ബൈജു ചന്ദ്രന്‍ എഴുതിയ ജീവിതനാടകം: അരുണാഭം ഒരു നാടകകാലം എന്ന പുസ്തകത്തില്‍ നിന്നും...

To advertise here,

ആയിരം രൂപയാണ് ഒളിവില്‍ കഴിയുന്ന ആ വിപ്ലവകാരിയുടെ തലയ്ക്ക് സര്‍ക്കാര്‍ വിലപറഞ്ഞിരിക്കുന്നത്. പോലീസിന്റെ കൈയിലകപ്പെടാതെ അയാള്‍ക്ക് അന്നത്തേടമൊന്നു കഴിഞ്ഞുകൂടണം. നേരം സന്ധ്യയാകുന്നു. ഒടുവിലയാള്‍ ഒരു പഴയ സുഹൃത്തിന്റെ വീട്ടിലേക്ക് രണ്ടുംകല്‍പ്പിച്ചു കയറിച്ചെന്നു.
നല്ലവനായ ആ വീട്ടുകാരന് അയാളെ സഹായിച്ചാല്‍ക്കൊള്ളാമെന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. പക്ഷേ, ഒരുപാട് മുറികളുള്ള ആ വലിയ വീട്ടില്‍ ആകെ അസൗകര്യമാണ്. അയാള്‍ക്ക് അവിടെവെച്ചെന്തെങ്കിലും വന്നുപോയാല്‍ ആ സ്‌നേഹിതന്‍ പിന്നെ ജീവിച്ചിരിക്കുകയില്ല.

ഇനി എങ്ങോട്ടു പോകണമെന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് തൊട്ടടുത്തുള്ള കൊച്ചുകൂര അയാള്‍ കണ്ടത്. ഒരു പൊട്ടമണ്ണെണ്ണവിളക്കെരിയുന്നുണ്ട്. അങ്ങോട്ട് കയറിച്ചെന്നു. കുടിലില്‍നിന്നിറങ്ങിവന്ന വയസ്സനോട് അടക്കത്തില്‍ പേരു പറഞ്ഞു, ചെന്ന കാര്യവും.
'അയ്യോ, അതിനെന്താന്നാ...' എന്ന് ആഹ്ലാദത്തോടെ പറഞ്ഞുകൊണ്ട് ആ മൂത്ത പുലയന്‍ അകത്തേക്കോടി.

അല്‍പ്പം കഴിഞ്ഞ് ആ മനുഷ്യന്‍ പുറത്തു വന്ന് അയാളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കുടിലിനകത്ത് ഒരു ഭാഗത്ത് ഒരു ചിക്കുപായ അടിയില്‍ വിരിച്ച് അതിന്റെ പുറത്ത് പുട്ടില്‍ ഇട്ട് ഭംഗിയായി ഒരു കിടക്ക ഒരുക്കിയിരിക്കുന്നു. ആ കര്‍ഷകത്തൊഴിലാളി കത്തിച്ചുകൊടുത്ത ബീഡി വലിച്ചുകൊണ്ട് പുതുനെല്ലിന്റെ മണമുള്ള പായയില്‍ അയാള്‍ മലര്‍ന്നു കിടന്നു. ഉറക്കം വരുന്നില്ല. ഓരോന്നാലോചിച്ചുകൊണ്ട് അങ്ങനെ കിടന്നു.

കുറെക്കഴിഞ്ഞപ്പോള്‍ അയാളുടെ പുറത്ത് ചൂടുതട്ടുന്നതുപോലെ. തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി. ചൂട് കൂടിക്കൂടി വരുന്നതേയുള്ളൂ. അയാള്‍ ചാടിയെണീറ്റു. തീപ്പെട്ടി കത്തിച്ച് അവിടമാകെയൊന്ന് പരിശോധിച്ചു...

അന്ന് അത്താഴം വെച്ച അടുപ്പുകല്ല് പിഴുതുമാറ്റി, കനലുകള്‍ വാരിക്കളഞ്ഞിട്ട് വെള്ളം കോരിയൊഴിച്ചു തണുപ്പിച്ച് അതിന്റെ പുറത്തു ചിക്കുപായയും പുട്ടിലുമിട്ട് അയാള്‍ക്കുവേണ്ടി കിടക്കയൊരുക്കിയിരിക്കുകയാണ്! അയാളുടെ കണ്ണു നിറഞ്ഞുപോയി.

കിടന്നിട്ടുറങ്ങാന്‍ കഴിയുന്നില്ല. വല്ലാതെ വീര്‍പ്പുമുട്ടുന്നതുപോലെ. നേരം വെളുത്തു. അയാള്‍ വായിക്കാനൊരു പുസ്തകമെടുത്തു മറിച്ചു. പത്തു വരി കഴിയുന്നതിനു മുമ്പ് അയാളത് മടക്കിവെച്ചു. ഹൃദയമങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്. എന്താണെന്നു തിരിച്ചറിയാന്‍ വയ്യാത്ത ഒരസ്വസ്ഥത. എന്തെങ്കിലും എഴുതണമെന്നയാള്‍ക്കു തോന്നി.

പേനയും കടലാസും തപ്പിയെടുത്തു. ആ കൊച്ചുകുടിലിന്റെ മേയാത്ത മേല്‍ക്കൂരയ്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിന്റെ കീറിലിരുന്ന് അയാള്‍ എഴുതാന്‍ തുടങ്ങി...

വൈദ്യനാകാന്‍ പുറപ്പെട്ട് വിപ്ലവകാരിയായിത്തീരുകയായിരുന്നു തോപ്പില്‍ ഭാസി. ആത്മസഖാവായ കാമ്പിശ്ശേരി കരുണാകരനുമായി ചേര്‍ന്നു നടത്തിയ ബാല്യകാലസാഹസങ്ങളായ ഭ്രാന്തന്റെ പരമാര്‍ത്ഥം നാടകവും ഭാരതത്തൊഴിലാളി കൈയെഴുത്തുമാസികയുമൊക്കെയാണ് അവരിരുവരിലെയും നടനെയും എഴുത്തുകാരനെയും ഉരുവപ്പെടുത്തിയത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള നിയമലംഘനവും ജയില്‍വാസവും ഉള്‍പ്പെടെ എല്ലാ സാഹസികകൃത്യങ്ങളിലും തീരേ ചെറുപ്പംമുതല്‍ക്കുതന്നെ അവരൊരുമിച്ചായിരുന്നു. തിരുവനന്തപുരത്തെ സംസ്‌കൃതകോളേജില്‍ പഠിക്കുമ്പോള്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സമരത്തില്‍ പങ്കെടുത്തു ജയിലില്‍ പോയ കാമ്പിശ്ശേരി, ഒരു കമ്യൂണിസ്റ്റ് വിശ്വാസിയായിട്ടാണ് പുറത്തിറങ്ങിയത്.

സംസ്‌കൃതത്തില്‍ ശാസ്ത്രിപരീക്ഷ പാസായശേഷം വൈദ്യം പഠിക്കാന്‍ തിരുവനന്തപുരത്തു പോയ ഭാസി അവിടെ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിന്റെ തീപ്പൊരിനേതാവായി. ഭാസി നടത്തിയ നിരാഹാരസമരത്തിലൂടെയാണ് ആയുര്‍വ്വേദവിദ്യാര്‍ത്ഥികളുടെ നെടുനാളത്തെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടത്. തുടര്‍ന്ന് ഭാസിയെ കോളേജില്‍നിന്നു പുറത്താക്കിയെങ്കിലും വിദ്യാര്‍ത്ഥിപ്രക്ഷോഭങ്ങള്‍ക്കു മുമ്പില്‍ അധികൃതര്‍ക്കൊടുവില്‍ മുട്ടുകുത്തേണ്ടിവന്നു.
1947 ഓഗസ്റ്റ് 15ന് ഭാസി ജയിലിലായിരുന്നു. പുറത്തുവന്ന ഭാസിക്ക് അധികാരത്തിലേറിയ കോണ്‍ഗ്രസ്സിന്റെ മാറ്റങ്ങളോട് പൊരുത്തപ്പെടാനായില്ല. ഭാസിയും കാമ്പിശ്ശേരിയും പോറ്റിസാറുമൊക്കെ സംഘടനയില്‍നിന്നകന്നു. 1948ലെ ആദ്യത്തെ തിരഞ്ഞെടുപ്പില്‍, കരുനാഗപ്പള്ളിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞിനെതിരേ (ഉത്തരവാദപ്രക്ഷോഭകാലത്ത് സര്‍ സി.പിയുടെ ആളായി സമരക്കാരെ ഭീകരമായി മര്‍ദ്ദിക്കുന്നതിന് നേതൃത്വം കൊടുത്തയാളാണ് പി.കെ. കുഞ്ഞ്.) അവരെല്ലാവരും ചേര്‍ന്ന് ബീഡിത്തൊഴിലാളിയായ ടി.എ. മൈതീന്‍കുഞ്ഞിനെ നിറുത്തി ജയിപ്പിച്ചു. അപ്പോഴേക്കും ഭാസിയുടെ മനസ്സില്‍ കാമ്പിശ്ശേരി പകര്‍ന്നുകൊടുത്ത കമ്യൂണിസ്റ്റാശയങ്ങള്‍ വേരൂന്നിക്കഴിഞ്ഞിരുന്നു. ഭാസിയെ തേടി ഒളിവിലിരിക്കുന്ന വിപ്ലവകാരിയായ പുതുപ്പള്ളി രാഘവന്‍ എത്തുന്നത് അപ്പോഴാണ്.

ദേശീയസ്വാതന്ത്ര്യസമരത്തിന്റെയും തിരുവിതാംകൂര്‍ ഉത്തരവാദപ്രക്ഷോഭത്തിന്റെയും തീച്ചൂളയിലൂടെ കടന്നുവന്ന പുതുപ്പള്ളി ഭാസിയെ കൊണ്ടുപോയത് ഒരു കര്‍ഷകത്തൊഴിലാളിയുടെ കുടിലില്‍ ഒളിവിലിരിക്കുന്ന ആര്‍. ശങ്കരനാരായണന്‍ തമ്പിയുടെ അടുത്തേക്കാണ്. എണ്ണക്കാട്ട് കൊട്ടാരത്തിലെ പുരോഗമനചിന്താഗതിക്കാരനായ രാമവര്‍മ്മത്തമ്പുരാന്റെ മൂത്ത പുത്രനായ തമ്പി യൂത്ത് ലീഗിന്റെയും സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ റാഡിക്കല്‍ ഗ്രൂപ്പിന്റെയും നേതാവും സര്‍ സി.പി., ദിവാന്‍പ്രസിഡന്റായിരുന്ന നിയമസഭയില്‍ അംഗവുമായിരുന്നു. കമ്യൂണിസ്റ്റുകാരായ തമ്പിസാറും പുതുപ്പള്ളിയും ഭാസിയോട് ചുറ്റുപാടും നിലവിലിരുന്ന നീതികേടുകളെക്കുറിച്ചും അതിനിരകളായിത്തീര്‍ന്ന അധഃസ്ഥിതവര്‍ഗ്ഗത്തെക്കുറിച്ചും അവരുടെ മൃഗതുല്യമായ അവസ്ഥയെക്കുറിച്ചും പറഞ്ഞുകൊടുത്തു.

പാടത്തും പറമ്പിലും മഴയും വെയിലും കൊണ്ടു പണി ചെയ്തിരുന്ന അടിയാന്മാര്‍ക്ക് അന്നു കിട്ടിയിരുന്നത് രണ്ടു നേരം ഓരോ ഉഴക്കു കഞ്ഞി മാത്രമായിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ എണ്ണക്കാട്ടുഗ്രാമത്തില്‍ തമ്പുരാന്‍ എന്ന ജന്മി, പാട്ടഭൂമിയില്‍നിന്നും കുടിയൊഴിയില്ലെന്നു ധിക്കാരം പറഞ്ഞ അടിയാനെ ശിക്ഷിച്ചത്, പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളെയെല്ലാംകൂടി ഒരൊറ്റ കയറില്‍ വരിഞ്ഞുകെട്ടി പൊതുനിരത്തിലൂടെ നടത്തിക്കൊണ്ടാണ്. തോക്കിന്റെ പാത്തികൊണ്ട് അവരുടെ നടുവിന് ഇടിച്ചുകൊണ്ട് പോലീസുകാരും തമ്പുരാന്റെ ഗുണ്ടകളോടൊപ്പം പിന്നില്‍ നടക്കുന്നുണ്ടായിരുന്നു. ഈ ഭീകരസംഭവത്തിനെതിരേ കര്‍ഷകത്തൊഴിലാളികളെയും അധഃസ്ഥിതവര്‍ഗ്ഗക്കാരെയും സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത് ശങ്കരനാരായണന്‍ തമ്പിയും സഹോദരങ്ങളായ സുഭദ്രാമ്മ, രാധമ്മ, രാമകൃഷ്ണന്‍ തമ്പി, രാജശേഖരന്‍ തമ്പി, വേലായുധന്‍ തമ്പി എന്നിവരുമാണ്.

എണ്ണക്കാടിന്റെ അടുത്തുള്ള വള്ളികുന്നത്തും ശൂരനാട്ടുമൊക്കെ ഇതിന്റെ അലയൊലികളുണ്ടായി. പുതുപ്പള്ളി രാഘവനും തോപ്പില്‍ ഭാസിയും ചേലക്കാട്ടേത്ത് കുഞ്ഞിരാമനും മറ്റും ചേര്‍ന്ന് കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടകവും തുടങ്ങി. തുടര്‍ന്നാണ് ശൂരനാട്ടുസംഭവമുണ്ടാകുന്നത്.

ശൂരനാട്ടെ അര്‍ദ്ധപട്ടിണിക്കാരായ പാവപ്പെട്ട നാട്ടുകാര്‍ മീന്‍ പിടിച്ചിരുന്നത് ഗ്രാമത്തിന്റെ പൊതുസ്വത്തായ ഉള്ളന്നൂര്‍ കുളത്തില്‍നിന്നായിരുന്നു. നാട്ടിലെ പ്രധാന ജന്മിമാരായ തെന്നലക്കാര്‍ അവരുടെ ആശ്രിതനെക്കൊണ്ട് കുളത്തിലെ മത്സ്യം മുഴുവന്‍ ലേലത്തില്‍പ്പിടിച്ചു. നാട്ടുകാര്‍ക്ക് മീന്‍ പിടിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പോലീസുകാരുടെ പിന്തുണയോടെ ഏര്‍പ്പെടുത്തിയ വിലക്കുകളെയെല്ലാം ലംഘിച്ചുകൊണ്ട് നാട്ടുകാര്‍ കുളത്തിലിറങ്ങി മീന്‍ പിടിച്ചു.

1949 ഡിസംബര്‍ 31: ഏതാണ്ട് അര്‍ദ്ധരാത്രിയോടടുത്തപ്പോള്‍ ഒരുസംഘം പോലീസുകാര്‍ ശൂരനാട് ഗ്രാമം വളഞ്ഞു. മത്സ്യം പിടിക്കാന്‍ നേതൃത്വം കൊടുത്തവരെ തിരഞ്ഞ് അവര്‍ വീടുകള്‍ കയറിയിറങ്ങി. അറസ്റ്റുണ്ടായേക്കുമെന്ന ഭീഷണിയുണ്ടായിരുന്നതുകൊണ്ട് പുരുഷന്മാരൊക്കെ വീടുകളില്‍നിന്ന് അങ്ങോട്ടുമിങ്ങോട്ടുമൊക്കെയായി മാറിനില്‍ക്കുകയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു. ഇതറിഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറി നിന്ന പുരുഷന്മാരെല്ലാം പാഞ്ഞെത്തി. തുടര്‍ന്നവിടെ നടന്ന സംഘട്ടനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മാത്യുവും നാല് കോണ്‍സ്റ്റബിള്‍മാരും കൊല്ലപ്പെട്ടു.

പിറ്റേന്നു പുതുവര്‍ഷദിനത്തില്‍ ഉന്നതോദ്യോഗസ്ഥന്മാരോടൊപ്പം സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പറവൂര്‍ ടി.കെ. നാരായണപിള്ള തെന്നലവീട്ടില്‍വെച്ചു പ്രഖ്യാപിച്ചു:
'ശൂരനാടെന്നൊരു നാടിനി വേണ്ട!'

കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടെന്നുള്ള പ്രഖ്യാപനവും പിറകേ വന്നു. പോലീസ് കസ്റ്റഡിയിലെടുത്ത തണ്ടാശ്ശേരി രാഘവന്‍, കളയ്ക്കാട്ടുതറ പരമേശ്വരന്‍ നായര്‍, മഠത്തില്‍ ഭാസ്‌കരന്‍ നായര്‍, പുരുഷോത്തമക്കുറുപ്പ്, പായിക്കാട്ട് ഗോപാലപിള്ള എന്നിവര്‍ ലോക്കപ്പില്‍വെച്ചു മരിച്ചു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന തോപ്പില്‍ ഭാസി ഉള്‍പ്പെടെ ഇരുപത്താറുപേരെ പ്രതിചേര്‍ത്തു കേസെടുത്തു. ഒളിവില്‍ പോയവരുടെ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ പലരും പോലീസിന്റെ ക്രൂരതയ്ക്കിരകളായി. പ്രതികളുടെ വീടുകള്‍ ഇടിച്ചുനിരത്തി. ഭാസിയുടെ മാതാപിതാക്കളെ വീട്ടില്‍നിന്നിറക്കിവിട്ടു. അവര്‍ക്ക് അഭയം കൊടുക്കുന്നതില്‍നിന്നും മറ്റു സഹായങ്ങള്‍ ചെയ്യുന്നതില്‍നിന്നും ബന്ധുക്കളെയും നാട്ടുകാരെയും വിലക്കി. ഒടുവില്‍ ഓച്ചിറ പടനിലത്തില്‍ അഭയം കണ്ടെത്തിയ അവര്‍ അനാഥരെപ്പോലെ അവിടെ കഴിഞ്ഞുകൂടി.

തുടര്‍ന്നുള്ള രണ്ടുവര്‍ഷക്കാലം മദ്ധ്യതിരുവിതാംകൂറിലെ ഗ്രാമപ്രദേശങ്ങളിലുള്ള അനവധി വീടുകളില്‍ ഒളിവില്‍ കഴിഞ്ഞുകൊണ്ട് ഭാസി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു. അവയിലേറേയും കീഴാളരുടെ കുടിലുകളായിരുന്നു. അധഃസ്ഥിതവര്‍ഗ്ഗത്തിന്റെ ജീവിതം നേരില്‍ക്കണ്ട്, അവരുടെ കഷ്ടപ്പാടുകള്‍ അനുഭവിച്ചറിഞ്ഞ ഭാസി ഇനി എഴുതാതെ വയ്യ എന്ന അവസ്ഥയിലെത്തി. കര്‍ഷകത്തൊഴിലാളിയായ ചാത്തന്‍പുലയനും ജന്മിത്തമ്പുരാനും തമ്മിലുള്ള സംഘര്‍ഷം പ്രമേയമാക്കി മുന്നേറ്റം എന്ന ഏകാങ്കമെഴുതിയത് അങ്ങനെയാണ്.

നാടകത്തിന്റെ കൈയെഴുത്തുപ്രതിയുമായി അന്ന് ഒളിവിലിരിക്കുന്ന ഭാസിയും ശങ്കരനാരായണന്‍ തമ്പിയുംകൂടി സൈക്കിളില്‍ ഒരു നട്ടുച്ചനേരത്ത് ചവറയിലുള്ള ഒ.എന്‍.വി. കുറുപ്പിന്റെ വീട്ടില്‍ ചെന്നു. അന്ന് ഒ.എന്‍.വി. കൊല്ലം എസ്.എന്‍. കോളജിലെ വിദ്യാര്‍ത്ഥിയാണ്. നാടകം വായിച്ചുകേള്‍പ്പിച്ച ഭാസി അതൊന്നച്ചടിച്ചു കാണണമെന്നാഗ്രഹം പ്രകടിപ്പിച്ചു. ഒ.എന്‍.വി. മുന്‍കൈയെടുത്ത് പി.കെ. ശിവശങ്കരപ്പിള്ളയുടെ പത്രാധിപത്യത്തില്‍ തിരുവനന്തപുരത്തുനിന്നു പുറത്തിറങ്ങിയിരുന്ന വിശ്വകേരളം എന്ന വാരികയില്‍ പ്രസിദ്ധീകരിച്ചു, സോമന്‍ എന്ന തൂലികാനാമത്തില്‍.
പിന്നീട് ആ ഏകാങ്കം അന്നാളുകളിലെ രാഷ്ട്രീയസംഭവങ്ങള്‍ പശ്ചാത്തലമാക്കിക്കൊണ്ട് ഒരു മുഴുനീളനാടകമായി ഭാസി വികസിപ്പിച്ചു. തന്റെ അനുഭവങ്ങള്‍കൂടി സന്നിവേശിപ്പിച്ചുകൊണ്ട് കൂടുതല്‍ നാടകീയസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുമൊക്കെ ചേര്‍ത്ത് വിപുലീകരിച്ചെഴുതിയ നാടകത്തിന് പുതിയൊരു പേരുമിട്ടു, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി.

ശൂരനാട് പ്രതികളുടെ കേസ് നടത്താനായി തമ്പിസാറും പോറ്റിസാറും മുന്‍കൈയെടുത്തുണ്ടാക്കിയ ഡിഫന്‍സ് കമ്മിറ്റിക്ക് പണം കണ്ടെത്തേണ്ടത് അത്യാവശ്യമായിരുന്നു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി പുസ്തകമായി പ്രസിദ്ധീകരിച്ചത് അതിനുവേണ്ടിയായിരുന്നു. ജനയുഗം പത്രത്തിന്റെ തുടക്കക്കാരിലൊരാളായ 'പാഞ്ചേട്ടന്‍' എന്നു വിളിക്കുന്ന കെ.എന്‍. പങ്കജാക്ഷന്‍ പിള്ളയും എം.എന്‍. ഗോവിന്ദന്‍ നായരുടെ സഹോദരന്‍ എം.എന്‍. രാമചന്ദ്രന്‍ നായരുംകൂടി കൊല്ലത്താരംഭിച്ച അലൈഡ് ഏജന്‍സീസായിരുന്നു പ്രസാധകര്‍. അന്നൊക്കെ നാടകപുസ്തകങ്ങളില്‍ നാടകത്തിലെ പാട്ടുകള്‍കൂടി ചേര്‍ക്കുന്ന പതിവുണ്ടായിരുന്നു. ഭാസിയുടെ ആവശ്യപ്രകാരം ഒ.എന്‍.വി. എഴുതിയ രണ്ടു പാട്ടുകളുംകൂടി ഉള്‍പ്പെടുത്തിയാണ് 'സോമന്‍' രചിച്ച ഗദ്യനാടകം പുറത്തിറങ്ങിയത്.

ആ കാലത്താണ് കെ.പി.എ.സിയുടെ ജനനവും എന്റെ മകനാണ് ശരിയുടെ അരങ്ങേറ്റവുമൊക്കെ നടക്കുന്നത്. അതിനെക്കുറിച്ചറിഞ്ഞ ഭാസിക്ക് ഒരാഗ്രഹം തോന്നി. ഒന്നല്ല, രണ്ടാഗ്രഹങ്ങള്‍. നാടകമൊന്നു കാണണം എന്നതായിരുന്നു അതിലെ ആദ്യത്തേത്. അന്നത്തെ കാലാവസ്ഥയില്‍ അതൊരത്യാഗ്രഹംതന്നെയായിരുന്നു. കുണ്ടറയില്‍ നാടകം കളിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഭാസി തന്റെ ആഗ്രഹം എം.എന്‍. ഗോവിന്ദന്‍ നായരോടു പറഞ്ഞു. ആദ്യം എം.എന്‍. വഴക്കു പറയുകയാണ് ചെയ്തത്. കാരണം, ഭാസിയെ പിടിക്കാന്‍ പോലീസ് നാടു മുഴുവന്‍ വലവിരിച്ചിരിക്കുകയായിരുന്നു. പക്ഷേ, ഭാസിയുടെ മുഖത്തെ മ്ലാനത കണ്ടപ്പോള്‍ എം.എന്റെ മനസ്സലിഞ്ഞു. ഒരു കാര്‍ ഏര്‍പ്പാട് ചെയ്തുകൊടുത്തിട്ട് പൊയ്‌ക്കൊള്ളാന്‍ അനുവദിച്ചു. ഭാസി കൊട്ടകയുടെ അടുത്തു ചെന്നിറങ്ങിയപ്പോള്‍ അവിടെ പോലീസിന്റെ ഒരു വന്‍ പടയെയാണു കണ്ടത്.

ഭാസിയെ കണ്ട ജനാര്‍ദ്ദനക്കുറുപ്പും രാജഗോപാലന്‍ നായരും മൈതീന്‍കുഞ്ഞുമൊക്കെ ആദ്യമൊന്ന് പരിഭ്രമിച്ചു. കാരണം, എല്ലാ ഗേറ്റിലും പോലീസാണ്. അന്നവിടെ എന്തോ ബഹളം നടക്കുമെന്നുള്ള അറിവു കിട്ടിയതിനെത്തുടര്‍ന്നാണീ ബന്തവസ്സ്. നടിമാര്‍ സ്റ്റേജിലേക്കു പോയതിന്റെ പിറകേ ഭാസി മെല്ലെ നടന്നു. എല്ലാവരുടെയും കണ്ണുകള്‍ നടിയുടെ മുഖത്തായിരിക്കുമെന്നുള്ളതുകൊണ്ട് ആരും ശ്രദ്ധിക്കില്ലല്ലോ. അകത്തു ചെന്ന്, സ്റ്റേജിന്റെ പിറകിലെ ഭിത്തിയില്‍ ചാരി റെക്കോഡ് സംഗീതം കേള്‍ക്കുന്നതുപോലെ നിന്നു. അപ്പോള്‍ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ അങ്ങോട്ടേക്കു വന്ന് ഭാസിയുടെ മുഖത്തേക്കുതന്നെ കുറച്ചു നേരം സൂക്ഷിച്ചു നോക്കി! പരിഭ്രമത്തിന്റെ നിമിഷങ്ങള്‍! അയാള്‍ അവിടെനിന്നു പോയപ്പോള്‍ കുറുപ്പ് ഭാസിയെ പിന്നണിസംഗീതക്കാരൊക്കെ ഇരിക്കുന്ന ഭാഗത്തൊരിടത്തു കൊണ്ടുപോയി നിറുത്തി.

പക്ഷേ, പോലീസ് വളയുകയാണെങ്കില്‍ അവിടെനിന്നു രക്ഷപ്പെടാന്‍ കുറച്ചു ബുദ്ധിമുട്ടായിരുന്നു. കാരണം, ഒരിടനാഴിപോലെയാണ് അവിടെനിന്നും പുറത്തേക്കുള്ള വഴി. തിയേറ്ററിന്റെ ചുറ്റുമാണെങ്കില്‍ വലിയ മതിലുകളും. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ സമിതിയുടെ ചുമതലക്കാരനായ പൂജപ്പുര കൃഷ്ണന്‍ നായരെ ഭാസി ഏര്‍പ്പാടു ചെയ്തു. നാടകം തുടങ്ങി. പക്ഷേ, നാടകം കാണാനുള്ള ഭാസിയുടെ മോഹം അപ്പോഴേക്കും നശിച്ചിരുന്നു.

'റോഡിലിറങ്ങിക്കിട്ടിയാല്‍ മതിയെന്നായി എനിക്ക്. എന്റെ കണ്ണ് എപ്പോഴും പിന്‍വശത്തെ വാതില്‍ക്കലേക്കാണ് പോവുക. ആണുങ്ങളുടെ മേക്കപ്പ് റൂമില്‍നിന്ന് കെ.എസ്. ജോര്‍ജും പെണ്ണുങ്ങളുടെ മേക്കപ്പ് റൂമില്‍നിന്ന് സുലോചനയും ഇറങ്ങിവന്നു. ജോര്‍ജിനെ കണ്ടപ്പോഴത്തെ എന്റെ വിചാരം, ഈ കറുത്ത നീര്‍ക്കോലിപോലത്തെ ചെറുക്കന്‍ എങ്ങനെ നാടകം കളിക്കുമെന്നാണ്.

രാജഗോപാലന്‍ നായര്‍ വന്ന് പിന്നണിമൈക്കില്‍ക്കൂടി നാടകം തുടങ്ങുന്ന വിവരം പ്രഖ്യാപിച്ചു. ജോര്‍ജും സുലോചനയും തര്‍പ്പണത്തിനിരിക്കുന്നമാതിരി മൈക്കിന്റെ പിന്നില്‍ മുട്ടുകുത്തിയിരുന്നു. അഭിവാദനഗാനത്തിനുള്ള ഒരുക്കമാണ്. ഞാന്‍ പാട്ടു കേള്‍ക്കാന്‍ ചെവി വട്ടംപിടിച്ചുകൊണ്ട് അറിയാതെ മുന്നോട്ടു നീങ്ങിനിന്നു.

സുലോചന തലതിരിച്ച് എന്നെ ഒന്നു നോക്കി. മുഖം ചുളിച്ചു. വെറുപ്പിന്റെ ഒരു നാടകീയനോട്ടം. സുലോചനാദേവിക്ക് എന്റെ നില പിടിക്കുന്നില്ലെന്നു മനസ്സിലാക്കിയതോടെ ഞാന്‍ പിന്നോട്ടിറങ്ങിനിന്നു. അപ്പോള്‍ ജോര്‍ജിന്റെ ദൃഷ്ടിയില്‍ ഞാന്‍ പെട്ടു.
'നിങ്ങളേതാണ്?' ഗായകന്റെ ചോദ്യം.

'ഞാന്‍ വിഷമിച്ചു. ഒന്നും മിണ്ടാതെ ഞാന്‍ രണ്ടടികൂടി ഇറങ്ങിനിന്നു. അയാളുടെ വിചാരം ഞാന്‍ പെണ്ണുങ്ങളെ നോക്കാന്‍ ചെന്നു നില്‍ക്കുന്ന ഒരു വായ്‌നോക്കി -അത്തരക്കാര്‍ ഇപ്പോഴുമുണ്ടല്ലോ -ആണെന്നായിരിക്കും.  കുറുപ്പുചേട്ടന്‍ പെട്ടെന്ന് ഓടിവന്നു പറഞ്ഞു, 'നമ്മുടെ ആളാണ്. അവിടെ നിന്നോട്ടെ.'

'അങ്ങനെ ഞാനവിടെ നിന്ന് അവരുടെ പാട്ടു കേട്ടു. അവരോടെനിക്ക് അസുഖം തോന്നിയെങ്കിലും അവരുടെ പാട്ടുകള്‍ എനിക്കിഷ്ടപ്പെട്ടു. അപ്പോഴും എന്റെ മനസ്സിന്റെ പകുതി തിയേറ്ററിന്റെ പിന്നിലെ വാതില്‍ക്കലാണ്.'

നാടകം മുഴുവന്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ രണ്ടാമത്തെ ആഗ്രഹം ജനാര്‍ദ്ദനക്കുറുപ്പിനെയും രാജഗോപാലന്‍ നായരെയും അറിയിച്ചിട്ടാണ് ഭാസി മടങ്ങിപ്പോയത്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി കെ.പി.എ.സി. അവതരിപ്പിക്കണമെന്നുള്ളതായിരുന്നു അത്. എന്റെ മകനാണ് ശരിയുമായി ഒരു സാദൃശ്യം ഭാസിയുടെ നാടകത്തിനുണ്ടായിരുന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ജന്മികുടുംബത്തിലെ കാരണവരും അയാളുടെ കമ്യൂണിസ്റ്റുകാരനായ മകനും തമ്മിലുള്ള ആശയസംഘട്ടനമായിരുന്നു ഭാസിയുടെ നാടകത്തിന്റെയും പ്രധാന പ്രമേയം. അന്ന് നാടകം പുസ്തകരൂപത്തിലിറങ്ങിയിരുന്നില്ല. നാടകം വായിച്ചിട്ടില്ലാത്തതുകൊണ്ട് കുറുപ്പും രാജഗോപാലന്‍ നായരും പെട്ടെന്നൊരു മറുപടി ഭാസിയോടു പറഞ്ഞില്ല.

കുണ്ടറയിലെ നാടകം കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ആ കൊല്ലത്തെ ഓണമെത്തി. ഭാര്യയെയും മൂന്നുമാസം പ്രായംചെന്ന കുഞ്ഞിനെയും കാണാന്‍ പല്ലനയിലെ ഭാര്യവീട്ടിലെത്തിയ ഭാസിയെ ചതയത്തിന്റെയന്ന് പോലീസ് അറസ്റ്റുചെയ്തു. രാഷ്ട്രീയരംഗത്ത് കോളിളക്കം സൃഷ്ടിച്ച അറസ്റ്റായിരുന്നു അത്.

ഏതാണ്ട് നാല്‍പ്പതോളം സ്റ്റേജുകളില്‍ കളിച്ചതിനുശേഷം എന്റെ മകനാണ് ശരിയുടെ അവതരണം അവസാനിപ്പിക്കാന്‍ കെ.പി.എ.സി. തീരുമാനിച്ചു. രാജഗോപാലന്‍ നായരുടെ സ്വന്തം നാടായ പുനലൂരിലായിരുന്നു അവസാനത്തെ അരങ്ങ്.

നാടകം കഴിഞ്ഞ് അവിടെവെച്ച് കെ.പി.എ.സിയുടെ കമ്മിറ്റി കൂടി. സമിതിയുടെ ഭാവിയെ സംബന്ധിക്കുന്ന ചില പ്രധാന തീരുമാനങ്ങളെടുത്തു. അതീവ പ്രാധാന്യമുള്ള ജനകീയപ്രശ്‌നങ്ങള്‍, വ്യക്തമായ രാഷ്ട്രീയകാഴ്ചപ്പാടോടെ കുറെക്കൂടി ശക്തവും തീവ്രവുമായി ആവിഷ്‌കരിക്കുന്ന ഒരു നാടകമാണ് ഇനി കെ.പി.എ.സി. അവതരിപ്പിക്കേണ്ടത് എന്നുള്ളതായിരുന്നു പ്രധാന തീരുമാനം. പുതിയ നാടകം കണ്ടെത്തേണ്ടത് ജനാര്‍ദ്ദനക്കുറുപ്പിന്റെയും രാജഗോപാലന്‍ നായരുടെയും ഉത്തരവാദിത്വമായി.

പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനായി കോട്ടയം ശ്രീനി കെ.പി.എ.സിയുടെ കണ്‍വീനര്‍സ്ഥാനമൊഴിഞ്ഞു.
നാടകം തത്കാലത്തേക്ക് നിറുത്തിവെച്ചതോടെ സുലോചന ഉള്‍പ്പെടെയുള്ള നടീനടന്മാരും മറ്റു കലാകാരന്മാരും വീടുകളിലേക്കു മടങ്ങി. ഇനിയുള്ള തന്റെ ജീവിതം കെ.പി.എ.സി. എന്ന ജനകീയ കലാപ്രസ്ഥാനത്തിനുവേണ്ടിയുള്ളതാണെന്ന ദൃഢനിശ്ചയത്തോടെയാണ് സുലോചന തിരുവനന്തപുരത്തേക്ക് തിരിച്ചുപോയത്.