കൊച്ചി: പുറത്ത് പെയ്‌തൊഴിഞ്ഞ മഴയുടെ ചെറിയ തണുപ്പില്‍ അനന്തപദ്മനാഭന്‍ എഴുതിയ 'കൊരലാരം' എന്ന പുസ്തകം വായനക്കൂട്ടില്‍ ചര്‍ച്ച ചെയ്തു. ''കഥ കണ്ടറിഞ്ഞ് വരാം കൊണ്ടറിഞ്ഞ് വരാം കേട്ടറിഞ്ഞ് വരാം സ്വപ്നം കണ്ട് വരാം... ഈ കഥ കൊണ്ടറിഞ്ഞ് വന്നതാണ്'' എന്ന അനന്തപദ്മനാഭന്റെ വാക്കുകളിലുണ്ട് ഒരിക്കല്‍ അനുഭവിച്ചറിഞ്ഞ സങ്കടനാളുകളിലെ അനുഭവങ്ങള്‍.

To advertise here,

മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെയും സഹോദരനെ സ്നേഹിച്ച സഹോദരിയുടെ ദുഃഖവും ഇതിലൂടെ വിശദീകരിക്കുന്നു. ഒപ്പം അച്ഛന്‍-മകള്‍ ബന്ധത്തിന്റെ സൗന്ദര്യവും എടുത്തുപറയുന്നു. മനോഹരകഥയെന്ന് വായനക്കൂട്ടിലെത്തിയവര്‍ ഒരേപോലെ പറഞ്ഞു. റീജണല്‍ കാന്‍സര്‍ സെന്ററില്‍ മകനൊപ്പം കാവല്‍ക്കാരായി നിന്ന സഹോദരിയുടെയും അമ്മയുടെ ദുഃഖത്തിനൊപ്പം ആരും കാണാതെ കരഞ്ഞുതീര്‍ത്ത അച്ഛന്റെ വിഷമവും മനോഹരമായി വരച്ചിടുന്നു.

കലൂര്‍-കടവന്ത്ര റോഡിലെ മാതൃഭൂമി ബുക്‌സില്‍ പ്രതിമാസ കൂട്ടായ്മയായ 'വായനക്കൂട്ടി'ല്‍ നടന്ന പുസ്തക ചര്‍ച്ചയില്‍ ഡോ. ദീപു ജോര്‍ജ് പുസ്തകത്തെ അവതരിപ്പിച്ചു. ഡോ. സുമി ജോയി ഓലിയപ്പുറം മോഡറേറ്ററായി. കൊരലാരത്തിനൊപ്പം അനന്തപദ്മനാഭന്റെ 'മകന്റെ കുറിപ്പുകള്‍' എന്ന പുസ്തകവും ചര്‍ച്ച ചെയ്തു. അച്ഛനെന്ന എഴുത്തുകാരനെക്കുറിച്ചുള്ള ഓര്‍മകള്‍ അനന്തപദ്മനാഭനും പറഞ്ഞു.