി. ശാസ്തമംഗലം എഴുതിയ ഗാനനിരൂപണം ഒക്കെ കൃഷ്ണന്‍ നായര്‍ സൃഷ്ടിച്ച ടെംപ്ളേറ്റില്‍ ഉള്ളവയായിരുന്നു എന്ന് ഞാനോര്‍ക്കുന്നു. ഇപ്പോള്‍ മാതൃഭൂമിയില്‍ രാംമോഹന്‍ പാലിയത്ത് എഴുതുന്ന വെബിനിവേശം എന്ന കോളം ആധുനിക-ഡിജിറ്റല്‍- എ ഐ കാലത്തെ കൃഷ്ണന്‍ നായര്‍ ടെംപ്ളേറ്റ് ആണെന്ന് പറയാം.
ഇനി അല്പം വ്യക്തിപരമായ കാര്യം. ഞാന്‍ സാഹിത്യനിരൂപണങ്ങള്‍ എഴുതാറുണ്ട്. അവയൊന്നും ദീര്‍ഘമായ ലേഖനങ്ങള്‍ ആയിട്ടല്ല എന്ന് മാത്രം. പുതിയകാലത്തിന്റെ സാദ്ധ്യതകള്‍ കണക്കിലെടുത്ത്, വായനക്കാരുടെ ക്ഷമയില്ലായ്മയെക്കൂടി പരിഗണിച്ച് വളരെ ഹ്രസ്വമായ ചില നിരീക്ഷണങ്ങളാണ് ഞാന്‍ പൊതുവെ സോഷ്യല്‍ മീഡിയയില്‍ സാഹിത്യത്തെക്കുറിച്ച് എഴുതുന്നത്. വായിക്കുന്നവരില്‍ പലരും പറഞ്ഞത് എന്നില്‍ ഒരു എം കൃഷ്ണന്‍ നായര്‍ സ്റ്റൈല്‍ ഉണ്ടെന്നാണ്. അതൊരു കോമ്പ്ളിമെന്റ് ആയി തന്നെയാണ് ഞാന്‍ കാണുന്നത്. കാരണം, കൃഷ്ണന്‍ നായര്‍ നര്‍മ്മം എന്ന സാമഗ്രിയെ സാഹിത്യവിമര്‍ശനത്തില്‍ വളരെ ശക്തമായി ഉപയോഗിച്ച വ്യക്തിയായിരുന്നു. എന്നില്‍ ചെറിയൊരു നര്‍മ്മബോധമുണ്ട്. പലപ്പോഴും സാഹിത്യം എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്ന നാല്‍ക്കാലികളെ വിമര്‍ശിക്കുമ്പോള്‍, പൊളിറ്റിക്കലി ഇന്‍കറക്റ്റ് എന്ന് തോന്നുമ്പോള്‍ പോലും ഞാന്‍ ശക്തമായ ഉപഹാസം തൊടുത്തു വിടാറുണ്ട്. ചിലപ്പോള്‍ മരുന്നില്‍ തീരാത്തത് ഒരു പ്രഹരത്തില്‍ തീരും എന്ന് അറിയാം. സാഹിത്യത്തില്‍ ഉപയോഗിക്കേണ്ട നര്‍മ്മത്തെക്കുറിച്ചു ഏകദേശമായ ഒരു ധാരണ എനിയ്ക്ക് ലഭിച്ചത് സഞ്ജയന്‍, വി കൃഷ്ണപിള്ള, മുതല്‍ വി കെ എന്‍, എം പി നാരായണ പിള്ള വരെ ഉള്ളവരില്‍ നിന്നാണ്. എന്നാല്‍ സാഹിത്യ വിമര്‍ശനത്തില്‍ ഉപയോഗിക്കേണ്ട നര്‍മ്മമാകട്ടെ വരുന്നത് കൃഷ്ണന്‍ നായരില്‍ നിന്നുമാണ്. അതില്‍ സവര്‍ണ്ണ നര്‍മ്മമാണോ അവര്‍ണ്ണ നര്‍മ്മമാണോ എന്നൊന്നും ഞാന്‍ നോക്കാറില്ല. ഫുട്നോട്ട് ഉള്ള കൃതികളെ വായിക്കുന്നതിനെക്കുറിച്ച് കൃഷ്ണന്‍ നായര്‍ പറയുന്നത്, ആദ്യരാത്രിയില്‍ ഇടയ്ക്കിടെ വാതില്‍ക്കല്‍ മുട്ട് കേട്ട് താഴെ വന്നു കതകു തുറക്കേണ്ട നവവരന്റെ ഗതികേട് പോലെയാണ് എന്നാണ്. മാംസപിണ്ഡത്തില്‍ തൊട്ടു കളിക്കുക എന്നാല്‍ നല്ല അടികിട്ടുക എന്നര്‍ത്ഥം ഇങ്ങനെ ഒട്ടേറെ പ്രയോഗങ്ങള്‍ നര്‍മ്മത്തിനുദാഹരണങ്ങളായുണ്ട്.
എട്ടാം ക്‌ളാസില്‍ പഠിക്കുന്ന കാലത്താണ്, കോട്ടയം പുഷ്പനാഥ്, നീലകണ്ഠന്‍ പരമാര, ബാറ്റണ്‍ ബോസ്, മുട്ടത്ത് വര്‍ക്കി, കാനം ജെ, വല്ലച്ചിറ മാധവന്‍ അങ്ങനെ വായിച്ചു കൊണ്ടിരിക്കുന്ന സമയം. ഓരോ ക്ലാസ്സു കഴിയും തോറും തകഴിയും, ബഷീറും, വിജയനും, കേശവദേവും, കാക്കനാടനും, മുകുന്ദനും ഒക്കെ വായനയിലേയ്ക്ക് കടന്നു വന്നു. അങ്ങനെയിരിക്കെയാണ് കലാകൗമുദിയില്‍ എം കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം എന്ന പംക്തി വായിച്ചില്ലെങ്കില്‍ നീയൊന്നുമല്ല എന്നൊരു പ്രസ്താവന ഒരു ബന്ധുവില്‍ നിന്ന് ഉണ്ടാകുന്നത്. അതോടെ വായന അങ്ങോട്ടേയ്ക്ക് തിരിഞ്ഞു. ഐ വാസ് ഹൂക്ഡ്. ഞാന്‍ അതില്‍ പെട്ട് പോയി എന്ന് തന്നെ പറയാം. ഒരു നാടന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന ഞാന്‍ പത്താം ക്ലാസ്സ് കഴിയുമ്പോഴേയ്ക്കും കാഫ്ക, കമ്യു, ദസ്തയേവ്സ്‌കി, പാസ്റ്റര്‍നാക്ക്, മാര്‍കേസ് എന്നൊക്കെ പറയാന്‍ പഠിച്ചു എന്ന് മാത്രമല്ല, കാഫ്ക തന്നെ ചിത്രങ്ങള്‍ കൂടി വരച്ച അദ്ദേഹത്തിന്റെ കാസില്‍ എന്ന പുസ്തകം ഇംഗ്ലീഷില്‍ വായിച്ചു തീര്‍ക്കുകയും ചെയ്തു. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം മുടങ്ങാതെ വായിച്ചാണ് ഞാനുള്‍പ്പെടെയുള്ള തലമുറ വളര്‍ന്നത്. അതെ തലമുറ തന്നെയാണ് ചിലപ്പോള്‍ ബുദ്ധിജീവിതം കേറി മൂക്കുമ്പോള്‍, ഓ എന്ത് കൃഷ്ണന്‍ നായര്‍ എന്ന് ചോദിക്കുന്നതും. പക്ഷെ എം കൃഷ്ണന്‍ നായരും സാഹിത്യവാരഫലവും ഒരു പ്രതിഭാസം ആയിരുന്നു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. സാഹിത്യവാരഫലം മുഴുവന്‍ ഒന്നായി പ്രസിദ്ധീകരിക്കുന്നതിനുള്ള സാഹിത്യ-സാംസ്‌കാരിക സാഹചര്യം ഒരുങ്ങിയതും ആ പ്രതിഭാസത്തിന്റെ തിരിച്ചു വരവ് മലയാള സാഹിത്യത്തിന് ചില വീണ്ടുവിചാരങ്ങള്‍ ഉണ്ടാക്കും എന്ന വായനക്കാരുടെ ഉറപ്പ് ഉള്ളത് കൊണ്ടാണ്.
Content Highlights: Johny ML, Sahithyavaraphalam, M.Krishnan Nair, Mathrubhumi
Published: 15 Dec 2023, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented