
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വി.ഷിനിലാല്‍ എഴുതിയ 'ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര' എന്ന കഥയുടെ പിന്നാമ്പുറങ്ങള്‍ തേടി ഒരു കൂട്ടം സാഹിത്യവിദ്യാര്‍ഥികള്‍ നടത്തിയ യാത്രാനുഭവം ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പന്മന പ്രാദേശികകേന്ദ്രത്തിലെ രണ്ടാം വര്‍ഷ എം എ മലയാളം വിദ്യാര്‍ത്ഥിനി അശ്വതി എസ് എഴുതുന്നു.
ഇന്നത്തെ കഥകളെല്ലാം പേരുകൊണ്ട് വളരെ കൗതുകം സൃഷ്ടിക്കുന്നുണ്ട്. വി. ഷിനിലാല്‍ എഴുതിയ 'ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര' എന്ന കഥയും അതിനൊരു അപവാദമല്ല. എന്താണ് അങ്ങനെയൊരു പേര്? കൗതുകം വളരെയധികമായിരുന്നു. തേടിത്തേടി ഒടുവില്‍ വായന തീരുമ്പോള്‍ ഹൃദയത്തില്‍ എന്തൊക്കെയോ കൊളുത്തി വലിക്കുന്നുണ്ട്. ഗുരു, ആശാന്‍ അങ്ങനെ ആരാധനയുടെ, ബഹുമാനങ്ങളുടെ ആള്‍രൂപങ്ങളെ, അവരുടെ ജീവിതസന്ദര്‍ഭങ്ങളെ പച്ചയായി കഥാകാരന്‍ എഴുതിയിരിക്കുന്നു. ഇത്യാഥാര്‍ഥ്യമോ അതോ ഭാവനയുടെ ഏതോ കോണില്‍ നിന്ന് ഉരുത്തിരിഞ്ഞെത്തിയ പ്രകാശമോ എന്ന് അറിയാതെ തരിച്ചുപോയ നിമിഷങ്ങള്‍. കുമാരനാശാന്റെ 'വനയാത്ര'എന്ന കവിതയില്‍ നിന്നും വികസിക്കുന്ന ഒരു കഥ.
കഥ ആരംഭിക്കുന്നത് ശിവപ്രതിഷ്ഠയ്ക്ക് ശേഷം തടുക്ക് വിരിച്ച പീഠത്തില്‍ ഇരിയ്ക്കുന്ന ഗുരുവിലൂടെയാണ്. അവിടെ ഓലപ്പുരയുടെ വാതില്‍ക്കല്‍ വന്നു നില്‍ക്കുന്ന കുമാരന്‍. അത് മലയാളസാഹിത്യത്തിന്റെ ഗിരിനിരകളില്‍ കുളിര്‍കാറ്റായി വീശിയ ഒരു അപൂര്‍വമനുഷ്യനായിരുന്നു. കഥ നീളുന്നു.
സമസ്യാപൂരണത്തിനായി ആശാനെ ക്ഷണിക്കുന്ന ഗുരു.
'കാലന്‍ കനിവറ്റു കുറിച്ചിവിടു
ന്നോലപ്പടിയെന്നേയയക്കരുതേ'
എന്ന് സമസ്യയ്ക്ക് ഉത്തരം നല്‍കുന്ന ആശാന്‍. ആ മഹാമേരുവിന്റെ ശിഷ്യത്വം ഒന്നുകൊണ്ട് ആശാന്‍ താണ്ടിയ തത്വചിന്താപര്‍വ്വങ്ങള്‍ വായനയിലങ്ങോളം ഹൃദയത്തില്‍ നിറഞ്ഞു. ജലവും വനവും ഒരുപോലെ നിഗൂഢത നിറഞ്ഞതാണ് മനസ്സിലാക്കുന്ന ആശാന്‍ ജലത്തിലൂടെയും വനത്തിലൂടെയും ഗരിസപ്പാ അരുവി തേടി ഭാനുമതിയ്‌ക്കൊപ്പം യാത്ര തിരിച്ച കഥയാണ് എഴുത്തുകാരന്‍ പറയുന്നത്. ശിമഗാ പട്ടണത്തില്‍ നിന്നും കാളവണ്ടിയിലാണ് അവരുടെ യാത്ര. വഴിയില്‍ തടഞ്ഞുനില്‍ക്കുന്ന സഹ്യന്റെ ചിറകുകള്‍ക്കപ്പുറം ഒരൊറ്റയാനോ കടുവയോ ജീവനെടുക്കുവാന്‍ പതിയിരുന്നേക്കാമെന്ന് ആശാന്‍ ചിന്തിക്കുന്നു. ഗുരുവിനും ആശാനും ഇടയില്‍ ഇരുന്ന ആ മൂന്നാമന്‍ പ്രാണന്‍ കവര്‍ന്നെടുക്കുവാന്‍ കൂടെയുള്ള മരണമെന്ന ചിന്ത ആശാനില്‍ ഉണ്ടായിരിക്കണം. അതേ മരണത്തെ വനത്തിന്റെ വന്യതയിലും ആശാന്‍ പ്രതീക്ഷിക്കുന്നുണ്ട്. കാട്ടുപോത്തായും വള്ളിപ്പടര്‍പ്പായും ജലമായും പോകുന്നിടത്തെല്ലാം അദ്ദേഹത്തെ പിന്തുടരുന്ന ആ ശക്തിയെ ആശാന്‍ തിരിച്ചറിഞ്ഞിരിക്കണം. യാത്ര നീളവേ അവര്‍ ഗരിസപ്പായുടെ ചിലങ്കക്കിലുക്കം കേട്ടുതുടങ്ങുന്നു. കാളവണ്ടി വനപാത താണ്ടവേ അരുവി അവര്‍ക്കുമുന്നില്‍ നിലാവുപോലെ തിളങ്ങി.
ദുസ്സഹമായ യാത്രയായിരിക്കുമെന്ന ധാരണയുള്ളപ്പോഴും ഭാനുമതിയുടെ ആഗ്രഹസഫലീകരണത്തിനായി അവള്‍ക്കൊപ്പം ഗരിസപ്പാ അരുവി തേടി പുറപ്പെടുന്ന ആശാന്‍ വനസ്ഥലികളുടെ അദ്വിതീയ ഭംഗിയെ ആവോളം ആസ്വദിക്കുന്നുണ്ട്. ജലത്തിലും വനത്തിലുമായി താന്‍ അവസാനിപ്പിച്ച ലീലയും നളിനിയും ആശാനില്‍ ഓര്‍മയായി തെളിഞ്ഞിട്ടുണ്ടായിരിക്കണം.
രാത്രിവാസത്തിന് ഒരുക്കിയ ബംഗ്ലാവില്‍ നിദ്രയുടെ ആലസ്യത്തില്‍ നിന്നും വിട്ടൊഴിഞ്ഞ് ആശാന്‍ നക്ഷത്രാങ്കിത വിണ്ണിനെ മതിമറന്ന് നോക്കിയിരുന്നു. കാനനയാത്രയില്‍ ഒരു കരിമ്പോത്ത് ആശാനുമുന്നില്‍ കൊമ്പുകുലുക്കി കിതച്ചു. അത് തലതാഴ്ത്തി പോകുന്നത്കഥാകാരന്‍ നമുക്ക് കാട്ടിത്തരുമ്പോള്‍ ആ മഹാമനുഷ്യന്റെ വലിപ്പമറിഞ്ഞിട്ടെന്നോണമാണ് ആ മടക്കമെന്ന് ചിന്തിച്ചുപോകുന്നു.
ചെന്തുപ്പൂര് എന്ന സ്ഥലത്ത് വണ്ടി നിന്നപ്പോള്‍ ആശാനും ഭാനുമതിയും ഇറങ്ങി നടക്കുന്നു. വൃക്ഷത്തലപ്പുകള്‍ക്കിടയില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന അമ്മാവന്‍പാറ ഭാനുമതിയിലെ സന്തോഷസൂനങ്ങളെ വിടര്‍ത്തി. അതിനൊപ്പം അവളില്‍ പടര്‍ന്നിറങ്ങിയ ഭയത്തെ ആശാന്‍ ആശ്വാസവാക്കുകളാല്‍ അലിയിച്ചുകളയുന്നു. മയിലുകള്‍, മഹാതരുക്കള്‍, മഹാലതകള്‍, കിളികളുടെ കളകൂജനങ്ങള്‍... ഭാനുമതി പാട്ടുകളെ യാത്രയില്‍ ഒപ്പം കൂട്ടി. അമ്മാവന്‍ പാറയുടെ ഉച്ചിയിലേക്ക് കയറുമ്പോള്‍ അവിടെ ഒരു കുയില്‍നാദം ആശാനെ വിസ്മയിപ്പിച്ചു. കവി ആ ഗാനത്തെ പിന്തുടര്‍ന്നുപോകവേ ഒരോടല്‍ വള്ളി കഴുത്തില്‍ കുടുങ്ങുന്നു. അത് മരണത്തിന്റെ ദൂതനായിരുന്നു. മലയാളത്തിലെ ആ അദ്വിതീയ മനുഷ്യനെ കവര്‍ന്നെടുക്കുവാന്‍ ഓടിയെത്തിയ മൃത്യു. അതില്‍ നിന്നും ആശാന് രക്ഷകയാകുന്നത് ഭാനുമതിയാണ്. ആശാന്റെ സീതപോലെ മനക്കരുത്തുള്ള ഒരുവള്‍.
