ജെ.സി.ബി. സാഹിത്യ പുരസ്കാരം ശനിയാഴ്ച പ്രഖ്യാപിക്കും. സാഹിത്യസൃഷ്ടികൾക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന അവാർഡാണ് ഇത്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പുസ്തകങ്ങളുടെ ലിസ്റ്റ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇംഗ്ലീഷിൽ എഴുതിയ അഞ്ച് പുസ്തകങ്ങളും ബംഗാളിയിൽ നിന്നുള്ള രണ്ട് പുസ്തകങ്ങൾ, മറാഠിയിൽ നിന്ന് രണ്ടെണ്ണം മലയാളത്തിൽ നിന്ന് ഒന്ന് എന്നിങ്ങനെയായിരുന്നു ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവ. 

To advertise here,

2024-ലെ ജെ.സി.ബി. സാഹിത്യ പുരസ്കാരത്തിനുള്ള ഷോർട്ട് ലിസ്റ്റ് ചെയ്ത പുസ്തകങ്ങളിൽ മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയ സന്ധ്യാ മേരിയുടെ മരിയ ജസ്റ്റ് മരിയ എന്ന നോവൽ ഇടം പിടിച്ചിട്ടുണ്ട്. ജയശ്രീ കളത്തിലാണ് നോവൽ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. മലയാളിയായ എഴുത്തുകാരൻ സഹറു നുസൈബ കണ്ണന്നാരിയുടെ ക്രോണിക്കിൾ ഓഫ് അൻ അവർ എ ഹാഫ് എന്ന പുസ്തകവും ചുരുക്കപ്പട്ടികയിൽ ഉണ്ട്.

എഴുത്തുകാരൻ ബെന്യാമിനാണ് മലയാളത്തിൽ ആദ്യമായി ജെസിബി പുരസ്കാരം ലഭിക്കുന്നത്. മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന നോവലിനായിരുന്നു 2018-ൽ ബെന്യാമിന് അവാർഡ് ലഭിക്കുന്നത്. എസ്. ഹരീഷിന്റെ മീശ എന്ന നോവലിനും (2020), എം. മുകുന്ദന്റെ ദൽഹി ഗാഥകൾക്കും (2021) നേരത്തെ ജെ.സി.ബി. അവാർഡ് ലഭിച്ചിട്ടുണ്ട്.

സാഹിത്യസൃഷ്ടികള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയതതോ ആയ കൃതികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.

അതേസമയം ജെസിബി പുരസ്കാരത്തിനെതിരേ ഒരു കൂട്ടം സാഹിത്യകാരന്മാർ രംഗത്തെത്തിയിട്ടുണ്ട്. പൊളിക്കല്‍ജോലികളുടെ പ്രതീകമായിട്ടുള്ള 'ജെ.സി.ബി.' ബുള്‍ഡോസര്‍ നിര്‍മാണക്കമ്പനി ഇന്ത്യയില്‍ സാഹിത്യപുരസ്‌കാരം നല്‍കുന്നത് കപടനാടകമാണെന്നായിരുന്നു പ്രമുഖ എഴുത്തുകാരുടെ തുറന്ന കത്ത്. ഇന്ത്യയിലും പലസ്തീനിലുമടക്കം ഭീതിപ്പെടുത്തുന്ന രീതിയില്‍ വീടുകള്‍ ഇടിച്ചുനിരത്തുന്നതില്‍ നിര്‍ണായക പങ്കാണ് ജെ.സി.ബിയുടെ ബുള്‍ഡോസറുകള്‍ക്കന്നും കത്തില്‍ ആരോപിക്കുന്നു. കെ. സച്ചിദാനന്ദന്‍, മീന കന്തസ്വാമി, ആസാദ് സെയ്ദി തുടങ്ങിയവരുള്‍പ്പെടെ നൂറിലേറെ സാഹിത്യകാരൻമാരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.