പാലക്കാട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2021' പ്രകാശനം ചെയ്തു. മാതൃഭൂമി മെഗാ ബുക് ഫെയര്‍ വേദിയില്‍ വെച്ച് നോവലിസ്റ്റും 'മാതൃഭൂമി' ആഴ്ചപ്പതിപ്പ് അസി. എഡിറ്ററുമായ സുഭാഷ് ചന്ദ്രന്‍ കഥാകാരി കെ. രേഖയ്ക്ക് കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്.  

To advertise here,

നോവലിലെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ എഴുത്തുകാരന്റെ പകര്‍ന്നാട്ടങ്ങളാണെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. മനുഷ്യരാശിയുടെ പ്രതിനിധി എന്നനിലയിലാണ് എഴുത്തുകാരന്‍ സര്‍ഗപ്രക്രിയ നടത്തുന്നത്. ഭൂമിയ്ക്കടിയില്‍ എല്ലായിടത്തും ലാവയുണ്ട്. ദുര്‍ബലമായ പര്‍വതശിരസ്സുള്ളിടമാണ് അഗ്‌നിപര്‍വതമാവുന്നത്. അത്രമേല്‍ ദുര്‍ബലമായ ശിരസ്സുള്ളതുകൊണ്ടാണ് എഴുത്തുകാരും സര്‍ഗസൃഷ്ടിയുടെ വിസ്‌ഫോടനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

മനുഷ്യന്‍ മരണത്തെ മുഖാമുഖം കണ്ട കോവിഡ് കാലത്ത് രചിക്കപ്പെട്ട കഥകളുടെ സമാഹാരം സവിശേഷത അര്‍ഹിക്കുന്നുവെന്ന് കെ. രേഖ പറഞ്ഞു. ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആര്‍. അജയന്‍ അധ്യക്ഷനായി. 'മാതൃഭൂമി' പാലക്കാട് ന്യൂസ് എഡിറ്റര്‍ എന്‍. സുസ്മിത, സര്‍ക്കുലേഷന്‍ സീനിയര്‍ ഓഫീസര്‍ പി. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.