ലയാളത്തിലെ രണ്ട് പ്രമുഖ കവികളുടെ ചലച്ചിത്രഗാന രചനയെ താരതമ്യം ചെയ്ത് നമ്മുടെ നിരൂപണമേഖലയിലെ അസാമാന്യ പ്രതിഭ പറഞ്ഞ ഒരു വാക്യമുണ്ട് ''ഒരാള്‍ ഹൃദയരക്തം കൊണ്ട് ഗാനങ്ങള്‍ എഴുതുന്നു. മറ്റെയാള്‍ ചല്‍പ്പാര്‍ക്ക് മഷികൊണ്ട് പാട്ടെഴുതുന്നു''. ഈയൊരുകാര്യം ഇപ്പോള്‍ ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്. ഓര്‍മ്മക്കുറിപ്പുകളുടെ ധാരാളിത്തമുള്ള ഇക്കാലത്ത്, ദാ, ഒരാള്‍ തന്റെ ഹൃദയരക്തം നിറച്ച പേനകൊണ്ട് ഒരു ഓര്‍മ്മപ്പുസ്തം എഴുതിയിരിക്കുന്നു -കമ്പിളികണ്ടത്തെ കല്‍ഭരണികള്‍. എഴുതിയത് ബാബു എബ്രഹാം.

To advertise here,

കമ്പിളികണ്ടത്തെ കല്‍ഭരണികള്‍ കേവലം ഒരു ഓര്‍മ്മപ്പുസ്തകമല്ല; അദ്ഭുതക്കാഴ്ചകള്‍, കാലത്തിന്റെ കൃത്യമായ അടയാളപ്പെടുത്തല്‍ ഒക്കെ നിറച്ച കല്‍ഭരണികളാണ്. ഈ സ്മരണകള്‍ വായനക്കാരനെ വല്ലാതങ്ങ് പ്രചോദിപ്പിക്കും, പ്രചോദനത്തിന്റെ പുസ്തകമാണ് ഈ സ്മരണിക - Text of Motivation.

ഓര്‍മ്മക്കുറിപ്പുകളില്‍ പൊതുവെ നായകന്‍ / നായിക എന്നത് സ്മൃതി എഴുതുന്നവര്‍ തന്നെയാകാറാണ് പതിവ്. കമ്പിളികണ്ടത്തെ കല്‍ഭരണികള്‍ അവിടെയും തികച്ചും വേറിട്ട് നില്‍ക്കുന്നു. ഇവിടെ ഒരേ ഒരു നായകന്‍ / നായിക മാത്രമേയുള്ളൂ, അതാകട്ടെ മേരിയെന്ന അമ്മയാണ്. ഓരോ താളിലും നിറഞ്ഞ് പന്തലിച്ച് നില്‍ക്കുന്ന വന്മരം. ഇവിടെ ഓര്‍മ്മകളെ പ്രയാണം ചെയ്യിപ്പിക്കുന്നത് ആ അമ്മമരമാണ്.''എന്നെയോ എന്റെ മക്കളെയോ സംബന്ധിച്ച് ഒരു തീരുമാനമെടുക്കാന്‍ ഞാന്‍ നിങ്ങളെ ഏല്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മേലില്‍ എന്റെ കാര്യങ്ങള്‍ അന്വേഷിച്ച് ഒറ്റയെണ്ണം ഈ വഴിക്കു വന്നുപോകരുത്. അറത്തുകളയും ഞാന്‍''. ഇങ്ങനെ നാട്ടിലെ പ്രമാണിമാരെന്ന് നടിക്കുന്നവരോട് സംസാരിക്കാന്‍ കെല്‍പ്പുള്ള ഒരു സ്ത്രീയുടെ സ്ഥൈര്യവും ദൃഢതയും അളവുകള്‍ക്കതീതമാണ്. ആ അമ്മ സകല പ്രതിസന്ധികളെയും എതിരിട്ട് നേടിക്കൊടുത്ത ജീവിതമായിരുന്നു മൂന്നു പെണ്‍മക്കളുടെയും ഒരാണ്‍കുട്ടിയുടെയും. മോഷണാരോപണം തന്റെ കുഞ്ഞുമകള്‍ക്ക് നേരെ വന്നപ്പോള്‍ മകളുടെ പിഞ്ചുകൈ പാറമേല്‍ വച്ച് കൊയ്ത്തരിവാള്‍ മടകൊണ്ട് അവളുടെ തള്ളവിരലിനിട്ട് അടിച്ച ആ അമ്മയുടെ മാനിഫെസ്റ്റോ സത്യം മാത്രമായിരുന്നു.

''തിരമാലയില്‍ നടന്നോനേ നിന്നെ
തിരയുന്നു ഞങ്ങളൊന്നായ്...'' എന്ന് പാടിയ അമ്മ, ''എന്റെ രാജാവിന്റെ അടുക്കല്‍ ഞാന്‍ ഏറ്റവും സുന്ദരിയായി പോകണം ''എന്ന് ഏറ്റവും അഴകില്‍ പള്ളിയില്‍ പോകുന്നതിനെക്കുറിച്ച് പറഞ്ഞിരുന്ന അമ്മയുടെ ദൈവസങ്കല്പം ഒരേസമയം വശ്യവും പ്രായോഗികമായ കാഴ്ചപ്പാടില്‍ അധിഷ്ഠിതവുമായിരുന്നു. ജീവിതത്തിലാണ് മക്കള്‍ ഫസ്റ്റ്ക്ലാസ് വാങ്ങേണ്ടതെന്ന് അടിയുറച്ച് വിശ്വസിച്ച കര്‍ത്താവിന്റെ മാതാവിന്റെ പേരുള്ള ആ അമ്മ ഒരിക്കലും സ്വാര്‍ത്ഥമതിയായില്ല.''തലയ്ക്കു മീതേ വെള്ളം വന്നാല്‍ അതുക്കും മീതേ തോണി വയ്ക്കണം. ചുറ്റും വെള്ളം പൊങ്ങുന്നു എന്നു കണ്ടാല്‍, നീന്തല്‍ വശമില്ല എന്നറിയാവുന്ന നീ പകച്ചു പേടിച്ച് അലമുറയിടരുത്. ആ വെള്ളപ്പാച്ചിലില്‍ അവിടവിടെ പൊങ്ങിക്കിടക്കുന്ന മരക്കഷണങ്ങളില്‍ പിടിച്ചുകയറി വെള്ളത്തിലങ്ങ് പൊങ്ങിക്കിടക്കണം. എന്നിട്ട് ഓളത്തിനൊപ്പം ഒഴുകുന്ന ശിഖരങ്ങള്‍ കാട്ടുവള്ളികളില്‍ ചേര്‍ത്തുവച്ചു കെട്ടി ഒരു ചങ്ങാടമുണ്ടാക്കണം. കരപറ്റിക്കഴിയുമ്പോള്‍ ഉണ്ടാകുന്ന ആ സന്തോഷമായിരിക്കണം തുഴഞ്ഞുനീങ്ങുമ്പോള്‍ നിന്റെ മനസ്സില്‍. തീരം എത്തിക്കഴിയുമ്പോള്‍ മറ്റാര്‍ക്കെങ്കിലും ഉപകരിക്കാനായി ആ ചങ്ങാടം വെള്ളത്തിലേയ്ക്ക് തള്ളിവിടണം. മുങ്ങിപ്പോകുമായിരുന്ന ആരെങ്കിലുമൊക്കെ ആ ചങ്ങാടം കയറി തീരമെത്തുമ്പോള്‍ നമ്മുടെയുള്ളില്‍ ഉണ്ടാകുന്ന സ്വാര്‍ത്ഥതയില്ലാത്ത ഒരു ആനന്ദമുണ്ട്- അതായിരിക്കണം എന്നും നിന്നെ നയിക്കേണ്ടത്'''. ഇതിലേറെ ഒരമ്മയ്ക്ക് എന്ത് വചനമാണ് മക്കള്‍ക്കായി നല്‍കാനാകുക? കാലച്ചുഴി നീന്തിക്കടക്കാന്‍ ഒരു മകന് പ്രേരകമായ ഊര്‍ജ്ജരേണുക്കള്‍.

വിശപ്പ്! കൊടുംവിശപ്പാണ് കമ്പളികണ്ടത്തെ കല്‍ഭരണികളില്‍ ഇളകിമറിയുന്നത്. എന്തുകിട്ടിയാലും അടങ്ങാത്ത പശിക്കുമുന്നില്‍ അല്പമാത്രമായിപ്പോലും വിളമ്പിക്കിട്ടാത്ത അന്നം. മെലോഡ്രാമയില്‍ കുളിപ്പിച്ചെടുക്കുന്ന സ്മരണയെഴുത്തുകളില്‍ മിക്കവയും വിശപ്പിനെപ്പറ്റി വാതോരാതെ പറയുമ്പോള്‍ അവയില്‍ പലതും കാപട്യ വിവരണമാണെന്ന് ഒറ്റവായനയില്‍ വായനക്കാരന് ഗ്രഹിക്കാനാകും. എന്നാല്‍ ഇവിടത്തെ വിശപ്പിന് നൂറു വായാണ്, സത്യസന്ധവും ക്രൂരവുമായ വിശപ്പിന്റെ നഗ്‌നരചന. എഴുത്തുകാരന്‍ ആ വിശപ്പിന് ആരെയും പഴി പറയുന്നില്ല, നന്നായി പണിയെടുത്താന്‍ മാറുന്നതാണ് ദാരിദ്യമെന്ന അമ്മവചനത്തെ പിന്‍തുടരുകയാണ് അയാള്‍. ആ അനുധാവനമാണ് ബാബു എബ്രഹാമിനെ മലയോരത്തെ കുഗ്രാമത്തില്‍ നിന്നും പാരീസ് നഗരത്തിന്റെ മാസ്മരിക ഭൂമിയിലേയ്ക്ക് നയിച്ചത്.

ഈ പുസ്തകം അനേക ആവര്‍ത്തി നമ്മെ ദൈവനിലത്തേയ്ക്ക് നയിക്കുന്നുണ്ട്. ഒരേ ജനുസില്‍ ഈശ്വരനും ചെകുത്താനും കുടിയിരിക്കുന്നുണ്ടെന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കുന്ന പ്രാര്‍ത്ഥനാലയങ്ങള്‍. ഇവിടെ ദൈവപ്രതിനിധികള്‍ ചുരത്തുന്ന കാലുഷ്യവും പുച്ഛവും ജപുത്സാവഹമാണ്. അവിടെയും ചില വെള്ളിവെളിച്ചങ്ങള്‍ അവശേഷിക്കുന്നു. ദൈവസ്പര്‍ശസമാനമായ വാക്കുകളാല്‍ കാരുണ്യം വിളമ്പിയ ഗിവര്‍ഗീസ് മാര്‍ അത്തനേഷ്യസ് പിതാവ്, അക്ഷരനക്ഷത്രം തെളിച്ച സിസ്റ്റര്‍ ആനി, ഈ പുസ്തകത്തിന്റെ നടുംപുറത്ത് കൊളുത്തിവച്ച മെഴുകുതിരി വെട്ടമാണവര്‍.

ബീഭത്സക്കാഴ്ചകളുടെ അനുസ്യൂതപ്രവാഹം കമ്പിളികണ്ടത്തെ കല്‍ഭരണികളെ സ്‌തോഭജന്യമാക്കുന്നുണ്ട്. ഇവയൊന്നും ഫിക്ഷനല്ലെന്ന തിരിച്ചറിവ് വായനയെ കൂടുതല്‍ വിഭ്രമാന്മകമാക്കുന്നു. ജീവിതം പലപ്പോഴും ഫിക്ഷനെ നിഷ്പ്രഭമാക്കുന്ന എതിരാളിയാണല്ലോ! അനാഥാലയം, ഹോട്ടല്‍ജീവനം അങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കുന്ന പേടിപ്പിക്കുന്ന സ്മൃതികള്‍. ബാബു എബ്രാഹാമിന്റെ വളര്‍ച്ച അദ്ഭുതാവഹമാണ്; അപ്പോഴും അയാളെ നയിച്ച ഉള്‍ വാഞ്ഛകളെ നമ്മള്‍ കണ്ണ് നന്നായി തുറന്ന് കാണേണ്ടതുണ്ട്, അവിടെയാണ് കമ്പിളികണ്ടത്തെ കല്‍ഭരണികള്‍ അതിന്റെ ദൗത്യം പൂര്‍ത്തിയാക്കുക. കമ്പിളികണ്ടം ഉദ്‌ഘോഷിക്കുന്നത് വിദ്യാഭ്യാസത്തിന്റെയും അദ്ധ്വാനശീലത്തിന്റെയും സത്യസന്ധതയുടെയും സാംഗത്യത്തെക്കുറിച്ചാണ്, അതുവഴി കൈപ്പിടിയില്‍ ഒതുക്കിയ വലിയ ജീവിതസാഹചര്യത്തെക്കുറിച്ചാണ്. ആരുടെയും അനുകമ്പയ്ക്കായി യാചിച്ചുനില്‍ക്കാതെ ഉള്‍ക്കരുത്തിനാല്‍ ബാബു എബ്രഹാം കയറിപ്പോയ വലിയ ഇടങ്ങള്‍ വായനക്കാരനെ ഏറെ സന്തോഷിപ്പിക്കും.

ഈ ഓര്‍മ്മയെഴുത്ത് വെറും ഭൂതകാല വര്‍ത്തമാനം പറച്ചിലല്ല, സാഹിത്യഗുണമുള്ള രചനയുടെ നേര്‍ചിത്രമാണ്. എഴുത്തുകാരന്റെ രചനാബലം ഓര്‍മ്മയെഴുത്തില്‍ നിന്നും മികച്ച ഫിക്ഷനെഴുത്തിലേയ്ക്ക് പ്രയാണം ചെയ്യാനാകും വിധം ശക്തമാണ്. ബാബു എബ്രഹാം എന്ന എഴുത്തുകാരന് സ്മരണകുറിക്കലിന് അപ്പുറത്തേയ്ക്ക് എഴുത്തിനെ ചലിപ്പിക്കാന്‍ തക്ക വിഭവങ്ങള്‍ കൈമുതലായിയുണ്ട്; അത് വലിയവായനയില്‍ നിന്നും, ജീവിതക്കാഴ്ചകളില്‍ നിന്നും ലഭിച്ച ശക്തി തന്നെയാണ്.