വി.എസ് അച്യുതാനന്ദന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയജീവിതവും ഉള്‍പ്പാര്‍ട്ടി സംഘര്‍ഷങ്ങളും വിഭാഗീയതകളും തുറന്നെഴുതിയിരിക്കുകയാണ് മുന്‍ സിപിഎം എം.എല്‍.എ പിരപ്പന്‍കോട് മുരളി. സൈന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച വി.എസ് 'കമ്യൂണിസ്റ്റ് മനുഷ്യാവതാരം' എന്ന പുസ്തകത്തിലാണ് വി.എസ് അച്യുതാനന്ദന്‍ എന്ന കറ കളഞ്ഞ കമ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയജീവിതം രേഖപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടിക്കകത്തെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ചോദ്യം ചെയ്തുകൊണ്ട് പിരപ്പന്‍കോട് മുരളി എഴുതിയ പുസ്തകത്തില്‍നിന്നും ഒരു അധ്യായം.
അടവുകള്‍ പതിനെട്ടും പയറ്റിയിട്ടും ചതിക്കുഴികള്‍ പലതൊരുക്കിയിട്ടും മുഖ്യമന്ത്രിയുടെ (ഓഫീസിലെ ദൈനംദിന കാര്യങ്ങളില്‍ പോലും) ഓഫീസ് എന്തൊക്കെ ചെയ്യണം, എന്തുചെയ്തുകൂടാ എന്നു കാലത്തും, ഉച്ചയ്ക്കും, വൈകിട്ടും ദൂതന്മാര്‍ വശം തീട്ടൂരങ്ങള്‍ മുഖ്യമന്ത്രിക്കു കൊടുത്തിട്ടും കയ്യില്‍ വന്ന അധികാര ജനങ്ങള്‍ക്കുപ്രയോജനപ്പെടുംവിധം എങ്ങനെ വിനിയോഗിക്കണമെന്നറിയാമായിരുന്നു അരനൂറ്റാണ്ടിലേറെ പൊതുപ്രവര്‍ത്തനപാരമ്പര്യമുള്ള കമ്യൂണിസ്റ്റ് നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്. അതിനെതിരെ മന്ത്രി മന്ദിരങ്ങളിലിരുന്നു വിധേയന്മാരായ തൊമ്മിമാര്‍ എത്ര ആഭ്യന്തരം കളിച്ചാലും, ജൂനിയര്‍ മുണ്ടശ്ശേരിമാര്‍ പ്രഭാഷിച്ചാലും, ഫ്രാങ്കിശിഷ്യന്മാര്‍ ധനകാര്യ കസര്‍ത്തുകളിച്ചാലും അച്ചടക്കത്തിന്റെ ഉമ്മാക്കി കാട്ടി പേടിപ്പിച്ചാലും അഴിമതിക്കാര്‍ക്കും, ഭൂമാഫിയകള്‍ക്കും, പെണ്‍വാണിഭക്കാര്‍ക്കും എതിരെ തന്റെ ഉറയില്‍ നിന്ന് ഊരിയ വാള്‍ ഫലം കാണാതെ ഉറയിലിടുകയില്ലെന്ന ഒരു പോരാളിയുടെ (മുഖ്യമന്ത്രിയുടെ) ദൃഢനിശ്ചയത്തെ തളയ്ക്കാന്‍ ഒന്നേ മാര്‍ഗമുള്ളൂ. യുദ്ധഭൂമിയില്‍ നിന്ന് സൈന്യാധിപനെ പിന്‍വലിക്കുക. ഇനിയൊരിക്കലും ഈ മനുഷ്യനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കുക. 2006-ല്‍ ഒഴിവാക്കാനുള്ള ന്യായം- വികസന വിരുദ്ധന്‍-ന്യൂനപക്ഷ വിരുദ്ധന്‍- ഈ മനുഷ്യന്റെ നേതൃത്വത്തില്‍ മത്സരിച്ചാല്‍ നേതാവും തോല്ക്കും മുന്നണിയും തോല്ലും എന്നതായിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ മുന്നണിക്ക് 98 സീറ്റ്, വി.എസ്സിനു 20,000-നു മേല്‍ ഭൂരിപക്ഷം. അതുകൊണ്ട് ആ ന്യായം പറയാനായി. യുറേക്കാ പോലെ കിട്ടി ഒരു കാരണം. അനാരോഗ്യം, വാര്‍ദ്ധക്യം. വി.എസ്സിന് വയസ് 88- എങ്ങനെയുണ്ട് ബുദ്ധി! ഒന്നുണ്ട്, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായാലും, വി.എസ്. അച്യുതാനന്ദന്‍ ഒരിക്കല്‍കൂടി മുഖ്യമന്ത്രിയാകരുത്. അതിനുള്ള സമര്‍ത്ഥമായ ബുദ്ധിജീവിക്കളി ഒടുവില്‍ വിജയം കണ്ടു. 2011-ല്‍ എല്‍.ഡി.എഫ്. ന്റെ തോല്‍വിയുടെ അടുത്ത വിജയം. എല്‍.ഡി.എഫിന് 50 സീറ്റു കണക്കുകൂട്ടിയിരുന്ന സ്ഥാനത്ത് അത് 68 സീറ്റുവരെയായി ഉയര്‍ന്നു.
2011 ഫെബ്രുവരി മാസത്തിലാണെന്നു തോന്നുന്നു ഇടതുപക്ഷമുന്നണി ഗവണ്‍മെന്റിന്റെ കാലാവധി പൂര്‍ത്തിയായി വരുന്ന സന്ദര്‍ഭത്തില്‍ ഏതോ ഒരു വിദേശ പത്രലേഖകന്‍ വി.എസ്സിനെ സന്ദര്‍ശിച്ചു. അദ്ദേഹം ചോദിച്ചു. 'വി.എസ്സ് വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?' വി.എസ്. ചിരിച്ചുകൊണ്ടു പറഞ്ഞു, 'പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അതേക്കുറിച്ച് ആലോചിക്കും.' ഈ വാര്‍ത്ത വന്നതിന്റെ അടുത്ത ദിവസം കേരളത്തിലെ മുന്‍നിര യുവജനനേതാക്കളില്‍ ഒരാളും പ്രമുഖ മാര്‍ക്‌സസിസ്റ്റ് ബുദ്ധിജീവിയുമായ ഇ.പി.ജയരാജന്‍ വി.എസ്സിനെ വിമര്‍ശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: 'അങ്ങനെ പറയുന്നയാള്‍ ഉത്തമ സഖാവല്ല.' പിറ്റേന്ന് പത്രങ്ങളിലെ പ്രധാന വാര്‍ത്തയായിരുന്നു ജയരാജസൂക്തം. അപ്പോള്‍തന്നെ ജനങ്ങള്‍ മനസ്സിലാക്കി വി.എസ്. ഇനി തെരഞ്ഞെടുപ്പിനുണ്ടാവില്ല. സാധാരണ ജനങ്ങളെയാകെ ഞെട്ടിച്ചുകൊണ്ട് 2011 മാര്‍ച്ച് 17ന് കേരളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം മുന്‍പേജില്‍ വലിയ അക്ഷരത്തില്‍ അച്ചടിച്ചത് വി.എസ്സിന്-2006ലെ പോലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച കാര്യമാണ്. മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്ത താഴെ ഉദ്ധരിക്കുന്നു.
കോടിയേരി നയിക്കും; വി.എസ്സിന് സീറ്റില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് സി.പി.എം. സീറ്റ് നിഷേധിച്ചു. ബുധനാഴ്ച നാലു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സെക്രട്ടറിയേറ്റിന്റെ ഈ തീരുമാനത്തെ ബുധനാഴ്ച ഉച്ചയ്ക്കുശേഷം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ഗണ്യമായ ഒരു വിഭാഗം എതിര്‍ത്തു. തുടര്‍ന്ന് വീണ്ടും യോഗം ചേര്‍ന്ന സെക്രട്ടറിയേറ്റ് വി.എസ്സിനെ മത്സരിപ്പിക്കാനാവില്ലെന്ന ആദ്യതീരുമാനത്തില്‍ ഉറച്ചുനിന്നു. പിന്നീട് ഈ തീരുമാനം സംസ്ഥാന സമിതിയും അംഗീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നയിക്കണമെന്നും യോഗം തീരുമാനിച്ചു. പിണറായി വിജയന്‍ പാര്‍ട്ടിയെ നയിക്കണമെന്ന നിര്‍ദ്ദേശം യോഗത്തില്‍ ഉയര്‍ന്നുവെങ്കിലും താന്‍ മത്സരിക്കുന്നില്ലെന്നു അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്റെ പേര് പിണറായി വിജയന്‍ തന്നെയാണ് നിര്‍ദ്ദേശിച്ചത്.
2011 മാര്‍ച്ച് 17-ന്റെ മലയാള മനോരമ ഇങ്ങനെ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇനി പുനഃപരിശോധനയില്ല
വി.എസ്. അച്യുതാനന്ദനെ മത്സരിപ്പിക്കേണ്ട എന്നു സംസ്ഥാന കമ്മിറ്റി തീരുമാനം അന്തിമമായിരിക്കും. 2006-ലേതു പോലെ ഒരു പുനപ്പരിശോധന ഇക്കാര്യത്തിലുണ്ടാവില്ല. ഇക്കുറി കൂടുതല്‍ ജാഗ്രതയോടെയാണ് നേതൃത്വം നീങ്ങിയത്. നിയമസഭാ ടീമിനെ നയിക്കുന്നത് ആര് എന്നുതീരുമാനിക്കാന്‍ ആദ്യം അവര്‍ പോളിറ്റ്ബ്യൂറോയോടുതന്നെ ആവശ്യപ്പെട്ടു. എന്നാല്‍ പോളിറ്റ്ബ്യൂറോ ആ ദൗത്യം ഏറ്റെടുക്കാതെ തിരിച്ച് സംസ്ഥാന നേതൃത്വത്തിന്റെ തന്നെ ചുമലില്‍ വച്ചു. ഉടന്‍ ഒരു തീരുമാനമെടുക്കാതെ സംസ്ഥാനക്കമ്മിറ്റി ജില്ലാക്കമ്മിറ്റികളോടു പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ പറഞ്ഞു. ജില്ലകളിലെ വികാരം അളക്കാനുള്ള തന്ത്രമായിരുന്നു അതിനു പിന്നില്‍. എന്നാല്‍ പാലക്കാടോ, വി.എസ്സിന്റെ സ്വന്തം നാടായ ആലപ്പുഴയോ അച്യുതാനന്ദനുവേണ്ടി വാദിച്ചില്ല. സംസ്ഥാനക്കമ്മിറ്റിയുടെ തീരുമാനം ഇനി ജില്ലകള്‍ വീണ്ടും ചര്‍ച്ച ചെയ്യുമെങ്കിലും അതിനു ഔപചാരിക സ്വഭാവം മാത്രമേയുള്ളൂ. സാങ്കേതികമായി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ആദ്യം കേന്ദ്രനേതൃത്വത്തില്‍ ചര്‍ച്ച. ശേഷം സംസ്ഥാനത്തേയ്ക്ക്. അവിടെനിന്നും ജില്ലകളിലേക്ക്, തിരിച്ച് വീണ്ടും സംസ്ഥാനക്കമ്മിറ്റിയുടെ തീരുമാനവും വന്നിരിക്കുന്നു- വി.എസ്സിനു മുന്നില്‍ വഴി അടഞ്ഞിരിക്കുന്നു എന്നു ചുരുക്കം.
2011 മാര്‍ച്ച് 17-ന് തന്നെ മാതൃഭൂമി റിപ്പോര്‍ട്ടുചെയ്തു.
വി.എസ്. അനുകൂല പ്രകടനത്തിലേക്ക് ബൈക്കുകള്‍ ഇടിച്ചുകയറ്റി
തൃശൂര്‍: വി.എസ്. അനുകൂല പ്രകടനത്തിലേക്ക് സി.പി.എം. പ്രവര്‍ത്തകര്‍ വാഹനം ഇടിച്ചുകയറ്റി. പ്രകടനക്കാരും പാര്‍ട്ടിപ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം റിപ്പോര്‍ട്ടുചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും കൈയ്യേറ്റമുണ്ടായി. ബുധനാഴ്ച രാത്രി പത്തരയോടെ സ്വരാജ് ഗ്രൗണ്ടിലാണ് സംഘര്‍ഷമുണ്ടായത്.
വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വി.എസ്.അനുകൂല മുദ്രാവാക്യം മുഴക്കി രാത്രി പത്തുമണിയോടെയാണ് മുപ്പതോളം വരുന്ന പ്രവര്‍ത്തകര്‍ നഗരത്തിലിറങ്ങിയത്. പ്രകടനം എം.ജി.റോഡില്‍ നിന്ന് റൗണ്ടിലേക്ക് കയ റിയതോടെ രോഷാകുലരായ സി.പി.എം. പ്രവര്‍ത്തകര്‍ പ്രകടനത്തെ ചോദ്യം ചെയ്യാനൊരുങ്ങി. പ്രസ് ക്ലബ് പരിസരത്തുകൂടി കടന്നു പോകുമ്പോഴേക്കും പ്രകടനത്തിനെതിരെ ശബ്ദമുയര്‍ത്തി കൂടുതല്‍ പേര്‍ ബൈക്കുകളിലെത്തി. പോലീസ് ഇവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും നെഹ്‌റുപാര്‍ക്കിനു സമീപത്തുവച്ച് പാര്‍ട്ടിക്കാര്‍ പ്രകടനത്തിനുള്ളിലേക്ക് ബൈക്ക് ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് ഇരുസംഘങ്ങളും തമ്മിലടിച്ചു.
ഡി.വൈ.എഫ്.ഐ., സി.പി.എം. കൊടികളേന്തി എത്തിയ പ്രകടനക്കാര്‍ പിണറായി വിജയനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു. പ്രകടനക്കാര്‍ പാര്‍ട്ടി അംഗങ്ങളാണെന്നു സംഘര്‍ഷം നടക്കുമ്പോള്‍ അവര്‍ തന്നെ വിളിച്ചുപറഞ്ഞു.
2011 മാര്‍ച്ച് 17ലെ കേരളകൗമുദിയുടെ റിപ്പോര്‍ട്ട്:
പാര്‍ട്ടിനയത്തില്‍ വെള്ളംചേര്‍ക്കുന്നതു നേതൃത്വം-വി.എസ്.
തിരുവനന്തപുരം: സി.പി.എമ്മിന്റെ രാഷ്ട്രീയനയത്തില്‍ നിരന്തരം വെള്ളം ചേര്‍ക്കുന്ന നേതൃത്വമാണ് പാര്‍ട്ടിക്ക് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഇന്നലെ സംസ്ഥാന സമിതി യോഗത്തില്‍ കുറ്റപ്പെടുത്തി.
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭം, അടവുനയം, ഡി.ഐ.സി. ബന്ധം, മദനിയുമായുള്ള വേദി പങ്കിടല്‍, ലോട്ടറി കേസ്, ഭൂമാഫിയയുമായുള്ള ബന്ധം എന്നിവയിലൊക്കെ ഇത് പ്രകടമാണ്. പെണ്‍വാണിഭക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് പാര്‍ട്ടി നയം. എന്നാല്‍ ഐസ്‌ക്രീം കേസില്‍ പാര്‍ട്ടി കൈക്കൊണ്ടത് അതിനനുസരിച്ചുള്ള നടപടികളായിരുന്നോ? ലോട്ടറികേസില്‍ പാര്‍ട്ടിനയം അന്യ സംസ്ഥാന നിയമവിരുദ്ധ ലോട്ടറി പാടില്ലെന്നായിരുന്നു. ആ നയം നടപ്പാക്കിയപ്പോള്‍ ഇവിടെ എട്ടുമാസമായി അത്തരം ലോട്ടറി ഇല്ല. എത്രപേര്‍ അതിനെതിരായി പറഞ്ഞാലും പാര്‍ട്ടിയുടെ ആ നയം യഥാര്‍ത്ഥത്തില്‍ നടപ്പാക്കാതിരിക്കുന്നതാണ് അച്ചടക്കലംഘനം. പാര്‍ട്ടിനയം നടപ്പാക്കുന്നതാണ് പാര്‍ട്ടി അച്ചടക്കം. ഇത് മാര്‍ക്‌സിസ്റ്റു പ്രത്യയശാസ്ത്രം നടപ്പാക്കാനുള്ള സംഘടനയാണ്. പ്രത്യയശാസ്തവും നയങ്ങളും ഉയര്‍ത്തിപ്പിടിക്കാത്തതാണ് പാര്‍ട്ടി ജനങ്ങളില്‍ നിന്നു അകലാന്‍ കാരണം. ജനങ്ങളുടെ പ്രശ്‌നനങ്ങള്‍ ഏറ്റെടുത്തു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആ അകല്‍ച്ച കൂടുകയേ ഉള്ളുവെന്ന് വി.എസ്. വ്യക്തമാക്കി.
വി.എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരളം ഒരിക്കല്‍ക്കൂടി ഇളകിമറിഞ്ഞു. എന്നാല്‍ 2006-ലെ പോലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ കേന്ദ്രനേതൃത്വം ഇക്കുറി തയ്യാറായില്ല. സംസ്ഥാന നേതാക്കളുടെ സ്വാര്‍ത്ഥ ലാഭവും, തന്‍പ്രമാണിത്തവും മുന്‍നിര്‍ത്തിയുള്ള ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനത്തിലെ ജനവിരുദ്ധതയും പ്രത്യയ ശാസ്ത്ര വിരുദ്ധതയും, അടിയന്തരമായി തിരുത്താന്‍ കേന്ദ്രനേതൃത്വം (പി.ബി.) ഇടപെടാന്‍ തയ്യാറായി. അതുകൊണ്ട് സംസ്ഥാന കമ്മിറ്റി തീരുമാനത്തില്‍ കേവലം രണ്ടുദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു.
2011 മാര്‍ച്ച് 19ന്റെ മാതൃഭൂമി പത്രം ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു. സി.പി.എം. തിരുത്തി; വീണ്ടും വി.എസ്സ്.
പിണറായി തന്നെ പ്രഖ്യാപിക്കണമെന്ന് വി.എസ്സിന്റെ ഉപാധി. ഏ.ബി.ബര്‍ധനും ഇടപെട്ടു.
മുഖം നഷ്ടമായത് കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ക്ക്.
ആര്‍.ഹരികുമാര്‍
തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട പിരിമുറുക്കത്തിനും, അണികളുടെ പരസ്യപ്രതിഷേധത്തിനുമൊടുവില്‍, സി.പി.എം., വി.എസ്. അച്യുതാനന്ദനു മുന്നില്‍ ഒരിക്കല്‍ക്കൂടി കീഴടങ്ങി. പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ മുഖം തന്നെ നഷ്ടമാക്കിയ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് വി.എസ്സിനെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നായകത്വം ഏല്പിക്കാനുള്ള സി.പി.എം. സെക്ര ട്ടറിയേറ്റിന്റെ തീരുമാനം. വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലായി ചേര്‍ന്ന അവയിലബിള്‍ പോളിറ്റ്ബ്യൂറോ നല്കിയ കര്‍ശന നിര്‍ദ്ദേശ ത്തെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് തങ്ങളുടെ ആദ്യ നിലപാട് തിരുത്തി വി.എസ്സിനെ നായകനാക്കാന്‍ സമ്മതിക്കേണ്ടിവന്നത്.
എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം സ്വീകരിച്ചത് അദ്ദേഹം മുന്നോട്ടുവച്ച ഉപാധികള്‍ കേന്ദ്ര നേതൃത്വം അംഗീകരിച്ചതിനെ തുടര്‍ന്നാണ്.
സ്ഥാനാര്‍ത്ഥിപ്രഖ്യാപനം നടത്തിയ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വി.എസ്.തന്നെയാണ് തെരഞ്ഞെടുപ്പിന്റെ നായകനെന്ന് പരസ്യമായി പ്രഖ്യാപിച്ചതും വി.എസ്സിന്റെ കടുത്ത നിലപാടിന്റെ ഫലമാണെന്നാണ് സൂചന.
വി.എസ്സിനു സീറ്റു നിഷേധിച്ച തീരുമാനം പുറത്തുവന്ന തിനെത്തുടര്‍ന്ന് പാര്‍ട്ടി അണികള്‍ തെരുവിലിറങ്ങി നടത്തിയ പ്രതിഷേധങ്ങള്‍ പാര്‍ട്ടിനേതൃത്വത്തിന്റെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു. പാര്‍ട്ടിയില്‍ അവശേഷിക്കുന്ന വി.എസ്. പക്ഷക്കാരെ അച്ചടക്ക നടപടിയെടുത്തും സ്ഥാനമോഹികള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്കിയും വരുതിയിലാക്കാമെന്ന തന്ത്രം വേണ്ടത്ര ഫലിച്ചില്ല. പാര്‍ട്ടി സെക്രട്ടറിയുടെ കോലം കത്തിക്കലും, നേതാക്കളുടെ വീടുകള്‍ക്കു മുന്നില്‍ കരിങ്കൊടികള്‍ ഉയര്‍ത്തിയും അണികള്‍ നടത്തുന്ന പ്രതിഷേധം പരിഗണിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പിലും സംഘടനാരംഗത്തും പാര്‍ട്ടിക്കുണ്ടാകാവുന്ന ആഘാതം പിന്നീട് നേതൃത്വത്തെ വല്ലാതെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതോടൊപ്പം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം തള്ളി ഒന്‍പതു ജില്ലാക്കമ്മിറ്റികള്‍ രംഗത്തുവരികയും ചെയ്തതോടെ തീരുമാനം മാറ്റിയേ പറ്റൂ എന്ന നിലവന്നു. സി.പി.ഐ. ജനറല്‍ സെക്രട്ടറി ഏ.ബി. ബര്‍ധന്‍ നടത്തിയ ഇടപെടലുകളും സി.പി.എം. കേന്ദ്രനേതൃത്വത്തെ പുനര്‍ചിന്തയ്ക്ക് പ്രേരിപ്പിച്ചു. വി.എസ്സിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായസമന്വയം ഉണ്ടാകുന്നില്ലെങ്കില്‍ വി.എസ്. മത്സരിക്കണം എന്നതാണ് പോളിറ്റ്ബ്യൂറോയുടെ താല്പര്യം എന്നത് സംസ്ഥാന സമിതിയില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ചില്ലെന്ന വാദം പോളിറ്റ്ബ്യൂറോയിലും ഭിന്നതയുടെ വിത്തുപാകിയിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്തകളും ഈ പ്രശ്‌നത്തില്‍ കേന്ദ്രനേതാക്കളുടെ വ്യത്യസ്ത പ്രതികരണങ്ങളും കേന്ദ്ര ഇടപെടല്‍ അടിയന്തരമാക്കുകയായിരുന്നു.
ആദ്യം സീറ്റു നിഷേധിച്ചശേഷം പിന്നീട് വി.എസ്സിന് സീറ്റു നല്കുക വഴി 2006-ന്റെ തനിയാവര്‍ത്തനമാണ് 2011-ലും സി.പി. എമ്മില്‍ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ സമാനമാണെങ്കിലും, പശ്ചാത്തലം വ്യത്യസ്തമാണ്. 2006-ല്‍ കരുത്തനായ പ്രതിപക്ഷനേതാവിന്റെ പ്രതിച്ഛായയായിരുന്നു. വി.എസ്സിനെങ്കില്‍ 2011ല്‍ പാര്‍ട്ടിനേതൃത്വം തടവിലാക്കിയ മുഖ്യമന്ത്രിയായാണ് വി.എസ്സിനെ ജനം കാണുന്നത്.
വി.എസ്സിനു പ്രായാധിക്യംകൊണ്ട് അവശനായി കണ്ടിരുന്ന പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന ഏറെ കൗതുകകരമായ വാര്‍ത്തകുടി നോക്കാം:
''വി.എസ്സിനെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിമാറ്റി ചിത്രീകരിക്കാന്‍ നോക്കണ്ട. വി.എസ്. കൂടി ഉള്‍പ്പെട്ട പാര്‍ട്ടിസംവിധാനമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. 1967 മുതല്‍ വി.എസ്. നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. അതൊന്നും ആരുടെയും ശുപാര്‍ശയിലല്ല. പാര്‍ട്ടി തീരുമാനമനുസരിച്ചാണ്.'
പ്രതിഷേധ പ്രകടനങ്ങള്‍ സ്ഥാനാര്‍ത്ഥിത്വത്തിന് പ്രേരണയായോ എന്നു ചോദിച്ചപ്പോള്‍ പ്രകടനം നടത്തിയവര്‍ പാര്‍ട്ടിക്കാരല്ലെന്നും, ഏതെങ്കിലും പാര്‍ട്ടി അംഗം പങ്കെടുത്തിട്ടുണ്ടെങ്കില്‍ മാധ്യമങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാമെന്നും പിണറായി പറഞ്ഞു. വി.എസ്സിനെ വീണ്ടും സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചതോടെ എല്‍.ഡി.എഫ്. ആകെ ഉണര്‍ന്നു. പാര്‍ട്ടി സഖാക്കളും, അനുഭാവികളും, കൈമെയ് മറന്നു തെരഞ്ഞെടുപ്പ് രംഗത്തിറങ്ങി. അപ്പോഴും എല്‍.ഡി.എഫ് വിജയത്തില്‍ ചില ഉയര്‍ന്ന പാര്‍ട്ടിനേതാക്കള്‍ക്കു സംശയം. അവര്‍ കേരളത്തിന്റെ പഴയ ചരിത്രം ഓര്‍മ്മിപ്പിച്ചു. ഒരിക്കല്‍ എല്‍.ഡി.എഫ്. ആയാല്‍ അടുത്തതവണ യു.ഡി.എഫ്. അതുകൊണ്ട് 2006-ലെ എല്‍.ഡി.എഫ്. ഭരണം കഴിഞ്ഞാല്‍ 2011ല്‍ യു.ഡി.എഫ്. 2016-ലേ നമുക്ക് ചാന്‍സുള്ളു. കഷ്ടിച്ചു 50 സീറ്റുകിട്ടിയാല്‍ ഭാഗ്യം. ഇതായിരുന്നു നേതാക്കളുടെ മനോഭാവം.
എന്നാല്‍ ഇതിനു വിപരീതമായിരുന്നു നാട്ടിലെ അനുഭവം. വി.എസ്സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നത് ആവേശകരമായ തെരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു.
പാറശ്ശാല മുതല്‍ കാസര്‍ഗോഡുവരെ മിക്കവാറും എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വി.എസ്. എത്തി. നീട്ടിയും കുറുക്കിയും നാടന്‍ ശൈലിയിലുള്ള ജീവിതഗന്ധിയായ ആ വാക്കുകള്‍ കേരളം മുഴുവന്‍ പ്രതിധ്വനിച്ചു. കോണ്‍ഗ്രസ് പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് യുവനേതാവ് രാഹുല്‍ഗാന്ധി ജനങ്ങളോടഭ്യര്‍ഥിച്ചത് ഒരു തൊണ്ണൂറുകാരന്‍ വൃദ്ധനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്ന എല്‍.ഡി.എഫിന് വോട്ടുചെയ്യരുതേ എന്നാണ്.
അതിന് സുബ്രഹ്‌മണ്യന്‍ തിരുമുമ്പിന്റെ ഒരു കവിതാശകലം ഉദ്ധരിച്ചാണ് വി.എസ് നാടൊട്ടുക്കും മറുപടി പറഞ്ഞത്:
തലനരയ്ക്കുവതല്ലെന്റെ വൃദ്ധത്വം
തലനരയ്ക്കാത്തതല്ലെന്റെ യൗവ്വനം
കൊടിയ ദുഷ്പ്രഭുത്വത്തിനുമുന്നില്‍
തലകുനിക്കാത്തതാണെന്റെ യൗവ്വനം
വിഎസ്സിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് വാശിപിടിച്ച നേതാക്കള്‍പോലും സ്ഥാനാര്‍ഥികളായപ്പോള്‍ വി.എസ്സിനെ സ്വന്തം മണ്ഡലത്തിലെ തിരഞ്ഞെടുപ്പുയോഗങ്ങളില്‍ പങ്കെടുപ്പിക്കാനും വിഎസ്സുമായുള്ള സ്വന്തം ചിത്രം തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ അച്ചടിപ്പിക്കാനും വളരെയേറം താല്പര്യം കാണിച്ചിരുന്നു. ജീവിച്ചിരിക്കുന്ന പാര്‍ട്ടി നേതാവിന്റെ ചിത്രം പോസ്റ്ററുഖളില്‍ അച്ചടിപ്പിക്കുന്നത് ഒരുതരം വ്യക്തിപൂജയാണെന്നും, അതു കമ്യൂണിസ്റ്റുകാര്‍ക്കു ചേര്‍ന്നതല്ലെന്നും ഉള്ള പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മുന്നറിയിപ്പിന് പുല്ലുവില പോലും ആരും നല്കിയില്ല. ഇതു തോല്ക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് നേതാക്കള്‍ മൗനസന്ദേശം നല്കിയിട്ടും, പൊതുജനങ്ങളും, പാര്‍ട്ടി അണികളും സജീവമായി തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ അതൊരു ഫോട്ടോ ഫിനിഷിലാണ് അവസാനിച്ചത്. യു.ഡി.എഫിന് 72ഉം എല്‍.ഡി.എഫിന് 68 സീറ്റുകളും. എല്‍.ഡി.എഫിന് വിജയത്തിനടുത്തെത്തിയ തോല്‍വി. ഏതായാലും നേതാക്കള്‍ ആഗ്രഹിച്ച ഒരു കാര്യം നടന്നു- വി.എസ്. വീണ്ടും മുഖ്യമന്ത്രിയായില്ല. മോന്‍ ചത്താലെന്താ, മരുമകളുടെ താലിയറ്റല്ലോ? ആനന്ദലബ്ധിക്കിനിയെന്തുവേണം?
ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ കുരുതിയും തന്‍പ്രമാണിത്വത്തിന്റെ കൊടിയേറ്റവും
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് 2011 മെയ് 14-നു ഉച്ചയ്ക്ക് 12.30-ന് വി.എസ്. രാജ്ഭവനിലെത്തി തന്റെ മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചു.
വി.എസ്സിനെ പ്രതിപക്ഷ നേതാവാക്കുന്നതില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിനോ സംസ്ഥാന കമ്മിറ്റിക്കോ യാതൊരെതിര്‍പ്പുമില്ലായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു ഭരണം - 2011 മുതല്‍ 2016 വരെയുള്ള അഞ്ചുവര്‍ഷം. ഉമ്മന്‍ ചാണ്ടിയുടെ ഭരണവൈകല്യങ്ങളും, അഴിമതിയും ചൂണ്ടിക്കാണിച്ച് വി.എസ്. കേരളത്തില്‍ സജീവമായിരുന്നു. പ്രതിപക്ഷ നേതാവായ വി.എസ്സിനെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2011 ജൂലൈ 3) എ. ജയശങ്കര്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു: ''പ്രതിപക്ഷനേതാവായിരിക്കുമ്പോഴാണ് വി.എസ്സിന്റെ പ്രതിഭ വെട്ടിത്തിളങ്ങുന്നത്. മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹം ഏറക്കുറെ പ്രതിപക്ഷനേതാവ് തന്നെയായിരുന്നു. മുഖ്യമന്ത്രിയായിരിക്കാന്‍ ഉമ്മന്‍ചാണ്ടിയായാലും മതി. പ്രതിപക്ഷ നേതൃസ്ഥാനത്ത് അച്യുതാനന്ദന്‍ തന്നെ വേണം അതാണ് ഈ ജനവിധിയുടെ പൊരുള്‍.'
അധികാരം വിട്ടൊഴിഞ്ഞ മുഖ്യമന്ത്രി വി.എസ്സിനെക്കുറിച്ച് എസ്.എഫ്.ഐ.യുടെ സ്ഥാപക വൈസ് പ്രസിഡന്റും, കമ്യൂണിസ്റ്റ് തത്വചിന്തകനും, എഴുത്തുകാരനുമായ ബാബു ഭരദ്വാജ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതി: 'ആഗോളവല്ക്കരണ കാലത്ത് ആഗോളവല്ക്കരണ ശക്തികളുടെ പിടിയില്‍ പെടാതെയും അവരുടെ താളത്തിനൊത്ത് തുള്ളാതെയും മാര്‍ക്സിസത്തിന്റെ യഥാര്‍ത്ഥ സത്ത ഉയര്‍ത്തിപ്പിടിച്ച ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദനാണ്. വി.എസ് അറിഞ്ഞോ അറിയാതെയോ ആഗോളവല്ക്കരണ കാലത്തെ കമ്യൂണിസത്തിന്റെ പ്രയോക്താവായി മാറിക്കഴിഞ്ഞിരിക്കുന്നു. ബംഗാളില്‍ തവിടുപൊടിയായപ്പോഴും കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പിടിച്ചുനില്ലാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. ഏഴുപതിറ്റാണ്ടുകാലം കൊണ്ട് കേരളത്തിലെ ജനലക്ഷങ്ങള്‍ രൂപപ്പെടുത്തി എടുത്ത ഒരു രാഷ്ട്രീയ നിലപാടാണ് വി.എസ്.'
2011-ലെ തെരഞ്ഞെടുപ്പുകാലത്തേതില്‍ നിന്ന് വളരെ വളരെ വ്യത്യസ്തമായിരുന്നു 2016-ലെ തെരഞ്ഞെടുപ്പുകാലം. അഴി മതിയും കെടുകാര്യസ്ഥതയും കൊണ്ട് അങ്ങേയറ്റം ജനവിരുദ്ധമായി തീര്‍ന്ന ഉമ്മന്‍ചാണ്ടി ഭരണത്തിനെതിരെ കേരളമൊന്നാകെ ഇളകിമറിയുന്ന ഘട്ടത്തിലായിരുന്നു 2016 മെയിലെ തെരഞ്ഞെടുപ്പ്.
2016 മെയിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഫെബ്രുവരി 14-ന് തിരുവനന്തപുരത്ത് സമാപിക്കുംവിധം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ നവകേരള മാര്‍ച്ച് എന്ന പേരില്‍ കാസര്‍ഗോഡു നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഒരു ജാഥ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചു. അപ്പോഴും ബഹുജനമധ്യത്ത് കത്തിനില്ക്കുന്ന ലാവ്ലിന്‍ അഴിമതിയില്‍ ആരോപണവിധേയനും, കേസില്‍ പ്രതിയുമായ ഒരാളുടെ നേതൃത്വത്തില്‍ ജാഥ സംഘടിപ്പിക്കുന്നതില്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടും, താന്‍ ജാഥയുമായി സഹകരിക്കുകയില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്തുവന്നതോടെ 2016ലെ തെരഞ്ഞെടുപ്പിലെ ആദ്യത്തെ തിരിച്ചടി പാര്‍ട്ടി നേരിട്ടു.
മഹാകവി ഒ.എന്‍.വി.യുടെ ദേഹവിയോഗംമൂലം നവകേരള മാര്‍ച്ചിന്റെ പൊതുറാലി ഫെബ്രുവരി 16-നാണ് നടന്നത്. ജാഥയുമായും റാലിയുമായും സഹകരിക്കാതെ വിട്ടുനിന്ന വി.എസ്സിനെ, ചില പാര്‍ട്ടി നേതാക്കളും, ഘടകകക്ഷി നേതാക്കളും സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ച് പൊതുറാലിയില്‍ പങ്കെടുപ്പിച്ചു. എന്നാല്‍ വി.എസ്സിനെ പരോക്ഷമായി കളിയാക്കിക്കൊണ്ടുള്ള പിണറായിയുടെ പ്രസംഗം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.
2016-ലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന ഘട്ടത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ 2006-ലെയോ 2011-ലെയോ വി.എസ്സിന്റെ സ്ഥാനാര്‍ത്ഥിത്വം എതിര്‍ത്തില്ല. എന്നുമാത്രമല്ല, അദ്ദേഹംമത്സരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. വലിയൊരു ചതി മനസ്സില്‍ കരുതിക്കൊണ്ട് പാര്‍ട്ടിയും ഭരണവും കൈക്കലാക്കാനുള്ള മഹാകൗശലമായിരുന്നു വി.എസ്സിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തന്ത്രം.
Content Highlights: A chapter from Pirappancode Murali Book about VS Achuthanandan
Published: 02 Sept 2025, 01:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented