പി.വി. ഷാജികുമാറിന്റെ പ്രഥമ നോവലായ ‘മരണവംശ’ത്തെക്കുറിച്ചുള്ള ലേഖനം വായിക്കാം.

To advertise here,

മണ്ണും പെണ്ണും ധനവും ആദികാലം മുതല്‍ മനുഷ്യനെ ഭ്രമിപ്പിക്കുകയും പോരാടാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുള്ള ഘടകങ്ങളാണ്. ഇതിഹാസങ്ങളിലും പുരാണങ്ങളിലും മാത്രമല്ല ഐതിഹ്യങ്ങളിലും മിത്തുകളിലുമെല്ലാം ഇത്തരം നിറം പിടിപ്പിച്ച കഥകള്‍ നിറഞ്ഞു നില്‍ക്കുന്നു. സാഹിത്യത്തില്‍ ഇത്തരം കഥകളെ പലരീതിയിലാണ് ആഖ്യാനം ചെയ്തിട്ടുള്ളത്.

കാലാനുസൃതമായ കുപ്പായമണിഞ്ഞ് അവ ഒളിഞ്ഞും തെളിഞ്ഞും സാഹിത്യകൃതികളില്‍ പ്രത്യക്ഷപ്പെടുന്നു. പി.വി. ഷാജികുമാര്‍ എഴുതിയ 'മരണവംശ'ത്തിലും ഈ മൂന്നു ഘടകങ്ങള്‍ തന്നെയാണ് അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്.

രാഷ്ട്രീയ പോരാട്ട കഥകളുടെ പശ്ചാത്തലമുള്ള കാസര്‍കോട് ജില്ലയിലാവുമ്പോള്‍ ആ കഥകള്‍ക്ക് പകയുടെയും പ്രതികാരത്തിന്റെയും രാഷ്ട്രീയ ചേരിതിരിവിന്റെയും വീറും വാശിയുംകൂടി ഒത്തുചേരുക സ്വാഭാവികം മാത്രം. കാസര്‍കോടിന്റെ തനതുകലയായ തെയ്യത്തില്‍ പോലും ഇതിന്റെ അംശങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടല്ലോ. കാര്‍സര്‍കോടു ജില്ലയില്‍ പ്രചാരമാര്‍ജിച്ച മറ്റൊരു കലാരൂപമാണ് പൂരക്കളി. ശിവന്റെ തൃക്കണ്ണില്‍ ദഹിച്ചു പോയ കാമദേവനെ സതിയും സഹോദരിമാരും തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചതിനെ ഓര്‍മപ്പെടുത്തുന്ന കലാരൂപമാണ് പൂരക്കളി.

ദൈവം നശിപ്പിച്ച കാമത്തെ തിരിച്ചുകൊണ്ടുവരുന്നതിന്റെ ആഘോഷം! കാമവും പ്രണയവും ആസക്തിയുമെല്ലാം മനുഷ്യനുള്ളിടത്തോളം കാലം നിലനില്‍ക്കുമെന്ന് 'ഏര്‍ക്കാന' എന്ന ഒരു ചെറിയ ദേശത്തിന്റെ കഥയിലൂടെ അടിവരയിടുകയാണ്. അതിന്റെ അനന്തരഫലങ്ങളും അവസാനിക്കുന്നില്ല. ആസക്തിയുടെ സൂചകങ്ങളായ പൂരമാലയിലെ പതിനെട്ടു നിറങ്ങളാണ് അധ്യായങ്ങള്‍ക്ക് പേരായി നല്‍കിയിട്ടുള്ളത്. അധ്യായങ്ങള്‍ക്കുള്ളില്‍ വീണ്ടും ചെറിയ ചെറിയ തലക്കെട്ടുകള്‍ നല്കിയതും ഭംഗിയായിട്ടുണ്ട്. സമയം, പോര്,അഗ്‌നിപര്‍വ്വതം മുറിവ് ദുര്യോധനന്‍, മായാജാലം എന്നിങ്ങനെ പോകുന്നു അത്.

മരണത്തേക്കാള്‍ വലിയ ശക്തിയില്ല എന്ന തിരിച്ചറിവിലേയ്ക്കും എത്തിക്കുവാന്‍ കഥാകൃത്തിന് കഴിയുന്നുണ്ട്. മരണത്തില്‍ തുടങ്ങി അനേകം പേരുടെ മരണങ്ങളിലൂടെ മരണത്തില്‍ തന്നെ കഥ അവസാനിക്കുന്നു. പ്രണയത്തില്‍ തുടങ്ങി അനേകം പേരുടെ പ്രണയങ്ങളിലൂടെ, സംഘട്ടനങ്ങളിലൂടെയും നഷ്ടപ്പെടലിലൂടെയും അത് രാഷ്ട്രീയ ചേരിതിരിവില്‍ എത്തുന്നു. ഒടുവില്‍ മരണത്തിലേയ്ക്കും. സ്വാഭാവികമായും അല്ലാതെയും നടക്കുന്ന മരണങ്ങള്‍. ദൈവങ്ങള്‍ കഥാപാത്രങ്ങളായി വരുന്നുണ്ടെങ്കിലും നിസ്സഹായരായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഐതിഹ്യങ്ങള്‍ നിറഞ്ഞ പലവിധ തെയ്യം വേഷങ്ങളും നോവലില്‍ പലയിടത്തായി വരുന്നുണ്ട്. 'ചനിയറു' എന്ന പേരിലുള്ള 'കൊറഗജ്ജ 'തെയ്യത്തെ അവതരിപ്പിച്ചുകൊണ്ടാണ് കഥയാരംഭിക്കുന്നതു തന്നെ.

ഏര്‍ക്കാനയിലെ പ്രണയഗാഥകള്‍
കര്‍ണാടകയില്‍ നിന്നും ഏര്‍ക്കാനയില്‍ എത്തിച്ചേര്‍ന്ന സുന്ദരിമാരായ രണ്ടു സ്ത്രീകളുടെ കഥ പറഞ്ഞാണ് ഒന്നാം നിറം ആരംഭിക്കുന്നത്. ഇട്ടുമൂടാന്‍ പണമുള്ള ബല്ലാള്‍ മനയിലെ ഏക ആണ്‍തരിയായ സുബ്രഹ്‌മണ്യത്തിന്റെ ഭാര്യമാരായ തങ്കവും പൊന്നുവും. അവരെക്കുറിച്ചു കേട്ടപ്പോള്‍ അവരോടുതോന്നിയ പ്രണയമാണ് മംഗലാപുരത്തു നിന്ന് കള്ളനായ കോമനെ ഏര്‍ക്കാനയില്‍ എത്തിക്കുന്നത്.

കുമിഞ്ഞുകൂടിയ സ്വത്തിനോടുള്ള താല്പര്യവും അതോടൊപ്പം ഉണ്ടായിരുന്നു. അബദ്ധവശാല്‍ കോമന്റെ കൈപ്പിഴയില്‍ സുന്ദരിമാര്‍ മരണപ്പെടുന്നു. അതോടെ അവിടെ നിന്നെടുത്ത സ്വര്‍ണവും ഏര്‍ക്കാനയില്‍ പലയിടത്തായി കുഴിച്ചിട്ട് കോമന്‍ മംഗലാപുരത്തേയ്ക്ക് തിരിച്ചുപോകുകയാണ്. അവിടെവെച്ച് പോലീസ് പിടിലിലാവുകയും മരണപ്പെടുകയും ചെയ്യുന്നു.

''കോമന്‍ കുഴിച്ചിട്ട സ്വര്‍ണം, ''ചുണ്ണാമ്പുണ്ടോ എടുക്കാന്‍...'' എന്ന് സൗന്ദര്യത്താല്‍ മാടിവിളിച്ച് രക്തം കുടിക്കുന്ന യക്ഷികളെപ്പോലെ ഏര്‍ക്കാനയെ മോഹിപ്പിച്ചുകൊണ്ടിരുന്നു. സ്വര്‍ണത്തിനായി മണ്ണ് കിളയ്ക്കാത്ത കുടുംബങ്ങള്‍ ഏര്‍ക്കാനയില്‍ കുറവായിരുന്നു.'' എന്നിങ്ങനെ ധനത്തിനോടുള്ള ആര്‍ത്തിയും അവസാനിക്കുന്നില്ലെന്ന് കഥാകൃത്ത് പറഞ്ഞു വെയ്ക്കുന്നുണ്ട്.

പ്രണയം ശക്തമായ അടിയൊഴുക്കായി ഈ നോവലില്‍ നിലനില്‍ക്കുന്നു. ഭാസ്‌കരനും നളിനിയും തമ്മിലുള്ള പ്രണയമാണ് നോവലിന്റെ ഗതിയെ നിര്‍ണയിക്കുന്നത്. ചന്ദ്രന് അമ്മവഴിയുള്ള ഭൂസ്വത്ത് ലഭിച്ചില്ല എന്നതുകൊണ്ട് ആദ്യം മുതല്‍ക്കേ ഭാസ്‌കരനോടും കുടുംബത്തോടും നീരസം ഉണ്ടായിരുന്നെങ്കിലും നളിനിയോട് ഭാസ്‌കരന്‍ അടുപ്പം കാട്ടുന്നതോടെ അത് ഉച്ചസ്ഥായിയിലെത്തുകയാണ്. കുടിപ്പകയായും രാഷ്ടീയപ്പകയായും മാറുന്നതോടെ ഏര്‍ക്കാനയില്‍ കൊലപാതകങ്ങള്‍ പെരുകാന്‍ തുടങ്ങി. കഥാന്ത്യംവരെ നീളുന്ന അവരുടെ പ്രണയം വലിയൊരു ദുരന്തത്തിലേയ്ക്കാണ് എത്തിക്കുന്നത്.

കുഞ്ഞമ്മാറിന്റെയും കൊട്ടന്റെയും പ്രണയം, രാമന്‍ കണിയാന് വെള്ളച്ചിയോട് തോന്നുന്ന പ്രണയം, അമ്പാടിക്ക് മാധവിയോടുള്ള പ്രണയം, രമണിയും ചന്ദ്രനും തമ്മിലുള്ള പ്രണയം എന്നിങ്ങനെ ഏര്‍ക്കാനയിലെ പ്രണയഗാഥകള്‍ ഒരുപാടുണ്ട്. ഒന്നാം നിറത്തിനു മുന്‍പായി (മാനവെട്ടത്തില്‍) പൗര്‍ണമിയെയും ഒക്കത്തേറ്റി കുന്നിറങ്ങുന്ന രമണി പോകുന്നത് ചന്ദ്രന്റെ കൊലപാതകിയുടെ ചാവടക്ക് കാണാനാണ്. നോവല്‍ അവസാനിക്കുന്നതും അവളില്‍ത്തന്നെയാണ്.

''ജാതിക്ക് ജാതി പഗെ നായിക്ക് നായി പഗെ, തരെട്ട് ബരേനൗ ഇരട്ട് ഉജജിണ്ട പോവാന്ന്..!'' മനുഷ്യന് മനുഷ്യനും നായയ്ക്ക് നായയും ശത്രു. തലയിലെ വര ഇലകൊണ്ട് മായ്ചാല്‍ മായില്ല. എന്നുള്ള പൊന്നുവിന്റെ വാക്കുകള്‍ നോവലിന്റെ അവസാനത്തിലെന്നപോലെ ആദ്യ നിറത്തിലും കാണാം.

ദേശം
'ഏര്‍ക്കാന' എന്ന പ്രദേശത്തെ അടിസ്ഥാനമാക്കിയാണ് കഥ നീങ്ങുന്നത്. ഏര്‍ക്കാന അനര്‍ത്ഥങ്ങളുടെ നാടായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പ് മംഗലാപുരത്തു നിന്ന് കള്ളന്‍ കോമന്‍ ഏര്‍ക്കാനയില്‍ വരികയാണ്. മംഗലാപുരത്ത് വെള്ളക്കാരുടെ അടിവസ്ത്രം മോഷ്ടിച്ച് അവരെ ഗാന്ധിജിയുടെ ആഹ്വാനത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂറ്റുണ്ടാക്കിയ കോണകം ധരിക്കേണ്ടി വന്നതില്‍ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ട്. ഏര്‍ക്കാനയെന്ന ദേശത്തിന്റെ ഭൂപടം നോവലിന്റെ ആരംഭത്തില്‍ കൊടുത്തിട്ടുണ്ട്. പേത്താളങ്കാനം, പാലോര്‍, പാലോര്‍പ്പുഴ, ചാവടുക്ക, ഏര്‍പ്പ്, മൈത്താണിക്കാട് എന്നിവയെല്ലാം കഥാപരിസരങ്ങളായി വരുന്നുണ്ട്. വ്യത്യസ്ത സ്വഭാവക്കാരായ ഇവിടുത്തെ ജനങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. ഇവിടെ പ്രണയവും കാമവും ആസക്തികളും കുടിപ്പകയും ജാതിതിരിവും രാഷ്ട്രീയവും എല്ലാമുണ്ട്.

ഭാഷയും സവിശേഷ പ്രയോഗങ്ങളും
കാസര്‍കോടു പ്രദേശങ്ങളിലെ പ്രത്യേക ഭാഷാരീതി സംഭാഷണങ്ങളിലൂടെ ഈ നോവലില്‍ കടന്നുവരുന്നുണ്ട്. ഇത് സവിശേഷമായ ഒരു കഥാപരിസരം നോവലിലുടനീളം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

വിടുകെടയാക്കി - (ഒഴിവാക്കി)
മര്‍ളിലാ- (അമിതമായ സന്തോഷവും ആവേശവും)
പൊഞ്ഞേറായി - (ഗൃഹാതുരത്വം)
തായ്ച്ച - (ദാഹിച്ച )

കോഴിവാത, പോര്‍ക്കത്തി എന്നിങ്ങനെ പോകുന്നു അത്. പക്ഷിമൃഗാദികള്‍ സംസാരിക്കുന്ന ഉത്തരാധുനിക നോവലിന്റെ സവിശേഷത ഈ നോവലിലും കാണാം. കര്‍ണാടകയിലെ കരാവലിയില്‍ വേരുകളുള്ള തങ്കവും പൊന്നുവും സംസ്‌കൃതവും കന്നടഭാഷയും പറയുന്നുണ്ട്. രസകരവും മനോഹരവുമായ വാക്യപ്രയോഗങ്ങള്‍ നോവലിന്റെ അഴക് വര്‍ധിപ്പിക്കുന്നുണ്ട്.

''മതി പെയ്തത് എന്ന പുഴയുടെ അഭ്യര്‍ഥന മഴ കേട്ടില്ല. സ്വസ്ഥമായി ഒഴുകാന്‍ സ്ഥലം കിട്ടതെ പുഴ കരയിലേയ്ക്കു കവിഞ്ഞു. വീടുകളില്‍ മഴ കയറി വന്നു.''

''അയാള്‍ ചാരിനില്‍ക്കുകയായിരുന്ന ജാതിമരം തെറിവിളികളില്‍ ഭ്രാന്തെടുത്ത് കര്‍മരംഗത്തു നിന്ന് വിരമിച്ചു.''

എല്ലാവരെയും തെറിവിളിച്ചുകൊണ്ടു നടന്ന നാരായണന്‍ ആളെ കിട്ടാതെയായപ്പോള്‍ സ്വയം തെറിവിളിക്കാന്‍ തുടങ്ങി. അയാള്‍ അയാളുടെ അച്ഛനും അമ്മയ്ക്കും വിളിച്ചു. അയാളുടെ പൂര്‍വികരെ വിളിച്ചു. സുഖിച്ചും സന്തോഷിച്ചും നില്‍ക്കവേ അയാള്‍ ചാരി നില്‍ക്കുകയായിരുന്ന ജാതിമരം മറിഞ്ഞു. അന്ത്യശ്വാസമെടുക്കവ നാരായണന്‍ പറഞ്ഞു. 'ഈ ലോകം വെറും മൈരാണ് ഈടെയൊരു മൈരും നടക്കൂലാ...'

നാരായണന്‍ അവസാനമായി പറഞ്ഞ വാക്കുകള്‍ തലമുറകളിലേയ്ക്കു പകര്‍ന്നു സങ്കടവും നിരാശയും തോന്നുമ്പോള്‍ ഇപ്പോഴും ഏര്‍ക്കാനയിലെ മനുഷ്യര്‍ ഇതു പറയും.

''രാമന്‍ കണിയാന്‍ കേറിയ വീടും ആട് മേഞ്ഞ പറമ്പും ഒരു പോലെ ''എല്ലാവരുടെയും പ്രശ്‌നം പരിഹരിക്കുന്ന അയാള്‍ക്ക് സ്വന്തം ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എത്ര ഗണിച്ചിട്ടും കഴിഞ്ഞില്ല. അയാളുടെ മനസ്സിന് സമാധാനം വരുത്താന്‍ മാണിയോളങ്കരതാനത്ത് രണ്ട് ചൊവ്വാ വിളക്കുകള്‍ വെള്ളച്ചി നേര്‍ന്നു, ''കണ്ണുനീര്‍ വീണുടയുന്നതുവരെ കുഞ്ഞമ്മാര്‍ വെള്ളച്ചിയെ കെട്ടിപ്പിടിച്ചു.''

വ്യക്തിനാമങ്ങളും കഥാപാത്രങ്ങളും
കോമന്‍, കുഞ്ഞമ്മാര്‍, കൊട്ടന്‍, വെള്ളച്ചിചപ്പില, രാജാവ്, സ്വര്‍ണം, തങ്കം, അമര, പൗര്‍ണമി എന്നിങ്ങനെ സവിശേഷമായ പേരുകളും കഥാപാത്രങ്ങള്‍ക്കുണ്ട്. എത്രകാലം കഴിഞ്ഞാലും നോവല്‍ വായനക്കാന്‍ ഓര്‍ക്കുന്നത് അതിലെ കഥാപാത്രങ്ങളിലൂടെയായിരിക്കും. അപ്പുക്കിളിയും കുഞ്ഞാമിനയും എട്ടുകാലിമമ്മൂഞ്ഞും വായനക്കാരില്‍ ഇന്നും ജീവിക്കുന്നതുപോലെ കാലങ്ങള്‍ കഴിഞ്ഞാലും വായനക്കാരില്‍ ജീവിക്കുന്ന കഥാപാത്രങ്ങളായി കുഞ്ഞമ്മാറും ജാനകിയും നളിനിയും ഭാസ്‌കരനും ചന്ദ്രനുമെല്ലാം മാറും.

കൊട്ടനോട് ആത്മാര്‍ഥ സ്‌നേഹമുള്ള കുഞ്ഞമ്മാര്‍ കരുത്തുറ്റ സ്ത്രീ കഥാപാത്രമാണ്. 'ഓളെ കാണുന്നോരെല്ലാം ഓളില്‍ വീണുപോകും. എന്നാല്‍ ഓളങ്ങനെയല്ല... ഓള് കെണിയാന്‍ ഓള് തീരുമാനിക്കണം''. കണിയാന്റെ വാക്കുകള്‍ കുഞ്ഞമ്മാറിനെ സംബന്ധിച്ചിടത്തോളം വളരെ ശരിയായിരുന്നു. ആദ്യമായിട്ട് ഒരു പെണ്ണ് പോരു കോഴിയുമായി ഏര്‍ക്കാനയിലേയ്ക്കിറങ്ങുന്നത് ഏര്‍ക്കാനക്കാര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു.

''തണാറ് കൊറേ ഉണ്ടായിറ്റെന്ത് കാര്യം, തലയില്ലല്ലോ! എന്ന് ചിരിച്ചവര്‍ക്ക് കുഞ്ഞന്മാര്‍ ആദ്യ പോരില്‍ത്തന്നെ ഉത്തരം നല്‍കി.

പ്രകൃതിയും മനുഷ്യരും
ഓരോരോ ദുരന്തങ്ങള്‍ക്കും മുന്‍പ് പ്രകൃതി ചില സൂചനകള്‍ നല്‍കുന്നത് നോവലില്‍ കണ്ടെത്താന്‍ കഴിയുന്നുണ്ട്. അത് വൃക്ഷങ്ങളിലൂടെയും മൃഗങ്ങളിലൂടെയും കാറ്റായും മഴയായും ഒക്കെ സൂചനകള്‍ നല്‍കിക്കൊണ്ടിരിക്കും. പലര്‍ക്കും അത് മനസ്സിലാവാറില്ലെന്നു മാത്രം. ചന്ദ്രന്‍ കൊല്ലപ്പെട്ട രാത്രിയില്‍ കുഞ്ഞമ്മാര്‍ കാലക്കേട് വന്നത് തിരിച്ചറിയുന്നുണ്ട്.

മണലിലേക്ക് കമിഴ്ന്നു വീണുകിടക്കുന്ന ഭാസ്‌കരനെ നോക്കി ഭാസ്‌കരന്റെ മരണം ഉറപ്പു വരുത്തി. എതിരാളികളുടെ ജീപ്പ് മടങ്ങിപ്പോയിക്കഴിഞ്ഞപ്പോള്‍ ഇലകള്‍ പൊഴിഞ്ഞുപോയ വെങ്കണ മരത്തില്‍ നിന്ന് രണ്ട് ചെമ്പോത്തുകള്‍ ഭാസ്‌കരനെ നോക്കുന്ന രംഗം വര്‍ണിക്കുന്നുണ്ട്. മഞ്ഞനിറത്തിലുള്ള പൂമ്പാറ്റകള്‍ അയാളുടെ ചെവിയില്‍ പറഞ്ഞു. ''എണീക്ക് ഭാസ്‌കരാ.. മോന്തിയാവലായി... '

അന്തിവെയില്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് അയാളുടെ കണ്ണുകളെ തൊട്ടുണര്‍ത്താന്‍ ശ്രമിച്ചു: ''കുന്ന്മ്മന്ന് ഞാന്‍ എറങ്ങാന്‍ പറഞ്ഞതല്ലേ ഭാസ്‌കരാ, നീ കേട്ടില്ലല്ലോ..''

സന്ധ്യയ്ക്ക് കൂടണയുന്ന പക്ഷികളുടെ കരച്ചിലും കലമ്പലും പകല്‍ ഭക്ഷണം തേടുന്നതിനിടയില്‍ അവര്‍ കണ്ട കാഴ്ചകള്‍ ഓര്‍ക്കുന്നതാണെന്ന സങ്കല്പ ചിത്രീകരണം അസ്സലായിട്ടുണ്ട്.

''ഒളിവില് വന്നതാ..'' അരവിന്ദനും കൂട്ടരും മദ്യപിച്ചിരിക്കുന്നതു കണ്ട ഇരട്ടവാലന്‍ പക്ഷി പറഞ്ഞു. ''ഭാസ്‌കരനെ കൊത്തിയത് അവരാ...,'' ഇരട്ടവാലന്‍ കൂട്ടിച്ചേര്‍ത്തു.

അരവിന്ദന്റെയും സുമതിയുടെയും സ്‌നേഹപ്രകടനങ്ങള്‍ഒളിഞ്ഞിരുന്നു കണ്ടതോര്‍ത്തപ്പോള്‍ ഇറ്റിറ്റിപ്പുള്ളിന്റെ തൂവലുകള്‍ കോരിത്തരിച്ചു. അരവിന്ദനെയും സുമതിയെയും ഓര്‍ത്ത് ചെമ്പോത്ത് തത്വം ചിലക്കുന്ന രംഗവുമുണ്ട്.

'' പ്രണയത്തിന്റെ വഴിയും വശവും ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. അതു ശത്രുക്കളെ ഉണ്ടാക്കുന്നു. ശത്രുക്കളെ ഒന്നിപ്പിക്കുന്നു. കൂടപ്പിറപ്പിനെ മറക്കാനും വെറുക്കാനും തീര്‍ച്ചപ്പെടുത്തുന്നു. ഉറ്റവരെ ഒറ്റാന്‍ മനസ്സു മാറ്റുന്നു..''

കൂളിക്കുന്നിലെ പാറപ്പുറത്ത് രാത്രിയില്‍ ഒറ്റയ്ക്ക് കിടക്കുന്ന അരവിന്ദനെക്കണ്ട് അപായം മണത്ത കാറ്റ് മുളിപ്പല്ലുകള്‍ക്കിടയിലൂടെ കടന്നുവന്ന് അരവിന്ദന്റെ ചെവിയില്‍ മൂളുന്നുണ്ട്. 'വീട്ടില്‍ പോ അരവിന്ദാ...'

അരവിന്ദന് ഉടുമ്പും അപായ സൂചന നല്‍കിയിരുന്നു. പക്ഷേ അരവിന്ദന്‍ അതും ശ്രദ്ധിക്കുന്നില്ല. ''എന്നെ കേള്‍ക്കാന്‍ നീ തയ്യാറാവാത്തതിന്റെ ഫലമാ അരവിന്ദാ..'' അരവിന്ദന്‍ ആക്രമിക്കപ്പെടുമ്പോള്‍ ഉടുമ്പ് പറയുന്നുണ്ട്.

പകയില്‍ത്തീര്‍ന്ന ജീവിതങ്ങള്‍
ഒരാളുടെ ദുഷ്ടതയും വെറുപ്പും അയാളില്‍ തുടങ്ങുന്നതല്ല. തലമുറകളില്‍ നിന്ന് പടരുന്നതാണ്. ബന്ധങ്ങളും ബോധ്യങ്ങളും അതിന്റെ കടുപ്പം കുറച്ചേക്കാമെങ്കിലും അടിത്തട്ടില്‍ ചുഴലിയായി കറങ്ങുമെന്നതിന് തെളിവാണ് ചന്ദ്രന്റെയും ഭാസ്‌കരന്റെയും പകവീട്ടലും അന്ത്യവും. ചന്ദ്രന്റെ മരണശേഷം അനിയന്‍ അരവിന്ദന്‍ പകവീട്ടാന്‍ എത്തുന്നു. അവന്റെയും മരണം കണ്ടിട്ടും മതിയാവാഞ്ഞ് അച്ചമ്മ ജാനകി, നളിനിയില്‍ വിഷം കയറ്റുകയാണ്.

ജീവന്റെ ജീവനായി സ്‌നേഹിക്കുന്ന ഭാസ്‌കരന്റെ നെഞ്ചില്‍ നിറയൊഴിച്ച് നളിനി കൂടെപ്പിറപ്പുകളുടെ രക്തത്തിന് പകരം ചോദിക്കുന്നത് ഏതൊരു വായനക്കാരനെയും സ്തബ്ധരാക്കുക തന്നെ ചെയ്യും. എത്ര മരണം കണ്ടാലും അടങ്ങാത്ത ചിരംജ്ജീവിയായി 'പക' നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു കാലത്ത് കണ്ണൂരില്‍ ഭീതി പരത്തിക്കൊണ്ടിരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പിന്നാമ്പുറത്തേയ്ക്ക് എത്തിനോക്കുന്ന അനുഭവമായി അത് മാറുന്നു.

ചന്ദ്രന്റെയും രവിയുടെയും മരണമാണ് ഏര്‍ക്കാനയെ ഇളക്കിമറിച്ചത്. അതിന്റെ പേരില്‍ രാഷ്ട്രീയ ചേരിതിരിവും തല്ലുകളും പതിവായി. പോലീസ് ക്യാമ്പായി മാറിയ പാലോറിലെ സ്‌കൂളില്‍ നിന്നും കേട്ട മനുഷ്യന്റെ നിലവിളി അവിടത്തെ സമാധാനം കെടുത്തി. മനുഷ്യരുടെ നിലവിളി കേട്ട് സ്‌കൂളിനു പുറത്തിരുന്നു മദ്യപിക്കുന്ന കോമന്‍ നായര്‍ക്ക് 'ആനന്ദമൂര്‍ച്ഛ വരുന്നുണ്ട്.' ആനന്ദം സ്ത്രീകളില്‍ നിന്നു മാത്രമല്ല മനുഷ്യരുടെ നിലവിളി കേള്‍ക്കുമ്പോഴും ഉണ്ടാവും' എന്ന് കോമന്‍നായര്‍ക്ക് മനസ്സിലാവുന്നത് അപ്പോഴാണ്. കാമഭ്രാന്തിന്റെ വൈകൃതവും നോവലില്‍ അറപ്പും വെറുപ്പുമുളവാക്കുന്ന രീതിയില്‍ വരുന്നുണ്ട്. കാമം പകയുടെ അവതാരമായാണ് പലയിടത്തും പ്രത്യക്ഷപ്പെടുന്നത്.

അടിയും തിരിച്ചടിയുമായി ഏര്‍ക്കാന നാള്‍ക്കുനാള്‍ നാശത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്നു. പുറത്തുള്ളവര്‍ ഏര്‍ക്കാനയെ പേടിയോടെ കാണാന്‍ തുടങ്ങി. ആ നാട്ടില്‍ നിന്നുള്ള വിവാഹബന്ധം പോലും ആളുകള്‍ ഇഷ്ടപ്പെടാതായി. അവിടത്തുകാര്‍ക്ക് ജോലി കൊടുക്കാനും മറ്റുള്ളവര്‍ മടിച്ചു. പക വളര്‍ത്തുന്നതിലും പടര്‍ത്തുന്നതിലും രസം കണ്ടിരുന്ന വ്യക്തിയാണ് കോമന്‍നായര്‍. ചന്ദ്രന്‍ മരിച്ചുകഴിഞ്ഞപ്പോള്‍ അരവിന്ദനില്‍ പക വളര്‍ത്താന്‍ തുടങ്ങിയതും കോമന്‍ നായരാണ്. 'കൊല്ലപ്പെടുമ്പോഴാ പാര്‍ട്ടി വളരല്... കൊല്ലുമ്പോഴല്ല.' കോമന്‍ നായരുടെ രഷ്ട്രീയതത്വം ഏര്‍ക്കാനയില്‍ യാഥാര്‍ഥ്യമാവുകയായിരുന്നു.

താനൊരു ചെറിയ അമേരിക്കയാണെന്ന തോന്നലില്‍ ജീവിക്കുന്ന കോരന്‍ ആലയില്‍ ആയുധങ്ങള്‍ പണിതുകൊണ്ടേയിരുന്നു. 'ഏര്‍ക്കാനയില്‍ തല്ലും പിടീം കൂട്ട്.. ചോര വീഴട്ട്.. തമ്മിത്തല്ലി ഏര്‍ക്കാന നശിക്കട്ട്.. സര്‍വനാശത്തിന് എന്റെ തോക്കുകള്‍ കൊടി പിടിക്കട്ട്..'' ഇതായിരുന്നു കോരന്റെ ആഗ്രഹം.

''പോരില്ലാതെ എന്തോന്ന് ജീവിതം. ജീവിതായ ജീവിതം തന്നെ മറ്റുള്ളോരെ തകര്‍ക്കാനുള്ള പോരല്ലേ.. ഏര്‍ക്കാനേല് മാത്രോല്ല എല്ലാടത്തും പോര് നടക്കട്ട്. പോരില്ലാണ്ട് ആയുധം വില്‍ക്കുന്നോര്‍ എങ്ങനെ കൊണംപിടിക്കല്..! പാകിസ്താനും ഇന്ത്യയും തമ്മാത്തമ്മില് തെറ്റില്ലെങ്കില് അമേരിക്ക എങ്ങനെ ഗതി പിടിക്കും! ഓറ് ആയുധം എങ്ങനെ വില്‍ക്കും! ഏര്‍ക്കാനയില്‍ തല്ലും പിടിയുമില്ലെങ്കില് ഞാന്‍ എങ്ങനെ ജീവിക്കല്.. എന്റെ തോക്ക് എങ്ങനെ കൊട്ക്കല്!

ഈ കോരന്‍ ആശുപത്രി ജീവിതം അനുഭവിക്കേണ്ടി വന്നപ്പോള്‍ ഇതിനെ മാറ്റി ചിന്തിക്കുന്നത് രസാവഹമായിട്ടുണ്ട്. 'അഴിനിലയില്ലാ ജീവിതല്ലാം ആറടി മണ്ണില്‍ നീറിയൊടുങ്ങുമ്പോള്‍ എന്ത് തോക്ക്...! എന്ത് പണം.. !''

പകയോ പകരംവീട്ടലോ ഇല്ലാതെ സമാധാനപരമായ കുടുംബജീവിതം നയിക്കാന്‍ ശ്രമിച്ച രാജേന്ദ്രനെയും വിധി വെറുതെ വിടുന്നില്ല. പ്രാണരക്ഷാര്‍ത്ഥം ജീപ്പോടിക്കുന്ന രാജേന്ദ്രന്റെ വണ്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചതും വിനയായി.

മരണരംഗങ്ങളുടെ ചിത്രീകരണം
തങ്കം, സ്വര്‍ണം, ചാത്തു നായര്‍, ചിരുകണ്ടന്‍ എന്ന കോഴി, രാജാവ് എന്ന നായ, കൊട്ടന്‍, വെള്ളച്ചിയുടെ ഭര്‍ത്താവ് നാരായണന്‍തൂങ്ങി മരിക്കുന്ന രാമന്‍ കണിയാന്റെ ഭാര്യ ദച്ച് മി,കൃഷ്ണന്റെ അമ്മാവന്‍ കമ്മാരന്‍,ദൈവത്തിന്റെ നെഞ്ചില്‍ തലയടിച്ച് മരിക്കുന്ന കൊരമ്പ, ചന്ദ്രന്റെ ജനനത്തോടെ മരിക്കുന്ന തമ്പായി, കൊട്ടന്റെ ജനനത്തോടെ മരിക്കുന്നചമിണിയന്റെ ഭാര്യ ഉണ്ടച്ചി, നെഞ്ചുപൊട്ടി മരിക്കുന്നചമണിയന്‍, ഭരതന്റെ അമ്മാവന്‍ എരിയുടെ മരണം, കുഞ്ഞിക്കേളുവിന്റെ മരണംമകന്റെ മരണത്തിലും ലാഭനഷ്ട കണക്കു പറയുന്ന കോമന്‍ നായര്‍, കൃഷ്ണദാസ് പ്രവചിച്ച സമയത്തുള്ള അബ്ദുള്ളയുള്ളയുടെ മരണം, വെള്ളച്ചിയുടെ മരണംപാലോര്‍പ്പുഴയില്‍ കമ്മാടന്റെയും കല്യാണിയുടെയും ദാരുണ മരണം, ചന്ദ്രന്‍, കോമന്‍നായര്‍ ഭാസ്‌കരന്‍, രവി, രാജന്‍ എന്നിങ്ങനെ പോകുന്നു ഏര്‍ക്കാനയിലെ മരണഭൂപടം. ഉണ്ടച്ചി ഓരോ മകളും മരിച്ച് അടക്കം ചെയ്തിടത്ത് ഓരോ ചെടികള്‍ നടുന്നത് ചിത്രീകരിച്ചത് ഹൃദയത്തില്‍ നോവ് പരത്തുന്നതാണ്.

''ശ്യാമളയ്ക്ക് ചെമ്പകം, പാറുവിന് നന്ത്യാര്‍വട്ടം, സത്യന് ഇലഞ്ഞി എന്നിങ്ങനെ.. തമ്പാനും ഉണ്ടച്ചിയും സങ്കടത്തില്‍ ശ്വാസംമുട്ടുമ്പോള്‍ കാറ്റിന്റെ കൈപിടിച്ചു ചെമ്പകത്തിന്റെയും നന്ത്യാര്‍വട്ടത്തിന്റെയും ഇലഞ്ഞിയുടെയും പൂക്കളുടെ ഗന്ധം തലക്കുന്നില്‍ നിന്നു ചാപ്പയിലേയ്ക്കു പിച്ചവെച്ചെത്തും.''

ജാതിപ്രശ്‌നം കല്യാണം നടത്തില്ലെന്ന് ഉറപ്പായപ്പോള്‍ ശിവപ്പയും ഗിരിജയും നഗരത്തിലെ ലോഡ്ജില്‍ വെച്ച് മരണത്തില്‍ ഒന്നിച്ചായി.

ഹൃദയബന്ധം
ഹൃദയബന്ധങ്ങളുടെ സുന്ദരദൃശ്യങ്ങള്‍ ഈ നോവലില്‍ അങ്ങോളമിങ്ങോളമുണ്ട്. കുഞ്ഞമ്മാറും വെള്ളച്ചിയും തമ്മിലുള്ള ആത്മബന്ധം കഥാന്ത്യംവരെ നീണ്ടുനില്‍ക്കുന്നു. കുഞ്ഞമ്മാറും കൊട്ടനും തമ്മിലുള്ള അവിഹിത ബന്ധം അറിഞ്ഞപ്പോള്‍ വെള്ളച്ചി പറഞ്ഞത് ഇങ്ങനെ മാത്രം! 'നിന്നെ ഓന്‍ നല്ലോണം നോക്കും നീ ഓനേം നല്ലോണം നോക്കണം ട്ടോ.'' കുഞ്ഞമ്മാര്‍ വെള്ളച്ചിയുടെ ചാപ്പയില്‍ നിന്ന് പാലോറിലെ കൊട്ടന്റെ ചാപ്പയിലേയ്ക്ക് പോകുമ്പോള്‍ വെള്ളച്ചിയും കുഞ്ഞമ്മാറും കരഞ്ഞു.

അന്നവര്‍ക്ക് വെള്ളം പോലും ഇറങ്ങിയില്ല. അവര്‍ പരസ്പരം എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നെന്ന് അവര്‍ക്കു മനസ്സിലായത് അന്നായിരുന്നു. കാലം പോകെപ്പോകൈ നാള്‍ക്കുനാള്‍ ക്ഷീണിച്ച് മിണ്ടാതായിരുന്ന വെള്ളച്ചി പൊടുന്നനെ മിണ്ടിത്തുടങ്ങിയപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചത് കുഞ്ഞമ്മാര്‍ ആയിരുന്നു. അവള്‍ അവര്‍ക്കിഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കിക്കൊടുത്തു.

''നീ എന്റെ ബൗസാന്ന്‌ണേ...' എന്നു പറഞ്ഞ് കരഞ്ഞ് കുഞ്ഞമ്മാറിന്റെ ചുമലില്‍ വീണാണ് വെള്ളച്ചി മരിക്കുന്നത്.

കൊട്ടനും കുഞ്ഞമ്മാറും തമ്മിലും ഗാഢമായ ഹൃദയബന്ധം ഉണ്ടായിരുന്നു. കൊട്ടന് പോരു കോഴിയായ ചിരുകണ്ടനുമായും, വളര്‍ത്തുനായയായ രാജാവുമായും വളരെ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. തന്നെ വളരെയധികം ദ്രോഹിച്ച ഭര്‍ത്താവിന്റെ അമ്മ ഭദ്രയെ അവസാന നാളുകളില്‍ ഭര്‍ത്താവിന്റെ എതിര്‍പ്പുകള്‍ പോലും വകവെയ്ക്കാതെ ശുശ്രൂഷിക്കുന്ന നളിനി, ഭര്‍ത്താവായ രാജന്‍ കിടപ്പായപ്പോള്‍ പൂര്‍ണമായും കുടുംബം നോക്കാനുള്ള ഓട്ടപ്പാച്ചിലിലായി.

ഹാസ്യാത്മകത
ഹാസ്യാത്മകമായ വരികള്‍ മരണവംശത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. കൃഷ്ണന്‍ കാമന്റെ അനുഗ്രഹം കിട്ടിയപ്പോള്‍ മീന്‍കാരിയുമായും ബന്ധപ്പെടുന്നതും, എങ്ങനെ ജീവിച്ച ദൈവമാണ്, 'മാളികമുകളേറിയ ദൈവത്തിന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ദൈവം' എന്നിങ്ങനെ ദൈവത്തെക്കുറിച്ചെഴുതുന്നതും രസാവഹമായിട്ടുണ്ട്. അന്ത്യശ്വാസമെടുക്കുന്ന നേരത്ത് 'ഈ ലോകം വെറും മൈരാണ്... ഈടയൊരു മൈരും നടക്കൂലാ...' എന്നിങ്ങനെ പറയുമ്പോള്‍ ഹാസ്യത്തിന്റെ എല്ലാ അതിര്‍വരമ്പുകളും ഖണ്ഡിക്കപ്പെടുന്നു.

ആലയും തോക്കും ആയുധങ്ങളും ഉണ്ടാക്കിവിറ്റ് യുദ്ധത്തിലും പോരിലും ആഹ്ലാദം കണ്ടെത്തിയിരുന്ന കോരന്‍ പന്നിയുടെ കുത്തേറ്റതോടെ മാനസാന്തരം വരികയാണ്. ചികിത്സയില്‍ കഴിയുമ്പോള്‍ അടുത്തുള്ള തിയേറ്ററില്‍ നിന്നും കേള്‍ക്കുന്ന ''ആത്മവിദ്യാലയമേ...'' ഗാനം അയാളെ മാറ്റിമറിക്കുന്നു പിന്നീട് പുഷ്പരാജന്‍ എന്ന തൂലികാനാമത്തില്‍ ജനപ്രിയ ആനുകാലികങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സാഹിത്യം നിര്‍മിക്കാന്‍ തുടങ്ങിയത് നര്‍മം വിതറുന്നുണ്ട്.

ഐതിഹ്യങ്ങളും വിശ്വാസങ്ങളും.
മഹാഭാരതകഥ തൊട്ട് ചതിയുടെയും, പകയുടെയും പ്രതികാരത്തിന്റെയും കാഹളധ്വനി കേട്ടുതുടങ്ങിയതാണ്. ഇതുമായി ബന്ധപ്പെട്ട കഥയാണ് കോഴിപ്പോരിന്റെപിറകിലുമുള്ളത്. കോഴിക്കെട്ടുകാരനും വേട്ടക്കാരനുമാണ് കൊട്ടന്‍. കോഴിപ്പോരിനു പിന്നില്‍ മഹാഭാരതകഥയിലെ അര്‍ജുന പുത്രന്‍ ഇരാവാനെ അവതരിപ്പിക്കുന്നു. കോഴിപ്പോരില്‍ പങ്കെടുക്കുന്ന ചിരുകണ്ടനിലൂടെയാണ് കഥ പറയുന്നത്. മഹാഭാരതയുദ്ധം നടക്കുമ്പോള്‍ കൃഷ്ണന്‍ ഇരാവാനോട് ഒരു നിബന്ധന വെയ്ക്കുകയാണ്. 'യുദ്ധത്തിനു വരാം, യുദ്ധം കാണാം ആയുധം തൊടരുത്. തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കരുത്''

പക്ഷേ അലാബുസന്‍ എന്ന രാക്ഷസന്‍ പാണ്ഡവര്‍ക്ക് മുകളില്‍ മരണ നൃത്തമാടിയപ്പോള്‍ അര്‍ജുനന്‍ ഒന്നും ചെയ്യാനാവാതെ പതറി.

ഈ സമയത്ത് ഇരാവാന്‍ ശാപം മറന്ന് തന്ത്രങ്ങള്‍ അച്ഛന് പറഞ്ഞുകൊടുക്കുന്നു. രാക്ഷസന്റെ ശിരസ്സ് അര്‍ജുനന്‍ ശരം കൊണ്ടറുക്കുമ്പോള്‍ ശാപം മൂലം ഇരാവന്റെ തല ചിന്നിച്ചിതറി. തെറിച്ചുപോയ ഇരാവന്റെ ഉടല്‍ഭാഗങ്ങള്‍ പോരു കോഴികളായി ചിറകടിച്ചു എന്ന് ഐതിഹ്യം.

ബാധയൊഴിപ്പിക്കാനെന്ന വ്യാജേന രാമന്‍ കണിയാന്‍ കാരിച്ചിയെ തല്ലുന്നതും കാരിച്ചിയില്‍ പ്രവേശിച്ച മുത്താണി തുളുവത്തിയെ ബാധയൊഴിപ്പിക്കാനായി മന്ത്രം ചൊല്ലുന്നതുമെല്ലാം ഒരു ജനതയുടെ വിശ്വാസത്തിന്റെ പുറം കാഴ്ചകളാണ്. സര്‍പ്പച്ചുറ്റ് കുഞ്ഞിപ്പെണ്ണിനെയും നാരായണിയെയും മരണത്തിലെത്തിക്കുന്നത് വിശ്വാസവും യാഥാര്‍ഥ്യവും വേര്‍തിരിക്കാന്‍ കഴിയാത്ത വിവരണങ്ങളാണ്. പേത്താളര്‍ എന്ന മറ്റൊരു തെയ്യവും തക്ഷകനും ദൈവവിഗ്രഹം തീര്‍ത്ത ആശാരിയും പ്രശ്‌നക്കാരനും എല്ലാം കഥാപാത്രങ്ങളായി വരുന്നുണ്ട്.

ഇങ്ങനെ പ്രണയവും സംഘട്ടനവും രാഷ്ട്രീയ ചേരിതിരിവും മരണവും വിഷയമായി എഴുതിയ മരണവംശത്തില്‍ സ്‌നേഹവും പകയും ദ്വന്ദ്വങ്ങളായി നിലകൊള്ളുന്നു. ഭാസ്‌കരന്‍ നോട്ടുബുക്കില്‍ നളിനിയെക്കുറിച്ചെഴുതിയ ഓര്‍മകള്‍ ഒരു നീറ്റലായി വായനക്കാരന്റെ മനസ്സിലും അവശേഷിപ്പിച്ചുകൊണ്ടാണ് മരണവംശം അവസാനിക്കുന്നത്.