
'കെ.പി.കേശവമേനോന്‍ പേരക്കുട്ടിയുടെ ഓര്‍മ്മകള്‍' എന്ന പുസ്തകത്തിന്റെ മിക്ക ഭാഗവും 'അറിയപ്പെടാത്ത കേശവമേനോനെ'യാണ് ചിത്രീകരിക്കുന്നത്.
പൊതുരംഗത്തുള്ള നേതാവല്ല, കുടുംബത്തിലുള്ള വ്യക്തിയാണ് ഇവിടത്തെ കഥാനായകന്‍. അദ്ദേഹത്തിന്റെ നിഴലുപോലെ ഏറെക്കാലം ജീവിച്ച പേരക്കുട്ടി നളിനി ദാമോദരന്‍ മുത്തശ്ശനെക്കുറിച്ചെഴുതിയ ഓര്‍മക്കുറിപ്പുകള്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.
1948-ല്‍ മാതൃഭൂമിയുടെ ഡയറക്ടര്‍ ബോര്‍ഡ് വീണ്ടും പത്രാധിപപദവി ഏറ്റെടുക്കുവാന്‍ വല്യച്ഛനെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് സിങ്കപ്പൂരിലെ വക്കീലാപ്പീസ് മറ്റൊരാള്‍ക്ക് വിലയ്ക്ക് നല്‍കി നാട്ടിലേക്ക് മടങ്ങി. പിന്നെ സിങ്കപ്പൂരിലേക്ക് പോയത് 1955-ല്‍, മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ്.
മാതൃഭൂമിയുടെ പ്രവര്‍ത്തനം കോഴിക്കോടായതുകൊണ്ട് വല്യച്ഛന്‍ താമസം കോഴിക്കോട്ടേക്കാക്കി. കൂടെ വല്യമ്മയും പാചകക്കാരനായി പാലക്കാട് രാജവംശത്തിലെ സാമ്പത്തികശേഷിക്കുറവുള്ള കുടുംബത്തിലെ അംഗമായ ഭീമന്‍ എന്നു പേരുള്ള ആളും, ഞങ്ങളുടെ ബന്ധുവായ എം. പ്രകാശും കോഴിക്കോട്ടേക്കു പോയി. പ്രകാശ് പിന്നീട് മാതൃഭൂമിയില്‍ ഫോട്ടോഗ്രാഫറായി. മാതൃഭൂമി പത്രാധിപര്‍ക്ക് താമസിക്കുവാനായി കോഴിക്കോട് ബിലാത്തികുളത്ത് ഒരു വലിയ വീട് വാടകയ്ക്ക് എടുത്തു. 'പുത്തന്‍വീട്' എന്നായിരുന്നു പേര്. ആ വീട്ടിലാണ് ഒന്നരക്കൊല്ലത്തെ സിലോണ്‍ ജീവിതം ഒഴിച്ചാല്‍ 40 കൊല്ലത്തോളം മരണംവരെ മാതൃഭൂമി പത്രാധിപരായി വല്യച്ഛന്‍ ജീവിച്ചത്.
1923 മാര്‍ച്ച് 18ാം തീയതി മാതൃഭൂമി പത്രം ആരംഭിച്ച ദിവസം എഴുതിയ 'പാവനപ്രതിജ്ഞ' എന്ന മുഖപ്രസംഗത്തില്‍ വെളിപ്പെടുത്തിയ പത്രധര്‍മ്മം എന്ന ആശയം 25 കൊല്ലത്തിനുശേഷവും അദ്ദേഹം പാലിച്ചു.
പത്രത്തില്‍ സത്യസന്ധമായും വസ്തുനിഷ്ഠമായും വാര്‍ത്തകള്‍ കൊടുക്കണമെന്നും വാര്‍ത്തകളില്‍ വിമര്‍ശിക്കപ്പെടുന്നവരെ അലോസരപ്പെടുത്താത്ത രീതിയില്‍ മര്യാദയും മാന്യതയും പുലര്‍ത്തി മാത്രമേ വാര്‍ത്തകള്‍ കൊടുക്കാവൂ എന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു. പരിഹാസരൂപേണ ഉപയോഗിക്കുന്ന ഭാഷ അദ്ദേഹം പൊറുത്തിരുന്നില്ല. അങ്ങനെ ഒന്നുരണ്ടുതവണ ഈ രീതി അനുവര്‍ത്തിച്ചവരോട് അദ്ദേഹം ക്ഷോഭിച്ചുകൊണ്ട് 'ഇത് മാതൃഭൂമിയാണ്, മാതൃഭൂമിക്ക് യോജിച്ച ഭാഷയല്ല ഇത്' എന്നുപറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. വല്യച്ഛന്റെ പത്രാപ്പീസിലെ ചുവരില്‍ A code of journalism എന്ന് എഴുതിയ ഒരു ഫലകം ഫ്രെയിം ചെയ്ത് തൂക്കിയിരുന്നു.
അന്ന് മാതൃഭൂമി പത്രാധിപസമിതിയില്‍ ടി.പി.സി. കിടാവ് (മാതൃഭൂമിയില്‍ തുടക്കം മുതല്‍ ഉള്ള വ്യക്തിയാണ്), സി.എച്ച്. കുഞ്ഞപ്പ, പി.കെ. രാമന്‍, മാധവനാര്‍, കെ.ആര്‍. പണിക്കര്‍, വി.എം. കൊറാത്ത്, വി.ആര്‍. മേനോന്‍, വിംസി എന്ന പേരിലെഴുതുന്ന വി.എം. ബാലചന്ദ്രന്‍, എന്‍.പി. ദാമോദരന്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന എന്‍.വി. കൃഷ്ണവാരിയരും കേരളത്തിലെ ആദ്യത്തെ വനിതാപത്രപ്രവര്‍ത്തക തങ്കവും 1950-കളിലാണ് മാതൃഭൂമിയില്‍ ചേര്‍ന്നത്. എം.ടി. വാസുദേവന്‍ നായരെ പത്രാധിപസമിതിയിലേക്ക് തിരഞ്ഞെടുത്തത് വല്യച്ഛനായിരുന്നു. അഭിമുഖം കഴിഞ്ഞ് വാതില്‍ക്കല്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ വല്യച്ഛന്‍ തിരിച്ചുവിളിച്ചു എന്നും ജോലിക്ക് വരുമ്പോള്‍ ഷര്‍ട്ടിന്റെ മുഴുവന്‍ ബട്ടണും ഇടണമെന്നും പറഞ്ഞത് വല്യച്ഛനെക്കുറിച്ചുള്ള അനുസ്മരണയോഗങ്ങളില്‍ വാസുദേവന്‍ നായര്‍ പറയാറുണ്ട്. കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, അമ്പലക്കാട്ട് കരുണാകരമേനോന്‍, കെ. കേശവന്‍ നായര്‍, കെ. മാധവമേനോന്‍, എ.വി. കുട്ടിമാളുഅമ്മ, ടി.വി. സുന്ദര അയ്യര്‍ എന്നിവരായിരുന്നു മാതൃഭൂമിയുടെ അന്നത്തെ ഡയറക്ടര്‍മാര്‍. എന്‍. കൃഷ്ണന്‍ നായര്‍ മാനേജരും.
നമ്പൂതിരിപ്പാടായിരുന്നു അന്ന് മാനേജിങ് ഡയറക്ടര്‍. അദ്ദേഹം തൃശ്ശൂരായിരുന്നു താമസം. കോഴിക്കോട്ടു വരുമ്പോള്‍ എപ്പോഴും ഞങ്ങളുടെ വീട് സന്ദര്‍ശിക്കാറുണ്ട്. തമാശരൂപേണ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഓര്‍ക്കുന്നു: 'ഞാന്‍ കേശവമേനോന്റെ വീട്ടില്‍ ചെന്നപ്പോള്‍ 'ഭീമാ' എന്ന് കേശവമേനോന്‍ വിളിക്കുന്നതു കേട്ടു. ഭീമസേനന്റെ രൂപം മനസ്സില്‍ കരുതിയ ഞാന്‍ കണ്ടത് ഒരു കൃശഗാത്രനെയാണ്. പിന്നീട് മാതൃഭൂമി ആപ്പീസിലെത്തിയപ്പോള്‍ 'കിടാവേ' എന്ന് വിളിക്കുന്നത് കേട്ടു. അപ്പോള്‍ വന്നത് ഒരു ആജാനുബാഹു. പിന്നെ അദ്ദേഹം 'പ്രകാശം' എന്ന് വിളിച്ചു. അപ്പോള്‍ വന്നതോ നല്ലതുപോലെ കറുത്തിരുണ്ടൊരാള്‍.' ഈ ഫലിതം കേട്ട് പൊട്ടിച്ചിരിക്കാത്തവര്‍ ഇല്ല.
പ്രധാനമന്ത്രിമാരായിരുന്ന ജവാഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്നിവര്‍ വല്യച്ഛന്‍ പത്രാധിപരായിരുന്നപ്പോള്‍ മാതൃഭൂമി സന്ദര്‍ശിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് വന്നിരുന്ന കേന്ദ്രമന്ത്രിമാരടക്കം പല വിശിഷ്ട വ്യക്തികളും മാതൃഭൂമി സന്ദര്‍ശിക്കാതെ നഗരം വിട്ടിരുന്നില്ല.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കോഴിക്കോടും മാതൃഭൂമിയുടെ സുവര്‍ണജൂബിലി ഉദ്ഘാടനത്തിന് എറണാകുളത്തും വന്നിട്ടുണ്ട്.
നെഹ്രുവിന്റെ മാതൃഭൂമി സന്ദര്‍ശനവേളയില്‍ വല്യച്ഛന്റെ സ്വാഗതപ്രസംഗത്തിന് മറുപടി പറയവേ നെഹ്രു ഒരു കാര്യം എടുത്തുപറയുകയുണ്ടായി. 'നിങ്ങളുടെ പത്രാധിപര്‍ എന്നെപ്പറ്റി പലതും പറഞ്ഞുവെങ്കിലും മാതൃഭൂമി എന്റെ പുസ്തകങ്ങളുടെ പ്രസാധകരാണെന്ന് പറയുവാന്‍ മറന്നുപോയി.' അദ്ദേഹത്തിന്റെ An Autobiography (ആത്മകഥ), Discovery of India (ഇന്ത്യയെ കണ്ടെത്തല്‍), Glimpses of World History (വിശ്വചരിത്രാവലോകനം), A Father's letter to his daughter (ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍), A Bunch of Old Letters (ഒരു കൂട്ടം പഴയ കത്തുകള്‍) എന്നിവയാണ് ആ പുസ്തകങ്ങള്‍. സി.എച്ച്. കുഞ്ഞപ്പ, അമ്പാടി ഇക്കാവമ്മ, സുകുമാര്‍ അഴീക്കോട്, തായാട്ടു ശങ്കരന്‍ എന്നിവരാണ് ഈ പുസ്തകങ്ങള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തതത്.
കോഴിക്കോട് താമസമാക്കിയതോടെ നഗരത്തിലെ സജീവസാന്നിദ്ധ്യമായി വല്യച്ഛന്‍. പലരും ഉദ്ഘാടനങ്ങള്‍ക്കും യോഗങ്ങളില്‍ അദ്ധ്യക്ഷത വഹിക്കുവാനും ക്ഷണിച്ചുതുടങ്ങി. അക്കാലത്ത് വല്യച്ഛന് രാഷ്ട്രീയപ്രവര്‍ത്തനത്തോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ സാമൂഹികസേവനരംഗത്ത് തന്നാലാവുംവിധം പ്രവര്‍ത്തിക്കാന്‍ മടിച്ചില്ല.
ജോലിയില്ലാത്ത പലര്‍ക്കും വല്യച്ഛന്റെ ശുപാര്‍ശകൊണ്ട് ജോലി കിട്ടിയിട്ടുണ്ട്. അവരില്‍ ജഡ്ജിമാര്‍ മുതല്‍ തൂപ്പുജോലിക്കാര്‍വരെ ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിനങ്ങളിലും റിപ്പബ്ലിക്ക് ദിനങ്ങളിലും മാനാഞ്ചിറമൈതാനത്തില്‍ നടക്കുന്ന പതാക ഉയര്‍ത്തല്‍ചടങ്ങില്‍ വല്യച്ഛന്‍ സന്നിഹിതനായിരുന്നു. കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടും തിരഞ്ഞെടുപ്പുകാലത്ത് തന്റെ പൗരാവകാശം വല്യച്ഛന്‍ വിനിയോഗിക്കാതിരുന്നിട്ടില്ല.
റോട്ടറി ഇന്റര്‍നാഷണല്‍ എന്നൊരു അമേരിക്കന്‍ സന്നദ്ധസേവാസംഘടന കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന സംഘടനയായിരുന്നു അത്. റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് എന്നായിരുന്നു നഗരത്തില്‍ അതിന്റെ പേര്. വല്യച്ഛന്‍ അതിന്റെ സ്ഥാപകാംഗമായിരുന്നു. പിന്നീട് ക്ലബ്ബിന്റെ പ്രസിഡന്റും. നഗരത്തിലെ വിവിധ തുറകളില്‍ പ്രാമുഖ്യമുള്ളവരായിരുന്നു അംഗങ്ങള്‍. അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, കോളേജ് പ്രിന്‍സിപ്പാള്‍മാര്‍, പത്രപ്രവര്‍ത്തകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, വ്യാപാരികള്‍, വ്യവസായികള്‍ തുടങ്ങിയവര്‍. ബുധനാഴ്ചകളിലെ സായാഹ്നങ്ങളില്‍ കടപ്പുറത്തുള്ള ബീച്ച് ഹോട്ടലിലായിരുന്നു ക്ലബ്ബംഗങ്ങള്‍ സമ്മേളിച്ചിരുന്നത്.
റോട്ടറി ക്ലബ്ബംഗങ്ങളില്‍ നഗരത്തില്‍ സ്ഥിരതാമസമാക്കിയ ഗുജറാത്തികള്‍, പാഴ്സികള്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു; ക്ലബ്ബ് തുടങ്ങിയകാലത്ത് നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് കമ്പനികളുടെ ഇംഗ്ലീഷുകാരായ തലവന്മാരും. സാമൂഹികസേവനരംഗത്ത് റോട്ടറി ക്ലബ്ബിന്റെ പദ്ധതികളായി ഉണ്ടായിരുന്നത് നഗരത്തിലെ ചെറൂട്ടി നഗറിലുള്ള നീന്തല്‍ക്കുളവും പാളയത്തെ സബ്വേയും. കൂടാതെ ക്ലബ്ബംഗങ്ങളായ ഡോക്ടര്‍മാര്‍ നഗരത്തിലെ പിന്നാക്കപ്രദേശങ്ങളില്‍ സൗജന്യമായി വൈദ്യപരിശോധനയും നടത്തിയിരുന്നു. തങ്ങള്‍ക്കു കിട്ടുന്ന മരുന്നുകളില്‍ ഭൂരിഭാഗവും രോഗികള്‍ക്കായി ചെലവഴിച്ചിരുന്നു. ചിലര്‍ സ്വന്തം നിലയില്‍ മരുന്ന് വാങ്ങി നല്‍കുകയും ചെയ്തിട്ടുണ്ട്. കിടത്തി ചികിത്സിക്കേണ്ടുന്ന രോഗികള്‍ക്ക് ആശുപത്രിയില്‍ വേണ്ടുന്ന സഹായവും അവര്‍ ചെയ്തിരുന്നു.
വല്യച്ഛന് സുഹൃത്തുക്കളെ വീട്ടില്‍ സത്കരിക്കുന്നത് പ്രിയമുള്ള കാര്യമായിരുന്നു; അതേപോലെ അവരുടെ വിരുന്നുസത്കാരങ്ങളില്‍ പങ്കെടുക്കുന്നതും. സത്കാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ വിഭവങ്ങളുടെ രുചിയെക്കുറിച്ച് അഭിനന്ദിക്കാനും മറക്കാറില്ല. നല്ലൊരു അതിഥിയും ആതിഥേയനുമായിരുന്നു അദ്ദേഹം.
Content Highlights: K.P Kesavamenon, Nalini Damodaran, Mathrubhumi Books
Published: 02 Sept 2023, 12:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented