
എതിരന്‍ കതിരവന്റെ 'മസ്തിഷ്‌കം; വികാരം, വേദന, വിശ്വാസം' എന്ന പുസ്തകത്തിലെ 'വിശ്വാസത്തിന്റെ ന്യൂറോണ്‍ കേന്ദ്രങ്ങള്‍' എന്ന ഭാഗത്തില്‍നിന്ന്;
'മതാത്മകപ്രചോദനം മസ്തിഷ്‌ക്കത്തിലെ സങ്കീര്‍ണ്ണമായ ഇലക്ട്രോകെമിക്കല്‍ പ്രകരണങ്ങള്‍ മാത്രമാണ്' എന്ന് ആധുനിക ദൈവശാസ്ത്രപ്രബുദ്ധന്‍ റേസാ അസ്ലാന്‍ (Reza Aslan). ന്യൂറോസയന്‍സിനു പറയാനുള്ളതും ഇതുതന്നെ. ചുരുക്കിപ്പറഞ്ഞാല്‍ ന്യൂറോണുകളില്‍നിന്നു ന്യൂറോണുകളിലേക്കു പായുന്ന വൈദ്യുതി നിര്‍മ്മിച്ചെടുക്കുന്ന വിചാരധാരായന്ത്രങ്ങളില്‍ ഒന്നാണു ദൈവം എന്ന്.
ശാസ്ത്രപരീക്ഷണങ്ങള്‍ നടന്നിട്ടുള്ളത് പ്രാര്‍ത്ഥന, മന്ത്രംചൊല്ലല്‍, ധ്യാനം മുതലായ നടപടിസമയങ്ങളില്‍ തലച്ചോറിലെ ഏതേതു ഭാഗങ്ങള്‍ ഉണരുന്നു, ഉത്തേജിതമാകുന്നു എന്നു നിരീക്ഷിച്ചുകൊണ്ടാണ്. ഓഡ്‌ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇലക്ട്രിക്കല്‍/കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഗോപീകൃഷ്ണ ദേശ്പാണ്ഡെയും സംഘവും എം.ആര്‍.ഐ. (M.R.I.) പോലത്തെ സ്‌കാനിങ് വിദ്യകള്‍കൊണ്ടു നിരീക്ഷിച്ചത് വിശ്വാസിയുടെയും ദൈവനിഷേധിയുടെയും തലച്ചോര്‍ ഉത്തേജനത്തില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നാണ്. എന്നാല്‍ ഉത്തേജിക്കപ്പെട്ട കേന്ദ്രങ്ങളുടെ സംവേദനത്തിലാണു വ്യത്യാസങ്ങള്‍ കണ്ടെത്തിയത്. പ്രകൃത്യാതീതശക്തി ദിവസേന സ്വന്തം ജീവിതത്തെ സ്വാധീനിക്കുന്നു എന്നു കരുതുന്നവരുടെ തലച്ചോറില്‍ പേടിയുടെ കേന്ദ്രങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ മതസിദ്ധാന്തങ്ങള്‍ വഴിയും വിശുദ്ധ/വേദഗ്രന്ഥങ്ങള്‍ വഴിയും മതാത്മകത ഉള്‍ക്കൊള്ളുന്നവരില്‍ ഭാഷ പഠിച്ചെടുത്ത് ഉപയോഗിക്കാനുള്ള മസ്തിഷ്‌ക്കകേന്ദ്രങ്ങളാണ് ഉത്തേജിതമാകുന്നത്. മത/ദൈവവിശ്വാസികള്‍ അല്ലാത്തവര്‍ മതത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ കാഴ്ചവഴി വിഭാവനം ചെയ്യുന്ന പ്രതിബിംബങ്ങള്‍ ഉരുത്തിരിയുന്ന കേന്ദ്രങ്ങളാണ് ഉണരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ കൃത്യത ലഭിച്ചുവരികയാണ്. ചുഴലിയും ഷ്‌കൈസോഫ്രീനിയയും ബാധിച്ചവരില്‍ പലര്‍ക്കും അതിതീവ്രമായ മതാത്മകത താനേ തോന്നാറുള്ളതുകൊണ്ട് അവരുടെ തലച്ചോര്‍ പഠനങ്ങളില്‍നിന്നും ചില മതബോധ-മസ്തിഷ്‌ക്കകേന്ദ്രബന്ധങ്ങള്‍ക്കുള്ള സൂചനകള്‍ ലഭിക്കുന്നുണ്ട്.
തീവ്രവിശ്വാസികളായ മോര്‍മോണ്‍ (Latter - Day Saints ന്റെ ഒരു ശാഖ) മതക്കാരുടെ പ്രാര്‍ത്ഥനയിലും ധ്യാനസമയങ്ങളിലും എം.ആര്‍.ഐ. സ്‌കാനിങ്വഴി തലച്ചോര്‍പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ പ്രതിഫലംകൊണ്ടു സന്തോഷം നല്‍കുന്ന ഇടങ്ങളായ (reward centers) ന്യൂക്ലിയസ് അക്കുംബെന്‍സ് (nucleus accumbens), നെറ്റിക്കു പിറകിലുള്ള തലച്ചോര്‍ ഇടമായ പ്രിഫ്രൊണ്ടല്‍ കോര്‍ടെക്‌സ് (prefrontal cortex) ഇവയൊക്കെ ഉത്തേജിതമാകുന്നതായി നിരീക്ഷിക്കപ്പെട്ടു. പ്രത്യേകിച്ചും ventromedial prefrontal cortex. അമിതസുഖസന്തോഷവികാരത്തിന് ഉത്തരവാദിയാകുന്ന ഇടങ്ങള്‍തന്നെ ഇവ. പ്രണയം, സംഗീതം, സെക്‌സ്, മയക്കുമരുന്നുകള്‍ ഇവ ഉത്തേജിപ്പിക്കുന്ന ന്യൂറോണ്‍ കേന്ദ്രങ്ങളില്‍ത്തന്നെ ദൈവത്തെ തേടേണ്ടിയിരിക്കുന്നു എന്നതു കൗതുകകരംതന്നെ. ന്യൂക്ലിയസ് അക്കുംബെന്‍സ് പ്രത്യേകിച്ചും. 'മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്' എന്ന പ്രസ്താവന ന്യൂറൊ സയന്റിസ്റ്റുകളും ശരിവെക്കുകയാണ്: കറപ്പിന്റെ (opioid) സ്വീകരിണികള്‍ നിറഞ്ഞിരിക്കുന്ന ഇടങ്ങളാണ് പ്രാര്‍ത്ഥന/ധ്യാനസമയത്തും ഉണരുന്നത്. തലച്ചോറിലെ ചില ഇടങ്ങള്‍ക്ക്ചെവിക്കുറ്റിക്കുള്ളിലെ മസ്തിഷ്‌ക്കഭാഗ (temporal cortex) ത്തിനും പ്രിഫ്രൊണ്ടല്‍ കോര്‍ടെക്‌സിനും-ക്ഷതം പറ്റിയാല്‍ നിഗൂഢമായ ആദ്ധ്യാത്മികദര്‍ശനങ്ങള്‍ അനുഭവപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറില്‍ കൃത്യമായി ഒരിടം ദൈവത്തിനുവേണ്ടി ഒരുക്കിയിട്ടുണ്ടെന്നു പറയാന്‍ ഇന്നു സാധിക്കുകയില്ലെങ്കിലും, പ്രതിഫലസന്തോഷം, പേടി, ഊഷ്മളവികാരങ്ങള്‍ ഇവയുടെ ഒക്കെ ന്യൂറോണ്‍ സങ്കേതങ്ങളിലായിരിക്കണം ഈ സാര്‍വ്വലൗകിക ആശയം പ്രകമ്പനംകൊള്ളുന്നതെന്നാണു ന്യൂറോശാസ്ത്രജ്ഞര്‍ കരുതുന്നതു. വികാരങ്ങളും അവയുടെ കൃത്യമായ കേന്ദ്രങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന ആധുനിക സ്‌കാനിങ് വിദ്യകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാന്‍ അധികം സമയം വേണ്ടിവരികയില്ല.
ഡോപമീന്‍ എന്ന ന്യൂറോസംപ്രേഷകവസ്തു തലച്ചോറിലെ സംവേദനങ്ങളില്‍, പ്രത്യേകിച്ചും പ്രതിഫലസന്തോഷോദ്ഗമനത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. ഡോപമീന്‍ അസന്തുലിതാവസ്ഥ മതാത്മക പെരുമാറ്റവുമായി ബന്ധപ്പെട്ടതാണ്. ഡോപമീന്റെ അളവു കുറയുന്ന പാര്‍ക്കിന്‍സണ്‍ രോഗാവസ്ഥയില്‍ മതപരമായ വിമുഖത കാണാറുണ്ട്. ഈ വസ്തുവിന്റെ ഫിസിയോളജിയിലെ വ്യത്യാസങ്ങള്‍ ചിലരില്‍ ദൈവസാന്നിദ്ധ്യം അനുഭവപ്പെടുന്നതായി തോന്നാന്‍ ഇടയാക്കുന്നുണ്ട്. ദൈവം തലച്ചോറിലെ ന്യൂറോസംപ്രേഷകവസ്തുവായി അവതരിക്കയാണെന്നു സാരം.
വിശ്വാസത്തിനും അവിശ്വാസത്തിനും കേന്ദ്രങ്ങള്‍
വ്യത്യസ്ത മസ്തിഷ്‌ക്കകേന്ദ്രങ്ങളാണ് വിശ്വസിക്കുമ്പോഴും അവിശ്വസിക്കുമ്പോഴും ഊര്‍ജ്ജസ്വലമാകുന്നത്. വിശ്വാസംകൊള്ളുമ്പോള്‍ മനസ്സിലുണരുന്നത് പുരികത്തിനു നേരേ പിറകില്‍, എന്നാല്‍ തലച്ചോറില്‍ നടുക്കായി സ്ഥിതിചെയ്യുന്ന ഭാഗമാണ് (ventromedial prefrontal cortex) എന്നു മേല്‍ പ്രസ്താവിച്ചുകഴിഞ്ഞു. അവിശ്വാസം തോന്നുമ്പോഴോ തെറ്റായ പ്രമേയങ്ങളോ അഭിപ്രായമോ കേള്‍ക്കുമ്പോഴോ കൂടുതല്‍ ഉള്ളിലുള്ള 'ലിംബിക് സിസ്റ്റെം' ആണ് പ്രാവര്‍ത്തികമാകുന്നത്. വികാരങ്ങളുടെ, ഓര്‍മ്മയുടെ, ഉണര്‍ച്ചയുടെ കേന്ദ്രമാണിത്. ഈ കേന്ദ്രത്തിന്റെ മുന്‍ഭാഗത്തുള്ള 'സിന്‍ഗുലേറ്റ് കോര്‍ടെക്‌സ്' (cingulated cortex) ആണ് അവിശ്വാസപ്രമേയം പാസാക്കുന്നത്. വേദനയും വെറുപ്പും ഉളവാക്കാനുള്ള ഇടം. ദുര്‍ഗ്ഗന്ധമോ ദുസ്സ്വാദോ നിരാകരിക്കുന്നതിനു സമാനമായ പ്രതികരണം. എന്നാല്‍ അനിശ്ചിതമോ തീര്‍ച്ചയില്ലാത്തതോ ആയ കാര്യങ്ങള്‍ ചിന്താക്കുഴപ്പമുളവാക്കുന്നതിന് ഒരുമ്പെടുന്നത് ഈ സിന്‍ഗുലേറ്റ് കോര്‍ടെക്‌സിന്റെ എറ്റവും മുന്‍ഭാഗമാണ്. സംഘര്‍ഷങ്ങളെ മുന്‍കരുതലോടെ നിരീക്ഷിക്കാനും തെറ്റുകള്‍ കണ്ടുപിടിക്കാനും അതോടെ അറിവ് എന്നതു സ്വരൂപിക്കാനും ചുമതലയുള്ള ഭാഗമാണിത്.
അഹന്തയുടെ ആധിക്യത്തോടെ മറ്റുള്ളവരെ ചതിക്കാനും ചൂഷണം ചെയ്യാനും കൗശലസ്വാധീനത്താല്‍ തന്‍കാര്യങ്ങള്‍ നേടാനും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ഇടവും പ്രിഫ്രൊണ്ടല്‍ കോര്‍ടെക്‌സിന്റെ മറ്റൊരിടമാണ്. ഈ ഭാഗത്തിനു ക്ഷതമേറ്റാല്‍ സല്‍സ്വഭാവികളും മേല്‍പ്പറഞ്ഞ സ്വഭാവരീതികളിലേക്കു ചാഞ്ഞേക്കാം എന്നു ന്യൂറോളജി ക്ലിനിക്കുകളില്‍നിന്നുള്ള വിവരങ്ങള്‍ തെളിയിക്കുന്നു. തീവ്രവാദികള്‍ക്ക് ഈ മസ്തിഷ്‌ക്കഭാഗം ഉത്തേജിക്കപ്പെട്ടതായിരിക്കാം എന്നാണ് ആധുനിക നിഗമനം.
അറിഞ്ഞിട്ട് വിശ്വസിക്കുകയോ വിശ്വസിച്ചിട്ട് അറിയുകയോ?
എല്ലാ വിശ്വാസങ്ങളും അറിവിനെ അടിസ്ഥാനമാക്കിയാണ്, തെറ്റായാലും ശരിയായാലും. ഒരുകാലത്ത് ഇക്കാര്യത്തില്‍ കടുത്ത വിരുദ്ധതത്ത്വങ്ങള്‍ ഫിലോസഫിക്കാരില്‍ നടമാടിയിരുന്നു. ഡെകാര്‍ടെ (Rene Descartes)യുടെ വാദം ഇപ്രകാരമാണ്: ആദ്യം അറിയുക, പിന്നെ അതില്‍ വിശ്വസിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക എന്നതാണ് തലച്ചോറിന്റെ രീതി. എതിരാളിയായ സ്‌പൈനോസ (Baruch Spinosa)യുടെ വാദമുഖം വിശ്വാസത്തില്‍ വേരുറപ്പിച്ചാലേ ഒരു കാര്യം അറിയാന്‍ പറ്റുകയുള്ളൂ എന്നായിരുന്നു. ആദ്യം വിശ്വാസം, പിന്നെ അറിവ് എന്ന്. ആധുനികശാസ്ത്രം പിന്താങ്ങുന്നത് സ്‌പൈനോസയുടെ വാദമാണ്. നമ്മുടെ മസ്തിഷ്‌ക്കത്തിന് എന്തും സ്വീകരിക്കാനാണ് ഉത്സാഹം. ഉദാഹരണത്തിനു കുട്ടികളെ വിശ്വസിപ്പിക്കാന്‍ എളുപ്പമാണ്. സംശയിക്കാനും അറിവിനെ ത്യജിക്കാനും മനസ്സ് സമയമെടുക്കും. അതിനു സ്വല്‍പ്പം മെനക്കെടല്‍ ആവശ്യമാണ്. 2008-2009കളില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ സാം ഹാരിസും കൂട്ടരും നടത്തിയ പരീക്ഷണങ്ങള്‍ ഇക്കാര്യത്തില്‍ ചില കൃത്യനിഗമനങ്ങളില്‍ എത്തിച്ചേരാന്‍ സഹായിച്ചു.
തലച്ചോറിന്റെ സൂക്ഷ്മപ്രവൃത്തികള്‍ രേഖപ്പടുത്തുന്ന സ്‌കാനര്‍ ഘടിപ്പിച്ചവരോട് വിശ്വാസസംബന്ധിയായ ചോദ്യങ്ങള്‍ ചോദിച്ച് ഏത് ഇടങ്ങളാണ് ഊര്‍ജ്ജസ്വലമാകുന്നത് എന്നു കണ്ടുപിടിക്കുകയായിരുന്നു ഉദ്ദേശ്യം. സ്വന്തം വിശ്വാസത്തെ പിന്തുണയ്ക്കുന്ന ചോദ്യങ്ങളോടൊപ്പം പ്രി ഫ്രൊണ്ടല്‍ കൊര്‍ടെക്‌സ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സത്യമെന്നു വിശ്വസിക്കപ്പെടുന്നു എന്നു കരുതുന്ന ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മസ്തിഷ്‌ക്കം മിക്കവാറും 'നിശ്ശബ്ദ'മായിരുന്നു; യുക്തിവിചാരത്തിന്റെയും വികാരപരമായ പ്രതിഫല (emotional reward center) ത്തിന്റെയും കേന്ദ്രത്തില്‍ ചില സ്ഫുലിംഗങ്ങള്‍ നിര്‍മ്മിക്കപ്പെട്ടെതൊഴിച്ചാല്‍. എന്നാല്‍ അവിശ്വാസവും സന്ദേഹവും ജനിപ്പിക്കുന്ന ചോദ്യങ്ങളുടെ പ്രതികരണം ഗാഢമായ പര്യാലോചനയുടേതും തീരുമാനങ്ങള്‍ എടുക്കുന്നതുമായ തലച്ചോര്‍ കേന്ദ്രം ശക്തിയേറിയതും നീണ്ടതുമായ ഉത്തേജനം പ്രകടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അവിശ്വസനീയത വേരുറപ്പിക്കാന്‍ കൂടുതല്‍ പ്രയത്‌നം ആവശ്യമാണെന്നു തെളിയുകയാണിവിടെ.
ഹാരിസിന്റെയും കൂട്ടരുടെയും പരീക്ഷണഫലം സ്ഥിരീകരിച്ചത് തലച്ചോറിന്റെ സാധാരണവും തനതായതുമായ സ്വഭാവം അറിവുകള്‍ നേരേ സ്വീകരിക്കുക എന്നതാണ്. വിശ്വാസം എളുപ്പം വന്നുചേരും, സംശയത്തിനു പ്രയത്‌നമുണ്ട്. പ്രായോഗികമായി ജീവിതസാഗരത്തില്‍ നീന്താന്‍ ഇതൊരു സമര്‍ത്ഥ നയോപായകൗശലമല്ലെന്നു തോന്നുമെങ്കിലും പരിണാമത്തിന്റെ വെളിച്ചത്തില്‍ ഇതിനു സാധുതയുണ്ട്. പരിഷ്‌കൃതസൂക്ഷ്മജ്ഞാനം പ്രദാനം ചെയ്യുന്ന ധാരണാശക്തിബോധം പരിണമിച്ചത് പ്രാകൃതമായ ലളിതമായ ഗ്രഹണശക്തികളില്‍നിന്നാണ്. അവ പലതും മസ്തിഷ്‌ക്കം സൂക്ഷിച്ചുവെച്ചിട്ടുമുണ്ട്. വിമര്‍ശനമോ ഗുണദോഷനിരൂപണമോ കൂടാതെ പ്രാഥമിക അറിവുകളെ അപ്പാടേ സ്വാംശീകരിക്കുക ഇതിലൊന്നാണ്. കണ്ണിനാല്‍ കാണ്മതെല്ലാം, കാതിനാല്‍ കേള്‍പ്പതെല്ലാം അറിവുകളും അതിലൂടെ വിശ്വാസങ്ങളും മസ്തിഷ്‌ക്കം പകര്‍ന്നെടുക്കുകയാണ്. എന്നാല്‍ അമൂര്‍ത്തമോ നിഗൂഢമോ നിരാകാരമായതോ ആയ ആശയങ്ങള്‍ ഉദ്‌ബോധകശക്തിയായി പ്രത്യക്ഷപ്പെടുമ്പോള്‍ ഇതേ തലച്ചോര്‍ കുഴങ്ങിപ്പോവുകയാണ്.
ഹാരിസ് ഗ്രൂപ്പിന്റെ പഠനങ്ങള്‍ മറ്റൊരു സൂചകവും വെളിവാക്കി: വിശ്വാസം ഉളവാക്കുന്നതില്‍ യുക്തിവിചാരത്തിനും വികാരം/ ഉണര്‍ച്ചയ്ക്കും പങ്കുണ്ട്. കാണുന്നതും കേള്‍ക്കുന്നതും മുഴുവന്‍ വിശ്വാസത്തില്‍ എത്തണമെന്നില്ല. മാജിക്കുകാരന്‍ ശരീരത്തെ രണ്ടായി മുറിക്കുന്നതുകണ്ട് നമ്മള്‍ അത് അപ്പാടേ വിശ്വസിക്കാറില്ല. വായുവില്‍ പൊന്തിനിര്‍ത്തുന്നതു കണ്ട് ഫിസിക്‌സിന്റെ നിയമങ്ങളെ മാന്ത്രികന്‍ ഖണ്ഡിക്കുന്നു എന്നു വിചാരിക്കാറുമില്ല. തലച്ചോറിന് ആഘാതമേറ്റവര്‍ക്കും മാനസികപ്രശ്‌നമുള്ളവര്‍ക്കും മിത്ഥ്യാബോധവും മതിവിഭ്രമവും (delusion) ഉണ്ടാകാറുണ്ട്. കാണുന്നതോ കേള്‍ക്കുന്നതോ യുക്തിവിചാരത്തോടെ ഉള്‍ക്കൊള്ളാന്‍ പറ്റാത്തതിനാലാണിത്. ചിലപ്പോള്‍ അവരുടെ പ്രാഥമിക ഗ്രഹണശക്തിയില്‍ പാകപ്പിഴ കടന്നുകൂടിയതുമാകണം കാരണം. അവര്‍ മരിച്ചവരാണെന്നു സ്വയം വിശ്വസിക്കുക, ഉറ്റവര്‍ എല്ലാം പോയി, ആള്‍മാറാട്ടക്കാര്‍ വന്നു എന്നൊക്കെ വിശ്വസിച്ചേക്കും. ചിലര്‍ക്കു കണ്ണാടിയില്‍ കാണുന്ന പ്രതിബിംബം സ്വന്തമാണെന്നു തിരിച്ചറിയാന്‍ പറ്റാതെ പോകാറുണ്ട്. കാഴ്ച എന്ന ഗ്രാഹകത്തോടൊപ്പം വിചിന്തനം പ്രയോഗത്തില്‍ വരാതെപോകുന്നതുകൊണ്ടാണിത്. നമ്മുടെ പഞ്ചേന്ദ്രിയബോധങ്ങള്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച് വിശ്വാസമുറപ്പിക്കുകയാണ്. മസ്തിഷ്‌ക്കാഘാതം സംഭവിച്ചവര്‍ക്കു ചിലപ്പോള്‍ ഇതോടൊപ്പമുള്ള വികാരപരത നഷ്ടപ്പെട്ടുപോകാറുണ്ട്. 'ഇന്നലെ കാണാന്‍ വന്ന സ്ത്രീ എന്റെ ഭാര്യയെപ്പോലിരുന്നു. പക്ഷേ, എനിക്ക് ഒട്ടുമങ്ങു തോന്നിയില്ല' എന്ന് അവര്‍ പറഞ്ഞേക്കാം. വിശ്വാസരൂപീകരണത്തിന്റെ സാധാരണപ്രക്രിയ ഇതിനു സമാനമാണ്. ഇന്ദ്രിയങ്ങള്‍ നല്‍കുന്ന സംവേദനങ്ങള്‍ക്കൊപ്പം അബോധതലത്തില്‍ നടക്കുന്ന പ്രതികരണങ്ങളും കൂട്ടിയോജിപ്പിച്ച് 'ശരി എന്ന തോന്നല്‍' വന്നടുക്കുകയാണ്വിശ്വാസം വേരുറപ്പിച്ചു ഇവിടെ.
രണ്ടു ഘട്ടങ്ങളിലായാണ് ഈ പ്രക്രിയ നടക്കുന്നത്-ഇന്ദ്രിയസംവേദനവും പിന്നെ ശരി തോന്നലും (feeling of rightness)എന്നതു വിചിത്രവും അസംഭാവ്യവുമായ കാര്യങ്ങളില്‍ ചിലര്‍ വിശ്വസിച്ചുപോകുന്നതു വ്യാഖ്യാനിക്കാന്‍ സഹായവുമായി എത്തുന്നുണ്ട്. നമ്മുടെ ഇന്ദ്രിയബോധങ്ങള്‍-കാഴ്ച, കേള്‍വി, സ്പര്‍ശം, മണം, സ്വാദ്-എന്നിവകൊണ്ട് അപഗ്രഥിക്കാനാകാത്ത കാര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ സ്വാഭാവികമായ വിശ്വാസശീലത വഴിതെറ്റിപ്പോകും. 'ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിനു പിന്നില്‍ അമേരിക്കന്‍ ഗവണ്‍മെന്റു തന്നെയാണ്' അല്ലെങ്കില്‍ 'താജ്മഹല്‍ ഒരു ഹിന്ദുക്ഷേത്രമാണ്' ഒക്കെ ഉദാഹരണമാണ്. മറ്റൊരു പ്രശ്‌നം 'ശരി എന്ന തോന്നല്‍' അങ്ങേയറ്റം തെറ്റുപറ്റത്തക്കതാണെന്നതാണ്. ഈ തോന്നലിനു മൂന്ന് ഉറവിടങ്ങളുണ്ട്നമ്മളില്‍ വികാസം പ്രാപിച്ച സൈക്കോളജി, വ്യക്തിപരമായ ജൈവികവ്യത്യാസങ്ങള്‍, നമ്മള്‍ അടുത്ത് ഇടപഴകി വെച്ചുകൊണ്ടിരിക്കുന്ന സമൂഹം എന്നിവ. നമ്മളില്‍ ഉരുത്തിരിഞ്ഞ സൈക്കോളജിയുടെ പ്രാഭവത്തിന് ഉദാഹരണം മതംതന്നെ. ഏറ്റവും പ്രധാനപ്പെട്ട വിശ്വാസപ്രസ്ഥാനമാണത്. പരിണമിച്ച സൈക്കോളജിയെ പ്രകാശമാനമാക്കുന്ന പ്രതിഭാസം.
എല്ലാ മതങ്ങള്‍ക്കും സ്ഥിരം കഥാപാത്രങ്ങളുണ്ട്-പ്രകൃത്യാതീതശക്തിപ്രതിനിധികള്‍, മരണാനന്തരജീവിതം, ധാര്‍മ്മികഘോഷണങ്ങള്‍, അസ്തിത്വചോദ്യങ്ങള്‍ക്കു മറുപടികള്‍ ഇങ്ങനെ. ഉപോല്‍പ്പന്നതത്ത്വം (byproduct theory) അനുസരിച്ച് പരിണാമകാലത്തു മുകളില്‍പ്പറഞ്ഞ കാരണങ്ങളാല്‍ പ്രാഥമികമായ ബോധജ്ഞാനങ്ങളാല്‍ മതം എന്ന പൊതുതോന്നല്‍ മനസ്സില്‍ കുടിയിരുത്തപ്പെട്ടു. കാറ്റോ ഹിംസ്രജന്തുക്കളോ കാരണമല്ലാതെ പുല്ലുകളിളകിയാലും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം മനസ്സ് പഠിച്ചുവെച്ചു, അതിജീവനത്തിന് ഇതു സഹായിച്ചുകാണണം. ശക്തിപ്രതിനിധികളുടെ ഉദ്ദേശ്യവും പ്രയോജനവും എല്ലായിടത്തും കാണപ്പെടുന്നു എന്നു തോന്നിത്തുടങ്ങി. ആകസ്മികവും ക്രമരഹിതവുമായ വിശേഷങ്ങള്‍ക്ക് എങ്ങും നിറഞ്ഞ അദൃശ്യശക്തി കാരണമായി ഭവിച്ചു. വിശ്ലേഷണാത്മകമായ തലച്ചോറിടങ്ങള്‍ പ്രതിഭാസങ്ങള്‍ക്കു കാരണം കാണാതുഴറുമ്പോള്‍ ഉത്തരവുമായി ദൈവം എന്ന അദൃശ്യശക്തി പ്രത്യക്ഷപ്പെട്ടു. മറ്റുചില തലച്ചോര്‍കേന്ദ്രങ്ങള്‍ക്ക് ആശ്വാസമായി. ഇങ്ങനെ മതം മുന്നോട്ടുവെക്കുന്ന അവകാശങ്ങള്‍ ആദ്യംതന്നെ സ്വീകരിക്കാന്‍ തലച്ചോറിനു വെമ്പല്‍കൂടി. ആദ്യം ഈ പ്രഹേളികകള്‍ മുന്നിലെത്തുമ്പോള്‍-പ്രത്യേകിച്ചും കുട്ടികളായിരിക്കുമ്പോള്‍-ഒരു മറുചോദ്യവും ചോദിക്കാതെ ഉള്‍ക്കൊള്ളാന്‍ പരിശീലിക്കപ്പെട്ടു. ശരി എന്നൊരു തോന്നല്‍ ഇതിന്റെ ഒരു ഭാഗമായി വന്നുകൂടി. ക്രമരൂപങ്ങള്‍ ദൈവസാന്നിദ്ധ്യമാണെന്ന തോന്നല്‍ അതിജീവനത്തിനു സഹായിച്ചുകാണണം. പില്‍ക്കാലത്ത് സമൂഹക്രമങ്ങള്‍ രൂപപ്പെട്ടപ്പോള്‍ നിയന്ത്രണത്തിനും കൂട്ടായ്മ നിലനിര്‍ത്താനും സംഘടിതമായി ഉപയോഗിച്ചതോടെ മതം ഉദയംചെയ്തു.
'ശരി തോന്നലി'നെ സ്വാധീനിക്കുന്ന രണ്ടാംഘടകം നമ്മുടെ ബയോളജിതന്നെ. കൂടുതല്‍ വ്യക്തിപരമാണിത്. നമ്മുടെ രാഷ്ട്രീയ/സാമൂഹിക ചായ്വുകളിലും വിചാരധാരകളിലും ജീവശാസ്ത്രപരമായ കാരണങ്ങളുടെ സ്വാധീനം ഉണ്ടെന്നാണ് ആധുനിക ശാസ്ത്രാഭിമതം. യാഥാസ്ഥിതികര്‍ ഭീതിദമായ ചിത്രങ്ങളോടോ വസ്തുക്കളോടോ പ്രതികരിക്കുന്നത് വിശാലമനസ്‌കരെപ്പോലെയല്ല; ഫിസിയോളജി അളന്ന് ഈ വ്യത്യാസം കണ്ടുപിടിക്കാമത്രേ. അവരുടെ ത്വക്കിന്റെ സംവേദനത്വം, കണ്ണിന്റെ ഇമ അടച്ചുതുറക്കലിന്റെ വേഗം ഒക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു. അവര്‍ക്ക് വെറുപ്പ്, അറപ്പ്, വിദ്വേഷം ഒക്കെ കൂടുതലായി പ്രകടിപ്പിക്കാനുള്ള പ്രവണതയുണ്ട്. ഇതിനു ജൈവശസ്ത്രപരമായ കാരണങ്ങള്‍ കണ്ടുപിടിച്ചുതുടങ്ങിയിട്ടുമുണ്ട്. മിക്കപ്പോഴും വിശ്വാസങ്ങള്‍ ധാര്‍മ്മികനിലപാടുകളു (moral positions) മായി ബന്ധപ്പെട്ടാണിരിക്കുന്നത്. വസ്തുനിഷ്ഠമായ വിശ്വാസങ്ങള്‍ക്കു ചൂട്ടുമിന്നിക്കുന്നത് ധാര്‍മ്മികത യാണെങ്കില്‍ ധാര്‍മ്മികത എവിടെനിന്നു വരുന്നു എന്നത് ചോദ്യമാണ്. തീര്‍ച്ചയായും തലച്ചോറില്‍നിന്നല്ല.
നമ്മുടെ ധാര്‍മ്മികമതിപ്പുകളും തീര്‍പ്പുകളും പെട്ടെന്നുള്ളവയും ഉള്ളുണര്‍വ്വ് അല്ലെങ്കില്‍ സഹജജ്ഞാനംകൊണ്ട് ഉറവിടുന്നവയാണ്. ആദ്യം പെട്ടെന്നൊരു തീര്‍ച്ചപ്പെടുത്തല്‍ പിന്നെ കാരണങ്ങള്‍ അന്വേഷിച്ചുകൊണ്ടുവരിക എന്ന രീതിയാണ് പലപ്പോഴും. 'ദേശീയപതാകകൊണ്ട് ടോയ്‌ലറ്റ് കഴുകുന്നതു ശരിയാണോ' എന്നു ചോദിച്ചാല്‍ പെട്ടെന്ന് ശരിയല്ല എന്ന ഉത്തരം വന്നേക്കും. എന്തുകൊണ്ട് ശരിയല്ല എന്നു ചോദിച്ചാല്‍ കാര്യകാരണവിശദീകരണം കിട്ടാന്‍ താമസിച്ചേക്കും. തന്റെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കാനും ശരിയെന്നു തെളിയിക്കാനും വാദമുഖങ്ങള്‍ ഉയര്‍ത്തപ്പെട്ടേക്കും. കുറച്ചറിയുക, ഏറെ വിശ്വസിക്കുക എന്നതുതന്നെ തലച്ചോറിന്റെ കളി.
നമ്മള്‍ വളര്‍ന്ന സാംസ്‌കാരികമണ്ഡലത്തിന് ഏറെ സ്വാധീനിക്കാനുണ്ട് നമ്മുടെ വിശ്വാസത്തെ. ജനിച്ചുവീഴുമ്പോഴേ പഞ്ചേന്ദ്രിയങ്ങള്‍ നല്‍കുന്ന അറിവുകള്‍വഴി വിശ്വാസങ്ങള്‍ കയറിക്കൂടുകയാണ്വസ്തുക്കള്‍ താഴേയ്ക്കു വീഴും എന്ന സാധാരണ അറിവുപോലത്തവ മുതല്‍. പിന്നെ അടുത്തിടപഴകുന്നവരുടെ വിശ്വാസങ്ങള്‍ നമ്മളിലും പകരുകയായി. കാര്യകാരണ, യുക്തിയുക്തം ഒന്നുമായല്ല ഇവ വേരുറപ്പിക്കുന്നത്. പിന്നെ നമ്മള്‍ പ്രത്യേക 'ഗോത്രം' അനുസരിച്ചും വിശ്വാസങ്ങള്‍ രൂപപ്പെടുകയായി. ഇതു ജാതിയെയോ മതത്തെയോ ആശ്രയിച്ചിരിക്കുകയും ചെയ്യും. തെളിവുകളുടെയോ ശരിയുടെയോ പക്ഷത്തായിരിക്കില്ല നമ്മള്‍, 'ശരി'യായിട്ടുള്ള ഗോത്രത്തോടൊപ്പമായിരിക്കും.
പ്രതിരോധകുത്തിവെപ്പിനോടുള്ള എതിര്‍പ്പ്, വാസ്തുസംബന്ധമായ ഭോഷ്‌കുകള്‍, ജാതകം നോക്കല്‍ ഒക്കെ നമ്മള്‍ ഉറ്റവരില്‍നിന്നും ഉള്‍ക്കൊള്ളുന്ന വിശ്വാസങ്ങളാണ്. ചുരുക്കത്തില്‍ നമ്മുടെ സംസ്‌കാരം, ബയോളജി, സൈക്കോളജി എന്നിവയാലാണ് വിശ്വാസപദ്ധതികള്‍ രൂപപ്പെട്ടുവരുന്നത്. പ്രായപൂര്‍ത്തി ആകുന്നതോടെ ഇവയുടെ സ്വാധീനത്താല്‍ ന്യായാനുസാരമെന്നു നമുക്കു നിശ്ചയമുള്ളതും (ഇതു സത്യവും വസ്തുനിഷ്ഠവും ആയിക്കൊള്ളണമെന്നില്ല) ആഘാതമേറ്റാലും ഉടന്‍ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുന്നതുമായ ഒരുപറ്റം വിശ്വാസങ്ങള്‍ ആഴത്തില്‍ വേരുറപ്പിച്ചുകഴിഞ്ഞുകാണും. തമ്മില്‍ അതിവിദഗ്ദ്ധമായി ബന്ധിപ്പിച്ചുള്ളതും ഉള്‍പ്പൊരുത്തം നിലനിര്‍ത്തുന്നതുമായിരിക്കും ഇതിന്റെ ഘടകങ്ങള്‍. യുക്തിസഹവും വിവേകജന്യവും ബോധപൂര്‍വ്വം തിരഞ്ഞെടുക്കുന്നുതുമല്ല ഈ വിശ്വാസസംഹിതകള്‍.
സ്വന്തമായുണ്ടാക്കിയ ഗൈഡ്ബുക്കുമായി നടക്കുകയാണു നമ്മള്‍. പുതിയ ആശയം അഭിമുഖീകരിക്കുമ്പോള്‍ നമ്മുടെ ഉള്ളുറപ്പിനോട് അനുയോജ്യപ്പെടുത്താന്‍ ശ്രമിക്കും. പറ്റിയില്ലെങ്കില്‍ ഉടന്‍ തള്ളിക്കളയാന്‍ ശ്രമിക്കും. അല്ലെങ്കില്‍ സ്വന്തം വിശ്വാസമാണ് ശരി എന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ കാരണങ്ങള്‍ തേടിപ്പോകും. പുരാണങ്ങള്‍, മിത്തുകള്‍, മതസംഹിതകള്‍ ഒക്കെ ചികയുകയായി. വിമര്‍ശനാത്മകമായ ചിന്തകള്‍ പിന്തിരിപ്പനാശയങ്ങളെ പിന്തള്ളും എന്നു കരുതിയാല്‍ നടപ്പുള്ള കാര്യമല്ല. സംസ്‌കാരവും പൊതുസൈക്കും വിശ്വാസങ്ങളെ ബാധിക്കുന്നതിന്റെ പരിണതി പല സമൂഹങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളില്‍ പ്രകടമാണ്. കോടതിവിധി അനുകൂലമാകാന്‍ വഴിപാടു കഴിക്കുന്നവരെ ഇന്ത്യയിലാണു കാണുന്നത്. അതിസാങ്കേതിക കലാവിദ്യയായ സിനിമയ്ക്ക് തുടക്കമിടുമ്പോള്‍ പൂജ ചെയ്യുന്നതും സിനിമ തുടങ്ങുന്നതിനു മുമ്പ് 'താങ്ക് ഗോഡ്' എന്നു ടൈറ്റിലില്‍ എഴുതിക്കാണിക്കുന്നതും മലയാളികള്‍തന്നെ. ചുറ്റിയ പാമ്പ് കടിച്ചേ പോകൂ എന്ന രീതിയില്‍ ആദ്യകാലവിശ്വാസങ്ങള്‍ ആഴത്തില്‍ വേരിറക്കിയിട്ടുള്ളതുകൊണ്ടാണ്. പ്രശസ്ത ന്യൂറോശാസ്ത്രജ്ഞന്‍ ഹാലിഗന്‍ പറയുന്നു: 'സത്യം പറയട്ടെ, എന്റെ വിശ്വാസങ്ങള്‍ ഞാന്‍ തിരഞ്ഞെടുത്തതല്ല, അവ എന്റെ കൂടെയുണ്ടെന്നു ഞാന്‍ അറിയുകയാണ്. പണിപ്പാടോടെ ഒരു തിരിഞ്ഞുനോട്ടത്തില്‍ ഞാന്‍ ചോദിക്കുന്നു, ഈ വിശ്വാസം എന്നില്‍ എങ്ങനെ ജനിച്ചു?'
Content Highlights: Masthishkam vikaram vedana viswasam, Book excerpt, Ethiran Kathriavan, Mathrubhumi books
Published: 15 Jun 2023, 06:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented