
ഒറ്റപ്പാലം: മരങ്ങള്‍ക്കിടയില്‍ പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന തന്റെ വീടിന്റെ ഉമ്മറത്തിരുന്നാല്‍ ചളവറ മുണ്ടക്കോട്ടുകുറിശ്ശിയിലെ കാഴ്ചകള്‍ പലതും കാണാം. റോഡരികിലൂടെ മദ്രസയിലേക്കും സ്‌കൂളിലേക്കും പോകുന്ന കുട്ടികള്‍. വായനശാല... പീടികകള്‍... ആളുകള്‍.
ഇംഗ്ലീഷ് സാഹിത്യകാരി അനിതാ നായര്‍ കഥയെഴുതിത്തുടങ്ങിയാല്‍ അതില്‍ എങ്ങനെയെങ്കിലും മുണ്ടക്കോട്ടുകുറിശ്ശി കടന്നുവരും. അവിടത്തെ ആളുകളും പ്രകൃതിയുമാണ് കഥാപാത്രങ്ങള്‍ക്ക് പൂര്‍ണത നല്‍കുക. അത്രമേല്‍ ഇഷ്ടമാണ് അനിതാ നായര്‍ക്ക് തന്റെ കുഞ്ഞുഗ്രാമവും അവിടത്തെ കാഴ്ചകളും. ജീവിതത്തില്‍ അത് മുണ്ടക്കോട്ടുകുറിശ്ശിയാണെങ്കില്‍ കഥകളില്‍ പേര് കൈക്കുറിശ്ശിയാകും. തന്റെ ഏറ്റവുംപുതിയ പുസ്തകം 'ബിപ്പാത്തു ആന്‍ഡ് എ വെരി ബിഗ് ഡ്രീം' എന്ന കഥ ജനിച്ചതുപോലും പാലക്കാട്ടെ ഈ കുഞ്ഞുഗ്രാമത്തിലാണ്.
മുണ്ടക്കോട്ടുകുറിശ്ശിയിലെ അങ്ങാടിയില്‍ ഇപ്പോഴും പഴയ ഫുട്ബോള്‍ ലോകകപ്പിന്റെ ഫ്ളെക്സ് ബോര്‍ഡുകളുണ്ട്. സ്‌കൂള്‍ മൈതാനങ്ങളില്‍ ആണ്‍കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നുണ്ട്. സെവന്‍സ് മത്സരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവിടെ പെണ്‍കുട്ടികള്‍ ഫുട്ബോള്‍ കളിക്കാത്തതെന്തെന്ന ചിന്തയില്‍നിന്നാണ് ബിപ്പാത്തുവിന്റെ കഥ തുടങ്ങുന്നത്. ഫുട്ബോള്‍ കളിക്കാനാഗ്രഹിക്കുന്ന ബിപ്പാത്തുവെന്ന കഥാപാത്രത്തില്‍ പലയിടങ്ങളിലായി അനിതാനായരുണ്ട്. താന്‍ വലിയ ഫുട്ബോള്‍ ആരാധികയാണ്. ആ ഇഷ്ടമാണ് ഈ കഥാപാത്രത്തിലും കൊണ്ടുവന്നിട്ടുള്ളത്.
'എല്ലാവരും പറയുംപോലെ കഥനടക്കുന്ന സ്ഥലത്തിരുന്നുള്ള എഴുത്ത് എനിക്ക് ബുദ്ധിമുട്ടാണ്. മറ്റൊരിടത്തിരുന്ന് ഈ നാടിനെയും സാഹചര്യങ്ങളെയും ആലോചിക്കുമ്പോഴാണ് എഴുതാനാവുക. ഈ നോവല്‍ ഭൂരിഭാഗവും എഴുതിയത് ഹിമാചല്‍ പ്രദേശില്‍ ഇരുന്നാണ്. അവിടെയിരുന്ന് ഈ നാടിനെ ഓര്‍ക്കുന്നതുതന്നെ ഒരു സുഖമാണ്' -അനിതാ നായര്‍ പറയുന്നു.
'ബെറ്റര്‍മാന്‍', 'മിസ്ട്രസ്', 'ലിറ്റില്‍ ഡക്ക് ഗേള്‍'(ഓഡിയോ ബുക്ക്) തുടങ്ങിയ പുസ്തകങ്ങളിലും മുണ്ടക്കോട്ടുകുറിശ്ശിയെന്ന നാട് കൈക്കുറിശ്ശിയായി വരുന്നുണ്ട്'. ഇതില്‍ 'ബെറ്റര്‍മാന്‍' എന്ന പുസ്തകം 21 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.
മുണ്ടക്കോട്ടുകുറിശ്ശി 'സിമന്തകം' വീട്ടില്‍ പി.കെ. സൗമിനിയുടെയും ഭാസ്‌ക്കരന്‍ നായരുടെയും മകള്‍ അനിതാ നായര്‍ ഇപ്പോള്‍ താമസിക്കുന്നത് ഭര്‍ത്താവ് സുരേഷ് പറമ്പത്തിനൊപ്പം ബെംഗളൂരുവിലാണ്. എന്നാല്‍ രണ്ടുമാസത്തില്‍ക്കൂടുതല്‍ മുണ്ടക്കോട്ടുകുറിശ്ശിയില്‍നിന്ന് വിട്ടുനില്‍ക്കാനാവില്ല ഈ എഴുത്തുകാരിക്ക്. അവര്‍ ഓടിയെത്തും. മുമ്പ് പാലക്കാട്ടെ മറ്റൊരു പട്ടണത്തില്‍ താമസിച്ചിരുന്നു. എന്നാല്‍ മുണ്ടക്കോട്ടുകുറിശ്ശിപോലെ കഥകള്‍ക്ക് സാധ്യതയുള്ളൊരിടമായി അവിടം തോന്നിയിട്ടില്ലെന്നും അനിതാ നായര്‍ പറയുന്നു.
'ബിപ്പാത്തു' പ്രകാശനം ഇന്ന്
മുണ്ടക്കോട്ടുകുറിശ്ശിയില്‍ വെച്ചുതന്നെയാണ് 'ബിപ്പാത്തു ആന്‍ഡ് എ വെരി ബിഗ് ഡ്രീം' എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത്. ഞായറാഴ്ച രാവിലെ 10-ന് മുണ്ടക്കോട്ടുകുറിശ്ശി ജനകീയ വായനശാലയിലെ ആര്‍ട്ട് ഗ്യാലറിയില്‍ എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ പ്രകാശനം നിര്‍വഹിക്കും.
ചളവറ പഞ്ചായത്ത് പ്രസിഡന്റും ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റുമായ ഇ. ചന്ദ്രബാബുവും പങ്കെടുക്കും. മാതൃഭൂമി ബുക്സാണ് ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കുന്നത്.
Content Highlights: Mundakkottukurissi, Bipathu book release, Anitha Nair, Mathrubhumi books
Published: 23 Jul 2023, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented