എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ സുനില്‍ പി. ഇളയിടത്തിന്റെ ജീവിതാനുഭവങ്ങളും ഓര്‍മകളുമടങ്ങിയ പുസ്തകമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഓര്‍മ്മകളും മനുഷ്യരും. പുസ്തകത്തില്‍ കാള്‍ മാര്‍ക്‌സിനെ കുറിച്ച് വിവരിക്കുന്ന ഭാഗം വായിക്കാം...

To advertise here,

'മിഴി നിറഞ്ഞ മാര്‍ക്‌സ്' എന്നാദ്യം കേട്ടത് ശാസ്ത്രസാഹിത്യപരിഷത്തിന്റെ കലാജാഥയിലാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം. 'ഈ നീലവാനങ്ങളില്‍...' എന്നു തുടങ്ങുന്ന ഒരു ഗാനത്തില്‍നിന്നാണ് ആ വരി ശ്രദ്ധയിലെത്തിയത്. കരിവെള്ളൂര്‍ മുരളി എന്ന കവിയെയും നാടകകാരനെയും എനിക്കന്നറിയില്ല. ആ പാട്ടിലെ, 'മിഴിനിറഞ്ഞ മാര്‍ക്‌സ്/പുത്രിയുടെ ജഡം' എന്ന വരികളുടെ പൊരുളും അന്ന് മനസ്സിലായില്ല. പില്‍ക്കാലത്ത് മാര്‍ക്‌സിന്റെ ജീവിതകഥകള്‍ പലതും വായിച്ചു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചെറിയ ജീവചരിത്രഗ്രന്ഥം മുതല്‍ മേരി ഗബ്രിയേലിന്റെ പ്രണയവും മൂലധനവും വരെ. മാര്‍ക്‌സിന്റെ ജീവിതയാതനകളുടെ ആഴമറിഞ്ഞത് അപ്പോഴാണ്. മനുഷ്യവംശവിമോചനം എന്ന സ്വപ്നത്തിനായി സ്വജീവിതം ബലിനല്‍കിയ ഒരാളുടെ അവസാനമില്ലാത്ത സഹനങ്ങളുടെയും യാതനകളുടെയും കഥ. ഫ്രാന്‍സെസ്‌കാ എന്ന ചെറുകുഞ്ഞിന്റെ മരണശേഷം ശവസംസ്‌കാരത്തിന് ശവപ്പെട്ടി വാങ്ങാന്‍ പണമില്ലാതെ അലയുന്ന മാര്‍ക്‌സിന്റെയും ജെന്നിയുടെയും ചിത്രം അവയിലുണ്ടായിരുന്നു. 'മനുഷ്യവംശത്തിന്റെ യാതനകള്‍ കണ്ടില്ലെന്ന് നടിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഓക്‌സ്ഫഡ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍മാരില്‍ ഒരാളാകുമായിരുന്നു' എന്നു പറഞ്ഞ മാര്‍ക്‌സിന്റെ ആത്മസമര്‍പ്പണത്തിന്റെ ചിത്രവും.

ലണ്ടനിലെ ഈസ്റ്റ് ഫിഞ്ച്‌ലിയിലെ മുരളിയേട്ടന്റെ വസതിയില്‍നിന്നു ഹൈഗേറ്റ് സെമിത്തേരിയിലേക്ക് യാത്ര പുറപ്പെടുമ്പോള്‍ ഈ ഓര്‍മകളെല്ലാം മനസ്സിലുണ്ടായിരുന്നു. മൂന്നാഴ്ചയോളം ദൈര്‍ഘ്യമുള്ളതായിരുന്നു ലണ്ടന്‍ യാത്ര. മുരളിയേട്ടന്‍ എന്ന് ഞങ്ങള്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന മുരളി വെട്ടത്ത് ആയിരുന്നു ആതിഥേയന്‍. ചിന്ത രവിയും സക്കറിയയും ഉള്‍പ്പെടെ എത്രയോ മലയാളികളുടെ ലണ്ടനിലെ അഭയങ്ങളിലൊന്ന് മുരളിയേട്ടനാണ്. ഇരിങ്ങാലക്കുടയിലെ നാട്ടുമനുഷ്യനില്‍നിന്ന് മുപ്പതു വര്‍ഷം പിന്നിട്ട ലണ്ടന്‍ ജീവിതത്തിലേക്കും തിരിച്ചുമുള്ള വലിയൊരു നടപ്പാത മുരളിയേട്ടന്റെ ഉള്ളിലുണ്ട്. അതിലൂടെ അദ്ദേഹം നിര്‍മമനായി നടക്കുന്നു. ചുറ്റുമുള്ള മനുഷ്യരെ കൂടെക്കൂട്ടുന്നു. അതിലൊരാളായിരുന്നു ഞാനും. ഹീത്രൂവില്‍ ചെന്നിറങ്ങിയത് ഒരു സന്ധ്യയ്ക്കാണ്. പിറ്റേന്നു രാവിലെ ഹൈഗേറ്റിലേക്ക് തിരിച്ചു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു ഒന്‍പതാം ക്ലാസുകാരന്റെ ചെവിയില്‍ വന്നുവീണ പാട്ടിലെ വരികള്‍ ഓര്‍മയിലുണ്ടായിരുന്നു: 'മിഴിനിറഞ്ഞ മാര്‍ക്‌സ്/പുത്രിയുടെ ജഡം.'

placeholder
ഹൗഗേറ്റ് സെമിത്തേരിയിലെ മാര്‍ക്‌സിന്റെ സ്മൃതികുടീരത്തിനു മുന്നില്‍ സുനില്‍ പി. ഇളയിടം
ഹൈഗേറ്റ് സെമിത്തേരിയിലെ മാര്‍ക്‌സിന്റെ
സ്മൃതികുടീരത്തിനു മുന്നില്‍ സുനില്‍ പി. ഇളയിടം

ഒന്ന്

ഹൈഗേറ്റ് സെമിത്തേരിയിലേക്കുള്ള വഴിയില്‍ ഇരുട്ടിന്റെ നേര്‍ത്ത ആവരണംപോലെ ഇരുപുറങ്ങളിലെയും കനത്ത വൃക്ഷച്ഛായകള്‍ വീണുകിടക്കും. ഹൈഗേറ്റ് സ്‌കൂളിനു മുന്നിലൂടെ നടന്നു സെമിത്തേരിയിലേക്കുള്ള വഴിയിലേക്കു തിരിയുമ്പോള്‍ത്തന്നെ കനത്തുനില്‍ക്കുന്ന വന്‍ വൃക്ഷങ്ങള്‍ കാഴ്ചയില്‍ പതിയും. ഇരുപുറത്തുമുള്ള മതിലുകള്‍ക്കിടയില്‍ താരതമ്യേന വീതി കുറഞ്ഞ റോഡ്. മുകളില്‍നിന്നും താഴേക്കു ചരിഞ്ഞിറങ്ങുന്ന വഴി. ഇരുപുറത്തുനിന്നും റോഡിലേക്കു ചാഞ്ഞുനില്‍ക്കുന്ന വൃക്ഷശിഖരങ്ങളുടെ നിഴലുകള്‍. ആള്‍ത്തിരക്കോ വാഹനങ്ങളുടെ പെരുപ്പമോ കാര്യമായില്ല. മരങ്ങളില്‍നിന്നും പൊഴിഞ്ഞ മഞ്ഞയും ചുവപ്പും കലര്‍ന്ന ഇലകള്‍ റോഡരികിനെ വര്‍ണശബളമാക്കുന്നുണ്ടായിരുന്നു. പച്ചയോടു വിടവാങ്ങി പൊഴിയാന്‍ കാത്തുനില്‍ക്കുന്നതുപോലുള്ള ഇലപ്പടര്‍ച്ചകള്‍. താഴേക്കുള്ള പടിപടിയായ ഇറക്കവും ഇരുള്‍ വീണ വഴിയിലെ നിശ്ശബ്ദതയും ചേര്‍ന്ന് ഒരു ശ്മശാനഭൂമിയുടെ നിത്യനിശ്ചലതയിലേക്കുള്ള പാതയാണതെന്ന് നമ്മെ ഓര്‍മിപ്പിക്കും.

ലോകത്തെ ഏറ്റവും പ്രശസ്തമായ സെമിത്തേരികളിലൊന്നാണ് ഹൈഗേറ്റിലേത്. വനോദ്യാനംപോലെ പടുകൂറ്റന്‍ മരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ശ്മശാനഭൂമി. ഓര്‍മകള്‍ക്കവിടെ ഗാഢമായ പ്രശാന്തതയുണ്ട്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടോളം വരുന്ന കാലയളവില്‍ ലോകത്തിന്റെയും ബ്രിട്ടന്റെയും ചരിത്രത്തെ വഴിതിരിച്ചുവിട്ട എത്രയോ പേരുടെ ഓര്‍മകള്‍ ആ ശ്മശാനോദ്യാനത്തിലെ മഹാവൃക്ഷങ്ങള്‍ക്കൊപ്പം അവിടെ കനത്തുനില്‍ക്കുന്നു. ചിന്തയുടെയും ഭാവനയുടെയും രാഷ്ട്രീയവിചാരത്തിന്റെയും നൂറ്റാണ്ടുകള്‍ പിന്നിട്ട ദീര്‍ഘചരിത്രം ആ വൃക്ഷച്ഛായകളില്‍ വിശ്രമിക്കുന്നു.

ഹൈഗേറ്റിലെ കിഴക്കേ സെമിത്തേരിയിലാണ് മാര്‍ക്‌സിന്റെ ശവകുടീരം. കിഴക്കേ സെമിത്തേരിയുടെ ഗേറ്റ് കടന്നാല്‍ തൊട്ടടുത്തുതന്നെയുള്ള ടിക്കറ്റ് കൗണ്ടറിലെത്തും. ടിക്കറ്റ് വാങ്ങി അല്പം മുന്നോട്ടു നടക്കുമ്പോള്‍ ഇടത്തേക്കും മുന്നിലേക്കുമായി വഴി രണ്ടായി പിരിയുന്നു. ഇടത്തേക്കുള്ള ചെറിയ നടപ്പാത അല്പം കയറ്റമുള്ളതാണ്. സെമിത്തേരിക്കു പുറത്തെ റോഡിലെ താഴോട്ടുള്ള ചരിവിന്റെ മറുപുറം. വൃക്ഷനിബിഡമായ ആ നടവഴിയിലൂടെ നൂറു മീറ്ററോളം പിന്നിടുമ്പോള്‍ വഴി വലതുഭാഗത്തേക്ക് തിരിയാന്‍ തുടങ്ങും. ആധുനിക മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഹിതവും വിധ്വംസകവുമായ ജീവിതങ്ങളിലൊന്നിന്റെ ഓര്‍മകള്‍ അവിടെ അസാധാരണമായ തലയെടുപ്പോടെ നില്‍ക്കുന്നു.

ലണ്ടനിലെ എന്റെ ആദ്യയാത്ര ഹൈഗേറ്റ് സെമിത്തേരിയിലെ മാര്‍ക്‌സിന്റെ സ്മൃതികുടീരത്തിലേക്കായിരുന്നു. 2019 സെപ്റ്റംബര്‍ ആദ്യദിവസങ്ങളിലാണ് ഹീത്രൂവിലെത്തിയത്. വൈകീട്ട് ഏഴുമണിയോടെ. പുറത്ത് സന്ധ്യമയങ്ങിയിരുന്നു. മുരളിയേട്ടനും ലണ്ടനിലെ പരിപാടികളുടെ സംഘാടകരിലൊരാളായ മോണ്‍സിയും വിമാനത്താവളത്തിലുണ്ടായിരുന്നു. എയര്‍പോര്‍ട്ടിലെ കഫേകളിലൊന്നിലിരുന്ന് ഞങ്ങള്‍ കാപ്പി കുടിച്ചു. കാപ്പിയുടെ വിവിധ ചേരുവകള്‍ പ്രദര്‍ശിപ്പിച്ച പട്ടികയില്‍നിന്നും ഓരോന്നും എന്തെന്നു വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ഞാന്‍ കുറച്ചൊന്നു ശ്രമിച്ചു; കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും.

കാപ്പിയുമായുള്ള ഇരിപ്പിനിടയില്‍ മുരളിയേട്ടന്റെ ജീവിതപങ്കാളി മിച്ചിരു അവിടെയെത്തി. മിച്ചിരു ജോലി ചെയ്യുന്നത് ഹീത്രൂ വിമാനത്താവളത്തില്‍ തന്നെയാണ്. ജപ്പാനില്‍നിന്ന് മൂന്നു പതിറ്റാണ്ടോളം മുമ്പാണവര്‍ ലണ്ടനിലെത്തിയത്. മുരളിയേട്ടന്‍ ഇരിങ്ങാലക്കുടയില്‍നിന്ന് യു.എ.ഇ. വഴിയും. അവരുടെ സഹജീവിതം മൂന്നു പതിറ്റാണ്ടു തികയുന്നു. മൗനം കൂടുകെട്ടിയ സ്‌നേഹമാണ് മിച്ചിരുവിന്റേത്. ആവശ്യമുള്ളതുമാത്രം പറയുക. വേണ്ടതു മാത്രം ചെയ്യുക. നിരുപാധികം സ്‌നേഹിക്കുക. അതാണ് മിച്ചിരുവിന്റെ ജീവിതദര്‍ശനം. മുരളിയേട്ടന്റെ സംഭാഷണരീതി അങ്ങനെയല്ല. ഇരിങ്ങാലക്കുടയിലെ ജീവിതത്തില്‍നിന്നും കിട്ടിയ നാട്ടുചൊല്ലുകള്‍ സമൃദ്ധമായി ഉദ്ധരിച്ചുകൊണ്ട്, കൂടല്‍മാണിക്യത്തിലേക്കുള്ള നടവഴിയിലോ ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിലോ എന്നപോലെ, ഓരോ ജീവിതസന്ദര്‍ഭത്തെയും മുരളിയേട്ടന്‍ അഭിമുഖീകരിച്ചുകൊണ്ടേയിരിക്കും. ജീവിതത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങളിലേക്കോ, എതിര്‍വാദങ്ങളിലേക്കോ, ഫലിതത്തിലേക്കോ പടരാതെ ഒരു സന്ദര്‍ഭവും മുരളിയേട്ടനു മുന്നിലൂടെ കടന്നുപോവില്ല. ജീവിതോത്സവങ്ങളുടെ കടല്‍ മുരളിയേട്ടനില്‍ സദാ ഇരമ്പിനില്‍ക്കുന്നു.

മോണ്‍സിയെ വഴിയില്‍ വിട്ട് രാത്രിയോടെ ഞങ്ങള്‍ ഈസ്റ്റ് ഫിഞ്ച്‌ലിയിലെ മുരളിയേട്ടന്റെ വീട്ടിലെത്തി. പത്തുമണിക്കൂറിലധികം നീണ്ട യാത്രയുടെ ക്ഷീണമുണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ പിന്നെയും കുറെ നേരംകൂടി സംസാരിച്ചിരുന്നു. രാത്രി വൈകിക്കിടക്കുമ്പോള്‍ പിറ്റേന്നത്തെ ആദ്യയാത്ര ഹൈഗേറ്റ് സെമിത്തേരിയിലേക്ക് എന്നുറപ്പിക്കുകയും ചെയ്തു. ലണ്ടനിലെ എന്റെ ആദ്യപ്രഭാഷണം ഒരു ദിവസംകൂടി കഴിഞ്ഞിട്ടായിരുന്നു. സെപ്റ്റംബര്‍ ഏഴിന്. അതുകൊണ്ട് ആറിന് രാവിലെ ഹൈഗേറ്റ് സെമിത്തേരിയില്‍നിന്നു തുടങ്ങാം എന്നു തീരുമാനമായി. ആദ്യദിവസംതന്നെ അവിടെ പോകണം എന്നാഗ്രഹിച്ചിരുന്നുവെങ്കിലും നടക്കുമോ എന്നുറപ്പില്ലായിരുന്നു. അതിലേക്കു വഴിതെളിഞ്ഞപ്പോള്‍ വെറുതേയൊരു സന്തോഷം തോന്നി.

രാവിലെ പത്തുകഴിഞ്ഞാണ് പുറപ്പെട്ടത്. ഈസ്റ്റ് ഫിഞ്ച്‌ലിയില്‍നിന്ന് ഹൈഗേറ്റിലേക്കുള്ള വഴിയിലൂടെ നടന്നു. വഴിക്കിരുപുറവും പ്രാചീനഭംഗിയുള്ള വൃക്ഷങ്ങളുണ്ട്. വഴിയോരത്തുകൂടെ പതിനഞ്ചു മിനിറ്റോളം നടന്നപ്പോള്‍ ഹൈഗേറ്റ് സ്‌കൂളെത്തി. പ്രതാപം നിറഞ്ഞ വിദ്യാലയങ്ങളിലൊന്നാണതെന്ന് മുരളിയേട്ടന്‍ പറഞ്ഞു. റോഡരുകില്‍ അതിവിശാലമായ കളിക്കളം. പച്ചപ്പിന്റെ പരപ്പ്. പിന്നിലെ മരങ്ങളും അതിനും പിന്നിലെ നീലാകാശപ്പടര്‍പ്പും. വര്‍ണവ്യതിരേകങ്ങളുടെ സമൃദ്ധിയില്‍ ആ ദൃശ്യത്തിന് ഒരു മായികതയുണ്ടായിരുന്നു.

അല്പം കൂടി മുന്നോട്ടു നടന്നാല്‍ വെസ്റ്റ്ഹില്‍ റൗണ്ടിലെത്തും. അവിടെനിന്നും ഇടത്തോട്ടു തിരിയുമ്പോള്‍ സ്വാണ്‍സ്ലെയ്ന്‍ ആരംഭിക്കുന്നു. ഹൈഗേറ്റ് സെമിത്തേരിയിലേക്കുള്ള വഴിയാണത്. കുറച്ചു മുന്നോട്ടു നീങ്ങിയപ്പോള്‍ വലതുഭാഗത്തുള്ള ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വൃത്താകാരത്തിലുള്ള നീലഫലകം (plaque) കാണാമായിരുന്നു. ചാള്‍സ് ഡിക്കന്‍സ് താമസിച്ച കെട്ടിടമാണ്. അക്കാര്യം അതില്‍ എഴുതിവെച്ചിട്ടുണ്ട്. മാര്‍ക്‌സിനു പ്രിയപ്പെട്ട എഴുത്തുകാരിലൊരാള്‍ ഡിക്കന്‍സായിരുന്നു. മാര്‍ക്‌സിലേക്കുള്ള വഴിയില്‍ ചാള്‍സ് ഡിക്കന്‍സ് ഉള്ളത് ആകസ്മികമല്ല. മുതലാളിത്തം മനുഷ്യവംശത്തോടു ചെയ്ത ക്രൂരതകളുടെ ചിത്രം ഡിക്കന്‍സിനോളം നന്നായി ആരും രേഖപ്പെടുത്തിക്കാണില്ല. മാര്‍ക്‌സ് അതിനെക്കുറിച്ച് ധാരാളം പറഞ്ഞിട്ടുണ്ട്. 

placeholder
സുനില്‍ പി. ഇളയിടം, പുസ്തകത്തിന്റെ കവര്‍ പേജ് | ഫോട്ടോ: സിനോജ് എം.വി.
സുനില്‍ പി. ഇളയിടം, പുസ്തകത്തിന്റെ കവര്‍ പേജ് | ഫോട്ടോ: സിനോജ് എം.വി.

ഹൈഗേറ്റ് സെമിത്തേരിയിലെ ഈ സ്മാരകങ്ങളില്‍ ഏറ്റവും പ്രൗഢവും വിശിഷ്ടവുമായ പദവിയിലാണ് മാര്‍ക്‌സിന്റെ ശവകുടീരം ഇപ്പോള്‍ നിലകൊള്ളുന്നത്. കാലപ്രവാഹത്തില്‍ ഗാംഭീര്യമാര്‍ജ്ജിച്ച ആ സ്മാരകസ്തംഭത്തിനു ചുറ്റും പോരാളികളുടെ ഓര്‍മകള്‍ പേറി മറ്റനേകം ശിലാഫലകങ്ങള്‍ കാണാം. മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ എറിക് ഹോബ്‌സ്ബാം, ദക്ഷിണാഫ്രിക്കയിലെ മഹാനായ അപ്പാര്‍ത്തീഡ് വിരുദ്ധപ്പോരാളി യൂസഫ് ദാദൂ, പത്രപ്രവര്‍ത്തകയും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ ക്ലോദിയ ജോണ്‍സ്... മാര്‍ക്‌സിന്റെ ഓര്‍മകള്‍ തേടിയെത്തുന്നവര്‍ അവരിലൂടെയും കടന്നുപോവുന്നു. മനുഷ്യന്‍ സാമൂഹികബന്ധങ്ങളുടെ സമുച്ചയമാണെന്ന് ('Man is an ensemble of oscial relations') എഴുതിയ മാര്‍ക്‌സ് തന്റെ ശവകുടീരത്തിലും അതു സാക്ഷാത്കരിക്കുന്നു!

മാര്‍ക്‌സിന്റെ ശവകുടീരത്തിനു നേരേ എതിര്‍ഭാഗത്തായി ഹെര്‍ബെര്‍ട്ട് സ്‌പെന്‍സറുടെ ശവമാടമുണ്ട്. എറിക് ഹോബ്‌സ്ബാം എഴുതിയതുപോലെ, പത്തൊമ്പതാം ശതകത്തിലെ അരിസ്റ്റോട്ടിലായി വാഴ്ത്തപ്പെട്ട ആളായിരുന്നു സ്‌പെന്‍സര്‍. മാര്‍ക്‌സിന്റെ നിശിതവിമര്‍ശകരിലൊരാള്‍. മാര്‍ക്‌സിന്റെ ജീവിതകാലത്ത് സ്‌പെന്‍സറുടെ പ്രൗഢി അതുല്യമായിരുന്നു. എങ്കിലും കാലം ആ ഉദ്ധതപ്രതാപത്തെ ഊതിക്കെടുത്തി. മാര്‍ക്‌സ് കാലത്തിലൂടെ വളര്‍ന്നപ്പോള്‍ സ്‌പെന്‍സര്‍ വിസ്മൃതിയിലേക്കു മാഞ്ഞുപോയി. ഇന്ന് മാര്‍ക്‌സിനെ കാണാനെത്തുന്നവരില്‍ ഏറിയ പങ്കും സ്‌പെന്‍സര്‍ അവിടെയുണ്ടെന്നുപോലും ഓര്‍മിക്കാതെ മടങ്ങുന്നു.

2019 സെപ്റ്റംബര്‍ 6നു രാവിലെ പതിനൊന്നുമണിയോടെ ഹൈഗേറ്റിലെ കിഴക്കേ സെമിത്തേരിയുടെ വാതില്‍ പിന്നിട്ട് മുരളിയേട്ടനൊപ്പം അകത്തേക്ക് നടക്കുമ്പോള്‍ അവിടെ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. കുറച്ചു നടന്ന് പ്രധാനപാതയുടെ അരികത്തെ ബെഞ്ചുകളിലൊന്നില്‍ ഞങ്ങള്‍ അല്പനേരം ഇരുന്നു. ചുറ്റും പച്ചപ്പിന്റെ നിറവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സ്മാരകസ്തംഭങ്ങള്‍. കുറച്ചുകഴിഞ്ഞ് അവയിലൂടെയെല്ലാം കണ്ണോടിച്ച് വീണ്ടും നടപ്പു തുടര്‍ന്നു. ഇടത്തേക്കുള്ള വഴിയിലൂടെ നടന്ന് മാര്‍ക്‌സിന്റെ ശവകുടീരത്തിനു മുന്നിലെത്തി. തലേന്ന് ആരെല്ലാമോ അര്‍പ്പിച്ച കുറച്ചു പൂക്കള്‍. ഒരു ഭാഗത്തേക്ക് ഒതുക്കിവെച്ച പൂക്കൂടകള്‍. അധൃഷ്യമായി തലയുയര്‍ത്തി നില്‍ക്കുന്ന മാര്‍ക്‌സിന്റെ ശിരസ്സില്‍ കണ്ണുംനട്ട് ഞാന്‍ കുറച്ചധികം നേരം നിശ്ശബ്ദമായി നിന്നു. ചരിത്രത്തില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്ന തന്റെ വാക്കുകള്‍ക്കു മുകളില്‍ മാര്‍ക്‌സ് ഉന്നതശീര്‍ഷനായിരുന്നു!

കുറച്ചുനേരം കഴിഞ്ഞ് ഞങ്ങള്‍ ചുറ്റുപാടും നടന്നുകണ്ടു. മാര്‍ക്‌സിനെയും കുടുംബാംഗങ്ങളെയും ആദ്യം സംസ്‌കരിച്ച കുഴിമാടവും കണ്ടു തിരിച്ചെത്തിയപ്പോള്‍ മാര്‍ക്‌സിന്റെ പ്രതിമയ്ക്കു മുന്നില്‍ മറ്റൊരാള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. മെക്‌സിക്കോക്കാരനായ ഹാരി. അഭിഭാഷകനും ഇടതുപക്ഷക്കാരനുമാണ് ഹാരി. ജര്‍മനിയില്‍നിന്നുള്ള മടക്കയാത്രയ്ക്കിടെ മാര്‍ക്‌സിന്റെ ശവകുടീരം കാണാനായി മാത്രം ലണ്ടനിലിറങ്ങിയതാണ്. മാര്‍ക്‌സിന്റെ സ്മാരകത്തിനു മുന്നില്‍നിന്ന് ഞാന്‍ ചിത്രങ്ങള്‍ എടുത്തു. മുരളിയേട്ടനൊപ്പവും ഹാരിയോടൊപ്പവും. ഞങ്ങള്‍ ഒരുമിച്ച് അഭിവാദനങ്ങള്‍ അര്‍പ്പിച്ചു പിരിഞ്ഞു. സര്‍വ്വരാജ്യങ്ങളിലെയും മനുഷ്യര്‍ മാര്‍ക്‌സിനെ തേടിയെത്തുന്നല്ലോ എന്ന് ഞാനപ്പോള്‍ മനസ്സിലോര്‍ത്തു.

രണ്ട്

ലണ്ടനിലെ യാത്രയില്‍ മാര്‍ക്‌സ് പല തവണ പിന്നെയും കൂടെ വന്നു. ലണ്ടന്‍ യാത്രയില്‍ ലണ്ടനിലും ഓക്‌സ്ഫഡിലും ന്യൂകാസിലുമായി നാലു യോഗങ്ങളില്‍ സംസാരിക്കാനുണ്ടായിരുന്നു. ലണ്ടനില്‍ രണ്ടു യോഗങ്ങളിലും മറ്റിടങ്ങളില്‍ ഓരോന്നിലും. ആ നാലു ദിവസങ്ങള്‍ മാറ്റിവെച്ചാല്‍ ബാക്കിവന്ന രണ്ടാഴ്ചയപ്പാടെ യാത്ര ചെയ്തു. ബ്രിട്ടീഷ് മ്യൂസിയം, ലണ്ടന്‍ ഗ്യാലറി, ബക്കിങ്ഹാം പാലസ്, ലണ്ടന്‍ പാലം, സ്‌കോട്ട്‌ലന്‍ഡ്, എഡിന്‍ബറോ കൊട്ടാരം, സ്ട്രാഫോര്‍ഡിലെ ഷെയ്ക്‌സ്പിയര്‍ ഭവനം, ഗ്ലോബ് തിയേറ്റര്‍, റോയല്‍ മ്യൂസിക് അക്കാദമി, ബ്രിട്ടീഷ് ലൈബ്രറി, പാര്‍ലമെന്റ്, പാര്‍ലമെന്റ് സ്‌ക്വയറിലെ ഗാന്ധിപ്രതിമ, തെംസ് നദിയിലൂടെയുള്ള യാത്ര, ഗ്രീനിച്ച്, ട്രാഫല്‍ഗര്‍ സ്‌ക്വയര്‍, ചരിത്രത്തിന്റെയും ജീവിതത്തിന്റെയും പ്രകാരഭേദങ്ങള്‍ പലതും ആ കാഴ്ചകളിലുണ്ടായിരുന്നു. യാത്രയ്ക്കിടയില്‍ ഒരു ദിവസം കാലാവസ്ഥാവ്യതിയാനത്തിനെതിരേ ലണ്ടന്‍ നഗരത്തില്‍ നടന്ന ഒരു പ്രതിഷേധപ്രകടനത്തിന് ഞങ്ങള്‍ സാക്ഷികളായി. കുറെനേരം അവര്‍ക്കൊപ്പം നടന്ന് ഞങ്ങളും അതിലെ കണ്ണികളായി.

ബ്രിട്ടീഷ് മ്യൂസിയത്തിലെത്തിയപ്പോള്‍ അതിന്റെ പ്രവേശനകവാടത്തോടു ചേര്‍ന്ന് റോസെറ്റാ ശില കാണാനായി. വിവര്‍ത്തനപഠനക്ലാസുകളില്‍ എത്രയോവട്ടം ആവര്‍ത്തിച്ച പേരാണത്. വിവര്‍ത്തനത്തിന്റെ ലോകാരംഭമായി പരിഗണിക്കപ്പെടുന്ന ശിലാഫലകം! ലോകത്തിന്റെ പല കോണുകളില്‍നിന്ന് കടത്തിക്കൊണ്ടുവന്ന പുരാശേഖരങ്ങളുടെയും വിസ്മയവസ്തുക്കളുടെയും അതുല്യശേഖരമാണ് ബ്രിട്ടീഷ് മ്യൂസിയം. രണ്ടു നൂറ്റാണ്ടോളം ലോകം വാണ അധിനിവേശത്തിന്റെയും സാമ്രാജ്യാധികാരത്തിന്റെയും അവശിഷ്ടലോകം. എല്ലാ സാംസ്‌കാരികരേഖകളും കിരാതത്വത്തിന്റെ സുവര്‍ണ്ണരേഖകള്‍ കൂടിയാണെന്ന് വാള്‍ട്ടര്‍ ബഞ്ചമിന്‍ രേഖപ്പെടുത്തിയത് ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ നാമോര്‍ക്കാതിരിക്കില്ല. ലണ്ടനിലെ കാഴ്ചകളെല്ലാം ചരിത്രത്തിലെ പടയോട്ടങ്ങളെ ഓര്‍മയില്‍ കൊണ്ടുവരുന്നവയായിരുന്നു!

placeholder
കാള്‍ മാര്‍ക്‌സ്
കാള്‍ മാര്‍ക്‌സ്

ലണ്ടനിലെ സഞ്ചാരങ്ങള്‍ക്കിടയില്‍ ക്ലെര്‍ക്കന്‍ വെല്ലിലെ മാര്‍ക്‌സ് മെമ്മോറിയല്‍ ലൈബ്രറിയിലും പോകാനവസരം കിട്ടി. മാര്‍ക്‌സ് മെമ്മോറിയല്‍ ലൈബ്രറി ആന്‍ഡ് വര്‍ക്കേഴ്‌സ് സ്‌കൂള്‍ എന്നാണ് ആ സ്ഥാപനത്തിന്റെ മുഴുവന്‍ പേര്. ലൈബ്രറിയും രേഖാശേഖരവും പഠനശാലയും എല്ലാം ചേര്‍ന്ന ഒരിടം. 1933 മുതലാണ് മാര്‍ക്‌സ് ലൈബ്രറി അവിടെ പ്രവര്‍ത്തനമാരംഭിച്ചത്. അതിനു മുമ്പും ഇംഗ്ലണ്ടിലെ വിപ്ലവകാരികളുടെയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുടെയുമെല്ലാം താവളമായിരുന്നു ആ കെട്ടിടം. വില്യം മോറിസിന്റെ നേതൃത്വത്തില്‍ 'ട്വന്റിയത്ത് സെന്‍ച്വറി പ്രസ്സ്' പ്രവര്‍ത്തിച്ചിരുന്നത് അവിടെയാണ്. 190203 കാലത്ത് ലണ്ടനില്‍ ഒളിവുജീവിതം നയിച്ച ലെനിന്‍ തങ്ങിയതും അവിടെയാണ്. അവിടെയിരുന്ന് അദ്ദേഹം പ്രവ്ദയുടെ പതിനൊന്നു ലക്കങ്ങള്‍ പുറത്തുകൊണ്ടുവന്നു. 1933 മുതല്‍ മാര്‍ക്‌സ് മെമ്മോറിയല്‍ ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചു. പിന്നിട്ട തൊണ്ണൂറു വര്‍ഷങ്ങളായി ചരിത്രത്തിന്റെ ഗതിഭേദങ്ങള്‍ക്കും ഏറ്റിറക്കങ്ങള്‍ക്കും നടുവില്‍, അത് അക്ഷോഭ്യമായി നിലകൊള്ളുന്നു. മാര്‍ക്‌സിസ്റ്റ് പ്രസിദ്ധീകരണങ്ങളുടെയും ഗ്രന്ഥങ്ങളുടെയും ലോകത്തിലെതന്നെ മികവുറ്റ ശേഖരങ്ങളിലൊന്നാണത്.

മുരളിയേട്ടനോടൊപ്പം ക്ലര്‍ക്കന്‍വെല്ലിലെ ലൈബ്രറിക്കു മുന്നിലെത്തുമ്പോള്‍ ഉച്ചകഴിഞ്ഞിരുന്നു. ഈസ്റ്റ് ഫിഞ്ച്‌ലിയിലെ മുരളിയേട്ടന്റെ വസതിയില്‍നിന്നും രാവിലെ പുറപ്പെട്ടതാണ്. നഗരത്തില്‍ മറ്റു ചിലയിടങ്ങളിലെല്ലാം അലഞ്ഞാണ് മാര്‍ക്‌സ് ലൈബ്രറിയിലേക്കെത്തിയത്. ക്ലര്‍ക്കന്‍വെല്ലിലെ ശാന്തമായ നഗരവീഥിയോടു ചേര്‍ന്നുനില്‍ക്കുന്ന പ്രശാന്തമായ ഒരു കെട്ടിടം. പ്രാചീനതയുടെ ലളിതമായ ഭംഗി അതിനെ വലയംചെയ്തിരുന്നു. മാര്‍ക്‌സ് ലൈബ്രറി അതാണെന്ന സൂചന തരുന്ന യാതൊരടയാളവും പുറത്തു കണ്ടില്ല. കുറച്ചുനേരം ഞങ്ങള്‍ പുറത്തു സംശയിച്ചുനിന്നു. മൊബൈലിലെ മാപ്പ് നോക്കി ഉറപ്പാക്കിയിട്ടാണ് മുരളിയേട്ടന്‍ കോളിങ്‌ബെല്‍ അമര്‍ത്തിയത്. അല്പം കഴിഞ്ഞ് ചെറുപ്പം പിന്നിട്ടുതുടങ്ങിയ ഒരാള്‍ വന്ന് വാതില്‍ തുറന്നു. മാര്‍ക്‌സ് ലൈബ്രറി തന്നെയല്ലേ എന്ന് അദ്ദേഹത്തോടാരാഞ്ഞ് മുരളിയേട്ടന്‍ ഉറപ്പുവരുത്തി.

കെട്ടിടത്തിനകം നിശ്ശബ്ദമായിരുന്നു. വലിയൊരു ഗ്രന്ഥശേഖരത്തിനരികെയുള്ള കൗണ്ടറില്‍ ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നുണ്ട്. ചുവരിലെ ഭിത്തിയില്‍ വിപ്ലവകലയുടെ ഊര്‍ജ്ജം തുടിച്ചുനില്‍ക്കുന്ന ചുവര്‍ച്ചിത്രങ്ങള്‍. ചിലത് ഓസ്‌കാര്‍ കൊക്കോഷ്‌കയുടേതാണെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റി. മെക്‌സിക്കന്‍ കമ്യൂണിസ്റ്റും ഫ്രിഡ കാലോയുടെ ജീവിതപങ്കാളിയും എക്‌സ്പ്രഷനിസ്റ്റ് ചിത്രകാരനുമായിരുന്നു കൊക്കോഷ്‌ക. മെക്‌സിക്കന്‍ ചുവര്‍ചിത്രപാരമ്പര്യത്തെ ആധുനികകലയിലേക്ക് സന്നിവേശിപ്പിച്ച വലിയ ചിത്രകാരന്‍. ലൈബ്രറിയുടെ ചുവരുകളിലെ ചിത്രങ്ങള്‍ നോക്കി ഞങ്ങള്‍ കുറെനേരം നിന്നു. വിപ്ലവപ്പോരാട്ടങ്ങളുടെ വീര്യം ത്രസിക്കുന്ന ചിത്രങ്ങള്‍. അവ റിയലിസ്റ്റ് രചനാസമ്പ്രദായത്തെ ഒട്ടുംതന്നെ പിന്‍പറ്റിയിരുന്നില്ല. ആത്മനിഷ്ഠമായ യാഥാര്‍ത്ഥ്യത്തിന്റെ ആത്മനിഷ്ഠമായ ആവിഷ്‌കാരം (subjective rendering of subjective realtiy) എന്നു വിശേഷിപ്പിക്കപ്പെടുന്ന എക്‌സ്പ്രഷനിസ്റ്റ് കലയുടെ സാങ്കേതികമാര്‍ഗ്ഗം പിന്‍പറ്റിയ രചനകള്‍. പൊട്ടിത്തെറിക്കുന്ന, ചരിത്രക്ഷോഭം തുടിച്ചുനില്‍ക്കുന്ന രചനകള്‍. മോഡേണിസ്റ്റ് കലയെ മാര്‍ക്‌സിസ്റ്റ് വിരുദ്ധമായി കണ്ടുശീലിച്ച നമ്മുടെ നാട്ടിലെ പരിമിതമായ കലാധാരണകളെക്കുറിച്ച് ഞാനപ്പോള്‍ വെറുതേ ഓര്‍ത്തു.

മാര്‍ക്‌സ് ലൈബ്രറിയിലെ ഗ്രന്ഥശേഖരം സാമാന്യം വലുതാണ്. മാര്‍ക്‌സിസത്തെക്കുറിച്ചുള്ള അറുപതിനായിരത്തിലധികം ഗ്രന്ഥങ്ങള്‍ അവിടെയുണ്ടെന്ന് ലൈബ്രറിയുടെ ബ്രോഷറില്‍ പറയുന്നുണ്ട്. അവ നോക്കി റാക്കുകള്‍ക്കിടയിലൂടെ നടക്കുമ്പോഴാണ് മാര്‍ക്‌സ്- എംഗല്‍സ് സമ്പൂര്‍ണ്ണകൃതികളുടെ വോള്യങ്ങള്‍ കണ്ടത്. 1970കളില്‍ കിഴക്കന്‍ ജര്‍മനിയില്‍ ആരംഭിച്ച പ്രോജക്ടാണ്. മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും എഴുത്തുകള്‍ പൂര്‍ണ്ണമായും അതതു ഭാഷകളില്‍ത്തന്നെ പ്രസിദ്ധീകരിക്കുക. ജര്‍മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലായി 114 വോള്യങ്ങള്‍ വരുന്ന ഭീമാകാരമായ പ്രസാധനസംരംഭമായിരുന്നു അത്. സോവിയറ്റ് പതനത്തെത്തുടര്‍ന്ന് അതു നിലച്ചു. തുടര്‍ന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്, ആംസ്റ്റര്‍ഡാമിലെ സോഷ്യല്‍ ഹിസ്റ്ററി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ആ പ്രസാധനസംരംഭം പുനരാരംഭിച്ചത്. എഴുപതിലധികം വോള്യങ്ങള്‍ ഇതിനകം പുറത്തുവന്നു. 

മാര്‍ക്‌സിന്റെ സമ്പൂര്‍ണ്ണരചനകളുടെ പ്രസാധനചരിത്രത്തിലെ മൂന്നാമത്തേതും മിക്കവാറും അവസാനത്തേതുമായ പ്രസാധനപദ്ധതിയാണ് MEGA 2 എന്നറിയപ്പെടുന്ന (Marx Engels Gessamtausgabe) ഈ പ്രസാധനസംരംഭം. 2030ല്‍ മുഴുവന്‍ വോള്യങ്ങളുടെയും പ്രസാധനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എത്ര വോള്യങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു എന്ന് കൗണ്ടറിലുള്ള യുവാവിനോട് ഞാന്‍ തിരക്കി. അദ്ദേഹത്തിന് അതേക്കുറിച്ച് കാര്യമായ ധാരണയില്ലെന്നു തോന്നി. മാര്‍ക്‌സ്എംഗല്‍സ് കൃതികളുടെ പ്രസാധനചരിത്രം ആ യുവാവ് അറിഞ്ഞിരിക്കണമെന്നു നിര്‍ബ്ബന്ധംപിടിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോയെന്ന് ഞാനും മനസ്സിലോര്‍ത്തു.

ലൈബ്രറിയുടെ ഉള്‍ത്തളങ്ങളിലൂടെ നടക്കുമ്പോഴാണ് അതിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഒരു മുത്തശ്ശിയെ കണ്ടത്. എഴുപതു വയസ്സു പിന്നിട്ടുകാണും. മാര്‍ക്‌സ് ലൈബ്രറിയുടെ ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗം. മുരളിയേട്ടന്‍ അവരുമായി സംസാരിച്ചു. ഇന്ത്യയില്‍നിന്നും എത്തിയവരാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും പറഞ്ഞപ്പോള്‍ അവര്‍ ഉത്സാഹത്തോടെ സംസാരത്തില്‍ പങ്കുചേര്‍ന്നു. കേരളം എന്ന പേര് അവര്‍ക്ക് പരിചിതമായിരുന്നു. കേരളത്തില്‍ പ്രസ്ഥാനം പ്രബലമല്ലേ എന്നവര്‍ ചോദിച്ചു. കേരളത്തെക്കുറിച്ചുള്ള അറിവും കമ്യൂണിസ്റ്റുകാരെന്ന സ്‌നേഹവും കൊണ്ടാകണം അടച്ചിട്ട മുറികളിലൊന്നിലേക്ക് അവര്‍ ഞങ്ങളെ കൂടെക്കൂട്ടി. ഒളിവുജീവിതകാലത്ത് ലെനിന്‍ താമസിച്ച മുറിയാണ്. 

ഇടുങ്ങിയ ഒരു ചെറിയ മുറി. അവിടെയിരുന്നാണ് ലെനിന്‍ പ്രവ്ദയുടെ കോപ്പികള്‍ എഡിറ്റു ചെയ്തത്. മേശയ്ക്കരുകില്‍ ലെനിന്റെ ചെറിയൊരു പ്രതിമ. അപ്പുറത്തായി ലെനിന്‍ ഉപയോഗിച്ച കോട്ട് സൂക്ഷിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടിന്റെ പഴക്കത്തിലും അത് കേടുകൂടാതെ സംരക്ഷിക്കപ്പെടുന്നു. ചരിത്രം ഇരമ്പിനില്‍ക്കുന്ന ആ മുറിയില്‍, എഴുപതു പിന്നിട്ട ഒരു സ്ത്രീയുടെ ഊര്‍ജ്ജസ്വലമായ വിവരണങ്ങള്‍ കേട്ടുനില്‍ക്കേ ലെനിന്റെ ജീവിതത്തിന്റെ വലിപ്പത്തെക്കുറിച്ചാണ് ഞാന്‍ ഓര്‍ത്തത്. അര നൂറ്റാണ്ടു മാത്രം പിന്നിട്ട ഒരു ജീവിതംകൊണ്ട് (1870-1924) മനുഷ്യവംശഭാഗധേയത്തെ ലെനിന്‍ പുതുക്കിപ്പണിതു. വരാനിരിക്കുന്ന വിപ്ലവപരമ്പരകള്‍ക്ക് ദര്‍ശനവും സംഘടനാരൂപവും നല്‍കി. സാമ്രാജ്യത്വത്തിന്റെ സ്വരൂപം നിര്‍ണ്ണയിച്ചു. ദാര്‍ശനികമായ പുനരാലോചനകളുടെ പരമ്പരകള്‍ക്ക് വഴിതുറന്നു. സിദ്ധാന്തത്തെയും രാഷ്ട്രീയപ്രയോഗത്തെയും ചേര്‍ത്തുവെക്കുന്നതില്‍ ചരിത്രത്തില്‍ മറ്റെവിടെയും കാണാത്ത മാതൃകയായി സ്വയം ജീവിച്ചു.

ഒരു മണിക്കൂറോളം മാര്‍ക്‌സ് ലൈബ്രറിയില്‍ ചെലവഴിച്ച ശേഷമാണ് ഞങ്ങള്‍ പുറത്തുകടന്നത്. ചെറുപ്പക്കാരായ മൂന്നോ നാലോ പേര്‍കൂടി അവിടെയുണ്ടായിരുന്നു. മാര്‍ക്‌സിസത്തെയും ട്രേഡ് യൂണിയന്‍ മൂവ്‌മെന്റിനെയും മുതലാളിത്തസമ്പദ്വ്യവസ്ഥയെയും മറ്റും കുറിച്ചുള്ള പ്രഭാഷണങ്ങളും ക്ലാസുകളും മാര്‍ക്‌സ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ബ്രോഷറില്‍നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. ലണ്ടനിലെ ഇടതുപക്ഷക്കൂട്ടായ്മകളുടെ പൊതുവായ മേല്‍നോട്ടത്തിലാണ് ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്നത്. നാലു പതിറ്റാണ്ടോളം ദൈര്‍ഘ്യമുള്ള മാര്‍ക്‌സിന്റെ ലണ്ടന്‍ ജീവിതത്തിന്റെ സ്മാരകമായ മാര്‍ക്‌സ് ലൈബ്രറി ക്ലെര്‍ക്കന്‍വെല്ലിലെ പ്രശാന്തതയോട് ഇണങ്ങിനില്‍ക്കുന്ന ഒന്നായിരുന്നു. ലൈബ്രറിയില്‍നിന്ന് പുറത്തുകടക്കുമ്പോള്‍ വൈകുന്നേരമായിത്തുടങ്ങിയിരുന്നു. ചുവരിലെ ചിത്രങ്ങള്‍ക്കൊപ്പം നിന്ന് ഞങ്ങള്‍ കുറച്ചു ഫോട്ടോകള്‍ എടുത്തു. മാര്‍ക്‌സിന്റെ ലണ്ടന്‍ ജീവിതത്തിന്റെ സ്മൃതിശേഖരമെന്നപോലെ ആ ചിത്രങ്ങളെ ഞാനും കൂടെക്കൂട്ടി.
സോഹോയിലെ രാത്രിനടത്തത്തിലാണ് ലണ്ടനില്‍ മാര്‍ക്‌സിനെ പിന്നെയും കണ്ടത്. 

placeholder
Karl Marx| Photo : Getty Images
കാള്‍ മാര്‍ക്‌സ് | Photo: Getty images

പരിത്യക്തവും ഒട്ടൊക്കെ അനാഥവുമായ മാര്‍ക്‌സിന്റെ ലണ്ടന്‍ജീവിതത്തിലെ പല താവളങ്ങളിലൊന്നായിരുന്നു സോഹോയിലെ രണ്ടു മുറികള്‍ മാത്രമുള്ള ചെറിയ അപാര്‍ട്ട്‌മെന്റ്. ഇന്നത് മറ്റാരുടെയോ ഉടമസ്ഥതയിലാണ്. മാര്‍ക്‌സിന്റെ ജീവിതകാലത്ത് അത് ലണ്ടനിലെ ഏറ്റവും കുറഞ്ഞ വരുമാനക്കാരുടെ താമസസ്ഥലമാണ്. മാര്‍ക്‌സ് ആറുവര്‍ഷക്കാലത്തോളം അവിടെ ജീവിച്ചു. മാര്‍ക്‌സും കുടുംബവും സോഹോയില്‍ താമസിക്കുമ്പോള്‍ വീടിനു മുന്നിലെത്തുന്ന കടക്കാരോട് 'മാര്‍ക്‌സ് വീട്ടിലില്ലെ'ന്നു കളവു പറയാന്‍ മക്കളെ പരിശീലിപ്പിച്ചിരുന്നതിനെക്കുറിച്ച് ജീവചരിത്രങ്ങള്‍ പറയുന്നുണ്ട്. സോഹോയിലെ അരണ്ട വെളിച്ചം വീണ തെരുവില്‍നിന്ന് രണ്ടാം നിലയിലെ മാര്‍ക്‌സിന്റെ പഴയ താമസസ്ഥലം സൂചിപ്പിക്കുന്ന നീലഫലകം നോക്കിനില്‍ക്കുമ്പോള്‍ അതെല്ലാം ഓര്‍മയിലുണ്ടായിരുന്നു. യാതനകളുടെ എത്ര കടലുകളില്‍ മുങ്ങിത്താണാണ് മനുഷ്യവംശമോചനത്തിന്റെ വലിയ സ്വപ്നങ്ങള്‍ മാര്‍ക്‌സ് കെടാതെ കാത്തത്. 'വിടില്ല ഞാനീ രശ്മികളെ' എന്നു പറഞ്ഞ നമ്മുടെ വലിയ കവിയെപ്പോലെ!

മൂന്ന്

ലണ്ടന്‍ യാത്ര ഒരുപാടു സൗഹൃദങ്ങള്‍ തന്നു. മൂന്നാഴ്ച മാത്രം നീണ്ട ആ ജീവിതംകൊണ്ട് മുരളിയേട്ടന്‍ ജന്മാന്തരസ്‌നേഹം നിറഞ്ഞ ഹൃദയബന്ധുക്കളിലൊരാളായി. എന്റെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് യാത്രകള്‍ ക്രമീകരിച്ചത് മുരളിയേട്ടനായിരുന്നു. 'സമീക്ഷ' എന്ന ഇടതുപക്ഷക്കൂട്ടായ്മയുടെയും 'ഗ്ലോബല്‍ എസ്സന്‍സ്' എന്ന വിചാരസംഘത്തിന്റെയും പരിപാടികളില്‍ സംബന്ധിക്കാനാണ് ഞാന്‍ ലണ്ടനില്‍ എത്തിയത്. അവിടെയെത്തിയ ആദ്യദിവസങ്ങളില്‍ രണ്ടു പരിപാടികള്‍ ഉണ്ടായിരുന്നു. 'സമീക്ഷ'യുടെ യോഗം ഉദ്ഘാടനം ചെയ്തത് എം. സ്വരാജ് ആയിരുന്നു. ആ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ സ്വരാജും ലണ്ടനിലെത്തിയിരുന്നു. ഗ്ലോബല്‍ എസ്സന്‍സിന്റെ പരിപാടിയുടെ ലണ്ടനിലെ ആസൂത്രണം നടത്തിയത് മോണ്‍സിയാണ്. മോണ്‍സിയുടെ തിരക്കിട്ട ഔദ്യോഗികജോലികള്‍ നിമിത്തം ഏറെ നേരം ഞങ്ങള്‍ക്ക് ഒരുമിച്ചു കഴിയാന്‍ കഴിഞ്ഞില്ല. യാത്രകള്‍ക്കിടയിലും പരിപാടിയുടെ സന്ദര്‍ഭത്തിലും മാത്രമേ മോണ്‍സിയെ കാണാന്‍ കഴിഞ്ഞുള്ളൂ. കുറഞ്ഞ ആ സമയത്തിനുള്ളിലും തന്റെ സ്‌നേഹത്താലും സംഘാടനമികവിനാലും മോണ്‍സി സുഹൃത്തായി മാറി.

ലണ്ടന്‍ യാത്രയിലെ പരിപാടികളിലൊന്ന് ന്യൂകാസിലിലില്‍ ആയിരുന്നു. അവിടെ എന്‍ജിനീയറായ മധുവിന്റെയും ഡോ. യമുനയുടെയും വസതിയിലാണ് ഞങ്ങള്‍ തങ്ങിയത്. സ്‌നേഹോദാരത ഉടല്‍പൂണ്ട മനുഷ്യരാണ് മധുവും ഡോ. യമുനയും. ഒറ്റക്കാഴ്ചയില്‍ത്തന്നെ ഹൃദയംകൊണ്ട് ഞങ്ങള്‍ കൂട്ടിയിണക്കപ്പെട്ടു. സ്‌കോട്ട്‌ലന്‍ഡിലേക്കും എഡിന്‍ബറോ കൊട്ടാരത്തിലേക്കുമുള്ള യാത്ര മധുവിനോടൊപ്പമായിരുന്നു. ചരിത്രത്തിന്റെ കാലൊച്ചകള്‍ പതിഞ്ഞുകിടക്കുന്ന വഴിയിലൂടെ ഞങ്ങള്‍ കളിപറഞ്ഞും ചിരിച്ചും നടന്നു. പരിപാടികള്‍ക്കായി അവിടെ തങ്ങിയ രണ്ടു ദിവസങ്ങളില്‍ ഡോ. സീന ദേവകിയും ഡോ. അര്‍ച്ചനയുമായി പരിചയപ്പെടാനും ഒരുമിച്ചു യാത്ര ചെയ്യാനും കഴിഞ്ഞു. ലണ്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ പ്രഗല്ഭരായ ചികിത്സകരാണ് ഡോ. യമുനയും ഡോ. സീന ദേവകിയും ഡോ. അര്‍ച്ചനയും. ചിരകാലസൗഹൃദത്തിന്റെ വഴികളിലേക്ക് ഒരു ദിവസത്തിന്റെ പരിചയംകൊണ്ട് നമ്മെ കൊണ്ടുപോകാന്‍ കഴിയുന്ന, ഹൃദയവിശാലതയുള്ള മനുഷ്യര്‍. അവര്‍ക്കൊപ്പമായിരിക്കുമ്പോള്‍ ഞങ്ങള്‍ മാനുഷികമായ സ്‌നേഹത്തിന്റെയും മഹിമയുടെയും ഒപ്പമായിരുന്നു.

മൂന്നാഴ്ചയോളം നീണ്ട യാത്രയ്‌ക്കൊടുവില്‍ പങ്കെടുത്തത് ഓക്‌സ് ഫഡിലെ ഒരു യോഗത്തിലാണ്. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും നഗരത്തെരുവുകളും കണ്ട് വൈകുന്നേരമാണ് പരിപാടിക്കായി എത്തിയത്. കേരളത്തില്‍നിന്നും ഏറെ മുമ്പ് അവിടെയെത്തിയ ലിഷോയ് ആയിരുന്നു ഓക്‌സ്ഫഡ് പരിപാടിയുടെ മുഖ്യസംഘാടകന്‍. ലിഷോയ്യുടെ വസതിയില്‍ ഭക്ഷണവും വിശ്രമവും കഴിഞ്ഞാണ് വൈകുന്നേരത്തോടെ ഞങ്ങള്‍ യോഗത്തിനെത്തിയത്. ലണ്ടനിലെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ നേതാവ് ഹര്‍സേവ് ബെയ്ന്‍ പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു. അവിടത്തെ മലയാളിസുഹൃത്തുക്കളോടൊപ്പം അദ്ദേഹവും ആ യോഗത്തിലുടനീളം പങ്കെടുത്തു. ഹൃദ്യമായി സംസാരിച്ചു. വിദേശത്തെ സമുന്നതരായ കമ്യൂണിസ്റ്റ് നേതാക്കളിലൊരാളാണ് എന്ന തോന്നലുകളേതും ജനിപ്പിക്കാത്ത സൗമ്യതയുടെ ആള്‍രൂപംപോലൊരാള്‍. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയുടെ ഹൃദ്യതയും ലണ്ടന്‍ യാത്രയുടെ നീക്കിയിരിപ്പായി കൂടെയുണ്ട്.

ഓക്‌സ്ഫഡ് പരിപാടിക്കിടയില്‍ യാദൃച്ഛികമായാണ് ജെയിംസ്‌കുട്ടിയെ കാണാനിടയായത്. ഒരു സായാഹ്നത്തിലെ സൗഹൃദംകൊണ്ട് അദ്ദേഹം അടുത്ത ഒരാളായി. രാത്രി മുരളിയേട്ടന്റെ വീട്ടിലേക്കു മടങ്ങിയത് ഞങ്ങളൊരുമിച്ചാണ്. പിറ്റേന്നു മടക്കയാത്രയ്ക്കായി എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയതും ജെയിംസ്‌കുട്ടിയായിരുന്നു. ലോകത്തെയും ജീവിതത്തെയും കുറിച്ചുള്ള ഉദാരവും സ്‌നേഹനിര്‍ഭരവുമായ തന്റെ വീക്ഷണങ്ങള്‍ ആ കുറഞ്ഞ സമയംകൊണ്ട് അദ്ദേഹം പങ്കുവെച്ചു. പിന്നീട് പലപ്പോഴും വിളിക്കുകയും നാട്ടിലെത്തിയപ്പോള്‍ കാണുകയും ചെയ്തു. ഒരു ചെറുയാത്രയുടെ ഓര്‍മകള്‍ക്കപ്പുറം സാഹോദര്യത്തിന്റെ വലിയ നീക്കിവെപ്പുകളായി ഈ സ്‌നേഹസൗഹൃദങ്ങള്‍ ജീവിതത്തിലുണ്ട്. മനുഷ്യന്‍ സാമൂഹികബന്ധങ്ങളുടെ സമുച്ചയമാണെന്ന മാര്‍ക്‌സിന്റെ വാക്കുകള്‍, ആ സ്‌നേഹസൗഹൃദങ്ങളുടെയെല്ലാം പൊരുളായി തുടരുന്നു. വ്യക്തിപരമായതെല്ലാം സാമൂഹികമാണെന്ന വലിയ തിരിച്ചറിവിന്റെ പാഠങ്ങള്‍! ഇനിയങ്ങോട്ട് ബാക്കിയുള്ള ജീവിതത്തിലും അതെല്ലാം കൂടെയുണ്ടാവും. ഒരര്‍ത്ഥത്തില്‍, ഈ കൂട്ടായ്മകളും ഓര്‍മകളുമല്ലാതെ മറ്റെന്താണ് ജീവിതം?