നടന്‍ മോഹന്‍ലാലിന്റെ ഓര്‍മക്കുറിപ്പുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഋതുമര്‍മ്മരങ്ങള്‍'. തന്റെ ജീവിതത്തിലെ അമൂല്യമായ ചില നിമിഷങ്ങളെ ഓര്‍ത്തെടുത്തുകൊണ്ട് മോഹന്‍ലാല്‍ കുറിക്കുന്നു; 'അഭിനയജീവിതമെല്ലാം തീര്‍ന്ന് ഒറ്റപ്പെടുന്ന അന്ത്യകാലങ്ങളില്‍ എന്നെപ്പോലുള്ള ഒരു നടന് അഭിമാനപൂര്‍വം ഓര്‍ക്കാന്‍ ശേഷിക്കുന്നത് ഇതൊക്കെയായിരിക്കും.' പുസ്തകത്തില്‍നിന്നൊരു ഭാഗം വായിക്കാം...
പ്രണയങ്ങള്‍, സൗഹൃദങ്ങള്‍
ജീവിതപ്രയാണത്തില്‍
ഒരു നിമിഷം നിന്ന്
ഒന്നു തിരിഞ്ഞുനോക്കിയപ്പോള്‍
പെട്ടെന്ന് ചില ചില ചിത്രങ്ങള്‍ കണ്ടു.
നിറം മങ്ങാത്തവ,
പ്രണയമൂറുന്നവ,
അവയുടെ തണുപ്പ്
മനസ്സിനെ നനച്ചുകൊണ്ടേയിരിക്കുന്നു.
വേനലുകള്‍ക്കപ്പുറത്തേക്ക്
നടക്കാന്‍ ശക്തിതരുന്നു.
ഒരിക്കലും രുചിവറ്റാത്ത വിഭവസമൃദ്ധമായ ഒരു സദ്യപോലെയാണ് എനിക്ക് ജീവിതം. അതിന്റെ വ്യത്യസ്തമായ രുചികളെ ഞാന്‍ അഗാധമായി ആസ്വദിക്കുന്നു. ചില വിഭവങ്ങളോട് കൂടുതല്‍ മമതയുണ്ടാവാം. സ്വഭാവികം. പക്ഷേ, ഒന്നിനെയും ഞാന്‍ വെറുക്കുന്നില്ല. എല്ലാറ്റിനെയും പ്രണയപൂര്‍വം സ്വീകരിക്കുന്നു.
പ്രണയം എന്ന പദം ഏറ്റവും സൂക്ഷ്മമായും പ്രത്യേകതയോടെയുമാണ് ഞാന്‍ ഉപയോഗിക്കുന്നത്. പൊതുവേ കരുതുംപോലെ ഏതെങ്കിലും സ്ത്രീയോടു തോന്നുന്ന വികാരം മാത്രമല്ല അത്. എന്റെ പ്രണയം വ്യക്തികളിലേക്ക് മാത്രം പ്രവഹിക്കുന്ന ഒന്നല്ല. വ്യക്തികളും സ്ഥലങ്ങളും സൗഹൃദങ്ങളും അപൂര്‍വമായ നിമിഷങ്ങളും ശീലങ്ങളുമെല്ലാം എന്റെ പ്രണയത്തിന്റെ പ്രഭാവലയത്തിനുള്ളില്‍ വരും. അവയെല്ലാം ചേര്‍ന്നാണ് എന്റെ ജീവിതത്തെ എന്നും വസന്തമായി നിലനിര്‍ത്തുന്നത്.
ചിത്രങ്ങളോട് എനിക്ക് എക്കാലത്തും പ്രത്യേക മമതയും പ്രണയവും ഉണ്ടായിരുന്നു. എന്റെ വീടിനടുത്ത് വിജയരാഘവന്‍ എന്നൊരാളുണ്ടായിരുന്നു. അദ്ദേഹത്തിന് പട്ടാളത്തില്‍ ചേരാന്‍ വലിയ മോഹമായിരുന്നു. പക്ഷേ, സാധിച്ചില്ല. അതുകൊണ്ടാണ് എന്നുതോന്നുന്നു, അദ്ദേഹം ആര്‍മിയുടെ ചിത്രങ്ങള്‍ മനോഹരമായി വരയ്ക്കുമായിരുന്നു. കുട്ടിക്കാലത്ത് ഞാന്‍ എന്നും അദ്ദേഹത്തിന്റെയടുത്ത് ചെന്നിരിക്കും, പടം വരപ്പിക്കും. അവിടെ തുടങ്ങുന്നു എന്റെ ചിത്രകലാപ്രണയം. ഇപ്പോള്‍ എന്റെ കൈയില്‍ അപൂര്‍വമായ ചിത്രങ്ങളുടെ വലിയ ഒരു ശേഖരമുണ്ട്. ചിത്രങ്ങളുടെ കലക്ടര്‍ (Collector) എന്നൊന്നും ഞാന്‍ ഒരിക്കലും സ്വയം അവകാശപ്പെടില്ല. വെറുമൊരു കസ്റ്റോഡിയന്‍ മാത്രമാണ് ഞാന്‍. ഇപ്പോള്‍ അതെന്റെ കൈയിലുണ്ട്, അടുത്ത നിമിഷം മറ്റേതെങ്കിലുമാവാം.
പല ചിത്രങ്ങളും ഒരു നിമിത്തംപോലെയാണ് എന്നിലേക്ക് വന്നത്. ഒരു സംഭവം പറയാം. എന്റെ ഒരു കസിനുണ്ട്. ആര്‍ക്കിടെക്ടാണ്. അദ്ദേഹം ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടുപേര്‍ അപൂര്‍വമായ ഒരു ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതു കേട്ടു. 'ശ്രീരാമപട്ടാഭിഷേകം' എന്ന തഞ്ചാവൂര്‍ പെയിന്റിങ്ങിനെക്കുറിച്ചായിരുന്നു അത്. അവരില്‍നിന്ന് വിവരം ശേഖരിച്ച് ഞാന്‍ ആ ചിത്രം സ്വന്തമാക്കി. വര്‍ഷങ്ങള്‍ക്കുശേഷം ഒരു വിമാനയാത്രയ്ക്കിടെ എനിക്ക് 'സ്വാഗത്' എന്ന ഒരു മാഗസിന്‍ കിട്ടി. അതില്‍ ഈ ചിത്രവും അതിനെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടായിരുന്നു. രവിരാജ എന്നു പേരുള്ള ഒരു തമിഴ്‌നാട്ടുകാരനാണ് അത് വരച്ചത്. അയ്യായിരത്തിലധികം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട് അദ്ദേഹം. സ്വന്തം ജീവിതം കൈവിട്ടുപോയ ഒരാളാണ്. ഈ പെയിന്റിങ് ഇന്ത്യയ്ക്ക് പുറത്തുപോകരുത് എന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. തന്റെ ശിഷ്യരോട് അദ്ദേഹം അതു പറഞ്ഞിരുന്നു. ഈ ചിത്രം ഇപ്പോള്‍ ആരുടെ കൈയിലുണ്ടെന്ന കാര്യം അറിയില്ല എന്നും ആ ലേഖനത്തില്‍ പറഞ്ഞിരുന്നു! നമ്മെത്തേടി ചിത്രങ്ങള്‍ വരികയാണ് എന്ന് എനിക്കപ്പോള്‍ മനസ്സിലായി.
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളോട് എനിക്കിത്തിരി കമ്പം കൂടും. അദ്ദേഹത്തിന്റെ 180-ലധികം ചിത്രങ്ങള്‍ ഞാന്‍ ശേഖരിച്ചിട്ടുണ്ട്. അവ വൃത്തിയായി ചില്ലിട്ട് സൂക്ഷിച്ചിരിക്കുന്നു. പലതും യാത്രകളില്‍ ഒപ്പം കൊണ്ടുനടക്കാറുണ്ട്. നോവലുകള്‍ക്കും കഥകള്‍ക്കും വേണ്ടി അദ്ദേഹം വരച്ചവയാണ് മിക്കതും. ഒരിക്കല്‍ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു, എന്താണ് വരച്ചുതരേണ്ടത് എന്ന്. 'സുധാ സിന്ധോര്‍ മധ്യേ സുരവിട പിവാടീ പരിവൃതേ' എന്നു തുടങ്ങുന്ന സൗന്ദര്യലഹരിയിലെ ദേവീസ്ഥാനം വരച്ചുതരാന്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ലോകത്ത് ആര്‍ക്കും വരയ്ക്കാന്‍ സാധിക്കാത്തതാണ് അത്. പിന്നീട് നാലഞ്ചു വര്‍ഷക്കാലം ഞങ്ങള്‍ പലപ്പോഴായി കണ്ടു. അപ്പോഴൊന്നും ഞാന്‍ ചിത്രത്തെപ്പറ്റി ചോദിച്ചതേയില്ല. അത് അദ്ദേഹത്തിന് വലിയ വിഷമമായി. ഒടുവില്‍ അദ്ദേഹം വരച്ചുതന്നു. ഞാന്‍ അത് എന്റെ വീട്ടില്‍ വെച്ചു. ഒരിക്കല്‍ എന്റെ ചിത്രശേഖരം കാണാന്‍ വന്ന കുറെ സുഹൃത്തുക്കള്‍ നമ്പൂതിരിസാര്‍ വരച്ച ചിത്രത്തിന് മുന്നില്‍നിന്ന് ചോദിച്ചു, 'ഇതാരാണ് വരച്ചത്?' നമ്മെ അത്രമാത്രം വലിച്ചടുപ്പിക്കുന്നതാണ് അത്.

പണ്ടത്തെ അത്ര ആസക്തിയോടും അഭിനിവേശത്തോടെയുമുള്ള ചിത്രശേഖരണം ഇന്നില്ല. രണ്ടു വര്‍ഷം മുമ്പ് തന്മാത്ര എന്ന സിനിമ ഷൂട്ടുചെയ്യുമ്പോള്‍ ആ വീട്ടിലെ ചുമരിന്മേല്‍ ഒരു ചിത്രം കണ്ടു. പഴയ ചിത്രം. ഒരച്ഛനും മകനും. അച്ഛന് നല്ല പ്രായമുണ്ട്. മകന്‍ കുട്ടിയാണ്. കുട ചൂടി കോണകമുടുത്തു നില്‍ക്കുന്ന പയ്യന്‍. എനിക്കെന്തുകൊണ്ടോ അത് വല്ലാതെ ഇഷ്ടപ്പെട്ടു. ഞാന്‍ അതിന്റെ ഫോട്ടോ എടുപ്പിച്ച് പ്രശസ്ത സംവിധായകന്‍ ആര്‍. സുകുമാരന്‍ സാറിന്റെ അടുത്തു കൊടുത്തു. അദ്ദേഹം അതിനെ മനോഹരമായി പുനര്‍നിര്‍മിച്ചുതന്നു. ഇതൊക്കെ ഓരോ നേരങ്ങളിലെ തോന്നലുകളാണ്. അത് നമ്മുടെ ഉള്ളിലെ ഏതോ ഉറവയില്‍നിന്നും പെട്ടെന്ന് തളിര്‍ത്തുവരുന്നതാണ്. അപ്പോള്‍ മനസ്സ് ചരടുകളഴിഞ്ഞ് അതിനു പിറകേ പായുന്നു; ഞാനും.
നല്ല സൗഹൃദങ്ങളെ ഞാന്‍ അഗാധമായി പ്രണയിക്കുന്നു. അവയെ ആത്മാവിനോടു ചേര്‍ത്തുവെക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അവധിസമയം നാട്ടില്‍ പോവുമ്പോള്‍ എനിക്ക് എന്റെ പ്രായത്തിലുള്ളവരെക്കാള്‍ ബന്ധം വളരെ മുതിര്‍ന്ന, വാര്‍ധക്യത്തില്‍ എത്തിയവരോടായിരുന്നു. എന്റെ പഴമയോടുള്ള ആഭിമുഖ്യം അവിടെയാണ് തുടങ്ങുന്നത് എന്നു തോന്നുന്നു. ഭയങ്കര രസമാണ് ആ പ്രായത്തിലുള്ളവരോട് സംസാരിച്ചിരിക്കാന്‍. ഒരിക്കല്‍ തിക്കുറിശ്ശിച്ചേട്ടന്‍ എന്നോടും വേണുച്ചേട്ട(നെടുമുടി)നോടും ചോദിച്ചു: 'ഇത്രയും നല്ല ഒരു അപ്പൂപ്പനെ നിങ്ങള്‍ക്ക് വേറെ എവിടെനിന്ന് കിട്ടുമെടാ?' അപ്പോള്‍ ഞങ്ങള്‍ തിരിച്ചുചോദിച്ചു: 'ഇത്രയും നല്ല കൊച്ചുമക്കളെ ചേട്ടന് വേറെ എവിടുന്ന് ലഭിക്കും?' എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം സൗഹൃദങ്ങള്‍ ഒരു ചാര്‍ജിങ് ആണ്.
പ്രേംനസീര്‍, ശിവാജി ഗണേശന്‍, കന്നഡ നടന്‍ രാജ്കുമാര്‍, നാഗേശ്വരറാവു എന്നിവരോടെല്ലാം എനിക്ക് ആത്മബന്ധമായിരുന്നു. ഇപ്പോള്‍ അമിതാഭ് ബച്ചനോടും. രാജ്കുമാര്‍സാറിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഇപ്പോഴും മനസ്സില്‍ ഒരു സുഗന്ധമായി ശേഷിക്കുന്നു. അദ്ദേഹത്തിന്റെ മക്കള്‍ ബാംഗ്ലൂരിലെ എന്റെ സുഹൃത്ത് മാത്യുവുമായി നല്ല അടുപ്പമാണ്. മാത്യു അവരുടെ വീട്ടിലൊക്കെ പോവാറുണ്ട്. ഒരിക്കല്‍ മാത്യുവിനോട് അദ്ദേഹം പറഞ്ഞു: 'എനിക്ക് നിങ്ങളുടെ മോഹന്‍ലാലിനെ വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ വീണ്ടും വീണ്ടും കാണാറുണ്ട്.' മാത്യു ഉടനേ എന്നെ ഫോണ്‍ ചെയ്ത് അദ്ദേഹത്തിന്റെ കൈയില്‍ കൊടുത്തു. അദ്ദേഹം എന്നോടു പറഞ്ഞു: 'ഞാന്‍ നിങ്ങളുടെ ഒരു ഫാനാണ്. എനിക്ക് ലാലിനെ ഒന്ന് കാണണമെന്നുണ്ട്.' ഞാന്‍ ചെന്നു.
പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസമുള്ള ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു മുനിയെപ്പോലെ ശാന്തന്‍. അദ്ദേഹത്തില്‍നിന്ന് വല്ലാത്ത ഒരു ഊര്‍ജ്ജം എന്നിലേക്ക് പ്രവേശിച്ചതായി എനിക്ക് അനുഭവപ്പെട്ടു. എന്റെ ഭാര്യാപിതാവുമായി അദ്ദേഹത്തിന് നല്ല പരിചയമായിരുന്നു. ആ സമയത്ത് ഞാന്‍ ഒരു കഷായം കഴിക്കുന്ന സമയമായിരുന്നു; അതുകൊണ്ട് ഭക്ഷണനിയന്ത്രണത്തിലും. ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ രാജ്കുമാര്‍ പറഞ്ഞു: 'ജീവിതത്തില്‍ നന്നായി ഭക്ഷണം കഴിക്കാനെങ്കിലും സാധിച്ചില്ലെങ്കില്‍ കഷ്ടമാണ്.'
പിന്നീടൊരിക്കല്‍ ഞാനും ഭാര്യയും ചേര്‍ന്ന് അദ്ദേഹത്തെ കാണാന്‍ പോയി. അന്ന് ഞങ്ങളുടെ വിവാഹവാര്‍ഷികമായിരുന്നു. അദ്ദേഹം ഞങ്ങളെ രണ്ടാളെയും പിടിച്ചുനിര്‍ത്തി മാലയൊക്കെത്തന്ന് വീണ്ടും വിവാഹം കഴിപ്പിച്ചു! വലിയ സ്‌നേഹമായിരുന്നു. രാജ്കുമാറിന്റെ അച്ഛന്‍ പൂകൈലാസ് എന്ന നാടകത്തിലൊക്കെ അഭിനയിച്ചയാളാണ്. അതോര്‍ത്തിട്ടാവണം കാണുമ്പോഴൊക്കെ അദ്ദേഹം പറയും, 'ലാല്‍ രാവണനായി അഭിനയിക്കുന്നത് എനിക്ക് കാണണം എന്നുണ്ട്.' പക്ഷേ, അത് നടന്നില്ല. ഇന്നും ആ കടം ബാക്കിയാണ്. അഭിനയിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ആര്‍ദ്രമായ അനുഗ്രഹം ശിരസ്സില്‍ പൊഴിയുന്നതായി എനിക്ക് തോന്നാറുണ്ട്.
ഷോലെയുടെ പുതിയ പതിപ്പില്‍ അഭിനയിച്ചപ്പോഴാണ് അമിതാഭ് ബച്ചനുമായി കൂടുതല്‍ അടുക്കുന്നത്. നേരത്തേതന്നെ അദ്ദേഹവുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും ദൃഢമായത് ഇപ്പോഴാണ്. ഞാന്‍ ഏറെ ആദരിക്കുന്ന നടനും വ്യക്തിയുമാണ് അദ്ദേഹം. ഇത് രണ്ടും ഒരേപോലെ വരിക അപൂര്‍വമായ കാര്യമാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ വലിയ കവിയായിരുന്നല്ലോ? ഹരിവംശറായ് ബച്ചന്‍. അച്ഛനിലെ ഉത്കൃഷ്ടമായ കവിത്വത്തിന്റെ പ്രൗഢിയും എളിമയും ബച്ചന്റെ ഓരോ അണുവിലും ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. സെറ്റില്‍ എത്തിയാല്‍ എത്രയും വേഗം അദ്ദേഹം ആ സംഘത്തില്‍ അലിഞ്ഞുചേരും. എല്ലാവരോടും സംസാരിച്ചുകൊണ്ടേയിരിക്കും. അദ്ദേഹത്തിന്റെ ചിരി ഇടയ്ക്കിടെ അങ്ങനെ മുഴങ്ങിക്കേള്‍ക്കാം. ഡയലോഗുകള്‍ ഇത്രയധികം കര്‍ശനമായി പഠിച്ചുറപ്പിച്ച് മനഃപാഠമാക്കുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. അനുകരിക്കാന്‍ സാധിക്കാത്ത ഏകാഗ്രതയുള്ള നടനാണ് അദ്ദേഹം.

എന്റെ പല ചിത്രങ്ങളും കണ്ടതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഏറ്റവും ഒടുവില്‍ കണ്ടത് തന്മാത്രയായിരുന്നു. എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയ സമയത്ത് അദ്ദേഹം ഒരു കത്തയച്ചിരുന്നു. സമ്മാനങ്ങള്‍ കിട്ടുമ്പോഴും സന്തോഷാവസരങ്ങളിലും ഫോണിലൂടെ പലരും അഭിനന്ദനങ്ങള്‍ അറിയിക്കാറുണ്ട്. എസ്.എം.എസ്സുകള്‍ അയയ്ക്കാറുണ്ട്. എന്നാല്‍ ഇന്നത്തെക്കാലത്ത് ഒരാള്‍ ഒരു കത്ത് എഴുതുക എന്നത് ഒന്നാലോചിച്ചുനോക്കൂ. അതും അമിതാഭ് ബച്ചനെപ്പോലുള്ള ഒരാള്‍. സെക്രട്ടറിയെക്കൊണ്ട് എഴുതിച്ച് അദ്ദേഹം ഒപ്പുവെച്ച കത്തായിരുന്നില്ല അത്. സ്വന്തം കൈപ്പടയില്‍ എഴുതിയതായിരുന്നു. കവിയുന്ന ആത്മാര്‍ത്ഥതയും സ്‌നേഹവും ആ അക്ഷരങ്ങള്‍ക്കിടയില്‍ സ്പന്ദിക്കുന്നുണ്ടായിരുന്നു. എന്റെ സ്‌നേഹശേഖരങ്ങളുടെ കടലില്‍ എവിടെയോ ആ കത്തും ഉണ്ടാകണം.
ഗാണ്ഡീവം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് നാഗേശ്വരറാവു എന്ന വലിയ മനുഷ്യനോടും നടനോടും അടുക്കാന്‍ കഴിഞ്ഞത്. കോപ്പന്‍ഹേഗനില്‍ വെച്ച് ഞങ്ങള്‍ ഒരു പാട്ട് ഷൂട്ട് ചെയ്തു. ദിവസവും രാവിലെ ഞങ്ങള്‍ ഒന്നിച്ചായിരുന്നു കാപ്പികുടി. അദ്ദേഹത്തിന് കാപ്പി ഉണ്ടാക്കിക്കൊടുക്കുന്നതും ഭക്ഷണം എടുത്തുകൊടുക്കുന്നതുമെല്ലാം ഞാനായിരുന്നു. ഇതൊന്നും ഇങ്ങനെ ചെയ്യണം എന്ന് മുന്‍കൂട്ടിയുറപ്പിച്ച്, മനഃപൂര്‍വം ചെയ്യുന്നതല്ല. വീട്ടിലാണെങ്കില്‍ എന്റെ അച്ഛനോടും ഞാനീവിധത്തില്‍ തന്നെയായിരിക്കും പെരുമാറുക. അങ്ങനെ സ്വാഭാവികമായി ചെയ്യുന്ന പ്രവൃത്തിയില്‍ ആത്മാര്‍ത്ഥതയും മാധുര്യവും അധികമായിരിക്കും. പിന്നീട് നാഗേശ്വരറാവുസാര്‍ മറ്റുള്ളവരോട് പറഞ്ഞതായി കേട്ടിട്ടുണ്ട്, 'മോഹന്‍ലാലിനെ കണ്ടുപഠിക്കണം' എന്ന്. അത് ഒരു ഗുരുകൃപയായിട്ടാണ് ഞാന്‍ എടുക്കുന്നത്.
എന്റെ ഭാര്യാഗൃഹവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു ശിവാജിഗണേശന്. യാത്രാമൊഴി എന്ന ചിത്രത്തിലാണ് ഞങ്ങള്‍ ഒന്നിച്ചഭിനയിക്കുന്നത്. ശിവാജിസാറിനോടുള്ള സ്‌നേഹവും ആദരവും എന്നില്‍ എപ്പോഴും പരസ്പരം മത്സരിച്ചുകൊണ്ടിരുന്നു. ഒരു അച്ഛന്റെ അനുഭൂതിയാണ് എനിക്ക് അദ്ദേഹത്തില്‍നിന്നു പ്രസരിച്ചുകിട്ടിയത്. എന്ത് മനോഹരവും രാജകീയവുമാണ് അദ്ദേഹത്തിന്റെ ചിരി. ഒരിക്കല്‍ അദ്ദേഹത്തിന് കഥകളി കാണണം എന്ന് വലിയ ആഗ്രഹം പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ തിരുവനന്തപുരത്ത് കൊണ്ടുവന്ന് കഥകളി കാണിച്ചുകൊടുത്തു. ഇന്ത്യ ജന്മംനല്‍കിയ ഒരു വലിയ നടന്‍ അഭിനയസൂക്ഷ്മതയുടെ ഏറ്റവും ഉദാത്തമായ ഒരു അഭിനയരൂപം കണ്ണിമയ്ക്കാതെ കണ്ടിരിക്കുന്ന കാഴ്ച മറക്കാന്‍ പറ്റാത്തതായിരുന്നു.
ഏറ്റവും പ്രിയത്തോടെയും ആദരവോടെയും ഞാന്‍ കാത്തുസൂക്ഷിച്ച സൗഹൃദമായിരുന്നു ജി. അരവിന്ദനുമായിട്ടുള്ളത്. അദ്ദേഹത്തെ ഞാന്‍ അരവിന്ദേട്ടന്‍ എന്ന് വിളിച്ചു. ഏറ്റവും കുറച്ചു സംസാരിച്ച് ഏറ്റവുമധികം സുഹൃത്തുക്കളെ ഉണ്ടാക്കിയ ആളായിരുന്നു അദ്ദേഹം. മൗനത്തിലൂടെ സൗഹൃദങ്ങള്‍ സൃഷ്ടിക്കുക എന്നത് അരവിന്ദേട്ടന് മാത്രം അറിയുന്ന ആര്‍ട്ട് ആയിരുന്നു.
മൗനിയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മനം നിറയെ നര്‍മമായിരുന്നു. സവിശേഷമായ രീതിയില്‍ പതിഞ്ഞ, മൃദുവായി പൊട്ടിവിരിയുന്ന നര്‍മം. മലയാളി എന്നും ഓര്‍ക്കുന്ന ഒരു കാരിക്കേച്ചര്‍ വരച്ച ആളല്ലേ അദ്ദേഹം. ഉള്ളില്‍ നര്‍മമില്ലാതെ എങ്ങനെയാണത് സാധിക്കുക? അദ്ദേഹത്തിലെ അതിസൂക്ഷ്മമായ ഈ നര്‍മ്മം എനിക്ക് പിടിച്ചെടുക്കാന്‍ സാധിച്ചിരുന്നു. അത് ഞാന്‍ ആസ്വദിക്കുകയും ചെയ്തു. എല്ലാറ്റിലുമുപരിയായി അരവിന്ദേട്ടന്‍ ഒരു ദാര്‍ശനികനുമായിരുന്നു. വാസ്തുഹാരയുടെ ചിത്രീകരണസമയത്ത് കല്‍ക്കത്തയില്‍വെച്ച് വളരെയധികം അടുത്തപ്പോള്‍, അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴങ്ങളും എനിക്ക് അറിയാനും അനുഭവിക്കാനും സാധിച്ചു. വളരെ കാലത്തിനുശേഷം എന്റെ നിര്‍മാണത്തില്‍ അരവിന്ദേട്ടന്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതിയുണ്ടായിരുന്നു. പക്ഷേ, നടന്നില്ല. സിനിമകള്‍ ജീവിതം പോലെയാണ്. നാം ഉദ്ദേശിച്ചപോലെ പലപ്പോഴും അത് പോവില്ല. പ്രതീക്ഷിച്ച ഫലം തരില്ല. സ്വയമേവ സംഭവിക്കുമ്പോള്‍ ആണ് അവ ലക്ഷ്യം കാണുന്നതും അനശ്വരമാവുന്നതും.
അപൂര്‍വമായ ചില നിമിഷങ്ങളെ ഞാന്‍ ഹൃദയത്തില്‍ പ്രണയപൂര്‍വം കാത്തുസൂക്ഷിക്കുന്നുണ്ട്. വാനപ്രസ്ഥത്തിലെ അഭിനയനിമിഷങ്ങളാണ് അവയില്‍ പ്രധാനപ്പെട്ടത്. ആചാര്യകൃപ, അനുഗ്രഹം എന്നിവ എനിക്ക് ഏറ്റവുമധികം ഫീല്‍ ചെയ്തത് അപ്പോഴാണ്. ആരുടെയൊക്കെ മുന്നിലാണ് ഞാന്‍ കഥകളിവേഷം കെട്ടി നിന്നത്. കലാമണ്ഡലം ഗോപി, കീഴ്പ്പടം, അപ്പുക്കുട്ടിപ്പൊതുവാള്‍, കുടമാളൂര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. എല്ലാം അതികായന്മാര്‍.
വേഷംകെട്ടി ഞാന്‍ ഒരിടത്ത് മാറിയിരിക്കുകയായിരുന്നു. അപ്പോള്‍ പിറകില്‍നിന്ന് രണ്ടുപേര്‍ പറയുന്നത് ഓവര്‍ഹിയര്‍ ചെയ്തു: 'കൃഷ്ണന്‍നായരാശാനെപ്പോലെ തന്നെ.' ഇതിലും വലിയ ഭാഗ്യമെന്താണ്? ഇതിലും അമൂല്യമായ നിമിഷങ്ങള്‍ ഏതാണ്? ഇതിലും മീതെ മറ്റെന്ത് അവാര്‍ഡാണ് എനിക്ക് കിട്ടാനുള്ളത്? മുഖത്തുതേപ്പുകള്‍ക്കപ്പുറം എന്റെ കണ്ണുകള്‍ താനേ നനഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
വേഷപ്പകര്‍ച്ച എന്നത് അഭിനയരംഗത്ത് വലിയ സുകൃതമാണ്. പൂതനാമോക്ഷം ആടാന്‍ ഒരുങ്ങിനിന്നപ്പോള്‍ കീഴ്പ്പടം ആശാന്‍ രഹസ്യമായി പറഞ്ഞു: 'ലാലേ അപ്പുക്കുട്ടിപ്പൊതുവാളിന്റെ മദ്ദളം മുഖത്ത് വരട്ടെ.' അപ്പോഴും ഞാന്‍ തലകുനിച്ചു. അഭിനയജീവിതമെല്ലാം തീര്‍ന്ന് ഒറ്റപ്പെടുന്ന അന്ത്യകാലങ്ങളില്‍ എന്നെപ്പോലുള്ള ഒരു നടന് അഭിമാനപൂര്‍വം ഓര്‍ക്കാന്‍ ശേഷിക്കുന്നത് ഇതൊക്കെയായിരിക്കും.
Content Highlights: Mohanlal writes about precious moments in his life
Published: 21 May 2024, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented