
മരിയ റോസ് എഴുതിയ ഗ്രന്ഥകാരന്റെ മരണവും മറ്റ് ഭീതികഥകളും എന്ന പുസ്തകത്തിലെ സേതുവിന്റെ മരണം ഒരു ഫ്‌ളാഷ് ബാക്ക് എന്ന കഥയുടെ ആമുഖത്തില്‍ നിന്നും
Until you make the unconscious conscious, it will direct your life and you will call it fate.
-Carl G Jung
ജീവിതത്തില്‍ ആകസ്മികമായി നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെല്ലാം വാസ്തവത്തില്‍ ആകസ്മികമാണോ? നമ്മുടെ ജീവിതത്തില്‍ യാദൃച്ഛികമായി നടക്കുന്നുവെന്ന് നമ്മള്‍ കരുതുന്ന സംഭവങ്ങള്‍ക്ക് എന്തെങ്കിലും തരത്തില്‍ നമ്മള്‍ കാരണക്കാരാകുന്നുണ്ടോ? ബോധപൂര്‍വമല്ലെങ്കില്‍ അബോധപൂര്‍വമെങ്കിലും? ബോധമനസ്സിന് അജ്ഞാതമായ അബോധം മനുഷ്യന്റെ ജീവിതത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നാണ് മനശ്ശാസ്ത്രം പറയുന്നത്. ജീവിതാസക്തി നഷ്ടപ്പെട്ട ഒരുവനു സംഭവിക്കുന്ന അപകടമരണം സത്യത്തില്‍ അബോധത്തിലുള്ള ഒരു ആത്മഹത്യയാണോ? ഇങ്ങനെ ഒരു നിര ചോദ്യങ്ങള്‍ എന്നെ ഉദ്വേഗപ്പെടുത്തിയിട്ടുണ്ട്. ട്രെയിനില്‍നിന്ന് വീണു മരിച്ച എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ചിന്തയുണ്ടാകുന്നത്.
നിങ്ങള്‍ക്കറിയാവുന്നതുപോലെ ഈ കഥയിലെ സേതുമാധവനെ സൃഷ്ടിച്ചത് ഞാനല്ല. മലയാളത്തിനു പ്രിയപ്പെട്ട സംവിധായകര്‍ സിദ്ധിക്കും ലാലും ചേര്‍ന്ന് സൃഷ്ടിച്ച ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ഒരു കഥാപാത്രമാണ് സേതു എന്ന സേതുമാധവന്‍. ഒരു തമാശസിനിമയായി മാത്രം കാണപ്പെട്ടുപോന്ന ഈ ചിത്രത്തിലെ ചില കഥാപാത്രങ്ങളുടെ ജീവിതം ആഴമുള്ള, മനശ്ശാസ്ത്രപരമായ മാനങ്ങളോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്‌ക്രീന്‍ ടൈം വളരെ പരിമിതമായ, വളരെ ലളിതമായി വരകളിലൂടെ അവതരിപ്പിച്ചിരിക്കുന്ന സേതുമാധവന് വളരെ സവിശേഷമായ ഒരു വ്യക്തിത്വം ചലച്ചിത്രകാരന്മാര്‍ നല്കിയിട്ടുണ്ട്. കഥയിലെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ സേതു കൊല്ലപ്പെടുന്നതായി സിനിമ കാണിക്കുന്നു. അയാള്‍ മരണത്തിലേക്ക് പോകും മുന്‍പ് അയാളുടെ സുഹൃത്തിന്റെ അമ്മ അയാളോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ആ ചോദ്യം സേതുവില്‍ സൃഷ്ടിച്ച ഭയപ്പാടാണ് സത്യത്തില്‍ അയാളുടെ മരണത്തിലേക്ക് അയാളെ നയിച്ചത് എന്ന് ചിന്തിക്കുന്നത് ഭീതിജനകമായ ഒരു ചിന്താരേഖയായിരിക്കും എന്നെനിക്കു തോന്നുന്നു. ആ ചോദ്യം അവിടെ ഉന്നയിച്ചില്ലെങ്കില്‍ പോലും സേതുവിനെ മരണത്തിലേക്കു നയിക്കാന്‍ ചലച്ചിത്രകാരന്മാര്‍ക്കു കഴിയുമായിരുന്നു എന്നിരിക്കെ ആ രംഗത്തിന്റെ രൂപകല്പന ചിത്രത്തിനു വളരെ സൂക്ഷ്മമായ മനശ്ശാസ്ത്രപരമായ ഉള്‍ക്കാഴ്ച നല്കുന്നുണ്ട്. ആ ഒരു ചോദ്യത്തില്‍നിന്നു മാത്രമാണ് ഈ ആഖ്യാനം രൂപംകൊള്ളുന്നത്.

ഭീതികഥകള്‍ എന്ന് ശീര്‍ഷകത്തില്‍ ഉന്നയിച്ചെങ്കിലും 'സേതുവിന്റെ മരണം: ഒരു കേസ് സ്റ്റഡി' ഒരു ഭീതികഥയല്ല. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെയും അവരുടെ പ്രവൃത്തികളെയും അപഗ്രഥിക്കാന്‍ ശ്രമിക്കുന്നതിനാല്‍ അതൊരു മനശ്ശാസ്ത്രകഥ മാത്രമാണ്. മനുഷ്യമനസ്സിന്റെ ഭീതിജനകമായ ഒരു സാധ്യതയെക്കുറിച്ചു സൂചിപ്പിക്കുന്നു എന്ന് അര്‍ഥത്തില്‍ ഭീതികഥയായി കരുതുന്നതില്‍ വിരോധമില്ല. ആഴമുള്ള ഒരു ബ്രെയിന്‍ സ്റ്റോമിങ് അനുഭവത്തിനും ആഖ്യാനഘടനകൊണ്ട് മലയാളത്തില്‍ ഒരു മികച്ച ത്രില്ലര്‍ ശേഷിപ്പിച്ചതിനും എണ്ണമറ്റ പ്രചോദനങ്ങള്‍ക്കും പ്രിയ ചലച്ചിത്രകാരന്മാര്‍, സിദ്ധിക്കിനും ലാലിനും നന്ദി. ഈ എഴുത്തിനും വായനയ്ക്കുമൊപ്പം ആദ്യാവസാനം ഒപ്പം മുഴങ്ങിക്കൊണ്ടിരുന്നത് സേതുവിന്റെയും ആന്‍ഡ്രൂസിന്റെയും ബോംബെജീവിതത്തിന്റെ, അവരുടെ പോരാട്ടത്തിന്റെ നിസ്സഹായതയുടെ, പശ്ചാത്തലസംഗീതമാണ്. എസ്. ബാലകൃഷ്ണനെയും നന്ദിപൂര്‍വം സ്മരിക്കുന്നു.
Content Highlights: Maria Rose New Malayalam Book Mathrubhumi Books
Published: 04 Aug 2020, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented