ശ്രീനിവാസന്‍ ജെയ്ന്‍, മറിയം അലവി, സുപ്രിയ ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ‘ലൗ ജിഹാദും മറ്റു കെട്ടുകഥകളും’ എന്ന പുസ്തകത്തിന്റെ ആമുഖം വായിക്കാം.
ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. എല്ലാ തലമുറകളും ഒരുപോലെ ആസ്വദിക്കുന്ന അദ്ദേഹത്തിന്റെ സിനിമകള്‍ സാംസ്‌കാരികമായി നോക്കുമ്പോള്‍ ഉരകല്ലുകളാണ്. ഏറ്റവുമൊടുവില്‍ എണ്ണമെടുക്കുമ്പോള്‍, ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി അദ്ദേഹത്തെ പിന്തുടരുന്നവര്‍ നാല്‍പ്പത്തിമൂന്നു ദശലക്ഷത്തോളമുണ്ട്. അദ്ദേഹത്തോടുള്ള ആരാധന ഇന്ത്യയിലായാലും, ഇന്ത്യയ്ക്കു പുറത്തായാലും എല്ലാ അതിര്‍ത്തികള്‍ക്കും മേലെയാണ്.
എന്നാല്‍, ഫേസ്ബുക് പോസ്റ്റ് പ്രകാരം ഷാരൂഖ് ഖാന്‍ വലിയൊരു കുറ്റം ചെയ്തിരിക്കുന്നു. 'പോപ്പുലേഷന്‍ ജിഹാദാണ് അദ്ദേഹം ചെയ്തിരിക്കുന്ന കുറ്റം!' കൂടുതല്‍ സന്താനങ്ങളെ ഉത്പാദിപ്പിച്ച് ഹിന്ദു ഭൂരിപക്ഷത്തെ മറികടക്കുവാനുള്ള മുസ്ലിങ്ങളുടെ ഒരു തന്ത്രമാണത് എന്നാണു വെപ്പ്. അവിശ്വസനീയമെന്നു പറയാവുന്ന ഈ അവകാശവാദത്തിനുള്ള തെളിവെന്താണ്? ഒരു തെളിവുമില്ല. ഈ പ്രസ്താവനയ്ക്കു സാധൂകരണമായി അവര്‍ മുന്നോട്ടുവെക്കുന്നതാകട്ടെ, ഷാരൂഖ് ഖാന്‍ മൂന്നു മക്കളുടെ അച്ഛനായ ഒരു മുസ്ലിമാണ് എന്ന വസ്തുതമാത്രവും.
ഇത് അതിവിചിത്രമായി തോന്നുന്നുവെങ്കില്‍ ഈ ട്വീറ്റുനോക്കൂ…
മറ്റൊരു ബോളിവുഡ് സൂപ്പര്‍സ്റ്റാറായ ആമിര്‍ ഖാന്‍ 'ലൗ ജിഹാദിന്റെ ബ്രാന്‍ഡ് അംബാസിഡറാ'ണെന്നാണ് ഇവിടെ ആരോപിക്കുന്നത്. ഹിന്ദുസ്ത്രീകളെ പ്രലോഭിപ്പിച്ച് മതംമാറ്റി ഇന്ത്യയുടെ ജനസംഖ്യാപ്രാതിനിധ്യംതന്നെ മാറ്റിമറിക്കാനുള്ള ശ്രമത്തിലാണ് മുസ്ലിങ്ങള്‍ എന്നാണ് ഈ സിദ്ധാന്തം അവകാശപ്പെടുന്നത്.
ആമിര്‍ ഖാന്റെയും അദ്ദേഹത്തിന്റെ മുന്‍ പങ്കാളികളുടെയും മതം എന്തെന്നതുമാത്രമാണ് ഇവിടെയും ഒരേയൊരു തെളിവായി ചൂണ്ടിക്കാണിക്കാണിക്കുന്നത്: അദ്ദേഹം ഒരു മുസ്ലീമാണ്; അവര്‍ ഹിന്ദുക്കളും. എന്നുവെച്ചാല്‍: 'ലൗ ജിഹാദ്'.
ബോളിവുഡ് താരങ്ങളുടെ വ്യക്തിജീവിതംമാത്രമല്ല വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളില്‍ തെളിവുകളാകുന്നത്. ഭാവനാസൃഷ്ടിയായ സിനിമാക്കഥപോലും മറ്റൊരു പ്രചുരപ്രചാരമുള്ള സിദ്ധാന്തത്തിന്റെ തെളിവായി ചുറ്റിക്കറങ്ങിയിട്ടുണ്ട്- മുസ്ലീംപ്രീണനത്തിന്റെ, അതായത് മറ്റുള്ളവരെക്കാളും മുസ്ലിങ്ങള്‍ പരിഗണിക്കപ്പെടുന്നു എന്ന സിദ്ധാന്തത്തിന്റെ.
ഷോലെ
ഷോലെ സിനിമയില്‍ ഗ്രാമത്തില്‍ വൈദ്യുതിയില്ല. ഠാക്കൂര്‍ റാന്തലുമായാണ് നടക്കുന്നത്, പക്ഷേ ബാങ്കുവിളിക്കുന്നത് ലൗഡ്‌സ്പീക്കറില്‍ കേള്‍ക്കാം. എന്തെന്നോ? ജാവേദ് അക്തറായിരുന്നു അതെഴുതിയത്. ഇതായിരുന്നു വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിച്ച ഒരു മെസേജ്.
മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ രാഷ്ട്രീയക്കാര്‍, ഭരണകൂടങ്ങള്‍, കോര്‍പ്പറേറ്റുകള്‍ എന്നീ അധികാരത്തിന്റെ പരമ്പരാഗത പ്രഭവകേന്ദ്രങ്ങളുടെ അവകാശവാദങ്ങളെ പരിശോധിക്കുവാനായാണ് ഞങ്ങളുടെ ഔദ്യോഗികജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത്. എന്നിരിക്കേ, കോടിക്കണക്കിന് ഇന്ത്യക്കാരുടെ വാട്‌സാപ്പ് ചാറ്റുകളിലേക്കും സോഷ്യല്‍ മീഡിയാ ഫീഡിലേക്കും എവിടെനിന്നെന്നില്ലാതെ പൊട്ടിവീഴുന്ന വൈറല്‍ അവകാശവാദങ്ങളില്‍ ശ്രദ്ധപതിപ്പിക്കാനാണ് ഈ പുസ്തകത്തില്‍ ഞങ്ങള്‍ ശ്രമിച്ചിരിക്കുന്നത്. ഒരു ന്യൂ നോര്‍മലിന്റെ സൂചനയാണ് അവയുടെ ഇമ്മട്ടിലുള്ള വ്യാപനം. മുസ്‌ലിമാണെന്ന ഒറ്റക്കാരണത്തെ ആസ്പദമാക്കി ഷാരൂഖ് ഖാനെതിരെ 'പോപുലേഷന്‍ ജിഹാദ്' ആരോപിക്കുന്നതും ആമിര്‍ ഖാനെതിരെ 'ലൗ ജിഹാദ്' ആരോപിക്കുന്നതുമൊക്കെ അതില്‍ സാധ്യമായിരിക്കുന്നു.
ഈ ഗൂഢാലോചനാസിദ്ധാന്തങ്ങളൊന്നും ഒട്ടും പുതിയതല്ല. ഇന്ത്യയിലെ പൊതുസ്ഥലങ്ങളിലെ നിഴലുകള്‍ക്കു പിന്നില്‍ അവ പതുങ്ങിയിരിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പലതായി. എന്നാല്‍, ഇപ്പോള്‍ അവ മറയുടെ പുറകില്‍നിന്ന് അരങ്ങിന്റെ നടുവിലേക്കു നീങ്ങിയിരിക്കുന്നു. സാമൂഹികമാധ്യമങ്ങളുടെ ചിറകിലേറി അവര്‍ അതീവരഹസ്യമായി തങ്ങള്‍ക്കു ചെയ്യാനുള്ളതു ചെയ്യുന്നു. ഊതിവീര്‍പ്പിച്ച ഒരു സര്‍ക്കാര്‍ പ്രസ്താവന എന്ന രീതിയിലല്ല അവയുടെ സ്ഥാനം. അത്തരം പ്രസ്താവനകള്‍ പൊതുവേ തെല്ലു സംശയത്തോടെയാണ് ജനം വീക്ഷിക്കുക; അവര്‍ക്കറിയാം അത് ഭരണപക്ഷത്തിന്റെ താത്പര്യങ്ങള്‍ പരിരക്ഷിക്കാനുള്ളതാണെന്ന്. അതേസമയം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ അവര്‍ തങ്ങളുടെ സ്വകാര്യവൃത്തങ്ങളില്‍ മടികൂടാതെ പങ്കുവെക്കുന്നു.
വാര്‍ത്തയുടെ ഉറവിടം ഒരു അയല്‍ക്കാരനോ ചങ്ങാതിയോ സഹപ്രവര്‍ത്തകനോ ആവാം. അല്ലെങ്കില്‍ ഒരു പഴയ സഹപാഠിയോ ബന്ധുവോ ആയെന്നുവരാം. ആ വാര്‍ത്ത തീര്‍ത്തും ശരിയാണെന്ന് വിശ്വസിക്കാന്‍ ഇത്രതന്നെ ധാരാളം. വ്യാജവും എന്നാല്‍ വളരെ വിശദമായിട്ടുള്ളതുമായ ഇത്തരം സിദ്ധാന്തങ്ങളുടെ തള്ളിക്കയറ്റം ഇന്ത്യയിലെ ഭൂരിപക്ഷ ഹിന്ദുമനസ്സുകളെ വല്ലാതെ ഉലച്ചിരിക്കുന്നു. ന്യൂനപക്ഷം തങ്ങള്‍ക്കൊരു ഭീഷണിയായി ഉയര്‍ന്നിരിക്കുന്നെന്ന ഉള്‍ഭയം സമൂഹത്തിന്റെ അസ്ഥികളിലേക്കുവരെ അരിച്ചിറങ്ങിയിരിക്കുന്നു. അത് നമ്മുടെ കാലത്തെ ജനമനസ്സിന്റെ സാമാന്യധാരണയായിരിക്കുന്നു എന്നുതന്നെ പറയാം.
ഇതെല്ലാം വളരെ നിഷ്‌കളങ്കവും 'സ്വാഭാവിക'മായിട്ടുള്ളതാണെന്നു ഭാവിച്ചാലും, ക്ഷണത്തില്‍ പടരുന്ന ഈ വൈറല്‍ സിദ്ധാന്തങ്ങളും അധികാരകേന്ദ്രങ്ങളുടെ താത്പര്യങ്ങളും തമ്മിലുള്ള ബന്ധം ആരും അറിയാത്തതല്ല. നിലവില്‍ ഇന്ത്യയെ ഭരിക്കുന്നത് ഭാരതീയ ജനതാപാര്‍ട്ടിയാണ്. അതാകട്ടെ, രാഷ്ട്രീയ സ്വയംസേവക് സംഘ് നയിക്കുന്ന, സംഘപരിവാര്‍ എന്ന ഹിന്ദുത്വസംഘടനകളുടെ വിസ്തൃതമായ ഒരു ശൃംഖലയുടെ ഭാഗവുമാണ്. അതിന്റെ ആശയങ്ങളും സിദ്ധാന്തങ്ങളും പങ്കുവെക്കുന്നവരായി നമ്മുടെ നാട്ടില്‍ ആയിരക്കണക്കിനാളുകളും സംഘടനകളുമുണ്ട്. ഇന്ത്യ പ്രഥമവും പ്രധാനവുമായി ഒരു ഹിന്ദുരാഷ്ട്രമാണെന്ന വാദം അവരെല്ലാവരും മുറുകെ പിടിക്കുന്നു. ആ യാഥാര്‍ഥ്യം മതന്യൂനപക്ഷങ്ങള്‍ അംഗീകരിക്കേണ്ടതാണെന്നും അവര്‍ ശഠിക്കുന്നു. ഈ പുസ്തകത്തില്‍ അവരെ എല്ലാവരേയും ചേര്‍ത്ത് ഹിന്ദു വലതുപക്ഷം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
'പോപ്പുലേഷന്‍ ജിഹാദ്' അല്ലെങ്കില്‍ 'ലൗ ജിഹാദ്' ഹിന്ദു വലതുപക്ഷത്തിന്റെ ഒരു സൃഷ്ടിയാണ്. ഈയിടെയായി എല്ലാ പൊതുവേദികളിലും ഈ വിഷയങ്ങള്‍ പതിവായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഉന്നത രാഷ്ട്രീയനേതാക്കന്മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും മുഖ്യധാരാമാദ്ധ്യമങ്ങളിലെ വലിയൊരു വിഭാഗവും ഇതിന്റെ മുന്‍പന്തിയിലുണ്ട്. ഈ ഗൂഢാലോചനാസിദ്ധാന്തങ്ങളില്‍ ചിലത് നിയമങ്ങളായി പാസാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇന്നത്തെ വാട്‌സാപ്പ് സന്ദേശങ്ങള്‍ നാളത്തെ നിയമങ്ങളായി മാറാന്‍ എല്ലാ സാദ്ധ്യതകളുമുണ്ട്.
ആട്ടെ, എന്തു തെളിവുകളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഇത്തരം വാര്‍ത്തകള്‍ മെനഞ്ഞെടുക്കുന്നത്? ഇവയെ സ്ഥിരീകരിക്കാന്‍ തക്കവണ്ണം എന്തു തെളിവുകളാണ് ഇവരുടെ കൈയിലുള്ളത്? എന്തോ ചില സത്യങ്ങള്‍ നമ്മുടെ കണ്ണില്‍പ്പെടാതെപോയിട്ടുണ്ടോ? ഈ ഹിന്ദുത്വ ഗൂഢാലോചനാസിദ്ധാന്തങ്ങളെക്കുറിച്ച് അങ്ങേയറ്റം കാര്യമാത്രപ്രസക്തവും കര്‍ശനവുമായ ഒരു സൂക്ഷ്മപരിശോധന നടത്താന്‍ ഞങ്ങള്‍ തീര്‍ച്ചയാക്കി. ഒരു പത്രപ്രവര്‍ത്തകസംഘത്തിന്റെ വിശദമായ അന്വേഷണം. രാഷ്ട്രീയമായ അഴിമതികളെയും കോര്‍പറേറ്റ് തലത്തിലുള്ള സാമ്പത്തികതിരിമറികളെയും കുറിച്ച് അന്വേഷിക്കുന്നതുപോലെതന്നെ അത്രയും കൃത്യമായ ഒരു അന്വേഷണം. ഞങ്ങള്‍ വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ റെക്കോഡുകള്‍ പരിശോധിച്ചു. പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ ശ്രദ്ധയോടെ വായിച്ചു. ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും നേതാക്കളുമായി ബന്ധപ്പെട്ടു. അക്കാദമികതലത്തിലുള്ള ഗവേഷണങ്ങളിലൂടെ സഞ്ചരിച്ചു. സാധാരണക്കാരുമായി സംസാരിച്ചും ഇടപഴകിയും കാര്യങ്ങള്‍ മനസ്സിലാക്കി.
അന്വേഷണത്തിന്റെ ആരംഭത്തില്‍ത്തന്നെ ഒരു സംഗതി ഞങ്ങള്‍ക്കു വ്യക്തമായി, ഹിന്ദുത്വ ഗൂഢാലോചനയെക്കുറിച്ചുള്ള ഈ അന്വേഷണം ഭിത്തികള്‍ നിറയെ കണ്ണാടികള്‍ പതിപ്പിച്ചിട്ടുള്ള ഒരു മുറിയിലേക്ക് കയറിച്ചെല്ലുന്നതുപോലെയാണ്. കൃത്യമായി തൊട്ടുകാണിക്കാനാവാത്ത ഒരു പ്രമാണത്തെ നമ്മളെങ്ങനെയാണ് നിഷേധിക്കുക? ഈ അവ്യക്തതയ്ക്കുള്ള ഒരു പ്രധാനകാരണം, സംഗതി ശരിയാണെന്ന് പലരും ആണയിടുമെങ്കിലും ആരും അതിന്റെ ഉടമസ്ഥതാവകാശത്തിന് മുന്നോട്ടു വരികയില്ല എന്നതാണ്. അതുമാത്രമല്ല, അവര്‍ക്കു പറയാനുള്ളതിനും അത്രയ്‌ക്കൊരു കൃത്യതയോ വ്യക്തതയോ ഉണ്ടാവുകയുമില്ല. ഉദാഹരണത്തിന്, സമൂഹത്തില്‍ സംഭവിക്കുന്ന എത്രയോ സംഗതികള്‍ക്ക് വേണമെങ്കില്‍ 'ലൗ ജിഹാദ്' എന്ന ലേബല്‍ ഒട്ടിക്കാം.
അതിന്റെ പുറകിലുള്ള വസ്തുതകള്‍ അന്വേഷിച്ചുപോകുന്നത് whack-a-mole എന്ന കുട്ടികളുടെ കളിപോലെയാണ്. ഒരെണ്ണത്തിന്റെ നേരു ചികഞ്ഞെടുക്കുമ്പോഴേക്കും പുതിയ പത്തെണ്ണം പുറത്തുചാടും. ഒരു പുതിയ സിദ്ധാന്തം, അല്ലെങ്കില്‍ പഴയ സിദ്ധാന്തവുമായി ബന്ധപ്പെട്ട മറ്റൊരു ഉപകഥ- എന്തെങ്കിലുമൊന്ന് ദിവസവും പുറത്തുവന്നുകൊണ്ടിരിക്കും.
ഓരോ ഗൂഢാലോചനാപദ്ധതിയും കൂലങ്കഷമായി പരിശോധിക്കുക അസാധ്യമാണ്. അതുകൊണ്ട് ഞങ്ങള്‍, കുറച്ചുകാലമായി നിലവിലുള്ള വീണ്ടും വീണ്ടും പറഞ്ഞുകേള്‍ക്കുന്ന ചില സംഭവങ്ങള്‍ തിരഞ്ഞെടുത്തു (ഒരുപക്ഷേ, ഈ പുസ്തകം അച്ചടിച്ചു പ്രസിദ്ധീകരിക്കപ്പെടുമ്പോഴേക്കും ആ കേസുകളും മാറിമറിഞ്ഞിട്ടുണ്ടാവും.)
ഒന്നാമത്തെ അധ്യായത്തിലെ വിഷയം 'ലൗ ജിഹാദാ'ണ്. ഒരുപക്ഷേ, ഏറ്റവും ഉച്ചത്തില്‍ സംസാരിക്കപ്പെട്ടിട്ടുള്ള വിഷയം. ഇത് മുഖ്യപ്രമേയമായിട്ടുള്ള ഒരു സിനിമവരെ പുറത്തുവന്നിട്ടുണ്ട്. അത് നമ്മുടെ പ്രധാനമന്ത്രിയുടെപോലും അംഗീകാരം നേടിയിട്ടുണ്ട്. 3 എന്നാല്‍ ഇതെല്ലാം തുടങ്ങിയതെവിടെനിന്നാണ്? അത് അറിയാനായി ഞങ്ങള്‍ 'ലൗ ജിഹാദി'ന്റെ ഒന്നാമത്തെ 'ഇര'യില്‍നിന്നുതന്നെ അന്വേഷണം തുടങ്ങി. 'ലൗ ജിഹാദ്' പട്ടികയില്‍ കൃത്യമായി ഞങ്ങള്‍ക്ക് ധാരണയുള്ള കേസുകള്‍ മാത്രമേ ഞങ്ങള്‍ അന്വേഷണത്തിന് തിരഞ്ഞെടുത്തുള്ളൂ. 'ലൗ ജിഹാദ് വിരുദ്ധനിയമം' ലംഘിച്ചതിന് ഏറ്റവുമധികം അറസ്റ്റുകള്‍ നടന്നിട്ടുള്ള ഇന്ത്യയിലെ സംസ്ഥാനം ഞങ്ങള്‍ RTI (Right to Information) അന്വേഷണത്തിലൂടെ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനായി 'കുറ്റം നടത്തപ്പെട്ട പരിസരങ്ങളി'ലേക്കുതന്നെ ഞങ്ങള്‍ ചെന്നെത്തി. ആ നടപടികള്‍ ന്യായീകരിക്കത്തക്കതാണോ എന്നു മനസ്സിലാക്കാനായ്.
'പോപ്പുലേഷന്‍ ജിഹാദ്' അപൂര്‍വമായൊരു സിദ്ധാന്തമാണ്. അതിനെ പിന്‍താങ്ങുന്നവര്‍ സര്‍ക്കാര്‍ വസ്തുതകളെയാണ് തങ്ങളുടെ വാദം സമര്‍ത്ഥിക്കാനായി ഉദ്ധരിക്കുന്നത്. 'കൂടുതല്‍ സന്താനങ്ങളെ ജനിപ്പിച്ചും ഇന്ത്യയുടെ അതിര്‍ത്തികളിലൂടെ നുഴഞ്ഞുകയറ്റം നടത്തിയും മുസ്ലിങ്ങള്‍ ഒരു വിശുദ്ധയുദ്ധം തന്നെ നടത്തുകയാണ്,' എന്നതാണ് ആ സിദ്ധാന്തം. എന്നാല്‍, നമ്മുടെ മുമ്പിലുള്ള വസ്തുതകള്‍ ഈ അവകാശവാദം ശരിയാണെന്ന് യഥാര്‍ഥത്തില്‍ വിരല്‍ചൂണ്ടുന്നുണ്ടോ? രണ്ടാമത്തെ അധ്യായത്തില്‍ ഈ സംഗതി ഞങ്ങള്‍ വിശകലനവിധേയമാക്കുന്നുണ്ട്. ഗുണിച്ചും ഹരിച്ചും, പാര്‍ലമെന്റ് റെക്കോഡുകള്‍ക്കിടയില്‍ അരിച്ചുപെറുക്കിയും അതിന്റെ യാഥാര്‍ഥ്യം ഞങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണ്. നൂറുകോടിയിലേറെ വരുന്ന ഹിന്ദുജനസംഖ്യയെ സമീപഭാവിയിലെങ്ങാനും മുസ്ലിങ്ങള്‍ കടത്തിവെട്ടുമോ? ഇതുപോലെയുള്ള വൈറല്‍ വാര്‍ത്തകള്‍ക്ക് ഇരയാകുന്നത് മുസ്ലിങ്ങള്‍ മാത്രമല്ല.
മൂന്നാമത്തെ അധ്യായത്തില്‍ ഞങ്ങള്‍ ചര്‍ച്ചചെയ്യുന്നത് ക്രിസ്ത്യാനികളുടെ 'രഹസ്യപദ്ധതി'കളെക്കുറിച്ചുള്ള ഹിന്ദുത്വസംഘടനകളുടെ ആരോപണമാണ്. അവര്‍ ഹിന്ദുക്കളെ നിര്‍ബന്ധിതമതപരിവര്‍ത്തനത്തിനു വിധേയരാക്കുന്നു, അങ്ങനെ ഇന്ത്യയെ അവരുടെ അധീനത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്നതാണ് ആ വാദം. ചില സുവിശേഷപ്രസംഗകര്‍ ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ നിയമസഭാംഗത്തിന്റെ അമ്മയെവരെ കബളിപ്പിച്ചു മതപരിവര്‍ത്തനം ചെയ്യിച്ചു എന്നുപറയുന്നത് ശരിയാണോ? ഒരു കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി മതംമാറാനുള്ള സമ്മര്‍ദം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തിരുന്നോ? ഞങ്ങള്‍ അതാതിടങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍ ഇതിനൊക്കെയുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ക്കു നല്‍കുന്നതാണ്.
ഈ ആമുഖത്തിന്റെ ആരംഭത്തില്‍ ഷോലേയുമായി ബന്ധപ്പെട്ടുണ്ടായ ഒട്ടും പ്രസക്തമല്ലാത്ത ആരോപണം ഓര്‍ക്കുന്നില്ലേ? വൈദ്യുതി വിതരണത്തിന്റെ കാര്യത്തില്‍ മുസ്ലിങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന്. മുസ്ലിംപ്രീണനം ചര്‍ച്ചചെയ്യുന്ന നാലാം അദ്ധ്യായം ആരംഭിക്കുന്നത് ഒരുയര്‍ന്ന ബി.ജെ.പി. നേതാവ് ഉയര്‍ത്തിക്കാട്ടിയ വല്ലാതെ സാമ്യതയുള്ള ഒരാരോപണത്തില്‍നിന്നാണ്. ആ സംസ്ഥാനം ഭരിച്ചിരുന്നത് എതിര്‍പാര്‍ട്ടിയായിരുന്നു. അവര്‍ ദീവാലിക്ക് ഹിന്ദുക്കള്‍ക്കു നല്‍കിയതിനെക്കാള്‍ കൂടുതല്‍ വൈദ്യുതി ഈദിന് മുസ്ലിങ്ങള്‍ക്ക് അനുവദിച്ചുകൊടുത്തുപോലും! ഈ വസ്തുതകളുടെ യാഥാര്‍ത്ഥ്യം അറിയാനായി ഒരു പതിറ്റാണ്ടുകാലത്തെ വൈദ്യുതി വിതരണ കണക്കുകള്‍ ഞങ്ങള്‍ പരിശോധിക്കുകയുണ്ടായി. ദീര്‍ഘകാലമായി നിലനിന്നുവരുന്ന, ഇടയ്ക്കിടയ്ക്ക് പൊന്തിവരുന്ന മറ്റു മുസ്ലിംപ്രീണനാരോപണങ്ങളെപ്പറ്റിയും ഇതിനിടെ ഞങ്ങള്‍ അന്വേഷിക്കുകയുണ്ടായി - മുസ്ലിങ്ങള്‍ക്ക് ഹജ്ജ് യാത്രയുടെ പേരില്‍ നല്‍കുന്ന സഹായധനം, മദ്രസകള്‍ക്കു ഫണ്ട് നല്‍കല്‍ എന്നു തുടങ്ങി ഹിന്ദു വലതുപക്ഷത്തിന്റെ വിട്ടുമാറാത്ത ആശങ്കയായ മുസ്ലിം പുരുഷന്മാര്‍ക്ക് നാലു സ്ത്രീകളെവരെ വിവാഹം കഴിക്കാം എന്നതുവരെ.
ഇതിലെല്ലാം എന്തു പുതുമയാണുള്ളതെന്ന് ചില വായനക്കാരെങ്കിലും ചോദിച്ചേക്കാം. ഈ സിദ്ധാന്തങ്ങളൊക്കെ എത്രയോ കാലമായി നിലവിലുള്ളതാണ്. അതിനെക്കുറിച്ചൊക്കെ ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട കാര്യമെന്താണ്? അതിനുള്ള ഏറ്റവും ഹ്രസ്വമായ മറുപടി ഇതാണ്: ഇപ്പോള്‍ അതിന് മുമ്പെങ്ങുമില്ലാത്തവിധം അധികാരത്തിന്റെ പിന്തുണയുണ്ട്. അതിനെക്കുറിച്ച് ഞങ്ങള്‍ ഈ പുസ്തകത്തിന്റെ അവസാനഭാഗത്ത് വിശദമായി പറയാം. അതിന് ഉപയോഗിച്ചിരിക്കുന്നത് ഇന്ത്യയുടെ 'പിങ്ക് റെവല്യൂഷന്‍' കാലത്തിന്റെ അനന്തരഫലങ്ങളുടെ കണക്കുകളാണ്. അതോടൊപ്പം പ്രധാനവ്യക്തികളുടെ വിദ്വേഷപ്രസംഗങ്ങളും പെരുകുകയുണ്ടായി.
എളുപ്പത്തില്‍ കടന്നുപോകാനുള്ള സൗകര്യം മുന്‍നിര്‍ത്തി, ഓരോന്നിനെയും സൂക്ഷ്മമായി പരിശോധിക്കുന്ന രീതിയാണ് ഞങ്ങള്‍ പിന്തുടര്‍ന്നിരിക്കുന്നത്. ഓരോ ഗൂഢാലോചനാസിദ്ധാന്തത്തെയും ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളത് ഹിന്ദു വലതുപക്ഷം ഉന്നയിച്ചിട്ടുള്ള ഒരുപിടി അവകാശവാദങ്ങളെ മുന്‍നിര്‍ത്തിയാണ്. ഓരോ അവകാശവാദത്തെയും വേര്‍തിരിച്ച് ഞങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്. അതില്‍നിന്നെല്ലാം മനസ്സിലാക്കാന്‍ സാധിച്ചതിന്റെ സാരം ഓരോ വിഭാഗത്തിന്റെയും അവസാനത്തില്‍ ചേര്‍ക്കാന്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. ഈ അറിവുകളുടെ സ്രോതസ്സുകള്‍ ഏതൊക്കെയാണെന്നു വളരെ വിശദമായി അവസാനതാളുകളില്‍ ഞങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അങ്ങേയറ്റം അഭിപ്രായധ്രുവീകരണം നിലനില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് ഞങ്ങള്‍ ഈ പുസ്തകം എഴുതുന്നത്. ചില വായനക്കാര്‍ക്കെങ്കിലും തോന്നാന്‍ ഇടയുണ്ട്, ഞങ്ങള്‍ ചില പ്രത്യേക വിഷയങ്ങള്‍ തിരഞ്ഞെടുത്ത് അവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് എന്ന്; അല്ലെങ്കില്‍ ഇതിനു പുറകില്‍ ഞങ്ങള്‍ക്ക് തനതായ സ്വാര്‍ഥതാത്പര്യങ്ങളുണ്ട് എന്ന്. ഭാഗികമായി, ഈ തോന്നല്‍ മേല്‍പരാമര്‍ശിച്ച ഗൂഢാലോചനാസിദ്ധാന്തങ്ങളുടെ വിജയമാണെന്നു കണക്കാക്കാം. അവയുടെ നിലയ്ക്കാത്ത ആ തള്ളിക്കയറ്റം വിവേകമതികളായ ഇന്ത്യക്കാരെപ്പോലും- ഇന്ത്യയിലെ ബഹുഭൂരിപക്ഷം ആ ഗണത്തില്‍പ്പെടുന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം- അവര്‍ പറയുന്നതെന്തും മുഖവിലയ്‌ക്കെടുക്കാനുള്ള മനഃസ്ഥിതിയുള്ളവരാക്കിത്തീര്‍ത്തിരിക്കുന്നു. ചോദ്യംചെയ്യുന്ന ഞങ്ങളുടെ ഈ നിലപാടുതന്നെ ഞങ്ങളുടെ പക്ഷഭേദത്തിന്റെ പ്രതിഫലനമായി അവര്‍ വിലയിരുത്തിയേക്കാം.
ഒന്നുമാത്രമേ ഞങ്ങള്‍ക്ക് അവരോടു പറയാനുള്ളൂ, എന്തെങ്കിലുമൊരു തീരുമാനത്തില്‍ എത്തിച്ചേരുംമുമ്പേ ഈ പുസ്തകം മുഴുവനായൊന്നു വായിച്ചുനോക്കൂ.
ശ്രീനിവാസന്‍ ജെയ്ന്‍
മറിയം അലവി
സുപ്രിയ ശര്‍മ്മ
Content Highlights: Investigating `Love Jihad`, `Population Jihad`, and other conspiracy theories circulating on WhatsApp. Discover the truth behind these myths.
Published: 17 Dec 2025, 05:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented