തിരുവനന്തപുരം: ‘‘അച്ഛാ, പത്ത് മിനിറ്റിൽ വരാം...’’ പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട എം.ഡി. അഭിരാം അവസാനമായി അച്ഛൻ മധുകുമാറിനോട് പറഞ്ഞ വാക്കുകളാണിത്. എന്നാൽ മണിക്കൂറുകൾക്കുശേഷം അദ്ദേഹത്തെ തേടിയെത്തിയത് മകന്റെ വിയോഗവാർത്തയാണ്. ഞായറാഴ്ച സുഹൃത്തിനെ കാണാനെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങുമ്പോൾ, വൈകീട്ട് ഒരു കല്യാണത്തിനു പോകണം. വേഗം വരണമെന്ന് അച്ഛൻ ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ, നേരം വൈകിയിട്ടും അഭിരാമെത്തിയില്ല. ഫോൺ വിളിച്ചപ്പോൾ കിതയ്ക്കുന്ന ശബ്ദത്തിൽ പത്ത് മിനിറ്റിൽ എത്തുമെന്ന് പറഞ്ഞെന്നും അച്ഛൻ ഓർത്തെടുക്കുന്നു. ഓടിക്കിതച്ചതു പോലെയായിരുന്നു ശബ്ദം. മകൻ ഓടിമാറാൻ ശ്രമിച്ചത് മരണത്തിൽനിന്നാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.
ഒടുവിൽ മകനെ കൂട്ടാതെ കല്യാണത്തിന് പോയി. ഒൻപതുമണിയോടെ തിരിച്ചെത്തിയപ്പോഴും അഭിരാം വീട്ടിലെത്താത്തതോടെയാണ് കുടുംബം അന്വേഷിച്ചിറങ്ങുന്നതും പോലീസിൽ പരാതി നൽകുന്നതും. സുഹൃത്ത് മെസേജ് അയച്ചതുമായി ബന്ധപ്പെട്ടാണ് താൻ കാണാൻ പോകുന്നതെന്ന് അഭിരാം അച്ഛനോട് പറഞ്ഞിരുന്നു. സുഹൃത്തിന്റെ നമ്പർ നൽകുകയും ചെയ്തു. അങ്ങനെയാണ് അന്വേഷണം പെൺസുഹൃത്തിലേക്കും നീളുന്നത്. അഭിരാമിന് വന്ന ഫോൺസന്ദേശത്തെപ്പറ്റി തനിക്കറിയില്ലെന്നും പതിനേഴുകാരനായ സുഹൃത്തിന്റെ കൈയിലാണ് ഫോണെന്നും പെൺസുഹൃത്ത് പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്.
ശ്രീകാര്യം ചാവടിമുക്ക് സ്കൂളിൽ പഠിച്ചവരാണ് കൊല്ലപ്പെട്ട അഭിരാമും കൊലപ്പെടുത്തിയ സുഹൃത്തും. കേശവദാസപുരം എൻ.എസ്.എസ്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അഭിരാം.
‘‘കൊല്ലണമായിരുന്നോ, എന്റെ കുഞ്ഞിനെ...’’
വീടിന്റെ ചുമരിനോട് ചേർത്ത് അവൻ ഒതുക്കിവെച്ച സൈക്കിൾ. വീടാകെ നിറഞ്ഞുനിന്നത് അമ്മ ധർമ്മജയുടെ കരച്ചിലാണ്. ‘‘കൊല്ലണമായിരുന്നോ അവനെ...’’ എന്ന ആ അമ്മയുടെ ചോദ്യത്തിന് മുൻപിൽ നാട്ടുകാരും ബന്ധുക്കളും ഒരുപോലെ തേങ്ങി. പാങ്ങപ്പാറ നേതാജി ലെയ്‌നിലെ വാടകവീട്ടിൽ അഭിരാമിന്റെ വിയോഗവാർത്തയറിഞ്ഞ് എത്തിയവരുടെ മനസ്സിലും അതേ ചോദ്യമായിരുന്നു. മകനെ കാണാനില്ലെന്ന വാർത്തയറിഞ്ഞ് വിദേശത്തുനിന്നു തിങ്കളാഴ്ച രാത്രിയോടെയാണ് അമ്മ വീട്ടിലെത്തിയത്.
പത്തുവർഷമായി വാടകവീട്ടിലാണ് അഭിരാമിന്റെ കുടുംബം താമസിക്കുന്നത്. മകനുവേണ്ടിയെങ്കിലും സ്വന്തമായൊരു വീട് ഒരുക്കണമെന്ന ആഗ്രഹത്തോടെയാണ് ധർമജ വിദേശത്തേക്ക് പോയത്. കഴിഞ്ഞ ഓണക്കാലത്താണ് മകനെ അവസാനമായി കണ്ടത്.
അച്ഛനും അമ്മയും അമ്മൂമ്മയും സഹോദരിയും സഹോദരീ ഭർത്താവും അവരുടെ മകളും അടങ്ങുന്നതാണ് അഭിരാമിന്റെ കുടുംബം. സഹോദരി ആര്യ സൗദിയിൽ നഴ്സായി ജോലി ചെയ്യുകയാണ്. അഭിരാമിനേക്കാൾ 12 വയസ്സ് മൂത്ത സഹോദരിയെ അമ്മയെപ്പോലെയാണ് അഭിരാം കണ്ടിരുന്നത്. എന്നാൽ, കൊലപാതകം നടത്തിയ സുഹൃത്തിനെക്കുറിച്ചോ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനെക്കുറിച്ചോ വീട്ടിൽ പറഞ്ഞിരുന്നില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. അത്രയേറെ അടുപ്പമുണ്ടായിരുന്നെങ്കിൽ ചേച്ചിയോടെങ്കിലും പറയുമായിരുന്നുവെന്ന് അവർ വിശ്വസിക്കുന്നു.
എല്ലാവരോടും നന്നായി സംസാരിക്കുകയും ഇടപഴകുകയും ചെയ്തിരുന്ന മകന്റെ ജീവിതത്തിൽ ഇങ്ങനെയൊരു ദുരന്തം സംഭവിക്കുമെന്ന് കുടുംബം കരുതിയിരുന്നില്ല. ''എന്റെ മകൻ കളിച്ചുവളർന്ന മണ്ണാണിത്. ഇനി ആരെയാണ് ഞാൻ വിശ്വസിക്കേണ്ടത്? എന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞില്ലേ'' എന്ന ധർമജയുടെ വാക്കുകൾ കേട്ടുനിന്നവരുടെയും കണ്ണ് നനച്ചു.
Content Highlights: The family and community mourn the tragic killing of Plus One student Abhiram in Pangappara, sharing heartbreaking memories and his final phone call to his father.
Published: 04 Nov 2026, 07:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented