ഇന്ദുമേനോന്റെ ആത്മകഥ 'ഞാനൊരു പാവം ഗിഥാറല്ലെ, എന്തിനാണു നീയെന്നെ കഠാരകൊണ്ട് മീട്ടുന്നത്?' എന്ന പുസ്തകത്തിലെ 'വീട്ടുതടവറയിലെ കന്തേലത്തിരികളും മഞ്ഞണിക്കണിവിഷുവും' എന്ന ഭാഗത്തില്‍നിന്ന്. 

To advertise here,

'ഒരു അഞ്ഞൂറുര്‍പ്യ തര്‍വോ?' വിഷുക്കണിയൊരുക്കാനും ജപ്തിയായ വീട്ടിലിരുന്ന് അവസാനത്തെ സദ്യ ഉണ്ണാനുമായിരിക്കണം അവളങ്ങനെ ചോദിച്ചത്. ഞാനവളെ സൂക്ഷിച്ചു നോക്കി. പ്രത്യാശയുമില്ല, പ്രതീക്ഷയുമില്ല. മഞ്ഞക്കണിക്കൊന്നയെക്കാള്‍ വിളറിയ മുഖം. പി.എച്ച്.ഡിക്കാരിയാണ്. കരാര്‍ അധ്യാപനം മൂന്നു മാസം മുന്‍പേ അവസാനിപ്പിച്ചവളാണ്.

ഇതിനു മുന്‍പ് ലോക്ഡൗണ്‍ തീരാറായ ദിവസങ്ങളിലാണ് അവളെനിക്ക് ഫോണ്‍ ചെയ്തത്. മാരകമായ മരണചോദന, കഠിനവിഷാദം. ഒരു ഡോക്ടറുടെ അടുത്തേക്ക് അന്നു ഞാന്‍ അവള്‍ക്കൊപ്പം പോകേണ്ടിയിരുന്നു. സൈക്യാട്രിസ്റ്റിന്റെ മുന്നിലെത്തുംവരെ എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകുന്ന അസ്തിത്വപ്രതിസന്ധിയാണ് അവള്‍ക്കെന്നാണു ഞാന്‍ കരുതിയത്. പഠിപ്പുള്ള, ജോലിയുള്ള, ഇടത്തരം സാമ്പത്തികാവസ്ഥയുള്ള ഒരുവള്‍ കൊറോണക്കാലത്ത് നേരിടുന്ന എല്ലാര്‍ക്കുമുള്ള സ്വത്വപ്രതിസന്ധി. ഞാനും കടന്നുപോയ ഒന്ന്.

ആ പ്രതിസന്ധി തരണം ചെയ്തശേഷം എന്റെ ജീവിതം സമാധാനകരമായി. എന്നും അധികമായി ഔദ്യോഗികജോലികള്‍ ചെയ്തുകൊണ്ടിരുന്ന എന്റെ 16 വര്‍ഷ ജീവിതത്തിലെ ഏറ്റവും ജോലിക്കുറവുള്ള സമയമായിരുന്നു അത്. എഴുതാനും വായിക്കാനും ഇഷ്ടംപോലെ സമയം വന്നു. ഭര്‍ത്താവും മകളും മുംബൈയില്‍ കുടുങ്ങിപ്പോയതിനാല്‍ ഭര്‍ത്താവുവഴിയും മകള്‍ വഴിയുമുള്ള അധികജോലിഭാരം ഉണ്ടായതേയില്ല. 

മകനും ഞാനും അച്ഛനും മകന്റെ ബേബിസിറ്ററും അച്ഛന്റെ ഹോംനേഴ്‌സും ആറുമാസവും ഞങ്ങള്‍ക്കൊപ്പം ഉണ്ടായി. ഗാര്‍ഹികജോലികളും എന്നെ ബാധിച്ചില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ എഴുത്തുദിവസങ്ങളായിരുന്നു. സിനിമയും സംഗീതവും വരയും വായനയും എന്നെ എന്റെ കൗമാരകാലത്തെന്നവണ്ണം ആഹ്ലാദവതിയാക്കി. സ്വത്വവിഷാദങ്ങള്‍ എഴുത്തിലൂടെ പൂര്‍ണ്ണമായും ഒഴുകിപ്പോയി. ജനാഫ്രെസ്സും ഓര്‍മ്മകളും നരിച്ചീര്‍പ്പോരുമൊക്കെ നോവെല്ലകളായി. 

placeholder
പുസ്തകത്തിന്റെ കവര്‍

എന്നില്‍നിന്നും ജോലിയും തിരക്കും ഉത്തരവാദിത്വങ്ങളും തട്ടിയെടുത്ത എല്ലാ സമയവും സൗഭാഗ്യവും എനിക്ക് തിരികെക്കിട്ടി. തിരക്കുപിടിച്ച കഠിനജോലികള്‍ ഇല്ലാതായി. സമയം കിട്ടി. നാളുകള്‍ക്കുശേഷം കൂട്ടുകാരികളെ, ബന്ധുക്കളെ കോള്‍ ചെയ്തു. സംസാരിച്ചു. മകനൊപ്പം ഊഞ്ഞാലാടി... അതു പക്ഷേ, എന്നെപ്പോലെ അപൂര്‍വം ചില മനുഷ്യര്‍ക്കു ലഭിച്ച ഭാഗ്യമായിരുന്നു. ഗവണ്മെന്റ് ജോലിയും സഹായികളുമുള്ള മനുഷ്യര്‍ക്കു ലഭിക്കുന്ന വലിയ ഭാഗ്യങ്ങള്‍. ലോകം നേരിടുന്ന പ്രതിസന്ധിയും പ്രശ്‌നങ്ങളും എന്നെയും ആന്തരികമായി ബാധിച്ചിരുന്നെങ്കിലും പൊതുവേ പക്ഷേ, ഞാന്‍ സമാധാനജീവിതത്തിലാണ് എന്നെനിക്കു തോന്നിയിരുന്നു.

'രണ്ട് അബോഷന്‍... ഒമ്പതുപത്തു തവണ ഐ.പില്‍ ഉപയോഗം.'
അവള്‍ ഡോക്ടറോടു പറയുന്നതു കേട്ട് ഞാന്‍ ഞെട്ടിപ്പോയി. ഉള്ളുതകര്‍ന്ന ഒരു തൊണ്ടുപോലെ ദുര്‍ബലയായിരുന്നു അവള്‍. ലോകം മുഴുവന്‍ അസ്തിത്വസ്വത്വപ്രതിസന്ധികളില്‍ മുങ്ങി രസിക്കുമ്പോള്‍, ലഹരിപിടിച്ച് വേദനിക്കുമ്പോള്‍, അടിസ്ഥാനവര്‍ഗക്കാരും പാര്‍ശ്വവത്കൃതജനങ്ങളും സ്ത്രീകളും കടുത്ത പ്രശ്‌നങ്ങളിലായിരുന്നു എന്നതാണ് അവളുടെ കരച്ചിലിന്റെ അര്‍ഥം. 

ദാരിദ്ര്യവും സമാധാനജീവിതവും വീട്ടിലേക്കുള്ള പലായനയാത്രയുമായിരുന്നു ഒരുവശത്തെങ്കില്‍ അദൃശ്യമായി ആണ്‍കോയ്മയും ആണധികാരവും ആണ്‍ ആവശ്യങ്ങളും വീടുകളിലെ സ്ത്രീജീവിതത്തെ ദുരിതകരമാക്കി. ചിലത് നിസ്സാരമായി തകര്‍ത്തുകളഞ്ഞു. മരണംവരെ പുല്‌കേണ്ടിവന്നവയുമുണ്ടായിരുന്നു.

ലോകത്തെവിടെയുമുള്ള സ്ത്രീകള്‍ക്ക് ലോക്ഡൗണ്‍ അക്ഷരാര്‍ഥത്തില്‍ ലോക്ക് ചെയ്യപ്പെട്ട ജയില്‍ജീവിതമായിരുന്നില്ല, കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പായിരുന്നു. തടവറയിലാണ് എക്കാലത്തും സ്ത്രീ എന്നതില്‍ സംശയമൊന്നുമില്ല. ഇറങ്ങി നടക്കാനാവാത്തതോ ലോകം കാണാത്തതോ പുറത്തു പോയി കടല കൊറിച്ച് കടല്‍ കാണാത്തതോ ആയ സ്വത്വപ്രതിസന്ധികള്‍ അവളെ ബാധിച്ചിട്ടില്ലെന്നുവേണം പറയാന്‍. പ്രാഥമികവും അടിസ്ഥാനപരവുമായ പ്രതിസന്ധികളെയാണ് അവള്‍ നേരിടേണ്ടിവന്നിരുന്നത്. കൊറോണ അതിനെ കൂടുതല്‍ ആതുരമാക്കി.

എന്തെങ്കിലും വീട്ടുജോലിസഹായത്തിനു വന്നിരുന്നവര്‍ അവരുടെ വീടുകളില്‍ ഒതുങ്ങിപ്പോയി. ഒരു വീടിന്റെ മുഴുവന്‍ മേല്‍ക്കൂരയും അവളുടെ തലയില്‍ ഭാരം താങ്ങിനിന്നു. അനങ്ങിയാല്‍ കഴുത്തും തലയും ചിതറുന്ന അവസ്ഥ. ഒപ്പം പ്രത്യക്ഷപരോക്ഷ ഗാര്‍ഹികപീഡനങ്ങളും. ഇത് സ്‌നേഹസമ്പന്നകുടുംബത്തിലുള്ളവളും അല്പം പ്രിവിലേജ്ഡായ മധ്യവര്‍ഗക്കാരിയും വിദ്യാഭ്യാസമുള്ളവളുമായ സ്ത്രീയാണ്. ആംഗികമായും വാചികമായുമൊക്കെ ചീത്ത കിട്ടുന്നുണ്ട്. 'എനിക്ക് വീടൊരുക്കി കിലോമീറ്റര്‍ പോണായിരുന്നു ഓഫീസില്‍. വീടെടുത്തത് ഭര്‍ത്താവിന്റെ ഓഫീസിനടുത്താണ്. എത്രയോ കഷ്ടപ്പെട്ടിരുന്നു. പക്ഷേ, ഓഫീസൊരു സ്വര്‍ഗമായിരുന്നു എന്നുവേണം പറയാന്‍.' 

ലോക്ഡൗണില്‍ വീട്ടിലിരുന്നു മുഴുവന്‍ ഔദ്യോഗികജോലികളും ചെയ്യുമ്പോള്‍ത്തന്നെ പബ്ജി കളിക്കുന്ന ഭര്‍ത്താവിന് ഇടയ്ക്കിടെ ചായയും കടിയും നല്‌കേണ്ടിയിരുന്നു. അമ്മായിയച്ഛന് ഉച്ചയ്ക്ക് സ്‌പെഷ്യലും മക്കള്‍ക്ക് നാലുമണിപ്പലഹാരവും ഉണ്ടാക്കേണ്ടിവന്നു. പാചകത്തിനായി ഒരാളുമില്ലാതെ വലിയ പ്രയത്‌നമായിരുന്നു. കറിക്കഷണങ്ങള്‍ അരിഞ്ഞുകൊണ്ട്, ക്യാമറ ഓഫ് ചെയ്ത സൂം മീറ്റിങ്ങില്‍ ചെയ്തു. മീന്‍ നന്നാക്കിക്കൊണ്ടു വെബിനാറില്‍ പങ്കെടുത്തു. ശുചീകരണതൊഴില്‍ അതിലേറെ പ്രയാസകരമായി. സഹായി ഇല്ലാത്തതും കുട്ടികള്‍ നിരന്തരമായി വീടു വൃത്തികേടാക്കുന്നതും ഭര്‍ത്താവിനെ ചൊടിപ്പിക്കുന്നു. രണ്ടും മൂന്നും തവണ ശുചികരമാക്കേണ്ടത് അവളെന്ന വാക്വം ക്ലീനറാണ്.

പാചകം, അലക്ക്, ശുചീകരണം, ഇസ്തിരിയിടല്‍, ഒരു വീടും അവിടെ ജീവിക്കുന്ന മുഴുവന്‍ മനുഷ്യരും ലോക്ഡൗണില്‍ ഒരു സ്ത്രീയുടെ മേലേയാണ് സുഖിച്ചു ജീവിച്ചത് എന്നതാണു വാസ്തവം. ഭര്‍ത്താവിന്റെ ജൈവികചോദനകളെ ഉച്ചയ്ക്കും രാത്രിയിലും ഗുളിക വിഴുങ്ങുംപോലെ തിന്നേണ്ടി വന്നവരുമുണ്ട്. അത്തരമൊരു ഇരയാണ് എന്റെ കൂട്ടുകാരി. തന്റെ താത്പര്യങ്ങളെ റബ്ബറുറകളെ തടുക്കാനനുവദിക്കുകയില്ലെന്ന വാശിക്കാരന്‍. പുരുഷന്മാര്‍ തങ്ങള്‍ക്കുമേല്‍ രോഗമേല്പിച്ച മറ്റു വിനോദനിയന്ത്രണം വീട്ടിനകത്ത് പരമാവധി നിയന്ത്രണരഹിതമായി ഉപയോഗിച്ചു.

അടിസ്ഥാനവര്‍ഗങ്ങളിലേക്കും പാര്‍ശ്വവത്കൃതസമൂഹത്തിലേക്കും എത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായതായിക്കാണാം. റേഷന്‍കടകള്‍ക്കു മുന്‍പില്‍, പലചരക്കുകടയ്ക്കു മുന്‍പില്‍ നിരനില്ക്കുന്ന വലിയ ശതമാനം സ്ത്രീകള്‍. നിലവിലെ സ്ഥിതിയിലുമധികം വെള്ളം ആവശ്യമായി വന്നതിനാല്‍ ശേഖരിക്കാനായി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടിവന്ന സ്ത്രീകള്‍. തൊഴില്‍കൂടി നഷ്ടപ്പെട്ടതിനാല്‍ എത്രയോ അധികം പരിതാപകരമായി കാര്യങ്ങള്‍. റേഷനപ്പുറം ഭക്ഷണമില്ലാത്ത അവസ്ഥ. പോഷക/സമീകൃതാഹാരമെന്നത് വിദൂരസാധ്യത. 

മുംബൈയിലെ ഞങ്ങളുടെ ഫ്‌ളാറ്റില്‍ ശുചീകരണജോലി ചെയ്തിരുന്ന സ്ത്രീ എല്ലാ ദിവസവും ജോലിക്ക് തിരിച്ചുകയറട്ടെ എന്നു ചോദിക്കുമായിരുന്നു. ഒരു ദിവസം വിറളിപിടിച്ചപോലെ കരഞ്ഞു: 'ദീദീ, സാറിനോട് പറയൂ. എനിക്ക് വിശക്കുന്നു ദീദീ, വയ്യ ദീദീ.' എന്തൊരു സങ്കടത്തോടെയാണവര്‍ പറഞ്ഞത്. വീട്ടിലെല്ലാവരെയും ഊട്ടാന്‍ പെടാപ്പാടു പെടുന്ന അവര്‍ ഞങ്ങളുടെ വീട്ടില്‍ നിന്നും 11 മണിക്ക് കഴിച്ചിരുന്ന ഭക്ഷണമായിരിക്കും ഒരുപക്ഷേ അന്നു കഴിക്കുന്ന ഏകഭക്ഷണം. 

ഫ്‌ളാറ്റിലെ കോവിഡ് നിയന്ത്രണം ശക്തമായതിനാല്‍ അവളെ ജോലിയില്‍ പ്രവേശിപ്പിക്കാനുമാവില്ല. 2000 രൂപ ട്രാന്‍സ്ഫറില്‍ അവളുടെ വിശപ്പൊഴിച്ച് അനേക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നെനിക്ക് ഉറപ്പായിരുന്നു. തൊഴിലവസരമില്ലായ്മ, തൊഴില്‍ശേഷി നഷ്ടപ്പെടല്‍, ഗാര്‍ഹികജോലികളുടെയും നിലനില്പുജോലികളുടെയും അധികരണം, പോഷകാഹാരമില്ലായ്മ, ലൈംഗികപ്രക്രിയകളിലെ അമിതമായ ഇടപെടല്‍, ഗാര്‍ഹികമായ പീഡനങ്ങള്‍, സ്വത്വപ്രതിസന്ധികള്‍ തുടങ്ങി അനവധി സംഗതികളിലൂടെ, മാനസികവും ശാരീരികവുമായ പ്രതിസന്ധികളിലൂടെയായിരുന്നു ശരാശരി മധ്യവര്‍ഗ, അടിസ്ഥാനവര്‍ഗത്തിലെ സ്ത്രീകള്‍. 

മേല്‍ത്തട്ടിലെ സ്ത്രീകള്‍ക്ക് അല്പം ഇളവുകളുണ്ടായിരുന്നുവെങ്കിലും പുരുഷന്റെ സബാള്‍ട്ടേണ്‍ എന്റിറ്റി എന്ന പദവിയിലെ പ്രശ്‌നങ്ങള്‍ അവരും നേരിട്ടിരുന്നുവെന്നതാണു വാസ്തവം. എന്റെ സുഹൃത്ത് അനേകരിലൊരാള്‍ മാത്രം.

ഒരു വൈറസ്, യുദ്ധംപോലെ പല മനുഷ്യരെയും പല രീതിയില്‍ ബാധിച്ചു. ചിലരെ ഇല്ലാതാക്കി. ചിലരെ ഉണ്ടാക്കി. പക്ഷേ 99.99% സ്ത്രീകളും അധ്വാനിച്ചും ദുരിതമേറ്റും സ്വയം തീയായ് കത്തിയും കുടുംബത്തിനും ലോകത്തിനുംവേണ്ടി മാസങ്ങളായി കന്തേലപോലെ കത്തിയുരുകുന്നു. അവര്‍ നല്കിയ വെളിച്ചവും ജീവിതച്ചൂടും മാത്രമേ പ്രത്യാശാകരമായിട്ടുള്ളൂ. ഈ പ്രതിസന്ധിയെ നേരിടാന്‍ ഈ ഭൂലോകത്തില്‍ പെണ്മയല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല.

അവള്‍ക്ക് ഞാന്‍ 2000 രൂപതന്നെ സംഘടിപ്പിച്ചുകൊടുത്തു. 
'വിഷു പോയിട്ട് വെഷം വാങ്ങാന്‍ പൈശല്യ ഏച്ചീ...'
അത്രയേ കൊടുക്കാനെനിക്കുണ്ടായിരുന്നുള്ളൂ. കൊറോണക്കാലംകൊണ്ട് അടഞ്ഞുപോയ ആയിരം ജീവിതങ്ങളിലൊന്ന്. ഒരു കണിക്കൊന്നയും കണിവെള്ളരിയും മഞ്ഞപൂശാത്ത ഒന്ന്. എങ്ങനെയായിരിക്കും മനുഷ്യരുടെ വിഷു? എനിക്കെന്തോ സങ്കടം വന്നു. കൊഴിഞ്ഞുവീണ കൊന്നയിതളുപോലെ ഞാനും വാടി.