
കാക്കനാട്: മലയാളഭാഷയിലെ വായനയും അതിന്റെ വിവിധ രൂപങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ തിരിച്ചറിയാനും സാഹിത്യത്തെ ആഴത്തിൽ മനസ്സിലാക്കാനും വായന അനിവാര്യമാണെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക. വായനദിനാഘോഷങ്ങളുടെ ഭാഗമായി കാക്കനാട് സിവിൽ ലൈൻ ബൈപ്പാസ് റോഡിലുള്ള മാതൃഭൂമി ബുക് സ്റ്റോറിൽ നടന്ന വായനദിനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.
നാം നിത്യജീവിതത്തിൽ സംസാരിക്കുന്ന മലയാളവും ഔദ്യോഗിക ആവശ്യങ്ങൾക്കായുള്ള ഭരണഭാഷയും പുസ്തകങ്ങളിലെ സാഹിത്യഭാഷയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് കർണാടക സ്വദേശിനി കൂടിയായ കളക്ടർ ചൂണ്ടിക്കാട്ടി.
സംസാരിക്കുന്ന ഭാഷയും ഭരണഭാഷയും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിലും മലയാള സാഹിത്യത്തിന്റെ ആഴവും വ്യാപ്തിയും പൂർണമായി ഉൾക്കൊള്ളാൻ വലിയൊരു ഭാഷാപരമായ അടിത്തറ ആവശ്യമാണ്. കന്നഡ പോലുള്ള ഇതര ഇന്ത്യൻ ഭാഷകളിലും ഈയൊരു രീതി ദൃശ്യമാണ്.
വായന മനുഷ്യമനസ്സിന് പോസിറ്റീവ് ഊർജവും ചിന്താഗതിയും സമ്മാനിക്കും. മനസ്സ് മടുക്കുന്നതോ നെഗറ്റീവ് മൂഡിലേക്ക് പോകുന്നതോ ആയ സന്ദർഭങ്ങളിൽ പുസ്തകങ്ങൾ നമുക്ക് ഏറ്റവും നല്ല സുഹൃത്തായി മാറും. ഈ വായനശീലമാണ് ജീവിതത്തിലെ ഏറ്റവും വലിയ കരുത്തെന്നും കളക്ടർ പറഞ്ഞു.
ഭാവിയിൽ ഒരു പുസ്തകം എഴുതും
ഒരു പുസ്തകം എഴുതുക എന്നത് തന്റെ ആഗ്രഹങ്ങളുടെ പട്ടികയിലുള്ള വലിയൊരു കാര്യമാണെന്ന് കളക്ടർ വെളിപ്പെടുത്തി. പ്രശസ്ത എഴുത്തുകാരി ആനി ലാമോട്ടിന്റെ ’ബേർഡ് ബൈ ബേർഡ്’ എന്ന പുസ്തകത്തെ പരാമർശിച്ചുകൊണ്ടായിരുന്നു കളക്ടറുടെ വാക്കുകൾ. ഏതൊരു വ്യക്തിക്കും എങ്ങനെ ലളിതമായി എഴുതാൻ സാധിക്കുമെന്ന് ആ പുസ്തകം വ്യക്തമാക്കുന്നുണ്ട്.
നിലവിലെ ഔദ്യോഗിക തിരക്കുകൾക്കിടയിൽ അതിന് സമയം ലഭിക്കാറില്ലെങ്കിലും മനസ്സിലുള്ള ചില ആശയങ്ങൾ വെച്ച് ഭാവിയിൽ തീർച്ചയായും താനൊരു പുസ്തകം എഴുതുമെന്ന് ജി. പ്രിയങ്ക വ്യക്തമാക്കി. ചടങ്ങിൽ ആർ.ജെ. അച്ചു അവതാരകയായിരുന്നു. മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, കൊച്ചി യൂണിറ്റ് മാനേജർ ഐശ്വര്യാദാസ് എന്നിവർ സംസാരിച്ചു.
പുസ്തകങ്ങൾക്ക് 20% വിലക്കിഴിവ്
വായനവാരത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ 25 വരെ മാതൃഭൂമി ബുക് സ്റ്റോറിൽനിന്ന് പുസ്തകങ്ങൾ വാങ്ങുന്നവർക്ക് 20 ശതമാനം വിലക്കിഴിവ് ലഭിക്കും. ഒപ്പം അടുത്ത ഒരു തവണ കൂടി 20 ശതമാനം കിഴിവിൽ പുസ്തകങ്ങൾ സ്വന്തമാക്കാനുള്ള പ്രത്യേക കൂപ്പണും വായനക്കാർക്ക് ലഭിക്കും.
മാതൃഭൂമി ഉൾപ്പെടെ എല്ലാ പ്രസാധകരുടെയും മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് ഈ കിഴിവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 81389 04214.
Content Highlights: Reading is vital to distinguish between colloquial, official, and literary Malayalam., Collector G. Priyanka advocates reading as a source of positive energy and mental strength., Inspiration drawn from Anne Lamott's 'Bird by Bird' for future writing aspirations., Special 20% discount on books at Mathrubhumi Bookstore from June 19 to 25, 2026.
Published: 20 Jun 2026, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented