കൊച്ചി: എന്താണ് 'മരണവംശ'ത്തിന്റെ കഥ? വാട്സാപ്പില്‍ മമ്മൂട്ടിയുടെ മെസേജ് വരുമ്പോള്‍ അദ്ഭുതവും സന്തോഷവും ഒരുപോലെയുണ്ടായിരുന്നു ഷാജികുമാറിന്. എന്നാല്‍, തിരക്കിനിടയില്‍ മമ്മൂട്ടിക്ക് നോവല്‍ വായിക്കാന്‍ സമയമുണ്ടാകില്ലെന്നു വിചാരിച്ച് ഷാജി പുസ്തകവുമായി അദ്ദേഹത്തെ കാണാന്‍ പോയില്ല.

To advertise here,

പിന്നീട് മറ്റൊരു പരിപാടിയില്‍ കണ്ടുമുട്ടുമ്പോള്‍ മമ്മൂട്ടി വീണ്ടും ആ പുസ്തകത്തെപ്പറ്റി ചോദിച്ചപ്പോഴാണ് ഷാജിക്ക് ആ ചോദ്യത്തിന്റെ ആഴം മനസ്സിലായത്. ''ഞാന്‍ പുസ്തകവുമായി മമ്മുക്കയെ കാണാന്‍ പോയി. മരണവംശം കൊടുത്തു. ഫോട്ടോ എടുത്തു...''എഴുത്തുകാരന്‍ പി.വി.ഷാജികുമാര്‍ പിന്നീട് ഫെയ്സ്ബുക്കില്‍ കുറിച്ച വരികള്‍ ആ കഥയുടെ ക്ലൈമാക്‌സായിരുന്നു.

പുസ്തകങ്ങളെയും വായനയെയും സ്നേഹിക്കുന്നവരില്‍ കൊച്ചുകുട്ടി മുതല്‍ മമ്മൂട്ടി വരെയുണ്ടെന്ന തിരിച്ചറിവ് മലയാളത്തിന്റെ സന്തോഷക്കാഴ്ച തന്നെയാണ്. ആ സന്തോഷത്തിന്റെ പുതിയൊരു അധ്യായത്തിന് 'മാതൃഭൂമി' ആരംഭം കുറിക്കുകയാണ് കാക്കനാട്. ഏപ്രില്‍ 30-ന് കാക്കനാട് മാതൃഭൂമി ബുക്‌സിന്റെ പുതിയ ഷോറൂം തുറക്കപ്പെടുമ്പോള്‍ വായനയുടെ പുതിയ സുഗന്ധമാകും അവിടെയെല്ലാം നിറയുന്നത്.

ഏര്‍ക്കാനയുടെ മണ്ണിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നിടത്ത് ആധി നിറഞ്ഞ മനസ്സോടെ നമ്മള്‍ 'മരണവംശം' വായിച്ചു തുടങ്ങുന്നു. കുഞ്ഞമ്മാറും കൊട്ടനും അമ്പാടിയും കൃഷ്ണനും മാധവിയും തമ്പായിയും ഭാസ്‌കരനും മാണിക്യവുമൊക്കെയായി പ്രധാന കഥാപാത്രങ്ങളും നൂറോളം ഉപ കഥാപാത്രങ്ങളുമൊക്കെയായി പരന്നുകിടക്കുന്ന മരണവംശം. പി.വി. ഷാജികുമാറിന്റെ 'മരണവംശം' കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായിരുന്നു. സന്ധ്യാ മേരിയുടെ 'മരിയ വെറും മരിയ'യും ആര്‍. രാജശ്രീയുടെ 'ആത്രേയ'വും പോലെയുള്ള പുസ്തകങ്ങളും കഴിഞ്ഞ വര്‍ഷത്തെ ബെസ്റ്റ് സെല്ലറുകളായിരുന്നു. ഇതെല്ലാം മലയാളത്തിനു സമ്മാനിച്ച മാതൃഭൂമി ബുക്‌സ് ഇനിയും ഇത്തരം അനുഭവങ്ങളുടെ കഥ തുടരാനാണ് ആഗ്രഹിക്കുന്നത്.

പുസ്തകത്തിന്റെയും വായനയുടെയും പുതിയ അനുഭവങ്ങളുമായി കാക്കനാട്ട് 'മാതൃഭൂമി' ഒരുക്കുന്ന ഇടം വായനക്കാരെ മാടിവിളിക്കുമ്പോള്‍ അവിടേക്ക് ഒഴുകിയെത്താന്‍ കാത്തിരിക്കുന്നത് ഒരുപാടൊരുപാട് മനുഷ്യരാണ്. അക്ഷരലോകത്തെ ഒട്ടേറെ മഹാരഥന്‍മാരുടെ തട്ടകമായ കാക്കനാടിന്റെ മണ്ണില്‍ അത്തരമൊരു ഒഴുക്ക് ഇല്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.

ഒട്ടേറെ സൗകര്യങ്ങളോടെയാണ് മാതൃഭൂമി ബുക് സ്റ്റാള്‍ കാക്കനാട് വായനയുടെ പുതിയ ഇടം ഒരുക്കുന്നത്. അനുഭവങ്ങളുടെ പുതിയ ലോകത്തേക്ക് സഞ്ചരിക്കാനുള്ള വായനക്കാരുടെ കാത്തിരിപ്പിന് ഇനി ഏതാനും ദിനങ്ങളുടെ ദൂരം മാത്രം. ഏപ്രില്‍ 30-ന് ആ സുദിനം വന്നണയുമ്പോള്‍ സ്വപ്നം പോലെയുള്ളൊരു യാഥാര്‍ഥ്യമായി അവരെല്ലാം ആ സുഗന്ധം അനുഭവിക്കും.