മലയാളനിരൂപണത്തിലെ മാതൃസ്വരമായ എം. ലീലാവതിയുടെ ആത്മകഥയാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ധ്വനിപ്രയാണം’. പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം. 

To advertise here,

ലയാളം ട്യൂട്ടര്‍ തസ്തികയിലേക്കുള്ള നിയമനത്തിന്റെ അറിയിപ്പു വന്നത് ഭാനുമതിയാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. അവര്‍ ക്വീന്‍ മേരീസ് കോളേജില്‍ ട്യൂട്ടറായിരുന്നു. അയയ്‌ക്കേണ്ട തീയതി കഴിഞ്ഞതിനുശേഷം ഒരുനാള്‍ ഒ.കെ. വാസുദേവപ്പണിക്കര്‍ വന്നു; ഞാന്‍ അപേക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍. ഉണ്ടാവില്ലെന്ന പ്രതീക്ഷ തെറ്റിയപ്പോള്‍ അദ്ദേഹം വ്യക്തമായി നീരസം പ്രകടിപ്പിച്ചു. ഞാന്‍ എതിരാളിയായാല്‍ അദ്ദേഹത്തിന്റെ ചാന്‍സിന്നു ദോഷമാണെന്ന പേടി. രണ്ടു പോസ്റ്റുണ്ടായിരുന്നതിനാല്‍ രണ്ടുപേര്‍ക്കും കിട്ടാമല്ലോ എന്ന എന്റെ മറുപടി അദ്ദേഹത്തെ ആശ്വസിപ്പിച്ചില്ല.

എനിക്ക് ലഭിച്ച ഇന്റര്‍വ്യൂകാര്‍ഡില്‍ ഇംഗ്ലീഷ് ട്യൂട്ടറെന്നുകണ്ടപ്പോള്‍ അതൊരു തെറ്റു പറ്റിയതാവാമെന്നേ കരുതിയുള്ളൂ. അല്ലെന്നറിഞ്ഞത് അവിടെ എത്തിയപ്പോള്‍. വിദ്യാഭ്യാസ ഡയറക്ടര്‍ വി.കെ. കൃഷ്ണമേനോനായിരുന്നു ഇന്റര്‍വ്യൂ കമ്മിറ്റിയുടെ ചെയര്‍മാന്‍ (വി.കെ.-വടക്കെ കുറുപ്പത്ത്). ഇംഗ്ലീഷില്‍ അപേക്ഷകരില്ലായിരുന്നു. ബി.എയ്ക്ക് ഇംഗ്ലീഷില്‍ ക്ലാസ്സു കിട്ടുകയെന്നത് അക്കാലത്ത് വിരളഭാഗ്യം.

അധികൃതര്‍ ഏകപക്ഷീയമായി വകുപ്പു മാറ്റിയതാണ്. ഇംഗ്ലീഷില്‍ നിയമനം കിട്ടിയാല്‍ പിന്നീട് ഇംഗ്ലീഷ് എം.എ. എഴുതിയെടുത്ത് ലക്ചറര്‍ ആവണമെങ്കില്‍ കൊല്ലങ്ങളേറെ വേണ്ടിവരും. മാത്രമല്ല, എം.എ. ഇംഗ്ലീഷ് പരീക്ഷയ്ക്ക് പ്രൈവറ്റായി പഠിച്ചെഴുതല്‍ എളുപ്പപ്പണിയൊന്നുമല്ല. 'ഓള്‍ഡ് ഇംഗ്ലീഷ്' തനിയെ പഠിക്കല്‍ ഒക്കാത്ത കാര്യം. മലയാളത്തില്‍ എം.എ. ഡിഗ്രി കിട്ടിക്കഴിഞ്ഞിരിക്കെ ഒഴിവുവന്നാല്‍ നേരെ അപേക്ഷിക്കാം. ക്ലാസ്സും റാങ്കുമുള്ളതുകൊണ്ട് സിലക്ട് ചെയ്യപ്പെടുമെന്ന് എനിക്ക് കുറച്ചൊക്കെ ഉറപ്പുമുണ്ടായിരുന്നു. അതുകൊണ്ട് മലയാളം ട്യൂട്ടര്‍ തസ്തികയിലേക്കുതന്നെ എന്നെ പരിഗണിക്കണമെന്ന് അപേക്ഷിച്ചു.

ഡയറക്ടര്‍ ചെവിക്കൊണ്ടില്ല. രാജമുന്ദ്രി, അനന്തപ്പുര്‍ മുതലായ വിദൂരസ്ഥലങ്ങളില്‍ നിയമിക്കപ്പെട്ടാല്‍ സ്വീകരിക്കാന്‍ പറ്റിയ ഗാര്‍ഹിക പരിതഃസ്ഥിതിയില്ല എന്ന പരിദേവനവും അദ്ദേഹം ഗൗനിച്ചില്ല. കേരളത്തില്‍ പാലക്കാട്ടും തലശ്ശേരിയിലും കോളേജുണ്ടല്ലോ എന്ന മറുപടികൊണ്ട് എന്റെ നാവുകെട്ടി. നിയമനംവന്നത് വിക്ടോറിയാ കോളേജില്‍. വാസുദേവപ്പണിക്കര്‍ക്ക് മലയാളത്തില്‍ നിയമനം കിട്ടിയപ്പോള്‍ ശല്യമൊഴിഞ്ഞെന്ന് അദ്ദേഹം ആശ്വസിച്ചു.

ഇംഗ്ലീഷില്‍ എം.എ.യ്ക്ക് പ്രൈവറ്റായി പഠിച്ചെഴുതാന്‍ കാലം കുറേ പിടിക്കുമെന്നു മാത്രമല്ല, ക്ലാസുകിട്ടുക എന്ന അത്യന്തവിരളഭാഗ്യം വന്നുകൂടുമെന്ന ഒരു ഉറപ്പുമില്ല. തേഡ് ക്ലാസില്‍ പെട്ടുപോയാല്‍ ജീവിതം തുലഞ്ഞതുതന്നെ. ഇംപ്രൂവ്‌മെന്റ് പരീക്ഷ എന്നൊന്ന് യൂണിവേഴ്‌സിറ്റിയുടെ പരിഗണനയില്‍ പോലും ഇല്ലാതിരുന്ന കാലം. തേഡ് ക്ലാസ് കിട്ടുന്നതിനെക്കാള്‍ ഭേദം അതിലും താഴെയുള്ളവര്‍ക്കു കിട്ടുന്ന 'Recommended B.A' ആണ്. എന്തെന്നാല്‍ വീണ്ടും പഠിച്ചെഴുതാം. എല്ലാത്തിനും പുറമെ, മിക്‌സഡ് കോളേജില്‍ ബി.എ. ക്ലാസിലുള്ള കൊലകൊമ്പന്മാരായ വിദ്യാര്‍ഥികളുടെ മുന്നില്‍ മുട്ടു വിറയ്ക്കാതെനിന്ന് ഇംഗ്ലീഷില്‍ ക്ലാസെടുക്കാന്‍ എനിക്ക് കഴിയുമോ? എഴുതാന്‍ കഴിയുംപോലെയല്ല ഭാഷണത്തിന്റെ കാര്യം.

ഇംഗ്ലീഷില്‍ പ്രസംഗിച്ചു ശീലമില്ല. എല്ലാംകൂടി ആലോചിച്ചപ്പോള്‍ നിയമനം സ്വീകരിക്കേണ്ടതില്ല എന്നുതന്നെ തീരുമാനിച്ചു. ഗവണ്‍മെന്റ് ജോലി അനായാസമായി കൈവന്നിട്ട് അതു വെടിയുക- ധീരമായ തീരുമാനംതന്നെ! കോളേജിലയയ്ക്കാന്‍ ഉത്സാഹം കാണിക്കാതിരുന്ന അച്ഛന്‍ ഗവണ്‍മെന്റ് ജോലി കിട്ടിയിട്ട് വേണ്ടെന്നു വെക്കുന്നത് ശരിയല്ലെന്ന പക്ഷക്കാരനായിരുന്നു.

അധികം വിളംബമുണ്ടായില്ല മലയാളം ലക്ചറര്‍ തസ്തികയിലേക്കുള്ള നിയമനത്തിന്റെ അറിയിപ്പുവരാന്‍. ഇന്റര്‍വ്യൂകമ്മിറ്റി ചെയര്‍മാന്‍ വിദ്യാഭ്യാസ ഡയറക്ടറായ അതേ ആള്‍തന്നെ. മുന്‍നിയമനം സ്വീകരിക്കാഞ്ഞതില്‍ അദ്ദേഹത്തിന്നു നീരസമുണ്ടായേക്കുമെന്ന ആശങ്ക മനസ്സിനെ വല്ലാതെ അലട്ടി. എങ്കിലും അമ്മാതിരി ഹൃദയച്ചുരുക്കമുള്ള ആളായിരുന്നില്ല അദ്ദേഹം.

എന്തുകൊണ്ട് സ്വീകരിച്ചില്ല എന്ന ചോദ്യം വന്നാല്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ചുശീലമില്ലാത്തതിലുള്ള അധൈര്യമെന്ന സത്യം പറയാമെന്നു നിശ്ചയിച്ചു. ആ ചോദ്യമുണ്ടായില്ല. മലയാളത്തിലെ ഒരു കവിയെയും കവിതയെയും ക്ലാസിന്നു പരിചയപ്പെടുത്തിക്കൊടുക്കുന്ന ഒരു ഇംഗ്ലീഷ് പ്രഭാഷണം (അഞ്ചുമിനിറ്റ്) ചെയ്യാനായിരുന്നു ഡയറക്ടറുടെ ഒരു ആജ്ഞ. കമ്മിറ്റിയില്‍ മലയാളികളല്ലാത്ത മറ്റ് അംഗങ്ങള്‍ക്ക് 'അസ്സെസ്സ്' ചെയ്യാന്‍വേണ്ടിയെന്ന മട്ടില്‍. അങ്ങനൊരു 'പരീക്ഷണം' തീരെ പ്രതീക്ഷിച്ചതല്ല.

എങ്കിലും തുഞ്ചത്തെഴുത്തച്ഛനെപ്പറ്റി പ്രഭാഷണം നടത്തി. (മറ്റ് അപേക്ഷകര്‍ക്കാര്‍ക്കും ഇങ്ങനൊരു പരീക്ഷണം നേരിടേണ്ടിവന്നില്ല.) ഭാനുമതി, വാസുദേവപ്പണിക്കര്‍, വിക്ടോറിയാ കോളേജില്‍ 9എ എന്ന വകുപ്പനുസരിച്ച് ട്യൂട്ടറായി നിയമിക്കപ്പെട്ടിരുന്ന വി. വിജയന്‍ (വകുപ്പിന്നര്‍ഥം- നിയമനം താത്കാലികമെന്നും സീനിയോറിറ്റി പരിഗണനയ്ക്ക് സ്വീകാര്യമല്ലെന്നുമാണ്) എന്നിവരെല്ലാം അപേക്ഷകരായിരുന്നു. തിരഞ്ഞെടുപ്പില്‍ ഒന്നും രണ്ടും സ്ഥാനം യഥാക്രമം എനിക്കും ഭാനുമതിക്കും; മറ്റു രണ്ടുപേര്‍ക്കും ഞങ്ങളോട് ആജന്മശത്രുതയ്ക്കുള്ള വകയായി. ഞാനൊഴികെ എല്ലാവരും ട്യൂട്ടര്‍ തസ്തികയില്‍ സര്‍വീസിലുള്ളവര്‍. എന്നിട്ടും ഒന്നാംസ്ഥാനം എനിക്കായതില്‍ രണ്ടു പുരുഷന്മാര്‍ക്കും നന്നേ ഈര്‍ഷ്യയുണ്ടായത് സ്വാഭാവികം.

സെന്റ് മേരീസില്‍ തുടര്‍ന്നാല്‍ യഥാകാലം (അഞ്ചുവര്‍ഷത്തെ സര്‍വീസിനുശേഷം) പ്രൊഫസറായി ഉയര്‍ത്താമെന്നും ജോലിക്കു 'സെക്യൂരിറ്റി' പോരാ എന്ന ആശങ്ക വേണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എങ്കിലും ശമ്പളസ്‌കെയിലിലുള്ള വ്യത്യാസവും 'സെക്യൂരിറ്റി' പ്രശ്‌നവും യാഥാര്‍ഥ്യങ്ങള്‍തന്നെ. പ്രൊഫസറായുള്ള പ്രൊമോഷന്‍ ഒഴിവുവരുന്നതനുസരിച്ചാണ്, ഇത്ര വര്‍ഷത്തെ സേവനം എന്ന വ്യവസ്ഥയിലല്ല ഗവണ്‍മെന്റ് സര്‍വീസില്‍; എങ്കിലും ഗവണ്‍മെന്റ് സര്‍വീസില്‍ നിയമനം കിട്ടിയാല്‍ ആരും പ്രൈവറ്റ് കോളേജില്‍ തുടരുക പതിവില്ല- പരിമിതികള്‍ അവര്‍ക്കും അറിയാമായിരുന്നു. സൗഹൃദം നിലനിര്‍ത്തിക്കൊണ്ടുതന്നെ വിടപറയാന്‍ അവര്‍ സന്നദ്ധരായി.

പാലക്കാട്ടു കോളേജിലെ നിയമനത്തില്‍ എനിക്ക് അസ്വസ്ഥതയുണ്ടാക്കിയ ഒരു ഘടകമുണ്ടായിരുന്നു- എ. ബാലകൃഷ്ണവാരിയരെ തലശ്ശേരി ബ്രണ്ണന്‍ കോളേജിലേക്ക് മാറ്റിയിട്ടാണ് എന്നെ വിക്‌റ്റോറിയ കോളേജില്‍ നിയമിച്ചത്. കൃഷ്ണന്‍നായര്‍മാസ്റ്റര്‍ക്ക് അദ്ദേഹത്തെപ്പറ്റി വലിയ മതിപ്പുണ്ടായിരുന്നു. മാസ്റ്റര്‍ പറഞ്ഞുകേട്ട പരിചയമേ ഉള്ളൂവെങ്കിലും ജോയ്ന്‍ ചെയ്യുന്നതിനുമുന്‍പ് അദ്ദേഹത്തെ കണ്ട് എന്റെ ധര്‍മസങ്കടം അറിയിക്കണമെന്നു തോന്നി. 9എ വകുപ്പില്‍ താത്കാലികമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്ന് സ്ഥലംമാറ്റത്തോടൊപ്പം സ്ഥാനഭ്രംശവുമുണ്ടായതാണ് ഏറ്റവും ദുഃഖകരമായിത്തീര്‍ന്നത്. അനുജന്മാരുടെ വിദ്യാഭ്യാസച്ചുമതല എനിക്ക് ഏറ്റെടുക്കേണ്ടിയിരുന്നതിനാല്‍, കൈവന്ന മികച്ച ജോലി കൈവിട്ടുകളയാവതുമല്ല.

ആച്ചംകുളങ്ങരെ വാരിയം ഞാന്‍ 'ഗവേണസ്സ്' ആയി താമസിച്ചിരുന്ന വടക്കെ കുറുപ്പത്തു വീടിന്നു പിറകിലാണ്. പടിഞ്ഞാറെ ചിറയ്ക്കടുത്ത്. അവിടെ പോയി അദ്ദേഹത്തെ കണ്ടു. ഇത്രയും മാന്യനും മഹാമനസ്‌കനുമായ മറ്റൊരാള്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വിരളമായിരുന്നെന്നു പിന്തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നു. ഞാനല്ലെങ്കില്‍ വേറൊരാള്‍ ആ തസ്തികയില്‍ നിയമിക്കപ്പെടുമെന്നും തനിക്ക് സ്ഥലംമാറ്റം ഒരു നിലയ്ക്കും ഒഴിവാക്കാനാവില്ലെന്നറിയാമായിരുന്നതിനാല്‍ ഒട്ടും വിഷമമില്ലെന്നും ഒരുതരത്തിലും കുറ്റബോധം വേണ്ടെന്നും അദ്ദേഹം സാന്ത്വനിപ്പിച്ചു. ഒരു ജ്യേഷ്ഠസഹോദരന്റെ സ്‌നേഹവാത്സല്യങ്ങള്‍ അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ വാക്കുകളില്‍ നിറഞ്ഞുതുളുമ്പി. ഗുരുജനത്തിന്റെ അനുഗ്രഹം കിട്ടിയതുപോലെ സ്വാസ്ഥ്യം നല്കിയ ആ സന്ദര്‍ശനം വേണമെന്നു തോന്നിച്ച ശക്തിയെ മനസാ പ്രണമിച്ചു.

കുറച്ചു കൊല്ലങ്ങള്‍ക്കുശേഷം അദ്ദേഹം പാലക്കാട്ടു തിരിച്ചെത്തി. ഞാന്‍ എറണാകുളത്തേക്കു പോരുന്നതിന്നു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, പ്രൊഫ. ഗുപ്തന്‍നായര്‍ വകുപ്പധ്യക്ഷനായിരുന്ന കാലഘട്ടത്തില്‍. വാരിയര്‍മാസ്റ്റര്‍, പ്രൊഫ. പി.ജി. പുരുഷോത്തമന്‍ പിള്ള, പന്മന രാമചന്ദ്രന്‍ നായര്‍, പി.പി. കുശലന്‍ എന്നിവര്‍ സഹപ്രവര്‍ത്തകര്‍. ഔദ്യോഗിക രംഗത്ത് അല്ലലുകളില്ലാതെ കഴിഞ്ഞുകൂടിയ കാലഘട്ടം. എന്നാല്‍ അത്ര നല്ല ഉദാരമതികളുടെ ഒരു ഗണത്തെയല്ല ജോലിയില്‍ പ്രവേശിച്ച കാലത്ത് സഹപ്രവര്‍ത്തകരായിക്കിട്ടിയത്.

വാരിയര്‍ മാസ്റ്റര്‍ എല്ലാവരുടേയും സ്‌നേഹാദരങ്ങളാര്‍ജിച്ചിരുന്നു. വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ ആരാധിച്ചിരുന്നു. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് ആര് രംഗപ്രവേശം ചെയ്താലും അത് അവര്‍ എളുപ്പത്തില്‍ സഹിക്കുമായിരുന്നില്ല. വിശേഷിച്ചും ഒരു വെറും പെണ്ണ് അതിക്രമിച്ചു കടന്നുകയറുന്നത് നിര്‍വികാരമായോ സൗഹൃദത്തോടെയോ കാണാനവര്‍ക്കു കഴിഞ്ഞില്ലെന്നതില്‍ അസ്വാഭാവികമായൊന്നുമില്ല.

ഇന്റര്‍വ്യൂവില്‍ സെലക്ഷന്‍ കിട്ടാതിരുന്ന ആള്‍ പക്ഷേ, ഈര്‍ഷ്യ പ്രകടിപ്പിക്കാതെ സൗഹൃദത്തോടെ പെരുമാറി. നഷ്ടബോധത്തിന്ന് ഒരു കാരണവുമില്ലാത്ത ചിലര്‍ക്കായിരുന്നു അസഹിഷ്ണുത. 'ഇനി ഒരു പെണ്ണാണ് ക്ലാസെടുക്കാന്‍ വരുന്നത്. നിങ്ങള്‍ക്ക് ഇഷ്ടംപോലെ കൂവാം' എന്ന് ഒരാള്‍ പരോക്ഷമായി രോഷം പ്രകടിപ്പിച്ചിരുന്നുവെന്ന് പിന്നീടറിയാനിടയായി. ബോട്ടണിയിലുണ്ടായിരുന്ന സരോജിനി അന്തര്‍ജനത്തിന്റെ അനുജന്‍ നാരായണന്‍ ഇന്റര്‍മീഡിയറ്റ് ക്ലാസിലുണ്ടായിരുന്നു. അയാള്‍ ജ്യേഷ്ഠത്തിയോട് പറഞ്ഞു. ഒരു ഇല്ലാക്കഥ ചമയ്ക്കാന്‍ അയാള്‍ തുനിയുമെന്ന് കരുതാവതല്ലല്ലോ.

ഇന്റര്‍മീഡിയറ്റിന്ന് അധ്യാത്മരാമായണം ഒരു കാണ്ഡം പഠിക്കാനുണ്ടായിരുന്നു. ആദ്യത്തെ ക്ലാസില്‍ അതാണ് വിഷയം. ഭാഷാപിതാവിനെയും ഗുരുനാഥന്മാരെയും മനസാ പ്രണമിച്ച് അംഗബഹുലമായ ക്ലാസിനെ അഭിമുഖീകരിക്കുമ്പോള്‍ ഒട്ടുംതന്നെ സംഭ്രമം തോന്നിയിരുന്നില്ല. കവിതാചരിത്രത്തില്‍ തുഞ്ചത്തെഴുത്തച്ഛന്നുള്ള അപ്രതിമമായ സ്ഥാനവും, അധ്യാത്മരാമായണം ആ കാലഘട്ടത്തിലെ സമൂഹമനസ്സിന്റെ രുഗ്ണതയ്ക്കുള്ള ഔഷധമായിപ്പരിണമിച്ച ചരിത്രപശ്ചാത്തലവും, മണിപ്രവാളസാഹിത്യത്തിന്റെ അര്‍ഥകാമ കേന്ദ്രിതമായ ഭോഗപരതയില്‍നിന്ന് പാട്ടുപ്രസ്ഥാനത്തിന്റെ ധര്‍മമോക്ഷകേന്ദ്രിതമായ ത്യാഗപരതയിലേക്ക് സമൂഹചേതനയെ ഉണര്‍ത്താന്‍ കഴിഞ്ഞ കവിഗണത്തില്‍ തുഞ്ചത്തെഴുത്തച്ഛന്നുള്ള അഗ്രിമപദവിയും വിവരിക്കുന്ന ഒരു മുഖവുരയാണ് സാഹിത്യചരിത്രം പഠിപ്പിച്ച ഗുരുനാഥനെ സ്മരിച്ചും കൊണ്ട് ചെയ്ത പ്രസംഗം.

പുസ്തകത്തില്‍ മുഖം പൂഴ്ത്താതെയുള്ള ആ മുഖവുര, ഗുരുകാരുണ്യംകൊണ്ടുതന്നെയായിരിക്കണം, കുട്ടികള്‍ നിശബ്ദം ശ്രദ്ധിച്ചുകേട്ടു. കൂവണമെന്ന് ആരെങ്കിലും നിശ്ചയിച്ചിരുന്നെങ്കില്‍ അവരതു മറന്നുപോയിരിക്കണം. ഒരപശബ്ദവുമുണ്ടായില്ല. അന്നെന്നല്ല പിന്നീടും. ഗുരുജനാനുഗ്രഹത്തില്‍നിന്നു കിട്ടിയ ആത്മബലം 'തുണ ചെയ്തു സന്തതം' എന്നേ പറയാവൂ.

പ്രഭാഷണവും ഗവേഷണവും പെണ്ണത്തവും
മലയാള വിഭാഗത്തിന്റെ അധ്യക്ഷന്‍, പിന്നീടു പ്രിന്‍സിപ്പലും റിട്ടയര്‍ ചെയ്തതിന്നുശേഷം കോഴിക്കോടു യൂനിവേഴ്‌സിറ്റി പ്രോ വൈസ്ചാന്‍സലറുമായ കെ. മാധവമേനോനായിരുന്നു. മദ്രാസില്‍ മന്ത്രിപദവിയലങ്കരിച്ചിരുന്ന കോങ്ങാട്ടു മാധവമേനോന്റെ മരുമകന്‍. അദ്ദേഹം പ്രസന്നസ്വഭാവനും ഉദാരനുമായിരുന്നു. എങ്കിലും അധ്യക്ഷപദവിയുടെ അകലം പാലിക്കാതിരുന്നില്ല. സഹപ്രവര്‍ത്തകര്‍ നാലുപേര്‍- ഏട്ടനുണ്ണിരാജ (സംസ്‌കൃതത്തിലും പണ്ഡിതന്‍), വി. വിജയന്‍, കെ.കെ. കുശലന്‍, പ്രഭാകരന്‍. പ്രഭാകരന്‍ ഒ.വി. വിജയന്റെ സതീര്‍ഥ്യനും സുഹൃത്തുമായിരുന്നു.

ഒന്നാന്തരം ഇംഗ്ലീഷില്‍ എഴുതാനും പ്രസംഗിക്കാനും പ്രാഗല്ഭ്യമുണ്ടായിരുന്ന അദ്ദേഹം പിന്നീട് പ്രസിഡന്‍സി കോളേജിലേക്കു പോയി. ശ്രീ. കുശലന്‍ ഒരു ആയുര്‍വേദ നേത്രവൈദ്യന്റെ പുത്രന്‍. സദാ ചിരിക്കുന്ന പ്രകൃതത്തോടുകൂടിയ ഒരു നിഷ്‌കളങ്കന്‍. അവര്‍ രണ്ടുപേരും ട്യൂട്ടര്‍ തസ്തികയില്‍. വിജയന്‍ മാസ്റ്റര്‍ 9എ തസ്തികയില്‍ ലക്ചറര്‍. റഗുലര്‍പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എന്നോട് സൗഹൃദത്തോടെതന്നെ പെരുമാറി. ഏട്ടനുണ്ണിരാജ ഒട്ടൊക്കെ രാജകീയമായ ശൈലിയില്‍ അകലം പാലിച്ചു.

പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ വാര്‍ഡന്‍ ഭാമാദേവി ഇംഗ്ലീഷ് ട്യൂട്ടര്‍ ആയിരുന്നു. റെസിഡന്റ് വാര്‍ഡന്‍ ശാരദ കെമിസ്ട്രി വിഭാഗത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍. സ്‌നേഹപൂര്‍വം പെരുമാറിയ അവര്‍ വാസഗേഹപ്രശ്‌നം പരിഹരിച്ചുതന്നു. ഹോസ്റ്റലില്‍ ശാരദയുടെ മുറിയില്‍ തലചായ്ക്കാനിടം തന്നത് വലിയ ആശ്വാസമായി. പിന്നീട് ഇവര്‍ രണ്ടുപേരും ഉറ്റസുഹൃത്തുക്കളായി. എന്നെപ്പോലെത്തന്നെ താഴെ സംരക്ഷ്യരായ സഹോദരങ്ങളുള്ള സീമന്തപുത്രികള്‍. ഭാമാദേവിയുടെ അച്ഛന്‍ അകാലത്തു പോയതിനാല്‍ താഴെയുള്ള മൂന്നു പെണ്‍കുട്ടികളുടെയും രണ്ട് അനുജന്മാരിലൊരാളുടെയും ഭാഗികമായ സംരക്ഷണച്ചുമതല വഹിച്ചു.

നേരെ അനുജന്‍ പോസ്റ്റ്മാസ്റ്ററായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. സമ്പത്തുള്ള കുടുംബത്തിലെ അംഗങ്ങള്‍. ശാരദയ്ക്ക് ഒരു സഹോദരിയും നാലു സഹോദരന്മാരും. അച്ഛന്‍ ജോലിയും വരുമാനവുമുള്ള വത്സലപിതാവായിരുന്നതിനാല്‍ സാമ്പത്തികപ്രശ്‌നങ്ങളുണ്ടായിരുന്നില്ല. അമ്മാമന്‍ ഗുരുവായൂരില്‍ ജനസമ്മതിയുള്ള ഡോക്ടര്‍. ശാരദയുടെ സഹോദരി മൂകയും ബധിരയുമായിരുന്നെങ്കിലും അതിബുദ്ധിമതി. ജന്മനാ ഉണ്ടായിരുന്ന ബാധിര്യമായതുകൊണ്ട് മൂകയുമായിപ്പോയി.

തളിക്കുളത്താണ് ശാരദയുടെ വീട്. മലബാറിലുള്‍പ്പെട്ട പ്രദേശം. പഠിച്ചത് അമ്മാമന്നൊപ്പം ഗുരുവായൂരില്‍ വസിച്ചുംകൊണ്ട് ചാവക്കാട് ഹൈസ്‌കൂളില്‍. കോളേജ് പഠനം സാമൂതിരികോളേജിലും പിന്നെ വിക്ടോറിയാ കോളേജിലും. ബി.എസ്സി. ഡിഗ്രിമാത്രം. അതിനാല്‍ ഡെമോണ്‍സ്‌ട്രേറ്ററായി കുറെ കാലം പ്രവര്‍ത്തിച്ചു. പിന്നീട് ലീവെടുത്തു പഠിച്ച് എം.എസ്സി. പാസായി. ലക്ചററായി. കേരളം ഏകീകൃതമായതിന്നുശേഷം ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജില്‍ പ്രവര്‍ത്തിച്ചു.

റിട്ടയര്‍ ചെയ്തതിന്നുശേഷം അവിടെ ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ പ്രിന്‍സിപ്പലായി കുറെ കാലം പ്രവര്‍ത്തിച്ചു. പറവൂര്‍ സ്വദേശിയായ അഭിഭാഷകന്‍ ശിവശങ്കരന്‍നായരാണ് വിവാഹം ചെയ്തത്. രണ്ടു പെണ്‍മക്കള്‍. അവര്‍ കോളേജ് അധ്യാപകരായി. പക്വമതിയായ ശാരദ എനിക്കൊരു ജ്യേഷ്ഠ സഹോദരിയുടെ അഭാവം പരിഹരിച്ചു. ഭാമാദേവി പ്രായത്തില്‍ കുറച്ചുകൂടി മൂപ്പുണ്ടായിരുന്നു. അവര്‍ക്ക് ഇംഗ്ലീഷ് ട്യൂട്ടറായിത്തന്നെ ഏറെ കാലം തുടരേണ്ടിവന്നു.

പ്രൈവറ്റായി എം.എ. പരീക്ഷക്കെഴുതിയതിനാല്‍ മൂന്നാംക്ലാസായിപ്പോയി. ഏറെ കൊല്ലത്തിന്നുശേഷമാണ് ലക്ചററായി പ്രമോഷന്‍ കൊടുക്കാന്‍ നിയമമുണ്ടായത്. ഇംഗ്ലീഷ് എം.എ. പരീക്ഷ എഴുതണമെന്ന ഒരു അതിമോഹം എനിക്ക് ഉണ്ടായിരുന്നതിനാല്‍ ഭാമാദേവി തയ്യാറാക്കിയ നോട്ടുകളൊക്കെ തന്നിരുന്നു. ആ സ്വപ്നം മാഞ്ഞുപോയി.

പാലക്കാട്ട് വീട് വാടകയ്‌ക്കെടുത്ത് അനുജന്മാരെ കൊണ്ടുപോന്നതിന്നുശേഷം അധ്യാപനവും ഗൃഹജോലികളും കഴിഞ്ഞ് പഠനത്തില്‍ ഏകാഗ്രശ്രദ്ധപതിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അച്ഛനമ്മമാരുടെ ബന്ധത്തിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയ മനഃശല്യംകൂടിയാണ് പഠനോത്സാഹത്തില്‍ പച്ചവെള്ളമൊഴിച്ചത്. ഇംഗ്ലീഷ് ലക്ചററായിരുന്ന ലീലാമേനോന്‍ (പരപ്പനങ്ങാടിയില്‍ വീട്) തന്ന ഇംഗ്ലീഷ് സാഹിത്യചരിത്രം ഇപ്പോഴും കൈവശമുണ്ട്.

വിക്ടോറിയാ കോളേജില്‍ ചേര്‍ന്ന കാലത്ത് മുന്‍പേ എഴുതിവെച്ചിരുന്ന വിലാപകാവ്യപഠനങ്ങള്‍ പുതുക്കിയെഴുതി ഞാന്‍ മാതൃഭൂമിയിലേക്കയച്ചു. തുടര്‍ലേഖനങ്ങളായി അവ വന്നു. പത്രാധിപര്‍ (എന്‍.വി.) ആ പരമ്പരയ്ക്ക് നല്ല പ്രാധാന്യം നല്‍കിയിരുന്നു. വായനക്കാരുടെ കത്തുകള്‍ പ്രോത്സാഹിപ്പിക്കുന്നവയായിരുന്നു. കത്തുകളും പത്രാധിപര്‍ പ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തി. ഒരെഴുത്തുകാരിയെന്ന പ്രതിച്ഛായ വളര്‍ന്നത് അധ്യാപനവൃത്തിയിലുള്ള അംഗീകാരത്തിന്നുതകിയെങ്കിലും ആ പരിണാമത്തില്‍ അസഹിഷ്ണുതയുള്ള ചിലരുണ്ടായിരുന്നു.

പത്രാധിപര്‍ 'ലേഖനം കിട്ടി. പ്രസിദ്ധപ്പെടുത്തുന്നു' എന്ന ഹ്രസ്വമായ മറുപടിയല്ലാതെ ഒരു പ്രശംസയും നല്‍കിയിട്ടില്ല. എന്നാല്‍ ഉപശീര്‍ഷകങ്ങള്‍ കൊടുത്തിരുന്നതൊഴികെ ഒരു മാറ്റവും വരുത്താതിരുന്നത് വലിയൊരംഗീകാരമായിത്തോന്നി. ഇംഗ്ലീഷ് പ്രൊഫസറായിരുന്ന എം.എം. ഘാനിയായിരുന്നു പ്രിന്‍സിപ്പല്‍. 'She will go a long way' എന്ന് അദ്ദേഹം പറഞ്ഞതായി അകലുഷമനസ്സായ കുശലന്‍ മാസ്റ്ററില്‍നിന്നാണറിഞ്ഞത്.

വായനശാലകള്‍, സ്‌കൂളുകള്‍ മുതലായവയുടെ വാര്‍ഷികാഘോഷങ്ങള്‍ക്കും മറ്റും പ്രഭാഷണങ്ങള്‍ക്കുമുള്ള ക്ഷണങ്ങള്‍ വന്നുകൊണ്ടിരുന്നു. സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ (കുട്ടിമാളു അമ്മയെപ്പോലെ) രംഗത്തുണ്ടായിരുന്നെങ്കിലും സാംസ്‌കാരിക മേഖലയില്‍ വിരളമായിരുന്നു. ജനങ്ങളെ ആകര്‍ഷിച്ച് സദസ്സുകൊഴുപ്പിക്കാന്‍ വേണ്ടിയായിരുന്നിരിക്കും സംഘാടകര്‍ ഒരു സ്ത്രീയെ പ്രഭാഷണത്തിന്നു കിട്ടുന്നതില്‍ തത്പരരായിരുന്നത്.

പ്രസംഗകലയില്‍ പരിശീലനം എന്ന നിലയ്ക്കാണ് ഞാന്‍ ക്ഷണങ്ങള്‍ സ്വീകരിക്കുക പതിവ്. കോഴിക്കോട്ട് ദേശപോഷിണി വായനശാലയില്‍ ചെയ്ത പ്രസംഗത്തെ വാനോളം വാഴ്ത്തിക്കൊണ്ട് പവനന്‍ എന്നു പേരായ ഒരാളുടെ അതിദീര്‍ഘമായ കത്തു വന്നു. ഒരു സ്ത്രീ അത്ര വലിയ സദസ്സിന്റെ കയ്യടി നേടുംവിധം പ്രസംഗിക്കാന്‍ പ്രാഗല്ഭ്യം തെളിയിച്ചത് അദ്ദേഹത്തിലുളവാക്കിയ അദ്ഭുതമായിരുന്നു അഭിനന്ദനാത്മകമായ കത്തിന്റെ രത്‌നച്ചുരുക്കം. കത്തിന് മറുപടി അയച്ചില്ല. അതിനുള്ള മര്യാദ കാട്ടാതിരുന്നത് പേടികൊണ്ടുമാത്രമാണ്. സൗഹൃദത്തിന്റെ നിറം മാറിയാലോ എന്ന പേടികൊണ്ട്. വളരെക്കാലത്തിന്നുശേഷം അദ്ദേഹത്തെ നേരില്‍ കണ്ടു. അദ്ദേഹം സാഹിത്യ അക്കാദമിയില്‍ സെക്രട്ടറിയായിരുന്ന കാലത്ത്. തൂലികാനാമം ശിലാലിഖിതംപോലെ ഉറപ്പിച്ച ആള്‍.

പൊന്നാനിയില്‍ എ.വി. ഹൈസ്‌കൂളിന്റെ വാര്‍ഷികത്തോടൊപ്പം നടന്ന സാഹിത്യസമ്മേളനത്തില്‍ ഞാന്‍ ചെയ്ത പ്രസംഗം മൂവായിരത്തില്‍പ്പരം ആളുകളുണ്ടായിരുന്ന സദസ്സ് വീര്‍പ്പടക്കിക്കേട്ടുകൊണ്ടിരുന്നെന്ന് ഈയിടെ സി. രാധാകൃഷ്ണന്‍ ഒരു ലേഖനത്തില്‍ എഴുതിക്കണ്ടു (വാഗര്‍ത്ഥ പ്രതിപത്തിയെന്ന പുസ്തകത്തില്‍). പട്ടാമ്പി കോളേജില്‍ പുത്തേഴത്തു രാമമേനോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സദസ്സിലെ പ്രസംഗത്തെ അദ്ദേഹത്തെപ്പോലൊരാള്‍ ഉപസംഹാരപ്രസംഗത്തില്‍ പ്രശംസിക്കാന്‍ മടിക്കാതിരുന്നത് ഏറെ സുലഭമല്ലാത്ത അംഗീകാരമായിരുന്നു.

വള്ളത്തോള്‍ ജീവിച്ചിരുന്ന കാലത്ത് ജവഹര്‍ലാല്‍ നെഹ്‌റു ഉദ്ഘാടനം ചെയ്ത കലാമണ്ഡലം ജൂബിലിയാഘോഷത്തിലേക്ക് പ്രഭാഷണത്തിന്നു ക്ഷണിക്കപ്പെട്ടത്, കൂടുതല്‍ അര്‍ഹതയുള്ളവരെന്ന്, ന്യായമായിത്തന്നെ, ആത്മവിശ്വാസമുണ്ടായിരുന്നവര്‍ക്ക് സന്തോഷമുണ്ടാക്കിയില്ലെന്നതിലദ്ഭുതമില്ല. പ്രഭാഷികയെന്ന ഖ്യാതി വളരുന്നതിനു തടയിടാന്‍ ചിലര്‍ മുതിരുകയുണ്ടായി. പാലക്കാട്ടുനിന്ന് അക്കാലത്തു പ്രസിദ്ധപ്പെടുത്താനാരംഭിച്ചിരുന്ന തനിനിറം എന്ന പത്രത്തില്‍ 'പ്രസംഗപര്യടന'ങ്ങളുടെ 'രഹസ്യം' വെളിപ്പെടുത്തുമെന്ന മുന്നറിയിപ്പു വന്നു. ഒരു രഹസ്യവുമുണ്ടായിരുന്നില്ലെന്ന സത്യാവസ്ഥയുള്ളപ്പോള്‍ പേടിക്കാന്‍ വകയുണ്ടായിരുന്നില്ലെങ്കിലും ഇല്ലാക്കഥകള്‍ ആര്‍ക്കും എപ്പോഴും ചമയ്ക്കാമല്ലോ എന്ന ആശങ്കമൂലം ഞാന്‍ വിരണ്ടുപോയി എന്നതു വസ്തുതയാണ്.

പുസ്തകങ്ങള്‍ വായിക്കാനോ എഴുതാനോ ഇംഗ്ലീഷ് എം.എ. പരീക്ഷയ്ക്ക് എഴുതാന്‍ വേണ്ടി പഠിക്കാനോ ഉപയുക്തമാക്കാവുന്ന സമയം പാഴാക്കി എന്തിനാണ് വേലിയിലെ പാമ്പിനെയെടുത്തു തോളിലേറ്റുന്നത് എന്നു തോന്നി. എന്നാല്‍ പ്രഭാഷണങ്ങളിലൂടെ അറിയപ്പെടുന്നതില്‍ അമ്മ വളരെ സന്തോഷിച്ചിരുന്നു. 'ഇതൊന്നും കേട്ടു കുലുങ്ങിപ്പോവരുതെന്ന്' അമ്മ. എവിടെവേണമെങ്കിലും കൂടെ വരാമെന്നും.

പക്ഷേ, അനുജന്മാരെ കൊണ്ടുവന്ന് കൂടെ താമസിപ്പിച്ചു പഠിപ്പിക്കാന്‍ തുടങ്ങിയതിന്നു ശേഷംപോലും അമ്മയ്ക്കു നാട്ടിലെ വസ്തുക്കള്‍ നോക്കിനടത്തുന്നതിന്ന് അവിടെ തങ്ങേണ്ടിയിരുന്നതിനാല്‍ കൂടെപ്പോരലും മറ്റും പ്രായോഗികമായിരുന്നില്ല. മാത്രമല്ല അപമാനിക്കാനിറങ്ങിപ്പുറപ്പെട്ടവരുണ്ടെങ്കില്‍ പിന്തിരിപ്പിക്കാന്‍ അതൊന്നും പര്യാപ്തമാവില്ലതാനും. പ്രസംഗങ്ങള്‍ നിര്‍ത്തിവെക്കാമെന്നു തീരുമാനിക്കാന്‍ ഒരു സംഭവം പ്രേരകമാവുകയും ചെയ്തു.

നാട്ടികയില്‍വെച്ചുണ്ടായ ഒരു സമ്മേളനത്തില്‍ ഞാന്‍ പങ്കെടുക്കാമെന്നേറ്റിട്ടുണ്ടായിരുന്നു. ഒരു സഹപ്രവര്‍ത്തകനും പ്രഭാഷണത്തിന്നുണ്ടായിരുന്നു. സദസ്സില്‍നിന്ന് എന്റെ പ്രഭാഷണം കേള്‍ക്കുമ്പോഴുണ്ടായ അഭിനന്ദനാത്മകമായ പ്രതികരണങ്ങളില്‍ അദ്ദേഹം അസഹിഷ്ണുവായോ, എന്നറിഞ്ഞുകൂടാ, തിരിച്ചുപോരുമ്പോള്‍ കാറില്‍വെച്ച് അദ്ദേഹം ഒരു ഉപദേശം തന്നു; തിരിച്ചുവരുമ്പോള്‍ രാത്രിയാകത്തക്കവണ്ണം അകലെയുള്ള പ്രദേശങ്ങളില്‍ പ്രസംഗങ്ങള്‍ക്കു പോകുന്നതും മറ്റും കുലീനരായ സ്ത്രീകള്‍ക്കു ചേര്‍ന്നതല്ല എന്ന്. ആ ഉപദേശത്തെക്കാള്‍ അസ്വസ്ഥതയുണ്ടാക്കി മറ്റൊന്ന്. ഡിപ്പാര്‍ട്ടുമെന്റിലിരുന്ന് സഹപ്രവര്‍ത്തകരോടൊപ്പം ചിരിച്ചുസൊള്ളുന്നത് (ആ പദമാണ് അദ്ദേഹം പ്രയോഗിച്ചത്) നല്ല പെരുമാറ്റമല്ല എന്ന്.

ഗാര്‍ഹികാന്തരീക്ഷത്തില്‍ അസാമാന്യമായ വ്യഥകള്‍ സഹിക്കേണ്ടിവന്നിരുന്ന ഞാന്‍ പ്രസന്നതയും ചിരിയും മറ്റും ഒരു മുഖംമൂടിപോലെ അണിഞ്ഞിരുന്നുവെന്നത് വാസ്തവമാണ്. എങ്കിലും അത് ഇപ്രകാരം വീക്ഷിക്കപ്പെടുമെന്ന നിനവുണ്ടായിരുന്നില്ല. ആ വിമര്‍ശനം ഒരു ചെറിയ ഷോക്ക് തന്നെയായിരുന്നു. ആ കയ്പ് വിഴുങ്ങാന്‍ ഞാന്‍ ഏറെ പണിപ്പെട്ടു. പിന്നീട് ഒഴിവുസമയങ്ങളില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലോ ലൈബ്രറിയിലോ പോയി ഇരിക്കാന്‍ തുടങ്ങി. ഇംഗ്ലീഷില്‍ നാല് സ്ത്രീകളുണ്ടായിരുന്നു. മിസ് ഭാമ, മിസ് ജേക്കബ്, മിസ് ലീലാമേനോന്‍, മിസ് വര്‍ഗീസ്.

അവരിലാരെങ്കിലുമൊക്കെ ക്ലാസില്‍ പോകേണ്ടാത്ത 'മണിക്കൂറു'കളിലായി ഉണ്ടാവും. അവരുമായി 'സൊള്ളുന്നത്' ആരും വിലക്കില്ലല്ലോ. തനിനിറത്തില്‍ 'ഭീഷണി'യല്ലാതെ അതിനെ യാഥാര്‍ഥ്യമാക്കുന്ന ഒന്നും പ്രത്യക്ഷപ്പെടുകയുണ്ടായില്ല.

1952 ജൂലായ് 2ന് ആണ് വിക്ടോറിയാ കോളേജില്‍ ചേര്‍ന്നത്. പിറ്റേക്കൊല്ലം ഏതാണ്ടാ സമയത്തുതന്നെ വീട് വാടകയ്‌ക്കെടുത്ത് വാസം തുടങ്ങേണ്ടുന്ന സാഹചര്യമുണ്ടായി. രണ്ടാമത്തെ അനുജന്‍ ഒന്‍പതാം ക്ലാസിലെ പരീക്ഷയ്ക്ക് തോറ്റുപോയി.

അനുജന്മാരുടെ ചുമതലയേറ്റെടുക്കാന്‍ ഉദ്യോഗം കിട്ടണമെന്നു നിശ്ചയിച്ചിരുന്നതിനാല്‍ ഇനി വൈകിച്ചുകൂടാ എന്ന് ഞാന്‍ ഉറപ്പിച്ചു. എന്ത് ജാലവിദ്യ പ്രയോഗിച്ചിട്ടാണെന്നറിഞ്ഞുകൂടാ ഞാന്‍ പാലക്കാട്ട് വീടെടുത്ത് താമസമാക്കിയാല്‍ അച്ഛനും കൂടെപ്പോരാമെന്ന് അമ്മ സമ്മതിപ്പിച്ചു. ടൈഫോയ്ഡ് പിടിപെട്ടപ്പോള്‍ മരുമകളെ അമ്മ ശുശ്രൂഷിച്ച് രക്ഷിച്ചതും വീഴ്ചയില്‍ പരിക്കുപറ്റിയ അച്ഛനെ പിഴിച്ചല്‍ ചികിത്സയും മറ്റും കൊല്ലംതോറും നടത്തി ആരോഗ്യവാനാക്കിയതും അച്ഛന്റെ മനസ്സ് മാറാന്‍ സഹായിച്ചിരിക്കാമെന്ന് ഞാന്‍ വിചാരിച്ചു.

കോളേജിന്ന് തൊട്ടടുത്ത് ഒരു ചെറിയ പാര്‍പ്പിടം വാടകയ്‌ക്കെടുത്തു. ചുവട്ടില്‍ ഒരു ചായ്പും അടുക്കളയും മുകളില്‍ രണ്ട് കിടപ്പുമുറികളുമുള്ള 'കെട്ടിടത്തില്‍'. അച്ഛനും രാധാകൃഷ്ണനും ഞാനുംകൂടി അവിടെ പാര്‍പ്പായി. അച്ഛന്‍ തറവാട് വിട്ടുപോന്നത് ഒരു സ്വപ്നംപോലെ അസംഭവ്യമായി എനിക്കു തോന്നിയെങ്കിലും യാഥാര്‍ഥ്യംതന്നെയായിരുന്നു. മൂന്നു മിനിറ്റ് നടക്കാനുള്ള ദൂരം മാത്രമാണ് കോളേജിലേക്ക്. മോത്തിലാല്‍ ഹൈസ്‌കൂളില്‍ രാധാകൃഷ്ണനെ ചേര്‍ത്തു. കോളേജിന്റെ ഗേറ്റിന്ന് നേരെ എതിരെ റോഡിന്നപ്പുറത്തുള്ള സ്‌കൂളിലേക്ക് നടക്കാന്‍ എട്ടു മിനിറ്റ് മതി.

അച്ഛനെ നന്നായി ശുശ്രൂഷിക്കാനുള്ള അസുലഭഭാഗ്യം ലഭിച്ചതില്‍ ഉണ്ടായിരുന്നതിലുള്ള സംതൃപ്തി ദീര്‍ഘകാലം അനുഭവിക്കാന്‍ വിധി അനുവദിച്ചില്ല. ആറുമാസം മാത്രം. ക്രിസ്മസ് ഒഴിവിന്ന് മുന്‍പ് ഒരുനാള്‍ അച്ഛന്ന് ഊണ് വിളമ്പിക്കൊടുക്കാന്‍ ഉച്ചയ്ക്കു വീട്ടിലെത്തിയപ്പോള്‍ വല്ലാത്ത വിഷണ്ണഭാവത്തിലുള്ള ഇരിപ്പുകണ്ട് ഞാന്‍ അമ്പരന്നു. എന്താണ് പറ്റിയതെന്ന ചോദ്യത്തിന്ന് ഒന്നും മിണ്ടാതെ ഒരു പോസ്റ്റ് കാര്‍ഡു നീട്ടുകയാണുണ്ടായത്. '52-ല്‍ ടൈഫോയ്ഡില്‍നിന്നു രക്ഷപ്പെട്ട മരുമകള്‍ വീണ്ടും പനി വന്നു നിര്യാതയായെന്നറിയിക്കുന്ന കത്ത്.

ഉടനെ പോകണമെന്നു ശഠിച്ചതിനാല്‍ പിറ്റേന്നുതന്നെ അച്ഛനെ വീട്ടിലെത്തിച്ചു. അച്ഛന്‍ സ്വന്തം തറവാട്ടിലേക്കു പോവുമ്പോള്‍ തിരിച്ചുവരില്ലെന്ന് അമ്മപോലും ശങ്കിച്ചില്ല. താക്കോല്‍ക്കൂട്ടവും ബാഗുമൊന്നും കൊണ്ടുപോയിരുന്നില്ല. അതെല്ലാം കൊടുത്തയയ്ക്കണമെന്ന് അമ്മയ്ക്ക് എഴുത്തും കൊടുത്ത് ഒരാളെ വിടുകയാണുണ്ടായത്. അമ്മ അത്യന്തം ക്ഷുബ്ധയായി. മരുമക്കളില്‍നിന്ന് അടര്‍ത്തിയെടുക്കാമെന്ന വ്യാമോഹംകൊണ്ടാണ് അകറ്റിനിര്‍ത്തല്‍പദ്ധതി അമ്മ ആസൂത്രണംചെയ്തതെന്നു തോന്നുന്നു.

അതു നേരെ വിപരീതഫലമാണുണ്ടാക്കിയത്. അച്ഛന്‍ അവരോടൊപ്പം താമസമാക്കി. അവിടെപ്പോയി കാരണമാരായില്ലെന്ന് അമ്മയും ശാഠ്യംപിടിച്ചു. വര്‍ഷാന്തത്തില്‍ കോളേജു പൂട്ടി നാട്ടിലെത്തിയതിന്നുശേഷം ഞാന്‍ അച്ഛനെ ചെന്നു കണ്ടു. താന്‍ ഉദ്ദേശിച്ചപോലെ വസ്തുവഹകളൊന്നും കൈകാര്യം ചെയ്യാന്‍ അതിന്നേല്പിച്ചവര്‍ക്ക് ആവില്ലെന്നു ബോധ്യമായതിനാല്‍ ഇനി അവിടെത്തന്നെ പാര്‍ക്കാനാണ് തീരുമാനമെന്നു തീര്‍ത്തുപറഞ്ഞു.

'54-ല്‍ കോളേജു തുറക്കുമ്പോള്‍ അനുജന്മാരെ എല്ലാവരെയും പാലക്കാട്ടെയ്ക്കു കൊണ്ടുപോയി. കുട്ടികളെ മോത്തിലാല്‍ സ്‌കൂളില്‍ത്തന്നെ ചേര്‍ത്തു. ടൈഫോയ്ഡിന്റെ നീക്കിയിരുപ്പായ ബാധിര്യം പിടിപെട്ടിരുന്ന മൂത്തയാള്‍ കളപ്പെട്ടി ബേസിക് ട്രെയ്‌നിങ് സ്‌കൂളില്‍ അധ്യാപകപരിശീലനത്തിന്ന് ചേര്‍ന്നു. മറ്റു മൂന്നുപേരും ഹൈസ്‌കൂളില്‍. ലക്ചററുടെ ശമ്പള സ്‌കെയ്ല്‍ 150-250 ആയിരുന്നു. അലവന്‍സ് 32ക. മൊത്തം മാസവരുമാനം 182ക. ചെലവൊക്കെ അതിലൊതുക്കാന്‍ കഴിഞ്ഞു. അമ്മ നാട്ടില്‍ ഒറ്റയ്ക്കു വാസം. കൂടെക്കൂടെ പാലക്കാട്ടു വരും. നാളികേരം, വെളിച്ചെണ്ണ മുതലായ സാമാനങ്ങള്‍ കൊണ്ടുവരും. ഗൃഹജോലിയും അധ്യാപനവും ഒരുമിച്ചു കൊണ്ടുപോകാന്‍ എനിക്ക് പ്രയാസമൊന്നുമുണ്ടായില്ല. പക്ഷേ, ഇംഗ്ലീഷ് എം.എയ്ക്കുള്ള പഠനം മന്ദീഭവിച്ചു. ആ സ്വപ്നം ഒരിക്കലും സാക്ഷാത്കൃതമായില്ല.

ആയിടയ്ക്ക് മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ മലയാളവിഭാഗത്തില്‍ ലക്ചററുടെ ഒഴിവു വന്നു. യൂനിവേഴ്‌സിറ്റിയില്‍ ഉയര്‍ന്ന ശമ്പളസ്‌കെയിലാണ്. അതിനെക്കാള്‍ ആകര്‍ഷകമായ വസ്തുത ജോലി ഗവേഷണമാണെന്നതായിരുന്നു. മലയാളത്തില്‍ പഠനത്തിന്നുള്ള കോഴ്‌സുകളൊന്നുമുണ്ടായിരുന്നില്ല. റിസര്‍ച്ച് ചെയ്ത് ഒരു ബിരുദം നേടണമെന്ന മോഹം മൂലം അപേക്ഷ അയച്ചു. മെഡിക്കല്‍ ഡോക്ടറാകുന്നതിന്നു പകരമുള്ള ഒരു നാമമാത്രപരിഹാരം.

നാലേ നാലുപേര്‍ മാത്രമായിരുന്നു അപേക്ഷ സമര്‍പ്പിച്ചിരുന്നതെന്ന് ഇന്റര്‍വ്യൂവിന്നു ചെന്നപ്പോഴാണ് അറിയുന്നത്. മറ്റെല്ലാവരും തിരുവനന്തപുരത്തുനിന്നെത്തിയവര്‍. മറ്റു ഭാഷാവിഭാഗങ്ങളിലേയ്ക്കും ശാസ്ത്രവിഭാഗങ്ങളിലേയ്ക്കും ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേയ്ക്കുമെല്ലാം അന്നുതന്നെ തിരഞ്ഞെടുപ്പുണ്ടായിരുന്നു. ഒരു വലിയ സംഘം സ്ഥാനാര്‍ഥികള്‍, പന്ത്രണ്ടോളം പേരുള്ള ഒരു നെടുങ്കന്‍ ബോര്‍ഡാണ് ഇന്റര്‍വ്യൂ നടത്തിയത്. മലയാളത്തിലെ വിദഗ്ധര്‍ ശങ്കരന്‍ നമ്പ്യാര്‍ മാസ്റ്ററും പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും. മറ്റുള്ളവരും ചോദ്യങ്ങള്‍ ചോദിച്ചു. ഒരാള്‍ 'What are you going to unearth' എന്ന് ഒട്ടൊരു തമാശമട്ടില്‍ ചോദിച്ചു.

'If I already know what I am going to unearth why should I do research?' എന്ന മറുചോദ്യം ഉത്തരമായി പറയുമ്പോള്‍ അതൊരു തറുതലപറച്ചിലാവുമെന്ന് ഓര്‍ത്തില്ലെന്നു പറഞ്ഞുകൂടാ. മറ്റൊന്നും തോന്നിയില്ല. ഗവേഷണവിഷയത്തെപ്പറ്റി ചിന്തിച്ചിട്ടേയില്ലായിരുന്നു. ഏതായാലും അതൊരു തര്‍ക്കുത്തരമായി ഗണിക്കപ്പെട്ടില്ലെന്നു തോന്നുന്നു. ചിലര്‍ ചിരിച്ചു. തിരിച്ചുപോരുമ്പോള്‍ അതേ വണ്ടിക്കുതന്നെ പോകാന്‍ എത്തിയിരുന്ന നമ്പ്യാര്‍ മാസ്റ്ററെയും മുണ്ടശ്ശേരി മാസ്റ്ററെയും കണ്ടു. തിരഞ്ഞെടുത്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. പക്ഷേ, ആ ജോലി സ്വീകരിക്കണമോ എന്നു നന്നായി ആലോചിക്കണമെന്ന് നമ്പ്യാര്‍ മാസ്റ്റര്‍ ഉപദേശിച്ചു. മദ്രാസിലെ പ്രവൃത്തി ഭാഷാഗവേഷണത്തിലേക്കു ചുരുങ്ങിപ്പോവും. സാഹിത്യത്തില്‍ എന്തെങ്കിലും എഴുതാന്‍ നല്ലത് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് എന്ന് കൂട്ടിച്ചേര്‍ത്തു.

അനുജന്മാരെ മദ്രാസിലേക്കു കൊണ്ടുപോയി പഠിപ്പിക്കാന്‍ വേണ്ടത്ര വരുമാനമുണ്ടാവില്ലെന്നതും ഒരു കീറാമുട്ടി പ്രശ്‌നം. ഏതായാലും തീരുമാനമെടുക്കേണ്ടിവന്നില്ല. ഉത്തരവൊന്നും കിട്ടാതിരുന്നപ്പോള്‍ നമ്പ്യാര്‍ മാസ്റ്ററെ വീട്ടില്‍ ചെന്നു കണ്ടു. വൈസ് ചാന്‍സലര്‍, നിയമനം റദ്ദാക്കിയെന്ന് അദ്ദേഹത്തില്‍നിന്നാണറിഞ്ഞത്. 'സ്ത്രീകള്‍ ഗവേഷണത്തിന്നു കൊള്ളാവുന്നവരല്ല.' അദ്ദേഹം ഇന്റര്‍വ്യൂ ദിവസം ഡല്‍ഹിയില്‍ പോയിരുന്നതിനാല്‍ സന്നിഹിതനായിരുന്നില്ല.

ജസ്റ്റിസ് ഗോവിന്ദമേനോനെപ്പോലുള്ളവര്‍ ഉള്‍പ്പെട്ടിരുന്ന ബോര്‍ഡിന്റെ തീരുമാനം ലക്ഷ്മണസ്വാമി മുതലിയാര്‍ തിരുത്തി പിന്നീട് ആ പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് കെ.എന്‍. എഴുത്തച്ഛനാണ്. മുന്‍തവണ അദ്ദേഹം അപേക്ഷകനായിരുന്നില്ല. ഞാന്‍ തിരസ്‌കരിക്കപ്പെട്ടത് മലയാളഭാഷയുടെ ഭാഗ്യം! ഡോ. എഴുത്തച്ഛനെപ്പോലുള്ളവരുടെ ഗവേഷണഫലങ്ങള്‍ മലയാളത്തിന്നു ലഭിച്ചല്ലോ. കേരളോദയം പോലുള്ള ഒരു സംസ്‌കൃതമഹാകാവ്യമെഴുതിയതും കേരളചരിത്രഗവേഷണം നടത്തിയതിന്റെ ഫലമാണ്.

രണ്ടു ദശകത്തിന്നുശേഷം എന്റെ ഗവേഷണപ്രബന്ധത്തിന്റെ മൂന്നു പരിശോധകരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു (മറ്റു രണ്ടുപേര്‍ ഡോ. കുഞ്ചുണ്ണിരാജയും എന്‍.വി. കൃഷ്ണവാരിയരും). കാലമേറെ പിന്നിട്ടതിന്നുശേഷം, കേരളോദയ മഹാകാവ്യത്തിന്ന് സംസ്‌കൃതത്തിലെ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നതിന്ന് പരോക്ഷമായി ഒരു ചെറിയ ശ്രമം നടത്താനായതില്‍ എനിക്കു ചരിതാര്‍ഥതയുണ്ട്.