മതേതരനായ ഒരു സിഖുകാരൻ പ്രധാനമന്ത്രിക്കസേരയിലെത്തിയത് ഗുജറാത്തിൽ നടന്ന മുസ്‌ലിം വിരുദ്ധ വംശഹത്യയുടെ പശ്ചാത്തലത്തിലുണ്ടായ വിഭാഗീയസംഘർഷങ്ങൾ ശമിപ്പിക്കാൻ സഹായകമായി. സമ്പദ്‌വ്യവസ്ഥ ക്രമാനുഗതമായി വളർന്നു, അതോടെ സാമൂഹികക്ഷേമപദ്ധതികൾക്കു പണം കണ്ടെത്താനായി, അടിസ്ഥാനശാസ്ത്രത്തിലെ ഗവേഷണപദ്ധതികൾക്ക് പുതിയ ഊർജ്ജം ലഭിച്ചു. അമേരിക്കയുമായി ആണവക്കരാർ ഒപ്പിടുകയും ചെയ്തു...

ഇന്ത്യൻ പൊതുജീവിതത്തെയും രാഷ്ട്രീയചരിത്രത്തെയും രൂപപ്പെടുത്തിയ വ്യക്തിത്വങ്ങളെ പുതിയ കണ്ണോടെ വായിക്കുന്ന ലേഖനസമാഹാരമാണ് പത്മഭൂഷൺ പുരസ്‌കാരം നേടിയ എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യയുടെ മനസാക്ഷികൾ'. ഇന്ത്യയുടെ ഇന്നലെയെ അറിഞ്ഞുകൊണ്ട് ഇന്നിനെ ചോദ്യം ചെയ്യാനും നാളെയെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിക്കുന്ന പുസ്തകം. മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെക്കുറിച്ചുള്ള ലേഖനം ഇവിടെ വായിക്കാം.
‘ജീവിച്ചിരിക്കുന്നവരോട് നമുക്ക് ബഹുമാനത്തിന്റെ കെട്ടുപാടുണ്ട്, എന്നാൽ മരിച്ചവരോട് നമുക്ക് സത്യത്തിന്റെ കെട്ടുപാടേയുള്ളൂ.’
–വോൾട്ടയർ
‘ഇന്ന് മാദ്ധ്യമങ്ങൾ ചെയ്യുന്നതിനേക്കാൾ ഉദാരമായി ചരിത്രം എന്നെ വിലയിരുത്തും,’ 2014–ൽ പ്രധാനമന്ത്രി പദമൊഴിയും മുമ്പ് മൻമോഹൻ സിങ് പറഞ്ഞതാണിത്. അദ്ദേഹത്തിന്റെ മരണത്തിനുശേഷം വരുന്ന അനുശോചനക്കുറിപ്പുകൾ വായിക്കുമ്പോൾ ചരിത്രകാരനായ ലേഖകൻ അദ്ഭുതപ്പെടുകയാണ്; ഈ സ്തുതിഗീതങ്ങളെല്ലാം അദ്ദേഹം അർഹിക്കുന്നതുതന്നെയാണോ? ഇപ്പോൾ അവതരിപ്പിക്കപ്പെടുന്നതുപോലെ ജ്ഞാനിയായ, എല്ലാമറിയുന്ന, ഒരിക്കലും തെറ്റുപറ്റാത്ത രാഷ്ട്രതന്ത്രജ്ഞനായിരുന്നോ മൻമോഹൻ സിങ്?
മൻമോഹൻ സിങ്ങിന്റെ ഔദ്യോഗികജീവിതത്തിൽ വ്യത്യസ്തമായ മൂന്നു ഘട്ടങ്ങളുണ്ട്. അക്കാദമിക പണ്ഡിതൻ, സർക്കാരിലെ ഒരു സാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയനേതാവ് എന്നിങ്ങനെയാണത്. അതിലെ രണ്ടാംഘട്ടത്തിൽ കേന്ദ്രീകരിച്ചാണ് മിക്ക വിലയിരുത്തലുകളും നടക്കുന്നത്; പ്രത്യേകിച്ച് ലൈസൻസ്–പെർമിറ്റ്–ക്വാട്ട രാജ് ഇല്ലാതാക്കിയ അദ്ദേഹത്തിന്റെ ധനമന്ത്രികാലഘട്ടത്തെ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഭരണകൂടത്തിന്റെ ചങ്ങലകളിൽനിന്നു മോചിപ്പിച്ചത് മൂന്നു ദശാബ്ദത്തെ സ്ഥിരമായ സാമ്പത്തികവളർച്ചയ്ക്കും സംരംഭകത്വത്തിന്റെ കുതിച്ചുചാട്ടത്തിനും ദാരിദ്ര്യനിർമ്മാർജ്ജനത്തിലേക്കും നയിച്ചു. ഇതു തീർച്ചയായും വലിയൊരു നേട്ടമാണ്, അതിന് സിങ് അഭിനന്ദിക്കപ്പെടേണ്ടതുമാണ്.
പക്ഷേ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരു സാമ്പത്തികവിദഗ്ദ്ധനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ശത്രുതപുലർത്തിയ രാഷ്ട്രീയക്കാരിൽനിന്ന് (കോൺഗ്രസ് പാർട്ടിയിൽനിന്നുള്ളവരുൾപ്പെടെ) അദ്ദേഹത്തെ സംരക്ഷിച്ചുനിർത്തുകയും ചെയ്ത അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനെ നാം മറന്നുകൂടാ. റാവുവിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം സിങ്ങിനൊപ്പം അന്നു പ്രവർത്തിച്ചിരുന്നത് ഏറ്റവും മികച്ച സാമ്പത്തികവിദഗ്ദ്ധരും ഐ.എ.എസ്. ഉദ്യോഗസ്ഥരുമായിരുന്നു. ഇന്നത്തെ കാലത്ത് ചിന്തിക്കാൻപോലുമാകാത്ത കാര്യം.
ആകസ്മികതകളും അനുകൂല അവസരങ്ങളുമാണ് മൻമോഹൻ സിങ്ങിനെ ധനമന്ത്രിപദത്തിൽ തിളങ്ങാൻ സഹായിച്ചത്. രാജ്യം വലിയൊരു വിദേശനാണ്യപ്രതിസന്ധി നേരിടുന്ന കാലമായിരുന്നു അത്. രാജീവ് ഗാന്ധിയുടെ വധത്തെത്തുടർന്ന് നരസിംഹറാവു പ്രധാനമന്ത്രി പദവിയിലേക്കെത്തുന്നു. ധനകാര്യമന്ത്രിയാക്കാൻ റാവു ആഗ്രഹിച്ച ആദ്യത്തെ വ്യക്തി (ഐ.ജി. പട്ടേൽ) ആ ക്ഷണം നിരസിച്ചതും സിങ്ങിന് അനുകൂലസാദ്ധ്യതയായി. കേംബ്രിഡ്ജിലെ അദ്ദേഹത്തിന്റെ സമകാലികരായ അമർത്യ സെന്നിന്റെയും ജഗദീഷ് ഭഗവതിയുടെയും കരിയറുമായി താരതമ്യപ്പെടുത്തിയാൽ സിങ് എത്തിപ്പെട്ട ഉയരം ബോദ്ധ്യമാകും. ബൗദ്ധികകുലീനതയിൽ പിറന്നുവീണവരായിരുന്നു സെന്നും ഭഗവതിയും. രബീന്ദ്രനാഥ ടാഗോറുമായി അടുത്തബന്ധം പുലർത്തിയ കുടുംബത്തിൽനിന്നാണ് സെന്നിന്റെ വരവ്. ടാഗോർതന്നെയാണ് ‘അമർത്യ’ എന്ന പേരിട്ടതും. ഭഗവതിയാകട്ടെ സുപ്രീംകോടതി ജഡ്ജിയുടെ മകനും. ഇത്തരത്തിലുള്ള സാമൂഹികപദവിയുള്ള രണ്ടുപേരുടേയും സ്വാഭാവികമായ ലക്ഷ്യസ്ഥാനമായിമാറി കേംബ്രിജ്. എന്നാൽ സാധാരണമായ കുടുംബപശ്ചാത്തലവും വിഭജനത്തിന്റെ ദുഃഖസ്മരണകളുമുള്ള സിങ് ഒരു കാരണവശാലും അത്തരത്തിലുള്ള മഹത്തായ ഒരു പടിഞ്ഞാറൻ സർവ്വകലാശാലയിൽ എത്തേണ്ടയാളായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന് അതു സാധിച്ചു. പഠിച്ച വർഷം ഇക്കണോമിക്‌സിൽ കേംബ്രിജിൽ ഒന്നാമനായ സിങ് പിന്നീട് ഓക്‌സ്ഫഡിൽനിന്ന് ഡി.ഫിൽ ബിരുദവും നേടി.
തങ്ങളുടെ ഔദ്യോഗികജീവിതത്തിന്റെ നല്ലൊരു പങ്കും വിദേശത്തു ചെലവഴിച്ചവരാണ് അമർത്യ സെന്നും ജഗദീഷ് ഭഗവതിയും. മൻമോഹൻ സിങ്ങിനും അങ്ങനെ ചെയ്യാമായിരുന്നു, പക്ഷേ ജന്മനാടിനെ കർമ്മഭൂമിയാക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഒരു പതിറ്റാണ്ടുകാലം പഞ്ചാബിലും ഡൽഹിയിലും സർവ്വകലാശാല അദ്ധ്യാപകനായ സിങ് തുടർന്നുള്ള പതിനഞ്ചു വർഷങ്ങളിൽ ഫിനാൻസ് സെക്രട്ടറി, റിസർവ് ബാങ്ക് ഗവർണർ, ആസൂത്രണക്കമ്മീഷൻ ഉപാദ്ധ്യക്ഷൻ തുടങ്ങിയ പ്രധാനപ്പെട്ട പദവികളിലെത്തി.
മരണശേഷം എഴുതപ്പെട്ട ആദരാഞ്ജലി കുറിപ്പുകളിലെല്ലാം മൻമോഹൻ സിങ് എന്ന സാമ്പത്തികപരിഷ്‌കർത്താവിനെക്കുറിച്ചാണു പറയുന്നത്. ചിലരൊക്കെ അദ്ദേഹത്തിന്റെ അക്കാദമിക, അദ്ധ്യാപനകാലത്തെക്കുറിച്ചും പറഞ്ഞുപോകുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ മിക്കവരും മറച്ചുപിടിക്കുന്നു. 1991നും 1996നുമിടയ്ക്കുള്ള അദ്ദേഹത്തിന്റെ കാലം രാഷ്ട്രീയത്തിലേക്കു വഴിതെറ്റിവന്ന ഒരു സാമ്പത്തികനയവിദഗ്ദ്ധന്റേതായിരുന്നു. 1996 മുതൽ അദ്ദേഹം ഒരു മുഴുവൻസമയ രാഷ്ട്രീയക്കാരനായി. 2004 മുതൽ 2014 വരെയുള്ള പത്തുവർഷങ്ങൾ അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയായി പ്രവർത്തിച്ചു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ കാലയളവ്, ഇഴകീറി വിലയിരുത്തപ്പെടേണ്ടതുണ്ട്.
അന്നത്തെ പ്രധാനമന്ത്രിയുടെ ദയാവായ്പുകൊണ്ടാണ് മൻമോഹൻ സിങ് ആകസ്മികമായി ധനകാര്യമന്ത്രിയായത് എന്നു പറഞ്ഞല്ലോ. അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തിയതും ആകസ്മികമായിത്തന്നെയായിരുന്നു; അന്നത്തെ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ദയാവായ്പ്പിൽ. ആദ്യതവണ പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. മതേതരനായ ഒരു സിഖുകാരൻ പ്രധാനമന്ത്രിക്കസേരയിലെത്തിയത് ഗുജറാത്തിൽ നടന്ന മുസ്‌ലിം വിരുദ്ധ വംശഹത്യയുടെ പശ്ചാത്തലത്തിലുണ്ടായ വിഭാഗീയസംഘർഷങ്ങൾ ശമിപ്പിക്കാൻ സഹായകമായി. സമ്പദ്‌വ്യവസ്ഥ ക്രമാനുഗതമായി വളർന്നു, അതോടെ സാമൂഹികക്ഷേമപദ്ധതികൾക്കു പണം കണ്ടെത്താനായി, അടിസ്ഥാനശാസ്ത്രത്തിലെ ഗവേഷണപദ്ധതികൾക്ക് പുതിയ ഊർജ്ജം ലഭിച്ചു. അമേരിക്കയുമായി ആണവക്കരാർ ഒപ്പിടുകയും ചെയ്തു.
2009ലെ വസന്തകാലത്ത് ഞാൻ ഒരുമാസം ന്യൂഡൽഹിയിൽ ചെലവഴിച്ചു, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതിലും പ്രധാനമായി അദ്ദേഹത്തോടടുപ്പമുള്ള, സർക്കാരിന് അകത്തും പുറത്തുമുള്ള നിരവധിപേരോട് സംസാരിച്ചു. പ്രായവും ഈയിടെ നടത്തിയ ഹൃദയശസ്ത്രക്രിയയും പരിഗണിച്ച് വരുന്ന പൊതുതിരഞ്ഞെടുപ്പിനുമുമ്പ് അദ്ദേഹം അന്തസ്സോടെ രാഷ്ട്രീയരംഗം വിടണമെന്ന് അവരെല്ലാവരും അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കാൻ (പഞ്ചാബിലെ ഏതെങ്കിലും സീറ്റിൽനിന്ന് നിഷ്പ്രയാസം അതു സാധിക്കുമായിരുന്നു) അദ്ദേഹം തയ്യാറാകണമെന്ന് ഒരു ആരാധകൻ അഭിപ്രായപ്പെട്ടു.
എന്നാൽ രാജ്യസഭാംഗമായിത്തന്നെ മൻമോഹൻ സിങ് രണ്ടാംവട്ടവും പ്രധാനമന്ത്രിയായി. ആദ്യകാലയളവിൽത്തന്നെ പാർട്ടി പ്രസിഡന്റിനോട് അദ്ദേഹം കാട്ടുന്ന അനാവശ്യമായ ബഹുമാനത്തിൽ രാഷ്ട്രീയനിരീക്ഷകർ നീരസം പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയായുള്ള രണ്ടാം കാലയളവിൽ ഈ ആദരവ് കൂടുതൽ തീവ്രമായി. ഇതദ്ദേഹത്തിന്റെ വ്യക്തിപരവും രാഷ്ട്രീയവുമായ പ്രതിച്ഛായയ്ക്കു വലിയ ദോഷം ചെയ്തു. അതിനിടെ അദ്ദേഹത്തിന്റെ സർക്കാരിനെതിരെ അഴിമതിയാരോപണങ്ങൾ ഉയർന്നുതുടങ്ങി; ചില ആരോപണങ്ങൾ വലിയതോതിൽ വ്യാജമായിരുന്നെങ്കിലും (പക്ഷപാതപരമായ ഒരു സി.എ.ജി. റിപ്പോർട്ടിൽനിന്ന് ഉരുത്തിരിഞ്ഞതുപോലെ), മറ്റുള്ളവയിൽ ചില വസ്തുതകളുണ്ടായിരുന്നു.
തനിക്കു കീഴ്‌പ്പെടാത്ത കാബിനറ്റ് മന്ത്രിമാർക്കെതിരെ പ്രധാനമന്ത്രി എന്ന നിലയിലുള്ള അധികാരം പ്രയോഗിക്കാൻ മൻമോഹൻ സിങ് എപ്പോഴും മടികാട്ടി. പ്രധാനമന്ത്രിയായ ആദ്യകാലയളവിൽ ഏറ്റവും മികച്ച അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഒരു വിജ്ഞാനക്കമ്മീഷനെ നിയമിച്ചു. എന്നാൽ, അന്നത്തെ മാനവശേഷി വികസനമന്ത്രി അതിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചപ്പോൾ തടഞ്ഞില്ല. രണ്ടാംതവണ പ്രധാനമന്ത്രിയായപ്പോൾ പ്രണബ് മുഖർജിയായിരുന്നു മൻമോഹൻ സിങ്ങിന്റെ ധനമന്ത്രി. ആഗോളവിപണിയിൽ ഇന്ത്യയ്ക്കുണ്ടായിരുന്ന മികച്ച സ്ഥാനം തകർക്കാനേ പ്രണബ് മുഖർജിക്കായുള്ളൂ. ഉദാരീകരണത്തിനുശേഷം രാജ്യം കണ്ട ‘ഏറ്റവും മോശം ധനമന്ത്രി’യായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുകയും ചെയ്തു.
വിജ്ഞാനത്തെക്കുറിച്ചും പാണ്ഡിത്യത്തെക്കുറിച്ചും അർജുൻ സിങ്ങിനേക്കാൾ ധാരണയുണ്ടായിരുന്നു മൻമോഹൻ സിങ്ങിന്. പ്രണബ് മുഖർജിയേക്കാൾ മികച്ചരീതിയിൽ ധനകാര്യമന്ത്രാലയത്തെ നയിക്കാൻ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, ലോക്‌സഭാ സീറ്റുകളിൽ ജയിച്ചുകയറിവന്ന മന്ത്രിമാർ കാബിനറ്റിൽ ധിക്കാരം കാട്ടുമ്പോൾ അവരെ എതിർക്കാൻ സിങ്ങിനു ധൈര്യമുണ്ടായിരുന്നില്ല (ഈ മന്ത്രിമാരിൽ പലരും കോൺഗ്രസ് പ്രസിഡന്റിന്റെ അടുത്തയാൾക്കാരാണെന്ന് അദ്ദേഹം ഭയക്കുകയും ചെയ്തു).
കൂടുതൽക്കൂടുതൽ അരക്ഷിതാവസ്ഥയിലേക്കു കടന്നതോടെ കൂടുതൽ ചെറിയ മനുഷ്യനായിക്കൊണ്ടാണ് മൻമോഹൻ സിങ് പ്രതികരിച്ചത്. സർക്കാർ ഓർഡിനൻസ് പരസ്യമായി കീറിപ്പറത്തിയ രാഹുൽ ഗാന്ധിയോടുള്ള അദ്ദേഹത്തിന്റെ മൗനത്തിന് പല അർത്ഥങ്ങളുമുണ്ടായിരുന്നു. രണ്ടാം കാലയളവിന്റെ അവസാനഘട്ടത്തിൽ ‘രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനു കീഴിൽ പ്രവർത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന്,’ അദ്ദേഹം പ്രസ്താവിച്ചതോർക്കുക. പരസ്യമായുള്ള പാദസേവകൊണ്ടു മാത്രമേ പാർട്ടിയിലും സർക്കാരിലുമുള്ള തന്റെ സ്ഥാനം നിലനിർത്താൻ കഴിയൂ എന്നു ചിന്തിച്ചുറപ്പിച്ചപോലെയായിരുന്നു അദ്ദേഹത്തിന്റെ ഈ നിലപാടുകൾ.
ദാരുണമായ ഒരു ധാരണപ്പിശകായിരുന്നു അത്. മൻമോഹൻ സിങ് സോണിയാ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്ന അത്രത്തന്നെ സോണിയ മൻമോഹനോടും കടപ്പെട്ടിരിക്കുന്നു എന്നതാണു സത്യം. ഇതിനു മുമ്പൊരിക്കലും സർക്കാരിൽ പ്രവർത്തിച്ചിട്ടില്ലാത്ത താൻ പ്രധാനമന്ത്രിയാകാൻ യോഗ്യയല്ലെന്ന് 2004–ൽ സോണിയ ഗാന്ധിക്ക് അറിയാമായിരുന്നു. കാബിനറ്റ് യോഗങ്ങൾ നടത്താനും നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനും വിദേശരാഷ്ട്രത്തലവന്മാരുമായി തുല്യപദവിയിൽ കൂടിക്കാഴ്ച നടത്താനും തനിക്കു സാധിക്കില്ലെന്ന് അവർ തിരിച്ചറിഞ്ഞു. പ്രധാനമന്ത്രിപദം എന്ന ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അവരെ നാണക്കേടിൽനിന്നു രക്ഷിക്കുകയാണ് മൻമോഹൻ സിങ് ചെയ്തത്. എന്നാൽ 2009–ൽ യു.പി.എ. സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെ തന്റെ യോഗ്യതയില്ലാത്ത മകനെ ഭാവിപ്രധാനമന്ത്രിയാക്കാനായി സാധിക്കുന്നതെല്ലാം ചെയ്യാൻ സോണിയ ഗാന്ധി മുന്നിട്ടിറങ്ങി. അന്നത്തെ പ്രധാനമന്ത്രിയും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവുമധികം പരിചയസമ്പത്തുള്ള പൊതുപ്രവർത്തകരിൽ ഒരാളുമായ സിങ് സോണിയയുടെ വ്യാമോഹം സഫലമാക്കുന്നതിന് ഒപ്പം നിൽക്കുകയും ചെയ്തു.
മൻമോഹൻ സിങ്ങിന്റെ പരസ്യമായ നിസ്സഹായവസ്ഥാ പ്രകടനങ്ങൾ പ്രധാനമന്ത്രി പദത്തിലേക്കുള്ള നരേന്ദ്രമോദിയുടെ പ്രചരണത്തെ എത്രത്തോളം സഹായിച്ചുവെന്ന് ഭാവിചരിത്രകാരന്മാർ വിലയിരുത്തട്ടെ. പ്രത്യക്ഷത്തിൽത്തന്നെ ദുർബ്ബലനും വഴങ്ങുന്നവനുമായ ഒരു പ്രധാനമന്ത്രിയെ കണ്ടുമടുത്ത വോട്ടർമാരിൽ പലരും താൻ ശക്തനും ഉറച്ച നേതാവുമാണെന്ന് ആവർത്തിച്ചു പറഞ്ഞയാളുടെ വാക്ചാതുരിയിൽ വീണു. മോദി അധഃസ്ഥിത സമുദായത്തിൽനിന്നു വന്നയാളാണ് എന്നതും കോൺഗ്രസ്സിലെ കുടുംബാധിപത്യത്തിനു മൻമോഹൻ സിങ്ങിന്റെ ആശീർവാദമുണ്ട് എന്നു തെളിഞ്ഞതും ബി.ജെ്.പിക്ക് അനുകൂലമായി ഭവിച്ചു.
ശരിയാണ്, 2014നുശേഷം നമ്മൾ കണ്ടത് അധികാരത്തിന്റെയല്ല സ്വേച്ഛാധിപത്യത്തിന്റെ പ്രയോഗമായിരുന്നു. നമ്മുടെ ജനാധിപത്യപരവും ബഹുസ്വരവുമായ യോഗ്യതകളിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചു. വർദ്ധിച്ചുവരുന്ന അസമത്വവും തൊഴിൽസാദ്ധ്യതകളുടെ ശോഷണവും കാരണം സമ്പദ്‌വ്യവസ്ഥ മോശം പ്രകടനമാണിപ്പോൾ കാഴ്ചവെക്കുന്നത്. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, യു.പി., അസം മുഖ്യമന്ത്രിമാർ എന്നിവരുടെ പ്രോത്സാഹനംകൊണ്ട് നമ്മുടെ പൊതുരംഗത്തെ പ്രഭാഷണങ്ങളുടെ നിലവാരം ഓരോ വർഷം കഴിയുന്തോറും ആഴത്തിലേക്കു കൂപ്പുകുത്തുകയാണ്. അതോടൊപ്പം നമ്മുടെ സ്വാഭാവികമായ പരിസ്ഥിതിവ്യവസ്ഥയ്ക്ക് മുമ്പൊന്നുമില്ലാത്തതരത്തിൽ വലിയ നാശവും സംഭവിക്കുന്നുണ്ട്.
മൻമോഹൻ സിങ്ങിന്റെ പൊതുജീവിതത്തിലെ നന്മകളെ പ്രകീർത്തിക്കാനും മോശം കാര്യങ്ങൾ മയപ്പെടുത്തി പറയാനും അദ്ദേഹത്തെക്കുറിച്ച് ചരമക്കുറിപ്പുകളെഴുതിയവരെ പ്രേരിപ്പിച്ചത്, മോദിവർഷങ്ങളിലെ ദ്രോഹങ്ങളായിരിക്കാം. മൻമോഹൻ സിങ്ങിന്റെ വൈജ്ഞാനികനേട്ടങ്ങൾ ശ്രദ്ധേയമായിരുന്നു, സാമ്പത്തികപരിഷ്‌കർത്താവ് എന്ന നിലയിലെ സംഭാവനകൾ വലുതും ശാശ്വതവുമായിരുന്നു എന്നതിലും തർക്കമില്ല. എന്നാൽ, പ്രധാനമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രകടനവും രാഷ്ട്രീയ ഇടപെടലും സമ്മിശ്രചിന്തകൾ ഉയർത്തുന്നതാണ്; പ്രത്യേകിച്ച് പ്രധാനമന്ത്രിപദത്തിലെ രണ്ടാമൂഴത്തിൽ. അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയത്തിലും സർക്കാരിലുമുള്ള സ്വേച്ഛാധിപത്യത്തിനു വഴിയൊരുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ. രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയപ്പാർട്ടിയിലെ കുടുംബാധിപത്യവും പാദസേവാസംസ്‌കാരവും ഊട്ടിയുറപ്പിക്കാനും മൻമോഹൻ സിങ്ങിന്റെ നിലപാടുകൾ കാരണമായിട്ടുണ്ട്.
('ഇന്ത്യയുടെ മനസാക്ഷികൾ' എന്ന പുസ്തകത്തിൽ നിന്ന്.)
Content Highlights: Distinction between Manmohan Singh the economist and the political leader., Evaluation of his role in the 1991 economic liberalization under P.V. Narasimha Rao., Critical assessment of his second term as Prime Minister and party dynamics., The impact of his leadership style on the rise of subsequent political shifts., Historical perspective on his contributions vs. political compromises.
Published: 01 Aug 2026, 03:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented