
കഥാകാരിയുടെ മുമ്പു വായിച്ച പട്ടാള അനുഭവങ്ങളുടെ തുടര്‍ച്ചയാണോ എന്നു തോന്നിച്ച തുടക്കമാണെങ്കിലും ആകാംക്ഷ മുറ്റി നില്‍ക്കുന്ന, മനസ്സിനെ വിസ്മയിപ്പിക്കുന്ന കാഴ്ചകളും സംഭവങ്ങളുമായിരുന്നു കഥാഗതിയിലുടനീളം. കയ്യടക്കത്തോടെയുള്ള കഥാന്ത്യവും വായനക്കാര്‍ക്കു മുമ്പില്‍ ചിന്തകളുടെ ജാലകം തുറന്നിടുന്നു.
സ്നോലോട്ടസ് (നീഹാരപത്മങ്ങള്‍); മഞ്ഞു തുളച്ചുകൊണ്ട് വിടര്‍ന്നുവരുന്ന താമര ഗണത്തില്‍പ്പെടാത്ത ഈ ഹിമാലയന്‍ പുഷ്പത്തിന്റെ പേരുള്ള ശീര്‍ഷകം കഥാപശ്ചാത്തലവുമായി ഏറെ ഇണങ്ങുന്നു എന്നു മാത്രമല്ല, ഇത്രയും വിശുദ്ധിയുള്ള മറ്റൊരു പേര് ഉണ്ടാകുമോ എന്നു തോന്നിപ്പോവുകയും ചെയ്തു. സ്‌നോലോട്ടസ് ഒരു യാത്രയാണ്. ഭൗതികതയും ആത്മീയതയും കൈ കോര്‍ക്കുന്ന അന്വേഷണങ്ങളുടെ അസാധാരണ യാത്ര. സാധാരണ പട്ടാളക്കഥകളില്‍ നിന്നും ഏറെ വേറിട്ടു നില്‍ക്കുന്നു ഈ നോവല്‍. പട്ടാളഡോക്ടറും മൗണ്ടനീറുമായ ഗോപയുടെ ചിന്തകളിലൂടെ മെല്ലെ ഇതള്‍ വിടരുന്ന സ്‌നോലോട്ടസ് എട്ടു വയസ്സില്‍ അവള്‍ക്ക് നഷ്ടപ്പെട്ട പട്ടാളക്കാരനായ അച്ഛനെ തേടിയുള്ള യാത്രയില്‍ വായനക്കാരെ കൂടെക്കൂട്ടുന്നു. ആ യാത്രയില്‍ അവള്‍ക്ക് വഴി കാട്ടുന്ന നക്ഷത്രമാവുന്നു ദാവയെന്ന ബുദ്ധസന്യാസി. ലക്ഷ്യത്തിലേയ്ക്കുള്ള യാത്ര എങ്ങനെ തുടങ്ങണം എന്ന വ്യക്തമായ ചിത്രം പതിനെട്ടുകാരിയായ ഗോപയ്ക്ക് നല്‍കുന്നത് അച്ഛനായ മുകുന്ദന്റെ സുഹൃത്തായ വിശാല്‍ചൗധരി എന്ന വിശാല്‍ അങ്കിളാണ്.
പിന്നീടുള്ള പത്തുവര്‍ഷം മിലിട്ടറി ഡോക്ടറും, കൂടെത്തന്നെ മികച്ച മൗണ്ടനീറും ആകാന്‍ കഠിനശ്രമം ചെയ്തു വിജയിച്ചാണ് ഗോപ വര്‍ഷങ്ങളായി താന്‍ ഉറ്റുനോക്കുന്ന ഉന്നത്തിലേയ്ക്ക് കാലെടുത്തു വെയ്ക്കുന്നത്. അതിതീവ്രമായ വേദനയുടെ ഉള്ളൊഴുക്കുകള്‍ ചെറുപ്പം തൊട്ടേ കൊണ്ടുനടക്കുന്ന ഗോപയുടെ ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണത്തില്‍ വായനക്കാരും അവളോടൊപ്പം വിസ്മയിക്കുകയും വേദനിക്കുകയും, കാത്തിരിക്കുകയും കാണുകയും കേള്‍ക്കുകയും മിണ്ടുകയും പറയുകയും ചിരിക്കുകയും ചിന്തിക്കുകയും മോഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്നു.
നോവലിസ്റ്റ് ഏറെ അന്വേഷണങ്ങള്‍ കൊണ്ടും പരിചിതവൃത്തങ്ങളില്‍ നിന്ന് ഗവേഷണ ചാതുരിയോടെ ആര്‍ജ്ജിച്ചെടുത്ത അറിവുകളെ സ്വന്തം കാഴ്ചകളുമായി സംയോജിപ്പിച്ചുകൊണ്ടും അടുക്കടുക്കുകളായി വികസിപ്പിച്ചെടുക്കുന്ന ആഖ്യാനരീതിയില്‍ ചരിത്രവും, സാഹസികതയും, അനിശ്ചിതത്വവും, കാത്തിരിപ്പും, പ്രണയവും ത്യാഗവുമെല്ലാം അതിമനോഹരമായിത്തന്നെ വിന്യസിക്കപ്പെട്ടിരിക്കുന്നു. മനുഷ്യമനസ്സ് പരിശുദ്ധമായ ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന അതിവിശുദ്ധമായ ഒരു മഹാഭൂമികയായി മാറുന്നത് അനുഭവിപ്പിക്കാന്‍ പോന്ന ഔന്നത്യത്തിലേയ്ക്ക് സ്‌നോലോട്ടസ് എന്ന ഈ പുസ്തകം മാറിത്തീരുന്നു.
സാധാരണക്കാര്‍ക്ക് തീര്‍ത്തും അപരിചിതമായ മഞ്ഞുറയുന്ന പര്‍വ്വതനിരകളും മഞ്ഞുതടാകങ്ങളും അവിടെ വിഹരിക്കുന്ന സ്‌നോലെപേര്‍ഡ്സും, സ്‌നോബിയറും, സ്‌നോവൂള്‍ഫുമെല്ലാം വായനയിലൂടെ കണ്‍മുന്നില്‍ നിറയുന്ന വിസ്മയകാഴ്ചകളാണ്. ഒരു അന്വേഷണയാത്രയുടെ കണ്ടെത്തലെന്ന പോലെ തന്നെ രക്തം പടര്‍ന്ന ചരിത്രത്താളുകള്‍ നോവലില്‍ വന്നു ലയിക്കുന്നുണ്ട്. ടിബറ്റ് എന്ന അതിവിശുദ്ധ നഗരം. അതിന്റെ കേന്ദ്രമായ ലാസ. മഞ്ഞുമലകള്‍ അതിരിട്ട ദൈവദത്തമായ രാജ്യം. ഭൂമിയുടെ ജല കുംഭം. ബുദ്ധമന്ത്രങ്ങള്‍ ഉരുവിട്ട് കഴിയുന്ന ലാമമാരുടെ പുണ്യഭൂമി. ബുദ്ധമത തത്വങ്ങളെ നെഞ്ചിലേറ്റിയ ഒരു പിടി പാവം മനുഷ്യരായ ടിബറ്റന്‍ നിവാസികള്‍. ചൈനീസ് അധിനിവേശത്തിന്റെ കരാളഹസ്തങ്ങളില്‍ പെട്ട് സ്വന്തം രാജ്യം വിട്ടോടേണ്ടി വന്ന കഥ ദാവ തന്റെ ബാല്യകാലാനുഭവങ്ങളായി പറയുന്നത് ഈ നോവലിന്റെ ഹൃദയമിടിപ്പായി വായനയെ വന്നു പുണരുന്നു.
ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍, വഴിയിലുപേക്ഷിക്കേണ്ടി വന്നവര്‍, തകര്‍ന്ന നിറവയറുകള്‍, പിഞ്ചു ബാല്യങ്ങള്‍, ആലംബമില്ലാത്ത വാര്‍ദ്ധക്യങ്ങള്‍ എല്ലാം നെഞ്ചു തകര്‍ക്കുന്ന വര്‍ണ്ണനകളാണ്. അവിടുത്തെ ഉത്തുംഗപര്‍വ്വതങ്ങള്‍, എക്കാലത്തും മഞ്ഞുതൊപ്പിയണിഞ്ഞു നില്‍ക്കുന്ന കൊടുമുടികള്‍, ഇന്ദ്രനീല തടാകങ്ങള്‍, തെളിനീരുറവകള്‍, പുല്‍മേടുകള്‍, പതിയിരുന്നു വലിച്ചെടുത്തു വിഴുങ്ങുന്ന ചതുപ്പുനിലങ്ങള്‍, മേയുന്ന യാക്കുകള്‍, യാക്കിന്‍ തോല്‍ കൊണ്ട് മറച്ച കൂരകള്‍ അതില്‍ വിശുദ്ധിയുടെ പര്യായമായി മുനിഞ്ഞു കത്തുന്ന വെണ്ണവിളക്ക്, അവര്‍ തണുപ്പാറ്റാന്‍ കുടിക്കുന്ന യാക്കിന്‍ വെണ്ണ ചേര്‍ത്ത ചായ, നഗാഗ്മോ എന്ന യോഗിനി, സ്നേഹപ്പൊരുളായ മര്‍മോത്തുകള്‍..... എല്ലാം ഏറെ വിചിത്രവും എന്നാല്‍ വളരെ തെളിച്ചവുമുള്ള ഒരു പെയിന്റിംഗ് എന്ന പോലെ വായന കഴിഞ്ഞു പുസ്തകമടച്ചാലും കണ്‍മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു.
മിത്തും റിയലിസവും അനായാസമായി കഥാകാരി ചേര്‍ത്തു വരയ്ക്കുമ്പോള്‍ അദ്ഭുതത്തോടെയും, ആശ്ചര്യത്തോടെയും മാത്രമേ വായിക്കാന്‍ സാധിക്കുകയുള്ളൂ. അഞ്ചു വയസ്സുകാരിയായ ഗോപ അച്ഛന്റെ തോളിലിരുന്നു തെയ്യത്തിന്റെ തോറ്റം പാട്ടു കേള്‍ക്കുമ്പോള്‍, 'തെയ്യം ഏട്ടന് കാല് പൊള്ളുവേ, അയ്യോ അച്ഛാ' എന്ന് കരഞ്ഞു വിളിക്കുമ്പോള്‍ 'ഞ്ഞി കരയല്ലേ കുഞ്ഞീ, തൊണ്ടച്ചന് പൊളളൂലാ കുഞ്ഞീ, പക്ഷേ അന്റച്ഛനോട് പറ കുഞ്ഞീ തീ തുള്ളീടെ മേലെ പറക്കല്ലേ ന്ന്. പൊള്ളിപ്പോവും മോനെ. ചിറകരിയും മോനേ, പാട്ടവിളക്കത്തെ ഈയല് പോലെ ചിറകരിയൂല്ലേ മോനേ' എന്നിങ്ങനെയുള്ള തെയ്യത്തിന്റെ വെളിപാട് ഒരു സൂചനയായിരുന്നു. മൂന്നു നാലു വര്‍ഷം കഴിഞ്ഞു സംഭവിക്കാനുള്ള സത്യത്തിലേയ്ക്കുള്ള ചൂണ്ടുവിരല്‍.
പഹാഡി കൂട്ടുകാരി സുനുവില്‍ നിന്നും, യാത്രയിലങ്ങോളം പ്രാണനെപ്പോലെ കൂട്ടുവരുന്ന ദാവയില്‍ നിന്നുമാണ് ടിബറ്റിനെക്കുറിച്ചും, അങ്ങോട്ടുള്ള അദ്ഭുതങ്ങളും സഹസികതയും നിറഞ്ഞ പാതകളെക്കുറിച്ചും, ടിബറ്റന്‍ താന്ത്രികവിദ്യകളുടെ നിഗൂഢഭൂമിയായ ഷംബാലയെക്കുറിച്ചുമെല്ലാം ഗോപ മനസ്സിലാക്കുന്നത്. എണ്ണം പറഞ്ഞ മൗണ്ടനീര്‍ ആയിട്ടും പല സന്ദര്‍ഭങ്ങളിലും പിടിച്ചു നില്‍ക്കാന്‍ ഗോപയ്ക്കാകുന്നില്ല. അപ്പോഴെല്ലാം തന്റെ ഉയിരായി ദാവ അവളെ ചേര്‍ത്തു കൊണ്ടു പോകുമ്പോള്‍ ആ ബുദ്ധഭിക്ഷു മനസ്സിലേക്ക് വിശുദ്ധസ്നേഹത്തിന്റെ താമരഗന്ധവുമായി കടന്നിരിക്കുകയാണ്. നിത്യസുഗന്ധമായി അങ്ങനെ. വര്‍ണ്ണിക്കാന്‍ വാക്കുകളില്ലാതെ.
രൂപകങ്ങളുടെ ഒരു പെരുമഴയാണ് ഈ നോവലില്‍ അങ്ങോളമിങ്ങോളം. എല്ലാം കൂടി എടുത്തു പറയുമ്പോഴേയ്ക്കും ഈ എഴുത്തിന്റെ നീളം ഒരുപാട് കൂടിപ്പോകും. എന്നാലും കാവ്യഭംഗി തുളുമ്പുന്ന ഈ വരികള്‍ വല്ലാത്തൊരു അനുഭൂതി പകരുന്നു.
'മലമുകളില്‍ മഴ പെയ്തു വരുന്നത് ഒരു വമ്പന്‍ പക്ഷി പറന്നുവരുന്നതു പോലെയാണ്. ഒരു ഫാല്‍ക്കണെപ്പോലെ. ചെരിഞ്ഞ നോട്ടവുമായി ചാട്ടുളിപോലെ പറന്നിറങ്ങി കുളത്തില്‍ ആടിക്കളിക്കുന്ന ആമ്പല്‍ പൂവിന്റെ കഴുത്തില്‍ ഒറ്റയുമ്മ. എന്നിട്ട് കിലു കിലാ എന്ന് കുളത്തില്‍ അടരും.'
ടിബറ്റിനെ വര്‍ണ്ണിക്കുന്ന വരികള്‍ ഇങ്ങനെ:
'സമഭാവനയുടെ ജലകുംഭമേ, ഭൂമിയുടെ മുലഞെട്ടേ രാജാവും കുതിരയും നിനക്ക് ഒരു പോലെ. ഞാനും ഈ കുഞ്ഞിപ്പൂമ്പാറ്റയും ഒരു പോലെ.'
'From His Journal lotus path എന്ന സബ് ടൈറ്റിലില്‍ വരുന്ന എഴുത്തുകള്‍ ദാവയുടേത് എന്ന് തോന്നിക്കുന്ന പുരുഷമനസ്സിന്റെ സഞ്ചാരങ്ങള്‍ വളരെ കാവ്യാത്മകമായി വരച്ചിടുന്നു. ഓരോ അധ്യായത്തിലും വരുന്ന വരികള്‍ പലതും ഏതോ അതിവിശുദ്ധ പത്മപാതകളാണ് മനസ്സില്‍ സൃഷ്ടിച്ചുപോകുന്നത്. ഭൗതികചക്രവാളങ്ങള്‍ക്കപ്പുറമുള്ള അവാച്യമായ ഒരു ജ്ഞാനപ്രകാശത്തിലേയ്ക്ക് ഗോപയോടൊപ്പം അത് വായനക്കാരെയും ക്ഷണിക്കുന്നു. 'അലറുന്ന കടലിന് ഒരു നക്ഷത്രത്തെപ്പോലും പ്രതിഫലിപ്പിക്കാനാവുന്നില്ല. എന്നാല്‍ ശാന്തമായ ഒരു മഞ്ഞുതടകത്തിന് ഒരാകാശം തന്നെ ആവാഹിച്ച് അടര്‍ത്തിയെടുക്കാം' എന്ന വരികള്‍ നല്‍കുന്ന സന്ദേശവും ജീവിതവീക്ഷണവും സത്യാന്വേഷണവും എത്ര ഉദാത്തമാണ്.
മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്ന വീണ്ടും വീണ്ടും ചിന്തിപ്പിക്കുന്ന ഒരു അതീന്ദ്രിയത അനുഭവിപ്പിക്കുന്ന ഈ പുസ്തകം മലയാളസാഹിത്യത്തിലെ എക്കാലത്തെയും മികച്ച നോവല്‍ എന്ന് അവകാശപ്പെടാവുന്ന ഒന്നാണ്. വിസ്മയിപ്പിക്കുന്ന കാല്‍പ്പനികസൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന വരികള്‍ ചിത്രകാരി കൂടിയായ എഴുത്തുകാരിയുടെ കാലങ്ങളായുള്ള ഗഹനമായ വായനയുടെ സംഭാവന കൂടിയാണ്. കഴിഞ്ഞവര്‍ഷം വായിച്ച പുസ്തകങ്ങളില്‍ പ്രമേയം കൊണ്ടും അവതരണം കൊണ്ടും സ്‌നോലോട്ടസ് കൊടുമുടികളില്‍ തന്നെയാണ്. മനസ്സ് ഇപ്പോഴും പിന്‍വാങ്ങുന്നില്ല. ദാവ പോയ വഴിയിലേയ്ക്ക് മിഴി നട്ടു നില്‍ക്കുകയാണ്. ദാവയുടെ വാക്ക് കടമെടുത്താല്‍ 'പ്രണയത്തോളം പുരാതനമായ ഭാവം' വേറെ എന്തുണ്ട്. പക്ഷേ എനിയ്ക്ക് തോന്നുന്നു, അതൊരു പ്രവാഹമാണ്. ആദിമദ്ധ്യാന്തങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന നിലയ്ക്കാത്ത പ്രവാഹം. സ്‌നോലോട്ടസ് ഹൃദയത്തില്‍ കുടഞ്ഞിട്ട മഞ്ഞുതുള്ളികളില്‍ ഏതാനും ചിലത് മാത്രമാണിത്. അവയില്‍ പ്രതിബിംബിക്കുന്നത് 'ഓം മണി പത്മേ ഹും' എന്ന വിശുദ്ധാക്ഷരങ്ങള്‍ തന്നെയാണ്. നല്ലൊരു പുസ്തകം വായനാലോകത്തിനു സമ്മാനിച്ചതിനു ഡോ. സോണിയാ ചെറിയാന് നന്ദി.
Content Highlights: snow lotus book review mathrubhumi books
Published: 09 Jan 2025, 03:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented