പ്രണയപാപങ്ങളും പകയുടെ പകപ്പും വംശഹത്യയുടെ ചാവറകളും നിറഞ്ഞ നിഗൂഢതയുടെ ഇരുള്‍പ്പരപ്പിലൂടെയാണ് ഞാന്‍ എര്‍ക്കാനയ്ക്ക് നടന്നത്. പതിനെട്ടു നിറങ്ങള്‍ ചൂടിയ പൂരക്കളി കണ്ട് റാക്കും മോന്തി പാലോര്‍പ്പുഴയില്‍ കുളിച്ച് മടങ്ങണം. യാത്രയ്ക്കിടയില്‍ മൈത്താണിക്കാട്ടിലും പേത്താളങ്കാനത്തും അള്ളത്തടുക്കയിലുമെല്ലാം നിന്ന് കുഞ്ഞമ്മാറും കൊട്ടനും ജാനകിയും മാധവിയും ഭാസ്‌കരനും നളിനിയും ചന്ദ്രനും അരവിന്ദനുമൊക്കെ ഭയന്ന കണ്ണുകളോടെ എന്നെ അഭിവാദ്യം ചെയ്തു. മാണിയോളങ്കര കാവിന് മുന്നില്‍ നിന്ന് ചുവന്നുകലങ്ങിയ കണ്ണുകളോടെ ചെറിയ പോതി ചോദിച്ചു.

To advertise here,

'നീ ഏടുന്ന് വരുന്നു?'

ഞാനപ്പോള്‍ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ താണ്ടി കൊളംബിയയിലെ കണ്ണാടി ഭിത്തികള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട അടിത്തട്ട് കാണാവുന്ന തെളിമയിലൊഴുകുന്ന പുഴയുടെ തീരത്തുള്ള മക്കോണ്ടോയില്‍ നിന്ന് തിരികെ വരികയായിരുന്നു. മെല്‍ക്കീയാദേസിന്റെ രേഖകളില്‍ നിന്ന് വിധിഹിതമറിഞ്ഞ ഹോസേ അര്‍ക്കാദിയോയുടെ വംശാവലിയിലെ അവസാനത്തെ കണ്ണി അവ്‌റാലീനിയോയും ഒപ്പം കണ്ണാടികളുടെ മായാനഗരവും അപ്പോള്‍ വിസ്മൃതിയിലായിരുന്നു. തിരികെ മടങ്ങുമ്പോള്‍ ആകാശത്തിന്റെ അതിരില്‍ കലങ്ങിയ മേഘങ്ങള്‍ക്കിടയില്‍ നിന്ന് അമരാന്തയും ഉര്‍സുലയും റെമേഡിയോസ് സുന്ദരിയുമൊക്കെ കണ്ണീരോടെ വിടചൊല്ലി.

അപാരമായ അനുഭവങ്ങളുടെ തീക്ഷ്ണതയും വ്യവസ്ഥിതിയുടെ ചട്ടക്കൂട്ടിലൊടുങ്ങാത്ത അഗമൃഗമനവും മാന്ത്രികവും അയഥാര്‍ത്ഥികവുമായ കഥാപരിസരവുമൊക്കെ തിരികെയാത്രയിലും മനസിനെ വല്ലാതെ മഥിക്കുന്നുണ്ടായിരുന്നു. മക്കോണ്ടോയെ തകര്‍ത്തെറിഞ്ഞ അതേ ചുഴലിയുടെ ആവേഗം തലച്ചോറിനെ തുളയ്ക്കുമെന്നായപ്പോഴാണ് കദ്രോളിക്കുന്നിറങ്ങി എര്‍ക്കാനയുടെ നിഗൂഢസൗന്ദര്യത്തിലേക്ക് യാത്ര തിരിച്ചത്. അരണ്ട സന്ധ്യകളില്‍ കാടകം പൂത്ത കാറ്റ് തഴുകുന്ന പേത്താളങ്കാനത്തെ കുഞ്ഞമ്മാറിന്റെ ചാപ്പയുടെ ഉമ്മറത്തിരുന്ന് റാക്ക് മോന്തി നൂറ് വര്‍ഷത്തെ ഏകാന്തതയുടെ കെട്ടിറക്കുകയാണ് ഉദ്യമം. പക്ഷേ എര്‍ക്കാനയിലേക്കുള്ള ഓരോ ചുവടും മൃതിപര്‍വ്വത്തിലേക്കുള്ള അതിസാഹസമാണെന്ന് ഇരുട്ടില്‍ പൊലിഞ്ഞുപോയ ചൂട്ടുവെളിച്ചം വെളിപാട് നല്‍കി.

എര്‍ക്കാനയുടെ പരിണാമ വഴിയിലെ ആദ്യപാപത്തിന്റെ വിത്തുകള്‍ കുഞ്ഞിക്കോമന്‍ കട്ട ബെല്ലാള്‍ മനയിലെ സ്വര്‍ണ്ണം പോലെ രാത്രിയുടെ കണ്ണുകളായി തിളങ്ങി. രാത്രിയ്ക്ക് മരണത്തിന്റെ മുഖമായിരുന്നു. ഞാന്‍ ഭയന്നു. മനുഷ്യനിലെ ആത്യന്തികമായ ആര്‍ത്തിയുടെയും പ്രലോഭനത്തിന്റെയും ഇരയായി എരിഞ്ഞടങ്ങിയ കുഞ്ഞിക്കോമനില്‍ നിന്നാണ് എര്‍ക്കാനയുടെ പകയുടെ ചരിത്രം തുടങ്ങുന്നത്. മനുഷ്യമനസ്സിന്റെ സഞ്ചാര വേഗങ്ങളെയും വളവുതിരിവുകളെയും എത്ര വ്യക്തമായിട്ടാണ് എര്‍ക്കാനയുടെ വഴികളില്‍ കോറിയിട്ടിരിക്കുന്നത്. അജ്ഞരായ ഒരു ജനതയുടെ സ്വാതന്ത്ര്യ മോഹങ്ങളും അടക്കിപ്പിടിച്ച അഭിവാഞ്ജകളും സങ്കല്‍പ്പങ്ങളുടെയും വിശ്വാസങ്ങളുടെയും അസ്ഥിവാരത്തില്‍ അവര്‍ പടുത്തുയര്‍ത്തിയ ജീവിങ്ങളുമൊക്കെ എനിക്ക് അന്യമായ ഭാഷയില്‍ എന്നെ അതിശയിപ്പിച്ചുകൊണ്ടിരുന്നു. കടല്‍ക്ഷോഭത്താല്‍ ഭയന്ന യാത്രികനെപ്പോലെ ലക്ഷ്യബോധമില്ലാതെയാണ് എര്‍ക്കാനയിലേക്കുള്ള വഴിയില്‍ ഞാന്‍ നിന്നത്. പ്രകൃതി ഇരുണ്ട കാടകമായി ഭയപ്പെടുത്തുകയും പ്രണയവിലോലയായി പൂക്കള്‍ പൊഴിക്കുകയും നനുത്ത മഴയായി ഹൃദയത്തില്‍ തൊടുകയും വീണ്ടും സംഹാരശക്തിയായി ഇളകിയാര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നു.

അനുരാഗവഴി

രതിയും പ്രണയവും ഇണനാഗങ്ങളെപ്പോല്‍ പുളയുന്ന സീല്‍ക്കാരങ്ങള്‍ ചില രാത്രിവഴികളില്‍ നിന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട്. കെട്ടിയോന്‍ കോമന്‍ മലയേറിപ്പോയ ശേഷം തരിശ്ശിട്ട കൗമാര താരുണ്യവുമായി കുഞ്ഞമ്മാര്‍ ജീവിതത്തിന്റെ പച്ചപ്പ് വെട്ടിപ്പിടിക്കാനായാണ് കാട് കയറിയത്. പക്ഷേ ആകസ്മികതയുടെ അടിക്കാട് വെട്ടിയപ്പോള്‍ അവള്‍ക്ക് കിട്ടിയത് കൊട്ടന്റെ സ്‌നേഹമാണ്.

'കൊട്ടനെ കാണുമ്പോള്‍ അവളുടെ ഉള്ളം പുലര്‍ച്ചയില്‍ കാട്ടുവെള്ളത്തില്‍ മുങ്ങിയ പോലെ കുളിരുകോരി.'

'വൈകാതെ റാക്ക് കുടിച്ചു കുടിച്ച് എല്ലാരും മണ്ണില്‍ വീണ, കാലന്‍ കോഴി കൂവിയൊരു രാത്രി കൊട്ടന്‍ കുഞ്ഞമ്മാറിനെ ചുറ്റിപ്പിടിച്ച് ചേരപ്പയ്യാനി മരത്തിന്റെ അടിവേര് പറിച്ചുണ്ടായ കുണ്ടിലിട്ടു. കുണ്ടിലെ മണ്ണില്‍ അവര്‍ വീണുരുണ്ടു. കുണ്ടിലേക്ക് കൊത്തിയിട്ട ചെടിത്തണ്ടുകളില്‍ ചാവാതെ കിടന്ന മുള്ളുകള്‍ അവരുടെ ഉടലുകളില്‍ ചോരകൊണ്ട് അനുരാഗത്തിന്റെ കവിതയെഴുതി. കാട്ടുമൃഗങ്ങളെപ്പോലെ അവര്‍ ചീറി. നെല്ലിന്റെ വേര് കടിച്ചുകുടിച്ച് മത്താവാന്‍ വന്ന രണ്ട് കാട്ടുപന്നികള്‍ അവര്‍ മുരളുന്നത് കേട്ട് പേടിച്ചോടിപ്പോയി.'

അത്രയും വന്യമായ രതിയുടെ രണാങ്കണത്തില്‍ നിന്നാണ് എര്‍ക്കാനയിലെ പകയുടെ വിത്തുകള്‍ മുളപൊട്ടിയത്. കൊട്ടനില്‍ നിന്ന് കുഞ്ഞമ്മാറിലൂടെ എര്‍ക്കാനയിലെ പകയുടെ തലമുറകള്‍ ഉരുവം കൊണ്ടു. അത് മക്കൊണ്ടയിലെ ഹോസേ അര്‍ക്കാദിയോയുടെ വംശാവലിപോലെ പകയും രതിയും അരക്ഷിത ജീവിതങ്ങളുമൊക്കെയായി അയഥാര്‍ത്ഥികമായ ഒരു പ്രപഞ്ചം തീര്‍ത്തു.

എര്‍ക്കാനയിലേക്കുള്ള രാവഴികളില്‍ ഭീകരരൂപികളായ കാട്ടുമരശാഖികളില്‍നിന്നൂര്‍ന്നുവീണ കെട്ടുപിണഞ്ഞ വള്ളികള്‍ പോലെ രതിയും പ്രണയവും ഉറഞ്ഞുകിടന്നു. പകയുടെ കനലില്‍ ചുട്ടെടുത്ത രതിചിത്രങ്ങള്‍ പലതും വന്യമായിരുന്നു. റാക്കിന്റെ ലഹരി നുരഞ്ഞ ആസക്തികളൊടുങ്ങിയത് സ്ത്രീയുടെ നിസ്സഹായതയുടെ കഴുത്തുഞെരിച്ചിട്ടാണ്. കുഞ്ഞമ്മാറിന്റെ ഭര്‍തൃമാതാവ് വെള്ളച്ചിയുടെ ഗോപാലപ്പണിക്കരുമായുള്ള സംബന്ധവും,

അവരുടെ ഭര്‍ത്താവ് നാരായണന്റെ മരണവും, എര്‍ക്കാനയുടെ ഭൂതകാലവഴികളിലൂടെ എന്നെ നടത്തി.

കുടിച്ച് കുടിച്ച് ബോധം നശിച്ച നാരായണന്റെ തെറിയഭിഷേകത്തില്‍ നിന്നോടിയൊളിച്ച എര്‍ക്കാനക്കാരോട് ചൊടിച്ച് അയാള്‍ കുന്നിന്‍ ചെരുവിലെ ജാതി മരത്തില്‍ ചാരിനിന്ന് സ്വയം തെറിവിളിച്ചു രസിച്ചു. തെറിയുടെ മൂര്‍ദ്ധന്യത്തില്‍ കുപിതനായ ചെറിമരം അയാള്‍ക്ക് മീതേ പതിച്ച് നാരായണനും ചെറിമരവും ഇഹലോകവാസം വെടിഞ്ഞു.

അന്ത്യശ്വാസമെടുക്കവേ നാരായണന്‍ പറഞ്ഞു 'ഈ ലോകം വെറും മൈരാന്ന്... ഈടയൊരു മൈരും നടക്കൂല.'

അത് സങ്കടവും നിരാശയും വരുമ്പോള്‍ എര്‍ക്കാനയിലെ തലമുറകള്‍ ഏറ്റുപറഞ്ഞു. നിസ്സഹായരായ ഒരു തലമുറയുടെ വേദമന്ത്രമായി അത് മാറി. നാരായണന്റെ ജീവിതം ഒരു പ്രഹേളികയായിരുന്നു. അയാള്‍ അതിന്റെ പൊരുള്‍ തെരഞ്ഞ് പോയില്ല. സ്വയം തിരസ്‌കൃതനായി വിസ്മൃതിയെ പൂകി.

എര്‍ക്കാനയിലേക്കുള്ള എന്റെ വഴികള്‍ നിറഞ്ഞ് നിരവധി നിരര്‍ത്ഥക ജീവിതങ്ങള്‍ നിലവിളിയ്ക്കുന്നുണ്ടായിരുന്നു. അസ്ഥിരമായ കുടുംബാവസ്ഥകളുടെ കാടകങ്ങളാണ് ചുറ്റും. ഭോഗപങ്കിലമായ അടരുകള്‍ കൊണ്ടാണ് എര്‍ക്കാന ചമച്ചിരിക്കുന്നത്. വെള്ളച്ചിയും പണിക്കനും കുഞ്ഞമ്മാറും നളിനിയും കുണ്ടന്‍ കൃഷ്ണനും കോമന്‍ നായരും രോഹിണിയും കാര്‍ത്യായനിയും മാധവിയുമൊക്കെ പശ്ചാത്താപലേശമന്യേ ഭോഗതല്പരരായിരുന്നു. സച്ചിദാനന്ദന്റെ 'ആറാം നാള്‍' എന്ന കവിതയില്‍ പറഞ്ഞ: 'മനുഷ്യന്‍ എന്നാല്‍ വിനയമില്ലാതെ പ്രാര്‍ഥിക്കുകയും പ്രണയമില്ലാതെ പ്രാപിക്കുകയും തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന ഏകജീവി.'

എന്ന വരികളെ അന്വര്‍ത്ഥമാക്കുന്ന, അരാജകത്വം പേറുന്ന മനുഷ്യരൂപങ്ങളാണ് വഴിയിലെമ്പാടും എന്നോട് കലഹിക്കുന്നത്.

എര്‍ക്കാനയിലേക്കുള്ള യാത്രാമദ്ധ്യേ കണ്ടുമുട്ടിയ ഇന്ദ്രജാലക്കാരന്‍ 'ജനനെ' ഞാന്‍ മെല്‍ക്കീയാദേസ് എന്ന് വിളിച്ചു. മാസിഡോണിയയിലെ അഭിജ്ഞരായ രസായന ശാസ്ത്ര വിദഗ്ധരുടെ എട്ടാം അത്ഭുതമെന്ന് വിളിച്ച കാന്തവുമായി മാക്കോന്ദോയിലേക്ക് കടന്നുവന്ന് 'വസ്തുക്കള്‍ക്ക് അവയുടേതായ ജീവനുണ്ട്... അവയുടെ ആത്മാക്കളെ ഉണര്‍ത്തുക എന്നൊരു ലഘുവായ കാര്യമേ ചെയ്യേണ്ടതുള്ളു.' എന്ന് പ്രഖ്യാപിച്ച് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച മെല്‍ക്കീയാദേസ് എന്ന് വഴിയില്‍ കണ്ട ജനനെ എനിക്ക് വിളിക്കേണ്ടി വന്നു. മരിച്ചിട്ടും ജീവനോടെ തിരികെവന്ന മെല്‍ക്കീയാദേസിനെപ്പോലെ പ്രണയാതുരയായ സതിയുടെ വിവശകാമനകളില്‍ അയാള്‍ ഈറന്‍ വിരലാല്‍ മുട്ടിവിളിച്ചു. മഞ്ഞുറഞ്ഞ കുന്നിന്‍മുകളിലെ രാത്രികളില്‍ അവര്‍ മയിലുകള്‍ക്കൊപ്പം ഇണചേര്‍ന്നു. അത് കണ്ട് മുകളിലെ മേഘങ്ങള്‍ക്ക് വികാരാവേശമുണ്ടായി. മഴവില്‍ക്കൊടിയുടെ മുന കൂര്‍പ്പിച്ച് മേഘങ്ങള്‍ ഗാഢാലിംഗനം ചെയ്തു. അവര്‍ക്ക് മീതേ മഴ പെയ്തു. എര്‍ക്കാനയിലെ ഉദാത്തമായ ഒരു പ്രണയസങ്കല്പമാണ് സതി. അവളുടെ പ്രണയം അവളെയും പകയിലേക്ക് നയിക്കുന്നു കോമന്‍ നായരോടും ചന്ദ്രനോടുമുള്ള അടങ്ങാത്ത പക.

കാത്തിരിപ്പിന്റെ ഏകാന്തയുഗങ്ങള്‍ താണ്ടിയ റബേക്ക- പൃത്രോ ക്രേസ്പി മിഥുനങ്ങളെ പോലെ പൂര്‍ണ്ണത പ്രാപിക്കാത്ത പ്രണയമായിരുന്നു ഭാസ്‌കര - നളിനി പ്രണയം. അവര്‍ക്കിടയിലെ അമരാന്തയായിരുന്നു ചന്ദ്രന്‍. പ്രണയം ഭ്രാതൃഹത്യയുടെ ചോരയില്‍ കുതിര്‍ന്നിട്ടും ഊര്‍ന്നുപോകാതെ നളിനിയില്‍ രൂഢമൂലമായിത്തന്നെ നിന്നു. ഭാസ്‌കരനിലെ ചന്ദ്രനോടുള്ള പകയുടെ പൊരുളും അതേ പ്രണയം തന്നെയായിരുന്നു. സമാഗമങ്ങളുടെ സമീരനുപോലും ആറ്റിത്തണുപ്പിക്കാന്‍ കഴിയാത്ത പ്രണയത്തിന്റെ ഉഷ്ണം അവരുടെ പ്രണയ പരിസരങ്ങളെ വന്യമാക്കി. ദുരന്തങ്ങളുടെ വിലാപയാത്രപോലെ പങ്കിലമായ ഒരു പ്രണയം.

പകവഴികള്‍

ഏര്‍പ്പിലെ ശ്രീകൃഷ്ണക്ഷേത്രത്തിലെ തെയ്യത്തിന്റന്ന് ചിരുകണ്ടനെന്ന പോരുകോഴിയോട് പണിക്കര്‍ ചെയ്ത ചതിയില്‍ നിന്നാണ് പകയുടെ ചരിത്രം തുടങ്ങുന്നത്. അയാളും കാര്യസ്ഥന്‍ അമ്പൂഞ്ഞിയും കൂടി തന്റെ കോഴിപ്പോരില്‍ തോല്‍ക്കാതിരിക്കാന്‍ ഒറ്റക്കണ്ണനായ ചിരുകണ്ടന്റെ കാഴ്ചയുള്ള ഭാഗത്തെ ചിറക് അരിയുന്നു. ശേഷം വാശിയേറിയ പോരില്‍... മുറിഞ്ഞ ചിറകിന്റെ നൊമ്പരത്തെ അരിഞ്ഞ് ചിരുകണ്ടന്‍ തന്റെ പകയുടെ കോഴിവാത വീശി എതിരാളി വല്യതൊണ്ടന്റെ ജീവനെടുക്കുന്നു. ദയാരഹിതമായ പകയുടെ അടര്‍ക്കളങ്ങള്‍ അവിടെ ഉണരുകയായി.

എര്‍ക്കാനയ്ക്കുള്ള ഏകാന്തമായ രാത്രിവഴികള്‍ എനിക്ക് മുന്നില്‍ നീണ്ടുനിവര്‍ന്ന് കിടന്നു. ഓരോ ചുവടിലും മരണം പതിയിരിക്കുന്നു എന്ന് മനസിലാക്കിയാണ് നടത്തം. ഇരുട്ട് കുമിഞ്ഞുകൂടിയ പേത്താളംകുന്നിന് മീതേ മരണം വട്ടമിട്ടുപറക്കുന്നു. ആരാണാദ്യം... ചന്ദ്രനോ?...അതോ ഭാസ്‌കരനോ? പക വഴികളില്‍ മരണത്തീയൂതിത്തിളക്കി അനുബന്ധ നാടകങ്ങള്‍ അരങ്ങേറുന്നു. നളിനിയുടെ വിരഹത്താല്‍ നെരിപ്പോട് പോലെയെരിയുന്ന ഭാസ്‌കരന്‍ ഒരു വശത്ത് നിഴലുപോലെ ഒപ്പം നിന്ന ഉറ്റവന്‍ പെങ്ങളെ ചതിച്ചു എന്ന പകപേറി ചന്ദ്രന്‍ ഒരു വശത്ത്. അതുവരെ അകന്നുനിന്ന കക്ഷി രാഷ്ട്രീയംകൂടി പകയുടെ ഇരുവശം ചേര്‍ന്നപ്പോള്‍ പകയ്ക്ക് ഒരു രാഷ്ട്രീയമാനം കൂടി വന്നുചേര്‍ന്നു. മുറതെറ്റാതെ ദൈവത്തറയില്‍ പൂരക്കളി ഓരോ ദിനങ്ങള്‍ പിന്നിട്ട് മുറുകുകയാണ്.

തന്റെ വരുതിയ്ക്ക് നില്‍ക്കാത്ത ഭാസ്‌കരനോട് കോമന്‍ നായര്‍ക്കുള്ള പക ചന്ദ്രന്റെ മുറിവിന്റെ ആഴം കൂട്ടി. പകവഴിയില്‍ ഭാസ്‌കരന്‍ തോറ്റാണ് തുടങ്ങിയത്. അങ്കത്തട്ടില്‍ സ്വന്തം മാതാവിന്റെ അവിഹിതം കേട്ട് നടുങ്ങിയ ഭാസ്‌കരന്‍ അപമാനത്തിന്റെ കാഞ്ഞിരവേരിന്റെ നീര് കുടിച്ച് മരിച്ചവനെപ്പോലെ നീലിച്ചുപോയി. അവിടെ മാധവിയും ഭാസ്‌കരനും തമ്മിലുള്ള നാഭീനാള ബന്ധമറ്റുപോയി. തുടര്‍ന്ന് കോഴിപ്പോരില്‍ ഭാസ്‌കരന്റെ കോഴി നിലന്തടിയുടെ പതനം അവന്റെ തോല്‍വിയുടെ ഭാരം കൂട്ടി. അന്നാണ് മംഗലം കഴിഞ്ഞ് ഭര്‍ത്താവിന്റെ കൈപിടിച്ച് നളിനി ഭാസ്‌കരന്റെ മുന്നിലൂടെ എര്‍ക്കാന വിട്ടത്. അന്ന് രാത്രിയില്‍ ഭാസ്‌കരന്‍ സതിയില്‍ രതിനടനമാടി. പകയും രതിയും വന്യമായി ഇടകലര്‍ന്നൊരു പുഴ പോലെയാണ് എര്‍ക്കാനയുടെ ഒഴുക്ക്. നളിനിയുടെ നഷ്ടം ഭാസ്‌കരന്‍ മദിച്ചു തീര്‍ത്തു. പൂമണിയും സതിയുമൊക്കെ ഇരകളായി.

പകയുടെ അണുക്കള്‍ സമാധാനത്തിന്റെ ശരീരത്തെ ആക്രമിക്കുന്നത് എങ്ങനെയെന്ന് എര്‍ക്കാനയുടെ വഴികള്‍ കോറിയിടുന്നു. ഒരു തുടലിലെ കണ്ണികള്‍ പോലെ പകയ്ക്ക് അനുബന്ധമായ സംഭവങ്ങളൊരുക്കി പ്രകൃതി കഥയുണ്ടാക്കുന്നു. മണ്ണും പെണ്ണും ചാരായവും രാഷ്ട്രീയവും അധികാരവും ജന്മിത്വവുമൊക്കെ ഉന്മൂലനത്തിന്റെ ഉപകരണങ്ങളാകുന്നു.

രാഷ്ട്രീയം

എര്‍ക്കാനയേറിയുള്ള യാത്രയില്‍ മനസിനെ വല്ലാതെ മഥിച്ച മരണം ചന്ദ്രന്റേതായിരുന്നു. നിലപാടുകളുടെ നെടുന്തറയില്‍ നിന്നുകൊണ്ടാണ് അയാള്‍ എല്ലാത്തിനോടും കലഹിച്ചത്. അയാളുടെ ശരികള്‍ എന്നത് അയാളുടെ മാത്രമായിരുന്നു. ഇതിഹാസത്തിലെ കര്‍ണ്ണവധം പോലെ ഒളിയിരുന്ന് ചതിവിലൂടെയാണ് അയാളെ വീഴ്ത്തിയത്. മരണശേഷവും അയാളുടെ ഉള്ളറയിലെവിടെയും ഭാസ്‌കരനെ കൊല്ലണമെന്ന ചിന്തയില്ലായിരുന്നു.

നൂറുവര്‍ഷങ്ങളിലെ ഏകാന്തതയുടെ അനുബന്ധമായി ആഭ്യന്തര യുദ്ധവീരനായിരുന്ന കേണല്‍ അവ്‌റീലിയാനോയുടെ മരണത്തെ പറ്റി എം. കൃഷ്ണന്‍ നായര്‍ പറയുന്നുണ്ട്. ഒരിക്കലും മാര്‍ക്കേസിന് അയാളെ കൊല്ലാന്‍ കഴിയുമായിരുന്നില്ല. അത്രമാത്രം വൈകാരികമായി അവ്‌റേലിയാനോ മാര്‍ക്കേസിന്റെ ഹൃദയത്തില്‍ ഇഴുകി ചേര്‍ന്നിരുന്നു. എങ്കിലും കഥയുടെ പൂര്‍ണ്ണതയില്‍ ഏതെങ്കിലും വിധേന അയാളെ കൊല്ലാന്‍ മാര്‍ക്കേസ് ശ്രമിച്ചു. വിഫലമായ ശ്രമങ്ങള്‍ താണ്ടി അവ്‌റേലിയാനോ വയസ്സനായി. ഒരു ദിവസം ഉച്ചയ്ക്ക് മാര്‍ക്കേസ് അവ്‌റീലിയാനോയെ കൊന്നു. ദുഃഖാധിക്യത്താല്‍ കിതച്ചുകൊണ്ട് മാര്‍ക്കേസ് ഭാര്യയുടെ സമീപത്തെത്തി. അദ്ദേഹത്തിന്റെ ചിന്താഭാരം കണ്ട ഭാര്യ മെര്‍സേദിസ്സിന് മനസ്സിലായി കേണല്‍ അവ്‌റേലിയാനോ ബ്വെന്ദിയ മരണപ്പെട്ടുവെന്ന്. രണ്ട് മണിക്കൂര്‍ നേരം മാര്‍ക്കേസ് കിടക്കയില്‍ വീണ് കരഞ്ഞു. മാര്‍ക്കേസിന് തന്റെ ഭാവനാലോകത്തെ മജ്ജയും മാംസവുമുള്ള വ്യക്തിത്വങ്ങളുമായി വൈകാരിക സംവേദനം സാധ്യമായിരുന്നു. അവരുടെ സങ്കീര്‍ണ്ണമായ ജീവിത വ്യാപാരങ്ങളില്‍ സ്വയം തപിക്കുകയും നേട്ടങ്ങളില്‍ ഊറ്റംകൊള്ളുകയും ചെയ്യുമായിരുന്നു. അതുപോലെ പി. വി. ഷാജികുമാറും ചന്ദ്രന്റെ മരണത്തില്‍ കുറച്ചുനേരമെങ്കിലും വിഷാദത്തിലാണ്ടുപോയിരിക്കാം.

എര്‍ക്കാനയുടെ ചരിത്രവഴികള്‍ ചില അടയാളങ്ങള്‍ പേറുന്നുണ്ട്. അത് കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ വലിയ വിപ്ലവം സൃഷ്ടിച്ച സംഭവങ്ങളാണ്. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അധികാര വഴികളും അടിയന്തിരാവസ്ഥയും കെ.കരുണാകരന്റെ മന്ത്രിസഭയുമൊക്കെ എര്‍ക്കാനയുടെ പകയുടെ എരിതീയിലെ ഹവിസ്സുകളായി. കോമന്‍ നായര്‍ ഒരു ഏകാധിപതിയായ കോണ്‍ഗ്രസ്സ് നേതാവായിയിരുന്നു. ഏത് നെറികേടിനും ചൂട്ടുകറ്റ പിടിക്കാന്‍ കയ്യാളരും പകരം ചോദിക്കാന്‍ എതിരാളികളുമില്ലാത്ത അപ്രമാദിത്യം അയാളെയൊരു മൃഗമാക്കി തീര്‍ത്തു. അധികാരവും പണവും കൈമുതലാക്കിയ ആ ഭൂജന്മിയ്ക്ക് എര്‍ക്കാനയില്‍ ശത്രുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിരന്തര വേഴ്ചയ്‌ക്കൊടുക്കവും സതിയ്ക്കും ആലീസിനും കോമന്‍ നായരോട് കടുത്ത പകയുണ്ടായിരുന്നു. അത് അവരുടെ ദൗര്‍ബ്ബല്യങ്ങളിലേക്കുള്ള അതിക്രമത്തിന്റെയും കീഴ്‌പ്പെടുത്തലിന്റെയും ഉല്‍പ്പന്നമായിരുന്നു. ഗത്യന്തരമില്ലാതെ വഴങ്ങേണ്ടി വന്നതിന്റെ ആത്മനൊമ്പരവും അഭിമാനക്ഷതവും അവരുടെ പകയുടെ എരികൂട്ടി. അത്തരത്തില്‍ നിരന്തരം ചൂഷണം ചെയ്യപ്പെട്ട ഒരു ജനതഥി ഏര്‍ക്കാനയില്‍ അസംതൃപ്തരായി കഴിയുന്നുണ്ടായിരുന്നു. അവരുടെ അഭിമാന ബോധത്തിലേക്ക് ഒരു കൊടി നാട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങിയത്. അപ്പോഴും പ്രത്യയശാസ്ത്രപരമായ ഒരു ഔന്നത്യം അതിലുണ്ടായിരുന്നില്ല. വ്യക്തിപരമായ വൈരാഗ്യത്തെ ചൂഷണം ചെയ്താണ് അവിടെ വിജയങ്ങള്‍ ഉണ്ടാക്കിയത് അതില്‍ വെട്ടിയും കൊന്നും തീര്‍ന്നവര്‍ക്ക് അവര്‍ രക്തസാക്ഷിത്വവും നല്‍കി.

'കൊല്ലപ്പെടുമ്പോഴാ പാര്‍ട്ടി വളരല്... കൊല്ലുമ്പോഴല്ല.'എന്ന് കോമന്‍ നായരില്‍ നിന്ന് അവ്യക്തമായി തെറിച്ച വാക്കുകള്‍ അതിന് അടിവരയിട്ടു.

എര്‍ക്കാനയില്‍ വീണ്ടും കൊലമരങ്ങള്‍ പൂത്തു. ചന്ദ്രന്റെ അനുജന്‍ അരവിന്ദന്റെ പ്രതികാരമുനമ്പില്‍ നിന്ന് മരണം അവധി നല്‍കി പറഞ്ഞയച്ച ഭാസ്‌കരന്‍ അരവിന്ദനെ കൊന്നു. വിയര്‍പ്പും വെടികൊണ്ട ചോരയും അരവിന്ദനില്‍ കൂടിക്കലര്‍ന്നു.

'എനിക്ക് കണക്ക് തീര്‍ക്കാനായില്ല ചന്ദ്രേട്ടാ.'അവന്‍ വിതുമ്പി, കാറ്റ് അവനെത്തൊട്ടു, കാറ്റ് ചന്ദ്രനായി.

ആസുരമായ മൃതിയുടെ വഴികള്‍ താണ്ടുമ്പോള്‍ മൂളിപ്പുല്ലുകള്‍ എന്നോട് പറഞ്ഞു.

'ഒന്നും തീര്‍ന്നിട്ടില്ല... ചാവുനിലങ്ങളില്‍ പുതിയ തുപ്പാക്കികള്‍ക്ക് മൂശകൂട്ടുന്നുണ്ട് ചിലര്‍'

ഒടുക്കം.

ഭാസ്‌കരന്‍ മരിച്ചു. കൊന്നത് നളിനി. മണിയോളങ്കര താനത്തെ തെയ്യം കെട്ടിന് വന്ന ഭാസ്‌കരന്‍ പേത്താളം കുന്നിന് ചാരെയുള്ള വേങ്ങ മരത്തിന്റെ വേരുകള്‍ പിടിച്ചു നില്‍ക്കുന്ന കുറും ഗുഹയില്‍ നളിനിയെ ഓര്‍ത്ത് ഇരിക്കുകയായിരുന്നു. നിലാവില്‍ കുളിച്ച പേത്താളം കുന്നിലേക്ക് ഒരു മനുഷ്യായുസ്സിന്റെ പ്രണയത്തിന്റെ പ്രളയം താണ്ടി നളിനി വന്നു. തോറ്റത്തിന്റെയും ചെണ്ടയുടെയും ഒച്ചയ്ക്ക് മീതേ മഴ കനത്തപ്പോള്‍ കുറും ഗുഹായിലെ ആള്‍ വലിപ്പമുള്ള പാറയ്ക്ക് മീതേ കിടന്ന് അവര്‍ ഭോഗിച്ചു. അവന്റെ സ്‌നേഹത്തിന്റെ വന്യമായ മുരള്‍ച്ച അവള്‍ നെഞ്ചേറ്റുവാങ്ങി. തോരാ മഴയുടെ അതി ശൈത്യത്തിലും അവള്‍ വിയര്‍ത്തു. ഇരുവരും കണ്ണുതുറക്കുമ്പോള്‍ മഴ തോര്‍ന്നിരുന്നു.

പക മാരീചനെപ്പോലെ പ്രണയരൂപം പൂണ്ടതാണോ എന്നറിയാതെ ചുറ്റും പതുങ്ങുന്ന മരണത്തിന്റെ ഒച്ചകേട്ട് നടുങ്ങി നളിനിയുടെ തോക്കിന്‍ തുമ്പില്‍ ഇരയായി ഭാസ്‌കരന്റെ ജീവന്‍ പേത്താളം കുന്നിറങ്ങിപ്പോയെന്ന് മഴ കഴിഞ്ഞ് വന്നൊരു കാറ്റ് എന്റെ കാതില്‍ പറഞ്ഞിട്ടുപോയി.

പൊതുദര്‍ശനത്തിന് വെച്ച ഭാസ്‌കരന്റെ ജഡം കാണാന്‍ ഞാന്‍ പോയില്ല. അത് അടക്കാനായി സീതാഗുംബയിലേക്ക് എടുത്തപ്പോള്‍ ഞാന്‍ പിന്തുടര്‍ന്നുപോയി. ഭാസ്‌കരനെ കാണാനല്ല ചന്ദ്രന്റെ നിഗൂഢ സ്‌നേഹം പേറി കദ്രോളിക്കുന്നിറങ്ങിയ രമണിയെയും മറ്റാരെയും എനിക്ക് കാണാനുണ്ടായിരുന്നില്ല. ഞാന്‍ കണ്ടത്...തലമുറകള്‍ ഓര്‍മ്മകളായി കണ്മുന്നിലൂടെ ഇറന്ന് പോകുന്നത് കണ്ടിട്ടും

ഏകാന്തതയിലെ ഏറ്റവും ശ്രേഷ്ഠമായ സഹനം താണ്ടിയ ഊര്‍സ്സുലയെപ്പോലെ ഭാസ്‌കരന്റെ തണുത്ത കൈകളില്‍ തെരുപ്പിടിച്ച് ആര്‍ത്തയായി വിലപിക്കുന്ന കുഞ്ഞമ്മാറിനെയാണ്. തലമുറയുടെ പക കണ്മുന്നില്‍ കോലം കെട്ടിയാടുമ്പോഴും നിലതെറ്റാതെ പിടിച്ചുനിന്ന കുഞ്ഞമ്മാറിനെ കണ്ട് തിരിച്ചിറങ്ങുമ്പോള്‍. രണ്ട് ബല്ലാളത്തികള്‍ അരണ്ട കാനനപാതയ്ക്ക് അരികില്‍ തിമിര്‍ത്തുനിന്നൊരു കൂറ്റന്‍ മരത്തില്‍ ചങ്ങല പോലെ തുടകള്‍ പിണച്ചു വെച്ച് തൂങ്ങിക്കിടന്ന് പറഞ്ഞു.

'ജാതിയ്ക്ക് ജാതി പഗെ...നായിക്ക് നായി പഗെ...തരൈട്ട് ബരേനൗ ഇരട്ട് ഉജ്ജിണ്ട പോവാന്ത്...!'