ആശാന്‍ അവളെ അപ്പോള്‍ സാവിത്രിയെന്നാണ് വിളിക്കുന്നത്. സത്യവാന്റെ സാവിത്രി.
യാത്ര തുടരുന്നു. അവര്‍ അമ്മാവന്‍ പാറയുടെ വൃദ്ധിക്ഷയങ്ങളിലേയ്ക്ക് പിച്ചവെച്ച് പോകുന്നു. ഒട്ടും ദൂരെയല്ലാത്ത ഗരിസപ്പാ തന്നിലേക്ക് ഓടിയണയുവാന്‍ അവരെ മാടിവിളിച്ചു.
വിണ്ണിനും മണ്ണിനുമിടയിലെ മിഥ്യയായി ജലത്തെ വിശേഷിപ്പിക്കുന്ന കഥാകാരന്‍ അതൊരു നിഗൂഢതയെന്ന് കൂടി അനുവാചകനെ ഓര്‍മ്മിപ്പിക്കുന്നു.
നിശബ്ദതയുടെ ആ നിമിഷങ്ങളിലിരുന്ന് ഗ്രാമവൃക്ഷത്തിലെ കുയില്‍ ഉറക്കെയുറക്കെ പാടി.
ശബ്ദവീചികള്‍ അവസാനിച്ച നേരത്ത് ആശാന്‍ നിദ്രയിലേക്ക് വഴുതിവീഴുവാന്‍ തുടങ്ങി. അപ്പോള്‍ നിഗൂഢമായ ജലം ഒരൊറ്റഭിത്തിപോലെ അവിടമാകെ നിറഞ്ഞു. ജലത്തിനടിയില്‍ വെച്ച് ആശാന്‍ യാത്രയിലുടനീളം കണ്ട അതേ രൂപത്തെ വീണ്ടും കാണുന്നു. പരിചയമേറിയതിനാല്‍ ആ മനസ്സ് പകച്ചില്ല. വരികയല്ലേ എന്ന ചോദ്യത്തിന് അതേ എന്ന് എന്തിനാണ് മഹാമനുഷ്യന്‍ ഉത്തരം കൊടുത്തത്? അങ്ങ് ദൂരേക്ക് ഇരുളിന്റെ കൈപിടിച്ച് എന്തിനാണ് ഇഹത്തില്‍ നിന്നും മറഞ്ഞുകളഞ്ഞത്. അറിയില്ല ഒന്നുമറിയില്ല. ഉള്ളില്‍ ഒരു നിസ്സംഗത ജലം പോലെ നിറയുന്നു. ആശാന്‍ പടുത്തുയര്‍ത്തിയ മേരുവിന്റെ ഭംഗി ഹൃദയത്തിലേറ്റി അമ്മാവന്‍ പാറയിലിരിക്കുന്ന ആ സ്‌നേഹിതര്‍ കഥയിലൂടെ ഒരു ദീര്‍ഘയാത്ര കഴിഞ്ഞു മനസ്സ് മരവിച്ചിരിക്കുന്ന ആസ്വാദകര്‍ തന്നെയാണ്. അവര്‍ അന്യോന്യം തങ്ങളുടെ സംശയങ്ങള്‍ക്ക് നിവൃത്തി വരുത്തുന്നതായി കഥാകാരന്‍ വരച്ചുകാട്ടുന്നു.
റെഡീമര്‍ ബോട്ട് അപകടത്തില്‍ ജലച്ചുഴി അതിന്റെ ആഴങ്ങളിലേക്ക് ആശാനെ വലിച്ചുകൊണ്ട് പോയപ്പോള്‍ മലയാളത്തിന് നഷ്ടമായത് ഒരു മഹാപ്രതിഭയെയായിരുന്നു. എന്നാല്‍ പ്രിയശിഷ്യന്റെ വേര്‍പാടില്‍ ഗുരു വിലപിക്കുന്നില്ല. ജയിച്ച മട്ടില്‍ ചിരിച്ചുനില്‍ക്കുന്ന മരണത്തോട് ഗുരു പറയുന്നത് 'നീ എടുത്തത് കുമാരുവിന്റെ ഉടല്‍ മാത്രമാണ്. അവന്‍ എന്നേ മൃത്യുഞ്ജയനായിരിക്കുന്നു' എന്നാണ്. അത് ആശാന്റെ സാഹിത്യസപര്യയുടെ അമരത്വത്തെ കുറിക്കുന്ന വാക്കുകളാണ്.
'ഇത്ര വലിയ മലയുടെ മുകളിലാണല്ലോ ആശാന്‍ വസിക്കുന്നത് ' എന്ന കാമുകന്റെ ചോദ്യം ആശാന്റെ കൃതികളുടെ ആശയബഹുലത അനുഭവിച്ചറിഞ്ഞ ഏതൊരു മനുഷ്യന്റെയും ചോദ്യമാണ്.
'അങ്ങനെ ഒരു മലമുകളില്‍ മാത്രമേ ആശാന് ഇരിക്കാനാവൂ 'എന്ന വാക്കുകള്‍ ഓരോ വായനക്കാരന്റെയും ഹൃദയത്തിന്റെ ഉന്നതങ്ങളിലാണ് ആശാന് സ്ഥാനം എന്ന് കാട്ടിത്തരുന്നു.
കഥയില്‍ ഗുരു കടന്നുവരുമ്പോഴും കണ്ണുകളെ ആകര്‍ഷിക്കുന്നത് ആശാനാണ്. ഗുരുവിനും ഒരുപക്ഷേ അതാകും ഇഷ്ടം. ആ മദജലം അപഹരിച്ചില്ലായിരുന്നുവെങ്കില്‍ എന്ന എന്നത്തേയും ആശയെകഥ പിന്നെയും വളര്‍ത്തുന്നുണ്ട്. നളിനത്തെ, സുമങ്ങളെ, ദിവാകരനെ, വിപിനത്തെ അങ്ങനെ പ്രകൃതിയെ നിറഞ്ഞു സ്‌നേഹിച്ചകുമാരനാശാനെ പ്രകൃതി അത്രമേല്‍ സ്‌നേഹത്തോടെ തന്നിലേക്ക് അടുപ്പിച്ചപ്പോള്‍ ഉണ്ടായ ആ വേര്‍പാട്. അത് സമ്മാനിച്ച വേദന. ആ കൃതികള്‍ നല്‍കിയ തെളിച്ചം അവയെല്ലാം കഥയോടൊപ്പം മനസ്സില്‍ നിറയുന്നു. അയത്‌നലളിതമായ, കവിതപോലെ ഒഴുക്കുള്ള ഭാഷയില്‍ എഴുതപ്പെട്ട അത്രമേല്‍ ആഴത്തിലുള്ള കഥ. ഹൃദയംഗമമായ നിരവധി കൃതികള്‍ നമുക്ക് നല്‍കി വീണുപോയ ആ പുഷ്പത്തോടുള്ള എഴുത്തുകാരന്റെ സ്‌നേഹമായി ഈ കഥയെ വായിക്കുന്നു.

ഇത്തരത്തില്‍ ഒരു നല്ല കഥ പിറവിയെടുക്കവേ, അത് ജീവിതത്തിന്റെ സ്പന്ദനങ്ങളില്‍ ഒന്നിനെ മനോഹരമായി അവതരിപ്പിക്കുന്നതാണെന്നിരിക്കെ ഒന്ന് തേടിപ്പോകാതെയിരിക്കുന്നത് എങ്ങനെയാണ്. മലയാളസാഹിത്യത്തിന്റെ മകുടത്തില്‍ വസിക്കുന്ന ആശാന്റെ കവിതകളിലൂടെ അറിവിന്റെ ആദികാലങ്ങളില്‍ സഞ്ചരിച്ച് ഐച്ഛികവിഷയമായി അമ്മ മലയാളത്തെ മാറോടണയ്ക്കുന്ന ഞങ്ങള്‍ മലയാളസാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് അതൊരു ഹൃദ്യമായ അനുഭവമായിരുന്നു.
തിരുവനന്തപുരത്തെ നെടുമങ്ങാട് പ്രൗഢിയോടെ സ്ഥിതിചെയ്യുന്ന അമ്മാവന്‍ പാറയിലേക്ക് ഞങ്ങളങ്ങനെ കാവ്യയാത്ര ആരംഭിച്ചു. മലമുകളിലേക്ക് കയറുമ്പോള്‍ ഉള്ളില്‍ 'ആഗതര്‍ക്കു വിഹഗസ്വരങ്ങളാല്‍ സ്വാഗതം പറയുമാ സരോജിനി' എന്ന ആശാന്റെ വരികള്‍ ഉള്ളില്‍ നിറഞ്ഞു. പാറമുകളില്‍ പ്രിയപ്പെട്ട ഷിനിലാല്‍ മാഷ് ആശാന്റെ ഓര്‍മകളുമായി ഞങ്ങളെ കാത്തുനിന്നിരുന്നു. ആ പാറമുകളില്‍ ഞങ്ങളെക്കാത്തിരുന്ന മറ്റൊന്ന് അമ്മാവന്‍ പാറയില്‍ ഓടിക്കളിച്ചും ഓടിക്കയറിയും നടന്ന കുറച്ചു മനുഷ്യരുടെ മധുരമുള്ള വാക്കുകളായിരുന്നു. അവിടെയിരിയ്ക്കവേ ഹൃദയസരോവരത്തില്‍ ആശാനെന്ന ഹംസം നീന്തിത്തുടിച്ചു. ഇടയ്ക്കിടെ തലോടിക്കടന്നുപോയ ആ ഇളംകാറ്റില്‍ കുഞ്ഞുമക്കളെ തഴുകുന്ന ഒരു മുത്തച്ഛന്റെ വാത്സല്യം ഞാന്‍ അനുഭവിച്ചറിഞ്ഞു. ഹൃദയം നിറഞ്ഞു. കണ്ണുകളില്‍ ഒരു നീര്‍ച്ചാല്‍ എത്തിനോക്കി.
ഈ ദിവസം ഇത്രമേല്‍ സുന്ദരമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആശാന്റെ സാന്നിധ്യം അനുഭവിച്ച ആ പാറക്കെട്ടുകള്‍ക്ക് മുകളിലിരുന്ന് ഞങ്ങള്‍ ആശാനെക്കുറിച്ച് വാചാലരായി. കഥാകൃത്തായ അജിത്, ഡോ ബി. ബാലചന്ദ്രന്‍, ജി. എസ് ജയചന്ദ്രന്‍, എസ് എസ് ബിജു എന്നിവര്‍ സംസാരിച്ചു. അമ്മാവന്‍ പാറയുമായി ബന്ധപ്പെട്ട ബാല്യകാലസ്മൃതികള്‍ അയവിറക്കിയ പ്രിയപ്പെട്ട മനുഷ്യര്‍ ഹൃദയത്തില്‍ ചേക്കേറി. കഥാകൃത്ത് തന്റെഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര എന്ന കഥയെപ്പറ്റി സംസാരിച്ചു. ആശാന്‍ ആ പ്രദേശത്ത് വന്നതിനെപ്പറ്റി പൂര്‍വ്വികര്‍ പറഞ്ഞുകൊടുത്ത കഥകള്‍ അവര്‍ ഞങ്ങളോട് പങ്കുവെച്ചു. കഥാകൃത്തില്‍ നിന്ന് തന്നെ കഥ എഴുതുവാന്‍ ഉണ്ടായ സാഹചര്യം അറിയുവാന്‍ കഴിയുന്നതും കഥയെപ്പറ്റി കേള്‍ക്കുവാന്‍ കഴിയുന്നതും ഭാഗ്യമാണ്. സംസ്‌കൃതസര്‍വ്വകലാശാലയുടെ പന്മന പ്രാദേശികകേന്ദ്രം സ്ഥിതിചെയ്യുന്നത് ചട്ടമ്പിസ്വാമിയുടെ മണ്ണിലാണ്. അവിടെ നിന്നും ആശാന്റെ ഓര്‍മ്മകള്‍ പേറുന്ന അമ്മാവന്‍ പാറയിലേക്ക് ഒരു സ്വപ്നയാത്ര.
മലയാളസാഹിത്യത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന ആ ദീപ്തിയുടെ സ്മൃതികള്‍ പേറുന്ന ഇവിടം ഇനിയും ഏറെ പുരോഗതി പ്രാപിക്കുമെന്ന പ്രത്യാശയോടെ ഈ സുദിനത്തിന്റെ ഓര്‍മ്മകളെനിറം മങ്ങാതെ സൂക്ഷിച്ചു വയ്ക്കട്ടെ.
Content Highlights: garisappa aruvi adhava oru jalayathra story review by aswathi s
Published: 08 Mar 2022, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented