സുമന സെൻ മണ്ടല, റബേയ സെൻ! അമേരിക്കയിൽ ജനിച്ച് വളർന്ന്, എന്നാൽ എല്ലാ അർത്ഥത്തിലും തങ്ങളുടെ ഇന്ത്യൻ വേരുകൾ ഒരു നിമിഷം പോലും മറക്കാത്ത രണ്ട് ബംഗാളി സുന്ദരികൾ. അമേരിക്കൻ വിദ്യാഭ്യാസത്തോടൊപ്പം തന്നെ ബംഗാളി ഭാഷയും സാഹിത്യവും രബീന്ദ്രസംഗീതവും ഒക്കെ സ്വായത്തമാക്കാൻ അവസരം നൽകിയ അച്ഛനമ്മമാരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല, മക്കളായ സുമനയ്ക്കും റാബേയയ്ക്കും. സുമന എന്ന പേര് ബാംഗ്ലയിൽ 'ഷുമോന' എന്നാണ് ഉച്ഛരിക്കേണ്ടത്. രണ്ടുപേരും നൃത്തം പഠിച്ചിട്ടുണ്ടെങ്കിലും, നൃത്തം ജീവിതത്തിന്റെ ഭാഗമാക്കിയത് മൂത്തവൾ സുമനയാണ്. റാബേയ സാമൂഹ്യസേവന രംഗത്താണെങ്കിലും നൃത്തത്തിലൂടെയും സംഗീതത്തിലൂടെയും സാമൂഹിക ബോധവത്‌ക്കരണം നടത്തുന്നു. സുമന ഫീനിക്സിലും റാബേയ ലോസ്ആഞ്ചലസിലും ആണ് താമസം. ലോക്ഡൗണിന് മുമ്പ് റാബേയ ഫീനിക്സിലേക്ക്, സഹോദരിയുടെ അടുത്തേക്ക് എത്തി. അങ്ങനെ രണ്ടുപേരെയും ഒരേ നഗരത്തിൽ നിന്നുതന്നെ ബന്ധപ്പെടാൻ പറ്റി. നാട്യകലയുടെ സാമൂഹ്യശാസ്ത്രം അഭിമുഖപരമ്പരയിൽ ആദ്യം സുമനയെയാണ് സംസാരിച്ചത്.

സാധാരണ നർത്തകിമാരിൽ നിന്നും വ്യത്യസ്തമായി തികച്ചും ഗൗരവമേറിയസാമൂഹികപ്രശ്നങ്ങളെനൃത്താവിഷ്കാരങ്ങളിലൂടെ സുമാന പ്രേക്ഷകരിലെത്തിക്കാൻ നിരന്തരം ശ്രമിക്കുന്നു. ഇതെങ്ങനെ സംഭവിക്കുന്നു?

എന്റെ മാതാപിതാക്കളോടാണ് ആദ്യം അതിനുള്ള കടപ്പാട്. അച്ഛൻ എഞ്ചിനീയറാണെങ്കിലും മനസ്സ് കൊണ്ട് ചരിത്രകാരനാണ്. കിഴക്കൻ ഏഷ്യയിലെ ക്ഷേത്രങ്ങളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പുസ്തകമൊക്കെ എഴുതിയിട്ടുണ്ട്. അമ്മ ആരോഗ്യ പ്രവർത്തകയായിരുന്നു. സ്ത്രീകൾക്ക് വേണ്ടി, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്നും അമ്മ മുന്നിട്ടിറങ്ങും. തനി 'ബാംഗ്ലാ തീപ്പൊരി'. എല്ലാവരുടെയും നന്മയും സന്തോഷവു മാണ് നമ്മുടെ സന്തോഷം എന്ന് അമ്മയാണ് ഞങ്ങളുടെ മനസ്സിൽ ആഴത്തിൽ ഊട്ടിയുറപ്പിച്ചത്. ഇപ്പോൾ വിശ്രമജീവിതത്തിലാണെങ്കിലും രണ്ടുപേരും അവരാൽ കഴിയുന്നതൊക്കെ ഇന്നും ചെയ്തുകൊണ്ടിരിക്കുന്നു.

അമേരിക്കയിൽ രണ്ട് ഗുരുക്കന്മാരുടെ കീഴിൽ നൃത്തം പഠിച്ച ഞാൻ ഭരതനാട്യത്തെ ഒരുപാട്സ്നേഹിച്ചുതുടങ്ങി. അപ്പോഴാണ് ഗുരു ഡോ. പദ്മാ സുബ്രഹ്മണ്യത്തിന്റെ ഗവേഷണത്തെക്കുറിച്ച് വായിക്കുന്നത്. അങ്ങനെ അവരുടെ കീഴിൽ പഠിക്കാൻ മോഹമായി. ഒരു സ്കോളർഷിപ്പ് ഒപ്പിച്ചെടുത്ത്, ചെന്നൈയിൽ പോയി മൂന്നുവർഷം താമസിച്ച് ഭരതനൃത്യം പഠിച്ചു. തിരിച്ച് അമേരിക്കയിലെത്തിയപ്പോൾ വിവാഹം, കുഞ്ഞുങ്ങൾ അങ്ങനെ കുറഞ്ഞാരു ഇടവേളയുണ്ടായി. പക്ഷേ എന്നും ചുറ്റുപാടും നടക്കുന്ന സംഭവങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. വീണ്ടും നൃത്തത്തിൽ സജീവമായപ്പോൾ നൃത്തം കൊണ്ട് സാമൂഹിക ബോധവൽക്കരണം എന്ന ആശയം ഉടലെടുത്തു. അങ്ങനെയാണ് ആ മാറ്റം സംഭവിച്ചത്.

താങ്കളുടെ സംഘടനയാണ് ഡാൻസെൻസ് (Dansense) അഥവാ നൃത്യബോധ(Ntryabodha). അതിന്റെ പ്രവർത്തനത്തെക്കുറിച്ചും ഏറ്റവും പുതിയ ആവിഷ്കാരമായ 'Look into My Voice, Hear my Dance' നെക്കുറിച്ചും വിശദീകരിക്കാമോ?

വളരെ ബോധപൂർവ്വം തിരഞ്ഞെടുത്ത പേരാണ് ഡാൻസെൻസ് അഥവാ 'നൃത്യബോധ'. ഞാൻ വളരെ കുറച്ച് കുട്ടികളെ മാത്രമേ പരിശീലിപ്പിക്കുന്നുള്ളു. അവർക്ക് നൃത്തത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും പറഞ്ഞു കൊടുക്കാൻ ശ്രമിക്കുന്നു. അതോടൊപ്പം തന്നെ മറ്റു കലാകാരന്മാരുമായി സഹകരിച്ച്, ചർച്ചകളും സോദ്ധാ ഹരണ പ്രഭാഷണങ്ങളും നൃത്താവതരണങ്ങളും സംഘടിപ്പിക്കുന്നു. നമുക്ക് ചുറ്റും ഒരുപാട് സ്ത്രീകൾ ഗാർഹിക പീഡനം അനുഭവിക്കുന്നുണ്ട്. അവർക്ക് പലപ്പോഴും ഇത് തെറ്റാണെന്ന തിരിച്ചറിവ് പോലും ഉണ്ടാവില്ല. അങ്ങനെ ഗാർഹിക പീഡനത്തെ അതിജീവിച്ച ചിലരെ എന്റെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഞാൻ പരിചയപ്പെട്ടു. അവരിൽ ഒരാൾ ഒഡീസ്സി നർത്തകിയായിരുന്നു. ഒരു ബാലേ നർത്തകിയും ഉണ്ടായിരുന്നു. അവരുടെ അനുഭവങ്ങളാണ് എനിക്ക് LVHD എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന ലുക്ക് ഇൻടു മൈ വോയ്സ്, ഹിയർ മൈ ഡാൻസ് എന്ന നൃത്താവിഷ്കാരത്തിന് പ്രചോദനമായത്. നൃത്തം അറിയാത്ത ചിലരെയും കണ്ടെത്തി. ഒരു വർഷത്തോളം ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. നൃത്തം അറിയാത്തവരെ കൂടി ചില അടിസ്ഥാനപരമായ, വളരെ ലളിതമായ ശരീരചലനങ്ങൾ ചെയ്യാൻ പരിശീലിപ്പിച്ചു. ഭരതനൃത്യം, ഒഡീസ്സി, ബാലെ, കണ്ടമ്പ്രററി, അങ്ങനെ പല ശൈലികളിലൂടെ ഞങ്ങൾ ഒരു ശബ്ദമായി മാറി. സമൂഹത്തിൽ നിന്നും തുടച്ചുനീക്കപ്പെടേണ്ട വിപത്തായ ഗാർഹിക പീഡനത്തിനെതിരായ കാഹളമായി മാറി അത്.

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും താങ്കൾ അക്കാദമിക മേഖലയിലേക്ക് തിരിച്ചുപോയി. എങ്ങനെയുണ്ടായിരുന്നു ആരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അനുഭവങ്ങൾ ?

ഫൈൻ ആർട്സിൽ മാസ്റ്റേഴ്സ് ചെയ്യാനുള്ള മോഹം അതാണ് എന്നെ എ.എസ്.യു.വിൽ എത്തിച്ചത്. അവിടത്തെ ആദ്യ ഇന്ത്യൻ വംശജയായ, ഭരതനാട്യ നർത്തകിയായ വിദ്യാർത്ഥിയായിരുന്നു ഞാൻ. ലിസ് ലെർമാൻ തുടങ്ങി വിശ്വവിഖ്യാതരായ കൊറിയോഗ്രാഫർമാരാണ് ഫാക്കൽറ്റികൾ. ഇന്ത്യൻ നൃത്തത്തിൽ മുഖം മനസ്സിന്റെ കണ്ണാടിയാണ്. എന്നാൽ പാശ്ചാത്യ നൃത്തരൂപങ്ങളിൽ ശരീരഭാഷയ്ക്കാണ് പ്രാധാന്യം. എനിക്ക് അതുമായി പൊരുത്തപ്പെടാൻ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. ശരീരത്തെ ഒരു 'ടൂൾ' ആയി കാണുന്നതോടെ നമുക്ക് അതുവരെ ഉണ്ടായ ലജ്ജയും ജാള്യതയും എല്ലാം മാറും. എ.എസ്.യുവിലെ ശാസ്ത്ര വിഭാഗവുമായി സഹകരിച്ച് പുതിയ ഒരുപാട് പരീക്ഷണങ്ങളുടെ ഭാഗമാകാൻ സാധിച്ചു. അതും ഭാഗ്യമായി. ഇപ്പോൾ ഞാൻ ഫൈൻ ആർട്സ് വിഭാഗത്തിൽ ഇന്ത്യൻ നൃത്തത്തെക്കുറിച്ച് ചെറിയരീതിയിൽ ക്ലാസ്സെടുക്കുന്നു.

ഭാവി സ്വപ്നങ്ങൾ?

നൃത്യബോധയുടെ ഏറ്റവും വലിയ സ്വപ്നമാണ് ശ്രേഷ്ഠരായ കലാകാരന്മാരുമായി സഹകരിച്ച് പുതിയ നൃത്താവിഷ്കാരങ്ങൾ ചെയ്യുക എന്നത്. ആദ്യഘട്ട പ്രവർത്തനങ്ങൾ ഞാൻ ആരംഭിച്ചു കഴിഞ്ഞു. ഭാവിയിൽ നൃത്യബോധ ഇത്തരം സഹകരണങ്ങളുടെ ഒരു മുഖ്യകേന്ദ്രമാവണം. അതാണ് എന്റെ സ്വപ്നം.

സുമനയുടെ സംഭാഷണം അവസാനിപ്പിച്ച് റാബേയുമായി സംസാരം തുടങ്ങി. ലോസ് ആഞ്ചലസിൽ പ്രവർത്തിക്കുന്ന എസ്പെരാൻസ കമ്മ്യൂണിറ്റി ഹൗസിംഗിന്റെ പോളിസി ഡയറക്ടറാണ് റാബേയ. നിർധനർക്ക് താമസസൗകര്യം കണ്ടെത്തുക, താങ്ങാവുന്ന നിരക്കിൽ വീടുകൾ നിർമ്മിച്ചുകൊടുക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, വർണ്ണവിവേചനത്തിനെതിരെയുള്ള പ്രവർത്തനം തുടങ്ങി നിരവധി മേഖലകളിൽ റാബേയ കർമ്മനിരതയാണ്.

വീട്ടിൽ ആരായിരുന്നു റാബേയയെ ഏറെ സ്വാധീനിച്ച വ്യക്തി?

ആദ്യമാദ്യം അമ്മ. ആരിസോണയിൽ ഗാർഹിക പീഡനത്തിനിരയായവരെ സഹായിക്കുന്ന ഒരു സംഘടന ആദ്യം തുടങ്ങിയത് അമ്മയാണ്; എഴുപതുകളിൽ. അമ്മയുടെ കരുത്തും മനസ്സാന്നിധ്യവും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പിന്നെ ചേച്ചി. വലുതാവുമ്പോൾ ഞാൻ ചേച്ചിയെ അനുകരിക്കാൻ ശ്രമിക്കുമായിരുന്നു. ഇവരുടെ രണ്ടുപേരുടെയും ചിന്തയും പ്രവർത്തനവും എന്ന് സ്വാധീനിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ തന്നെ ജോലി കിട്ടി സുരക്ഷിതമാകാനാണല്ലോഎല്ലാവരും ആഗ്രഹിക്കുക. ആ വഴിയ്ക്ക് തിരിഞ്ഞുനോക്കാതെ സാമൂഹിക സേവനത്തിലേക്ക് ശ്രദ്ധകൊടുക്കാൻ എന്തായിരുന്നു പ്രചോദനം?

ഞങ്ങൾ വളരുമ്പോഴും പലതരത്തിലുള്ള വിവേചനപരമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. വേട്ടയാടപ്പെടുന്നവർക്ക് കൈത്താങ്ങായി, അവരുടെ ശബ്ദമായി എന്തെങ്കിലും ചെയ്യണമെന്ന മോഹം ഉള്ളിലുണ്ടായിരുന്നു. പല പല ചെറിയ ജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് എസ്പെരാൻസയിൽ ഒഴിവുണ്ടെന്ന പരസ്യം കാണുന്നത്. സൗത്ത് ലോസ് ആഞ്ചലസിൽ, സ്വദേശികളായ ലത്തീനോ ആഫ്രിക്കൻ അമേരിക്കൻ വിഭാഗങ്ങളെ, വർഷങ്ങളായുള്ള സാമ്പത്തിക, സാമൂഹികചൂഷണത്തിൽ നിന്നും ആരോഗ്യപ്രശ്നങ്ങളിൽ നിന്നും മോചിതരാക്കാൻ മുപ്പതുവർഷത്തിലേറെയായി കഠിനമായി പ്രയത്നിക്കുന്ന സംഘടനയാണ് എസ്പരാൻസ. അവിടെ എത്തിപ്പെട്ടത് ഭാഗ്യമായി ഞാൻ കാണുന്നു.

സ്ഥിരം പ്രവർത്തന ശൈലിയിൽ നിന്നും മാറി കലയെ, കലാകാരന്മാരെ ഉൾപ്പെടുത്തി താങ്കൾ ആവിഷ്കരിച്ച പരിപാടികളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതാണ് 'Art As Liberation' അഥവാ കലയാണ് മോചനം, കല തന്നെ വിമോചനം. അതിനെക്കുറിച്ച് വിശദീകരിക്കാമോ?

സജീവമായി നൃത്തരംഗത്തില്ലെങ്കിലും നൃത്തവും സംഗീതവും എന്നും എന്റെ കൂടെയുണ്ട്. ഒരു ദിവസം സഹപ്രവർത്തകരുമായി ചായകുടിക്കുമ്പോഴാണ് ആർട്ട് ആസ് ലിബറേഷന്റെ ആശയം മനസ്സിലുദിച്ചത്. അമേരിക്കയുടെ നാനാ ഭാഗങ്ങളിലുള്ള ഒരുപാട് കലാകാരന്മാരെ എനിക്ക് പരിചയമുണ്ട്. പല വംശത്തിലുള്ളവർ, ഇന്ത്യക്കാർ, സ്പാനിഷ്, അമേരിക്കൻ, മെക്സിക്കൻ, ആഫ്രിക്കൻ... ഇവരെയൊക്കെ ഒരുമിച്ച് ഒരു വേദിയിലെത്തിച്ചാൽ അത് ചരിത്രമാവും എന്നുറപ്പായിരുന്നു. ഓരോരുത്തരുമായി ബന്ധപ്പെട്ടു. ഏകദേശം മുപ്പത് പേർ. രണ്ടുവർഷം നീണ്ട ആസൂത്രണങ്ങൾക്കൊടുവിൽ അത് യാഥാർത്ഥ്യമായി. രണ്ട് ദിവസം നീണ്ടു നിന്ന കൺവെൻഷൻ. എല്ലാവരും അവരവരുടെ സ്വന്തമായ രീതിയിൽ കലാ പ്രകടനങ്ങൾ നടത്തി. എന്നാൽ ആശയം ഒന്നായിരുന്നു. പാർശ്വവത്‌ക്കരിക്കപ്പെട്ടവർക്ക് ഒരു കൈത്താങ്ങ്, അത് സമൂഹത്തിന്റെ കടമയാണ്. ഇതായിരുന്നു ആശയം. ആർട്ട് ആസ് ലിബറേഷൻ എന്റെ മാത്രമല്ല, എന്റെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും കൂട്ടായ്മയുടെ ഫലമായാണ് വിജയിച്ചത്. കോവിഡ്19 എല്ലാം മാറ്റി മറിച്ചിരിക്കുന്നു. ലോകത്തിൽ ഒരു സന്തുലിതാവസ്ഥ കൊണ്ടുവരാൻ ഇനി ഭഗീരഥ പ്രയത്നം നടത്തേണ്ടി വരും. എൻ.ജി.ഒ കൾക്ക് വലിയ തോതിൽ ഈ യത്നത്തിൽ ഭാഗമാകേണ്ടി വരും.

യുവതലമുറയ്ക്ക് ഇതിൽ വലിയ പങ്ക് വഹിക്കാനുണ്ട്. അവരോട് താങ്കൾക്ക് എന്താണ് പറയാനുള്ളത്?

നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണ്. ഒറ്റയ്ക്കോ സംഘടനയുടെ ഭാഗമായോ സമൂഹത്തിന് നമുക്കാവുന്നത് ചെയ്യാം. ചെയ്യാനുള്ള മനസ്സാണ് ഏറ്റവും പ്രധാനം. അതുണ്ടെങ്കിൽ വഴികൾ താനേ തെളിയും. രബീന്ദ്രനാഥ ടാഗോറിന്റെ ഗാനത്തിന്റെ വരികളാണ് ഇപ്പോൾ എനിക്ക് ഓർമ്മ വരുന്നത് : ജോടോ തോർ ദാക് പുനെ കിവു നാ ആസോ നോബേ ആക്ള ചോലോ രേ (നിന്റെ വിളി കേൾക്കാൻ ആരുമില്ലെങ്കിലും, നീ ഒറ്റയ്ക്ക് തന്നെ മുന്നേറൂ!

Content Highlights: Aswathi V Nairs interview Series Natyakalayude Samoohyasastram Continues with Sumana and Rabeya