
സി.എസ്. മീനാക്ഷി രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പെണ്‍പാട്ടു താരകള്‍' എന്ന പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് വായിക്കാം...
'ഭൗമചാപം' എന്ന പ്രശസ്തമായ പുസ്തകത്തിനുശേഷം സി.എസ്. മീനാക്ഷി രചിച്ച പുസ്തകമാണ് 'പെണ്‍പാട്ടുതാരകള്‍'. കേവലം രണ്ട് പുസ്തകങ്ങള്‍കൊണ്ടുതന്നെ കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ വ്യക്തമായ ഒരിടം കണ്ടെത്താന്‍ കഴിഞ്ഞ എഴുത്തുകാരിയാണ് മീനാക്ഷി. 'ഭൗമചാപം' ഭൂമിയെന്ന യഥാര്‍ഥ സ്ഥലത്തെക്കുറിച്ചാണെങ്കില്‍ 'പെണ്‍പാട്ടുതാരകള്‍' സിനിമയെന്ന അയഥാര്‍ഥ ഇടത്തെയാണ് വിഷയമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
മലയാള ചലച്ചിത്ര ഗാനങ്ങളെക്കുറിച്ച് യഥേഷ്ടം പുസ്തകങ്ങള്‍ ഇന്ന് പുറങ്ങുന്നുണ്ടെങ്കില്‍ക്കൂടി കൃത്യമായ ഒരു നിലപാടില്‍ ഊന്നിക്കൊണ്ടുള്ള എഴുത്താണ് പെണ്‍പാട്ടുതാരകളെ വ്യത്യസ്തമാക്കുന്നത്. ആ നിലപാടാകട്ടെ ഇന്നത്തെ കാലഘട്ടം ഏറ്റവും ആവശ്യപ്പെടുന്ന സ്ത്രീപക്ഷമാണുതാനും. അതുകൊണ്ടുതന്നെ ഇതുപോലൊരു പുസ്തകം ചരിത്രപരമായ ഒരു ആവശ്യവുമാണ്. ഒരു പഠനം എന്നതിലുപരി അക്കാദമി തലത്തില്‍ ഉപയോഗിക്കാന്‍ കഴിയാവുന്ന ഒരു പുസ്തകമായിട്ടാണ് ഇത് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ സ്ത്രീപക്ഷത്ത് നിന്നുകൊണ്ടുതന്നെ കേരളീയ സമൂഹത്തിന്റെ സാംസ്‌കാരിക ചരിത്രത്തെ കുറിച്ചുള്ള വ്യക്തമായ ഒരു പശ്ചാത്തലത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് മീനാക്ഷി ഈ പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്.
സംഗീതത്തിന്റെ വിഭിന്ന രൂപങ്ങളില്‍ ബഹുജനങ്ങളുമായി ഏറ്റവും താദാത്മ്യം പ്രാപിച്ച ഗാനശാഖ ചലച്ചിത്രസംഗീതമാണെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട് കഴിഞ്ഞ വസ്തുതയാണ്. മാത്രമല്ല മറ്റൊന്നുള്ളത്, ഒരുപക്ഷേ ഒരു സംഗീത പണ്ഡിതനെക്കാള്‍ അന്നാട്ടിലെ ചലച്ചിത്രസംഗീതത്തെ പറ്റി ഏറ്റവും ആധികാരികമായും ആസ്വാദനപരമായും വിലയിരുത്താനും സംസാരിക്കാനും കഴിയുന്നത് അവിടത്തെ ഒരു സാധാരണക്കാരനായിരിക്കും. എട്ടര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഇവിടത്തെ ചലച്ചിത്ര ഗാനശാഖയെ സംഗീതത്തിന്റെ ബാഹ്യമായ ലോകത്ത് നിന്നുകൂടി വീക്ഷിക്കാനും വിലയിരുത്താനും കഴിഞ്ഞിട്ടുണ്ട് എന്നതാണ് മീനാക്ഷിയുടെ രചനയ്ക്ക് ആധികാരികത നല്‍കുന്നത്.
സമൂഹം ഇന്ന് ഗൗരവപൂര്‍വം ഇടപെടുന്ന ജെന്‍ഡര്‍ ഡിഫറന്‍സ് ഏതുരീതിയിലാണ് ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നതെന്ന് ഈ പുസ്തകത്തിലൂടെ അവര്‍ തുറന്നുകാട്ടുന്നുണ്ട്. പലഭാഗത്തും ഈ പ്രവണതയെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു. ഇന്നോളം നാം ആനന്ദത്തോടെ ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരുപാട് ചലച്ചിത്രഗാനങ്ങള്‍ക്ക് മറ്റൊരു സാംസ്‌കാരിക വിപര്യയത്തിന്റെ അര്‍ഥംകൂടിയുണ്ടെന്ന് ഒരുപക്ഷേ നാമറിയുന്നത് ഈയൊരു പുസ്തകത്തിന്റെ വായനയിലൂടെയായിരിക്കും.

ഉറവകള്‍, പെണ്ണുരുവങ്ങള്‍, ഉരിയാടലുകള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി പുസ്തകത്തെ തരംതിരിച്ചിരിക്കുന്നു. ആദ്യ ഭാഗമായ ഉറവകളില്‍, സംഗീതത്തില്‍ ലിംഗപദവി ഏത് രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഗ്രന്ഥകാരി വിശദമാക്കുന്നു. പുരാണങ്ങള്‍ മുതല്‍ നമ്മുടെ ചരിത്രത്തില്‍ അറിയപ്പെടുന്ന ദാര്‍ശനികരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും വരെ സ്ത്രീയെ വസ്തുവല്‍ക്കരിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് കാര്യകാരണസഹിതം ഗ്രന്ഥകാരി സമര്‍ഥിക്കുന്നുണ്ട്.
ലിംഗപദവിയിലുള്ള വ്യത്യാസം ഒരു പെണ്‍കുട്ടി ജനിക്കുന്ന നാള്‍ മുതല്‍ തന്നെ ആരംഭിക്കുന്നുണ്ട്. അവള്‍ വളര്‍ന്നുവരുംതോറും കുടുംബപരമായ ഉത്തരവാദിത്ത ങ്ങളില്‍ കുരുങ്ങി പോകുന്നു. വളര്‍ച്ച പ്രാപിച്ചാല്‍ അവളെ കാത്തിരിക്കുന്നതാകട്ടെ പല മേഖലകളിലുമുള്ള അദൃശ്യമായ വിലക്കുകളും. വിവാഹത്തിനുശേഷം കുടുംബത്തിലായാലും സമൂഹത്തിലായാലും വിപണിയുമായി ബന്ധപ്പെട്ട വരുമാനവും മൂലധനവും നിയന്ത്രിക്കുന്നത് പുരുഷകേസരികളുമാണ്. സ്വാഭാവികമായും എല്ലാ ഭാഗത്തും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് കലയിലും സാഹിത്യത്തിലുമെല്ലാം ഏതളവുവരെ സഞ്ചരിക്കാമെന്നത് സാധാരണ ചിന്തയ്ക്കപ്പുറമല്ല.
ഉറവകളിലെ രണ്ടാമധ്യായത്തില്‍ കേരളത്തിലെ സിനിമേതരമായ സംഗീതധാരകളിലെ പെണ്‍പങ്കാളിത്തത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സജീവമായി വരുന്നത്. ഭക്തിസംഗീതം, ശാസ്ത്രീയസംഗീതം, നാടന്‍ പാട്ടുകള്‍, അഷ്ടപദി, കഥകളിസംഗീതം കൈകൊട്ടിക്കളിയും തിരുവാതിര പാട്ടുകളും, ജൂതപ്പെണ്‍ പാട്ടുകള്‍, മാപ്പിളപ്പാട്ടുകള്‍, മാര്‍ഗംകളി പാട്ടുകള്‍, സംഗീതനാടകങ്ങളും നാടകഗാനങ്ങളും എന്നിങ്ങനെയുള്ള വിവിധ സംഗീതമേഖലകളിലുള്ള സ്ത്രീകളുടെ സംഭാവനകളും ആ രംഗങ്ങളില്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന സംഘര്‍ഷങ്ങളും സവിശേഷമായി ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നു.
ഒപ്പം ആഗോളതലത്തില്‍ തന്നെ പാട്ടുപയോഗിച്ചുള്ള പോരാട്ടങ്ങളില്‍ സ്ത്രീകള്‍ക്കുള്ള ഇന്നത്തെ പങ്കും വിലയിരുത്തപ്പെടുന്നുണ്ട്. ഇത്രയും പറഞ്ഞതിന്റെ സാംസ്‌കാരികപരമായ ചുറ്റുപാടില്‍ നിന്നുകൊണ്ടാണ് പെണ്ണുരുവങ്ങള്‍ എന്ന രണ്ടാംഭാഗത്തേക്ക് ഗ്രന്ഥകാരി നമ്മെ ആനയിക്കുന്നത്.
പുസ്തകത്തിന്റെ കാതലായ ഭാഗം പെണ്ണുരുവങ്ങള്‍ എന്ന ഈ രണ്ടാംഭാഗം തന്നെയാണ്. ഈ ഭാഗത്താണ് പുസ്തകസൃഷ്ടിയുടെ ഉദ്ദേശ്യവിഷയമായ ചലച്ചിത്രഗാനങ്ങള്‍ വിശദമായി കടന്നുവരുന്നത്. കാലഘട്ടം തിരിച്ച് എട്ടര പതിറ്റാണ്ടോളം നീളുന്ന നമ്മുടെ ചലച്ചിത്ര ഗാനങ്ങളുടെ സാംസ്‌കാരിക ചരിത്രം പരിശോധിക്കപ്പെടുന്നു. ഒരുകാലത്ത് ഇവിടത്തെ സാധാരണക്കാരുടെ കാതുകളില്‍ ചലച്ചിത്ര ഗാനങ്ങള്‍ മുഴങ്ങിയത് ആകാശവാണിയിലൂടെയാണെന്നും അതേ ആകാശവാണിയുടെ ജനസമ്മതിക്ക് ഈ ചലച്ചിത്ര ഗാനങ്ങള്‍ തന്നെ നിമിത്തമായിത്തീര്‍ന്നു എന്നുമുള്ള വിലയിരുത്തല്‍ എല്ലാ അര്‍ഥത്തിലും ശരിയാണ്. എല്ലാ വിധത്തിലുള്ള സംഗീത രൂപങ്ങളേയും പ്രക്ഷേപണം വഴി ആകാശവാണി പ്രോത്സാഹിപ്പിച്ചിട്ടുണ്ടെങ്കിലും ചലച്ചിത്ര ഗാനങ്ങള്‍ അവര്‍ക്ക് നല്‍കിയ ഈ വിലപ്പെട്ട സംഭാവന മറ്റൊരു സംഗീത രൂപത്തിനും നല്‍കാനായിട്ടില്ല എന്നത് ഒരു വസ്തുതയാണ്.
വര്‍ണ-വര്‍ഗ, മേല്‍-കീഴ് നിലകള്‍ കുറഞ്ഞ അളവിലെങ്കിലും മലയാളസിനിമ അഭിസംബോധന ചെയ്തപ്പോഴും ലിംഗപദവീതുല്യത സിനിമയില്‍ ഒരു വിഷയമായതേയില്ല എന്ന് കൃത്യമായ നിലപാടോടെ പ്രസ്താവിച്ചുകൊണ്ട് മീനാക്ഷി താന്‍ കൈകാര്യംചെയ്യുന്ന വിഷയത്തിന് ആധികാരികതയും അപ്രമാദിത്വവും നല്‍കുകയാണ്. മലയാള സിനിമയില്‍ ഗായകന്മാര്‍ക്ക് തോള്‍ചേര്‍ന്നുകൊണ്ട് അന്യസംസ്ഥാനത്തുനിന്ന് എത്തിയ പി. സുശീല, എസ്. ജാനകി, മാധുരി, ബി. വസന്ത, വാണി ജയറാം, എല്‍. ആര്‍. ഈശ്വരി തുടങ്ങിയ ഗായികമാര്‍ രംഗപ്രവേശം ചെയ്ത കാലഘട്ടം കൂടിയായിരുന്നു 1960-കളും 70-കളും. ഇവരുടെ വരവോടുകൂടിയാണ് നമ്മുടെ ചലച്ചിത്രരംഗം അതിന്റെ സുവര്‍ണകാലത്തേക്ക് കാലെടുത്തുവെക്കുന്നത്.
യഥാര്‍ഥത്തില്‍ പി. ലീല, ശാന്ത പി. നായര്‍ തുടങ്ങിയ ആദ്യഘട്ടത്തിലെ മലയാളികളായ ഗായികമാര്‍ക്കുശേഷം അന്യസംസ്ഥാനക്കാരാണ് നമ്മുടെ ഗായികാരംഗത്ത് നിറഞ്ഞുനിന്നതെങ്കിലും അതിനുശേഷം 80-കളോടുകൂടിയാണ് മലയാളികളായ ഗായികമാര്‍ സിംഹാസനം ഉറപ്പിക്കുന്നത്. അവരില്‍ പ്രമുഖര്‍ കെ. എസ്. ചിത്രയും സുജാതയും തന്നെ. സിനിമകളുടെ ഇതിവൃത്തവും ആഖ്യാനഘടനയും ഗാനസൃഷ്ടിയും ഏതുവിധത്തിലാണ് സ്ത്രീവിരുദ്ധത പ്രകടമാക്കുന്നതെന്ന് പാട്ടുകളെ മുന്‍നിര്‍ത്തിക്കൊണ്ടുതന്നെയാണ് പുസ്തകത്തില്‍ സ്ഥാപിച്ചെടുക്കുന്നത്.
പൊതുവില്‍ ചലച്ചിത്രഗാനങ്ങള്‍ സ്ത്രീകളുടെ അംഗവര്‍ണനകളാണ് കേന്ദ്രമാക്കുന്നതെങ്കില്‍ വടക്കന്‍പാട്ടുകള്‍ തുല്യമായ രീതിയില്‍ പുരുഷാംഗ വര്‍ണനകളും ഉള്‍ക്കൊള്ളുന്നുണ്ടെന്ന് ഇവിടെ വെളിപ്പെടുത്തുന്നത് കൗതുകകരമായ വസ്തുതയാണ്. പുസ്തകത്തിലെ ഓരോ സബ്‌ടൈറ്റിലും കൈകാര്യംചെയ്യുമ്പോള്‍ അപഗ്രഥനത്തിന് വ്യാപ്തി നല്‍കുന്ന ഗ്രന്ഥകാരിയുടെ മിടുക്ക് എടുത്തു പറയണം. ഭക്തിഗാനങ്ങളും തത്വചിന്താപരമായ ഗാനങ്ങളും മുതല്‍ കാബറേ പാട്ടുകളും ഷക്കീലാ ഗാനങ്ങളും വരെ ഈ പുസ്തകത്തില്‍ പഠനവിധേയമാക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
ഉരിയാടലുകള്‍ എന്ന മൂന്നാം ഭാഗം സംഗീതരംഗത്തെ കലാകാരികളുടെ പാര്‍ശ്വവല്‍ക്കരണവും ദുരനുഭവങ്ങളും നമുക്ക് നേരില്‍ തന്നെ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. കര്‍ണാടകസംഗീത രംഗത്തുനിന്ന് ബാംഗ്ലൂര്‍ നാഗരത്‌നമ്മയും ഹിന്ദുസ്ഥാനി സംഗീതരംഗത്തെ അന്നപൂര്‍ണാദേവിയും രണ്ട് ഗാന മഹാനദികളായി നമുക്ക് മുന്നിലൂടെ ഒഴുകിപ്പോയ ചരിത്രം അവതരിപ്പിച്ചുകൊണ്ടാണ് ഈ ഭാഗം ആരംഭിക്കുന്നത്. സംഗീതരംഗത്തെ മാലിന്യങ്ങളെ പേറാന്‍ കൂട്ടാക്കാതെ ഈ രണ്ട് നദികളും രണ്ട് വിരുദ്ധവിധങ്ങളിലാണ് ഒഴുകിയതെന്ന് ഗ്രന്ഥകാരി സമര്‍ഥമായി സ്ഥാപിക്കുന്നുണ്ട്. നാഗരത്‌നമ്മ ബഹിര്‍മുഖ സ്വഭാവമുള്ള സംഗീതകാരിയായിരുന്നെങ്കില്‍ അന്നപൂര്‍ണാദേവി അന്തര്‍മുഖിയായിരുന്നു. എങ്കിലും ഇരുവരും സംഗീതരംഗത്തെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിച്ചവര്‍ തന്നെയാണ്.
പല പുരുഷന്മാരോട് പോരടിച്ചുകൊണ്ട് വേദിയില്‍ കയറിയ നാഗരത്‌നമ്മ സംഗീതരംഗത്ത് നടത്തിയത് ഒരു ഭൗതികവിപ്ലവം ആയിരുന്നെങ്കില്‍ ഒരേയൊരു പുരുഷന്റെ ഈഗോ നിമിത്തം എന്നന്നേക്കുമായി വേദി വിട്ട് ഹരിപ്രസാദ് ചൗരസ്യയേയും നിഖില്‍ ബാനര്‍ജിയേയും പോലുള്ള ഉത്തമ ശിഷ്യരെ വാര്‍ത്തെടുത്തതിലൂടെ അതേ രംഗത്ത് അന്നപൂര്‍ണാദേവി സൃഷ്ടിച്ചത് അനന്യമായ ആത്മീയവിപ്ലവമായിരുന്നു.
നാഗരത്‌നമ്മ എന്നെങ്കിലും അന്നപൂര്‍ണാദേവിയെ കണ്ടുമുട്ടിയിരുന്നെങ്കില്‍ പറയുമായിരുന്ന സംഭാഷണം ഭാവനചെയ്യുന്നതിലൂടെ ഗ്രന്ഥകാരി തന്റെ വിപ്ലവാഭിമുഖ്യത്തിന്റെ ഉറച്ച നിലപാടിനെ പ്രകടിപ്പിക്കുന്നു. എന്നാല്‍ ഒരു പുരുഷനോടുള്ള ആത്മീയ പ്രതിഷേധത്താല്‍ അതേ കലാവൈഭവമുള്ള രണ്ട് പുരുഷന്‍മാര്‍ക്ക് ശിഷ്യത്വം നല്‍കിക്കൊണ്ട് അവരെ പ്രഗത്ഭരായ സംഗീതകാരന്മാരാക്കി ലോകത്തിന് സമ്മാനിച്ച അന്നപൂര്‍ണാദേവിയെന്ന സ്ത്രീ നാഗരത്‌നമ്മയെന്ന ചേച്ചിയെ കണ്ടുമുട്ടിയിരുന്നെങ്കില്‍ എന്തായിരിക്കും അവരോടു പറഞ്ഞിട്ടുണ്ടാവുക? ഉത്തരമുള്‍ക്കൊണ്ട ഈ ചോദ്യത്തിന് അതിനാല്‍ ഇനിയൊരു മറുപടി വേണ്ടതില്ല.
പുഷ്പവതി, സയനോര, രശ്മി സതീഷ്, പ്രസീദ എന്നി ഗായികമാരേയും ഈ അധ്യായത്തിലൂടെ നാം വിശദമായി പരിചയപ്പെടുന്നുണ്ട്. പിന്നണിഗാനം പിറന്ന ആദ്യത്തെ മലയാളസിനിമ നിര്‍മലയിലെ ഗായിക വിമല ബി. വര്‍മയുമായി നടത്തുന്ന അഭിമുഖ സംഭാഷണമാണ് ഉരിയാടലുകളിലെ മറ്റൊരു പ്രധാനപ്പെട്ട ഇനം. തുടര്‍ന്ന് മലയാളസിനിമാഗാന ചരിത്രത്തിലെ പ്രധാനപ്പെട്ട ഗായികമാരെക്കുറിച്ചുള്ള വിശദമായ കുറിപ്പുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ പുസ്തകത്തിന്റെ അവസാനഭാഗത്ത് യേശുദാസിനെ കുറിച്ചുള്ള ലേഖനം ഉള്‍പ്പെടുത്തേണ്ടിയിരുന്നോ എന്ന സംശയം ഉണ്ടാകുന്നത് സ്വാഭാവികമാണ്.
ഈ സന്ദര്‍ഭത്തില്‍ ഇങ്ങനെയൊരു സംശയമുദിക്കുന്നത് ആ ഗായകനോടുള്ള വിമുഖതകൊണ്ടൊന്നുമല്ല. മറിച്ച് പുസ്തകം ശക്തമായും വ്യക്തമായും ഊന്നുന്ന സ്ത്രീപക്ഷമെന്ന നിലപാടുമായി ഈ ലേഖനത്തെ ഒരര്‍ഥത്തിലും നമുക്ക് ഇണക്കി നിര്‍ത്താനോ ചേര്‍ത്തുവായിക്കാനോ കഴിയില്ല എന്നതുകൊണ്ടാണ്. മാത്രമല്ല പുസ്തകത്തിന്റെ ആമുഖത്തില്‍ ഗ്രന്ഥകാരി സൂചിപ്പിക്കുന്ന തരത്തിലുള്ള സ്ത്രീവിരുദ്ധമായ 'മൈരു പാട്ടുകള്‍' തന്നെയാണ് ഈ ഗായകന്‍ ആലപിച്ച ഒട്ടനവധി ഗാനങ്ങളും എന്നതുകൊണ്ടുകൂടിയാണ് ഈ വിയോജിപ്പ്.
അക്കാദമിക് തലത്തില്‍ ഉപയോഗിക്കാന്‍ കഴിയാവുന്ന തരത്തിലുള്ള കെട്ടിലും മട്ടിലുമാണ് ഈ പുസ്തകം തയ്യാറാക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ മലയാളചലച്ചിത്രസംഗീതത്തെ കുറിച്ച് പുതിയ തലമുറയിലെ കുട്ടികള്‍ക്ക് നല്ലൊരു അവബോധം സൃഷ്ടിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല പുസ്തകമാണിത്. ഇനി ഇങ്ങനെയൊരു പുസ്തകം ഇവിടെ ഉണ്ടായിക്കൊള്ളണമെന്നില്ല. സ്‌കൂള്‍/കോളേജ് തലങ്ങളില്‍ പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയാല്‍ ഈ പുസ്തകത്തിന്റെ ഉദ്ദേശ്യശുദ്ധി നിറവേറ്റപ്പെടുകയും ചെയ്യും.
Content Highlights: Author C.S. Meenakshi's Penpaattuthaarakal book review
Published: 22 Jun 2024, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented