സെപ്തംബർ 12-ന് ഉച്ചയോടെയാണ് പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി തുടങ്ങി ബ്രിക്സ് അംഗരാജ്യങ്ങളിലെയും പങ്കാളിത്ത രാജ്യങ്ങളിലെയും പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

To advertise here,

ഈ പശ്ചാത്തലത്തിൽ ഒരു വീഡിയോ സമൂഹമാധ്യമമായ എക്സിൽ വൈറലായിട്ടുണ്ട്. ‘പ്രധാനമന്ത്രി ബ്രിക്സ് സമ്മിറ്റിൽ സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ മൈക്ക് ദുരൂഹമായി നിശബ്ദമാക്കി’ എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന വിവരണം. എന്നാൽ, ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യഥാർത്ഥ്യം.

പതിനെട്ട് സെക്കൻറ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിൽ വിശിഷ്ടാതിഥികളെ അഭിസംബോധന ചെയ്തുകൊണ്ട് മോദി സംസാരിച്ചു തുടങ്ങുന്നതായി കാണാം. അദ്ദേഹം ഏവർക്കും നമസ്കാരം പറഞ്ഞ് കഴിഞ്ഞ ഉടൻ മൈക്ക് ഓഫ് ആകുന്നതാണ് വീഡിയോയിൽ. വീഡിയോയുടെ ക്യാപ്ഷനിൽ മ്യൂട്ടഡ് എന്നാണ് എഴുതി കാണിക്കുന്നുമുണ്ട്. ദൃശ്യങ്ങളിൽ മോദിക്ക് പിറകിലായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെയും കാണാം.

വൈറൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് സെപ്തംബർ 10നാണ്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ബ്രിക്സ് സമ്മിറ്റ് തുടങ്ങിയതാകട്ടെ സെപ്തംബർ 12-നും. ഇതിന് മുൻപായി റഷ്യ, ഇറാൻ പ്രസിഡൻറുമാരുമായി മോദി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചകോടിക്ക് മുൻപായി നടന്ന ഔദ്യോഗിക പരിപാടി ഇതുമാത്രമാണ് എന്നിരിക്കെ സെപ്തംബർ 10-ന് പോസ്റ്റ് ചെയ്ത വീഡിയോ ബ്രിക്സ് 2026-നും മുൻപേ നടന്ന മറ്റേതോ പരിപാടിയിൽ‌ നിന്നുള്ളതാണെന്ന് വ്യക്തമാണ്. പ്രചരിക്കുന്ന സന്ദേശത്തിലെ സമ്മിറ്റുമായി ബന്ധപ്പെടുത്തി ഉന്നയിക്കുന്ന വാദം തെറ്റാണെന്ന് ഇതിൽനിന്നു വ്യക്തമാണ്.

സന്ദേശത്തിൽ നൽകിയിരിക്കുന്ന വീഡിയോയെക്കുറിച്ചാണ് തുടർന്ന് പരിശോധിച്ചത്. കീഫ്രെയിമുകൾ ഉപയോഗിച്ചുള്ള അന്വേഷണത്തിൽ 2025 ജൂലൈ 7ന് ഇതേ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഇന്ത്യൻ മാധ്യമങ്ങൾ മ്യൂട്ട് ചെയ്തതിന് പിന്നിലെ കാരണം എന്തായിരിക്കാം? പ്രധാനമന്ത്രി സംസാരിക്കുന്നത് ഏത് ഭാഷയിലായായും അദ്ദേഹത്തിന്‍റെ വാക്കുകൾ കേൾക്കാൻ രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു.” എന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം. വൈറൽ വീഡിയോയെക്കാളും അൽപംകൂടെ ദൈർഘ്യമുണ്ടെങ്കിലും രണ്ടിലും ഒരേ സ്ഥത്തുവച്ച് ഓഡിയോ മ്യൂട്ടാകുന്നുണ്ട്. വീഡിയോ പഴയതാണെന്നും ഇപ്പോഴത്തെ ബ്രിക്സ് സമ്മിറ്റുമായി ബന്ധപ്പെട്ടതല്ലെന്നും വ്യക്തമായി.

വിശദമായ അന്വേഷണത്തിൽ, ബ്രസീലിലെ റിയോ ഡി ജനീറോയിൽ കഴിഞ്ഞ വർഷം നടന്ന ബ്രിക്സ് സമ്മിറ്റിൽനിന്നുള്ള ദൃശ്യങ്ങളാണിതെന്ന് കണ്ടെത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോ ഇതുമായി താരതമ്യം ചെയ്തതിൽ നിന്നും രണ്ടും ഒരേ ചടങ്ങിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ, ഈ സമ്മിറ്റിൽ മോദി സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചില്ല. അതേസമയം, അദ്ദേഹം അന്ന് നടത്തിയ പ്രസംഗത്തിന്‍റെ പൂർണരൂപം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ 2025 ജൂലൈ 6-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഹുരാഷ്ട്ര സഹകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

 

https://www.mea.gov.in/speeches-statements?dtl/39767/English_Translation_of_Prime_Ministers_Statement_during_the_BRICS_Session_Strengthening_Multilateralism_EconomicFinancial_Matters_and_Artificial_Intel 

പ്രധാനമന്ത്രി അന്ന് നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള മാധ്യമ വാർത്ത കാണാം.

ഈ പ്രചാരണം വ്യാജമാണ്, 2025-ൽ ബ്രസീലിൽ നടന്ന ബ്രിക്സ് സമ്മിറ്റിൽ നരേന്ദ്ര മോദി പങ്കെടുത്ത് സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോഴത്തേതെന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നതെന്നു വ്യക്തമായി.