കൊല്‍ക്കത്ത: ബാനറില്ല. അധ്യക്ഷനും മുഖ്യാതിഥിയും സ്വാഗത-ആശംസാ പ്രസംഗവും നന്ദി പ്രകാശിപ്പിക്കലും സംഭവിച്ചില്ല. ഫ്‌ലാഷുകള്‍ മിന്നിക്കാന്‍ ഫോട്ടോഗ്രാഫര്‍മാരും സന്നിഹിതരായിരുന്നില്ല. എന്നാല്‍ അവിടെ അധ്യാപകരും വിദ്യാര്‍ഥികളും പ്രണയിതാക്കളും ചിത്രകാരന്മാരും പ്രസാധകരും ബുദ്ധിജീവികളും ഭദ്രലോകും എല്ലാറ്റിലുമുപരിയായി തികച്ചും സാധാരണക്കാരായ ഒരുപാട് മനുഷ്യരുടെയും നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നു. അവരാരുംതന്നെ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരുമായിരുന്നില്ല. അപരിചിതരായ അവരെ സാക്ഷിനിര്‍ത്തിയാണ് വര്‍ത്തമാനകാല പുസ്തകപ്രകാശനത്തിന്റെ ആലഭാരങ്ങള്‍ ഒന്നുമില്ലാതെ സുനില്‍ ഞാളിയത്ത് പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എട്ട് ബംഗാളി കഥകളുടെ സമാഹാരമായ 'കല്‍ക്കത്ത കഫെ' കൊല്‍ക്കത്തയില്‍ പ്രകാശിപ്പിക്കപ്പെട്ടത്.  
 

To advertise here,
placeholder
പുസ്തകം വാങ്ങാം

കൊല്‍ക്കത്തയിലെ ഏറെ പ്രശസ്തമായ കോളേജ് സ്ട്രീറ്റ് കോഫി ഹൗസ് ആയിരുന്നു പുസ്തകപ്രകാശനത്തിന് അപൂര്‍വ വേദിയായത്. ഒരു ഫ്‌ലാഷ് മോബ് പോലെ സംഭവിച്ച പുസ്തകപ്രകാശനം തിങ്ങിനിറഞ്ഞ കോഫി ഹൗസിലെ മെയിന്‍ ഹാളില്‍ ഉണ്ടായിരുന്നവരില്‍ ഏറെ കൗതുകമുണര്‍ത്തി. സമകാലിക ബംഗാളി സാഹിത്യത്തിലെ ശ്രദ്ധേയസാന്നിധ്യമായ ശുഭമാനസ് ഘോഷാണ് പുസ്തകം പ്രകാശിപ്പിച്ചത്. യുവഎഴുത്തുകാരി തൃഷ്ണ ബസാക്ക് പുസ്തകം കൈമാറി. ഇരുവരുടെയും കഥകള്‍കൂടി ഉള്‍പ്പെടുന്ന കഥാസമാഹാരമാണ് 'കല്‍ക്കത്ത കഫെ'. സുചിത്ര ഭട്ടാചാര്യ, തിലോത്തമ മജുംദാര്‍, സെയ്ദ് വലിയുള്ള, സ്വപ്‌നമയ് ചക്രവര്‍ത്തി, ശേഖര്‍ ബസു, മനോരഞ്ജന്‍ ബ്യാപാരി എന്നിവരുടേതാണ് സമാഹാരത്തിലെ ഇതര കഥകള്‍. 

മലയാളിയായ ഫോട്ടോഗ്രാഫര്‍ അജയകുമാര്‍ പകര്‍ത്തിയ കവിഗുരു രബീന്ദ്രനാഥ ടാഗോറിന്റെ പൂര്‍ണ്ണകായ ചിത്രം ചുവരിനെ അലങ്കരിക്കുന്ന കൊല്‍ക്കത്തയിലെ കോഫി ഹൗസ് ആണ് പുസ്തകത്തിന്റെ പുറംചട്ട. അതേ ചിത്രത്തിന് ചുവട്ടില്‍ നിന്നുകൊണ്ട് രണ്ട് ബംഗാളി എഴുത്തുകാര്‍ ഒരു മലയാള പുസ്തകം പ്രകാശിപ്പിച്ചത് മറ്റൊരു അപൂര്‍വതയായി. വിവര്‍ത്തകന്‍ സുനില്‍ ഞാളിയത്ത്, ബംഗാളിയിലെ പുസ്തകപ്രസാധന രംഗത്തെ നവാഗതരായ മഹുവ ബുക്‌സിന്റെ സാരഥി ശേഖര്‍ ഹജ്‌റ, ചിത്രകാരന്‍ ശുഭജിത്, അധ്യാപിക അനു എന്നിവര്‍ ഫേസ്ബുക്ക് ലൈവ് നല്‍കിയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തിയും ചടങ്ങിന്റെ ഭാഗമായി.

 

 

placeholder
കല്‍ക്കത്ത കഫെ'  സുസ്‌മേഷ് ചന്ദ്രോത്ത് എഴുത്തുകാരി വിജയരാജ മല്ലികയ്ക്ക് നല്‍കുന്നു


 വിവര്‍ത്തനത്തിനുള്ള 2021-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച സുനില്‍ ഞാളിയത്തിന് പുരോഗമന കലാ സാഹിത്യ സംഘം, കൊല്‍ക്കത്ത നല്‍കിയ അനുമോദനച്ചടങ്ങില്‍ വച്ചും 'കല്‍ക്കത്ത കഫെ' പ്രകാശിപ്പിക്കുകയുണ്ടായി. എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത് എഴുത്തുകാരി വിജയരാജ മല്ലികയ്ക്ക് നല്‍കിയാണ് പുസ്തകം പ്രകാശിപ്പിച്ചത്. ഒപ്പം പത്ത് കുട്ടികളും പ്രകാശനത്തില്‍ പങ്കാളികളായി.