കവിയും ഗാനരചയിതാവുമായ ഒരെഴുത്തുകാരന്റെ കളിയെഴുത്തുകളുടെയും ഓര്‍മകളുടെയും പുസ്തകമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പന്തും പാട്ടും പറച്ചിലും'. ഈ രചനയെക്കുറിച്ച് ഒരു കുറിപ്പ് വായിക്കാം...

To advertise here,

പാട്ടെഴുതി മലയാളികളുടെ മനം കവര്‍ന്ന എഴുത്തുകാരന്‍, മൈതാനത്തെ ശബ്ദഗരിമയെ മനസ്സിലേക്ക് ആവാഹിച്ച് കടലാസിലൂടെ വായനക്കാരന്റെ ഉള്ളിലേക്ക് ആകാംക്ഷയും ആവേശവും ജനിപ്പിക്കുവാനുള്ള ജാലവിദ്യകൈവശമാക്കിയ ബി.കെ. ഹരിനാരായണന്‍ 'പന്തും പാട്ടും പറച്ചിലുമായി' നമ്മളിലേയ്ക്കെത്തുന്നു. ഫുട്ബോളിനെ കുറിച്ചൊന്നുമറിയാത്ത വായനക്കാരിയായ എനിക്കും കളിയെക്കുറിച്ചും കളിയുടെ ചരിത്രത്തെക്കുറിച്ചും അല്‍പമെങ്കിലും അറിയാന്‍ അവസരമൊരുക്കിയ കൈപ്പുസ്തകമായി ഈ കൃതി മാറിയിട്ടുണ്ടെങ്കില്‍, കളിയൊരാവേശമായി മാറിയ മനുഷ്യര്‍ക്കിടയില്‍ ഓര്‍മപ്പെരുക്കങ്ങളുണ്ടാക്കാന്‍ ഈ പുസ്തകത്തിന് ഉറപ്പായും കഴിയും.

ഒരു ഫുട്ബോള്‍ കോര്‍ട്ട് ഈ ലോകത്തിന്റെ തന്നെ മനോഹരമായ പരിഛേദമാണ്. സംസ്‌കാരത്തിന്റെ വൈവിധ്യപൂര്‍ണമായ ചേരുവകള്‍കൊണ്ട് ചാലിച്ചെടുത്ത ആരവങ്ങള്‍. അവിടെ ഉയരുന്ന നിശ്വാസങ്ങള്‍ക്കും ആത്മപ്രഹര്‍ഷങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഭാഷയുടെ താളലയങ്ങളുണ്ട്. അതൊക്കെയാവാം ഒരു പാട്ടെഴുത്തുകാരന്റെ, കവിയുടെ ഉള്ളിലേക്ക് കളിയൊച്ചകളുടെ ഉന്മാദങ്ങളായി ഉണര്‍ന്നത്. 

കളിയെക്കാള്‍ കളിയുമായി ബന്ധപ്പെട്ട രചനാലോകങ്ങളിലേക്ക് വെളിച്ചം വിതറുകയാണ് ഹരിനാരായണന്‍. അത്രയ്ക്കൊന്നും കാണികളുടെ ശ്രദ്ധയെത്താത്ത സവിശേഷമായൊരു മേഖലയെ കളിയാസ്വാദകരിലേക്ക് എത്തിക്കാനും ഈ എഴുത്തിന് കഴിയുന്നുണ്ട്. ഫുട്ബോളും കവിതയും തമ്മിലൊരു ബന്ധമുണ്ടെന്ന് ഓരോ പേജിലും സ്ഥാപിക്കുന്നുണ്ട്. അറിയപ്പെടാത്ത കവികളുടെ രചനകള്‍ പല കാലങ്ങളിലായി കളിക്കളങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. അത്തരം മുഴക്കങ്ങളിലൂടെ കളിയുടെ ഉച്ചസ്ഥായികളിലൂടെ കാല്‍പന്തുകളിയുടെ മാന്ത്രികസ്പര്‍ശം കണ്ടെത്താന്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നു. അതുകൊണ്ടാണ് 'ഫുട്ബോള്‍ വെറും കളിയല്ല, കാവ്യത്മാകമായ ഒന്നാണെന്ന് പറയുന്നത്. കവിതയ്ക്ക് പ്രേരകവുമാണ്. ഏവര്‍ക്കും ആസ്വദിക്കാവുന്ന സൃഷ്ടിവൈഭവമുള്ള മനോഹരമായ കണ്‍സര്‍ട്ട് (ഗ്രാന്‍ കോണ്‍സിയേര്‍ട്ടോ) ആണത്' എന്ന് ഹരിനാരായണന്‍ അടിവരയിടുന്നത്.

കറുപ്പിന്റെയും വെളുപ്പിന്റെയും രാഷ്ട്രീയമുണ്ട് കളിക്കളത്തില്‍. അതിനുമേലേക്ക് ചിറകുവിരിച്ച് പറക്കുന്ന കവിതയും കൂടിചേര്‍ന്ന് പ്രതിരോധത്തിന്റെയും പ്രത്യാശയുടെയും ഒരേ തൂവല്‍പക്ഷികള്‍ എന്ന നിലയിലാണ് മൈതാനങ്ങള്‍ ചടുലമാകുന്നത്. ഫുട്ബോളുമായി ബന്ധപ്പെട്ട കുറേയേറെ അറിവുകളും പുസ്തകം ഉള്‍വഹിക്കുന്നു. യൂറോപ്പില്‍ നിന്നുള്ള ആദ്യ ഫുട്ബോള്‍ രചനയായി 'The Beauties of the football' (Beauties of football) എന്ന സ്‌കോട്ട്ലാന്‍ഡ് ഭാഷയിലുള്ള അജ്ഞാതകര്‍ത്തൃതമായ കൃതിയെകുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. ആല്‍ഫ്രഡ് എഡ്വേഡ് ഹൗസ്മാന്റെ 'എ ഡ്രോപ്പ്ഷയര്‍ ലാഡ്' എന്ന സമാഹാരം. പെറുവിയന്‍ കവിയായ യുവാന്‍ പരഡെല്‍ റിയേഗോ, ലാ സെമാന ജേണലിന്റെ 'Lyrical Eulogy for football' എന്ന തലക്കെട്ടില്‍ ഫുട്ബോളിനെ പറ്റിയെഴുതിയ കവിതയും പരാമര്‍ശവിധേയമാകുന്നു.

ഫുട്ബോളും കവിതയും തമ്മിലുള്ള പാരസ്പര്യം മൈതാനത്തിലും മനസ്സിലും പറന്നുയരുന്നതിന്റെ കാഴ്ചകള്‍ അവതരിപ്പിക്കുന്നതാണ് പതിവുവായനയെങ്കില്‍, കാല്‍പന്തിന്റെ സങ്കീര്‍ണതകളെ ആഴത്തിലറിഞ്ഞുകൊണ്ട്, അതിനുള്ള നോവല്‍ ബന്ധത്തെപ്പറ്റിയും എഴുത്തുകാരന്‍ വാചാലനാകുന്നു. നോവലില്‍ ഫുട്ബോള്‍ പശ്ചാത്തലമാകുന്ന മനോഹരമായ ഇടങ്ങള്‍ കണ്ടെത്തുന്നതും ഒരു സൂക്ഷ്മകളിനീരീക്ഷകന്റെ പാടവത്തോടെയാണ്. അതിജീവനങ്ങളുടെ കരുത്താണ് പലപ്പോഴും കളിക്കാരുടെ ജീവിതവും അനുഭവങ്ങളുമെല്ലാം ഗോള്‍കീപ്പറുടെ ജീവിതം റോണി ബ്ലേക്കിന്റെ ജീവിതകഥയുടെ ആഴങ്ങളാവുന്നതും, ഓണ്‍ലൈന്‍ നോവലില്‍ പ്രത്യക്ഷപ്പെട്ട നോവല്‍ ഡിഫന്‍ഡറെ പറ്റിയുള്ള വലിയ നോവലും വളരെ തന്മയത്തത്തോടെ ഹരിനാരായണന്‍ പറയുന്നുണ്ട്.

placeholder
പുസ്തകത്തിന്റെ കവര്‍ പേജ്‌

ആഫ്രിക്കയിലെ കളിപ്പന്ത് തുടക്കങ്ങളെ പറ്റി പറയുമ്പോള്‍, പരമ്പരാഗതമായ അവരുടെ പന്തുകളിയെപ്പറ്റിയും അതിലൂടെ വളര്‍ന്ന ഫുട്ബോള്‍ ലോകത്തെ പറ്റിയും വാചാലനാകുന്നു. വംശീയതക്കെതിരെയുള്ള ആഫ്രിക്കയുടെ രാഷ്ട്രീയപ്രതിരോധമായി ഒരിക്കല്‍ ലോകകപ്പിനെ ബഹിഷ്‌കരിച്ച ധീരമായ നിലപാടുകളെകുറിച്ചുള്ള ചരിത്രസാക്ഷ്യങ്ങളും ഇവിടെ സൂചിപ്പിക്കുന്നുണ്ട്. മൊറോക്കോ സെമിഫൈനലില്‍ എത്തിയ അഭിമാനനിമിഷം, ആഫ്രിക്കയുടെ പ്രതിനിധാനത്തിന്റെയും കരുത്തിന്റെയും രാഷ്ട്രീയനിലപാടുകൂടിയായാണ് കാണുന്നത്. എഡ്സണ്‍ അരാന്‍ഡ് ഡോ നാസിമെന്റോ എന്ന ഫുട്ബോള്‍ ഇതിഹാസത്തിന് 'പെലെ'യെന്ന പേരുവന്ന രസകരമായ കഥയും, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മൈതാനവും അച്ഛന്റെ, ഓര്‍മകളുമെല്ലാം വായനക്കാര്‍ക്ക് പ്രിയപ്പെട്ട അറിവുകളായി കുറിക്കുന്നു.

ഒപ്പം മേതില്‍ രാധാകൃഷ്ണന്റെ 'കിക്കോഫ് എന്ന കവിതയും 'പുല്‍പ്പരപ്പില്‍ പച്ചത്തുള്ളനെ അതുപോലെ മൈതാനത്തില്‍ മറഞ്ഞുനില്‍ക്കാന്‍ ഏതുനിമിഷവും അവന് കഴിയും' എന്ന് ഇതിഹാസത്തെ രേഖപ്പെടുത്തുന്നു. പച്ചതത്തയെന്ന അര്‍ഥമുള്ള മാരക്കാനാ സ്റ്റേഡിയത്തിന്റെ ഓര്‍മകളും 1950-ലെ ഫിഫയുടെ ആതിഥേയത്വം ബ്രസീല്‍ ഈ സ്റ്റേഡിയത്തില്‍ ഏറ്റുവാങ്ങിയതുമെല്ലാം ഒരു നാടിന്റെ ഫുട്ബോള്‍ ഭ്രമത്തിന്റെ വൈകാരിക സാക്ഷ്യങ്ങളാണ്. പെലെയെന്ന അദ്വിതീയ നാമത്തിന്റേതും.

പെലെയ്ക്കുവേണ്ടി ആദരസൂചകമായി എഴുതിയ കവിത എഴുത്തുകാരന്റെ ഫുട്ബോളിനോടും, പെലെയോടുമുള്ള സ്നേഹം, ആവേശം എല്ലാം എടുത്തുകാട്ടുന്നു. മാനേ ഗാരിഞ്ചേ എന്ന ബ്രസീലിയന്‍ കളിക്കാരനെയും അദ്ദേഹത്തിന്റെ കാല്‍വിരുതിനേയും കവിതയാക്കിയ വിനീഷ്യസ് സൊമൊറൈസിനെയും ഇവിടെ സ്മരിക്കുന്നു. മറഡോണയും മെസ്സിയും മാറ്റുരച്ച കളിക്കളങ്ങളേയും അവരുടെ ജീവിതഗാഥകളേയും പറ്റി പറയുമ്പോള്‍ ആവേശം മൈതാനത്തെ മുഴക്കംപോലെതന്നെ ശക്തിയുള്ളതായിത്തീരുന്നു. മറഡോണയുടെ കളികാണാന്‍ കിലോമീറ്ററുകള്‍ താണ്ടി പാടവരമ്പത്തുകൂടിയുള്ള സഞ്ചാരവും, ആവേശഭരിതമായ കളികാണലും വര്‍ണിക്കുമ്പോള്‍, ഗാലറിയിലിരുന്ന് കളികാണുന്ന കാഴ്ചക്കാരന്റെ ആവേശത്തോടെ വായിക്കാന്‍ കഴിയുന്ന ഭാഷ കവിയുടേതില്‍ നിന്ന് മാറി മൈതാനത്തെ കമന്റേറ്ററുടെ പോലെ ഉജ്ജ്വലഗാംഭീര്യമുള്ളതായിത്തീരുന്നു.

ഖത്തറിലേക്ക് കളികാണാന്‍ പോയതിന്റെ സൂക്ഷ്മസ്പന്ദനങ്ങളോരോന്നും ഉള്ളില്‍ പേറുന്നതാണ് വിവരണം. മെസ്സിയുടെ നിശ്ചയദാര്‍ഢ്യവും സഹാനുഭൂതിയുമുള്ള സ്വഭാവം, മറ്റ് കളിക്കാരില്‍ നിന്നെല്ലാം വ്യത്യസ്തനാക്കുന്നുവെന്നത് സവിശേഷമായി പറയുന്നുണ്ട്. മനുഷ്യത്വം തിരയുന്ന കവിയുടെ സഞ്ചാരമാണ് കളിക്കളത്തിലെ വീര്യം വിവരിക്കുമ്പോഴും എഴുത്തുകാരനില്‍ നിറയുന്ന ഭാവം. കിലിയന്‍ എംബാപ്പെയും നെയ്മറും എംബാപ്പെയെ കുറിച്ചെഴുതിയ കവിതയുമെല്ലാം വേറിട്ട വായനാനുഭവമാണ് പകരുന്നത്. കളിക്കളത്തിന്റെ അടിയൊഴുക്കായി ആ നാടിന്റെ നേര്‍ത്ത ചരിത്രത്തിലൂടെയും വായനക്കാരന്റെ ശ്രദ്ധയുണര്‍ത്തുവാന്‍ എഴുത്തുകാരന്‍ ശ്രമിക്കുന്നു.

ഒടുവില്‍ ഫുട്‌ബോള്‍ കളിക്കളത്തിന്റെ പുരുഷാധിപത്യങ്ങള്‍ക്ക് മറുപടിയായി സമത്വം സ്ഥാപിക്കുന്ന പുതുമകളെകുറിച്ചും അനുസ്മരിക്കുന്നു. സ്റ്റെഫാനി ഫ്രപ്പാര്‍ട്ടും, ന്യൂസ ബക്കും, കാരെന്‍ ഡയസ്സും റഫറിമാരായി വരുന്ന ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിച്ചുകൊണ്ട് 2022 ഡിസംബറില്‍ ഗാലറിയിലിരുന്ന ആ ദൃശ്യാനുഭവത്തെ ഏറെ വൈകാരികതയോടെയാണ് അവതരിപ്പിക്കുന്നത്. ഇംഗ്ലണ്ടുകാരിയായ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ റഫറിയായ ലൂസിക്ലാര്‍ക്കിനേയും അഭിമാനത്തോടെ പരിചയപ്പെടുത്തുന്നുണ്ട്. 1934-ലെ ലോകകപ്പും മുസ്സോളിനിയും ഫാസിസവുമെല്ലാം ചരിത്രപരാമര്‍ശങ്ങളോടെ കളിക്കളത്തിനകത്തും പുറത്തുമുള്ള രാഷ്ട്രീയത്തെകൂടി പ്രതിനിധാനം ചെയ്യുന്നു.

ഫുട്ബോള്‍ മത്സരം ഏത് നാട്ടില്‍ നടന്നാലും ആരാധകര്‍ക്ക് അതിര്‍വരമ്പുകള്‍ മായുന്ന അനുഭവങ്ങള്‍ ഒരുക്കുന്ന ഇടമായി കളിക്കളങ്ങള്‍ മാറുന്നു. ഒരു വിഭാഗീയതയുമില്ലാതെ ഓരോ കാഴ്ചക്കാരനും സ്വന്തം ടീമിനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നു. കളിച്ച് മുന്നേറുമ്പോള്‍ പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ ഗാലറിയിലെ നിശബ്ദതയോടൊപ്പം വീട്ടിലെ ടെലിവിഷനുമുന്നില്‍ ഇരിക്കുന്ന അനേകായിരം ജനങ്ങളെ ഹരംകൊള്ളിച്ച നിമിഷങ്ങളെക്കുറിച്ച് ഫുട്ബോള്‍ പ്രേമിയായ എഴുത്തുകാരന്‍ ഹരംകൊള്ളുന്നു. അദ്ദേഹത്തിന്റെ കാഴ്ചാനുഭവങ്ങളും വര്‍ണനകളും 2024-ലെ യൂറോകപ്പും കോപ്പ അമേരിക്കയുമൊക്കെ കാണുമ്പോള്‍ വായനക്കാര്‍ വീണ്ടും ഫുട്ബോള്‍ ഗാഥകളിലൂടെ സഞ്ചരിക്കുന്നു. പന്തും പാട്ടും പറച്ചിലുമായി ഈ ഫുട്ബോള്‍ കാലത്ത് ഹരിനാരായണനോടൊപ്പം കളിക്കളങ്ങളിലെ ശബ്ദമേറ്റുവാങ്ങി വായനക്കാരനും ഗാലറിയില്‍ നിറയുന്ന അപൂര്‍വ അനുഭവമായി പുസ്തകം മാറുന്നുണ്ട്.