യൗവനത്തില്‍തന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായ കെ.പി. കേശവമേനോന്‍ ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. ഗാന്ധിജിയുടെ ജീവചരിത്രകൃതിയായ 'രാഷ്ട്രപിതാവി'ന്റെ കര്‍ത്താവുമാണ് അദ്ദേഹം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച'മഹാത്മജി: ഒപ്പം നടന്നവരുടെ ഓര്‍മകള്‍' എന്ന പുസ്തകത്തില്‍ കെ.പി. കേശവമേനോന്‍ എഴുതിയ കുറിപ്പ് വായിക്കാം... 

To advertise here,

ഒരു ഘാതകന്റെ കൈകൊണ്ട് മഹാത്മാഗാന്ധി മരണപ്പെട്ടു എന്ന വര്‍ത്തമാനം ലോകത്തെ സ്തംഭിപ്പിച്ചു. ഇന്ത്യയില്‍ ഈ വാര്‍ത്ത കേട്ട് ചിലര്‍ ഹൃദയസ്തംഭനംകൊണ്ടു മരിച്ചു. ലോകനേതാക്കന്മാരും രാഷ്ട്രത്തലവന്മാരും ചിന്തകരും മതാചാര്യന്മാരും എന്നുവേണ്ട വിവിധരംഗങ്ങളില്‍ പേരും പ്രസിദ്ധിയും നേടിയ പലരും അവരുടെ അഗാധദുഃഖം ഇന്ത്യാഗവണ്‍മെന്റിനെ അറിയിച്ചു. അമേരിക്കയിലെ പ്രസിഡന്റ് ട്രൂമാന്‍, ബ്രിട്ടീഷ് രാജാവ്, ഫ്രാന്‍സിന്റെ പ്രസിഡന്റ്, കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്, മാര്‍പ്പാപ്പ പീയൂസ്, ലണ്ടനിലെ മുഖ്യറാബ്ബി, തിബത്തിലെ ദലയ്‌ലാമ എന്നിവര്‍ അവരില്‍പ്പെടും. ആയിരക്കണക്കായ അനുശോചനസന്ദേശങ്ങള്‍ വിദേശങ്ങളില്‍നിന്ന് ഇന്ത്യാഗവണ്‍മെന്റിന് ലഭിച്ചു. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഗാന്ധിയുടെ മരണവാര്‍ത്ത അറിഞ്ഞത്. ഉടനേ സഭാപരിപാടികള്‍ നിറുത്തി. മഹാത്മാഗാന്ധിയുടെ സ്മരണയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു. 'അനാഥരുടെയും ദരിദ്രരുടെയും ഉറ്റബന്ധുവായിരുന്നു ഗാന്ധി. അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങള്‍ ഇനിയും നമുക്കനുഭവപ്പെടുവാനിരിക്കുന്നു' എന്നാണ് സെക്യൂരിറ്റി കൗണ്‍സിലിലെ ബ്രിട്ടീഷ് പ്രതിനിധി ഫിലിപ്പ് നോയല്‍ ബേക്കര്‍ പറഞ്ഞത്. സമാധാനത്തിനുവേണ്ടി ഗാന്ധി ചെയ്ത അക്ഷീണപരിശ്രമത്തെയും അദ്ദേഹത്തിന്റെ ആത്മീയശക്തിയെയും പ്രശംസിച്ചുകൊണ്ട് മറ്റു ചില അംഗങ്ങളും പ്രസംഗിച്ചു.

placeholder
'നമ്മുടെ എല്ലാ സ്‌കൂളുകളെയും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളുടെ ഫാക്ടറികളായി മാറ്റാനാകണം'
ചിത്രീകരണം: മദനന്‍

ഐക്യരാഷ്ട്രസഭയുടെ പതാക ദുഃഖസൂചകമായി പകുതി താഴ്ത്തിവെച്ചു.
'ഗാന്ധിയെ സംബന്ധിച്ചിടത്തോളം സാമ്രാജ്യശക്തിയെക്കാള്‍ വലുതായിരുന്നു സത്യവും വിനയവും' എന്നാണ് അമേരിക്കന്‍ സെനറ്റര്‍ ആര്‍തര്‍ എച്ച്. ഹാന്‍ഡന്‍ബര്‍ഗ് പറഞ്ഞത്.
'ഭൗതികകാര്യങ്ങളെക്കാള്‍ ആത്മീയശക്തിക്ക് ഇത്രയേറെ പ്രാധാന്യം നല്‍കിയ മറ്റൊരു വ്യക്തിയെ ഞാന്‍ അറിയുന്നില്ല' എന്ന് സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സ് പ്രസ്താവിച്ചു.
'മനുഷ്യസമുദായത്തിന്റെ മനസ്സാക്ഷിയായിരുന്നു മഹാത്മാഗാന്ധി' എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജനറല്‍ ജോര്‍ജ് മാര്‍ഷല്‍ പറഞ്ഞു.

അമേരിക്കയിലെ സുപ്രസിദ്ധ സേനാനായകനായിരുന്ന ജനറല്‍ ഡഗ്ലസ് മെക്കാര്‍തര്‍ ഗാന്ധിയെപ്പറ്റി പറഞ്ഞതും പ്രസ്താവ്യമാണ്. 'ലോകഗതിയെ എത്രയോ മുമ്പെക്കൂട്ടി സൂക്ഷ്മമായി കണ്ടറിയാന്‍ സാധിച്ചിട്ടുള്ള പ്രവാചകരില്‍ ഒരാളാണ് ഗാന്ധി; രാഷ്ട്രങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ യുദ്ധം മുഖേനയുള്ള കൂട്ടക്കൊലകള്‍കൊണ്ട് പരിഹരിക്കാനാവുന്നതല്ലെന്ന അദ്ദേഹത്തിന്റെ വിശ്വാസം അചിരേണ ലോകം സ്വീകരിക്കാതിരിക്കില്ല.' ഫ്രാന്‍സിലെ പ്രധാനമന്ത്രിയായിരുന്ന ലിയോണ്‍ ബ്ലൂം ഗാന്ധിയുടെ ചരമത്തെപ്പറ്റി പറഞ്ഞതിങ്ങനെയാണ്: 'ഞാന്‍ ഗാന്ധിയെ കണ്ടിട്ടില്ല; അദ്ദേഹത്തിന്റെ ഭാഷയും എനിക്ക് നിശ്ചയമില്ല; ഇന്ത്യ ഞാന്‍ സന്ദര്‍ശിച്ചിട്ടുമില്ല. എന്നിരിക്കിലും ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ മരണത്തിലുണ്ടാവുന്ന വേദനയാണ് അദ്ദേഹത്തിന്റെ മരണത്തെപ്പറ്റി കേട്ടപ്പോള്‍ എനിക്ക് അനുഭവപ്പെട്ടത്. ഈ അസാധാരണമനുഷ്യന്റെ ചരമത്തില്‍ ലോകം മുഴുവനും ദുഃഖസമുദ്രത്തില്‍ ആണ്ടിരിക്കയാണ്.'
ഇന്ത്യയ്ക്കകത്തും പുറത്തും ശക്തന്മാരായ എതിരാളികളെ ഗാന്ധി നേരിട്ടിരുന്നത് ദയ, സത്യം, അഹിംസ, വിനയം എന്നിവകൊണ്ടായിരുന്നു. അസാധാരണമാര്‍ഗത്തില്‍ക്കൂടി അസാധാരണവിജയം നേടിയ ആവേശജനകമായ കഥയാണ് അദ്ദേഹത്തിന്റേത്.

ഗാന്ധിയെപ്പോലെ ജനഹൃദയത്തെ സ്പര്‍ശിക്കുന്നതിന് ഇന്ത്യയിലെ ഒരാചാര്യനോ സിദ്ധനോ കഴിഞ്ഞിട്ടില്ല. തന്റെ ധാര്‍മികനിലവാരത്തിന് യാതൊരു ഹാനിയും തട്ടാതെ ബഹുജനപ്രസ്ഥാനങ്ങള്‍ നയിക്കുവാന്‍ കഴിഞ്ഞത് ഗാന്ധിയുടെ വലിയ നേട്ടമാണ്. വാക്കും പ്രവൃത്തിയും ഇത്ര സൂക്ഷ്മമായി ഇണക്കിക്കൊണ്ടുവന്ന മറ്റൊരു നേതാവിനെ അവര്‍ക്കറിഞ്ഞുകൂടാ. അദ്ദേഹം വെറും രാഷ്ട്രീയനേതാവോ സാമൂഹികപരിഷ്‌കര്‍ത്താവോ പാവങ്ങളുടെ ബന്ധുവോ മാത്രമായിരുന്നില്ല. ഒരു തികഞ്ഞ ദൈവഭക്തനായിരുന്നു ഗാന്ധി. അതോടൊപ്പം അഗാധമായ പ്രേമവും അപാരമായ സഹിഷ്ണുതയും രാജ്യകാര്യങ്ങളില്‍ ദൂരദൃഷ്ടിയും പൊരുത്തപ്പെടുത്തിക്കൊണ്ടുവന്നത് അദ്ദേഹത്തിന്റെ സവിശേഷ നേട്ടമാണ്. അതുകൊണ്ടാണ് അദ്ദേഹത്തില്‍ ഋഷിതുല്യനായ ഒരു മഹാപുരുഷനെ ജനങ്ങള്‍ ദര്‍ശിച്ചത്. നവീനഭാരതത്തിലെ ഏറ്റവും ഉന്നതനായ വ്യക്തി എന്ന നിലയില്‍ മാത്രമല്ല ജനങ്ങള്‍ അദ്ദേഹത്തെ ആദരിച്ചുവരുന്നത്. മനുഷ്യവര്‍ഗത്തെ ചിന്തയിലും പ്രവൃത്തിയിലും ഒരുയര്‍ന്ന മണ്ഡലത്തിലേക്ക് നയിക്കുവാന്‍ ശ്രമിച്ച ഒരുത്കൃഷ്ടനേതാവിന്റെ നിലയിലും അദ്ദേഹം അവരുടെ ഹൃദയത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. ബുദ്ധന്റെയും ക്രിസ്തുവിന്റെയും കൂടെ ഗാന്ധിയെയും ലോകം സ്മരിക്കുന്നു.

തന്റെ ജീവിതോദ്ദേശ്യം ആത്മസാക്ഷാത്കാരമാണെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയരംഗത്തിലെ തന്റെ പ്രവൃത്തികളെല്ലാം ആ ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തിയുള്ളതാണ്. ഇന്ത്യയ്ക്ക് സ്വരാജ് നേടുവാന്‍വേണ്ടി അദ്ദേഹം തന്റെ ജീവിതം അര്‍പ്പിച്ചു. എന്നാല്‍ സ്വരാജിനെക്കാള്‍ അദ്ദേഹം വലുതായി കരുതിയത് സത്യത്തെയാണ്. അദ്ദേഹത്തിന് ഈശ്വരന്‍ സത്യസ്വരൂപനാണ്.

മനുഷ്യരെ മാത്രമല്ല ഗാന്ധി സ്‌നേഹിച്ചിരുന്നത്. സകല ജീവജാലങ്ങളിലും അദ്ദേഹം ഈശ്വരനെ ദര്‍ശിച്ചു. ഈ വിശ്വസാഹോദര്യദര്‍ശനത്തില്‍ ഗാന്ധിയെ പലപ്പോഴും അസ്സിസ്സിയിലെ ഫ്രാന്‍സിസ് പുണ്യവാളനോടുപമിക്കാറുണ്ട്. ഗാന്ധിയുടെ അഹിംസ ഗീതയിലെ ഉപദേശത്തിനു വിപരീതമാണെന്നു ചിലര്‍ ആക്ഷേപിക്കാറുണ്ട്. ഈ ആക്ഷേപം ശരിയല്ല. ഗാന്ധിയെപ്പോലെ ഗീതയിലെ തത്ത്വങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കിയിട്ടുള്ളവര്‍ ചുരുക്കമാണ്. നിഷ്‌കാമകര്‍മ്മ മനഃസ്ഥിതിയോടെ സമരം ചെയ്യാനാണ് ഗീത ഉപദേശിക്കുന്നത്. ഗീതയിലെ ഈ ആദര്‍ശമനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഹിംസയ്ക്ക് അവിടെ സ്ഥാനമില്ലാതാകും. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും സത്യാഗ്രഹത്തെ ആശ്രയിക്കാനേ തരമുള്ളൂ. ഗീതയിലെ ഉപദേശത്തിന്റെ ഒരു ഭാഗമാണ് സത്യാഗ്രഹം എന്നു തെളിഞ്ഞുകാണും.

'ഗീതയിലെ ഉപദേശത്തിന്റെ കാതല്‍ ഹിംസയല്ല, അഹിംസയാണ്' എന്ന് ഗാന്ധി പറയുന്നു. 'കാമക്രോധലോഭങ്ങളുടെ ബന്ധമില്ലാതെ ഹിംസ സാധ്യമല്ല; ഇതിനെല്ലാം അതീതമായി, സത്വരജസ്തമോഗുണങ്ങള്‍ക്കപ്പുറമുള്ള ഒരവസ്ഥയിലേക്കാണ് ഗീത നമ്മെ നയിക്കുന്നത്. ദൈനംദിനജീവിതത്തില്‍ ഹിംസ തീരേ ഒഴിവാക്കുക സാദ്ധ്യമല്ലായിരിക്കാം; എന്നുവെച്ച് ഹിംസയാണ് ജീവിതനിയമം എന്നു വാദിക്കുന്നതിനര്‍ത്ഥമില്ല.'
ബുദ്ധന്റെയും അശോകന്റെയും പാരമ്പര്യത്തിലുള്ള ഒരു മഹാത്മാവിനെ നമുക്ക് നമ്മുടെ ചരിത്രത്തിന്റെ ഒരു നിര്‍ണായകഘട്ടത്തില്‍, മാര്‍ഗദര്‍ശിയായി ലഭിച്ചത് ഒരു വലിയ അനുഗ്രഹമാണ്.

placeholder
പാപത്തെ വെറുക്കുക, പാപിയെ സ്‌നേഹിക്കുക
ചിത്രീകരണം: മദനന്‍

മഹാപുരുഷന്മാര്‍ ഓരോ കാലത്ത് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ ലോകത്തിന്റെയും ചിന്താഗതിയും ആദര്‍ശങ്ങളും ജീവിതചര്യയും പുതിയ പന്ഥാവിലേക്കു തിരിച്ചുവിടുന്നതില്‍ ഗാന്ധിയെപ്പോലെ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു വ്യക്തിയെ ചരിത്രത്തില്‍ കാണുക പ്രയാസമായിരിക്കും. 1948 ജനവരി 30നു വൈകുന്നേരം ജവാഹര്‍ലാല്‍ നെഹ്രു അഖിലേന്ത്യാ റേഡിയോ മുഖേന ഇന്ത്യന്‍ ജനതയോടു പറഞ്ഞ വാക്കുകള്‍ ഓരോ ഇന്ത്യക്കാരന്റെയും വികാരത്തെയാണു പ്രതിഫലിപ്പിക്കുന്നത്: 'ആ മഹാദീപമണഞ്ഞുകഴിഞ്ഞു-ചുറ്റും അന്ധകാരമേ കാണുന്നുള്ളൂ. നമ്മുടെ പ്രിയനേതാവ് നമ്മുടെ രാഷ്ട്രപിതാവായ ബാപ്പു-നമ്മെ വിട്ടുപോയി. നമുക്കെല്ലാം സുപരിചിതമായ ആ സ്വരൂപത്തെ നാമിനി കാണുകയില്ല; ഉപദേശത്തിനും ആശ്വാസത്തിനും നമുക്കിനി അദ്ദേഹത്തിന്റെ അടുക്കല്‍ ഓടിച്ചെല്ലാന്‍ കഴിയുകയുമില്ല. ഇതു വലിയൊരടിയാണ്-എനിക്കു മാത്രമല്ല ഈ നാട്ടിലെ കോടിക്കണക്കായ ജനങ്ങള്‍ക്കും. എനിക്കോ മറ്റുള്ളവര്‍ക്കോ നല്‍കാന്‍ തരമുള്ള ഉപദേശങ്ങള്‍കൊണ്ട് ആ അടിയുടെ കനം കുറയ്ക്കുവാന്‍ സാധിക്കില്ല.

ആ ദീപം അപ്രത്യക്ഷമായിയെന്ന് ഞാന്‍ പറഞ്ഞുവല്ലോ. ഒരുപക്ഷേ, ഞാനങ്ങനെ പറഞ്ഞതു ശരിയല്ലായിരിക്കാം. കാരണം, ആ ദീപം ഒരു സാധാരണദീപമായിരുന്നില്ല. കുറെക്കാലമായി നമ്മുടെ നാട്ടില്‍ ശോഭിച്ചുകൊണ്ടിരുന്ന ആ തേജസ്സ് ഒരഭൗമ തേജസ്സായിരുന്നു. അതണഞ്ഞു എന്ന് എങ്ങനെ പറയാം! നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അതിന്റെ പ്രകാശം ഈ നാട്ടില്‍ നിലനില്‍ക്കും. നമ്മുടെ നാട്ടില്‍ മാത്രമല്ല, ലോകത്തിലെങ്ങും. അനേകം കോടി ജനങ്ങള്‍ക്ക് ആശ്വാസവും ആനന്ദവും നല്‍കും. ശാശ്വതസത്യത്തിന്റെ പ്രതീകമാണത്. നമുക്കതു ശരിയായ മാര്‍ഗ്ഗം കാണിച്ചുതരികയും, പിഴച്ച മാര്‍ഗ്ഗത്തില്‍നിന്ന് നമ്മെ പിന്തിരിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു ഭ്രാന്തന്റെ കൈകൊണ്ടാണ് അദ്ദേഹം മരിച്ചത്. ആ സാഹസകൃത്യം ചെയ്തവനെ മറ്റെന്തു പേര് പറയാനാണ്! കുറെ കൊല്ലങ്ങളായി ഈ നാട്ടിലെ ജനങ്ങളുടെ മനസ്സിനെ വര്‍ഗീയവിഷം കലുഷമാക്കിത്തുടങ്ങിയിട്ട്. ഈ വിഷബാധയെ നാം എതിര്‍ക്കണം; അതിനെ തീരേ തുടച്ചുനീക്കണം. നമ്മുടെ ചുറ്റുമുള്ള എല്ലാ ആപത്തുകളെയും നാം സധൈര്യം നേരിടണം-അത് വെറുപ്പോടോ സംഭ്രാന്തിയോടോ കൂടിയായിരിക്കരുത്; നമ്മുടെ പ്രിയപ്പെട്ട ഗുരു നമുക്കു പഠിപ്പിച്ചുതന്നിട്ടുള്ള വിധത്തിലായിരിക്കണം. നമ്മള്‍ ഒറ്റക്കെട്ടായി യോജിച്ചു നില്‍ക്കണം. ഈ വലിയ ആപത്തിന്റെ മുമ്പില്‍, നമ്മുടെ നിസ്സാരമായ കലഹങ്ങളും കുഴപ്പങ്ങളും അവസാനിപ്പിക്കണം. ഈ വലിയ ആപത്ത് ഒരു സൂചനയായി കരുതണം. ജീവിതത്തിലെ മഹത്തായ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നതിനും, വലുതായി നാം കരുതിപ്പോന്ന നിസ്സാരകാര്യങ്ങളെ മറക്കുന്നതിനുമുള്ള ഒരു സൂചനയാണത്. തന്റെ മരണംകൊണ്ട് അദ്ദേഹം നമ്മെ ജീവിതത്തിലെ വലിയ കാര്യങ്ങള്‍-ആ നിത്യചേതനമായ സത്യം-ഓര്‍മപ്പെടുത്തുന്നു. ഈ പരമാര്‍ഥം നാം ഓര്‍മിക്കുന്നതായാല്‍, ഇന്ത്യയ്ക്കുനന്ന്- എന്തിനുവേണ്ടി ആ മഹാനായ ഭാരതീയന്‍ ജീവിക്കുകയും മരിക്കുകയും ചെയ്തുവോ ആ സത്യത്തിനും ലക്ഷ്യത്തിനുമായി നമ്മുടെ ജീവിതത്തെ അര്‍പ്പിക്കും എന്ന ഹൃദയപൂര്‍വ്വമായ പ്രതിജ്ഞ എടുക്കുകയാണ് അദ്ദേഹത്തിനുവേണ്ടി നമുക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം. നമുക്കും ഇന്ത്യയ്ക്കും വേണ്ടി ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും നല്ല പ്രാര്‍ത്ഥനയും അതുതന്നെ.'