ശ്രീനിവാസൻ ജെയ്ൻ, മറിയം അലവി, സുപ്രിയ ശർമ്മ എന്നിവർ ചേർന്ന് എഴുതിയ 'ലൗ ജിഹാദും മറ്റു കെട്ടുകഥകളും' എന്ന പുസ്തകത്തിൽനിന്നൊരു  ഭാഗം വായിക്കാം. 

To advertise here,

തുവരെയായും നമ്മൾ കൈകാര്യംചെയ്ത ഗൂഢാലോചനാസിദ്ധാന്തങ്ങൾ ഏറെയും ഹിന്ദുത്വവാദത്തിന്റെ അങ്ങേയറ്റത്തു നിൽക്കുന്നവർക്കിടയിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നു. ഇടയ്ക്കു വല്ലപ്പോഴും മാത്രം അവ പുറത്തേക്കു ചോർന്ന്, മുഖ്യധാരാരാഷ്ട്രീയവുമായി ഇടകലർന്നു. ഇപ്പോൾ സ്ഥിതി അതല്ല. ഇന്ന് അത്യന്തം ആപത്കരവും വിഭാഗീയത ഉളവാക്കുന്നതുമായ,  പേരുവെക്കാത്ത ട്രോളുകൾ ഇന്റർനെറ്റു വഴി അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്നു.

അവ രാഷ്ട്രീയത്തിന്റെയും ഗവൺമെന്റിന്റെയും ഉന്നതാധികാരതലങ്ങളിൽ മുമ്പെങ്ങുമില്ലത്തവിധം ചർച്ചചെയ്യപ്പെടുന്നു, വളരെ കാര്യമായിത്തന്നെ. മന്ത്രിമാർ മുതൽ പാർലമെന്റംഗങ്ങളും മുഖ്യമന്ത്രിമാരും രാഷ്ട്രീയനേതാക്കന്മാരും വരെ സർവ്വരും വിദ്വേഷത്തിന്റെയും അസഹിഷ്ണതയുടെയും തീ ആളിക്കത്തിക്കാൻ ശ്രമം നടത്തുന്നു. ഏറ്റവും നിന്ദ്യമായ നുണകൾ പ്രചരിപ്പിക്കുന്നു. ഞങ്ങളതിനെ ' വി.ഐ.പി. വിദ്വേഷപ്രസംഗം' എന്നു വിളിക്കാനാഗ്രഹിക്കുന്നു. ഇതിനെക്കുറിച്ച് ഇനിയും പറയാനുണ്ട്. അത് പിന്നീടാകാം.

'ലൗ ജിഹാദ്,' 'പോപ്പുലേഷൻ ജിഹാദ്,' നിർബന്ധിത മതമാറ്റം, മുസ്ലിംപ്രീണനം തുടങ്ങിയ സിദ്ധാന്തങ്ങളുടെയൊക്കെ നിജസ്ഥിതി എന്താണെന്ന് ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തിക്കഴിഞ്ഞു. രാഷ്ട്രീയത്തിലെ ഉന്നതനേതാക്കൾ സ്ഥിരീകരിക്കുകയും ഉച്ചത്തിൽ ഘോഷിക്കുകയും ചെയ്ത സിദ്ധാന്തങ്ങളാണ് ഇവയോരോന്നും. അധികാരത്തിന്റെ ഓക്സിജൻ ഈ സിദ്ധാന്തങ്ങൾക്ക് തനതായൊരു വീര്യംപകരുന്നു. അതിനു കൂടുതൽ സ്വാധീനശക്തിയുമുണ്ട്. എന്നാൽ, അതിന്റെ പരിണതഫലങ്ങൾ അത്യന്തം ആപത്കരമാണ്.

അധികാരത്തിന്റെ ഉന്നതസ്ഥാനങ്ങൾ സ്ഥിരീകരിച്ച ഒരു സിദ്ധാന്തം. അതു കെട്ടഴിച്ചുവിട്ടത് നാടിനെ മുഴുവൻ മരവിപ്പിക്കുന്ന ഒരു അക്രമപ്രവണതയെയായിരുന്നു. ഗൂഢാലോചനാസിദ്ധാന്തങ്ങളുടെ സത്യാവസ്ഥ ഇതിൽക്കൂടുതൽ ചിത്രീകരിക്കുന്ന മറ്റൊരു ദൃഷ്ടാന്തം കാട്ടാനാവില്ല. ഞങ്ങൾ അത് ഇവിടെ ചുരുക്കത്തിലൊന്നു പരിശോധിക്കുകയാണ്. കാരണം, അത് വ്യക്തമായി നമുക്കു കാട്ടിത്തരുന്നു. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയപ്രമാണികൾ സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന കെട്ടുകഥകളെ പിന്താങ്ങിയാലുണ്ടാകാവുന്ന അപകടങ്ങൾ.

2014ലെ ഏപ്രിൽ, ഇന്ത്യ ദേശീയതിരഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നു. അതുവരെ ഹിന്ദുത്വവാദികൾക്കിടയിൽ, അക്രമസ്വഭാവമുള്ള കുറച്ചുപേർക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വിദ്വേഷകരമായ ഒരവകാശവാദം എങ്ങനെയോ രാഷ്ട്രീയമണ്ഡലത്തിലേക്കു കടന്നുവന്നു. അതിനു വേദിയൊരുക്കിയ വ്യക്തി ഒരു സാധാരണക്കാരനായിരുന്നില്ല. നരേന്ദ്രമോദി ആയിരുന്നു. പ്രധാനമന്ത്രിപദത്തിനു ബി.ജെ.പി. തിരഞ്ഞെടുത്ത സ്ഥാനാർത്ഥി. ഓരോ പ്രസംഗത്തിലും അദ്ദേഹം ആവർത്തിച്ച് 'പിങ്ക് റെവല്യൂഷനെ'പ്പറ്റി സംസാരിച്ചു. കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സാണ് അതിനു പിന്നിൽ പ്രവർത്തിച്ചതെന്ന്.

ബിഹാറിലെ നവാഡയിൽ നടത്തിയ ഒരു തിരഞ്ഞെടുപ്പുപ്രസംഗം മോദി തന്റെ അവകാശവാദം എങ്ങനെ കെട്ടിപ്പൊക്കുന്നു എന്നതിന് ഉദാഹരണമാണ്. അദ്ദേഹം ഇന്ത്യയിലെ അടുത്ത പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയനേതാവാണ്. കൃഷിയിലും ക്ഷീരോത്പാദനത്തിലും ഉണ്ടായ മുന്നേറ്റത്തെ പരാമർശിക്കവേ അദ്ദേഹം പറഞ്ഞു: 'നമ്മുടെ നാട് ഹരിതവിപ്ലവത്തിനെയും ധവളവിപ്ലവത്തിനെയും കുറിച്ച് ധാരാളം കേട്ടിരിക്കുന്നു. എന്നാൽ, ഇപ്പോൾ ഡൽഹിയിൽ അധികാരത്തിലിരിക്കുന്ന സർക്കാരിന് ഈ രണ്ടിലുമല്ല താത്പര്യം, അവർ ഏറ്റെടുത്തിട്ടുള്ളത് 'ഇളം ചോപ്പ് വിപ്ലവമാണ്': എന്നുവെച്ചാൽ എന്താണെന്ന് നിങ്ങൾക്കറിയാമോ? പശുവിനെ കൊല്ലുന്നതാണത്. അതിന്റെ ഇറച്ചിക്ക് ഇളം ചോപ്പു നിറമാണ്. ഗ്രാമങ്ങൾതോറും പശുക്കൾ കൊല്ലപ്പെടുന്നു, മോഷ്ടിക്കപ്പെടുന്നു. പശുക്കളെ ബംഗ്ലാദേശിലേക്കു കടത്തിക്കൊണ്ടുപോകുന്നു.'

ഉത്തരേന്ത്യയിൽ പശു എന്നു പറഞ്ഞാൽ പൊതുവേ അതിൽ കന്നുകാലികളടക്കം എല്ലാ വളർത്തുമൃഗങ്ങളും പെടും. ഏതാനും വാചകങ്ങൾക്കുശേഷം മോദി താൻ ഉദ്ദേശിച്ച മൃഗമേതെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കി: 'ഡൽഹിയിലെ ഗവൺമെന്റിന്റെ കാര്യം പറയാം. ഒരു കൃഷിക്കാരനോ, കാലി വളർത്തുന്നയാൾക്കോ സഹായധനം ആവശ്യമാണെങ്കിൽ അതു നൽകാൻ സർക്കാർ തയ്യാറല്ല. എന്നാൽ പശുവിനെ വെട്ടുന്ന അറവുകാരന്, ഇന്ത്യയിലെ ക്ഷീരവ്യവസായം തകർക്കാൻ തയ്യാറായി നിൽക്കുന്നവന്, ഒരറവുശാല തുടങ്ങണമെന്നുണ്ടെങ്കിൽ സർക്കാർ ഉടനടി ധനസഹായം അനുവദിക്കും.'

പശുവിനെ മിക്കവാറും ഹിന്ദുക്കൾ ഒരു ദേവതയായി ആരാധിച്ചുവരുന്നു. ഗോവധം, വർഗ്ഗീയരോഷം ആളിക്കത്തിക്കുന്നതിൽ പഴയകാലംതൊട്ടേ മുൻപന്തിയിലുള്ള ആയുധമാണ്. ഇതിനു മുമ്പ് ഒരു നിയമനിർമ്മാതാവ് ആ വിഷയത്തിനു തീ കൊളുത്തിയപ്പോൾ അയാളുടെ വാക്കുകൾ ഇന്ത്യൻ പാർലമെന്റിനെതിരായുള്ള ഒരു ആക്രമണത്തിൽവരെ കാര്യങ്ങളെത്തിച്ചു. അത് 1966-ൽ ആയിരുന്നു. വമ്പിച്ചൊരു ജനക്കൂട്ടം പാർലമെന്റിലേക്കു മാർച്ചുചെയ്തു. ആ കൂട്ടത്തിൽ ത്രിശൂലവും കുന്തങ്ങളും കൈയിലേന്തിയ സന്ന്യാസിമാരുമുണ്ടായിരുന്നു. പ്രതിഷേധിക്കാൻ വന്നവരുടെ ആവശ്യം, 'നാട്ടിലൊട്ടാകെ ഗോവധം നിരോധിക്കുക' എന്നായിരുന്നു. ജനരോഷത്തെ പ്രോത്സാഹിപ്പിച്ചവരിൽ ഒരാൾ സ്വാമി രാമേശ്വരാനന്ദ് ആയിരുന്നു, ജനസംഘ് പാർട്ടിയിൽനിന്നുള്ള ഒരു പാർലമെന്റ് അംഗം. ഇന്നത്തെ ബി.ജെ.പിയുടെ മുൻഗാമിയായിരുന്നല്ലോ ജനസംഘ്. രോഷാഗ്‌നി ജ്വലിക്കുന്ന വാക്കുകളിൽ അദ്ദേഹം പ്രതിഷേധിക്കാനെത്തിയവരെ ആഹ്വാനം ചെയ്തു: 'ഈ പാർലമെന്റ് മന്ദിരത്തിന്റെ ഭിത്തികൾക്ക് അകത്തിരിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കണം.'

അത്യന്തം അപകടകരമായ ഒരു സന്ദർഭം. അതേ പാർട്ടിയിൽനിന്നുതന്നെയുള്ള മറ്റൊരു നേതാവ് അടൽ ബിഹാരി വാജ്പേയ്-പിന്നീടദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി-തന്റെ പാർട്ടി സഹപ്രവർത്തകനോട് ശാന്തത പാലിക്കാൻ അഭ്യർത്ഥിക്കാൻ നിർബ്ബന്ധിതനായി. അദ്ദേഹം സ്വാമിയോട് തന്റെ വാക്കുകൾ പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചു. അതുകൊണ്ട് പ്രയോജനമുണ്ടായില്ല. ജനക്കൂട്ടം വാശിയോടെ മുന്നോട്ടു കുതിച്ചു. പാർലമെന്റിന് ചുറ്റുമുള്ള സുരക്ഷാവലയം ഭേദിക്കാൻ ശ്രമിച്ചു. അന്തരീക്ഷം സംഘർഷഭരിതമായി. തുടർന്നുണ്ടായ പോലീസ് ഫയറിങ്ങിൽ പ്രതിഷേധകരിൽ ആറുപേരെങ്കിലും കൊല്ലപ്പെട്ടു. ചില റിപ്പോർട്ടുകളിൽ കണ്ടത് ഒരു പോലീസുകാരനും ജീവൻ നഷ്ടപ്പെട്ടു എന്നാണ്.

1966-ലെ ആ സംഭവത്തിന്റെ ഫലമായി ദേശീയ ഗോവധ നിരോധനനിയമമൊന്നും പാസാക്കപ്പെട്ടില്ല. എന്നാൽ, അത് സംസ്ഥാനതല ഗോസംരക്ഷണനിയമനിർമ്മാണത്തിന് വേഗംകൂട്ടി. എട്ടു സംസ്ഥാനങ്ങളും യൂണിയൻ ടെറിട്ടറികളും ഗോവധം നിരോധിച്ചു. എന്നിട്ടും കന്നുകാലിക്കച്ചവടം തുടർന്നു. കൃഷിക്കാർ-അവരിലധികവും ഹിന്ദുക്കളായിരുന്നു-തങ്ങളുടെ പ്രായംചെന്നതും ക്ഷീണിച്ചതുമായ കന്നുകാലികളെ ഗ്രാമീണചന്തകളിൽ കൊണ്ടുപോയി കച്ചവടക്കാർക്ക് വിറ്റിരുന്നു. വാങ്ങുന്നവരധികവും മുസ്ലിങ്ങളായിരുന്നു. കൃഷിക്കാർ അവശത സംഭവിച്ച കന്നുകാലികളെ വിറ്റ് ആ പണംകൊണ്ട് ആരോഗ്യമുള്ള നല്ല പശുക്കളെ വാങ്ങി. 'ഹിന്ദു' കൃഷിക്കാരനും 'മുസ്ലിം' അറവുകാരനും തമ്മിൽ യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല.

ഹരീഷ് ദാമോദർ എന്ന പത്രപ്രവർത്തകൻ സംഗതി വിശദമാക്കുന്നുണ്ട്: 'യഥാർത്ഥത്തിൽ അറവുകാരൻ കൃഷിക്കാരന് വലിയൊരു സഹായം ചെയ്യുകയാണ്. കൊള്ളരുതാത്ത ഒരു പശുവിന് അയാൾ 5000നും 10,000നും ഇടയിൽ രൂപ വില കൊടുക്കുന്നു. കൃഷിക്കാരൻ ആ തുകയോട് പോരാത്തതും ചേർത്ത് 25,000നും 30,000നും ഇടയിൽ വില കൊടുത്ത് നല്ലൊരു കറവപ്പശുവിനെ വാങ്ങുന്നു.'

എന്നാൽ, ഹിന്ദുത്വവൃത്തങ്ങളിൽ ഈ സംഗതി ഒരു മുസ്ലിം ഗൂഢാലോചനയുടെ ഭാഗമായിരുന്നു. അവർ പശുക്കളെ മോഷ്ടിച്ച് അറുത്തു വിൽക്കുന്നു എന്നായിരുന്നു ആരോപണം. അടിസ്ഥാനരഹിതവും വളരെയേറെ ആപത്കരവുമായ ഒരാരോപണം. എന്തോ മുഖ്യധാരാരാഷ്ട്രീയം അതിനു വേണ്ടത്ര ഊർജ്ജം നൽകുകയുണ്ടായില്ല. എന്നാൽ 'പിങ്ക് റവലൂഷൻ' പ്രസംഗങ്ങൾ പതിവായതോടെ ആ അവസ്ഥ മാറി. വിദ്വേഷം ജനിപ്പിക്കുന്ന അർധസത്യങ്ങളും വികലയാഥാർത്ഥ്യങ്ങളും നിറഞ്ഞ 'ഗോവധം' എന്ന വിഷയത്തെ അവർ ഇന്ത്യയുടെ വളർന്നുവരുന്ന ഇറച്ചിക്കയറ്റുമതിവ്യാപാരവുമായി ബന്ധിപ്പിച്ചു.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയുടെ മാംസക്കയറ്റുമതിവ്യാപാരം വളരെ വികസിച്ചിട്ടുണ്ട് എന്നതു നേരാണ്.10 അതിനു വഴിവെച്ചത് തൊഴിലിൽ വൈദഗ്ധ്യം നേടിയവർ കയറ്റുമതി ലക്ഷ്യംവെച്ചു നടത്തുന്ന സമർത്ഥമായ പരിശ്രമംതന്നെയാണ്. എന്നാൽ, പശുവിന്റെ മാംസം കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവിടെനിന്നും കയറ്റി അയയ്ക്കുന്നത് പോത്തിറച്ചിയാണ്. അതിനെ ഇന്ത്യാ ഗവൺമെന്റ് 'ബീഫ്' പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല. എന്നാൽ, ചില രാജ്യങ്ങൾ ബീഫായിത്തന്നെയാണ് അതിനെ കാണുന്നത്. മോദി ചൂണ്ടിക്കാണിച്ച യു.പി.എ. സഹായധനം മൊത്തം കാർഷികോത്പന്നങ്ങളുടെ കയറ്റുമതിയെ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇറച്ചിക്കയറ്റുമതിയും അതിന്റെ ഒരു ഭാഗമാണെന്നുമാത്രം. എന്നിട്ടും 'പിങ്ക് റവലൂഷൻ' പ്രസംഗങ്ങൾ ഹിന്ദുത്വതീവ്രവാദങ്ങളുടെ അതിഭാവുകത്വം കലർന്ന കെട്ടുകഥകൾക്ക് വിശ്വാസ്യത നൽകി. വിഭാഗീയചിന്തകളും അബദ്ധധാരണകളും പ്രചരിപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് പുതിയ അനുമതി നൽകി.

2014-ൽ ബി.ജെ.പി. അധികാരത്തിൽ വന്നു. അതോടെ 'പശുക്കൾ അപകടത്തിൽ' എന്ന മുദ്രാവാക്യം നാടെങ്ങും ക്ഷണത്തിൽ പ്രചരിച്ചു. 2015-ൽ ബി.ജെ.പി. ഭരിക്കുന്ന മഹാരാഷ്ട്ര ഗോസംരക്ഷണനിയമങ്ങൾ കർശനമാക്കി. മറ്റു സംസ്ഥാനങ്ങളിലെ ബി.ജെ.പി. ഭരണകൂടങ്ങളും അവരെ പിന്തുടർന്നു. അതേസമയം, പോത്തിറച്ചി കയറ്റുമതി വർദ്ധിച്ചുകൊണ്ടിരുന്നു. അതോടൊപ്പം സ്വയം ഗോരക്ഷകരായി ചമഞ്ഞവരുടെ അക്രമങ്ങൾ അവിരാമം തുടർന്നു. അവർ പ്രധാനമായും ഉന്നംവെച്ചത് മുസ്ലിങ്ങളെ ആയിരുന്നു. നിർണായകമായ ഒരു ഘട്ടം സംഭവിച്ചത് 2015 സെപ്റ്റംബറിലാണ്. മുഹമ്മദ് അഖ്ലാഖ് എന്നൊരു മുസൽമാനെ അയാളുടെ ഹിന്ദുക്കളായ അയൽക്കാർ തല്ലിക്കൊന്നു. അയാളുടെ കുടുംബം പശുവിനെ കൊന്നു എന്ന സംശയമായിരുന്നു അതിനു വഴിവെച്ചത്. അടിസ്ഥാനരഹിതമായ ഒരു സംശയം. സംഭവം നടന്നത് ഉത്തർപ്രദേശിലെ ദാദ്രി ജില്ലയിലാണ്. ഡൽഹിയുടെ പടിക്കൽ എന്നു പറയാം.

ദാദ്രി കൊലപാതകത്തോട് ഗവൺമെന്റ് പ്രതികരിച്ചത് ന്യൂ നോർമലിൽ നിന്നുകൊണ്ടായിരുന്നു. അവർ കുറ്റം ചെയ്തവരെ തെറ്റുകാരാക്കിയില്ല. പകരം ബി.ജെ.പി. നേതാക്കന്മാർ ശ്രമിച്ചത് ആ അക്രമത്തിൽ യുക്തി കണ്ടെത്താനായിരുന്നു. ഒരു നേതാവ് പറഞ്ഞത്, 'ഒരുകൂട്ടം നിഷ്‌കളങ്കരായ കുട്ടികൾ ആവേശത്തിന്റെ പുറത്തു ചെയ്ത പ്രവൃത്തിയാണ് അത്' എന്നായിരുന്നു. മറ്റൊരു പാർലമെന്റ് അംഗം ആക്രോശിച്ചു, 'ഇനിയും ആരെങ്കിലും ഞങ്ങളുടെ ഗോമാതാവിനെ നിന്ദിച്ചാൽ ഞങ്ങൾ കണ്ടുനിൽക്കില്ല; അത് സഹിക്കുന്നതിലും ചത്തുകളയുന്നതാണ് നല്ലത്.' കൂടുതൽ ഗോരക്ഷാജാഗരൂകനായ ഒരാളുടെ ഭീഷണി. ആ കൊലപാതകവും ഭരണകക്ഷിയുടെ പ്രതികരണവും പൊതുസമൂഹത്തിൽ വലുതായ ഒച്ചപ്പാടുയർത്തി. ബി.ജെ.പി. ശക്തമായി മറുപടി നൽകി. 'ഒറ്റപ്പെട്ട ഒരു അക്രമസംഭവത്തെ ജനം വല്ലാതെ പെരുപ്പിച്ചുകാട്ടുകയാണ്,' അവരുടെ നേതാക്കന്മാർ യാതൊരു സങ്കോചവും കൂടാതെ പറഞ്ഞു. എന്നാൽ, വസ്തുതാവിവരങ്ങൾ പറയുന്നത് മറ്റൊരു കഥയാണ്.

ഇന്റർനെറ്റിൽ ലഭ്യമായ പഴയ വാർത്താശേഖരങ്ങൾ ഞങ്ങൾ പരിശോധിച്ചു. രണ്ടു ഘട്ടങ്ങളിലായി ഇന്ത്യയിൽ നടന്ന ഗോവധവുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ ഞങ്ങൾ എണ്ണി. ഒന്നാമത്തേത് 2009 മുതൽ 2014 വരെയുള്ളത്. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി.എയ്ക്കായിരുന്നു ഭരണാധികാരം. രണ്ടാമത്തേത് 2014 മുതലുള്ളത്. ബി.ജെ.പി. നേതൃത്വത്തിലുള്ള ഒന്നാം എൻ.ഡി.എയുടെ കാലം. 2023 വരെ ഞങ്ങളുടെ അന്വേഷണം നീണ്ടു. ഞങ്ങളുടെ രീതിശാസ്ത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അവലംബത്തിൽ കാണാം.

2009നും 2014നും ഇടയ്ക്ക് പശുവുമായി ബന്ധപ്പെട്ട ഒരേയൊരു ആക്രമണമേ ഞങ്ങൾക്ക് കാണാനായുള്ളൂ. 2012 ജൂണിൽ, പഞ്ചാബിലെ മൻസാ ജില്ലയിൽ ഫാക്ടറി ഉടമകളായ രണ്ടുപേരുടെ വീടുകൾ കൊള്ളിവെക്കപ്പെട്ടു. അജിത് സിങ്ങിന്റെയും മേഖാസിങ്ങിന്റെയും ഫാക്ടറികൾക്ക് സമീപം ഇരുപത്തിയഞ്ചു പശുക്കളുടെ ശവം കണ്ടെത്തിയതാണ് ആക്രമണത്തിനു കാരണമായത്. അതിനു നേതൃത്വം നൽകിയത് വി.എച്ച്.പി. ആണെന്നാണ് റിപ്പോർട്ട്. എന്തായാലും ആർക്കും മരണം സംഭവിച്ചില്ല. ഇതിനു വിപരീതമായി 2014 മുതൽ 2023 വരെയുള്ള കാലയളവിൽ പശുവുമായി ബന്ധപ്പെട്ട 136 ആക്രമണങ്ങൾ നടന്നതായി ഞങ്ങൾ എണ്ണി. 66 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 284 പേർക്ക് പരിക്കുകൾ പറ്റി. കൊല്ലപ്പെട്ടവരിൽ 70 ശതമാനത്തോളം മുസ്ലിങ്ങളായിരുന്നു.

മീഡിയ റിപ്പോർട്ടുകളെ ആശ്രയിച്ച് വസ്തുതാവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുക ശരിയായ രീതിയല്ല എന്നതു പറയേണ്ടതില്ലല്ലോ. 2014നു മുമ്പ് നടന്ന, പശുവുമായി ബന്ധപ്പെട്ട ആക്രമണങ്ങളെ വാർത്താമാദ്ധ്യമങ്ങൾ കാര്യമായി എടുത്തിരിക്കയില്ല എന്നു വേണമെങ്കിൽ വാദിക്കാം. ഇന്റർനെറ്റ് വികസിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. 'ഡിജിറ്റൽ റെക്കോഡ്' സൂക്ഷിപ്പ് അത്ര വ്യാപകമായിരുന്നില്ല. എന്നാലും ഒരു കാര്യം ഞങ്ങൾക്കു വ്യക്തമായിരുന്നു. 2014നും എത്രയോ മുമ്പുതന്നെ പശുവിന്റെ പേരിൽ കൊല നടത്തുന്നത് ആരേയും ഞെട്ടിക്കുന്ന വാർത്തതന്നെയായിരുന്നു. അങ്ങനെയിരിക്കേ, അത് മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പോകാൻ ഒരു ന്യായവും കാണുന്നില്ല. ഉദാഹരണത്തിന് 2002-ൽ ഹരിയാനയിൽ ഒരു ജനക്കൂട്ടം ഏഴു ദളിതരെ ആക്രമിച്ച് കൊല്ലുകയുണ്ടായി. അവർ ഒരു പശുവിനെ കൊന്ന് തൊലിയുരിക്കുന്നു എന്ന സംശയത്തിലാണ് അക്രമികൾ അവരുടെ മേൽ ചാടിവീണത്. ഈ സംഭവം എല്ലാ വാർത്താമാധ്യമങ്ങളും വ്യാപകമായി റിപ്പോർട്ടു ചെയ്തിരുന്നു. മീഡിയ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഞങ്ങളുടെ ഗവേഷണങ്ങളുടെ സാമാന്യഫലം സ്പഷ്ടമായിരുന്നു. പശുക്കളുമായി ബന്ധപ്പെട്ട ആക്രമണങ്ങളുടെ എണ്ണം 2014നു ശേഷം നാടകീയമാംവിധം വർധിച്ചിട്ടുണ്ട്.

'പിങ്ക് റെവലൂഷൻ' പ്രസംഗങ്ങളുടെ ഫലമായി അക്രമസംഭവങ്ങൾ വർദ്ധിക്കുക മാത്രമല്ല ഉണ്ടായത്, മതപരമായ മറ്റു പലതും രാഷ്ട്രീയനേതാക്കന്മാർ ചൂണ്ടിക്കാണിക്കാൻ തുടങ്ങി. നിഴലുകൾക്കു പുറകിൽ പതുങ്ങിയിരിക്കുന്നു എന്ന് അവർ കരുതുന്ന ഗൂഢാലോചനാസിദ്ധാന്തങ്ങൾ പുറത്തുകൊണ്ടുവരിക അവരുടെ സ്ഥിരം പതിവായി. ഭരണകക്ഷി ആ കാര്യത്തിൽ പ്രത്യേകം ഉത്സാഹം കാട്ടി. പല സിദ്ധാന്തങ്ങളുടെയും നിജസ്ഥിതി ഈ പുസ്തകത്തിൽ ഞങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. വാസ്തവത്തിൽ അതെല്ലാം അധികാരത്തിലിരിക്കുന്നവർ പറഞ്ഞു പെരുപ്പിച്ചിട്ടുള്ളവയായിരുന്നു; അതും മുമ്പെങ്ങുമില്ലാത്ത വിധത്തിൽ.

ഇത് ഞങ്ങൾ മനസ്സിലാക്കിയത് വേറൊരു ഡേറ്റാ കൂട്ടത്തിൽനിന്നാണ്. മാധ്യമമറിപ്പോർട്ടുകളും രാഷ്ട്രീയനേതാക്കന്മാരുടെ സാമൂഹികമാധ്യമ പ്രസ്താവനകളും ഞങ്ങൾ ഇതിന് പ്രയോജനപ്പെടുത്തി. ആ പട്ടികയിൽ ഉന്നതരാഷ്ട്രീയനേതാക്കന്മാരുടെ വിദ്വേഷപ്രസംഗങ്ങളും ഉൾപ്പെട്ടിരുന്നു. 'വിദ്വേഷപ്രസംഗം' എന്നതുകൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത് മതപരവും ജാതീയവുമായ വിമർശനങ്ങളും അക്രമത്തിനു പ്രേരിപ്പിക്കുന്ന പ്രസ്താവനകളുമാണ്. ചില 'ഒളിസന്ദേശങ്ങളും' അതിൽ ഉൾപ്പെട്ടിരുന്നു. കേൾക്കുന്നവർക്ക് സാധാരണം. എന്നാൽ, തത്പരകക്ഷികളെ സംബന്ധിച്ച് പ്രേരണാജനകവും. അത് ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തെ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരിക്കും. ഞങ്ങളുടെ പട്ടികയിൽ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലേയും മന്ത്രിമാരുടെ പ്രസ്താവനകൾ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചു. കൂടെ പാർലമെന്റ്‌നിയമസഭാ അംഗങ്ങളുടെയും മുഖ്യമന്ത്രിമാരുടെയും ഗവർണർമാരുടെയും പാർട്ടി മേധാവിമാരുടെയും സംഘപരിവാർ സംഘടനകളിലെ പ്രധാനികളുടെയുംകൂടി അഭിപ്രായങ്ങൾ ചേർത്ത് പട്ടിക ഒതുക്കി.

പശുക്കളുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങൾ ശേഖരിച്ചതുപോലെ ഈ കാര്യത്തിലും ഞങ്ങൾ പഠനത്തിനായി രണ്ടു വ്യത്യസ്ത കാലയളവുകൾ തിരഞ്ഞെടുത്തു. 2009-2014 കാലം. കോൺഗ്രസ്സാണ് നാടു ഭരിച്ചിരുന്നത്. 2014 മേയ് മുതൽ 2023 വരെയുള്ള വർഷങ്ങൾ. അധികാരം ബി.ജെ.പിയുടെ കൈയിൽ. കോൺഗ്രസ് ഭരണകാലത്ത് ഇരുപത്തിയഞ്ചോളം വിദ്വേഷപ്രസംഗങ്ങൾ ഞങ്ങൾ എണ്ണി. എന്നാൽ ബി.ജെ.പി. അധികാരത്തിൽ വന്നതോടെ എണ്ണം ഉയർന്ന് 460 ആയി. എല്ലാം പ്രധാനവ്യക്തികൾ നടത്തിയത്. ഏതാണ്ട് ഒൻപതിരട്ടിയുടെ കുതിപ്പ്.

വിദ്വേഷപ്രസംഗങ്ങളുടെ എണ്ണത്തിലുണ്ടായ ഈ വർദ്ധന ആപത്കരംതന്നെ. അതിലും വിഷമകരം, അതിലേറെയും ശുദ്ധനുണകളെ അടിസ്ഥാമാക്കിയിട്ടുള്ളതായിരുന്നു എന്നതാണ്. ഉദാഹരണമായി, 2020-ൽ കർണ്ണാടകയിലെ ഒരു ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി കെ.എസ്. ഈശ്വരപ്പ പ്രഖ്യാപിച്ചു: 'നമ്മുടെ പാർട്ടി മുസ്ലിങ്ങൾക്ക് ടിക്കറ്റ് കൊടുക്കുകയില്ല.' ഇത് വിദ്വേഷപ്രസംഗത്തിന്റെ ഒരു മാതൃകയല്ലേ? ഈശ്വരപ്പ ഒരു ബി.ജെ.പി. നേതാവായിരുന്നു, മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രിയും. മുമ്പൊരു തിരഞ്ഞെടുപ്പ് യോഗത്തിൽ അദ്ദേഹം പറയുകയുണ്ടായി, 'ലൗ ജിഹാദിന്റെ ഭാഗമായി മുസ്ലിം യുവാക്കൾ ഹിന്ദുയുവതികളുമായി അടുപ്പത്തിലാവുന്നു.' ഇത് വിദ്വേഷം വളർത്തുന്ന ഒരു പ്രസ്താവന മാത്രമല്ല, തീർത്തും അവാസ്തവവുമാണ്. അത് ഒന്നാം അധ്യായത്തിൽത്തന്നെ പറഞ്ഞുകഴിഞ്ഞതാണല്ലോ.

വിദ്വേഷകരവും വിനാശകരവുമായ നുണകൾ ഞങ്ങൾ ഈ പുസ്തകത്തിൽ തുറന്നുകാണിച്ചിട്ടുള്ളതിൽ മാത്രംഒതുങ്ങിനിൽക്കുന്നില്ല, പുതിയതുപുതിയത് ഓരോന്നായി മുളച്ചുപൊന്തിക്കൊണ്ടിരുന്നു. കോവിഡ് 19 പകർച്ചവ്യാധിയുടെ കാലങ്ങളിൽ ബി.ജെ.പി. രാഷ്ട്രീയപ്രവർത്തകർ ഒരു അടിസ്ഥാനവുമില്ലാതെ പുതിയൊരു വിഷയം ഊതിവീർപ്പിച്ചു- 'കൊറോണ ജിഹാദ്'.

ഉദാഹരണമായി, ഡൽഹിയിലെ ഒരു ഇസ്ലാമിക് കേന്ദ്രത്തിൽ ആ കാലത്ത് വലിയ രീതിയിൽ കോവിഡ് ബാധയുണ്ടായി. അതിനെ അടിസ്ഥാനമാക്കി ബി.ജെ.പി. എം.പി. ആയ ശോഭ കരന്ദലജെ ഒരു യോഗത്തിൽ പ്രസംഗിച്ചു: 'രാജ്യമെമ്പാടും കൊറോണ വൈറസ് പരത്താനുള്ള ശ്രമം തുടങ്ങിയത് ഡൽഹിയിലെ തബ്ലിഗ് ജമഅത്ത് യോഗത്തിൽ വെച്ചാണ്. ആ യോഗത്തിനു പുറകിൽ ഒരു 'കൊറോണ ജിഹാദ്' പദ്ധതി ഉണ്ടായിരുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.' സഹേന്ദ്രസിങ് ചൗഹാൻ എന്ന ബി.ജെ.പി. എം.എൽ.എ. പിന്നെയും ഒരു ചുവടു മുന്നോട്ടുവെച്ചു. വിമർശനം കൂടുതൽ കടുപ്പിച്ചു: 'ഞാൻ എന്റെ നിയമസഭാമണ്ഡലത്തിലെ ബാങ്കുകളോട് അഭ്യർത്ഥിക്കുകയാണ്, ബാങ്ക് ഇടപാടുകൾക്ക് മുസ്ലിങ്ങൾക്ക് പ്രത്യേകം സമയം നീക്കിവെക്കണം. സാധാരണജനങ്ങളുമായി സമ്പർക്കം പുലർത്താൻ അവർക്കവസരം നൽകരുത്. ഞാൻ പൊതുജനങ്ങളോട് അപേക്ഷിക്കുന്നു, സ്വന്തം കുടുംബത്തിന്റെയും നാടിന്റെയും താത്പര്യം മുൻനിർത്തി നിങ്ങൾ ഒരു പ്രത്യേക സമുദായക്കാരോട് അകലം പാലിക്കണം.'

കൊറോണ പകർച്ചവ്യാധി പിൻവാങ്ങിയ സ്ഥിതിക്ക് 'കൊറോണ ജിഹാദ്' എന്ന ഉമ്മാക്കിയും സ്വാഭാവികമായും മറഞ്ഞുകാണുമല്ലോ. ഇപ്പോൾ പുതിയതായി പൊന്തിവന്നിരിക്കുന്നത്, 'ലാൻഡ് ജിഹാദ്' ആണ്. കപടമാർഗങ്ങളിലൂടെ മുസ്ലിമുകൾ ഭൂമി കരസ്ഥമാക്കാൻ നടത്തുന്ന ഗൂഢാലോചന എന്ന വ്യാജസിദ്ധാന്തം. ഇതിന് ഏറ്റവുമധികം ഊർജ്ജം പകർന്നുകൊടുത്തിരിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ്. 2021 മാർച്ചിൽ അസമിൽ കൂടിയ ഒരു പൊതുയോഗത്തിൽ അദ്ദേഹം വാഗ്ദാനം ചെയ്തു: 'ലാൻഡ് ജിഹാദിനെതിരായി കഴിയുന്നതും വേഗം നിയമം പാസാക്കും'.

ഹിന്ദുത്വവാദികളുടെ ഗൂഢാലോചനാസിദ്ധാന്തങ്ങൾ ഭരണഘടനാഭാരവാഹികളും കടമെടുക്കുന്നു. അതു പോരാഞ്ഞ് തങ്ങളുടേതായി ചിലത് കണ്ടെത്തുകയും ചെയ്യുന്നു. 2023 മേയിൽ അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമ്മ അവകാശപ്പെട്ടു: 'തന്റെ സർക്കാർ 'ഫെർട്ടിലൈസർ ജിഹാദിന്' എതിരായി പ്രവർത്തിക്കുകയാണെ'ന്ന്. അസമിലെ പച്ചക്കറിക്കൃഷിക്കാരിൽ ഏറെയും ബംഗാളി മുസ്ലിങ്ങളാണ്. അവരെ ഒന്നടങ്കം നിന്ദിക്കുന്നതായിരുന്നു ആ പ്രസ്താവന. ഇനിയും ഇതുപോലെയുള്ള എന്തെല്ലാം വ്യാജാരോപണങ്ങൾ അധികാരത്തിലുള്ളവർ കെട്ടിച്ചമയ്ക്കുമെന്ന് പറയാൻവയ്യ. പ്രവചിക്കാൻ കൂടുതലെളുപ്പം ഈമാതിരി വ്യാജവാർത്തകൾ സമൂഹത്തിലേൽപ്പിക്കുന്ന ആഘാതമാണ്: എല്ലാവർക്കും തുല്യമായി എന്റേതെന്ന് അവകാശപ്പെടാനാവാത്ത ഒരു ഇന്ത്യയാകും അതിന്റെ പരിണതഫലം.