ജീവിതത്തിന്റെ വ്യതിരിക്തതകളെക്കുറിച്ച് കെ.പി. കേശവമേനോന്‍ എന്ന ക്രാന്തദര്‍ശിയുടെ കാഴ്ചപ്പാടുകളുടെ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ജീവിതചിന്തകള്‍'. വ്യക്തിജീവിതത്തില്‍ നിഴല്‍വീഴ്ത്തുന്ന പ്രതിസന്ധികളുടെ ഇരുട്ടിനെ ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചവുമായി നേരിടാനാണ് ഗ്രന്ഥകര്‍ത്താവ് ഉദ്ബോധിപ്പിക്കുന്നത്. മാതൃഭൂമി സ്ഥാപക പത്രാധിപര്‍കൂടിയായ കെ.പി. കേശവമേനോന്റെ ജീവിതചിന്തകളുടെ പുതിയ പതിപ്പില്‍ നിന്നും 'ആത്മവിശ്വാസവും സ്വാതന്ത്ര്യശീലവും' എന്ന അധ്യായം വായിക്കാം. 

To advertise here,

വിഭജനംകൊണ്ടുണ്ടായ കുഴപ്പത്തിന്റെ ഫലമായി എത്രയോ അഭയാര്‍ത്ഥികള്‍ പശ്ചിമപഞ്ചാബില്‍നിന്ന് ഇന്ത്യയിലേക്കു വന്നിരുന്നു. അവരുടെ കൂട്ടത്തില്‍ പന്ത്രണ്ടുവയസ്സായ രത്തന്‍സിങ്ങും ആ കുട്ടിയുടെ വിധവയായ മാതാവുമുണ്ടായിരുന്നു. വളരെ നല്ല നിലയില്‍ കഴിഞ്ഞവരാണ് അവര്‍. രത്തന്‍സിങ്ങിന്റെ അച്ഛനും രണ്ടു സഹോദരന്മാരും സഹോദരികളും ലഹളക്കാരുടെ കത്തിക്കിരയായി. വീടും സ്വത്തും വിട്ട് യാതൊന്നും കൈയിലെടുക്കാതെ പ്രാണരക്ഷയ്ക്കായി അവര്‍ ദല്‍ഹിയിലെത്തി. ഗവണ്‍മെണ്ട് അഭയാര്‍ത്ഥികള്‍ക്കു കൊടുത്തിരുന്ന സഹായംകൊണ്ടു കുറേ ദിവസം അവര്‍ കഴിച്ചുകൂട്ടി. ഉപജീവനത്തിനു വല്ല മാര്‍ഗ്ഗവും തേടണമല്ലോ എന്നായി പിന്നെ ആ സ്ത്രീയുടെ ആലോചന. 'ഞാനൊരു വഴി കണ്ടിട്ടുണ്ടമ്മേ' എന്നു രത്തന്‍സിങ്ങ് പറഞ്ഞു. അവന്‍ പഴങ്ങള്‍ വാങ്ങി നടന്നു വില്‍ക്കാന്‍തുടങ്ങി. ഒരു ദിവസം പഴവുംകൊണ്ട് ഒരു ധനികന്റെ വീട്ടില്‍ കയറിച്ചെന്നപ്പോള്‍ 'ഞങ്ങള്‍ക്കൊന്നും ആവശ്യമില്ല. ഷാപ്പില്‍നിന്നു വാങ്ങുന്നുണ്ട്. പൊയ്ക്കോളൂ' എന്ന് പറഞ്ഞയച്ചു. പിറ്റേ ദിവസവും കുട്ടി പഴവുംകൊണ്ട് ആ വീട്ടിലേക്കു പോയി. 'ഇന്നലെ പറഞ്ഞില്ലേ ഞങ്ങള്‍ക്കു പഴം വേണ്ട എന്ന്?' വീട്ടിലെ യജമാനന്‍ കോപത്തോടെ പറഞ്ഞു. 'ഇന്നലെ കൊണ്ടുവന്നതിനേക്കാള്‍ നല്ല പഴമാണ്. ഷാപ്പില്‍നിന്നു വാങ്ങുന്നതിന്നു പകരം ഇത് എന്റെ കയ്യില്‍നിന്നു വാങ്ങിയാല്‍ ഞങ്ങള്‍ക്കൊരു സഹായമായിരിക്കും. ഞാനും എന്റെ അമ്മയും ലാഹൂറില്‍നിന്നു വന്നവരാണ്. ഇതു വിറ്റിട്ടു വേണം കഴിയുവാന്‍' എന്നു കുട്ടി പിന്നേയും അപേക്ഷിച്ചു. 'ഇതാ ഇതുകൊണ്ടുപൊയ്ക്കോളൂ, പഴമൊന്നും എനിക്കു വേണ്ട' എന്നു പറഞ്ഞു വീട്ടുടമസ്ഥന്‍ രണ്ടുറുപ്പികയെടുത്തു കുട്ടിക്കു കൊടുത്തു. 'അതെനിക്കു വാങ്ങുവാന്‍ തരമില്ല. ഭിക്ഷയായി ആരുടെ കൈയില്‍നിന്നും ഒന്നും വാങ്ങരുതെന്നാണ് അമ്മ എന്നോട് ഉപദേശിച്ചിരിക്കുന്നത്. ഇതു വിറ്റ് അതില്‍നിന്നുണ്ടാകുന്ന ലാഭംകൊണ്ടാണ് ഞങ്ങള്‍ ചെലവ് കഴിക്കുന്നത്' എന്നു വിനീതഭാവത്തില്‍ കുട്ടി പറഞ്ഞു. കുട്ടി ഇതു പറഞ്ഞപ്പോള്‍ വീട്ടുകാരന്ന് അവനോട് അനുഭാവം തോന്നി. അനുഭാവം മാത്രമല്ല ബഹുമാനവും. അന്നു മുതല്‍ പതിവായി ആ കുട്ടിയുടെ കൈയില്‍നിന്ന് അയാള്‍ പഴം വാങ്ങുവാന്‍ തുടങ്ങി. അതുപോലെ വേറെ ചിലരും. അതില്‍നിന്നുള്ള ലാഭംകൊണ്ടു രണ്ടുകൊല്ലത്തിന്നിടയില്‍ കുട്ടിയും അമ്മയും പഴം വില്‍ക്കുവാനുള്ള ഒരു നല്ല ഷാപ്പു തുറന്നു. യാചിക്കുവാനല്ല പ്രയത്നിക്കുവാനാണ് ചെറുപ്പം മുതല്‍ക്കേ ആ കുട്ടി നിശ്ചയിച്ചത്. ഇപ്പോള്‍ ആ ചെറുപ്പക്കാരന്‍ ഒരു നല്ല കച്ചവടക്കാരനായിത്തീര്‍ന്നിരിക്കുന്നു.

പഠിപ്പുള്ള ഒരു റിക്ഷക്കാരന്റെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ? കല്ക്കത്താപട്ടണത്തില്‍ ഒരാള്‍ റിക്ഷയില്‍ കയറിപോവുകയായിരുന്നു. ആ റിക്ഷക്കാരന്റെ സംസാരവും ഭാവവും കണ്ടപ്പോള്‍ അയാള്‍ ഒരു സാധാരണ റിക്ഷക്കാരനല്ലെന്നു യാത്രക്കാരന്നു തോന്നി. വിവരം ചോദിച്ചപ്പോഴാണ് ആ യുവാവ് ഉയര്‍ന്ന ക്ലാസില്‍ പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയാണെന്നറിഞ്ഞത്. കോളേജില്‍ ഫീസു കൊടുക്കുന്നതിന്നും തന്റെ ചെലവിന്നും പണമില്ലാതെ വന്നു. അതുകൊണ്ടു കുറേ നേരം റിക്ഷ വലിച്ചു പണം സമ്പാദിക്കുകയായിരുന്നു അയാള്‍. ഈ വിവരമെല്ലാം കേട്ടപ്പോള്‍ റിക്ഷയില്‍ ഉണ്ടായിരുന്നു ആള്‍ക്കു ദയ തോന്നി. യാത്രയുടെ അവസാനത്തില്‍ റിക്ഷക്കാരനു 10 ക.യുടെ നോട്ടെടുത്തു കൊടുത്തു. ആ റിക്ഷക്കാരന്‍ അതു വാങ്ങാന്‍ കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ ദയയ്ക്കു നന്ദി പറഞ്ഞു തന്റെ അധ്വാനത്തിന്റെ ഫലമായ ഒരുറുപ്പിക മാത്രം എടുത്തു ബാക്കി മടക്കിക്കൊടുത്തു. ആ ചെറുപ്പക്കാരന്റെ ആത്മാഭിമാനത്തിന്റെ മുമ്പില്‍ ആ പണക്കാരന്‍ താനറിയാതെ തല കുനിച്ചു.

പണം നമുക്കെപ്പോഴും ഉണ്ടായി എന്നു വരില്ല. അതുണ്ടായാലും ഇല്ലെങ്കിലും ആത്മാഭിമാനം സംരക്ഷിക്കുവാനുള്ള ബാധ്യത നമുക്കുണ്ട്. ബുദ്ധിമുട്ടുമ്പോഴെല്ലാം മറ്റുള്ളവരെ ആശ്രയിക്കുന്ന സമ്പ്രദായം നമ്മുടെ ആത്മാഭിമാനത്തെ നശിപ്പിക്കും. ഒരു പ്രാവശ്യമോ, രണ്ടുപ്രാവശ്യമോ അവര്‍ സന്തോഷത്തോടെ സഹായിച്ചുവെന്നു വരാം. പിന്നെ അവരുടെ നിലയും ഭാവവും മാറും. പണം കിട്ടിയില്ലെന്നു മാത്രമല്ല പ്രതീക്ഷിക്കാത്ത മറ്റു ചിലതെല്ലാം കിട്ടിയെന്നും വരും.

ഈ ഗ്രന്ഥകാരന്റെ പരിചയത്തില്‍പ്പെട്ട ഒരാളുടെ കഥ പറയാം. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. വലിയ വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. കുറേ പഠിച്ചതിനുശേഷം പഠിപ്പുനിര്‍ത്തി പല ജോലിയും നോക്കി. ഒന്നും തുടര്‍ന്നുപോകുവാന്‍ സാധിച്ചില്ല. ഒരു ചെറിയ കച്ചവടം തുടങ്ങി. അതു കുറേക്കാലം നടത്തി. അവസാനം അതും പൊളിഞ്ഞു. കുടുംബസ്ഥനായിരുന്ന ആ നിര്‍ഭാഗ്യവാനു കഴിഞ്ഞുകൂടുവാന്‍ മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു. തന്റെ ഒരു പഴയ സ്നേഹിതനെ ഓര്‍മ്മ വന്നു. നല്ല സ്ഥിതിയിലിരിക്കുന്ന ആളായിരുന്നു അദ്ദേഹം. ആ സ്നേഹിതനെ സമീപിച്ചു സഹായത്തിനഭ്യര്‍ത്ഥിച്ചു. അതുവരെ സൗഹാര്‍ദ്ദത്തോടെ സംസാരിച്ചിരുന്ന സ്നേഹിതന്റെ നില അപ്പോള്‍ മാറി; 'അവനവന്റെ ചെലവിനു മറ്റുള്ളവരോടു ചോദിക്കരുത്. പണി എടുക്കുവാന്‍ വയ്യെങ്കില്‍ പട്ടിണികിടന്നു ചാകണം' എന്നു സ്നേഹിതന്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ യാതൊരു മറുപടിയും പറയാന്‍ അയാള്‍ക്കു തോന്നിയില്ല. നിരാശയല്ല അപ്പോള്‍ അയാളുടെ മനസ്സിലുണ്ടായത്. ഒരു പുതിയ നിശ്ചയം ആ മനസ്സിലുദിക്കുകയാണ് ചെയ്തത്.

'അവനവന്റെ ചെലവിന്നു മറ്റുള്ളവരോടു ചോദിക്കരുത്. പണിയെടുക്കുവാന്‍ വയ്യെങ്കില്‍ പട്ടിണികിടന്നു ചാകണം' എന്നു തന്നെത്താന്‍ പറഞ്ഞ്
അയാള്‍ വീട്ടിലേക്കു മടങ്ങി. പട്ടിണികിടന്നു ചാകുവാന്‍ ഏതായാലും വിചാരിക്കുന്നില്ല; ചെലവിനു വേണ്ട വക ഉണ്ടാക്കുകതന്നെ ചെയ്യും എന്നു മനസ്സിലുറച്ചു. പല മാര്‍ഗ്ഗങ്ങളും ആലോചിച്ചു. തനിക്കു പരിചയമുണ്ടായിരുന്ന ഒരു തുണിക്കച്ചവടക്കാരനെ സമീപിച്ചു. 'ദിവസേന കുറേശ്ശെ തുണി തന്നാല്‍ അതു വിറ്റുതരാം. അതിന്നു വല്ല കമ്മീഷനും തന്നാല്‍ മതി' എന്നു പറഞ്ഞു. അങ്ങനെ കുറെക്കാലം തുണി വിറ്റു ചെലവുകഴിച്ചു പോന്നു. പിന്നെ സ്വന്തമായി ഒരു ഏജന്‍സി തുടങ്ങി. അതു ക്രമേണ വളര്‍ന്നുവന്നു. അതിനെത്തുടര്‍ന്ന് ഒരു നെയ്ത്തുശാല തുറന്നു സ്വന്തമായി തുണിച്ചരക്കുകള്‍ ഉണ്ടാക്കുവാന്‍ തുടങ്ങി. അതു സമ്പത്തിലേക്കും സമൃദ്ധിയിലേക്കും അദ്ദേഹത്തിനു വഴികാണിച്ചു. തനിക്കു സഹായം നിഷേധിച്ച സ്നേഹിതന്റെ നേരെ യാതൊരു വെറുപ്പും അദ്ദേഹത്തിനു തോന്നിയില്ല. 'അന്ന് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇന്ന് എന്നെ ഈ നിലയിലാക്കിയതെ'ന്ന് അദ്ദേഹം ഈ ഗ്രന്ഥകാരനോടു പറഞ്ഞു. അതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ തൊണ്ട ഇടറിയിരുന്നു. കണ്ണില്‍ വെള്ളം നിറഞ്ഞിരുന്നു. അന്നത്തെ ദാരിദ്ര്യവും ഇന്നത്തെ സമൃദ്ധിയും തമ്മിലുള്ള അന്തരത്തെപ്പറ്റി ആലോചിച്ചിട്ടായിരിക്കാം താനറിയാതെ കണ്ണില്‍ വെള്ളം നിറഞ്ഞത്.

എത്ര കുഴപ്പമുള്ള സ്ഥിതിയായാലും അതില്‍നിന്നു കരകയറുവാനുള്ള ശക്തി നമുക്കുണ്ട്. ഈ പരമാര്‍ഥം അറിഞ്ഞിരിക്കുന്നത് ജീവിതത്തില്‍ നമുക്ക് നേരിടുവാനിടയുള്ള പല പ്രതിബന്ധങ്ങളോടും മല്ലിടുന്നതിനും ധൈര്യമുണ്ടാക്കും. ഇന്നു ലോകം ഈ നിലയിലെത്തിയിട്ടുള്ളത് പ്രതിബന്ധങ്ങളെ വകവെക്കാതെ അവയെ എതിര്‍ത്ത ഉത്സാഹശീലന്മാരുടെ പ്രയത്നം കൊണ്ടാണ്. ഏതു സ്ഥിതിക്കും അവരെ നിരാശരാക്കുവാന്‍ കഴിയില്ല. ഏതു പ്രതിബന്ധങ്ങള്‍ക്കും മുന്നോട്ടു പോകുന്നതില്‍ നിന്നവരെ തടസ്സപ്പെടുത്തുവാന്‍ സാധിക്കയില്ല.

നാലുപ്രാവശ്യം അമേരിക്കയിലെ പ്രസിഡണ്ടുസ്ഥാനം അലങ്കരിച്ച ഫ്രാങ്ക്ളിന്‍ റൂസ്വല്‍ട്ടിന് ഒരു മാറാത്ത രോഗം പിടിപെട്ടു. 35 വയസ്സാകുന്നതിനു മുമ്പുതന്നെ അമേരിക്കയിലെ പൊതുജീവിതത്തില്‍ അദ്ദേഹം ഒരുയര്‍ന്ന സ്ഥാനം സമ്പാദിച്ചിരുന്നു. അപ്പോളാണ് അദ്ദേഹത്തിന് പിള്ളവാതം പിടിപെട്ടത്. നാലുകൊല്ലം വിടാതെ അതിനോടു മല്ലിടേണ്ടിവന്നു. എന്നിട്ടും ഉരുക്കുപട്ടയിട്ടു വടി കുത്തി നൊണ്ടി നടക്കാനേ അദ്ദേഹത്തിനു സാധിച്ചിരുന്നുള്ളൂ. അതുകൊണ്ടൊന്നും ആ മുഖത്ത് സ്ഫുരിച്ചിരുന്ന പ്രസാദത്തിനും നേരംപോക്ക് പറയുന്നതിനും വലിയ കാര്യങ്ങള്‍ ചിന്തിക്കുന്നതിനും കുറവു വന്നിരുന്നില്ല. അദ്ദേഹത്തിന്റെ ആത്മവിശ്വാസം അളവറ്റതായിരുന്നു. ശുഭപ്രതീക്ഷയും അങ്ങനെത്തന്നെ.

കഴിഞ്ഞ ലോകമഹായുദ്ധത്തില്‍ അംഗഭംഗം വന്ന നിര്‍ഭാഗ്യവാന്മാര്‍ ലക്ഷക്കണക്കിനാണ്. അവരില്‍ ഒരാളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. അയാളുടെ രണ്ടു കാലും രണ്ടു കൈയും ഒരു ബോംബ് തട്ടി ചിതറിപ്പോയി. തലയും ഉടലും മാത്രം ബാക്കിയായി. അയാള്‍ മരിക്കാതെ എങ്ങനെ രക്ഷപ്പെട്ടുവെന്നത്
അയാള്‍ക്കും മറ്റുള്ളവര്‍ക്കും മനസ്സിലാക്കാന്‍ പ്രയാസമുള്ള ഒരത്ഭുതമായിരുന്നു. കുറെക്കാലം ആസ്പത്രിയില്‍ കഴിച്ചു. തിരിഞ്ഞും മറിഞ്ഞും കിടക്കുവാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല, മലര്‍ന്നുകിടക്കുവാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. മുറിവെല്ലാമുണങ്ങി ആസ്പത്രിയില്‍നിന്ന് പുറത്തുവരേണ്ട സമയമടുത്തു. അംഗഭംഗം നേരിട്ട അവശരായ പട്ടാളക്കാര്‍ക്ക് ബുദ്ധിമുട്ടു കൂടാതെ കഴിഞ്ഞുകൂടുവാനുള്ള മാര്‍ഗങ്ങള്‍ അമേരിക്കയിലെ ഗവണ്‍മെന്റ് ഉണ്ടാക്കിക്കൊടുത്തിരുന്നു. ഈ നിര്‍ഭാഗ്യവാന്റെ പരിതാപകരമായ സ്ഥിതിയെപ്പറ്റി കേട്ടപ്പോള്‍ പൊതുജനങ്ങളും വലിയൊരു സംഖ്യ പിരിച്ച് അദ്ദേഹത്തിന് സംഭാവന ചെയ്തു. അതുകൊണ്ടൊന്നും അയാള്‍ തൃപ്തിപ്പെട്ടില്ല. മലര്‍ന്നുകിടന്ന്, മറ്റുള്ളവര്‍ കൊടുക്കുന്ന പണംകൊണ്ട് ചെലവു കഴിക്കുവാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല. അന്യാശ്രയം കൂടാതെ ഉപജീവനം കഴിക്കുവാനുള്ള മാര്‍ഗമാണ് അയാള്‍ തേടിയത്. കൃത്രിമപ്പല്ല് വെക്കുന്നതുപോലെ കൃത്രിമക്കൈയും കൃത്രിമക്കാലും വെക്കുവാന്‍ സാധിക്കും. അമേരിക്കയെപ്പോലുള്ള ഒരു രാജ്യത്ത് അതു വിശേഷമായി ചെയ്തുവരുന്നുമുണ്ട്. കൃത്രിമാവയവങ്ങളുടെ സഹായത്തോടെ എഴുന്നേറ്റുനില്ക്കുവാനും പല്ലുതേയ്ക്കുവാനും ക്ഷൗരം ചെയ്യുവാനും എല്ലാം അയാള്‍ പഠിച്ചു. അതുകൊണ്ടും തൃപ്തിപ്പെട്ടില്ല. തനിക്കു വല്ല ജോലിയും വേണമെന്ന് ആഗ്രഹം തുടങ്ങി. കൃഷിപ്പണിക്കായിരുന്നു അയാള്‍ക്ക് മോഹം. കൈയും കാലുമില്ലാത്ത ഒരാള്‍ക്ക് കൃഷി ചെയ്യണമെന്ന മോഹം!

കൃഷി ചെയ്യേണ്ടുന്ന സമ്പ്രദായത്തെപ്പറ്റി പല പുസ്തകങ്ങളും അയാള്‍ വായിച്ചു. പൊതുജനങ്ങള്‍ കൊടുത്ത പണംകൊണ്ട് ഒരു നിലം വാങ്ങി; അയാള്‍ക്കിരുന്ന് ഓടിക്കുവാന്‍ പറ്റുന്ന പ്രത്യേകതരത്തിലുള്ള ജീപ്പ് കമ്പനിക്കാര്‍ സമ്മാനമായി കൊടുത്തു. കൃഷിപ്പണിക്കു പറ്റുന്ന യന്ത്രങ്ങള്‍ എത്രയെങ്കിലുമുണ്ടല്ലോ. അവ ഓടിക്കുന്ന സമ്പ്രദായവും അയാള്‍ മനസ്സിലാക്കി. എന്തിനേറെ പറയുന്നു, അയാളുടെ നിലം ഒരു മാതൃകാകൃഷിസ്ഥലമായിത്തീര്‍ന്നു. വിളവുകൂടി, സ്ഥലം വൃത്തിയായി. അതോടുകൂടി അയാളുടെ ആത്മവിശ്വാസവും വര്‍ധിച്ചു.
ധൈര്യമുള്ളവനേ ജയമുള്ളൂ. വിശ്വാസമുള്ളവനേ ആശ്വാസം ലഭിക്കയുള്ളൂ.

'അയാള്‍ കുട്ടിക്കാലത്ത് എങ്ങനെയായിരുന്നു? പഠിപ്പില്‍ മഹാമോശമായിരുന്നു. ഇപ്പോള്‍ ആളെത്ര കേമനായി?' എന്ന്, പൊതുജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനം സമ്പാദിച്ച ഒരാളെപ്പറ്റി പറയുന്നത് ഈ ഗ്രന്ഥകാരന്‍ കേട്ടിട്ടുണ്ട്. വാസ്തവം അങ്ങനെ തന്നെയായിരുന്നു. പഠിക്കുമ്പോള്‍ അയാള്‍ ക്ലാസ്സില്‍ പലപ്പോഴും അവസാനമായിരുന്നു. പരീക്ഷയില്‍ ഒന്നിലധികം പ്രാവശ്യം തോറ്റിട്ടുണ്ട്. തന്റെ ക്ലാസ്സിലുള്ള മിടുക്കന്മാരായ കുട്ടികളെ കാണുമ്പോള്‍ എന്തെന്നറിയാത്ത ഒരു ലജ്ജ അയാള്‍ക്ക് തോന്നിയിരുന്നു. അങ്ങനെ ചെറിയ ക്ലാസ്സിലെ പഠിപ്പു കഴിഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസത്തിന് പോകണമോ എന്നുകൂടി സംശയമായിരുന്നു. അച്ഛന്റെ നിര്‍ബന്ധം കൊണ്ട് പഠിപ്പു തുടര്‍ന്നു. ഒന്നുരണ്ടു പ്രാവശ്യം തോറ്റതിനു ശേഷമാണ് ബി.എ. ജയിച്ചത്. അതില്‍പ്പിന്നെ ആള്‍ക്കൊരു മാറ്റം വന്നു. 'സ്വശക്തിയില്‍ വിശ്വസിക്കുന്ന മനുഷ്യനേ മേല്പോട്ടു കയറുവാന്‍ സാധിക്കുകയുള്ളൂ. നിങ്ങളുടെ ശക്തിയില്‍ നിങ്ങള്‍ക്കു വിശ്വാസമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അതെങ്ങനെയുണ്ടാകും?' എന്ന് ഒരു പ്രാസംഗികന്‍ പറഞ്ഞതു കേട്ടപ്പോള്‍ അയാളുടെ ജീവിതത്തിന് ഒരു പുതിയ ഉദ്ദേശ്യമുണ്ടായിവന്നു. അദ്ദേഹത്തില്‍ ഉറങ്ങിക്കിടക്കുന്ന ശക്തിയെ അതുണര്‍ത്തി. 'സ്വശക്തിയില്‍ വിശ്വാസം ജനിച്ചപ്പോള്‍ ഒന്നും അസാധ്യമാണെന്ന് എനിക്കു തോന്നിയില്ല. കുഴപ്പം തോന്നുന്ന കാര്യങ്ങളില്‍ എന്റെ സഹായം അഭ്യര്‍ഥിച്ചുകൊണ്ട് ആളുകള്‍ എന്നെ സമീപിക്കുവാന്‍ തുടങ്ങി. വരുന്നവരെയെല്ലാം തൃപ്തിപ്പെടുത്തി അയയ്ക്കുന്നതിന്ന് എനിക്കു കഴിഞ്ഞു. ഒരു ജയത്തില്‍നിന്ന് മറ്റൊന്നിലേക്ക്' എന്നാണ് പുഞ്ചിരിയോടുകൂടി അദ്ദേഹം പറഞ്ഞിരുന്നത്.

ജനനംകൊണ്ടും പരിതസ്ഥിതി കൊണ്ടും നമുക്ക് ചില സ്വഭാവങ്ങള്‍ കിട്ടിയിട്ടുണ്ടാകും. അവ മാറ്റുവാന്‍ സാധിക്കില്ലെന്നു വിചാരിക്കുന്നത് വിഡ്ഢിത്തമാണ്. മനുഷ്യന്റെ ശക്തി മനസ്സിന്റെ ശക്തിയാണ്. മനസ്സിനെ വേണ്ടുംവണ്ണം നിയന്ത്രിച്ചാല്‍ ജീവിതത്തേയും നിയന്ത്രിക്കാം. ആദ്യം ചെറിയ കാര്യങ്ങളില്‍ പരീക്ഷിച്ചുനോക്കിയാല്‍ മതി. ഒരു പ്രാവശ്യമല്ല, പിന്നെയും പിന്നെയും തുടര്‍ന്നു പരീക്ഷിച്ചാല്‍ ഒടുവില്‍ ഉണ്ടാവാന്‍ പോകുന്ന ജയം നിങ്ങളെ അദ്ഭുതപ്പെടുത്തും.

പരേതനായ ആറാം ജോര്‍ജിന് കുട്ടിക്കാലത്ത് 'വിക്കലു'ണ്ടായിരുന്നു. അത് എങ്ങനെയെങ്കിലും മാറ്റണമെന്ന് അദ്ദേഹം നിശ്ചയിച്ചു. വിക്കല്‍ മാറ്റുവാന്‍ സാധിക്കുമോ എന്നു ചിലര്‍ സംശയിച്ചു. സാധ്യമാണെന്നു വിദഗ്ധന്മാര്‍ ഉപദേശിച്ചു. വിടാതെ പരിശീലനം നടത്തി, നാലഞ്ചു കൊല്ലംകൊണ്ട് വിക്കലെല്ലാം പോയി വ്യക്തമായി പ്രസംഗിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ലോകത്തിലിതുവരെയുണ്ടായിട്ടുള്ള പ്രാസംഗികന്മാരില്‍ ഒരുയര്‍ന്ന സ്ഥാനം സമ്പാദിച്ച ഡമോസ്തനീസും ചെറുപ്പകാലത്ത് ഒരു 'വിക്ക'നായിരുന്നുവത്രേ. കടല്‍ത്തീരത്തു ചെന്നു തിരകളെ അഭിമുഖീകരിച്ചു പ്രസംഗം പരിശീലിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. കുട്ടിക്കാലത്ത് അദ്ദേഹത്തെ പരിചയമുണ്ടായിരുന്ന ആരോടെങ്കിലും ഡമോസ്തനീസ് ഒരുകാലത്ത് വലിയ പ്രാസംഗികനായിത്തീരുമെന്നു പറഞ്ഞിരുന്നുവെങ്കില്‍ അതയാള്‍ വിശ്വസിക്കുമായിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ വിജയകരമായ പരിശ്രമം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

ആത്മവിശ്വാസം വളര്‍ത്തിക്കൊണ്ടുവരുവാന്‍ പരിശീലിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് ഗുണകരമായിരിക്കും. തനിക്ക് അതെല്ലാം സാധിക്കും എന്നു വിചാരിക്കുന്ന മനുഷ്യന്ന് അതു ചെയ്യാനും കഴിയും. ആഗ്രഹിച്ചാല്‍ മാത്രം പോരാ; അതിനുള്ള വഴി ചിന്തിക്കണം, അതിനായി പ്രയ
ത്നിക്കണം. എന്നാല്‍ അതു സാധിക്കും.

ആഗ്രഹം, ആത്മവിശ്വാസം, സ്ഥിരോത്സാഹത്തോടു കൂടിയ പരിശ്രമം ഇതു മൂന്നും ഒത്തുകൂടുമ്പോള്‍ വിജയം തനിയെ ഉണ്ടായിക്കൊള്ളും. ഈ ലോകം ഒരു മഹാനിയമത്തിനു വിധേയമാണ്. സൂര്യചന്ദ്രന്മാരും കോടാനുകോടി നക്ഷത്രങ്ങളും പുല്ലും പുഴുവും മനുഷ്യനും എല്ലാം ആ നിയമത്തിനു വിധേയങ്ങളാകുന്നു. ജയവും അപജയവും, സുഖവും ദുഃഖവും അതുപോലെത്തന്നെ. മറ്റുള്ളവരോടു പരിഭവിച്ചിട്ടോ വിധിയെ ദുഷിച്ചിട്ടോ തലയ്ക്കടിച്ചിട്ടോ പ്രയോജനമില്ല. വിജയം കൈവരുത്തണമെങ്കില്‍ അതിനുള്ള പരിതഃസ്ഥിതി മനസ്സില്‍ സൃഷ്ടിക്കണം. വലിയ കാര്യങ്ങള്‍ നേടിയിട്ടുള്ളവരെല്ലാം വലിയ ആത്മവിശ്വാസമുള്ളവരായിരുന്നു. ഹെന്റി ഫോര്‍ഡ് തന്റെ മോട്ടോര്‍കാറുണ്ടാക്കുവാനുള്ള പരീക്ഷണം നടത്തുമ്പോള്‍ പലരും അദ്ദേഹത്തെ പരിഹസിച്ചിരുന്നു. എന്‍ജിന്‍ ഓടുവാന്‍ തുടങ്ങിയപ്പോള്‍ സന്തോഷംകൊണ്ടു ഭ്രാന്തനെപ്പോലെ ഫോര്‍ഡ് ഓടിച്ചാടുവാന്‍ തുടങ്ങിയത്രേ.
ഭൂമി അണ്ഡാകാരത്തിലുള്ളതാണെന്നും അത് സൂര്യന്നു ചുറ്റും പോകുകയാണെന്നും ഗലീലിയോ ബലമായി വിശ്വസിച്ചിരുന്നു. അന്നുണ്ടായിരുന്ന വിശ്വാസത്തിനു നേരെ വിപരീതമായ അഭിപ്രായമായിരുന്നു അത്. അത്തരത്തിലുള്ള വിശ്വാസം ജനങ്ങളില്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചതിനു ഗലീലിയോവിനെ പലരും ദ്വേഷിച്ചു, ഉപദ്രവിച്ചു. പക്ഷേ, അദ്ദേഹം തന്റെ ഉറച്ച വിശ്വാസത്തെ കൈവിട്ടില്ല. ആ വിശ്വാസത്തിന്മേലാണ് പിന്നെ ശാസ്ത്രം വളര്‍ന്നുവന്നത്.

കൊളംബസ് പടിഞ്ഞാറേ സമുദ്രം വഴിയായി ഇന്ത്യ കണ്ടുപിടിക്കാന്‍ പുറപ്പെട്ടപ്പോള്‍ യൂറോപ്പില്‍ പലരും അതു സാധ്യമല്ലെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ കപ്പലിലുണ്ടായിരുന്നവര്‍ കൂടി കൊളംബസിന്റെ 'ഭ്രാന്തി'നു വഴിപ്പെട്ടതില്‍ പശ്ചാത്തപിച്ചു. സ്വരാജ്യത്തിലേക്കു കപ്പല്‍ തിരിച്ചില്ലെങ്കില്‍ കൊളംബസിനെ സമുദ്രത്തിലെറിയുമെന്നവര്‍ ഭീഷണിപ്പെടുത്തി. അതുകൊണ്ടൊന്നും തന്റെ വിശ്വാസത്തില്‍നിന്ന് അണുപോലും അദ്ദേഹം ഇളകിയില്ല. കപ്പല്‍ നേരെ വിട്ടു. തന്റെ ലക്ഷ്യസ്ഥാനത്ത് കൊളംബസ് എത്തുകതന്നെ ചെയ്തു. പക്ഷേ, ഇന്ത്യ കണ്ടുപിടിക്കുന്നതിനു പകരം കണ്ടെത്തിയത് അമേരിക്കയാണെന്നു മാത്രം.

സ്വാതന്ത്ര്യലബ്ധിക്കായുള്ള മഹാത്മാഗാന്ധിയുടെ അക്രമരാഹിത്യ പ്രസ്ഥാനം അര്‍ഥശൂന്യമാണെന്ന് എത്ര ആളുകള്‍ ആക്ഷേപിച്ചിരുന്നു! അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് ആ സമരത്തില്‍ വിജയം നേടിയത്. ശിവാജി, നെപ്പോളിയന്‍, ഹിറ്റ്ലര്‍, ലൂതര്‍, ലിങ്കന്‍ ഇവരെല്ലാം അവരുടെ അളവറ്റ ആത്മവിശ്വാസത്തിന്റെ ഫലമായി അസാധ്യമാണെന്നു തോന്നിയ കാര്യങ്ങള്‍ നേടിയവരാണ്. അവരെപ്പോലെയുള്ള മറ്റനേകം മഹാമനുഷ്യന്മാരെയും ചരിത്രത്തില്‍ കാണാം. അത്തരം നേട്ടങ്ങള്‍ അവര്‍ക്കു മാത്രമല്ല സാധിക്കുക, നമുക്കും സാധ്യമാണ്. എന്തദ്ഭുതശക്തിയാണ് നമ്മിലോരോരുത്തരിലുമിരിക്കുന്നത്! ഈ വസ്തുത നാമറിയാത്തതാണ് അദ്ഭുതം!